Gopika R P :: ചിത്രവർണത്തേര്

Views:

ചിത്രവർണത്തേര്
R. P Gopika 

അന്നൊരു നാളിൽ ഞാനുമെൻ സ്വപ്നവും, 
ഒരു തീർഥാടനത്തിനു പോയി, 
ഇരുൾ ചുരുൾ മുടി ചെമ്മേ മെടഞ്ഞിട്ടു ഞാനതിൽ പിച്ചകപ്പൂമോട്ടിൻ മാലചാർത്തി, 
കരിനീലമിഴികളിൽ അഞ്ജനമെഴുതിച്ചു, 
നെറ്റിയിൽ കുങ്കുമപൊട്ടു ചാർത്തി, 
മാലാഖമാർ കണ്ടു നാണിച്ചു പോകുമാ സ്വപ്നത്തെ 
മാറോടു ചേർത്തുഞാൻ മുത്തം 
നൽകി, 
സൂര്യൻ പടിഞ്ഞാറു താഴും നേരം 
ഞങ്ങൾ പടവുകളിറങ്ങി യാത്രയായി, 
അന്തിനേരത്താ അമ്പലമുറ്റത്തു, 
 ഞങ്ങളിരുവരും ആദ്യമായെത്തി, 
തൊഴുകൈകളോടെ പൂട്ടിയ മിഴിയോടെ, 
ശ്രീകോവിലിൻ മുമ്പിൽ തൊഴുതു നിന്നു, 
ഒരു ദീപാരാധന തൊഴുതു നിന്നു. 
ശ്രീകോവിലിനെ പ്രദക്ഷിണം വെക്കവേ, 
ചിത്രവർണതേരൊന്നു കാണുമാറായി
സുസ്മേര വദനയായി തേരേറിയ സ്വപ്നം, 
സ്വർഗ്ഗ മാലാഖയെന്നു ഞാനമ്പരന്നു. 
അമ്പലമുറ്റത്തെ ആൽത്തറയിൽ 
ഞങ്ങളിരുവരും അന്തിയുറങ്ങി, 
നിർമ്മാല്യത്തിന് മണിനാദം കേട്ടുണരവെ 
എൻ കൈകൾ സ്വപ്നത്തെ എമ്പാടും തിരഞ്ഞു, 
കണ്ടില്ല ഞാനെൻ സ്വപ്നത്തെയെങ്ങും കണ്ടു കൊതി തീർന്നു പോലുമില്ല. 
ഇരു കൈകളും നീട്ടി ഇടറിയ ശബ്ദത്തിൽ അമ്പലമുറ്റത്തു 
ഞാനലഞ്ഞു, 
എവിടുന്നു വന്നു നീ എവിടേക്കു പോയി നീ? 
ഏതു നക്ഷത്രചില്ലു വാതായനത്തിനപ്പുറം നീ പോയൊളിച്ചു? 
സ്നേഹിച്ചു പോയതും കുറ്റമായോ? 
അതിനു നീ കല്പിച്ച ശിക്ഷയിതോ? 
ഒരു നാൾ നീ വരുമെന്നും മോഹിച്ചു മനസ്സിൻ, 
 ചിത്രവർണ്ണതേരൊരുക്കി കാത്തിരിപ്പൂ, 
എന്നെന്നേക്കുമായ് കാത്തിരിപ്പൂ.



Gopika. R P, 
Headmistress. 
H S For Boys  Thevalakara, Kollam.




1 comment:

Anil Kumar S said...

Nice read, Thanks for posting