29 April 2020

Rema Rajmohan :: കരുതലായ് കാക്കാം.


കരുതലായ് കാക്കാം. 

കോട്ടയമിന്നിതാ കൂട്ടിലായി 
കോവിടു തന്റെ പിടിയിലായി.. 
കയ്യു കഴുകി കുഴഞ്ഞു നമ്മൾ 
കാതമിനി എത്ര താണ്ടിടേണം 

പച്ചയിൽ കത്തി ജ്വലിച്ചിരുന്നു 
ചോപ്പിൽ കുളിച്ചു തല കുനിച്ചു 
സാക്ഷരരെന്നും ഞെളിഞ്ഞിരുന്നു 
ഊറ്റമൊടങ്ങനെ നിന്നിരുന്നു 

ലോക്കങ്ങഴിച്ചു പുറത്തിറങ്ങാൻ 
കാത്തവരൊക്കെയും വെട്ടിലായി.. 
തെക്കും വടക്കും നടന്നിടുന്നു 
ഫോണും പിടിച്ചെന്റെ പ്രാണനാഥൻ 
കാലതിൽ ചങ്ങല വീണപോലെ 
കുണ്ഠിതനായിതാ വാണിടുന്നു.... 

ഉച്ചയ്ക്ക് വച്ചു വിളമ്പുവാനായ് 
പച്ചക്കറി ഒന്നുമില്ലയല്ലോ 
പച്ചക്കറി വണ്ടി വന്നിടുമോ 
പാത കളൊക്കെ അടച്ചുവല്ലോ.. 

ഉച്ചയ്ക്ക് കഞ്ഞി ഞാൻ വച്ചു വച്ചു
തെക്കേ തൊടിയിലെ പ്ലാവിലുണ്ട് 
പത്തിരുപത്തഞ്ചു ചക്കയുണ്ട്... 
വെട്ടിമുറിച്ചു നുറുക്കി ഞാനും 

പൂക്കില പോലെ അരിഞ്ഞുവെച്ചു 
കാന്താരിയിട്ടു പുഴുക്കുവച്ചു.. 
ആഹാ രുചിച്ചു കഴിച്ചിടാമേ 
തോൽക്കാതെ ഞങ്ങൾ കഴിച്ചിടുമേ 

ചക്കയെ പുച്‌ഛമായ് ചൊല്ലിയോരും 
ചക്കക്കുരുവിനുള്ളോട്ടമാണ് 
പച്ചക്കറി കൃഷി ചെയ്തിടേണം 
പച്ചക്കു വല്ലോം കഴിച്ചിടാനായ്... 

കോവിലിൽ പോയെന്നു കുമ്പിടുവാൻ 
കൂടിയുമിന്ന് വിലക്കതല്ലേ.. 
കോവിടേ നിന്നെ ഞാൻ കുമ്പിടുന്നു 
ഭൂവിതിൽ നിന്നും ഒഴിഞ്ഞിടെണേ... 

കൊട്ടിയടച്ചു തഴുതുമിട്ടു 
വീടുകളൊക്കെയും കൂടുപോലായ്.. 
കൂട്ടിലകപ്പെട്ട കിളികളായി 
കുട്ടികളാകെ വിഷണ്ണരായി.. 

കോവിടു നീങ്ങിടും കാലമെത്താൻ 
കൂട്ടരേ ഞാനിതാ കാത്തിരിപ്പൂ 
ഫോണിലൂടല്ലാതെ ഒന്നുകാണാൻ.. 
മക്കൾ വരുന്നതും കാത്തിരിപ്പൂ 

കൂടപ്പിറന്നവരൊത്തു കൂടാൻ 
കാലമതെന്നിനി വീണ്ടുമെത്തും 
കാതരയായി ഞാൻ കാത്തിരിപ്പൂ.. 
കാതരയായി ഞാൻ കാത്തിരിപ്പൂ.. 


രമ രാജ്‌മോഹൻ. 
28/4/2020.

26 April 2020

K V Rajasekharan :: പാക്കിസ്ഥാനു നഷ്ടം. ഐസക്കിനു ദു:ഖം!


പാക്കിസ്ഥാനു നഷ്ടം.  ഐസക്കിനു ദു:ഖം!
കെ വി രാജശേഖരൻ
ലക്ഷം കോടി രൂപതരാം.  വേണ്ടെന്ന് ഇൻഡ്യ! 
കേരളത്തിന്‍റെ ധനകാര്യ മന്ത്രി ഡോ തോമസ്സ് ഐസക്കിന്‍റെ ഒരു ലേഖനത്തിന്‍റെ (മാതൃഭൂമി ഏപ്രിൽ 25) തലവാചകം! ഇൻഡ്യ അങ്ങനെ വേണ്ടെന്നുവെച്ചത് വിദേശനാണയ പ്രതിസന്ധിയിൽ കുത്തുപാളയെടുക്കേണ്ട ഗതിയിലെത്തിയ  പാക്കിസ്ഥാനെ കുടുക്കാനാണോയെന്നതാണ് അദ്ദേഹത്തിന്‍റെ ദുഃഖം.  

ആഗോളതലത്തിൽ തന്നെ പൊതുജനാരോഗ്യരംഗവും സാമ്പത്തിക രംഗവും പരിഹരിക്കാൻ വഴികാണാത്ത പ്രതിസന്ധിയിലാണ്.  ചെറുതും വലുതുമായ രാജ്യങ്ങളെല്ലാം നിവൃത്തികേടിന്‍റെ അന്തരീക്ഷത്തിൽ അകപ്പെട്ടിരിക്കുമ്പോൾ ഭാരതത്തിന് ഒരു ലക്ഷം കോടിരൂപയുടെ ലഭ്യസാദ്ധ്യതയെ നന്ദിപൂർവ്വം നിരാകരിച്ചതിൽ ഡോ ഐസക്കിനു ദു:ഖമോ അസൂയയോ പകയോ എന്തു വേണമെങ്കിലും ആകാം.
ആരെങ്കിലും പത്തു രൂപ എറിഞ്ഞു കൊടുത്താലും 
ഓടിച്ചെന്ന് എടുക്കേണ്ട അവസ്ഥയിലേക്ക് 
കേരള സംസ്ഥാനത്തെ  കോവിഡിനും വളരെ മുമ്പേ കൊണ്ടു ചെന്നെത്തിച്ച 
ധനകാര്യമന്ത്രിയിൽ നിന്ന് മറ്റൊന്നും ഇവിടാരും പ്രതീക്ഷിക്കുന്നുമില്ല. 
അതെന്തായാലും 2014നു ശേഷം അധികാരമേറ്റ നരേന്ദ്രമോദി സർക്കാർ ഭാരതത്തിന്‍റെ സാമ്പത്തിക മേഖലയിൽ കാലം ആവശ്യപ്പെടുന്ന ഘടനാപരവും വ്യാവഹാരികവുമായ ഭദ്രതയും ചലനാത്മകതയും പ്രയോഗതലത്തിലെത്തിച്ചതിൽ ഇന്നീ രാഷ്ട്രം അഭിമാനിക്കുന്നു.  അസാധാരണ ദുരിതഘട്ടങ്ങളിൽ പോലും ആ പേരും പറഞ്ഞ് 'കിട്ടുന്നതിങ്ങു പോരട്ടെ' എന്നു പറഞ്ഞു കൈനീട്ടാതെ, സ്വന്തം കാലിൽ നിന്നുകൊണ്ട് സഹായ സാദ്ധ്യതകളെ നന്ദിപൂർവ്വം നിരസിച്ചുകൊണ്ട്, തല ഉയർത്തി നിൽക്കുന്നെങ്കിൽ ഭാരതം അതിലഭിമാനിക്കും. അങ്ങനെ കരുത്തിന്‍റെ ഭാഷയിൽ സംസാരിക്കുവാനുള്ള ശക്തിനേടുവാനാണ്, ഭാരതം മോദിയെ പ്രധാനമന്ത്രിയാക്കിയതും നിർമ്മലാ സീതാരാമനെ ധനകാര്യമന്ത്രിയാക്കിയതും.  അവരതിൽ വിജയിച്ചുയെന്ന വസ്തുത വളഞ്ഞവഴിയിലൂടെയാണെങ്കിലും വെളിപ്പെടുത്തുകയെന്നത് ഒരു സഖാവിൽ നിന്നും ഒരിക്കലും പ്രതീക്ഷീക്കാവുന്നതല്ല. അബദ്ധ വശാലാണെങ്കിലും സത്യം പറഞ്ഞതിന് സഖാവ് ഐസക്കിന് ജനാധിപത്യഭാരതം നന്ദി പറയും.

ഇന്‍റർ നാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) അൻപതു ലക്ഷം കോടിയുടെ സ്പെഷ്യൽ ഡ്രോയിങ്ങ് റൈറ്റ്സ് (എസ്സ് ഡി ആർ) അന്തർദേശീയ വിപണിയിലിറക്കുവാനുള്ള നിർദ്ദേശത്തെ ഭാരതം എതിർത്തതാണ് ഡോ ഐസക്ക് ചർച്ചയ്ക്കെടുത്ത വിഷയം.

എല്ലാ രാജ്യങ്ങൾക്കും   ഐഎംഎഫിൽ ഉള്ള ഓഹരി പങ്കാളിത്തത്തിന് ആനുപാതികമായ തുക എസ്സ് ഡി ആറിന്‍റെ രൂപത്തിൽ അതത് രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾക്ക് കരുതൽ മൂലധനശേഖരം ശക്തിപ്പെടുത്തുവാൻ വേണ്ടി നൽകുകയെന്നതായിരുന്നു നിർദ്ദേശം. അതിൽ പ്രസക്തമായ ഒരു കാര്യം അമ്പത് ലക്ഷം കോടിയുടെ എസ്സ് ഡി ആർ അന്തർ ദേശീയ വിപണിയിലേക്കിറക്കിയാലും അതിന്‍റെ സിംഹഭാഗവും  അമേരിക്കയ്ക്ക് ലഭിക്കുമായിരുന്നു. ചൈനയും ജപ്പാനും ഇൻഡ്യയും പാക്കിസ്ഥാനും അടങ്ങുന്ന അംഗരാജ്യങ്ങൾക്കെല്ലാം ആനുപാതികമായ വീതവും ലഭിക്കുമായിരുന്നു. എന്നിട്ടും അമേരിക്കയും ഇൻഡ്യയും അതിനെ എന്തുകൊണ്ട് എതിർത്തൂയെന്നതാണ് കേരള ധനകാര്യമന്ത്രിയുടെ ചോദ്യം. എന്തുകൊണ്ട് അമേരിക്ക എതിർത്തൂയെന്നത് അമേരിക്കയുടെ വേണ്ടപ്പെട്ടയാളെന്ന് പൊതു സമൂഹം കണക്കാക്കുന്ന ഡോ തോമസ്സ് ഐസക്കും അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങളോട് കമ്പോടു കമ്പ് ചേർന്നു നിൽക്കുന്ന നിരീക്ഷണങ്ങൾ നേരത്തേതന്നെ നടത്തിയിട്ടുള്ള 'ദി വയർ' എന്ന ഓൺലൈൻ പ്രസിദ്ധീകരണവും അന്വേഷിച്ചുകൊള്ളട്ടെ.

 (അമേരിക്കൻ പൗരനായ സിദ്ധാർത്ഥ് വരദരാജൻ മുഖ്യ ചുമതലക്കാരനായ 'വയർ' എന്നും ഭാരതത്തിന്‍റെ താത്പര്യങ്ങൾക്ക് മുഖം തിരിച്ചു നിൽക്കുന്ന ഓൺലൈൻ പ്രസിദ്ധീകരണമാണെന്നതും അവരുടെ ചോദ്യങ്ങൾ ആർക്കു വേണ്ടിയാണെന്നതും ഈ നാട്ടിലെ പൊതുസമൂഹത്തിനറിയാം).

എന്നാൽ ഭാരതത്തിന്‍റെ നിലപാട് ആനുകാലിക അന്തർ ദേശീയ സാഹചര്യങ്ങളും ഈ രാജ്യത്തിന്‍റെ ദേശീയ താത്പര്യങ്ങളും കണക്കിലെടുത്തു തന്നെയായിരുന്നു.  ഉത്തരം തേടുന്നവർ ആദ്യം കണക്കിലെടുക്കേണ്ട വസ്തുത ഐഎംഎഫിൽ ഇക്കാര്യത്തിനു തീരുമാനം എടുക്കുവാൻ എൺപത്തിയഞ്ചു ശതമാനം വോട്ടു നേടണം. അമേരിക്കയ്ക്കു മാത്രം എൺപത്തി ആറര ശതമാനം വോട്ടുള്ളതുകൊണ്ട് ഭാരതം നിശ്ശബ്ദമായിരിക്കുകയോ അനുകൂലിക്കുകയോ ചെയ്താലും നിർദ്ദേശം തള്ളുമായിരുന്നു.  എന്നാൽ അവിടെയൊരു അഴകൊഴമ്പൻ നിലപാടിനു പോകാതെ ആ നിർദ്ദേശത്തെ ഭാരതം കൃത്യമായി എതിർത്തു. അങ്ങനെ വലിയ അളവിൽ ധനലഭ്യതയ്ക്ക് ഇടവരുത്തിയാൽ, ഉദ്ദേശിച്ച കാര്യങ്ങൾക്കല്ലാതെ ചില രാജ്യങ്ങൾ അതിനെ ഉപയോഗിച്ച് അപകടകരമായ പാർശ്വ ഫലങ്ങൾക്കിടവരുത്തുമെന്ന സാദ്ധ്യതയാണ് ധനകാര്യമന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ ഐഎംഎഫ്  സ്റ്റിയറിംഗ് കമ്മറ്റിയിൽ ഭാരതത്തിന്‍റെ നിലപാടു വ്യക്തമാക്കിക്കൊണ്ട് സൂചിപ്പിച്ചത്.

പാക്കിസ്ഥാൻ പോലെയുള്ള രാജ്യങ്ങൾ കിട്ടുന്ന സഹായം കൊറോണയുമായി ബന്ധപ്പെട്ട അടിയന്തര പ്രശ്നങ്ങൾക്ക് ഉപയോഗിക്കാതെ ലോകത്തിലേക്ക് പൊതുവെയും ഭാരതത്തിലേക്ക് വിശേഷിച്ചും തീവ്രവാദം കയറ്റി അയക്കാൻ വഴിമാറ്റി ചിലവഴിച്ച് അപകടകരമായ പാർശ്വഫലത്തിനിടവരുത്തുമെന്ന്   അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയിട്ടാണ് ഭാരതം അങ്ങനെ ഒരു നിലപാടെടുത്ത്.

ഭാരതത്തെ തകർക്കുവാനുള്ള നിരന്തര കുതന്ത്രങ്ങളിൽ ഏർപ്പെടുന്ന രാജ്യമാണ് പാക്കിസ്ഥാൻ.
 • സാർക്കു രാജ്യങ്ങളെ ഒന്നിച്ചിരുത്തി യോജിച്ചു കൊറോണയെ നേരിടാനുള്ള വഴി ഭാരതം ഒരുക്കിയപ്പോൾ അതിൽ പങ്കെടുക്കുവാനുള്ള മര്യാദ പോലും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കാട്ടിയില്ല.  
 • പകരം പ്രധാനമന്ത്രിമാരുടെ കൂട്ടായ്മയിലേക്ക് താഴത്തെ ശ്രേണിയിൽ പെടുന്ന പ്രതിനിധിയെയാണ് പറഞ്ഞുവിട്ടത്. 
 • അവിടെ കശ്മീർ പ്രശ്നം ഉയർത്തി തങ്ങളുടെ വൃത്തികെട്ട മുഖം തുറന്നു കാണിക്കുകയും ചെയ്തു.  
 • അതിനുശേഷവും ഭാരതത്തിന്‍റെ അതിർത്തിയിലൂടെ തീവ്രവാദികളെയും കൊറോണാ ബാധിതരെയും കടത്തിവിട്ട് ഭാരതത്തിനെതിരെ അനവസരത്തിലും ഒളിപ്പോർ ആക്രമണങ്ങൾ അഴിച്ചു വിടുകയാണ് പാക്കിസ്ഥാൻ ചെയ്യുന്നത്. 
 • അതിർത്തിയിലെ സാഹസങ്ങളും തുടരുന്നു. 
അങ്ങനെയുള്ള പാക്കിസ്ഥാന്‍റെ താത്പര്യം, ഐഎംഎഫ് എസ്സ്ഡിആർ വിഷയത്തിൽ, സംരക്ഷിക്കാൻ തയാറാകാതിരുന്നതിന് ഭാരതത്തെ വിമർശിക്കുന്ന ഡോ തോമസ്സ് ഐസക്കിന്‍റെയും 'വയറിന്‍റെയും' മറ്റും തനിനിറം പൊതുസമൂഹം തിരിച്ചറിയണം.

തന്‍റെ നിലപാടിനെ ന്യായീകരിക്കുവാൻ ഡോ ഐസക്ക് പറയുന്നത് ഭാരതം പണ്ട് മൂന്നാം ലോക രാജ്യങ്ങളുടെ നേതൃത്വം വഹിച്ചൂയെന്നതാണ്.  ഇവിടെ അദ്ദേഹം ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കണം.
 • ചേരിചേരാനയം തലയ്ക്ക് പിടിച്ച ഭാരതത്തിന് 1962 ലെ ചൈനീസ് അക്രമണസമയത്ത് ആരും സഹായിക്കാനില്ലായിരുന്നു.  
 • ചേരിചേരാനയം ഉപേക്ഷിച്ച് സോവിയറ്റ് യൂണിയനോട് കരാർ ഉണ്ടാക്കിയതുകൊണ്ടാണ് 1971 ൽ ബംഗ്ളാദേശ് യൂദ്ധ കാലത്ത് അമേരിക്കയുടെയും ചൈനയുടെയും ഭീഷണികളെ ഭാരതത്തിന് അതിജീവിക്കാൻ കഴിഞ്ഞത്.  (സോവിയറ്റു ബന്ധത്തിലൂടെ ഭാരതം ചെന്നു ചാടിയ കുരുക്കുകൾ കണക്കിലെടുക്കുമ്പോഴും ഇക്കാര്യം വേറിട്ടു നിൽക്കുന്നു). 
 • അതുപോലെ മൂന്നാം ലോകം എന്നു പറഞ്ഞ് നാം ചേർത്തു നിർത്തിയിട്ടുള്ളവരിൽ ഉൾപ്പെട്ടവരും അവരുടെ മതരാഷ്ട്രങ്ങളുടെ കൂട്ടായ്മയിലെത്തുമ്പോൾ ഭാരതത്തിനെതിരു നിൽക്കുന്ന അനുഭവങ്ങൾ ഇന്നും തുടരുന്നു.  
അതുകൊണ്ട് പുതിയ ഭാരതഭരണകൂടം രാജ്യ താത്പര്യം സംരക്ഷിച്ചു കൊണ്ട് ലോകസമാധാനത്തിനും മാനവരാശിയുടെ സമഗ്രവികസനത്തിനും ഉതകുന്ന നയതന്ത്ര ബന്ധങ്ങളും നിലപാടുകളും സ്വീകരിച്ചുകൊണ്ട് മുന്നോട്ടു പോകുന്നു. നരേന്ദ്രമോദിയുടെ ഭാരതം ശരിവഴിയിലാണെന്ന് ലോകം തിരിച്ചറിഞ്ഞ് അംഗീകരിക്കുകയും ചെയ്യുന്നു.

ലക്ഷം കോടിയുടെ ധനസഹായം ഭാരതം വേണ്ടെന്നു വെച്ചതിലാണ് കേരള ധനകാര്യമന്ത്രി അസ്വസ്ഥനാകുന്നതെങ്കിൽ അദ്ദേഹം ഓർക്കണം,
 • ഐഎംഎഫ് എസ്സ്ഡിആർ വർദ്ധനയുടെ നിർദ്ദേശം അങ്ങനെ ലഭിക്കുന്ന തുക ആവശ്യമുള്ള രാജ്യങ്ങൾക്ക് ഡോളർ പോലെ ഉപയോഗിച്ച് തങ്ങളുടെ വിദേശവിനിമയ പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യം വെച്ചായിരുന്നു.  
 • അല്ലാതെ ആഭ്യന്തര മേഖലയിൽ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ 'വിതരണം' ചെയ്യാൻ അംഗരാജ്യങ്ങൾക്ക് സൗകര്യമൊരുക്കുന്ന ഒരു ധനസഹായ പാക്കേജൊന്നുമായിരുന്നില്ല. 
 • വിദേശ മൂലധന കരുതൽ ശേഖരം പര്യാപ്തമായ തോതിലുള്ള ഭാരതത്തിന് വിദേശവിനിമയ രംഗത്ത് പ്രതിസന്ധിയില്ലായെന്നതുകൊണ്ടു തന്നെയാണ് ഡോ ഐസക്ക് പറഞ്ഞ ലക്ഷം കോടി എസ്സ്ഡിആർ  നേടിയെടുക്കുവാൻ വേണ്ടി രാജ്യ താത്പര്യം നഷ്ടപ്പെടുത്തുവാൻ നരേന്ദ്രമോദി സർക്കാർ തയാറാകാതിരുന്നത്. 
അങ്ങനെ കിട്ടുന്നതും വാങ്ങി 
വളഞ്ഞ വഴിയിലൂടെ വകമാറ്റി ചിലവാക്കുന്നതിന് വഴിതേടുന്നത് 
ഇന്നത്തെ കേരള ധനകാര്യമന്ത്രിയുടെ രീതിയായിരിക്കാം.

പക്ഷേ നരേന്ദ്രമോദി സർക്കാറിന്‍റെ രീതി അതല്ല. ഒപ്പം തന്നെ, നിലനിൽക്കുന്ന സാമ്പത്തിക  സമ്മർദ്ദങ്ങളെ നേരിടുവാനുള്ള ശക്തി രാജ്യത്തിനുണ്ടെന്ന വസ്തുതയും ഭാരതത്തിന്‍റെ ഇക്കാര്യത്തിലുള്ള നിലപാടിന് അടിസ്ഥാനമായിയെന്നതു വ്യക്തം.

നിലനിൽക്കുന്ന കോവിഡ് ഭീഷണിയേയും തത്ഫലമായി ഉയർന്നവരുന്ന ആഗോള സാമ്പത്തിക വെല്ലുവിളികളെയും നേരിടുന്നതിന് ചെറുതും വലുതുമായ എല്ലാ രാജ്യങ്ങളുമായും സജീവ സഹകരണത്തിന്‍റെ പാതയാണു ഭാരതം സ്വീകരിച്ചത്. പക്ഷേ ഭാരതത്തിനകത്താണെങ്കിലും പുറത്താണെങ്കിലും  സാമ്പത്തിക സഹായങ്ങൾ നൽകുന്നതിനുള്ള ഇടപെടലുകളിൽ സുതാര്യത ഉറപ്പാക്കണമെന്ന പക്ഷത്താണ് ഭാരതം.
വേണ്ടത്ര, വേണ്ടയിടത്ത്, വേണ്ടപ്പോൾ, വേണ്ടതുപോലെ എത്തണം എന്ന നിർബന്ധം ഭാരതസർക്കാറിനുണ്ട്. 
അക്കാര്യം ഉറപ്പുവരുത്തണമെങ്കിൽ ഈ വക സന്ദർഭങ്ങളെ ഉപയോഗിച്ചു കൊണ്ട് പുര കത്തുമ്പോൾ വാഴ വെട്ടാൻ വരുന്നവരെ കരുതിയിരിക്കേണ്ടിവരും.

അതിന്‍റെ പ്രത്യക്ഷ ഉദാഹരണം കേരളത്തിന്‍റെ ധനകാര്യമന്ത്രി തന്നെ കാട്ടിത്തന്നിട്ടുണ്ട്. 
പ്രളയം പോലെയുള്ള സന്ദർഭങ്ങളിൽ കേന്ദ്രസർക്കാരും കേരളത്തിലെ പട്ടിണി പാവങ്ങളുൾപ്പടെയുള്ളവരും നൽകിയ സംഭാവനകൾ വകമാറ്റി ചിലവഴിച്ചു. സംസ്ഥാനത്തെ കടത്തിൽ മുക്കി. കെടുകാര്യസ്ഥതയും അഴിമതിയും കൊണ്ട് കൊറോണയ്ക്കു വളരെ മുമ്പ് തന്നെ ഖജനാവ് കാലിയാക്കി.  
കൊറോണയെ നേരിടാൻ വിവിധ പാക്കേജുകളുമായി ഭാരത സർക്കാരും റിസർവ്വ് ബാങ്ക് ഓഫ് ഇൻഡ്യയും മറ്റും മുന്നോട്ടു വരുമ്പോൾ അതുമായി ബന്ധമില്ലാത്ത സംസ്ഥാന സർക്കാരിന്‍റെ മുൻ ബാദ്ധ്യതകൾ പരിഹരിക്കാനുള്ളത് വല്ലതും കിട്ടുമോയെന്നു പ്രതീക്ഷിച്ചു കൈ നീട്ടിയാൽ ഭാരത സർക്കാരിന്‍റെ ഭാഗത്തുനിന്നും വിട്ടുവീഴ്ചയുണ്ടാകില്ല.

അതു പോലെതന്നെയാണ് അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക സഹായങ്ങൾ നൽകുമ്പോൾ പാക്കിസ്ഥാൻ പോലുള്ള രാജ്യങ്ങൾ അങ്ങനെ ലഭിക്കുന്ന അധിക മൂലധനം അവരുടെയിടങ്ങളിലെ പട്ടിണിപ്പാവങ്ങളുടെ ദുരിതമകറ്റാൻ ഉപയോഗിക്കാതെ ഭീകരപ്രവർത്തനങ്ങൾക്കുളള സാമ്പത്തിക സ്രോതസ്സാക്കി മാറ്റുവാനുള്ള സാദ്ധ്യത കണക്കിലെടുത്തതും   ലോകത്തിൽ ആ സന്ദേഹം പങ്കുവെക്കുന്നവരോടൊപ്പം നിന്നുകൊണ്ട് സ്വന്തം നിലപാട് രൂപപ്പെടുത്തുവാൻ ഭാരതം തയാറായതും. അവിടെയും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നതാകും ഭാരതത്തിന്‍റെയും ലോകത്തിന്‍റെയും താത്പര്യത്തിനുതകുന്നതെന്ന ബോദ്ധ്യമാണ് ദേശീയ ഭരണകൂടത്തെ നയിച്ചത്.

ഇക്കാര്യത്തിൽ പാക്കിസ്ഥാനുണ്ടായ നഷ്ടവും, അതുമൂലം ചൈനയ്ക്കുണ്ടാകുന്ന പാക് സഹായ ബാദ്ധ്യതയുടെ വർദ്ധനവും അല്ലാ ഭാരതത്തിലെ പൊതുസമൂഹത്തെ ചിന്തിപ്പിക്കുന്ന വിഷയം.
ആ നിലപാട് ഭാരതത്തിന്‍റെ ദേശീയ താത്പര്യങ്ങളെയും ലോകഹിതത്തെയും എങ്ങനെ ബാധിക്കുമെന്നുള്ളതാണ് രാജ്യം കണക്കിലെടുക്കുന്നത്. 
അവിടെയും പാക്ക് താത്പര്യമാണ് ഡോ ഐസക്കിനും  സഹയാത്രികർക്കും പ്രധാനമെങ്കിൽ കാലം അവർക്ക് മറുപടി നൽകിക്കൊള്ളും.

(ലേഖകൻ ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്. ഫോൺ: 9497450866)

25 April 2020

Gopika R P :: ചിത്രവർണത്തേര്


ചിത്രവർണത്തേര്
R. P Gopika 

അന്നൊരു നാളിൽ ഞാനുമെൻ സ്വപ്നവും, 
ഒരു തീർഥാടനത്തിനു പോയി, 
ഇരുൾ ചുരുൾ മുടി ചെമ്മേ മെടഞ്ഞിട്ടു ഞാനതിൽ പിച്ചകപ്പൂമോട്ടിൻ മാലചാർത്തി, 
കരിനീലമിഴികളിൽ അഞ്ജനമെഴുതിച്ചു, 
നെറ്റിയിൽ കുങ്കുമപൊട്ടു ചാർത്തി, 
മാലാഖമാർ കണ്ടു നാണിച്ചു പോകുമാ സ്വപ്നത്തെ 
മാറോടു ചേർത്തുഞാൻ മുത്തം 
നൽകി, 
സൂര്യൻ പടിഞ്ഞാറു താഴും നേരം 
ഞങ്ങൾ പടവുകളിറങ്ങി യാത്രയായി, 
അന്തിനേരത്താ അമ്പലമുറ്റത്തു, 
 ഞങ്ങളിരുവരും ആദ്യമായെത്തി, 
തൊഴുകൈകളോടെ പൂട്ടിയ മിഴിയോടെ, 
ശ്രീകോവിലിൻ മുമ്പിൽ തൊഴുതു നിന്നു, 
ഒരു ദീപാരാധന തൊഴുതു നിന്നു. 
ശ്രീകോവിലിനെ പ്രദക്ഷിണം വെക്കവേ, 
ചിത്രവർണതേരൊന്നു കാണുമാറായി
സുസ്മേര വദനയായി തേരേറിയ സ്വപ്നം, 
സ്വർഗ്ഗ മാലാഖയെന്നു ഞാനമ്പരന്നു. 
അമ്പലമുറ്റത്തെ ആൽത്തറയിൽ 
ഞങ്ങളിരുവരും അന്തിയുറങ്ങി, 
നിർമ്മാല്യത്തിന് മണിനാദം കേട്ടുണരവെ 
എൻ കൈകൾ സ്വപ്നത്തെ എമ്പാടും തിരഞ്ഞു, 
കണ്ടില്ല ഞാനെൻ സ്വപ്നത്തെയെങ്ങും കണ്ടു കൊതി തീർന്നു പോലുമില്ല. 
ഇരു കൈകളും നീട്ടി ഇടറിയ ശബ്ദത്തിൽ അമ്പലമുറ്റത്തു 
ഞാനലഞ്ഞു, 
എവിടുന്നു വന്നു നീ എവിടേക്കു പോയി നീ? 
ഏതു നക്ഷത്രചില്ലു വാതായനത്തിനപ്പുറം നീ പോയൊളിച്ചു? 
സ്നേഹിച്ചു പോയതും കുറ്റമായോ? 
അതിനു നീ കല്പിച്ച ശിക്ഷയിതോ? 
ഒരു നാൾ നീ വരുമെന്നും മോഹിച്ചു മനസ്സിൻ, 
 ചിത്രവർണ്ണതേരൊരുക്കി കാത്തിരിപ്പൂ, 
എന്നെന്നേക്കുമായ് കാത്തിരിപ്പൂ.Gopika. R P, 
Headmistress. 
H S For Boys  Thevalakara, Kollam.

24 April 2020

Parvathy Bhuparthy :: നഷ്ടപ്രണയം

നഷ്ടപ്രണയം
Parvathy Bhuparthy

ഒരു മിന്നായം പോലെ അവനെ അവൾ കാലത്തെ വീടിനരികിൽ കണ്ടു. ആ നിമിഷം മുതൽ മനസ്സിൽ ഒരു ആളൽ ആണ്, ഇനി അവൻ വല്ല ആസിഡും ഒഴിക്കുമോ എന്ന് .അവൾ ഭയന്ന് വിറച്ചു.

വീട്ടിൽ പ്രണയം പിടിച്ചതോടെ അവളുടെ പഠിത്തം നിലച്ചു. കല്യാണവും ഉറപ്പിച്ചു. ഒരു മെസ്സേജിൽ അവസാനിച്ചു മൂന്നു  വർഷം നീണ്ടു നിന്ന അവരുടെ പ്രണയം .പിന്നെ അവൾ ഫോൺ കണ്ടിട്ടില്ല. അച്ഛൻ അതിനെ നശിപ്പിച്ചു കളഞ്ഞെന്ന് അനിയത്തി പറഞ്ഞാണവൾ അറിഞ്ഞത്.

ഒരുപാട് കരഞ്ഞു അവൾ അവനെ ഒന്ന് കാണാനായി കുറെയേറെ ശ്രമങ്ങൾ നടത്തി. എല്ലാം വൃഥാ ആയിപ്പോയി. പിന്നെ അച്ഛൻ കാണാതെ കൂട്ടുകാരികളെ വിളിച്ചവൾ കാര്യം അറിയിച്ചു. കാരണം അവനെ വിളിക്കാൻ ഉള്ള ധൈര്യം അവൾക്കില്ലായിരുന്നു  അവൻ അവന്‍റെ കൂട്ടുകാർ പറയുന്നത് കേട്ടാണ് കാര്യം മുഴുവനും മനസിലാക്കിയത്. അന്നുമുതൽ അവനിൽ ഒത്തിരി മാറ്റങ്ങൾ വന്നു. 

വളരെ ഉല്ലസിച്ചു ഉത്സാഹിച്ചു നടന്ന അവൻ പടുങ്ങനെ മൂകനായി. ആരോടെയും മിണ്ടാട്ടമില്ല. രണ്ട് നാൾ കോളേജിൽ പോയില്ല. വീട്ടിൽ ഒരു മുറിക്കുള്ളിൽ ഇരുപ്പായി. വീട്ടുകാർക്കാർക്കും കാര്യം മനസിലായില്ല. അവരും ഒത്തിരി വിഷമിച്ചു. ഇവന്‍റെ ഈ പ്രകൃതം കണ്ടിട്ട്.

പെട്ടെന്നു ഒരു ദിവസം തന്‍റെ വണ്ടി എടുത്ത് അവൻ ഒരു പോക്കായിരുന്നു. എങ്ങോട്ടേക്കാണെന്ന് പോലും പറയാതെ, ഒരു പോക്ക്. അത് അവളുടെ വീട്ടിലേക്ക് ആയിരുന്നു, ഒളിഞ്ഞു നിന്നെങ്കിലും അവളെ ഒന്ന് കാണാൻ വേണ്ടി.

ഒറ്റ നോക്കിൽ അവളെ കണ്ട്, അവൻ പോയി വിദൂരതയിലേക്ക്, പിന്നെയാരും അവനെ കണ്ടിട്ടില്ല. ഈ വാർത്ത അവൾ അറിയുന്നത് രണ്ട് നാൾ കഴിഞ്ഞിട്ടാണ്. പിന്നീടാണ് അവൾക്കു മനസിലായത് വളരെ വൈകിപ്പോയെന്നും അവൻ ഇനി തിരിച്ചു വരില്ലെന്നും.

നഷ്ടപ്പെടുമ്പോൾ മാത്രമേ എന്തിന്‍റെയും വില നമ്മൾ പഠിക്കുന്നുള്ളു. സ്നേഹമാകുമ്പോൾ അതിന്‍റെ നോവ് കൂടും,

ചിലപ്പോൾ അതിനു ഒരു ജീവന്‍റെ വില കാണും. നഷ്ടമാക്കരുത് സത്യമായ പ്രണയങ്ങളെ .

അന്ധമായ പ്രണയം ബുദ്ധിയെ പാടെ മറക്കും മനസ്സുകൊണ്ട് ചിന്തിക്കും അതിനൊത്തു പ്രവർത്തിക്കും..... 

(പോസിറ്റീവ് ആയി എല്ലാവരും കഥ വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.)


23 April 2020

Anandakuttan :: തകർന്ന ഹൃദയം


കവിത
തകർന്ന ഹൃദയം
ആനന്ദക്കുട്ടൻ മുരളീധരൻ


ഹൃദയവിപഞ്ചിക പാടിയ രാഗം
വിരഹ ദു:ഖാർദ്ര പ്രണയഗീതം
വ്രണിത ഹൃദയനായ് തുളുമ്പും മിഴികളും
വിതുമ്പും ചൊടികളിൽ ഗദ്ഗദവും

മൂളിടാം ഞാനിന്നേകനായ്
സ്വരരാഗ സുന്ദരി നിന്നിഷ്ട ഗാനം
തെളിയുമെൻ മനസിൽ നിൻ മന്ദസ്മിതം
പരിഭവം പറയാത്ത മുഖബിംബവും.

എൻ കണ്ണീരിൽ കുതിർന്നലിഞ്ഞു ,ഞാൻ
കനവിൽ കാത്തു വച്ച കതിർമണ്ഡപം
കരളിൽ കദനം കവിഞ്ഞു സഖീ, വിട
ചൊല്ലി പോകാം ഞാനശക്തനല്ലേ.

'മൺചിരാതിന്നു മയക്കം വരുന്നു
മൺകുടിലെന്നെ മാടി വിളിക്കുന്നു.'
ശയിക്കട്ടെ ഞാനൊന്നു , തളർന്നു
സഖി മരണം കാത്തു മടുത്തു.

വാടാതെ കൊഴിയാതെ നാം കാത്തു വച്ചെങ്കിലും
പ്രിയേ വിട, മാപ്പു നൽകു.


19/4/2020, ഞായർ.

Bindu Narayanamangalam ::കാമിനിയുടെ മഴമണം മന്ദ്രമധുരം മീട്ടുന്ന വിതപ്പാട്ട്.ആധുനികതയുടെ പൊടിപടലങ്ങൾ പൊതിയുന്ന നഗര - നശ്വരമേളങ്ങളിൽ നിന്നൊഴിഞ്ഞ്, ഒരു കവി.

സ്വച്ഛസുന്ദരമായ ഗ്രാമബോധത്തിലേക്കാഴ്ന്നിറങ്ങി, ഹൃദയരാഗം തുളുമ്പുന്ന സംഗീതത്തിന്‍റെ കാണാപ്പുറങ്ങൾ തേടുന്ന നിഷ്ക്കളങ്ക പ്രണയം..

കാമിനിയുടെ മഴമണം മന്ദ്രമധുരം മീട്ടുന്ന വിതപ്പാട്ട്.

ഇത്രയൊക്കെ മതി കവിയേയും കവിതയേയും കോർത്തിണക്കി ഒരു അനശ്വരപ്രണയകഥ മെനഞ്ഞെടുക്കാൻ.

അല്ലെങ്കിൽ തന്നെ നമ്മുടെ സ്വഭാവം അതാണല്ലൊ. ഒരാണിനേയും പെണ്ണിനേയും ഒരുമിച്ചു കണ്ടാൽ, രഹസ്യബന്ധങ്ങളെന്തൊക്കെയോ ആരോപിച്ച്, അന്വേഷിച്ച് ഒരുതരം വെപ്രാളപ്പാച്ചിൽ.

ഈ കവിത വായിച്ചപ്പോൾ എനിക്കും അങ്ങനെയൊരു ഉൾക്കിടുങ്ങലൊക്കെയുണ്ടായി. പിന്നീടാണ് കാര്യം മനസ്സിലായത്.

നിഗൂഢമായി കാവ്യസൗന്ദര്യത്തെ ആദരിക്കുന്ന കവി, ലൗകികതയുടെ മായാപ്രപഞ്ചത്തിൽ നൈമിഷകമായി പെയ്തൊലിച്ചു പോകുന്ന തുരുമ്പെടുത്ത വികാരങ്ങളെ അവഗണിച്ചുകൊണ്ട്, ഇത് പാഴൊച്ചയല്ലെന്നും കാമാന്ധതയുടെ കലമ്പലല്ലെന്നും ബോധമനസ്സിന്‍റെ താളം തെറ്റിത്തെറിക്കുന്ന ഭ്രാന്തിൽ നുരയ്ക്കുന്ന പുലമ്പലുകളല്ലെന്നും വ്യക്തമാക്കുകയാണ്‌.

പരിശുദ്ധിയുടെ സംഗീത സാന്ദ്രമായ മാത്രകളാണ് വിതപ്പാട്ടു മൂളുന്നത്.

കടിച്ചാൽ പൊട്ടാത്ത വാക്കുകളുടെ പുലിമുട്ടുകളടുക്കി ആസ്വാദനത്തെ അലോസരപ്പെടുത്തുന്നവനല്ല കവി. കരക്കാറ്റിന് കടലിലെ തിരകളോടും തിരകൾക്ക് കടലിനോടുമുള്ള അനവദ്യസുന്ദരമായ പാരസ്പര്യം, ആശങ്കകളില്ലാത്ത പങ്കവയ്ക്കലാണ്. തിരമാലകൾ കരയെ പുൽകി പതഞ്ഞു നിറഞ്ഞ് തിരികെപ്പോകുന്നതു പോലെ, അയത്നലളിതമായി അനുവാചകന്‍റെ മനസ്സിനെയും നനുനനുത്ത പ്രണയത്തിരകളായി കവിത തഴുകിയൊഴുകുന്നു.

എപ്പോഴും ശുഭാശംസകൾ വഴിഞ്ഞൊഴുകുന്ന സഖിയുടെ മാണിക്യവീണാവരര വങ്ങൾ പകരുന്ന കരിമ്പിന്‍റെ മാധുര്യം വാക്കുകളിലാവാഹിച്ചൊരുക്കിയ വരമ്പത്തിരുന്നാണ് വയൽക്കാറ്റു കൊള്ളാൻ കവി ക്ഷണിക്കുന്നത്.

കവിത കണ്ണാടി കാണിക്കുന്ന നാട്ടിൻ പുറത്തിന്‍റെ ശാലീനതയും കുലീനതയും ഇവിടെ കാർശ്യത്തിനും കരുത്തു പകരുന്നു.

22 April 2020

V K Leelamony Amma :: കൈ വിടാതെ നീ കാക്കണേ


കൈ വിടാതെ നീ കാക്കണേ!
വി കെ ലീലാമണി അമ്മ

കൂടൊരുക്കുവാൻ കൈകൾകോർത്തു 
നാമൊത്തുപോകുംവഴികളിൽ
വർഷരാഗങ്ങൾ പെയ്തിറങ്ങുന്നു
ഹർഷഘോഷത്തിമിർപ്പുമായ്

വേനൽ താപക്കുട നിവർത്തുന്നു
ശോകവാതച്ചിറകുമായ്
ഘർഷഘോഷപ്രയാണവേഗത്തിൽ
തർത്തരീകമായ്ത്തീരവേ
മാരിവില്ലിന്റെ മാന്ത്രികസ്പർശ-
മേൽക്കുവാൻ കൊതിയൂറി നാം.

മഞ്ഞലച്ചാർത്തുവന്നുപുൽകവേ
മാനസത്താളിലാർദ്രമായ്
മന്ദമന്ദമൊഴുകി മർമ്മര-
പ്രാവുകൾ കുറുകുന്നിതാ.

പൂത്തുലഞ്ഞ വസന്തവാസര-
പ്പൂവടർന്ന വഴികളിൽ
രാപകലുകൾ നെയ്തെടുത്തതാ-
മോർമ്മചൂടും പഥികരായ്
കൃഷ്ണ!നിൻ ചാരെയെത്തുവോളമി-
ക്കൈ വിടാതെ നീ കാക്കണേ!
 ***==***==***==***==***==***


       
തർത്തരീകം=പൊങ്ങുതടി.

 43rd Weddiing Anniversary

21 April 2020

K V Rajasekharan :: കാവിയിട്ടവരുടെ കഴുത്തറക്കുന്ന ഹിന്ദുവിരുദ്ധ രാഷ്ട്രീയം


കാവിയിട്ടവരുടെ കഴുത്തറക്കുന്ന ഹിന്ദുവിരുദ്ധ രാഷ്ട്രീയം
കെ വി രാജശേഖരൻ


1940 കളിൽ ഡോ ഭീംറാവ് അംബേദ്കർ എഴുതി:
'നിങ്ങൾക്കതിനെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ  സ്വരാജ് കിട്ടിയിട്ട് ഒരു കാര്യവുമില്ല. സ്വരാജ് സംരക്ഷണത്തിലെ കൂടുതൽ പ്രധാന്യമുള്ള വിഷയം സ്വരാജിനു കീഴിൽ ഹിന്ദുവിനെ സംരക്ഷിക്കുന്നതാണ്…….'.  
അങ്ങനെ വ്യക്തമായ ആശയം സ്പഷ്ടമാക്കിയ അംബദ്കറുടെ നാട്ടിൽ, അംബദ്കർ എതിർത്തവരും അംബദ്കറെ വെറുത്തവരും അധികാരം കയ്യാളുന്ന സ്വാധീനശക്തികളായി വളർന്നപ്പോൾ ഭയപ്പെട്ടതു തന്നെ സംഭവിച്ചു.  ഹൈന്ദവ സംസ്കൃതിയുടെ അഭിമാനപാരമ്പര്യമായ കാവിയുടുത്ത സന്യാസിമാരെ കമ്യൂണിസ്റ്റ് അരാജകവാദികളുടെയും കൃസ്ത്യൻ മതപരിവർത്തന മിഷനറിമാരുടെയും പിണിയാളുകൾക്ക് പെരുവഴിയിലിട്ട് തല്ലിക്കൊല്ലാമെന്ന അവസ്ഥയായി. എഴുപതു വയസ്സു കഴിഞ്ഞ വന്ദ്യ വയോധികനായ സന്യാസിശ്രേഷ്ടനും (സ്വാമി സുശീൽഗിരി മഹാരാജ്) കൂടെയുണ്ടായിരുന്ന മറ്റൊരു സന്യാസിയും  (സ്വാമി കല്പവൃക്ഷഗിരി മഹാരാജ്) അവരുടെ ഡ്രൈവറും (നിലേഷ് തേൽഡനേ) ജീവനുവേണ്ടി സഹായം യാചിച്ചപ്പോൾ അവരെ ആക്രമികൾക്ക് വിട്ടു കൊടുക്കുകയാണ് അവിടെയുണ്ടായിരുന്ന പോലീസുകാർ ചെയ്തത്. ആ ഹതഭാഗ്യരുടെ മൃതദേഹം പന്ത്രണ്ടോളം മണിക്കൂറുകൾ പെരുവഴിയിലിട്ട് അവഹേളിക്കുകയാണ് സോണിയയും ശരദ് പവാറും ഉദ്ധവ് താക്കറേയും നിയന്ത്രിക്കുന്ന ഭരണകൂടം ചെയ്തത്.

അതിനുശേഷവും അവഗണനയും അവഹേളനവും ഇടതു ലിബറലുകളുടെയും ഇസ്ളാമിക തീവ്രവാദികളുടെയും മതപരിവർത്തനലോബികളുടെയും കൂട്ടായ്മ ക്രൂരമായി തുടരുകയാണ് ചെയ്തത്. അവരോടൊപ്പം നിൽക്കുന്ന മാധ്യമ മേഖലയിലെ സ്ഥാപിത താത്പര്യക്കാർ വാർത്ത തമസ്കരിക്കുകയോ വളച്ചൊടിക്കൂകയോ ചെയ്തു.

'വയർ' (അതോ ലയറോ!) എന്ന മാധ്യമം വാർത്ത കൊടുത്തത് 'മൂന്നു പേരെ, രണ്ട് നാടോടി ഗിരിജനങ്ങളെയും, മറ്റൊരാളെയും ആൾക്കൂട്ടം കൊന്നു' എന്ന തലവാചകത്തോടെയാണ്. സിദ്ധാർത്ഥ് വരദരാജനെന്ന അമേരിക്കൻ പൗരന്റെ ചുമതലയിലുള്ള ആ പ്രസിദ്ധീകരണത്തിന് കൊല്ലപ്പെട്ടവർ ഹിന്ദു സന്യാസിമാരാണെന്നുള്ള സത്യം മൂടിവെക്കുന്നതിനെന്തായിരുന്നു താത്പര്യമെന്ന് അവരുടെയൊക്കെ ഹിന്ദുവിരുദ്ധ നിലപാടുകൾ തിരിച്ചറിഞ്ഞിട്ടുള്ള പൊതുജനങ്ങളോട് ആരും വിശദീകരിക്കേണ്ട കാര്യമില്ല.

കേരളത്തിലാണെങ്കിൽ 'ജനം', 'ജന്മഭുമി' എന്നിവയൊഴിച്ചുള്ള മാധ്യമങ്ങൾ  കൊല്ലപ്പെട്ടത് ഹിന്ദു സന്യാസിമാരെണെന്നുള്ളതുകൊണ്ട് വാർത്ത തന്നെ തമസ്കരിച്ചാണ് അവരുടെ അന്നദാതാക്കളോട് വിധേയത്വം കാട്ടിയത്.  വാർത്ത പൊതുസമൂഹത്തിലെത്തിയതുകൊണ്ട് ഇനി വളച്ചൊടിക്കലുമായി എത്തുമെന്ന് പ്രതീക്ഷിക്കാം. 'ജയ് ശ്രീറാം' എന്ന് വിളിച്ചാൽ പ്രകോപനകരമായ യുദ്ധകാഹളമാണെന്നു പറഞ്ഞ അടൂർ ഗോപാലകൃഷ്ണനെ പോലെയുള്ള 'സാംസ്കാരിക നായകന്മാർക്ക്' ഈ കൃത്യം ചെയ്തവർ വിളിക്കുന്ന 'ഈങ്ക്വിലാബ് സിന്ദാബാദ്', പ്രെയ്സ് ദി ലോഡ്, എന്നിവയെ എങ്ങനെ വ്യാഖ്യാനിക്കണമെന്ന കാര്യത്തിൽ  വ്യക്തത വന്നിട്ടില്ലെന്നു കരുതണമോ? ശബരിമല തന്ത്രിയെ ഉൾപ്പടെ അധിക്ഷേപിക്കുവാൻ സ്ഥാനത്തും അസ്ഥാനത്തും നാവുവളയ്ക്കുന്ന സന്ദീപാനന്ദ ഗിരിക്കും കാവിയുടുത്ത സന്യാസിമാരെ തല്ലിക്കൊന്നതിനെ അധിക്ഷേപിക്കാൻ ഭയമാണോ?

മഹാരാഷ്ട്രയിൽ നാസിക്കിലെ ത്രയംബകേശ്വറിലുള്ള ശ്രീ പാഞ്ച് ദക്ഷിണ ജുനാഅഖാഡയിലെ സന്യാസിവര്യന്മാർ ഗുജറാത്തിലെ സൂറത്തിൽ സമാധിയായ ഒരു സന്യാസിവര്യന് പ്രണാമം അർപ്പിക്കാനാണ് നാസിക്കിൽ നിന്നും പുറപ്പെട്ടത്.   എന്നാൽ മഹാരാഷ്ട്ര - ഗുജറാത്ത് അതിർത്തി അടച്ചിരുന്നതിനാൽ അതിർത്തി ഗ്രാമമായ കാസയിൽ ഉള്ള നാട്ടുപാതയിൽ കൂടി യാത്ര തുടരേണ്ടി വന്നു. ആ യാത്രയ്ക്കിടയിൽ കുറെ ഗ്രാമവാസികൾ വന്ന് വാഹനം തടയുകയും കള്ളൻമാരെന്ന് ആരോപിച്ച് ഇവരെ മർദ്ദിക്കുകയും വാഹനം തല്ലിത്തകർക്കുകയും ചെയ്തു. ഇവർ തങ്ങളുടെ നിരപരാധിത്വം വിശദീകരിച്ചതോടെ ഗ്രാമവാസികൾ മർദ്ദനം നിർത്തുകയും ഇവർ സമീപത്തുള്ള ഫോറസ്റ്റ് ഓഫീസിൽ പോയി അഭയം തേടുകയും ചെയ്തു.  തുടർന്നെത്തിയ പോലീസിനും ഇവർ കള്ളൻമാർ അല്ലെന്നും സന്യാസിമാർ ആണെന്നും ബോധ്യപ്പെട്ടു.

ഇതിനിടയിൽ സംഭവഗതികൾ ചിലർ ചേർന്ന് വഴി തിരിച്ച് വിടുകയും ഗ്രാമവാസികളെ അനാവശ്യമായി പ്രകോപിതരാക്കുകയും വടിയും കല്ലും മറ്റ് മാരകായുധങ്ങളും കൊണ്ട്  മുപ്പതോളം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ തന്നെ സന്യാസിമാരെയും ഡ്രൈവറെയും നിഷ്ഠൂരമായി തല്ലിക്കൊല്ലിക്കുകയായിരുന്നു.
ഗ്രാമവാസികളെ ആക്രമണത്തിന് പ്രേരിപ്പിച്ചതും സന്യാസിമാരെയും ഡ്രൈവറെയും മർദ്ദിച്ച് കൊല്ലാൻ മുമ്പിൽ നിന്നതും ഈ ഗ്രാമപഞ്ചായത്തിലെ സി പി എം അംഗങ്ങളായ വിഷ്ണു പത്താറ, സുഭാഷ് ഭാവാർ, ധർമ്മ ഭാവാർ പാൽഘർ ജില്ലാ പഞ്ചായത്തിലെ എൻ സി പി അംഗമായ കാശിനാഥ് ചൗധരി എന്നിവർ ചേർന്നാണന്നത് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നാണ് പ്രാദേശിക വൃത്തങ്ങൾ  സൂചിപ്പിക്കുന്നത്.. 
സന്യാസിമാരെ കള്ളൻമാർ എന്നാരോപിച്ച് ജനക്കൂട്ടം തടഞ്ഞ് വയ്ക്കുന്നതു മുതൽ ഒടുവിൽ അവർ മർദ്ദനമേറ്റ് മരിക്കുന്നതു വരെ ഏതാണ്ട് മൂന്നു മണിക്കൂറോളം സമയം എടുത്തു.
മുപ്പതോളം പോലീസ് ഉദ്യോസ്ഥർ സ്ഥലത്തുണ്ടായിട്ടും ജനപ്രതിനിധികൾ കൊലപാതകത്തിന് മുമ്പിൽ നിന്നിട്ടും സംഭവങ്ങൾ മൂന്നു മണിക്കൂറോളം നീണ്ടു നിന്നിട്ടും ഈ അരുംകൊല എന്ത് കൊണ്ട് തടയപ്പെട്ടില്ലാ എന്ന ചോദ്യമാണ് ഭാരതം ചോദിക്കുന്നത്.
പാൽഘർ ജില്ലയിലെ തലാസരി പട്ടണത്തിനടുത്താണ് കാസാ ഗ്രാമം. ദാനു നിയമസഭാ നിയോജകമണ്ഡലത്തിലാണ് ഈ ഗ്രാമം .സി പി എം ന്റെ ശക്തികേന്ദ്രം ആണ് ഈ സ്ഥലം. സി പി എം അക്രമണങ്ങൾ കൊണ്ട് കുപ്രസിദ്ധി നേടിയ സ്ഥലമാണ് മഹാരാഷ്ട്രയിലെ തലശ്ശേരി എന്നറിയപ്പെടുന്ന തലാ സരി . ഗ്രാമവാസികളിൽ ഏറിയപങ്കും ആദിവാസികളാണ്.  അവരുടെ ജീവിത ശൈലി തന്നെ മദ്യത്തിനും മറ്റ് ലഹരി വസ്തുക്കൾക്കും അടിമപ്പെട്ടതാണ്, നിഷ്ഠൂരരായ മാവോയിസ്റ്റുകളുടേതിന് സമാനമാണ്. അവരുടെ പ്രവർത്തികൾക്ക് കാലങ്ങളായി സഹായങ്ങളും നേതൃത്വവും നല്കി വരുന്നത് സി പി എം ആണ്. മതപരിവർത്തന ലോബികളും ഇവിടെ നിർണ്ണായക സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.

ഇവിടെ സി പി എം അക്രമങ്ങൾക്ക് തടയിടാനും ഗ്രാമവാസികളെ നന്മയുടെ മാർഗ്ഗത്തിലേക്ക് നയിക്കുവാനും ആദ്യമായി മുന്നോട്ട് വന്നത് ബി ജെ പി യുടെ മുൻ എം.പി സ്വർഗ്ഗീയ ചിന്താമൺ വംഗെയാണ്.  ഇതെ തുടർന്ന് ഇദ്ദേഹത്തിന്റെ ഭവനം മൂന്നുതവണ സിപിഎം കാർ അഗ്നിക്കിരയാക്കി. ഒരിക്കൽ പോലീസ് വെടിവെയ്പ്പ് നടത്തിയാണ് അദ്ദേഹത്തെയും കുടുംബത്തെയും രക്ഷിച്ചത്. എങ്കിലും അദ്ദേഹം തന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി. ഇതിന്റെ ഫലമായി സി പി എം ന്റെ സ്ഥിരം മണ്ഡലമായ ദാനു മണ്ഡലത്തിൽ 2014 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ സ്ഥാനാർത്ഥി പാസ്കൽ ദനാരെ വിജയിച്ചു. അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി സി പി എം ന്റെയും പ്രാദേശിക സമ്മർദ്ദ ഗ്രൂപ്പൂകളുടെയും ഗുണ്ടായിസം ഇവിടെ ഒരു പരിധി വരെ കുറയ്ക്കുവാൻ സാധിച്ചു.

എന്നാൽ  2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, എൻ സി പി, തുടങ്ങിയ കക്ഷികൾ സ്ഥാനാർത്ഥികളെ നിർത്താതെ സി പി എം ന് പിന്തുണ നൽകി.  പരസ്യമായി ബിജെപിക്കൊപ്പ മായിരുന്നെങ്കിലും രഹസ്യമായി ശിവസേനയും സഹായിച്ചതോടെ സി പി എം സ്ഥാനാർത്ഥി നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ഫലപ്രഖ്യാപനം സി പി എം ആഘോഷിച്ചത് ഈ മണ്ഡലത്തിലെ ബിജെപി പ്രവർത്തകരുടെ മുന്നൂറോളം വീടുകൾ അഗ്നിക്കിരയാക്കിക്കൊണ്ടാണ്. അഞ്ച് വർഷം അടക്കിപ്പിടിച്ച ക്രൂരതയ്ക്ക് അങ്ങനെ അവർ  വീണ്ടും തുടക്കം കുറിച്ചു. 
അങ്ങനെ മതപരിവർത്തന ലോബികളും കമ്യൂണിസ്റ്റു പരിവാറും ചേർന്നുള്ള അവസരവാദപരമായ ഹിന്ദുവിരുദ്ധ കൂട്ടായ്മ അക്രമാത്മകമായ രീതിയിൽ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കിയ ഒരു പ്രദേശത്തുവെച്ച് നടത്തിയ ഈ ആൾകുട്ട കൊലപാതകങ്ങൾ നൽകുന്ന സൂചനകളെന്താണ്?

 • കാവി വിരുദ്ധ വർഗീയതയുടെ ദേശവിരുദ്ധ രാഷ്ട്രീയമാണ് മഹാരാഷ്ട്രയിലെ പാൽഘാറിലെ ചോരക്കളിയുടെ പിന്നിലെ ശക്തിയെന്നതു പകൽ പോലെ വ്യക്തമാണ്. 
 • സോണിയ ഭാരതീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലെത്തിയതോടെ ഇവിടെ ശക്തി പ്രാപിച്ച കൃസ്ത്യൻ മതപരിവർത്തന ലോബി, 
 • ബോംബെയിലെ അധോലോകം വഴി ഇസ്ളാമിക തീവ്രവാദികളുമായിട്ടുള്ള അവിഹിത ബന്ധത്തിന്റെ അടിസ്ഥാനത്തിൽ പാക്കിസ്ഥാന് തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുവാൻ എന്നും ഉതകുന്ന ശരദ് പവാറിന്റെ രാഷ്ട്രീയ ശക്തി, 
 • അധികാര കസേരയ്ക്കുവേണ്ടി ബാൽ താക്കറെയുടെ പാരമ്പര്യം ഉപേക്ഷിച്ച ഉദ്ദവ് താക്കറെയുടെ ശിവസേന,  
 • നാടൻ നക്സലുകളും കാടൻ നക്സലുകളും മാക്സിസ്റ്റു കമ്യൂണിസ്റ്റുകളും എല്ലാം അടങ്ങുന്ന ചൈനയുടെ താത്പര്യം സംരക്ഷിക്കുന്ന കമ്യൂണിസ്റ്റു പരിവാർ. 

ഇവരെല്ലാവരും പ്രത്യക്ഷമായും പരോക്ഷമായും യോജിച്ച് അതിർത്തിക്കപ്പുറമുള്ള ചൈനാ-പാക്ക് അച്ചുതണ്ടിനു വേണ്ടിയും മതപരിവർത്തന ലോബിക്കുവേണ്ടിയും ഭാരതത്തിനുള്ളിൽ അധികാരക്കസേര ഉറപ്പിക്കുവാൻ വേണ്ടിയും നടത്തുന്ന കുത്സിത ശ്രമങ്ങളോടൊപ്പം വേണം പാൽഘാർ കൊലപാതകങ്ങളെയും മനസ്സിലാക്കേണ്ടത്.  അവയിൽ ചിലത് മുൻകൂട്ടി തയാറാക്കിയുള്ളതാകാം. യാദൃശ്ചികമായി ഇതിലേതെങ്കിലും ഒരു കൂട്ടർ കാട്ടിക്കൂട്ടുന്ന ഒറ്റപ്പെട്ട സംഭവവും ആകാം. പക്ഷേ സംഭവശേഷം അവരും അവരോടൊപ്പമുള്ള കുബുദ്ധിജീവികളുടെയും മാധ്യമപക്ഷവും ഒന്നായി പ്രതിരോധത്തിനിറങ്ങുമ്പോൾ പൊതുസമൂഹത്തിന് ഈ ശക്തികളുടെ ദുഷ്പ്രവർത്തികളുടെ ചിത്രവും ലക്ഷ്യവും വ്യക്തമാകും.

കാഞ്ചികാമകോടി പീഠാധിപതി ജയേന്ദ്ര സരസ്വതി സ്വാമികളെ അറസ്റ്റ് ചെയ്ത് അവഹേളിച്ചതും ഒറീസ്സയിൽ സ്വാമി ലക്ഷമണാനന്ദയെ കമ്യൂണിസ്റ്റു തീവ്രവാദികളും  ക്രിസ്ത്യൻ മിഷനറിമാരുടെ ആളുകളും ചേർന്ന് കൊന്നൊടുക്കിയതും കാവിഭീകരവാദം എന്നൊരു കള്ളക്കഥയുണ്ടാക്കി കാവിയോടൊപ്പം നിൽക്കുന്നവരുടെ നേരെ അതിക്രൂര കടന്നാക്രമണം നടത്തിയതുമൊക്കെ ഈ ഹിന്ദു വിരുദ്ധ വർഗീയതയുടെ കൂട്ടായ്മ ഭാരത ചരിത്രത്തിൽ സോണിയയുടെ വരവിനു ശേഷം എഴുതി ചേർത്ത കറുത്ത അദ്ധ്യായങ്ങളാണ്.

കേരളത്തിനും സ്വന്തമായ അനുഭവമുണ്ട്.
മാറാട് എട്ട് പാവപ്പെട്ട ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവത്തിലെ പ്രതികൾ ഏതൊക്കെ രാഷ്ട്രീയ പാർട്ടി പ്രവർത്തകരായിരുന്നു? മാക്സിസ്റ്റു കമ്യൂണിസ്റ്റു പാർട്ടി സഖാക്കൾ! കോൺഗ്രസ്സ് മുന്നണിയിലെ മുസ്ലീം ലീഗ് പ്രവർത്തകർ!  മുസ്ലീം തീവ്രവാദ രാഷ്ട്രീയ പ്രവർത്തകർ! പ്രതികൾക്കു വേണ്ടി കേസ്സ് വാദിച്ചത് മാക്സിസ്റ്റു കമ്യൂണിസ്റ്റു പാർട്ടിയുടെ ശക്തനായ നേതാവായിരുന്ന അഡ്വക്കേറ്റ് പി ജനാർദ്ദന കുറുപ്പും!
കഴിഞ്ഞൊരു നൂറ്റാണ്ടിന്റ ഭാരത ചരിത്രം പഠിച്ചാൽ പാവപ്പെട്ട അത്താഴ പട്ടിണിക്കാരെ മുതൽ സമൂഹത്തിലെ എല്ലാ ശ്രേണികളിലും പെട്ട ഹിന്ദുക്കളെ മുസ്ലീം വർഗീയവാദികൾ കൊന്നൊടുക്കുമ്പോഴും കോൺഗ്രസ്സ് അവരോടൊപ്പമായിരുന്നു.  മലബാർ ലഹളയും ഭാരതവിഭജനവും അടക്കം എത്രയെത്ര ചരിത്ര സംഭവങ്ങൾ!

നിഷ്കരുണം കൊന്നു തള്ളുന്നവർക്കെതിരെ പ്രതികരിക്കാതെയൂം പ്രതിരോധിക്കാൻ തയാറാകുന്നവരെ കടന്നാക്രമിച്ചും കോൺഗ്രസ്സ് മുസ്ലീം വർഗീയതയുടെ പക്ഷത്തു നിന്നു.  1925 ൽ സ്വാമിശ്രദ്ധാനന്ദയെ വധിച്ചതും ആ കൊലയാളി, റഷീദ്, സ്വന്തം സഹോദരനാണെന്ന് തുടർന്ന് ഗോഹട്ടിയിൽ നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ ഗാന്ധിജി പറഞ്ഞതും ഭാരതം മറക്കില്ല.

കേരളവും ഭാരതവും ഇതൊന്നും മറക്കില്ലായെന്നൊരോർമ്മ  വീണ്ടും വീണ്ടും കാവിക്കുമേൽ, ഹിന്ദുവിനു മേൽ പ്രഹരത്തിനു തയാറാകുന്ന സഖാക്കൾക്കും ജിഹാദികൾക്കും  മിഷനറിമാർക്കും ഉണ്ടാകുന്നത് നന്നായിരിക്കും.

(ലേഖകൻ ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്. ഫോൺ: 9497450866)

Sambhu R Nairമലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657

20 April 2020

Jayadev :: Who Painted My money White by Sri Iger


Who Painted My money White
Sri  Iyer

കള്ളപ്പണം, തീവ്രവാദം, നോട്ട് നിരോധനം എന്നിവയെ ആസ്പദമാക്കി 2004- 2019 വരെ നടന്ന സംഭവ വികാസങ്ങൾ ഫിക്ഷന്‍റെ രൂപത്തിൽ അവിഷ്കരിച്ചിരിയ്ക്കുന്ന പുസ്തകം.  സെക്കന്‍റ് ഹാന്‍റ് നോട്ട് പ്രിന്റിംഗ് മെഷീൻ പുതിയ പ്രിന്റിങ് മെഷീൻ എന്ന വ്യാജേന ഇറക്കുമതി  ചെയ്യാനുള്ള ശ്രമത്തിൽ തുടങ്ങി ഭാരതം മുഴുവൻ കള്ളപ്പണം നിറയുന്ന അവസ്ഥയും അതിന്‍റെ ഭാഗമായി സിനിമ രാഷ്ട്രീയ, in മേഖലയിലെ മാറ്റവും ഭീകരപ്രവർത്തനത്തിന്‍റെ വ്യാപനവുമെല്ലാം വളരെ ആകർഷകമായ രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്.

കഥ പ്രധാനമായും നടക്കുന്നത് കേരളത്തിലും ഡൽഹിയിലും ആണ്.. കൊച്ചി മെട്രോയും ഈ ത്രില്ലറിന്‍റെ പ്രധാന background ആയി വന്നിട്ടുണ്ട്.. 

സംഭവങ്ങൾ വ്യക്തികൾ എന്നിവ നമുക്ക് സുപരിചിതമാണ് പക്ഷെ യഥാർത്ഥ പേരുകൾക്ക് പകരം വേറെ പേരുകൾ ആണ് സ്വീകരിച്ചിരിക്കുന്നത്...

ഉദാ:

 • ജഗത് Dhillon 2004 മുതൽ 2014 വരെയുള്ള ഫ്രീഡം പാർട്ടിയുടെ പ്രധാനമന്ത്രി
 • ദീപിക ശർമ്മ ഫ്രീഡം പാർട്ടിയുടെ പ്രസിഡന്‍റ് 
 • മൈലാപൂർ ദാമോദരൻ (മൈദ) സൂത്രശാലിയായ തെക്കേഇന്ത്യൻ രാഷ്ട്രീയക്കാരൻ 
 • ഹൻസ് മുഖ്  ജഡേജ  2014 ന് ശേഷം വന്ന പ്രധാനമന്ത്രി
അങ്ങനെയങ്ങനെ... 

പലരുടെയും പൊയ്മുഖങ്ങളും പൊഴിഞ്ഞു വീഴുന്നുണ്ട്. പ്രത്യേകിച്ചു ഈ അഴിമതി കാട്ടിയവരെ ജയിലിലേക്ക് അയക്കുന്നത് താമസിപ്പിക്കാൻ ശ്രമിച്ചവരുടെ.

ഒറ്റയിരുപ്പിന് വായിക്കാൻ കഴിയുന്ന ത്രില്ലിംഗ് ആഖ്യാന ശൈലിയാണ് ശ്രീ അയ്യർ സ്വീകരിച്ചിരിക്കുന്നത്.

നബി : തിയിരികെയെത്തിയ നോട്ടിന്‍റെ അളവ് നമ്മെ ഞെട്ടിക്കും..

Jagan :: മേനോൻസ് ഫിനാൻസ്


കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ 
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് വിധേയമായും, നിയമാനുസൃതമായും
മേനോൻസ് ഫിനാൻസ് 
2020 ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ
സാധാരണ രീതിയിൽ പ്രവർത്തിക്കുന്നതാണെന്ന് അറിയിക്കുന്നു.
പ്രവർത്തനസമയം 10 am to 4.30 pm

Break the Chain
സാമൂഹിക അകലം പാലിക്കുക.
കൊവിഡ് - 19 നെ 
നമുക്ക് ഒരുമിച്ച് നേരിടാം....!


19 April 2020

Sidheekh Subair :: ആദ്യാനുരാഗംകവിത
ആദ്യാനുരാഗം :: സിദ്ദീക്ക് സുബൈർ

വാസന്ത രാവിലെ പൂർണേന്ദു പോലെ
വാസന പൂവിടും രാഗനിലാവേ,
വാരിജരാജി തുടുത്തവളേ,
വാരിളം തെന്നലായ് വീശിയോളേ...

അന്നു നാം കണ്ടതും കൂടെ നടന്നതും
അപ്പുറമിപ്പുറം തേടും മിഴികളാൽ
അറിയാതെ തമ്മിൽ നാം ഒളികണ്ണെറിഞ്ഞതും
ആയിരം വിസ്മയപ്പൂക്കളാണോർമയിൽ.

വാക്കില്ലാനോട്ടങ്ങൾ ആശയത്തേരേറി
വാനവും ഭൂമിയും പൂവിട്ടു പ്രണയവും
വായന തീരാത്ത സ്നേഹവും ഭാവവും
വാടാത്ത ജീവിതത്താളുകൾ തീർത്തു നീ

അകലം കുറഞ്ഞൊന്നടുപ്പം തളിർത്തതും,
അഴകായ് വിരിഞ്ഞതും എത്ര വേഗം.
അമ്പലവഴിയിലും അരയാൽ ചുവട്ടിലും
അന്നെത്ര നേരം നാം തങ്ങി നിന്നു..

നിറയാതെ മറയേണ്ടൊരുറവയാമെന്നെ നീ,
ലവണത്തിരകളാൽ ചേർത്തണച്ചു...
വെൺമതൻ ശാലീന സൗന്ദര്യ സാരമേ
പ്രണയമായ് നിന്നെ ഞാനന്നറിഞ്ഞു...

നീണ്ടു കറുത്ത മുടിയഴകിൽ,
ഇറ്റിറ്റു വീഴും കുളിർമയാകാൻ,
തുളസിക്കതിരൊന്നു ചൂടി നിൽക്കാൻ
മൽപ്രിയേ ഞാനും കൊതിച്ചിടുന്നു...

വല്ലാത്ത മോഹമായ് നിന്നവൾക്ക്
വെള്ളിക്കൊലുസും പുളകമേകി,
വല്ലായ്മ മാറ്റിടും താളമായ്
നൂപുരനാദവും തീവ്ര രാഗം.

നിൻ കാലു പതിയുന്ന മൺതരിയായ്
നിൻ മൃദുസ്പർശന ലഹരി നേടാൻ
കോരിത്തരിക്കുമെന്നുള്ളിലുണ്ട്
തീരാത്ത മോഹം വളർന്ന ദാഹം...

ചാറ്റൽ മഴ പെയ്തു നാം നനഞ്ഞു,
വയൽ വരമ്പിൽ, നീണ്ട വഴിയിലൂടെ
ചേർന്നൊന്നായ് ഒറ്റക്കുടയുമായി
അനുരാഗ പക്ഷികൾ കൂടുതേടി.

കാറ്റിന്റെ കൊഞ്ചലായ് ഓടിയെത്തും
നിൻ നാദവൈഭവം കോർത്തു നമ്മെ,
ചേലെഴും മാലപോൽ ചേർന്നിടുന്നു,
ഓർത്തു നാം പ്രണയം തുടർന്നിടുന്നു.

നിൻ നാണമാഴത്തടാകങ്ങളിൽ
നിത്യം നുണക്കുഴിച്ചുഴികൾ തീർക്കെ,
ഭാവന വന്നെന്നെ മൂടി നിൽക്കും
ചാരു വരികളായ്  കവിത മൂളും

ആരോരുമറിയാ രഹസ്യമൊക്കെ
തേൻമൊഴിയാളന്നു കാതിലോതി,
നീളിടും അളകനിരകൾ മെല്ലെ
തഴുകും ലഹരിയിൽ ഞാനലിഞ്ഞു...

ആദ്യ പ്രണയമേ നിന്നെയോതാൻ
നാവില്ലെൻ കവിതയ്ക്കുമാവുകില്ല
കണ്ണീർ ചൊരിയാതെ ഓർക്കവയ്യ
കണ്ണിന്‍റെ കാതലായ് കാത്തവളേ...

15 April 2020

Kaniyapuram Nasirudeen :: കഥകളുടെ കയറ്റിറക്കങ്ങൾ


കഥകളുടെ കയറ്റിറക്കങ്ങൾ
(ഉണ്ണി ആർ എഴുതിയ കഥകളെക്കുകുറിച്ച്)
  കണിയാപുരം നാസറുദ്ദീൻ

കഥാശില്പശാലയിലും മറ്റും പുതിയ എഴുത്തുകാരോട് പറയാറുള്ളത് ഉണ്ണി ആർ എഴുതിയ കഥകൾ വായിക്കണമെന്നാണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഡി സി ബുക്സിൽ പോയപ്പോൾ ഉണ്ണി. ആർ എന്ന പേര് എന്നിൽ വല്ലാതെ ശല്യം ചെയ്തു കൊണ്ടിരുന്നു. തിരച്ചിലിൽ ഒരു പുസ്തകം കിട്ടി. ഉണ്ണി ആർ ന്‍റെ കഥകൾ...ആകെ 25 കഥകളാണിതിൽ.ഒഴിവുദിവസത്തെ കളി എന്ന പിന്നീട് ചലച്ചിത്രമായ കഥയും ഈ സമാഹാരത്തിൽ ചേർത്തിട്ടുണ്ട് .

എല്ലാ കഥകളിലും ചില സവിശേഷതകൾ കാണാൻ കഴിയും. ഒരു പൂച്ചയെ ചുറ്റിപ്പറ്റി നീങ്ങുന്ന കഥയാണ്‌ അത്.

ലീല എന്ന കഥയാണ് തുടക്കത്തിൽ കാണുന്നത് കോട്ടയത്ത് കുടമാളൂർ സ്വദേശിയായ കഥാകൃത്തിന് കോട്ടയം ജില്ലയിലെ പ്രാദേശിക ഏരിയകളൊക്കെ സുനിശ്ചിതം ആണ്. അവിടുത്തെ സമ്പ്രദായങ്ങളും നാടൻ വർത്തമാനങ്ങളാലും  സുഭിക്ഷമാണ് കഥകൾ.

നന്നേ ചെറിയ ശബ്ദം പോലും അങ്ങേയറ്റത്തെ നിരീക്ഷണപാടവത്തോടെയാണ് കഥയിൽ വിന്യസിക്കപ്പട്ടിരിക്കുന്നത്. പ്രത്യക്ഷത്തിൽ അശ്‌ളീലതയെ ആവിഷ്കരിക്കുന്നു എന്ന് തോന്നുമെങ്കിലും ഒരു ശരാശരി കോട്ടയംകാരനിൽ  ഉണ്ടായേക്കാവുന്ന ദുശ്ശീലങ്ങളേ കുട്ടിയപ്പനിലും ഉള്ളു എന്നും കരുതി വായനക്കാരന് സഹിക്കാം. പറയാൻ മറന്നു. ആദ്യ കഥയിലെ പ്രധാന കഥാപാത്രം ആണ് കുട്ടിയപ്പൻ.

രാത്രിയിൽ ഉറങ്ങാൻ കിടന്ന പിള്ളേച്ചൻ സ്വപ്നം കാണുന്നതാണ് തുടക്കം. വാതിലിലെ നിരന്തരം മുട്ട് കേട്ട് ഉണരുന്നതും വാതിൽ തുറന്നപ്പോൾ മുന്നിൽ കുട്ടിയപ്പൻ.പിന്നെ കുട്ടിയപ്പൻ കഥയിൽ പറയുന്ന ഞാൻ എന്ന കഥാപാത്രവുമായി പുറത്തേക്ക് കൊണ്ട് പോവുകയാണ്. ഈ നട്ടപ്പാതിരനേരത്ത് എന്തിനാ എങ്ങോട്ടാ എന്നെയും കൊണ്ട് പോകുന്നത് എന്ന് ആവർത്തിച്ച് ആവർത്തിച്ചു ചോദിക്കുന്നുണ്ടെങ്കിലും കുറെ ദൂരെ എത്തിയ ശേഷമാണ് വിചിത്രമായ തന്‍റെ ആഗ്രഹം പറയുന്നത്. തിരിച്ചു വീട്ടിൽ എത്തിയ പിള്ളേച്ചനോട് പ്രിയ പത്നി പദ്മിനി ചോദ്യത്തിൽനിന്ന് കുട്ടിയപ്പൻ ആരെന്നും ഇനി എന്തൊക്കെ വിക്രസുകൾ ഒപ്പിക്കുമെന്നും വായനക്കാർക്ക് ബോധ്യപ്പെടുന്നു. തന്ത ഒണ്ടാക്കിയ പണം നശിപ്പിക്കാൻ ഓരോന്ന് പിറന്നിട്ടുണ്ടെന്നും മറ്റും.. 

പിള്ളേച്ചനെയും കൂട്ടി പിന്നെ ജീപ്പിൽ ഒരു കറക്കം ആണ് കഥയിൽ അങ്ങോളം ഞെളിഞ്ഞു നില്ക്കുന്നത്. തന്‍റെ ആഗ്രഹം നിവർത്തിക്കാൻ ആരെ കൂട്ട് പിടിക്കാനും ഏതറ്റം വരെ പോകാനും എത്ര പണം മുടക്കാനും തയ്യാറായി നിൽക്കുകയാണ് കുട്ടിയപ്പൻ. ആനയുടെ തുമ്പിക്കൈയിൽ നിന്ന് കൊണ്ട് തന്‍റെ താത്പര്യം നിർവഹിക്കാൻ ഉള്ള  ജീപ്പ് യാത്ര കഥയിൽ മുഴങ്ങി കേൾക്കുന്നു.

ആദ്യം തന്‍റെ അടുത്ത പരിചയക്കാരനെ സമീപിക്കുന്നു. അവിടെ നിന്ന് അടുത്ത ഇടത്തേക്ക്.... ഇങ്ങനെ കുറെയേറെ സഞ്ചരിക്കുന്ന ജീപ്പ് പോലും മടുക്കുന്നത് പോലെയാണ് നമ്മുടെ പിള്ളേച്ചന്‍റെ പ്രതികരണത്തിൽ പ്രകടമാകുന്നത്.

ഒടുവിൽ ലക്ഷ്യം നേടുന്നത് വരെയും കഥ നീളുന്നു. ലീല എന്ന കൊച്ചു പെൺകുട്ടിയിലേക്ക് എത്തിച്ചേരുന്നു. പോകുംവഴിയിലെ ചെറു ചെറു കാഴ്ചകൾ, വർണ്ണനകൾ ശബ്ദം എന്ന് പറയാൻ പോലുമാകാത്ത ചെറു ശബ്ദം പോലും വർണ്ണിച്ചും വിവരിച്ചും കഥാകൃത്ത് കടന്നു പോകുന്നു.

മനസ്സ് വിചാരിക്കുന്ന വിചാരങ്ങൾ പോലും ഒപ്പിയെടുത്തിരിക്കുന്നു. ലീലയിലെത്തുന്ന ആ സ്ഥലം ഒരിറക്കം ആണ്. അതിലേ ജീപ്പ്  ഓടിച്ചു പോകുമ്പോൾ പിള്ളേച്ചന് ഉള്ള് നടുങ്ങുന്നതും നമ്മെ കേൾപ്പിക്കുന്നു. ഉഷേടെ വീട്ടിലായിരിക്കും എന്ന് എതിരേ നടന്നു വന്ന ആളുടെ ചോദ്യം ഇവരെന്തിനാണെത്തുന്നതെന്ന് നമുക്ക് മനസ്സിലാകുന്നു.

ഉഷേടെ വീട് കണ്ടാൽ വീടെന്ന് പറയാൻകഴിയില്ല എന്ന് പറഞ്ഞ് പറയാനുള്ളത് ഉള്ളിലൊതുക്കി.

ചുരുക്കിപ്പറഞ്ഞാൽ നല്ലൊരു കഥ വായിച്ച അനുഭവം ആണീ കഥകൾ പകർന്നു നല്കിയത്.


EXIT 22 :: Home Delivery


Today's Menu
Home Delivery

For Drlivery Call on .. 
7561842797, 7994122797, 6238822906  
Whatsapp 7561842797Breakfast

Parotta                - 8/-
Chapathy            - 8/-
Idiyappam          - 8/-
Egg curry           - 40/-
Kadala curry      - 40/-

Lunch

Chicken Biryani - 25/-
Poth Biryani       - 115/-
Poth Roast          - 10/-
Chicken Fry        - 20/-
Chapathy            - 8/-
Parotta                - 8/-

14 April 2020

Ameer Kandal :: കോറെന്‍റൈന്‍


Photo by CDC on Unsplash

കഥ
കോറെന്‍റൈന്‍ :: അമീർകണ്ടൽ

അടച്ചിട്ട മുറിക്കുള്ളിലെ ഏകാന്ത വാസത്തിന്‍റെ  പതിനൊന്നാം നാളിലെത്തിയ ആദ്യ റെസൾട്ട് ജോണിന്‍റെ മുഖത്ത് തെല്ലൊന്നുമല്ല സന്തോഷം പടർത്തിയത്.
   
ദേശാതിർത്തികൾ താണ്ടി കൊറോണ പകർച്ചവ്യാധി നാട്ടിലെത്തുന്നതിന് മുമ്പേ കടല് കടന്നെത്തിയതാണ് ജോൺ സാമുവൽ. എയർ പോർട്ടിലെ തിട്ടൂരമനുസരിച്ച് വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറി തന്നെ കോറെൻ്റൈന്  തെരഞ്ഞെടുക്കുകയും ചെയ്തു. ഭാര്യയും മക്കളും തൊട്ടയൽവക്കത്തുള്ള പെങ്ങളും വീട്ടിൽ തടങ്കലിലുമായി.
   
ഇടയ്ക്കിടക്ക് ജനൽ പാളികൾ തുറന്ന് കർട്ടൺ വകഞ്ഞ് മാറ്റി ജോൺ കമ്പികൾക്കിടയിലൂടെ പുറത്തേക്ക് കണ്ണ് പായിക്കും. വീടിന്ന് മുന്നിലെ ആളൊഴിഞ്ഞ ടാറിട്ട റോഡും ഇലക്ട്രിക് പോസ്റ്റുകളും നിർനിമേഷനായി നോക്കി നിൽക്കുകയല്ലാതെ ജോണിന് വേറൊന്നും ചെയ്യാൻ കഴിയില്ലല്ലോ.
     
കിടപ്പുമുറിയിലെ ഈട്ടിത്തടിയിൽ കൊത്തുപണിഞ്ഞ  വാതിലിലെ സമയാസമയങ്ങളിലെ അമ്മച്ചിയുടെ മുട്ടിവിളിക്കലാണ് ഏക ആശ്വാസം. പുറത്ത് ഭക്ഷണപാത്രമെത്തിയിട്ടുണ്ടെന്ന മുന്നറിയിപ്പാണത്.

ജോണിന്‍റെ അമ്മച്ചി പെങ്ങളെ വീട്ടിൽ നിന്ന് തേങ്ങാപാലൊഴിച്ച കഞ്ഞിയോ  കപ്പ വേവിച്ചതോ ചക്കപുഴുങ്ങിയതോ ദോശയും ചമ്മന്തിയുമായോ വാതിലിൽ മുട്ടിവിളിക്കും
" എടാ ജോണേ... കൊണ്ട് വെച്ചീട്ടുണ്ടേ... എടുത്ത് കഴിച്ചേക്കണേ... "
പടികളിറങ്ങി ടൈൽ പാകി വെടിപ്പാക്കിയ മുറ്റത്തെ തിട്ടയോട് ചേർന്ന ടാപ്പ് തുറന്ന് കൈ കഴുകി ഗേറ്റ് കടന്ന് പോകുന്ന അമ്മച്ചി ചിലപ്പോഴൊക്കെ മുകളിലേക്ക് ഒന്നു നോക്കിയാലായി. അല്ലേലും അമ്മച്ചിയെന്നല്ല, ആർക്കും അത്രയ്ക്കങ്ങ് ഇഷ്ടമുള്ള കാര്യമല്ലല്ലോ ജോൺ ചെയ്തത്.
       
കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷമായി ദുബായിലെ എണ്ണ കമ്പനിയിലാണ് ജോൺ സാമുവൽ ജോലി നോക്കുന്നത്.  പ്രവാസ ജീവിതത്തിനിടയിൽ നാട്ടിലേക്ക് വിമാനം കയറാനുള്ള അവസരമൊന്നും ജോൺ പാഴാക്കാറുമില്ല. അതു കൊണ്ട് തന്നെ രണ്ട് വർഷം കൂടുമ്പോൾ കിട്ടുന്ന ഒരു മാസത്തെ ലീവാണെങ്കിലും ജോൺ നാട്ടിലെത്തിയിരിക്കും. വീട്ടുകാരും നാട്ടുകാരും ജോണിന്‍റെ വീക്ക്നെസുകളായിരുന്നല്ലോ. നാട്ടിലുള്ളപ്പോൾ ക്ലബ്ബ് പരിപാടികളിലും പുത്തൻതോപ്പ് മൈതാനത്തെ പന്തുകളിയിലും കലുങ്ക് മുക്കിലെ സായാഹ്ന ചർച്ചകളിലും ജോണിന്‍റെ സാന്നിധ്യം സജീവമായിരുന്നു.
   
തെക്കേപ്പുറത്തെ വാഴക്കൂട്ടത്തിൽ നിന്നുള്ള കാക്കകളുടെ കലമ്പലു കേട്ടാണ് ജനൽ കമ്പികൾക്കിടയിലൂടെ ഏത്തി നോക്കിയത്. ജോണിന്‍റെ അമ്മച്ചി ഒരു നെടുങ്കൻ ചക്കയും തോളിലേന്തി ഒതുക്കുകൾ കയറി മുറ്റത്തെത്തി
'അമ്മച്ചീ ... സൈമനേം.. ജോമോളേം ഗേറ്റ് നടയിൽ കൊണ്ട് വന്ന് ഒന്ന് കാണിക്കുമോ... അവർക്ക് കുറച്ച് ടോയ്സ് കൊണ്ടു വന്നിട്ടുണ്ട് .. ' 
ജോൺ താഴേക്ക് വിളിച്ചു പറഞ്ഞു.
'ജോണേ... നീ അടങ്ങിയൊതുങ്ങി അവിടെയെങ്ങാനും കിടക്ക് ... സമയമാവുമ്പോൾ കൊണ്ട് കാണിക്കാം...' 
അമ്മച്ചിയുടെ സ്വരത്തിൽ ജാഗ്രതക്കൂടുതൽ നിഴലിച്ചിരുന്നു.
   
ലീവിന്ന് നാട്ടിൽ വരുമ്പോഴൊക്കെ പതിവായി എയർപോർട്ടിലെത്തി കൂട്ടികൊണ്ട് വരാറുള്ള ജോസഫാകട്ടെ വിളിക്കുമ്പോഴൊക്കെ സ്വിച്ച് ഓഫാണ്. കെട്ട് പൊട്ടിക്കാത്ത സ്യൂട്ട് കേഴ്സിനുള്ളിലെ ബിയർ ബോട്ടിലുകൾ അവന്‍റെ നിർബന്ധമായിരുന്നല്ലോ. എന്തിനും ഏതിനും കൂടെ കൂടാറുള്ള ദാസപ്പനും സതീശനുമാകട്ടെ ഫോണെടുക്കാതെയായി. വീട്ടുകാരുമായോ കുടുംബക്കാരുമായോ ഒന്നു മനസമാധാനത്തോടെ ഒന്നിച്ചിരിക്കാൻ പോലും സമ്മതിക്കാതെ രാവേറെ പാർട്ടിയും പരിപാടികളുമായി തലയിലേറ്റി കൊണ്ട് നടന്നിരുന്ന മത്തായി ചേട്ടനും പരിവാരങ്ങളും ഇപ്പോൾ എവിടെയാണാവോ. നാട്ടിലെത്തിയെന്നറിഞ്ഞാൽ ചക്കപ്പഴത്തിൽ ഈച്ച പറ്റിയ മാതിരി ഓടിയെത്തിയിരുന്ന പിരിവ് കൂട്ടരേയും കാണാനില്ല .നാട്ടിലെ സകലരുടേയും കറവപ്പശുവായിരുന്ന ജോണിനെ ആർക്കും വേണ്ടാതായോ.
     
തുറന്നിട്ട ജനൽപാളി വലിച്ചടച്ച് നെടുവീർപ്പോടെ ജോൺ ഇളം നീലഷീറ്റ് വിരിച്ച ബെഡിലേക്ക് നിവർന്നു കിടന്നു. എത്ര പെട്ടെന്നാണ് ആരാലും തിരസ്ക്കരിക്കപ്പെട്ട ഒരു ഭീകരജീവിയായി താൻ പരിണമിച്ചെതെന്ന വികാരം ഉള്ളിൽ കിടന്ന് തിളച്ച് മറിയുന്നേരമായിരുന്നല്ലോ അമ്മച്ചി ഗേറ്റ് കടന്ന് റെസൾട്ടുമായി എത്തിയത്. അപ്പോഴേക്കും കൊറോണ  പുറത്തേക്കിറങ്ങി ഓടിമറഞ്ഞിരുന്നു.

13 April 2020

V K Leelamony Amma :: നമ്മളറിയാൻനമ്മളറിയാൻ

പറന്നെത്തി അദൃശ്യനായണുഭീകരൻ
നിറഞ്ഞാടിത്തിമിർക്കുന്നു ഭുവനമാകെ
അരങ്ങുകൾ തകർത്തവൻ ശരവേഗത്തിൽ
തുരക്കുന്നു നരവംശശ്വസനവ്യൂഹം.

കരുത്തോടെയെതിരിടാൻ സുസജ്ജരാകാൻ
കരുനീക്കാം കരുതലിൻ കളങ്ങൾ തേടാം.
സുരക്ഷയ്ക്കായ് കരം നന്നായ് ശുചിയാക്കേണം
സ്വരക്ഷയ്ക്കായ് അഭികാമ്യം മുഖകവചം.

അകംപൂകാം സ്വയം നമുക്കകലമാകാം
അടുക്കുവാനതു നമ്മെത്തുണയ്ക്കും നൂനം.
അനാദിയായ്ത്തുടരുന്ന ഭ്രമണദൗത്യം
അറിഞ്ഞെന്നാലകലത്തിൻപൊരുൾ തിരിയും.

വിശക്കുമ്പോൾ നിറയുവാൻ വിഭവമേറെ
അശിക്കണമരവയർ നിറയുവോളം
ഗതകാലം വിളമ്പിയ രുചിക്കൂട്ടുകൾ
ചിതമുള്ള മണമൂറുംരുചിവൈഭവം.

അഭിജ്ഞരെന്നതിഗർവ്വം നടിക്കുന്നോനും
അളവില്ലാവകകൂട്ടിയിളയ്ക്കുന്നോനും
അണുവോളം വകയില്ലാതിരപ്പവനും
അണുവിന്നു സമസ്തരും സഹജതുല്യർ.

മികവെന്തു്? തികവെന്തു്?പകയെന്തിനു്?
വകയെല്ലാമൊരുവകക്കുഴിവക്കോളം.
അകങ്ങളിൽ കുടിപാർക്കുമണുപ്രസരം
അറിയുവാൻ നമുക്കീശൻ തരുന്നിതെല്ലാം.

അടരാടിയടരുവാൻ തുനിഞ്ഞീടൊല്ലേ
അടരാതെ വിരിയട്ടേ! ഹൃദയസൂനം!
അഴലിന്റെ കനൽ വീണോരിടങ്ങൾ തേടാം
നിഴലായി ഉയിർചേർത്തു തണലായിടാം.

അകംനോവിൽപ്പുകയുന്ന വിചിത്രചിത്രം
അകക്കാമ്പു തെളിക്കുവാനുദിച്ച സത്യം!
"വസുധൈവ കുടുംബക"മതൊന്നു സത്യം!
വസുധയ്ക്കു തിരിയും ഈ 'വക'ഭേദങ്ങൾ.
     ******==*******==******
ലീലാമണി.വി.കെ.

K V Rajasekharan :: അംബേദ്ക്കറും കോൺഗ്രസ്സും തീണ്ടാപ്പാടകലവുംഅംബേദ്ക്കറും കോൺഗ്രസ്സും തീണ്ടാപ്പാടകലവും
കെ വി രാജശേഖരൻ

ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് വഴിയിലുയർത്തിയ തന്‍റെ തടസ്സങ്ങളെയെല്ലാം അതിജീവിച്ചു കൊണ്ടാണ് ഡോ ഭീംറാവ് റാംജി അംബേദ്കര്‍, സ്വതന്ത്രഭാരതത്തിനായി ഭരണഘടന തയാറാക്കുവാനുള്ള കോൺസ്റ്റിറ്റുവൻറ് അസംബ്ലിയുടെ പടികയറിയത്. സ്വന്തം തട്ടകമായ ബോംബെയിൽ നിന്ന് വിധാൻ സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച് ഭരണഘടനാ നിർമാണസഭയിലെത്തുവാൻ അദ്ദേഹം നടത്തിയ ശ്രമത്തെ കോൺഗ്രസ്സ് 'പല്ലും നഖവും ഉപയോഗിച്ച്' എതിർത്തു പരാജയപ്പെടുത്തി. അംബേദ്കറുടെ പരാജയം ആഘോഷിച്ചു കൊണ്ട് കോൺഗ്രസ്സ് നേതൃത്വം നടത്തിയ പ്രഖ്യാപനം അദ്ദേഹം ആ സമിതിയിലുണ്ടാകരുതെന്ന പാർട്ടിയുടെ ദൃഢനിശ്ചയത്തിന്‍റെ  തോതറിയിക്കുന്നു.  ഭരണഘടനാ നിർമ്മാണ സഭക്കുള്ളിലേക്ക് ഡോ ഭീംറാവ് അംബേദ്കറെ പ്രവേശിപ്പിക്കില്ലെന്നുമാത്രമല്ല സഭാഗൃഹത്തിന്‍റെ  വാതിലുകളും ജനലുകളും വരെ അടച്ചു കഴിഞ്ഞുയെന്നാണ് ജവഹർലാൽ നെഹ്രു അദ്ധ്യക്ഷനായിരുന്ന കോൺഗ്രസ്സ് നടത്തിയ പ്രഖ്യാപനം.
പക്ഷേ തീയിൽ കുരുത്തത് എവിടെയാ വെയിലത്തു വാടുക?  
അക്ഷരം പഠിക്കാൻ ചെന്ന പള്ളിക്കുടത്തിന്‍റെ  പഠനമുറിക്കുള്ളിലേക്ക് പ്രവേശനം അനുവദിക്കപ്പെട്ടിട്ടില്ലായിരുന്നു. വരാന്തയിൽ പഴംചാക്കുമിട്ടു പഠിച്ചു വളർന്നു.  (ആ ചാക്ക് ഓരോ ദിവസവും പഠനം കഴിഞ്ഞു വീട്ടിലേക്ക് കൊണ്ടു പോകുകയും വേണമായിരുന്നു). വിദ്യാർത്ഥികൾക്ക് കുടിക്കാൻ പൊതുവായി വെച്ചിരുന്ന വെള്ളം സ്വയം എടുത്തു കുടിക്കാൻ അനുവാദമില്ലായിരുന്നു. കുടിവെള്ളവും ഗ്ലാസ്സും തൊട്ട് 'അശുദ്ധമാക്കുക' അരുതാത്തതായിരുന്നു.  സ്കൂളിലെ പ്യൂൺ വെള്ളം ഒഴിച്ചു കൊടുത്താൽ മാത്രം. ദാഹജലം കിട്ടുന്ന ഹൃദയം നുറുങ്ങുന്ന അനുഭവം. (പിന്നീട് അക്കാലത്തെ ഓർമ്മകൾ കുറിച്ചപ്പോൾ 'നോ പ്യൂൺ, നോ വാട്ടർ' - 'പ്യൂണില്ല, വെള്ളോമില്ല!' - എന്നാണ് രേഖപ്പെടുത്തിയത്).
ആ സ്കൂൾ വരാന്തയിൽ തുടക്കം കുറിച്ച് അറിവിന്‍റെ  അനന്തത അടിയുറച്ച കാൽവെപ്പുകളോടെ നടന്നുകയറിയ ഡോ ഭീംറാവ് അംബേദ്കറുടെ മുമ്പിലാണ് മോഹൻ ദാസ് കരംചന്ദ് ഗാന്ധിയുടെ 'വഴിയിലൂടെ സഞ്ചരിച്ചിരുന്ന'  ജവഹർലാൽ നെഹ്രുവിന്‍റെ  ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് ഭാരതത്തിന്‍റെ  ഭരണഘടനാ നിർമ്മാണ സമിതിയുടെ വാതിലുകളും ജനലുകളും അടച്ചു പൂട്ടിയത്.
അന്ന്, ബംഗാളിലെ നാമശൂദ്രർ അടങ്ങുന്ന പിന്നോക്ക ജനവിഭാഗത്തിന്‍റെ  ജനകീയശക്തിയാണ് അംബേദ്കർക്കെതിരെയുള്ള കോൺഗ്രസ്സ് ധിക്കാരത്തെ വെല്ലുവിളിച്ചത്.  ബാരിസ്റ്റർ ജ്യോതീന്ദ്രകുമാർ മണ്ഡൽ വിധായക് സഭയിലെ തന്‍റെ  അംഗത്വം രാജിവെച്ച് അംബേദ്കർക്കു മത്സരിക്കുവാൻ അവസരമൊരുക്കി. അങ്ങനെ ബംഗാളിൽ മത്സരിച്ചു ജയിച്ചു.  തല ഉയർത്തി ക്കൊണ്ട് തന്നെ ഭാരതത്തിലെ അധ:സ്ഥിത ജനവിഭാഗത്തിന്‍റെ  അതിശക്തനായ വക്താവ്, ഭാരതീയ ദേശീയതയെ കുറിച്ചു തനിക്കുള്ള മൗലിക ബോദ്ധ്യത്തിൽ ഇളക്കത്തിനിടം കൊടുത്തിട്ടില്ലാത്ത മഹാപ്രതിഭ,  ലോകം അതുവരെ കണ്ട ഭരണഘടനകളെ പഠിച്ച് അപഗ്രഥിച്ച് സമത്വവും സാതന്ത്ര്യവും സാഹോദര്യവും ധാർമ്മിക അടിത്തറ നൽകുന്ന ഒരു മഹത്തായ ഭാരത ഭരണഘടനയുടെ വിശാലമായ ചട്ടക്കൂടും ഉള്ളടക്കവും ഉള്ളിൽ ധരിച്ചിരുന്ന ഡോ ഭീംറാവ് അംബേദ്കർ, ഭരണഘടനാ നിർമ്മാണ സഭയുടെ ഉള്ളിൽ തന്‍റെ  ഇരിപ്പിടം ഉറപ്പിച്ചു.  ഡോ ശശി തരൂർ തന്‍റെ  'ദി ഗ്രേറ്റ് ഇൻഡ്യൻ നോവലിൽ' കൗരവരുടെ പാർട്ടി എന്നു വിശേഷിപ്പിച്ച കോൺഗ്രസ്സിന്‍റെ  നേതൃത്വത്തിന്‍റെ  പ്രഭാവത്തിലുള്ള സഭ പിന്നീട് കടന്നുപോയത് കൗരവ സഭയിലേക്ക് ദൂതുമായി ഭഗവാൻ ശ്രീകൃഷ്ണൻ കടന്നെത്തിയ അനുഭവത്തിലൂടെയാണ്. ഒരു പക്ഷേ തരൂരിന്‍റെ  പുസ്തകത്തിലെ ഭീഷ്മർ (മഹാത്മജി) ഭരണാധികാരി അന്ധനായ ധൃതരാഷ്ട്രരോട്(ജവഹർലാൽ നെഹ്റു) തടികൂടുതൽ കേടാകാതിരിക്കൻ പറഞ്ഞു കൊടുത്ത ഉപായവുമാകാം.  ഭരണഘടന തയാറാക്കലിന്‍റെ  ദൗത്യം ഡോ അംബദ്ക്കറുടെ ചുമലുകളിലായി. അങ്ങനെ സ്വതന്ത്രഭാരത്തിന് സകാരാത്മകവുമായ സക്രിയവും വരുംകാലവെല്ലുവിളികൾക്കൊപ്പം വളരുവാൻ കെല്പുള്ളതുമായ ഒരു ഭരണഘടനയുടെ ചട്ടക്കൂടും ഉള്ളടക്കവും ലഭിച്ചു.

1950 ജനുവരി 26 നു പുതിയ ഭരണഘടന നിലവിൽ വന്നു.  അംബേദ്കർ തന്‍റെ  ജീവിതം കൊണ്ട് ഭാരതത്തിനു നൽകാവുന്ന ഏറ്റവും ശ്രേഷ്ഠമായ സംഭാവന നൽകിക്കഴിഞ്ഞു.  പാലം കടന്നപ്പോൾ തന്നെ കൂരായണന്മാരുടെ മനസ്സിൽ കുന്നായ്മ വളർന്നു. ആ ഭരണഘടനയുടെ അടിസ്ഥാനത്തിൽ 1952ൽ നടന്ന ഒന്നാമത് ലോകസഭാ തിരഞ്ഞെടുപ്പിൽ ഡോ അംബേദ്കറും ബോംബെ നോർത്തിൽ നിന്ന് മത്സരിക്കാൻ തയാറായി. തലമറന്ന് എണ്ണ തേക്കാത്തവരുടേതായിരുന്നൂ ലോകമെങ്കിൽ അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയെന്നതായിരുന്നു സ്വാഭാവിക നീതി.  പക്ഷേ ജവഹർലാൽ നെഹ്രുവിന്‍റെ  കോൺഗ്രസ്സ് ആ നിയോജകമണ്ഡലത്തിൽ കയ്യും മെയ്യും മറന്ന് കഠിന പരിശ്രമം നടത്തി അംബേദ്കറെ പരാജയപ്പെടുത്തി. 1954 ൽ ഭിന്ദ്രാ നിയോജക മണ്ഡലത്തിൽ ഒഴിവു വന്നതിനെ തുടർന്നുണ്ടായ ലോകസഭാ ഉപതിരഞ്ഞെടുപ്പിലും അംബേദ്കർ മത്സരിക്കാൻ തയാറായി. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍റെ  പ്രചാരക് മാനനീയ ദത്തോപന്ത് ഠേംഗഡി അദ്ദേഹത്തിന്‍റെ  പ്രധാന തിരഞ്ഞെടുപ്പ് സഹായിയായി ഒപ്പം ഉണ്ടായിരുന്നു. പക്ഷേ നെഹ്രുവിന്‍റെ  കോൺഗ്രസ്സ് അന്നും അദ്ദേഹത്തെ പരാജയപ്പെടുത്തി ലോക സഭയുടെ പടിക്കു പുറത്തു നിർത്തി.

പക്ഷേ അങ്ങനെ ഡോ അംബദ്കറെ സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും നിരന്തരം തിരഞ്ഞെടുപ്പുകളിൽ തോൽപ്പിച്ച കോൺഗ്രസ്സ് തന്നെ ചില പരിഗണനകളും നൽകിയില്ലേ എന്നൊരു മറു ചോദ്യവും കോൺഗ്രസ്സിനും നെഹ്രുവിനു വേണ്ടി വാദിക്കുന്നവർ ഉയർത്താനിടയുണ്ട്.  അവരുടെ ചോദ്യത്തിനുത്തരം അംബദ്കറുടെ പല പരസ്യ നിലപാടുകളും കോൺഗ്രസ്സിനെ അലോസരപ്പെടുത്തുന്നതായിരുന്നു എന്നിരിക്കലും അവയെ സാധാരണ പ്രതീക്ഷിക്കാവുന്ന തീവ്രതയോടെ കോൺഗ്രസ്സ/നെഹ്രു പക്ഷം വിമർശിച്ചിട്ടില്ലായെന്നത് ഓർത്തെടുത്താൽ ലഭിക്കും.  അവയിലേറ്റവും പ്രധാനമായവയിലൊന്ന്
 • ഗാന്ധി വധവുമായി വീര വിനായക് ദാമോദർ സവർക്കറെ കള്ളക്കേസിൽ കുടുക്കാൻ കുതന്ത്രങ്ങൾ മെനഞ്ഞ നെഹ്രു ക്യാബിനറ്റിൽ അംഗമായിട്ടു പോലും സത്യത്തോടൊപ്പം നിൽക്കാൻ അന്ന് നിയമ മന്ത്രിയായിരുന്ന അംബേദ്കർ തയാറായതാണ്. 
 • സവർക്കർക്കു വേണ്ടി കേസു വാദിച്ചിരുന്ന അഭിഭാഷകൻ  എൽ പി ബൊപാത്കറുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തുവാനും സവർക്കറുടെ നിരപരാധിത്വം അടിവരയിട്ടു പറഞ്ഞു കൊണ്ട് കേസിൽ വീരസവർക്കറുടെ നിപരാധിത്വം തെളിയിക്കപ്പെടുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചതുമാണ്. 
അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്
 • ക്രൂരമായ ഗാന്ധിവധത്തിൽ വധശിക്ഷ വിധിക്കപ്പെട്ട നഥൂറാം ഗോഡ്സെയ്ക്കു വേണ്ടി ദയാഹര്‍ജി സമർപ്പിച്ചാൽ താനിടപെടാമെന്ന സന്ദേശം അംബേദ്കർ  അഭിഭാഷകൻ വഴി ഗൊഡ്സെയ്ക്കു നൽകാൻ തയാറായത്. ഗോഡ്സെയ്ക്കു താത്പര്യമുണ്ടെങ്കിൽ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാൻ നോക്കാമെന്നായിരുന്നു അംബേദ്കർ നൽകിയ സൂചന. 
ഗോഡ്സെയെന്ന വഴിതെറ്റിയ ഗാന്ധിഘാതകനെ തൂക്കിലേറ്റുന്നത് ഗാന്ധിയൻ അഹിംസാ പാരമ്പര്യത്തിനോരിക്കലും യോജിക്കില്ലായെന്ന വാദം ഉയർത്തുന്നതിലാണ് അംബേദ്കർ ഗോഡ്സയെ സഹായിക്കുവാനുള്ള സാദ്ധ്യത കണക്കു കൂട്ടിയിരുന്നത്. പക്ഷേ,
'ദയവായി, എന്‍റെ  മുകളിൽ ദയ അടിച്ചേൽപ്പിക്കരുത്. എന്നിൽ കൂടെ എനിക്ക് സ്ഥാപിക്കണം, ഗാന്ധിയൻ അഹിംസയെ തൂക്കിലേറ്റിയിരിക്കുന്ന വെന്ന്'
ആ വാക്കുകൾ കേട്ട് അംബേദ്കർ ഞെട്ടിയെങ്കിലും ഗോഡ്സയെ പ്രകീർത്തിച്ചുകൊണ്ടു പിൻവാങ്ങിയെന്നാണ് ചരിത്രം വെളിപ്പെടുത്തുന്നത്.

അതുപോലെ തന്നെയാണ് 
 • മോഹൻ ദാസ് കരംചന്ദ് ഗാന്ധിയെ ലോകം മുഴുവനും ഗാന്ധിജിയെന്നത് മഹാത്മജിയെന്നും വിളിച്ചുകൊണ്ടിരുന്നപ്പോഴും മിസ്റ്റർ ഗാന്ധിയെന്നതിനപ്പുറം സംബോധന ചെയ്യാൻ അംബേദ്കർ തയാറാകാതിരുന്നത്.   
അതുപോലെ
 • 1947ൽ ബ്രിട്ടീഷുകാർ ഇൻഡ്യ വിട്ട് സ്വാതന്ത്ര്യം നൽകുന്നതിന് മഹാത്മജിയെയും കോൺഗ്രസ്സിനെയുംകാളധികം നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ യും ഇൻഡ്യൻ നാഷണൽ ആർമിയുടെയും പങ്കാണുണ്ടായതെന്നത് ആധികാരിക വ്യക്തികളുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ആവർത്തിക്കാനുള്ള ചങ്കുറപ്പ് അംബേദ്കർ കാട്ടി. 
ഈ വക കാര്യങ്ങളിൽ കൂടുതൽ ആഴത്തിലുള്ള പഠനം ആവശ്യമാണെന്ന് സമ്മതിക്കുമ്പോൾ തന്നെ അംബദ്കറുടെ ആശയങ്ങളോടുള്ള നേർക്ക് നേർ പോരാട്ടത്തിനുള്ള വേണ്ടത്ര പ്രകോപനങ്ങളുണ്ടായിട്ടും എന്തേ കോൺഗ്രസ്സ്-നെഹ്രു പക്ഷം ആകാവുന്ന ആവേശത്തോടെ പോലും പ്രതികരണങ്ങൾക്ക് തയാറായിട്ടില്ലെന്നത് ശ്രദ്ധിക്കാതിരിക്കാനാകില്ല. 

അവിടെയാണ് അംബദ്കറെ നിരന്തരം അവഗണച്ചിരുന്ന നെഹ്രു-കോൺഗ്രസ്സ് പക്ഷവും അദ്ദേഹത്തെ ആദ്യമായി ലോകസഭാതിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ നെഹ്രു പക്ഷത്തിനു സമാന്തരമായി പടയ്ക്കിറങ്ങിയ കമ്യൂണിസ്റ്റു പക്ഷവും ഭാരതത്തെ അട്ടിമറിക്കുവാൻ അംബേദ്കറെയും കൂട്ടു പിടിക്കാൻ ശ്രമിക്കുന്ന ജിഹാദി പക്ഷവും അവർക്കോരുരത്തർക്കുമെതിരെ  ആ വലിയ മനുഷ്യൻ വിട്ടുവീഴ്ചയില്ലാതെ നടത്തിയ നിശിതവിമർശനങ്ങളേ പോലും ലജജയില്ലാതെ വിഴുങ്ങിയതിന്‍റെ  രഹസ്യം കുടികൊളളുന്നത്. 

അംബദ്കറുടെ പാരമ്പര്യം നെഞ്ചിലേറ്റിയ ഭാരതത്തിലെ അടിസ്ഥാന ബഹുജന സമാജത്തിന്‍റെ  ശക്തിയാണ് അദ്ദേഹത്തോട് ഉള്ളിൽ പക സൂക്ഷിക്കുമ്പോളും സ്വയം പത്തി താഴ്ത്തി നിർത്താൻ അവരെ നിർബന്ധിതരാക്കുന്നത്. ആ ശക്തിയെ ഹിന്ദുവിരുദ്ധ വർഗീയതയ്ക്കും ദേശവിരുദ്ധ  രാഷ്ട്രീയത്തിനും ഉപകരിക്കാവുന്ന ശക്തിയായി ദുരുപയോഗം ചെയ്യുകയെന്നതാണ് അവരുടെ ദുഷ്ടലാക്ക്,.

ആ വക രാഷ്ട്ര വിരുദ്ധ തന്ത്രങ്ങൾക്ക് തടയിടാൻ അംബേദ്കറുടെ കണ്ടെത്തലുകൾ സത്യസന്ധമായി പഠിച്ചറിയണം.  ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രാജ്യം മാത്രം സ്വതന്ത്രമായാൽ പോരാ. രാജ്യത്തെ ജനങ്ങളും സ്വതന്ത്രമാകണമെന്നതായിരുന്നു അംബേദ്കറുടെ ലക്ഷ്യം.   ജനങ്ങൾ എന്നു പറഞ്ഞപ്പോൾ ജാതി വ്യവസ്ഥയിൽ അധ:സ്ഥിതരായിരുന്നു അദ്ദേഹത്തിന്‍റെ  നിർവചനത്തിൽ പ്രധാനം. അവരുടെ മോചനത്തിന് ജാതി/വർണ്ണ വ്യവസ്ഥ ഇല്ലാതാകണം. അങ്ങനെയില്ലാതാകണമെങ്കിൽ ഹിന്ദുധർമ്മത്തിൽ ജാതി/വർണ്ണ വ്യവസ്ഥയെ നിലനിർത്തുന്ന ചിന്തയുടെ അടിത്തറ പൊളിച്ചടുക്കണമെന്ന് അദ്ദേഹം നിഷ്കർഷിച്ചു.  ആ വക ചിന്തകളുടെ അടിത്തറ ഹിന്ദു ധർമ്മത്തിന്‍റെ  നിലനിൽപ്പിന് അനിവാര്യമല്ലെന്നു തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ  ദാർശനിക ബോദ്ധ്യം. അക്കാര്യത്തിലൊന്നും കോൺഗ്രസ്സിനും ഗാന്ധിജിക്കും താത്പര്യമില്ലെന്നതായിരുന്നു അദ്ദേഹത്തിന് അനുഭവങ്ങളിൽ നിന്നു ബോദ്ധ്യമായത്. അതുകൊണ്ടു തന്നെ ബ്രിട്ടീഷുകാർ ഇൻഡ്യ വിട്ടാലും തദ്ദേശീയരായ പുതിയൊരു വരേണ്യ വിഭാഗം ഭരണത്തിലാകുമെന്നും അധഃസ്ഥിതരുടെ സ്വാതന്ത്ര്യം വീണ്ടും അകലെയാകുമെന്നും അംബേദ്കർ ഭയന്നു.  ചരിത്രം അതു ശരിയാണെന്ന് തെളിയിച്ചു.
പാലാഴിമഥനം കഴിഞ്ഞ് അമൃത് ലഭിച്ചപ്പോൾ അസുര പക്ഷം അത് കൈവശപ്പെടുത്തിയതുപോലെ സ്വാതന്ത്ര്യാനന്തര ഭാരതവും ഒരു കുടുംബത്തിന്‍റെ യും അവരെ ചുറ്റിപറ്റി നിന്നവരുടെയും മേച്ചിൽപ്പുറമായി മാറി. 
2014ൽ മാത്രമേ ജനപക്ഷത്തിലേക്ക്, ഭരണാധികാരത്തിന്‍റെ  അമൃതകുംഭം പൊതുജനസമൂഹത്തിന് ഫലപ്രദായി തിരിച്ചു പിടിക്കാനായുള്ളു. അന്നാരംഭിച്ചൂ, എല്ലാവരോടുമൊപ്പം, എല്ലാവർക്കും വേണ്ടി, എല്ലാവരുടെയും വിശ്വാസം അംഗീകരിച്ചുകൊണ്ടുള്ള ജനാധിപത്യ വികസനമാതൃക.  ആ വഴിയിലൂടെ നനരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അതിവേഗം മുന്നോട്ടു പോകുക മാത്രമാണ് ഡോ ഭീംറാവ് അംബേദ്കറുടെ ലോകവീക്ഷണം യാഥാർത്ഥ്യമാക്കുവാൻ ഭാരതം ചെയ്യേണ്ടത്. അതാണ് ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് ഡോ ഭീംറാവ് അംബേദ്കറുടെ മുന്നിൽ വരച്ചിട്ട തീണ്ടാപ്പാടകലത്തിന്‍റെ  അതിർരേഖ എന്നെന്നേക്കുമായി മായിക്കുവാനുള്ള മാർഗം.

(ലേഖകൻ ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്. ഫോൺ: 9497450866)

09 April 2020

Dr P Santhoshkumar :: കടമിഴിഖനികളിലെ ഊർജ്ജപ്രവാഹങ്ങൾ
കടമിഴിഖനികളിലെ ഊർജ്ജപ്രവാഹങ്ങൾ
ഡോ.പി.സന്തോഷ് കുമാർ

പ്രണയം കുറിക്കാത്ത കവികളില്ല. ഒരു പ്രണയിക്കു മാത്രമേ കവിയാകാൻ കഴിയു. 'ആദ്യ ദർശനാൽ അകക്കാമ്പറിയുന്ന ' (ഡി വിനയചന്ദ്രൻ) മാസ്മരിക പ്രണയം മാത്രമല്ല അത്. കവിതയോടും കാലത്തോടും കലഹത്തോടും കാമിനിയോടും ഹൃദയം ചേർക്കുന്ന അതിന്ദ്രീയപ്രഭാവമാണത്. സർവ്വതിനെയും കാമിക്കുന്നവന്‍റെ കരളുരുകുമ്പോഴാണ് കവിത പിറക്കുന്നത്. സിദ്ദിഖ് സുബൈർ കവിത എഴുതിയത് പ്രണയം കൊണ്ടാണ് . ചോരയോളംപോന്ന ഗന്ധവും ആഴവും നിറവും തീവ്രതയും അതിനുണ്ട്.

പ്രണയത്തിന്‍റെ അപരഭാവമായി കവിതയിൽ 'നീ' എന്ന നിറസാന്നിധ്യമുണ്ട് .
പ്രണയം പൂക്കുന്ന പെണ്ണിലും കവിതയുടെ കടമിഴിയിലും
സാമൂഹികപ്രത്യക്ഷങ്ങളെക്കുറിച്ചുള്ള ചിന്തകളിലും കാലിക വിചാരങ്ങളുടെ തീവ്രതയിലും 'നീ'  നിഴലായി പടരുന്നുണ്ട് .'നീയാണ് എനിക്ക് പെണ്ണ്' എന്ന കവിത മാത്രമാണ് കാല്പനികപ്രണയത്തിന്‍റെ പരിവേഷങ്ങൾ എല്ലാം അണിഞ്ഞുനിൽക്കുന്നത്. അവിടെ മാത്രമാണ് 'നീ' വഴിമാറി അഴകുള്ള മൊഞ്ചത്തിയായി 'പെണ്ണ്' ഒരുങ്ങി ഇറങ്ങുന്നത്.

പ്രണയത്തിന്‍റെ ഊർജ്ജ പ്രവാഹങ്ങൾ ഇന്ദ്രിയ വിചാരങ്ങളുടെ മറുകര കടക്കുന്നുണ്ട് 'നീയായി തീർന്നൊരു മൗനത്തിൽ'. കണ്ണ് രൂപം തേടുകയും നാസിക ഓർമ്മകളുടെ സുഗന്ധം നുകരുകയും നാവ് രുചിക്കൂട്ടുകൾ രുചിക്കുകയും കൂർത്ത ചില്ലുകളിൽ ചെമ്പകസ്പർശം പതിയുകയും
വായിച്ചു ബാക്കിയായ വാക്കുകളിൽ കേൾവി വട്ടം പിടിക്കുകയും ചെയ്യുമ്പോൾ കവി എഴുതുന്നു,  'നീ വന്ന് നിറയുക തന്നെ ചെയ്യും'. 
            ''കൂർത്ത ചില്ലുകൾ
            പാകിയ വഴികളിൽ
            രക്ഷയാകുന്നു നിൻ
            ചെമ്പകങ്ങൾ''   -     
ഈ ചെമ്പകപുഷ്പത്തിന്‍റെ മണവും സ്പർശവും ഉദാത്ത പ്രണയത്തിനു നൽകുന്ന സുഗന്ധ ചാർത്താണ്. ആശാൻ നട്ടുവളർത്തിയ  പ്രണയത്തിന്‍റെ ചെമ്പകക്കാട്ടിൽ നിന്ന് ഒരു ചെറുകാറ്റ് ഇവിടെയും വന്നിട്ടുണ്ടാകാം.

'പ്രണയാനന്ദ'ത്തിൽ 'നീ'യല്ല, 'അവളാ'ണ്. 'കടമിഴിഖനികളിൽ
ഊർജ്ജവും കലഹകാലങ്ങളിൽ കരളകംവാണവളും' ആണ് അവൾ. സ്വാർത്ഥ പ്രണയത്തിന്‍റെ അനിഷ്ടങ്ങൾ ഒന്നും ഇവിടെയില്ല. പകരം 'അവൾ ഒരു ആനന്ദ പ്രണയപ്രവാഹമാണ്. അതിനാലാണ്       
         "മറുകര കാണാത്തൊരാഴിപ്പരപ്പിൽ
         മറവേതുമില്ലാതെയെൻ പ്രണയയാത്ര"   - എന്നെഴുതാൻ കവിക്ക്കഴിയുന്നത് .അവനവനിലേക്ക് മാത്രം കുടിയേറുന്ന സ്വരവ്യതിയാനങ്ങൾ പ്രണയത്തിന്‍റെ തുടർക്കഥകളിലെ മുഷിച്ചിലുകളാണ്. സച്ചിദാനന്ദൻ എഴുതിയ 'പ്രണയം  മുഷിയുന്ന വാട' ജീവിതം തകർക്കുന്നത് അങ്ങനെയാണ്.

എന്നാൽ ഇവിടെ - 'നീ ' യിൽ നിന്നും 'നാമി'ലേക്കെത്തുന്ന,  ലോകത്തിന് വെളിച്ചം പകരുന്ന പ്രണയത്തിന്‍റെ ജ്വലനം 'കരൾ നീറ്റുന്ന ഏത് വേദനയും മറികടക്കുന്ന ഊർജ്ജമായി തീരുന്നു.
         "കൂരിരുൾ പാതയിൽ 
         മിന്നാമിനുങ്ങുപോൽ
        ലോകർക്ക് വെട്ടമായ്
        പാറിടും നാം''    (നീറ്റിടും വേദന)

കവിത കവിക്ക് കാമിനി തന്നെ. കാത്തിരിപ്പിന്‍റെ വിരഹ മാധുര്യങ്ങൾ സൃഷ്ടിക്കുന്ന അനുഭൂതിയാണ് പ്രണയം പോലെ കവിതയും.
മുപ്പതിറ്റാണ്ടുകൾ ഞാൻകാത്തിരുന്നു
നീയുണർന്നുള്ളിൽ കവിത മുളാൻ
ഇറ്റിറ്റു വീഴും മഷിക്കറുപ്പിൽ
തെറ്റിത്തെറിച്ചതെൻ ജീവരക്തം
തീക്കനൽ നോവും നിലാവുമൊപ്പം 
തീരാത്ത സ്നേഹം വിളഞ്ഞമണ്ണും'  (സ്നേഹം നിറഞ്ഞ മണ്ണ്
പ്രണയിനി കാവ്യ ദേവതയായി പരിണമിക്കുമ്പോൾ 'നീ ' യിൽ ഉയിർ കൊള്ളുന്ന പ്രണയഭാവം കേവലമല്ല. 'വ്രണിതമാം ചിത്തത്തിലെ  അമരവാഴ്‌വാണത്.' കാലം കടക്കുന്ന അമരമായ കാവ്യവേഴ്ചയാണത്. അപ്പോഴാണ് 'നിന്‍റെ നാവിതളെന്‍റെ വാക്കിന് വെണ്മയേറ്റുന്നു' എന്നും നമ്മൾ കവിതയാകുന്നു എന്നും എഴുതുന്നത്. (നമ്മൾ കവിതയാകുന്നു)

കവിതയോടുള്ള ഗാഢപ്രണയം പ്രാർത്ഥനകളായി മാറുന്നുണ്ട്. മറ്റൊരർഥത്തിൽ, അതിശയകരമായ പ്രചോദനത്തിനുള്ള ക്ഷണമായും.
   പോരുക കരുത്തിൻ
   ജ്വലന സാന്നിദ്ധ്യമേ
   നിന്മിഴി മൊഴികൾ തൻ
   അഴകിൽ പൊലിക്കട്ടെ (മിഴിമൊഴികൾ)

കാവ്യശക്തിയും കാവ്യസൗന്ദര്യവും പ്രാർത്ഥിക്കുന്ന ഈ കവി തന്‍റെ കാവ്യ സങ്കല്പം 'പച്ച കുത്തുന്ന കവിതയുടെ പിറവിയിൽ ' ഇങ്ങനെ കുറിക്കുന്നു -
     'ഉള്ളുകൊണ്ടുയിരൊന്നു
     നീറ്റാതെയെങ്ങനെ
     ഉള്ളിലെക്കവിതയായ്
     നീ ചിരിക്കും' .

സിദ്ദിഖ് സുബൈറിന്‍റെ കാവ്യ വിചാരം അടയാളപ്പെടുത്തുന്ന കവിതയാണ് 'അഴിയാമഷി '. അഴിയുന്ന മഷി, അഴിയാത്ത മഷി -  ഈ ദ്വന്ദ്വങ്ങൾ ഈ കവിതയിലുണ്ട്. തെരഞ്ഞെടുക്കുന്ന എല്ലാം അഴിയാമഷി പുരണ്ട തീർപ്പുകളാണെന്ന് നമ്മൾ കരുതുന്നു. എന്നാൽ എല്ലാം ഒടുവിൽ അഴിഞ്ഞു മായുകതന്നെ ചെയ്യും .പക്ഷേ 'മഷിയാഴമഴിയില്ല'.  ഈ ആഴമാണ് ഈ കവിതകളുടെ കാതൽ. അത് വേദനയും നന്മയും സ്നേഹവും പ്രണയവുമാകാം. പക്ഷേ അഴിയില്ല. ഈ ബോധം കവിതകളിലാകെ ഉണ്ട്. അത് പുറംകാഴ്ച അല്ല, അകം കാഴ്ചയാണ്. അതുകൊണ്ടാണ് സിദ്ദിഖിന്‍റെ കവിതകളിൽ പരിഭവത്തിന്‍റെ, പരാതിയുടെ കെട്ടുകളഴിഞ്ഞു വീഴാത്തത്. അവഗണനയുടെ കൂരമ്പുകൾ പതിയുമ്പോഴും
    "ചോര തീരും നാൾവരെ   
    കുറിയ്ക്കാൻ
    വേറെ മഷി
    വേണ്ട പ്രിയേ ''  - (മഷി)   എന്നെഴുതുന്നത് .
പ്രളയത്തെ പ്രണയമായി കാണുന്നത്. (പ്രളയം) പണയത്തിലാണെങ്കിലും
(ജപ്തി) പ്രണയം പ്രാണനാവുന്നത്.
      പ്രക്ഷുബ്ധ വാഴ് വിന്‍റെ
      കോളൊടുങ്ങാക്കടൽ
      ചുഴികളുണ്ടടിയൊഴുക്കും   
      വഴുക്കും ശിലകളും" (ജീവിതം ) എന്ന് ജീവിതത്തെ തിരിച്ചറിയുന്നത്. എങ്കിലും ഉടലും മനസ്സും പതറാതെ   
       "ജീവനുള്ള നാളൊക്കെയും സത്കർമ്മ
      സാരപ്രതീക്ഷതൻ പൂവിരിക്കും'' (വാപ്പച്ചി ) എന്ന് ഹൃദയപൂർവ്വം പറയുമ്പോൾ, സിദ്ദിഖിന്‍റെ  കവിതകളിലെ പ്രണയത്തിന്‍റെ രാസമാറ്റം സാമൂഹിക മാനങ്ങൾ കൈവരിക്കുന്നു.
പ്രണയം ഒറ്റപ്പെട്ടവന്‍റെ നിലവിളി മാത്രമല്ല, നിലവിളിക്കുന്ന കാലത്തിന്‍റെ കയ്യൊപ്പ് കൂടിയാണ്.

B S Baiju :: പ്രണയമഷി പടരുന്ന പുസ്തകം
പ്രണയമഷി പടരുന്ന പുസ്തകം
(സിദ്ദീഖ് സുബൈറിന്‍റെ കവിതാസമാഹാരമായ 'അഴിയാമഷി'യിലൂടെ കടന്നു പോകുമ്പോൾ)

ഒന്നരപ്പതിറ്റാണ്ടിനപ്പുറമുള്ള ഒരു കാലത്താണ് ഞാൻ അധ്യാപകനായിരിക്കുന്ന വിദ്യാലയത്തിൽ അധ്യാപകനായി സിദ്ദീഖ് കടന്നു വരുന്നത്. ഒരു മേശക്കിരുവശങ്ങളിലിരുന്നാരംഭിച്ച പരിചയത്തിന് ഇന്ന് സുവർണ്ണ ദീപ്തമായ സൗഹൃദക്കരുത്തുണ്ട്. അക്കാലങ്ങളിൽ പാഠപുസ്തക ഉള്ളടക്കമോ അതിലെ സാഹിത്യമോ ഒന്നുമായിരുന്നില്ല ഞങ്ങളുടെ പ്രധാന ചർച്ച . നാടും നാട്ടുകാരും വീടും പ്രാരാബ്ധങ്ങളുമൊക്കെയായിരുന്നു വിഷയങ്ങൾ. അന്നുതൊട്ടിന്നേ വരെയുള്ള സിദ്ദീഖിന്‍റെ വഴിയിലെ മുള്ളും പൂവും എനിക്കറിയാൻ കഴിഞ്ഞിട്ടുണ്ട്. സൗഹൃദത്തിന്‍റെ വേരുകളാൽ മുറുകെ പിടിച്ചിട്ടുണ്ട്. അന്നൊക്കെ സിദ്ദീഖ് കവിത എഴുതിയിരുന്നോ എന്നെനിക്കറിയില്ല. പക്ഷേ ഇന്ന് സിദ്ദീഖ് യൗവന തീക്ഷ്ണതയോടെ കവിത രചിക്കുന്നു.ഹൃദയാവർജ്ജകമായി ചൊല്ലി അരങ്ങുണർത്തുന്നു. കവിതകളെ പുസ്തക രൂപത്തിൽ പ്രകാശിതമാക്കുന്നു.
   
സിദ്ദീഖ് സുബൈറിന്‍റെ ആദ്യ കവിതാസമാഹാരമായ 'അഴിയാമഷി'യിലൂടെ കടന്നു പോകുമ്പോൾ ആദ്യം ശ്രദ്ധയിൽ പെട്ടതും അദ്ദേഹത്തിന്‍റെ ഉള്ളെഴുത്തായി ഉടനീളം പ്രകാശിക്കുന്നതായി തോന്നിയതും പ്രണയവും സൗഹൃദവും അഴിയാസ്നേഹവുമൊക്കെ തന്നെയാണ്.

പ്രണയത്തേയും അതിന്‍റെ അവസ്ഥാന്തരങ്ങളേയും അലൗകികാനുഭൂതിയായി ആവിഷ്കരിച്ച അനവധി കാവ്യങ്ങൾ നമ്മുടെ കാവ്യചരിത്രത്തിലുണ്ട്. ആധുനിക കാലത്തെ അസ്തിത്വവ്യഥകളിൽ നിന്നുള്ള സ്വപ്നാത്മകമായ ഒരു അഭയമായി ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ കവിതകളിൽ പ്രണയാവസ്ഥകളും പ്രണയിനികളും കടന്നു വരുന്നത് വായിച്ചറിഞ്ഞിട്ടുണ്ട്. ഇഷ്ടം അനുഭവിച്ചിട്ടുണ്ട്. പ്രണയത്തിന്‍റെ വശ്യസുന്ദരമായ ഭാവനയിൽ വിരിഞ്ഞ 'സന്ദർശന'ത്തിൽ
ജനലിനപ്പുറം ജീവിതം പോലെയീ
പകൽ വെളിച്ചം പൊലിഞ്ഞു പോകുന്നതും
ചിറകു പൂട്ടുവാൻ കൂട്ടിലേക്കോർമ്മതൻ
കിളികളൊക്കെ പറന്നു പോവുന്നതും
ഒരു നിമിഷം മറന്നു പരസ്പരം
 മിഴികളിൽ നമ്മൾ നഷ്ടപ്പെടുന്നുവോ
മുറുകിയോ നെഞ്ചിടിപ്പിന്‍റെ താളവും
നിറയെ സംഗീതമുള്ള നിശ്വാസവും - എന്ന് കുറിക്കുന്നു. 
അരികിലാകുമ്പോഴും അപരിചിതത്വവും അകൽച്ചയും ബാധിച്ച് മൗനത്തിലേക്ക് പതിക്കുന്ന പ്രണയത്തെ കാഴ്ചകളിൽ പോലും പരസ്പരം നഷ്ടപ്പെട്ടു പോകുന്ന പ്രണയത്തെ ഇതിനേക്കാൾ രൂപലാവണ്യത്തോടെ എങ്ങനെ ആവിഷ്ക്കരിക്കും! ഇത്തരം ചില ഉദാഹരണങ്ങളിലൂടെ മാത്രം പരിമിതപ്പെടുത്തുവാനാകാത്ത തരത്തിൽ എത്രയെത്ര പ്രണയ സങ്കല്പങ്ങൾ നമ്മുടെ മുന്നിലുണ്ട്.
 
അഴിയാമഷിയിലെ ഭൂരിഭാഗം കവിതകളും പ്രണയമഷി നിറച്ച തൂലികയാൽ വിരചിതമായവയാണ് .പ്രണയത്തിൽ അന്തർലീനമായ വിരഹവും ദു:ഖവും കൂടിച്ചേരലും ആത്മഭാഷണങ്ങളുമെല്ലാമുൾപ്പെട്ട ജീവിത വിഹ്വലതകളെ പുതുമയോടെ പകർത്താൻ ആ കവിതകൾക്ക് കഴിയുന്നു. മണ്ണിലുറങ്ങുന്ന വിത്തിനെ ഉണർത്തി തളിർ വിടർത്താൻ മഴമേഘമെത്തിയ പോലെ കവിയിലെ കവിതയെ ഉണർത്തുന്നത് പ്രണയിനിയാണ്.

ജീവൻ തുടിക്കുന്ന നാദമായി ഉള്ളിൽ തുടിക്കാനും മഴ നീർതുള്ളികളായി പെയ്തിറങ്ങാനും കവിയക്ക് മുപ്പതാണ്ടുകൾ വേണ്ടി വന്നുവെന്ന ആത്മഗതം 'സ്നേഹം വിളഞ്ഞ മണ്ണ് ' എന്ന കവിതയിൽ കാണാം. നെഞ്ചകം കാഞ്ഞു കടഞ്ഞപ്പോൾ ഉറവെടുത്തത് അവളുടെ ഓർമ്മകളാണ്. കഴിഞ്ഞു പോയ കഠിന കാലങ്ങളിലെ കൊടുംതണുപ്പിലെ ചൂടാണവൾ. നൊമ്പരമഞ്ഞിനെ അലിയിച്ചു കളയുന്ന മഞ്ഞവെയിലാണ് അവൾ. ഇവിടെ പ്രണയിനിയും കവിതയും ഒന്നു തന്നെയാണ്. കവിത ഉറവെടുക്കാനും ഊർജ്ജമാകാനും പ്രണയിനിയും അവളുടെ പ്രണയവും കവിക്ക് ആവശ്യമാണ്.
എന്‍റെ നാവിതൾ നിന്‍റെ വാക്കിന് വെൺമയേറ്റുമ്പോൾ,
എങ്ങകലാൻ നൻമ നേരുകൾ നമ്മളാകുന്നു.
കവിയുടെ പ്രാണനും പ്രണയവും കാലവുമെല്ലാം പ്രണയിനിയായി മാറുന്നുവെന്നും കവിയും കാമിനിയും ഒന്നായി കവിതയായി മാറുന്നുവെന്നും "നമ്മൾ കവിതയാകുന്നു" എന്ന കവിതയിലൂടെ അടിവരയിട്ടുറപ്പിക്കുന്നു.
 
പ്രണയ ശൂന്യമായ കാലം നിഷ്ഠൂരതകളുടെ കോലമാണ് എന്ന് തിരിച്ചറിയുന്നത് ബഷീറിന്‍റെ കൃതികളിലൂടെ കടന്നുപോയ കാലം മുതൽക്കാണ്. എല്ലാ കാലങ്ങളുടേയും നിതാന്തമായ നില്‍പ് അതിന്‍റെ സൗവർണ്ണ സ്തംഭങ്ങളിലാണല്ലോ

കന്യകേ, നിന്‍റെ കണ്ണുകളിൽ നിന്നാണ് അറിവിന്‍റെ ആദ്യത്തെ കാരണം എന്‍റെ ഹൃദയത്തെ ചുംബിച്ചത്. തന്നെയുമല്ല നിന്‍റെ സാന്നിദ്ധ്യത്തിൽ മറ്റുള്ള മുഖങ്ങളെല്ലാം നിഷ്പ്രഭങ്ങളായി മാറുകയാണ്.
ആ പൂവ് നീ എന്ത് ചെയ്തു?
ഏത് പൂവ്?
രക്തനക്ഷത്രം പോലെ ചെമപ്പായ ആ പൂവ്.
ഓ! അതോ?
അതെ .അതെന്തു ചെയ്തു ?
തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്?
ചവിട്ടി അരച്ചു കളഞ്ഞോ എന്നറിയുവാൻ....
കളഞ്ഞെങ്കിലെന്ത് ?
ഓ!.... ഒന്നുമില്ല. എന്‍റെ ഹൃദയമായിരുന്നു അത്.

പ്രണയം, കവിത പോലെ സുന്ദര സുരഭിലമായി കോരിയെടുത്ത് അനുവാചകന്‍റെ കരളിലേക്കിട്ടു തന്ന മഹാ സാഹിത്യകാരൻ വൈയ്ക്കം മുഹമ്മദ് ബഷീറിന്‍റെ പ്രണയ വരികളിലൂടെ കടന്നുപോയ  പ്രീ - ഡിഗ്രി കാലം, അനുരാഗലോലമായ ഓർമകൾ മനസ്സിന്‍റെ മായാതരുവിൽ ഇന്നും തളിരിട്ടു നിൽക്കുന്നുണ്ട്.
   
പ്രണയം പ്രഹർഷേണയുള്ള ലയനമാണ്. പക്ഷേ, ജീവിതത്തിലെത്തുമ്പോൾ അതിൽ ആനന്ദം മാത്രമല്ല ലയിക്കുന്നത്. ദു:ഖവും കണ്ണീരും വിടവാങ്ങലും വിരഹവുമെല്ലാം അലിഞ്ഞു ചേരുന്നു. കവിത തുടുത്തും തുളുമ്പിയും നിൽക്കുമ്പോഴെല്ലാം കവിയ്ക്ക് അതിന് പ്രേരകമാകുന്നത് പ്രണയം തന്നെയാണ്. ആത്മാവിന്‍റെ ആനന്ദ പ്രയാണമാണ് പ്രണയം. പ്രണയിനികളിൽ മഴയും മഞ്ഞും വെയിലും നിലാവും വിരഹവും വേദനയും അനുസ്യൂതം പെയ്തിറങ്ങും പോലെ വിഭാത വിഭൂതിയും സായാഹ്ന സൗഭാഗ്യവും പൂത്തുലയും പോലെ ആസക്തിയുടേയും ആർദ്രതയുടേയും മാനസിക ഭാവങ്ങൾ മിന്നിമറയും പോലെ സിദ്ദിഖിന്‍റെ കവിതകളിലെല്ലാം പ്രണയം ശ്വാസതാളമാവുകയാണ്.

കൗമാരകാലം കവിതയ്ക്കും സാഹിത്യത്തിനും വഴികാട്ടുന്ന ഹ്രസ്വപ്രണയ ചാപല്യമല്ല ഈ കവിക്ക് കവിത. നെഞ്ചകം തകർക്കുന്ന മൂർച്ചയുള്ള ഓർമ്മയാണ് പ്രണയിനിയും പ്രണയവും. ജീവിതപ്രാരാബ്ധങ്ങളിലും ദാരിദ്ര്യദു:ഖങ്ങളിലും മറഞ്ഞിരുന്ന പ്രണയം, അതെല്ലാം ഒഴിഞ്ഞുപോയ കാലത്ത് വല്ലാത്ത നീറ്റലായി അനുഭവപ്പെടുന്നു. ആരും പാടാത്ത ഈണമായി സ്നേഹവീണയിലെ രാഗമാകാൻ പ്രണയിനിയും കവിയും ആഗ്രഹിക്കുന്നു. കൂരിരുട്ടിലെ മിന്നാമിനുങ്ങിൻ വെട്ടമാകാൻ അവർ ആഗ്രഹിക്കുന്നു.'നീറ്റിടും വേദന' എന്ന കവിത അങ്ങനെ രേഖപ്പെടുത്തുന്നു. പ്രണയം അഴിയാമഷിയായി പടരുമെന്ന് പ്രണയിനി ഓതിയത് വ്യർത്ഥമത്രേ. കാലമുരുളുമ്പോൾ അതെല്ലാം മാഞ്ഞു പോകുമെന്ന് കവി കരുതുന്നുവെങ്കിലും, പ്രണയത്തിന്‍റെ ആഴം കാലമെത്ര കഴിഞ്ഞാലും അഴിയില്ല എന്ന് 'അഴിയാമഷി'യിലും പെരുക്കം കയറുന്ന പ്രണയമായെന്നെയും മെരുക്കുവാൻ നിന്‍റെ സ്നേഹലവണമത്രേ എന്ന് 'ജീവിത'ത്തിലും മറുകര കാണാത്ത ആഴിപ്പരപ്പിൽ മറവേതുമില്ലാത്ത യാത്രയാണ് പ്രണയമെന്ന് 'പ്രണയയാത്ര'യിലും കടമിഴിഖനികളുടെ ആഴം ഊർജ്ജമായുൾക്കൊണ്ട് കലഹകാലങ്ങളിലും കവിയുടെ കരളകംവാണവളാണീ പ്രണയിനിയെന്ന് 'പ്രണയാനന്ദം ' എന്ന കവിതയിലും പ്രണയത്തെ വൈവിധ്യത്തോടെ ചാരുതയോടെ അടയാളപ്പെടുത്തുന്നു.

ചില അർദ്ധവിരാമങ്ങളും അർദ്ധോക്തികളും പ്രണയത്തെ സുന്ദരവും തീക്ഷ്ണവുമാക്കി കടന്നു പോകാറുണ്ട്.
"നമ്മുടെ പട്ടങ്ങൾ ഒരേ ഉയരത്തിൽ പറന്നു
കളിവള്ളങ്ങൾ ഒരേ വേഗത്തിൽ തുഴഞ്ഞു
കടലാസു കഥകൾ പറഞ്ഞു
നമ്മൾ വേഗം വളരുമെന്നും
വീടുവച്ച് വേളി കഴിക്കുമെന്നും .....
ഒഴുകിപ്പോയ പുഴയിൽ
കീറിപ്പോയ കടലാസുകൾ
ഇന്നും സാക്ഷികളാണല്ലോ..."
എ അയ്യപ്പന്‍റെ 'സുമംഗലി ' എന്ന കവിത ഭാവനാംബരത്തിലൂടെയുള്ള പ്രണയപര്യടനത്തിന്‍റെ രേഖപ്പെടുത്തലായി തോന്നിയ കവിതകളിൽ ഒന്നാണ്. പ്രണയം പലർക്കും പലതാണ്. ഒടുവിലെ പ്രളയജലത്തോളം ആലിലയിൽ അഭയമായി അവസാനിക്കുന്ന ഒത്തുചേരലാണ് പ്രണയം. ജീവിതമാകുന്ന കടലിൽ ദു:ഖങ്ങളുടെ തിരകളിലൂടെയുള്ള ഒരു യാത്രയാണ് പ്രണയം. എന്നാൽ സിദ്ദിഖ് എന്ന കവിക്ക് നിനയ്ക്കാതെ കുത്തൊഴുക്കായി ഹൃദയവാതിൽ ഭേദിച്ചു കൊണ്ട് ചക്രച്ചാൽ ആഴത്തിലാഴ്ത്തുന്ന പ്രളയമായി പ്രണയം മാറുന്നത് നവ്യമായ കാവ്യാനുഭവമാണ്.
' 'ഒരു പുല്ലാങ്കുഴലിന്‍റെ സുഷിരങ്ങളിൽ കൂടി /
യൊഴുകുന്നതോമനേ,യീ ഞാനല്ലോ' '
- എന്ന് മലയാളത്തിന്‍റെ മഹാഭാഗ്യമായ ഒ.എൻ.വി.കുറുപ്പിന്‍റെ വരികളിൽ കണ്ടപോലെ പ്രണയിക്കുന്നവരുടെ ഇന്ദ്രിയസംവേദനസൗഭാഗ്യങ്ങളൊക്കെ പരസ്പരം അവർ തന്നെയാണന്ന് തോന്നും.

പ്രണയത്തിന് മാസ്മരികതയും പ്രണയത്തിലുണ്ടാകുന്ന മനോദു:ഖങ്ങൾക്ക് ഊഷരതയുമുണ്ടായിരിക്കും. എങ്ങനെയായാലും പ്രണയം കവിഭാവനകൾക്ക് വ്യത്യസ്താനുഭവങ്ങളായിരിക്കും. എന്നാൽ സിദ്ദിഖിന് അത് കാലമായും വാക്കായും യാത്രയായും കടലായും കവിതയായുമൊക്കെ സുഭഗമായി പ്രവഹിക്കുന്നത് കാണാം. തന്‍റെ കവിതകളെ കവി വലിയ ദാർശനിക തലങ്ങളിലേക്കൊന്നും ഉയർത്തിക്കൊണ്ടു പോകാതെ, അലയാഴി പോലെ അകലങ്ങളിൽ അകന്നു നിൽക്കാതെ തിരമാല പോലെ അരികിലെത്തി തലോടുന്ന അനുഭവമാണ് നൽകുക.

പ്രണയ വഴികളിൽ നിന്നും ഉള്ളുലയുന്ന സ്നേഹസൗഹൃദങ്ങളായി പരിണമിക്കുന്ന കവിതകളും ഉൾപ്പെടുന്നുണ്ട്.ഉമ്മറത്തിണ്ണയിൽ ചാരുകസേരയിട്ട കാവലായ ജീവിതങ്ങൾക്ക് എന്നും ആശങ്കകളും അസംതൃപ്തികളുമാണുണ്ടാവുക. 'കാലടിപ്പാടുകൾ ' എന്ന കവിതയിൽ മക്കൾ കൈ പിടിക്കാനുണ്ടാകുമോ എന്ന് ആശങ്കപ്പെടുന്ന സ്നേഹഗോപുരങ്ങളായ വാർദ്ധക്യങ്ങളെയാണ് കാണാൻ കഴിയുക. വർത്തമാനകാലത്ത് അത് അധികരിക്കുന്നു എന്നത് സത്യവുമാണ്. എങ്കിലും ശുഭപ്രതീക്ഷ അവർ മനസ്സിൽ വയ്ക്കുന്നു. ആ പ്രതീക്ഷകൾക്കുള്ള മറുമൊഴിയാണ് കവിയുടെ 'വാപ്പച്ചി' എന്ന കവിത. ഒറ്റപ്പെടലെന്ന തോന്നൽ നീക്കി ആ ജീവിതത്തെ ചുറ്റിപ്പിടിക്കുമ്പോഴാണ് പിതാവ് പുത്രനെ അറിയുക.

' ഇല്ല വാപ്പച്ചിയെപ്പോലൊരാൾ ' - എന്ന് മനസ്സ് നിറയ്ക്കുമ്പോഴാണ് പിതൃപുത്രബന്ധം സാർത്ഥകമാവുക. സ്വന്തം നാമത്തോട് പിതൃനാമം കൂടി ചേർത്തുവയ്ക്കുന്നവർ ആ ജീവിതത്തെ കൂടി ഹൃദയത്തിലേക്ക് ചേർത്തണയ്ക്കണമെന്ന ഉദ്ബോധനത്തോടെയാണ് ഈ കവിത അവസാനിക്കുന്നത്.

ആധുനികകാലത്ത് ഗദ്യവും കവിതയും തമ്മിൽ  വിന്യസനപ്രക്രിയയിൽ വലിയ വ്യത്യാസമൊന്നും സംഭവിക്കുന്നില്ല. പക്ഷേ, കവിത ഉദിപ്പിക്കുന്നത് മികച്ച കലാതന്ത്രമാണ്. അനുഭൂതി സംവേദനക്ഷമമായ ശില്പരചനയാണല്ലോ കവിത. പ്രകടമായ താളമുള്ളവ മാത്രമല്ല ആന്തരികമായി താളമുദിപ്പിക്കുന്ന രചനകളും കവിതകളാണ്. മികച്ച താളബോധവും വാഗ്ശില്പചാരുതയും ഭാവനാ വൈചിത്ര്യവും സിദ്ദിഖ് സുബൈറിന്‍റെ 'അഴിയാമഷി' യിൽ ആവോളമുണ്ട്. ദുരന്തങ്ങളിലും ദുരിതങ്ങളിലും പെട്ട് പകച്ചുപോയ മലനാടിനെ നൻമയുടെ ഓണസ്മൃതിയുണർത്തി പ്രതീക്ഷാ നിർഭരമായ വഴിയിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന 'ഓണപ്പുലരിയിൽ' എന്ന കവിത, കവിവചനങ്ങളുടെ ദീർഘദർശിത്വമറിയാതെ പ്രകൃതിനാശം വരുത്തുവോരെ പരിഹസിക്കുന്ന 'കവിതയെ പ്രണയിച്ചതിന് ' എന്ന കവിത, സ്നേഹം വിളഞ്ഞ മണ്ണ്, മിഴിമൊഴികൾ, നീയാണെനിക്ക് പെണ്ണ്പീലി അങ്ങനെ ഈ സമാഹാരത്തിലെ ഒട്ടുമിക്ക കവിതകളും ആസ്വാദകഹൃദയങ്ങളെ ആനന്ദഭരിതമാക്കും എന്നതിൽ തർക്കമില്ല.

കവിതയെ വാക്കുകൊണ്ട് നൃത്തം ചെയ്യിക്കുവാൻ കവിക്ക് മാത്രമേ കഴിയൂ. കവിയെ സംബന്ധിച്ച് കവിത സ്വബോധമണ്ഡലത്തിനും അപ്പുറമുള്ള ഒന്നാണ്. അത് ആത്മസംവേദനത്താൽ സൃഷ്ടിക്കപ്പെടുന്നതും ആണ്. സിദ്ദീഖ് സുബൈറിന്‍റെ കാവ്യ ഭാവന, മനുഷ്യമനസ്സിന്‍റെ ഉള്ളറകളിലേക്കും ജീവിതത്തിന്‍റെ വിഹ്വലതകളിലേക്കും നോട്ടമെത്താത്ത വർത്തമാനകാല പരാധീനതകളിലേക്കുമെല്ലാം അപ്രതിരോധ്യമായി കടന്നു ചെല്ലട്ടെ . കാവ്യവീഥിയിൽ അചഞ്ചലമായ സാന്നിധ്യവും കരുത്തുമായി വാഴാനാകട്ടെ ...

സ്വച്ഛന്ദസുന്ദരകാവ്യായനത്തിൽ...
എന്‍റെ പ്രിയ അനുജന്,
ഹൃദയത്തിൽതൊട്ട നമസ്കാരം.
   
ബി.എസ് ബൈജു 
'ശ്രേയം', 
കാവുവിള, പോത്തൻകോട്.