B S Baiju :: പ്രണയമഷി പടരുന്ന പുസ്തകം

Views:



പ്രണയമഷി പടരുന്ന പുസ്തകം
(സിദ്ദീഖ് സുബൈറിന്‍റെ കവിതാസമാഹാരമായ 'അഴിയാമഷി'യിലൂടെ കടന്നു പോകുമ്പോൾ)

ഒന്നരപ്പതിറ്റാണ്ടിനപ്പുറമുള്ള ഒരു കാലത്താണ് ഞാൻ അധ്യാപകനായിരിക്കുന്ന വിദ്യാലയത്തിൽ അധ്യാപകനായി സിദ്ദീഖ് കടന്നു വരുന്നത്. ഒരു മേശക്കിരുവശങ്ങളിലിരുന്നാരംഭിച്ച പരിചയത്തിന് ഇന്ന് സുവർണ്ണ ദീപ്തമായ സൗഹൃദക്കരുത്തുണ്ട്. അക്കാലങ്ങളിൽ പാഠപുസ്തക ഉള്ളടക്കമോ അതിലെ സാഹിത്യമോ ഒന്നുമായിരുന്നില്ല ഞങ്ങളുടെ പ്രധാന ചർച്ച . നാടും നാട്ടുകാരും വീടും പ്രാരാബ്ധങ്ങളുമൊക്കെയായിരുന്നു വിഷയങ്ങൾ. അന്നുതൊട്ടിന്നേ വരെയുള്ള സിദ്ദീഖിന്‍റെ വഴിയിലെ മുള്ളും പൂവും എനിക്കറിയാൻ കഴിഞ്ഞിട്ടുണ്ട്. സൗഹൃദത്തിന്‍റെ വേരുകളാൽ മുറുകെ പിടിച്ചിട്ടുണ്ട്. അന്നൊക്കെ സിദ്ദീഖ് കവിത എഴുതിയിരുന്നോ എന്നെനിക്കറിയില്ല. പക്ഷേ ഇന്ന് സിദ്ദീഖ് യൗവന തീക്ഷ്ണതയോടെ കവിത രചിക്കുന്നു.ഹൃദയാവർജ്ജകമായി ചൊല്ലി അരങ്ങുണർത്തുന്നു. കവിതകളെ പുസ്തക രൂപത്തിൽ പ്രകാശിതമാക്കുന്നു.
   
സിദ്ദീഖ് സുബൈറിന്‍റെ ആദ്യ കവിതാസമാഹാരമായ 'അഴിയാമഷി'യിലൂടെ കടന്നു പോകുമ്പോൾ ആദ്യം ശ്രദ്ധയിൽ പെട്ടതും അദ്ദേഹത്തിന്‍റെ ഉള്ളെഴുത്തായി ഉടനീളം പ്രകാശിക്കുന്നതായി തോന്നിയതും പ്രണയവും സൗഹൃദവും അഴിയാസ്നേഹവുമൊക്കെ തന്നെയാണ്.

പ്രണയത്തേയും അതിന്‍റെ അവസ്ഥാന്തരങ്ങളേയും അലൗകികാനുഭൂതിയായി ആവിഷ്കരിച്ച അനവധി കാവ്യങ്ങൾ നമ്മുടെ കാവ്യചരിത്രത്തിലുണ്ട്. ആധുനിക കാലത്തെ അസ്തിത്വവ്യഥകളിൽ നിന്നുള്ള സ്വപ്നാത്മകമായ ഒരു അഭയമായി ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ കവിതകളിൽ പ്രണയാവസ്ഥകളും പ്രണയിനികളും കടന്നു വരുന്നത് വായിച്ചറിഞ്ഞിട്ടുണ്ട്. ഇഷ്ടം അനുഭവിച്ചിട്ടുണ്ട്. പ്രണയത്തിന്‍റെ വശ്യസുന്ദരമായ ഭാവനയിൽ വിരിഞ്ഞ 'സന്ദർശന'ത്തിൽ
ജനലിനപ്പുറം ജീവിതം പോലെയീ
പകൽ വെളിച്ചം പൊലിഞ്ഞു പോകുന്നതും
ചിറകു പൂട്ടുവാൻ കൂട്ടിലേക്കോർമ്മതൻ
കിളികളൊക്കെ പറന്നു പോവുന്നതും
ഒരു നിമിഷം മറന്നു പരസ്പരം
 മിഴികളിൽ നമ്മൾ നഷ്ടപ്പെടുന്നുവോ
മുറുകിയോ നെഞ്ചിടിപ്പിന്‍റെ താളവും
നിറയെ സംഗീതമുള്ള നിശ്വാസവും - എന്ന് കുറിക്കുന്നു. 
അരികിലാകുമ്പോഴും അപരിചിതത്വവും അകൽച്ചയും ബാധിച്ച് മൗനത്തിലേക്ക് പതിക്കുന്ന പ്രണയത്തെ കാഴ്ചകളിൽ പോലും പരസ്പരം നഷ്ടപ്പെട്ടു പോകുന്ന പ്രണയത്തെ ഇതിനേക്കാൾ രൂപലാവണ്യത്തോടെ എങ്ങനെ ആവിഷ്ക്കരിക്കും! ഇത്തരം ചില ഉദാഹരണങ്ങളിലൂടെ മാത്രം പരിമിതപ്പെടുത്തുവാനാകാത്ത തരത്തിൽ എത്രയെത്ര പ്രണയ സങ്കല്പങ്ങൾ നമ്മുടെ മുന്നിലുണ്ട്.
 
അഴിയാമഷിയിലെ ഭൂരിഭാഗം കവിതകളും പ്രണയമഷി നിറച്ച തൂലികയാൽ വിരചിതമായവയാണ് .പ്രണയത്തിൽ അന്തർലീനമായ വിരഹവും ദു:ഖവും കൂടിച്ചേരലും ആത്മഭാഷണങ്ങളുമെല്ലാമുൾപ്പെട്ട ജീവിത വിഹ്വലതകളെ പുതുമയോടെ പകർത്താൻ ആ കവിതകൾക്ക് കഴിയുന്നു. മണ്ണിലുറങ്ങുന്ന വിത്തിനെ ഉണർത്തി തളിർ വിടർത്താൻ മഴമേഘമെത്തിയ പോലെ കവിയിലെ കവിതയെ ഉണർത്തുന്നത് പ്രണയിനിയാണ്.

ജീവൻ തുടിക്കുന്ന നാദമായി ഉള്ളിൽ തുടിക്കാനും മഴ നീർതുള്ളികളായി പെയ്തിറങ്ങാനും കവിയക്ക് മുപ്പതാണ്ടുകൾ വേണ്ടി വന്നുവെന്ന ആത്മഗതം 'സ്നേഹം വിളഞ്ഞ മണ്ണ് ' എന്ന കവിതയിൽ കാണാം. നെഞ്ചകം കാഞ്ഞു കടഞ്ഞപ്പോൾ ഉറവെടുത്തത് അവളുടെ ഓർമ്മകളാണ്. കഴിഞ്ഞു പോയ കഠിന കാലങ്ങളിലെ കൊടുംതണുപ്പിലെ ചൂടാണവൾ. നൊമ്പരമഞ്ഞിനെ അലിയിച്ചു കളയുന്ന മഞ്ഞവെയിലാണ് അവൾ. ഇവിടെ പ്രണയിനിയും കവിതയും ഒന്നു തന്നെയാണ്. കവിത ഉറവെടുക്കാനും ഊർജ്ജമാകാനും പ്രണയിനിയും അവളുടെ പ്രണയവും കവിക്ക് ആവശ്യമാണ്.
എന്‍റെ നാവിതൾ നിന്‍റെ വാക്കിന് വെൺമയേറ്റുമ്പോൾ,
എങ്ങകലാൻ നൻമ നേരുകൾ നമ്മളാകുന്നു.
കവിയുടെ പ്രാണനും പ്രണയവും കാലവുമെല്ലാം പ്രണയിനിയായി മാറുന്നുവെന്നും കവിയും കാമിനിയും ഒന്നായി കവിതയായി മാറുന്നുവെന്നും "നമ്മൾ കവിതയാകുന്നു" എന്ന കവിതയിലൂടെ അടിവരയിട്ടുറപ്പിക്കുന്നു.
 
പ്രണയ ശൂന്യമായ കാലം നിഷ്ഠൂരതകളുടെ കോലമാണ് എന്ന് തിരിച്ചറിയുന്നത് ബഷീറിന്‍റെ കൃതികളിലൂടെ കടന്നുപോയ കാലം മുതൽക്കാണ്. എല്ലാ കാലങ്ങളുടേയും നിതാന്തമായ നില്‍പ് അതിന്‍റെ സൗവർണ്ണ സ്തംഭങ്ങളിലാണല്ലോ

കന്യകേ, നിന്‍റെ കണ്ണുകളിൽ നിന്നാണ് അറിവിന്‍റെ ആദ്യത്തെ കാരണം എന്‍റെ ഹൃദയത്തെ ചുംബിച്ചത്. തന്നെയുമല്ല നിന്‍റെ സാന്നിദ്ധ്യത്തിൽ മറ്റുള്ള മുഖങ്ങളെല്ലാം നിഷ്പ്രഭങ്ങളായി മാറുകയാണ്.
ആ പൂവ് നീ എന്ത് ചെയ്തു?
ഏത് പൂവ്?
രക്തനക്ഷത്രം പോലെ ചെമപ്പായ ആ പൂവ്.
ഓ! അതോ?
അതെ .അതെന്തു ചെയ്തു ?
തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്?
ചവിട്ടി അരച്ചു കളഞ്ഞോ എന്നറിയുവാൻ....
കളഞ്ഞെങ്കിലെന്ത് ?
ഓ!.... ഒന്നുമില്ല. എന്‍റെ ഹൃദയമായിരുന്നു അത്.

പ്രണയം, കവിത പോലെ സുന്ദര സുരഭിലമായി കോരിയെടുത്ത് അനുവാചകന്‍റെ കരളിലേക്കിട്ടു തന്ന മഹാ സാഹിത്യകാരൻ വൈയ്ക്കം മുഹമ്മദ് ബഷീറിന്‍റെ പ്രണയ വരികളിലൂടെ കടന്നുപോയ  പ്രീ - ഡിഗ്രി കാലം, അനുരാഗലോലമായ ഓർമകൾ മനസ്സിന്‍റെ മായാതരുവിൽ ഇന്നും തളിരിട്ടു നിൽക്കുന്നുണ്ട്.
   
പ്രണയം പ്രഹർഷേണയുള്ള ലയനമാണ്. പക്ഷേ, ജീവിതത്തിലെത്തുമ്പോൾ അതിൽ ആനന്ദം മാത്രമല്ല ലയിക്കുന്നത്. ദു:ഖവും കണ്ണീരും വിടവാങ്ങലും വിരഹവുമെല്ലാം അലിഞ്ഞു ചേരുന്നു. കവിത തുടുത്തും തുളുമ്പിയും നിൽക്കുമ്പോഴെല്ലാം കവിയ്ക്ക് അതിന് പ്രേരകമാകുന്നത് പ്രണയം തന്നെയാണ്. ആത്മാവിന്‍റെ ആനന്ദ പ്രയാണമാണ് പ്രണയം. പ്രണയിനികളിൽ മഴയും മഞ്ഞും വെയിലും നിലാവും വിരഹവും വേദനയും അനുസ്യൂതം പെയ്തിറങ്ങും പോലെ വിഭാത വിഭൂതിയും സായാഹ്ന സൗഭാഗ്യവും പൂത്തുലയും പോലെ ആസക്തിയുടേയും ആർദ്രതയുടേയും മാനസിക ഭാവങ്ങൾ മിന്നിമറയും പോലെ സിദ്ദിഖിന്‍റെ കവിതകളിലെല്ലാം പ്രണയം ശ്വാസതാളമാവുകയാണ്.

കൗമാരകാലം കവിതയ്ക്കും സാഹിത്യത്തിനും വഴികാട്ടുന്ന ഹ്രസ്വപ്രണയ ചാപല്യമല്ല ഈ കവിക്ക് കവിത. നെഞ്ചകം തകർക്കുന്ന മൂർച്ചയുള്ള ഓർമ്മയാണ് പ്രണയിനിയും പ്രണയവും. ജീവിതപ്രാരാബ്ധങ്ങളിലും ദാരിദ്ര്യദു:ഖങ്ങളിലും മറഞ്ഞിരുന്ന പ്രണയം, അതെല്ലാം ഒഴിഞ്ഞുപോയ കാലത്ത് വല്ലാത്ത നീറ്റലായി അനുഭവപ്പെടുന്നു. ആരും പാടാത്ത ഈണമായി സ്നേഹവീണയിലെ രാഗമാകാൻ പ്രണയിനിയും കവിയും ആഗ്രഹിക്കുന്നു. കൂരിരുട്ടിലെ മിന്നാമിനുങ്ങിൻ വെട്ടമാകാൻ അവർ ആഗ്രഹിക്കുന്നു.'നീറ്റിടും വേദന' എന്ന കവിത അങ്ങനെ രേഖപ്പെടുത്തുന്നു. പ്രണയം അഴിയാമഷിയായി പടരുമെന്ന് പ്രണയിനി ഓതിയത് വ്യർത്ഥമത്രേ. കാലമുരുളുമ്പോൾ അതെല്ലാം മാഞ്ഞു പോകുമെന്ന് കവി കരുതുന്നുവെങ്കിലും, പ്രണയത്തിന്‍റെ ആഴം കാലമെത്ര കഴിഞ്ഞാലും അഴിയില്ല എന്ന് 'അഴിയാമഷി'യിലും പെരുക്കം കയറുന്ന പ്രണയമായെന്നെയും മെരുക്കുവാൻ നിന്‍റെ സ്നേഹലവണമത്രേ എന്ന് 'ജീവിത'ത്തിലും മറുകര കാണാത്ത ആഴിപ്പരപ്പിൽ മറവേതുമില്ലാത്ത യാത്രയാണ് പ്രണയമെന്ന് 'പ്രണയയാത്ര'യിലും കടമിഴിഖനികളുടെ ആഴം ഊർജ്ജമായുൾക്കൊണ്ട് കലഹകാലങ്ങളിലും കവിയുടെ കരളകംവാണവളാണീ പ്രണയിനിയെന്ന് 'പ്രണയാനന്ദം ' എന്ന കവിതയിലും പ്രണയത്തെ വൈവിധ്യത്തോടെ ചാരുതയോടെ അടയാളപ്പെടുത്തുന്നു.

ചില അർദ്ധവിരാമങ്ങളും അർദ്ധോക്തികളും പ്രണയത്തെ സുന്ദരവും തീക്ഷ്ണവുമാക്കി കടന്നു പോകാറുണ്ട്.
"നമ്മുടെ പട്ടങ്ങൾ ഒരേ ഉയരത്തിൽ പറന്നു
കളിവള്ളങ്ങൾ ഒരേ വേഗത്തിൽ തുഴഞ്ഞു
കടലാസു കഥകൾ പറഞ്ഞു
നമ്മൾ വേഗം വളരുമെന്നും
വീടുവച്ച് വേളി കഴിക്കുമെന്നും .....
ഒഴുകിപ്പോയ പുഴയിൽ
കീറിപ്പോയ കടലാസുകൾ
ഇന്നും സാക്ഷികളാണല്ലോ..."
എ അയ്യപ്പന്‍റെ 'സുമംഗലി ' എന്ന കവിത ഭാവനാംബരത്തിലൂടെയുള്ള പ്രണയപര്യടനത്തിന്‍റെ രേഖപ്പെടുത്തലായി തോന്നിയ കവിതകളിൽ ഒന്നാണ്. പ്രണയം പലർക്കും പലതാണ്. ഒടുവിലെ പ്രളയജലത്തോളം ആലിലയിൽ അഭയമായി അവസാനിക്കുന്ന ഒത്തുചേരലാണ് പ്രണയം. ജീവിതമാകുന്ന കടലിൽ ദു:ഖങ്ങളുടെ തിരകളിലൂടെയുള്ള ഒരു യാത്രയാണ് പ്രണയം. എന്നാൽ സിദ്ദിഖ് എന്ന കവിക്ക് നിനയ്ക്കാതെ കുത്തൊഴുക്കായി ഹൃദയവാതിൽ ഭേദിച്ചു കൊണ്ട് ചക്രച്ചാൽ ആഴത്തിലാഴ്ത്തുന്ന പ്രളയമായി പ്രണയം മാറുന്നത് നവ്യമായ കാവ്യാനുഭവമാണ്.
' 'ഒരു പുല്ലാങ്കുഴലിന്‍റെ സുഷിരങ്ങളിൽ കൂടി /
യൊഴുകുന്നതോമനേ,യീ ഞാനല്ലോ' '
- എന്ന് മലയാളത്തിന്‍റെ മഹാഭാഗ്യമായ ഒ.എൻ.വി.കുറുപ്പിന്‍റെ വരികളിൽ കണ്ടപോലെ പ്രണയിക്കുന്നവരുടെ ഇന്ദ്രിയസംവേദനസൗഭാഗ്യങ്ങളൊക്കെ പരസ്പരം അവർ തന്നെയാണന്ന് തോന്നും.

പ്രണയത്തിന് മാസ്മരികതയും പ്രണയത്തിലുണ്ടാകുന്ന മനോദു:ഖങ്ങൾക്ക് ഊഷരതയുമുണ്ടായിരിക്കും. എങ്ങനെയായാലും പ്രണയം കവിഭാവനകൾക്ക് വ്യത്യസ്താനുഭവങ്ങളായിരിക്കും. എന്നാൽ സിദ്ദിഖിന് അത് കാലമായും വാക്കായും യാത്രയായും കടലായും കവിതയായുമൊക്കെ സുഭഗമായി പ്രവഹിക്കുന്നത് കാണാം. തന്‍റെ കവിതകളെ കവി വലിയ ദാർശനിക തലങ്ങളിലേക്കൊന്നും ഉയർത്തിക്കൊണ്ടു പോകാതെ, അലയാഴി പോലെ അകലങ്ങളിൽ അകന്നു നിൽക്കാതെ തിരമാല പോലെ അരികിലെത്തി തലോടുന്ന അനുഭവമാണ് നൽകുക.

പ്രണയ വഴികളിൽ നിന്നും ഉള്ളുലയുന്ന സ്നേഹസൗഹൃദങ്ങളായി പരിണമിക്കുന്ന കവിതകളും ഉൾപ്പെടുന്നുണ്ട്.ഉമ്മറത്തിണ്ണയിൽ ചാരുകസേരയിട്ട കാവലായ ജീവിതങ്ങൾക്ക് എന്നും ആശങ്കകളും അസംതൃപ്തികളുമാണുണ്ടാവുക. 'കാലടിപ്പാടുകൾ ' എന്ന കവിതയിൽ മക്കൾ കൈ പിടിക്കാനുണ്ടാകുമോ എന്ന് ആശങ്കപ്പെടുന്ന സ്നേഹഗോപുരങ്ങളായ വാർദ്ധക്യങ്ങളെയാണ് കാണാൻ കഴിയുക. വർത്തമാനകാലത്ത് അത് അധികരിക്കുന്നു എന്നത് സത്യവുമാണ്. എങ്കിലും ശുഭപ്രതീക്ഷ അവർ മനസ്സിൽ വയ്ക്കുന്നു. ആ പ്രതീക്ഷകൾക്കുള്ള മറുമൊഴിയാണ് കവിയുടെ 'വാപ്പച്ചി' എന്ന കവിത. ഒറ്റപ്പെടലെന്ന തോന്നൽ നീക്കി ആ ജീവിതത്തെ ചുറ്റിപ്പിടിക്കുമ്പോഴാണ് പിതാവ് പുത്രനെ അറിയുക.

' ഇല്ല വാപ്പച്ചിയെപ്പോലൊരാൾ ' - എന്ന് മനസ്സ് നിറയ്ക്കുമ്പോഴാണ് പിതൃപുത്രബന്ധം സാർത്ഥകമാവുക. സ്വന്തം നാമത്തോട് പിതൃനാമം കൂടി ചേർത്തുവയ്ക്കുന്നവർ ആ ജീവിതത്തെ കൂടി ഹൃദയത്തിലേക്ക് ചേർത്തണയ്ക്കണമെന്ന ഉദ്ബോധനത്തോടെയാണ് ഈ കവിത അവസാനിക്കുന്നത്.

ആധുനികകാലത്ത് ഗദ്യവും കവിതയും തമ്മിൽ  വിന്യസനപ്രക്രിയയിൽ വലിയ വ്യത്യാസമൊന്നും സംഭവിക്കുന്നില്ല. പക്ഷേ, കവിത ഉദിപ്പിക്കുന്നത് മികച്ച കലാതന്ത്രമാണ്. അനുഭൂതി സംവേദനക്ഷമമായ ശില്പരചനയാണല്ലോ കവിത. പ്രകടമായ താളമുള്ളവ മാത്രമല്ല ആന്തരികമായി താളമുദിപ്പിക്കുന്ന രചനകളും കവിതകളാണ്. മികച്ച താളബോധവും വാഗ്ശില്പചാരുതയും ഭാവനാ വൈചിത്ര്യവും സിദ്ദിഖ് സുബൈറിന്‍റെ 'അഴിയാമഷി' യിൽ ആവോളമുണ്ട്. ദുരന്തങ്ങളിലും ദുരിതങ്ങളിലും പെട്ട് പകച്ചുപോയ മലനാടിനെ നൻമയുടെ ഓണസ്മൃതിയുണർത്തി പ്രതീക്ഷാ നിർഭരമായ വഴിയിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന 'ഓണപ്പുലരിയിൽ' എന്ന കവിത, കവിവചനങ്ങളുടെ ദീർഘദർശിത്വമറിയാതെ പ്രകൃതിനാശം വരുത്തുവോരെ പരിഹസിക്കുന്ന 'കവിതയെ പ്രണയിച്ചതിന് ' എന്ന കവിത, സ്നേഹം വിളഞ്ഞ മണ്ണ്, മിഴിമൊഴികൾ, നീയാണെനിക്ക് പെണ്ണ്പീലി അങ്ങനെ ഈ സമാഹാരത്തിലെ ഒട്ടുമിക്ക കവിതകളും ആസ്വാദകഹൃദയങ്ങളെ ആനന്ദഭരിതമാക്കും എന്നതിൽ തർക്കമില്ല.

കവിതയെ വാക്കുകൊണ്ട് നൃത്തം ചെയ്യിക്കുവാൻ കവിക്ക് മാത്രമേ കഴിയൂ. കവിയെ സംബന്ധിച്ച് കവിത സ്വബോധമണ്ഡലത്തിനും അപ്പുറമുള്ള ഒന്നാണ്. അത് ആത്മസംവേദനത്താൽ സൃഷ്ടിക്കപ്പെടുന്നതും ആണ്. സിദ്ദീഖ് സുബൈറിന്‍റെ കാവ്യ ഭാവന, മനുഷ്യമനസ്സിന്‍റെ ഉള്ളറകളിലേക്കും ജീവിതത്തിന്‍റെ വിഹ്വലതകളിലേക്കും നോട്ടമെത്താത്ത വർത്തമാനകാല പരാധീനതകളിലേക്കുമെല്ലാം അപ്രതിരോധ്യമായി കടന്നു ചെല്ലട്ടെ . കാവ്യവീഥിയിൽ അചഞ്ചലമായ സാന്നിധ്യവും കരുത്തുമായി വാഴാനാകട്ടെ ...

സ്വച്ഛന്ദസുന്ദരകാവ്യായനത്തിൽ...
എന്‍റെ പ്രിയ അനുജന്,
ഹൃദയത്തിൽതൊട്ട നമസ്കാരം.
   
ബി.എസ് ബൈജു 
'ശ്രേയം', 
കാവുവിള, പോത്തൻകോട്.