K V Rajasekharan: രംഗനാഥ് മിശ്രയ്ക്കാകാം രഞ്ചൻ ഗൊഗോയ്ക്ക് പാടില്ലെന്നോ?

Views:
ലേഖനം: ജന്മഭൂമി മാർച്ച് 19, 2020

രംഗനാഥ് മിശ്രയ്ക്കാകാം രഞ്ചൻ ഗൊഗോയ്ക്ക് പാടില്ലെന്നോ?


കെ വി രാജശേഖരന്‍
+91 9497450866

കെ.വി രാജശേഖരൻ

 'മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങാ വീണാലുള്ള'  അവസ്ഥയിലാണിന്ന് സോണിയാ-വാദ്ര കോൺഗ്രസ്സിനോടൊപ്പം നിൽക്കുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ കൂട്ടായ്മ.   മുൻ ചീഫ് ജസ്റ്റീസ് രഞ്ചൻ ഗഗോയിയെ രാജ്യ സഭാ അംഗമായി രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തതാണിപ്പോൾ  അവർക്ക് സഹിക്കാനും പൊറുക്കാനും വയ്യാത്തതായത്. അങ്ങനെ നാമനിർദ്ദേശം ചെയ്യുവാൻ രാഷ്ട്രപതിക്ക് ഭരണാഘടനാനുസൃതമായ അധികാരമുണ്ടെന്നതിൽ അവർക്കു പോലും തർക്കമുണ്ടാകില്ല. മുൻ ചീഫ് ജസ്റ്റീസ് രംഗനാഥ് മിശ്ര ഉൾപ്പടെയുള്ളവരെ അങ്ങനെ രാജ്യസഭയിലേക്ക് ഉൾപ്പെടുത്തി അവർ തന്നെ കീഴ്വഴക്കവും സൃഷ്ടിച്ചിട്ടുണ്ട്.   1984ൽ രാജീവ് ഗാന്ധി ഭരണ കാലത്തു നടന്ന സിക്ക് കൂട്ടക്കൊലയെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണ കമ്മീഷനായിരുന്ന് കോൺഗ്രസ്സ് ആഗ്രഹിച്ച റിപ്പോർട്ട് നൽകിയ ശേഷമാണ് അദ്ദേഹത്തിന് രാജ്യസഭയിലിരിപ്പിടം നൽകിയതെന്നത് ചരിത്രം അറിയാവുന്നവർ മറന്നു പോയെന്ന് കരുതുകയും വേണ്ട.

അതിനൊക്കെ അപ്പുറം മറ്റൊന്നു  കൂടി ചിന്തിക്കണം.  ഭരണകൂടത്തിനും  നിയമനിർമ്മാണ സഭയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കും (എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ, ജുഡീഷ്യറി) കൃത്യമായ വ്യവസ്ഥാപിത അധികാരവും അവകാശവും ഉത്തരവാദിത്വവുമാണ് ഭരണഘടന നിഷ്കർഷിച്ചിച്ചിട്ടുള്ളത്.  അതിൽ നീതിന്യായവ്യവസ്ഥയുടെ ഏറ്റവും ഔന്നത്യത്തിൽ മുഖ്യ ന്യായാധിപനായി സേവനം പൂർത്തിയാക്കിയ ഒരു വ്യക്തിയെ നിയമനിർമ്മാണ സംവിധാനത്തിന്റെ ഭാഗമായ  ഒരു സഭയിലെ സാധാരണ അംഗമായി നാമനിർദ്ദേശം ചെയ്തതിൽ എന്താണിത്ര ചർച്ച ചെയ്യാൻ?  പ്രോട്ടക്കോളിൽ പോലും ചീഫ് ജസ്റ്റീസും സാധാരണ രാജ്യ സഭാ അംഗവും തമ്മിലുള്ള വ്യത്യാസം പരിഗണിച്ചിട്ടാകാമായിരുന്നൂ വിമർശനത്തിനുള്ള പടയൊരുക്കം.   
അതിലും എത്രയോ  പ്രധാനമാണ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമടക്കം രാഷ്ട്രീയ ബന്ധങ്ങളുടെയും മറ്റു പരിഗണനകളുടെയും പേരിൽ കടന്നു കൂടുന്നതിന് പലർക്കും ഇടകൊടുക്കുന്ന തരത്തിൽ സ്വാതന്ത്ര്യാനന്തര ഭാരത ഭരണകൂടം  നിലനിർത്തിപ്പോന്ന ന്യായാധിപനിയമനസംവിധാനം?   പൊതു സമൂഹത്തിന് സുതാര്യമല്ലാത്ത ആ നിയമന രീതിയിൽ കൂടി മുൻ കോൺഗ്രസ്സ് മുഖ്യമന്ത്രിയുടെ മകനും, പല രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളും സന്തത സഹചാരികളും  ബന്ധുക്കളുമൊക്കെ ന്യായാധിപരന്മാരായി കടന്നുകയറിയത് അവരുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലായിരുന്നോയെന്ന് അന്നൊക്കെ അധികാരത്തിലിരുന്നവർ സ്വയംപരിശോധിച്ചറിയുകയെങ്കിലും വേണം.  2004തിരഞ്ഞെടുപ്പു വേളയിൽ സോണിയാ ഗാന്ധിയുടെ സഹായിയായി ഇരുന്നവർ ഇന്ന് ഹൈക്കോടതി ജഡ്ജിയായിട്ടുണ്ട്, 19 57 ലെ കേരളമന്ത്രി സഭയിലെ അംഗം പിന്നീട് സുപ്രീം കോടതി  ജസ്റ്റിസ് വരെയായി.  കൂടാതെ ജഡ്ജിമാരുടെ അടുത്ത തലമുറകളിൽ പെട്ടവരും അവിടെ നിശ്ചയമായും ഇടം ലഭിക്കുന്ന വരേണ്യവർഗമാണെന്നതും സമൂഹം കണ്ടറിഞ്ഞ സത്യമാണ്.  ഇപ്പറഞ്ഞതിനർത്ഥം അങ്ങനെ വന്നവരാരും ആ പദവികൾക്ക് അർഹതയുള്ളവരായിരുന്നില്ലായെന്നല്ല.  അവരിലെ പലരും തങ്ങൾക്ക് ലഭിച്ച പദവിക്കനുസരിച്ച് വളർന്നുയെന്നതും തല കുനിച്ചു സമ്മതിക്കുന്നു.  പക്ഷേ ആ പദവികൾ പലരും വേണ്ടപ്പെട്ടവർക്കു വേണ്ടി വീതിച്ചെടുത്ത രീതി ജനാധിപത്യ സമൂഹത്തിന് സ്വീകാര്യമല്ലായെന്ന് തല ഉയർത്തി തന്നെ പറയുകയും ചെയ്യും.  സുതാര്യവും അർഹതയുള്ളവർക്കെല്ലാം അവസരം നൽകുന്നതും പ്രാഗത്ഭ്യത്തിനു മാത്രം പ്രധാന്യം നൽകുന്നതുമായ കുറ്റമറ്റ നിയമനരീതി നാളത്തെ ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥ അർഹിക്കുന്നുയെന്നതാണു  പ്രധാനമെന്നതാണ് പറഞ്ഞു വന്നത്.  വിരമിച്ച ഒരു ന്യായാധിപന് ഭരണഘടനയും കീഴ്വഴക്കങ്ങളും അനുവദിക്കുന്ന തരത്തിൽ രാജ്യ സഭയിൽ  ഒരു അംഗത്വം നൽകുന്നതിലും വളരെയധികം  ചർച്ച അർഹിക്കുന്ന വിഷയമാണ് നീതിന്യായ വ്യവസ്ഥയിലേക്കുള്ള നിയമനങ്ങൾ കുറ്റമറ്റതാക്കുന്നതാണെന്നതിൽ തർക്കമുണ്ടാകണ്ടതേയില്ല.  ആർക്കും പ്രത്യേക പരിഗണന ഇല്ലാതെ എല്ലാവർക്കും നീതി  ഉറപ്പാക്കുന്ന ഒരു സമൂഹമായി ഭാരതം വളരണമെങ്കിൽ ചർച്ചകൾ അങ്ങോട്ടു തിരിയുകയും ഇന്നലെകളിലെ തുടർന്നു പോന്ന തെറ്റുകൾ തിരുത്തുകയും വേണം.

ഇന്നലെ വരെ സുപ്രീം കോടതിയുൾപ്പടെയുള്ള നീതിന്യായവ്യവസ്ഥയേയും ഇലക്ഷൻ കമ്മീഷനുൾപ്പടെയുള്ള ഭരണഘടനാസംവിധാനങ്ങളെയും അടക്കിവാണവരായിരുന്നു  ഇന്ന് പ്രതിപക്ഷത്തിരിക്കുന്ന നെഹ്രു ഇന്ദിരാകുടുംബം.  അവയുടെ തലപ്പത്തുൾപ്പടെ വിവിധ തലങ്ങളിൽ കയറിക്കൂടണമെങ്കിൽ ആ കുടുംബത്തിന്റെ കൃപാകടാക്ഷം ഉറപ്പാക്കേണ്ടത് അനിവാര്യമായിരുന്നു.  അവരുടെ താത്പര്യം സംരക്ഷിക്കാൻ വേണ്ടി പലരേയും നിർണ്ണായക പദവികളിൽ കയറ്റിയിരുത്തി.  ഇഷ്ടപ്പെടാത്തവരെ ചവിട്ടിപ്പുറത്താക്കുകയും ചെയ്തു.     ഉദ്ദാഹരണങ്ങൾ നിരവധിയുണ്ട്.  മഹാത്മാ ഗാന്ധിയെ വധിച്ച കേസിൽ പ്രതിയായിരുന്ന ഗോഡ്സേ കൃത്യം നടന്ന കാലത്ത് അംഗമായിരുന്ന ഹിന്ദുമഹാസഭയുടെ അദ്ധ്യക്ഷൻ നിർമൽ ചാറ്റർജിയെ ഗാന്ധിവധം നടന്ന് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കൽക്കട്ടാ ഹൈക്കാടതി ജഡ്ജി ആയി നിയമിച്ചു.   അന്വേഷണവും വിചാരണയുമൊക്കെ നടക്കുമ്പോൾ അവയുടെ പരിധികൾക്കപ്പുറമുള്ള സുരക്ഷിതയിടത്ത് കുടിയിരുത്തി.   അദ്ഭുതകരമായ വേഗത്തിൽ വിചാരണയും നിയമനടപടികളും പൂർത്തിയാക്കിയതായി വരുത്തിത്തീർത്തു.  സുപ്രീം കോടതി അപ്പീലിനുപോലും അവസരം നൽകാതെ ഗോഡ്സയേ തൂക്കിലേറ്റി. അങ്ങനെ രാജ്യം നടുങ്ങിയ ആ ഹീനമായ കുറ്റകൃത്യത്തിന്റെ യഥാർത്ഥ ഗൂഢാലോചനയിലേക്കും പിന്നിൽ പ്രവർത്തിച്ചവരിലേക്കും ഭാവിയിൽ ഒരന്വേഷണവും എത്തിച്ചേരരുത് എന്ന് ഉറപ്പക്കുകയാണ് അന്നത്തെ ഭരണകൂടം ലക്ഷ്യം വെച്ചതെന്ന സംശയം ബാക്കിയായി.  ഗോഡ്സെ തൂക്കിലേറ്റപ്പെട്ടതിനുശേഷം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിൽതന്നെ നിർമൽ ചാറ്റർജി ഹൈക്കോടതി ജഡ്ജിപദവി രാജിവെച്ചുയെന്ന്  കൂടി അറിയുമ്പോളാണ് ആ പദവിയിലേക്കുള്ള നിയമനംതന്നെ സ്ഥാപിത താത്പര്യസംരക്ഷണത്തിനുള്ള വഴിയായി ദുരുപയോഗം ചെയ്യുകയായിരുന്നോയെന്ന് ചോദിക്കേണ്ടിവരുന്നത്.  ഭരണഘടനാ സ്ഥാപനങ്ങളിലേക്കുള്ള നിയമനം ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയായി കണക്കാക്കേണ്ട മറ്റൊരു സന്ദർഭമായിരുന്നൂ പദ്മജാനായിഡുവിനെ ജവഹർലാൽ നെഹ്രു  വെസ്റ്റ് ബംഗാൾ ഗവർണറായി നിയമിച്ചത്.  

ഇന്ദിരയുടെ ഇംഗിതത്തിനനുസരിച്ച് കോടതിവിധി തയാറാക്കാതെ ചെറുത്തു നിന്നതിനായിരുന്നു ജസ്റ്റീസ് ഹൻസ് രാജ് ഖന്നയെ ഒഴിവാക്കി ജൂനിയർ ജഡ്ജിയെ സുപ്രീം കോടതി ചീഫ് ജസ്റ്റീസായി നിയമിച്ചത്.  ജസ്റ്റീസ് ഖന്ന രാജിവെച്ചൊഴിയുകയും ചെയ്തു.  കമ്മിറ്റഡ് ജുഡീഷ്യറി എന്ന സങ്കൽപ്പത്തിലൂടെ തന്നോട് പ്രതിബദ്ധതയുള്ളവർക്കായി ഇന്ദിരാ ഗാന്ധി ന്യായാധിപന്മാരുടെ കസേരകൾ മാറ്റിവെച്ചു.  തുടർന്ന് കൊളീജിയം രീതിയിലൂടെ ന്യായാധിപനിയമനം ആ രംഗത്ത് കടന്നുകൂടിയവരുടെ പിൻഗാമികൾക്കായി സ്വാഭാവിക സംവരണത്തിന് ഇടംകൊടുക്കുകയും ചെയ്തു. അങ്ങനെ നെഹ്രു-ഇന്ദിരാ വംശതാത്പര്യം സംരക്ഷിക്കുന്നതിന് പ്രതിബദ്ധതയുള്ളവരുടെ ഒരു സംഘം നീതിന്യായസംവിധാനത്തിൽ എന്നും ഉറപ്പായി ഉണ്ടാകുന്ന അവസ്ഥ ഉറപ്പായി.

ജനാധിപത്യത്തിന്റെ കടയ്ക്ക് കത്തിവെച്ചുകൊണ്ട് നെഹ്രു-ഇന്ദിരാ വംശഭരണം ഭാരതത്തിൽ തുടർക്കഥയായപ്പോൾ അവരോടു ചേർന്ന് നിന്ന് തങ്ങളുടെ താത്പര്യം സംരക്ഷിക്കുവാൻ സാമ്പത്തികകുത്തകകളും സോവിയറ്റ് റഷ്യയുടെ കാലത്ത് അവരോടും പാക്കിസ്ഥാനോടും ചൈനയും പടിഞ്ഞാറൻ ശക്തികളോടും വിധേയത്വം പുലർത്തിപ്പോരുന്ന രാഷ്ട്രീയ ശക്തികളും തന്ത്രപൂർവ്വം നടത്തിയ ഇടപെടലുകൾ ഭരിക്കുന്നകുടുംബത്തിന് വേണ്ടതെല്ലാം വേണ്ടതിലധികം എത്തിക്കുന്ന അവസ്ഥയ്ക്കും ഇടവരുത്തി.  അവരോടോപ്പം അധോലോകം വരെ അണിചേർന്നു.   ഫലമോ സാധാരണപൗരന് കോടതിയിൽ നിന്ന് നീതി ലഭിക്കുന്നത് ഒട്ടകം സൂചിക്കുഴയിൽ കൂടി കടക്കുന്നതുപോലെ ദുഷ്കരമായപ്പോൾ സാമ്പത്തിക കുത്തകകൾക്കും കാശുള്ള കുറ്റവാളികൾക്കും കള്ളക്കടത്തുകാരനും കരിഞ്ചന്തക്കാരനും രാജ്യവിരുദ്ധശക്തികൾക്കും വരെ നീതിന്യായ വ്യവസ്ഥിതിയെ ഭയക്കേണ്ടാത്ത സാഹചര്യം വന്നുഭവിച്ചു.  തലമുറകൾ കാത്തിരുന്നാലും ഇല്ലാത്തവന് കോടതിവരാന്തകളിൽ പോലും ഇടം കിട്ടാത്തിടത്ത് ആദ്യം സൂചിപ്പിച്ച രാഷ്ട്രദ്രോഹികൾക്ക് ന്യായാധിപന്മാരുടെ വസതികൾപോലും ഏത് പാതിരാത്രിക്കും കയറി ചെല്ലാവുന്ന അഭയകേന്ദ്രങ്ങളായിമാറി.

2014ൽ ഭരണം നഷ്ടപ്പെട്ടതോടെ സോണിയാ കോൺഗ്രസ്സിന് പുതിയ വെല്ലുവിളികളുടെ മുമ്പിൽ പകച്ചു നിൽക്കേണ്ടിവന്നു.
ഇന്നലെവരെ കോടതികളേയും ഭരണഘടനാസ്ഥാപനങ്ങളെയും വരുതിയിൽ നിർത്തി അടക്കി വാണിരുന്നവർക്ക് അവയൊക്കെ അടിച്ചു തകർത്താലെ തങ്ങൾക്കു പിടിച്ചു നിൽക്കാൻ കഴിയൂയെന്ന അവസ്ഥയെത്തി.  കോടതികളിലും തിരഞ്ഞെടുപ്പുകമ്മീഷനുകളിലും പദവികളിലുള്ളവരെ വിരട്ടി സമ്മർദ്ദത്തിലാക്കുക, വെല്ലുവിളിച്ച് തങ്ങൾക്ക് അനുകൂലമായി, തങ്ങളുടെ ആജ്ഞാനുവർത്തികളായി, ഒതുക്കി നിർത്തുക, എന്നിവയായി അവരുടെ രണതന്ത്രത്തിന്റെ ഒരു വഴി.  തങ്ങളുടെ വഴിയേ വന്നില്ലെങ്കിൽ പെരുവഴിയിലിറക്കുമെന്നതായി മറുവഴി.  

അങ്ങനെയുള്ള ശ്രമങ്ങളുടെ ഭാഗമായി അന്നത്തെ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരേ പടയൊരുക്കിയവരിൽ ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയും ഉൾപ്പെട്ടിരുന്നതും മറക്കാൻ പാടില്ലാത്ത വസ്തുതയാണ്.  അന്ന് സുപ്രീം കോടതി കൊളീജിയത്തിലെ നാല് ആദരണീയ ന്യായാധിപന്മാർ നടത്തിയ പത്രസമ്മേളനം ഇൻഡ്യൻ ജുഡീഷ്യറിയുടെ ചരിത്രം കണ്ട കറുത്ത സംഭവമായി ബാക്കി  നിൽക്കുന്നു 

ഒരു പഴയ കോൺഗ്രസ്സ് മുഖ്യമന്ത്രിയുടെ മകനും പഴയ ഒരു തെലുഗുദേശം സഹയാത്രികനും പഴയ ഒരു കേരളാ കോൺഗ്രസ്സുകാരനും ഉൾപ്പെട്ടവർ നടത്തിയ ആ അസാധാരണ നടപടിക്കടുത്തുതന്നെ കമ്യൂണിസ്റ്റ് നേതാവും ടുക്ക്ഡേ ടുക്ക്ഡേ ഗാംഗിൽ സജീവസാന്നിദ്ധ്യമായിരുന്ന ഒരു യുവതിയുടെ പിതാവുമായ ഡി രാജ  ജസ്റ്റീസ് ചെലമേശ്വറിനെ നേരിൽ കാണുകയുണ്ടായിയെന്നതും ഗൂഢാലോചനയുടെ പിന്നിൽ നിന്നു ശക്തികളെ പുറത്തു കൊണ്ടുവന്നു. 
ആ ഇടപെടലിനുശേഷവും പത്രമ്മേളനത്തിൽ പങ്കെടുത്ത ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയെ തന്നെ മുഖ്യ ന്യായാധിപനാക്കുവാൻ ഒരു മടിയും കൂടാതെ വഴിയൊരുക്കിയ നരേന്ദ്ര മോദി കക്ഷിരാഷ്ട്രീയത്തിനപ്പുറം വളർന്ന് യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞനായിക്കഴിഞ്ഞതിന്റെ ലക്ഷണം കുറിക്കുകയായിരുന്നു.  ഈ ലേഖനത്തിലാദ്യം തന്നെ സൂചിപ്പിച്ചിട്ടുള്ളതുപോലെ തനിക്കിഷ്ടമില്ലാതിരുന്ന ജസ്റ്റീസ് ഹൻസ് രാജ് ഖന്നയുടെ സീനിയോരിട്ടി അവഗണിച്ച് ജൂണിയറിനെ ചീഫ് ജസ്റ്റീസാക്കി ഇന്ദിരാ ഗാന്ധി തുടങ്ങിവെച്ച കീഴ്വഴക്കം മോദി സ്വീകരിച്ചില്ലായെന്നത് കണക്കിലെടുക്കുമ്പോഴാണ് മോദി ഏത് തലത്തിലുള്ള ഒരു രാഷ്ട്രനായകനാണെന്നത് തിളങ്ങി നിൽക്കുന്നത്.

അങ്ങനെ മുഖ്യ ന്യായാധിപ പദവിയിലേക്കുയർത്തപ്പെട്ട ആദരണീയനായ ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് ഭാരതീയ നീതിന്യായ വ്യവസ്ഥയുടെ ശകതിയും ശുദ്ധിയും ഉറപ്പാക്കുവാനുള്ള ശക്തമായ ഇടപെടലുകൾ എടുത്തുകൊണ്ട് മുന്നോട്ടു പോകുന്നതാണ് പൊതുസമൂഹം കണ്ടത്.   സുപ്രീം കോടതിയിലെ നീതിനടത്തിപ്പിൽ സ്ഥാപിത താത്പര്യത്തിനായി ഇടപെടുന്നവരെ നിലയ്ക്കു നിർത്തുവാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് എടുത്ത നടപടികളും ഭാരതം കണ്ടറിയുകയും ചെയ്തു. അദ്ദേഹം രാജ്യ സഭയിലെത്തുന്നത് നരേന്ദ്രമോദി ഭരണത്തിൽ നിന്ന് ഭാരതം പ്രതീക്ഷിക്കുന്ന  ഗൗരവമേറിയ നിയമനിർമ്മാണ നടപടികളിൽ സകാരത്മകമായ ഇടപെടലുകൾക്കിടം നൽകുമെന്നതാണ് ജനാധിപത്യ ഭാരതം  പ്രതീക്ഷിക്കുന്നത്.

---K V Rajasekharan
(ലേഖകൻ ഭാരതീയ വിചാര കേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്
9497450866)



No comments: