K V Rajasekharan :: മോദി: വഴിതെറ്റിയ മാധ്യമങ്ങൾക്ക് വളരെ ഉയരെ !

Views:


മോദി: വഴിതെറ്റിയ മാധ്യമങ്ങൾക്ക് വളരെ ഉയരെ !

കെ വി രാജശേഖരന്‍
+91 9497450866

വളച്ചു. പക്ഷേ ഒടിച്ചില്ല. വളയ്ക്കാൻ പിടിച്ച പിടി മുറുകും മുമ്പേ അയയ്ക്കുകയും ചെയ്തു.  
വിഷം നിറഞ്ഞ ഫലം വീഴ്ത്തി നാലു ചുറ്റും ഉണക്കുന്ന മരങ്ങളാണ് രണ്ടും എന്നുള്ളതുകൊണ്ടാണ് അവ വേരോടെ പിഴുതു മാറ്റണമെന്ന് ആഗ്രഹിച്ചവർ വളയ്ക്കാൻ  പിടിച്ച പിടി കണ്ടതോടെ ആഹ്ളാദത്തിന്‍റെ ആരവം മുഴക്കാൻ തുടങ്ങിയത്. 
നാല്പത്തെട്ടു മണിക്കൂർ എങ്കിൽ നാല്പത്തെട്ടു മണീക്കുർ മലയാള ദൃശ്യ മാദ്ധ്യമരംഗത്ത് ഹിന്ദുവിരുദ്ധ വർഗീയതയുടെയും ദേശവിരുദ്ധ  രാഷ്ട്രീയത്തിന്‍റെയും വികൃതമുഖവും വിധ്വംസക ശബ്ദവും കാണാതിരിക്കുവാനും കേൾക്കാതിരിക്കുവാനും ഇടവരുന്നത് പ്രതീക്ഷയ്ക്ക് വക നൽകുമെന്ന് ജനാധിപത്യത്തിലും സർവ്വമതസമന്വയത്തിലും അടിയുറച്ച വിശ്വാസമുള്ള ഭാരതീയ ജനസമൂഹത്തിലെ കേരളഭാഗം കരുതി ആശ്വസിച്ചത് സ്വാഭാവികമാണ്.  
ഭൂരിപക്ഷത്തിന്‍റെ വികാരങ്ങളെ കരുതിക്കൂട്ടി വ്രണപ്പെടുത്തുന്നതും ഹിന്ദുവിനെ പാർശ്വവത്കരിക്കുന്നതും അരികുവത്കരിക്കുന്നതും ഇനിയും ഞങ്ങൾ പൊറുക്കില്ലായെന്ന് നിശ്ചയിച്ചു കഴിഞ്ഞവരുടെ പിഴവില്ലാത്ത പ്രതികരണമാണവിടെ കണ്ടത്. 
അതുകൊണ്ടുതന്നെയാണ് അപ്രതീക്ഷിതമായി പിടി അയച്ചത് ദേശീയതയുടെ പക്ഷത്ത് സ്വയം സമർപ്പിച്ച ധർമ്മഭടന്മാരുടെയും നിഷ്കളങ്ക ബഹുജനഭൂരിപക്ഷത്തിന്‍റെയും മനം ചൊടിപ്പിച്ചതും. 
വഴിതെറ്റിയവരും സ്വയം വിറ്റവരുമായ മാധ്യമ ഗുണ്ടകൾക്കെതിരെയുള്ള പൊതുവികാരം ജനകീയഭരണകൂടത്തിന്‍റെ ഇടപെടലുകളിലൂടെ വായിച്ചെടുത്തപ്പോൾ പൊതുജനം  ആവേശഭരിതരായി. 
  • പക്ഷേ വികാരത്തിനും അപ്പുറം വിചാരത്തിന് വിലകൊടുക്കുന്നതുകൊണ്ടാകാം പ്രധാനമന്ത്രി നരേന്ദ്രമോദി, സർക്കാർ ഉദ്യോഗസ്ഥ തലത്തിലെടുത്ത തീരുമാനം ഉചിതവും നീതിയുക്തവും ദേശഹിതത്തിനതകുന്നതും ആണെന്ന് ബോധ്യം ഉണ്ടായിട്ടും, ഏഷ്യാനെറ്റിനോടും മീഡിയം വണ്ണിനോടും വിട്ടുവീഴ്ചയുടെ സമീപനം സ്വീകരിച്ചത്.
  • അവിടെ പ്രകടമായത് നരേന്ദ്രമോദിയെന്ന രാഷ്ട്രനേതാവിന് സ്വന്തം ജനങ്ങളെ കൂടെ കൂട്ടി, ഭാരതവികസനത്തിന്‍റെ വഴിമുടക്കുവാൻ പാക്കിസ്ഥാന്‍റെയും ചൈനയുടെയും പടിഞ്ഞാറൻ ശക്തികളുടെയും അച്ചാരം വാങ്ങി പണിയെടുക്കുന്ന രാജ്യത്തിനുള്ളിലുള്ള മാധ്യമരംഗത്തുൾപ്പടെയുള്ള ചാരന്മാരെ നിലയ്ക്കു നിർത്തുവാനും വേണ്ടി വന്നാൽ ജനാധിപത്യ രീതിയിലൂടെ പൊരുതിയൊതുക്കുവാനും കഴിയുമെന്നുള്ള ആത്മവിശ്വാസമാണ്.  
ഈ ആത്മവിശ്വാസത്തിന്‍റെ ഏറ്റവും പ്രധാന കാരണം തന്‍റെ ജീവിതം തന്നെ രാഷ്ട്രത്തിനുവേണ്ടി സമർപ്പിച്ചതാണെന്നുള്ളതാണ്. 

ആ ആത്മവിശ്വാസത്തിന്‍റെ ശക്തിയിലാണ് ഗോധ്രയിൽ ട്രെയിൻ ബോഗികളിലിട്ട് രാമഭക്തരെ ചുട്ടുകൊന്നതിനു പിന്നാലെ 2002ൽ ഗുജറാത്തിൽ രണ്ടു സമൂഹങ്ങളിൽ പെട്ടവർ പൊരുതിവീണപ്പോൾ രാജധർമ്മം പാലിച്ചുകൊണ്ട് സ്ഥിതിഗതികൾ ഏറ്റവും വേഗത്തിൽ നിയന്ത്രണത്തിൽ കൊണ്ടുവന്നിട്ടും കപടമാധ്യമങ്ങൾ നടത്തിയ കടന്നാക്രമണങ്ങളെ ചെറുക്കുവാൻ നരേന്ദ്ര മോദിക്ക് കഴിഞ്ഞത്.
ചില മാധ്യമ സ്ഥാപനങ്ങൾ ദേശവിരുദ്ധ, ഹിന്ദുവിരുദ്ധ, സംഘവിരുദ്ധ, മോദിവിരുദ്ധ കൂട്ടായ്മയുടെ കൂലിപ്പടയായി മാറിയപ്പോൾ ജനങ്ങളുമായി നേരിട്ടു സംവദിച്ചും  വികസന രാഷ്ട്രീയത്തിന്‍റെ സമാന്തര പാത വെട്ടിത്തുറന്നും എല്ലാവരോടുമൊപ്പം ചേർന്ന് എല്ലാവർക്കും വേണ്ടി എല്ലാവരുടെയും വിശ്വാസങ്ങളെയും അംഗീകരിച്ച് ഭാരതീയ ദേശീയതയുടെ മുഖ്യധാരയക്ക് പുതിയ മുഖവും പുത്തനുണർവും നൽകുവാൻ കഴിഞ്ഞ മോദിക്ക് അഞ്ഞൂറോളം ദൃശ്യമാദ്ധ്യമ വാർത്താ ചാനലുകൾ പ്രവർത്തിക്കുന്ന ഭാരത്തിലെ രണ്ടു മലയാള ചാനലുകളുടെയും വെല്ലുവിളികളെ അതിജീവിച്ച്  ശരിയുടേതായ തന്നെ വഴിയിലൂടെ ബഹുദൂരം അതിവേഗം മുന്നോട്ട് പോകാൻ കഴിയുമെന്നതിൽ ശത്രുക്കള്‍ക്കു പോലും സംശയമുണ്ടാകില്ല. 
  • തെരുവു പട്ടികൾ കുരച്ചുകൊണ്ടു പുറകെ വന്നാൽ സ്വന്തം ലക്ഷ്യം മറന്ന് ആരെങ്കിലും വണ്ടി നിർത്തി വഴിയിലിറങ്ങി കല്ലെറിഞ്ഞ് അവയെ ഓടിക്കുവാൻ സമയം കളയുമോ? 
  • അയൽപക്കത്തെ ശത്രുക്കൾ എറിഞ്ഞു കൊടുത്ത എല്ലിൻ കഷണങ്ങൾ നക്കിയിട്ട് നമ്മുടെ ഗെയിറ്റിനുമുമ്പിൽ വന്നു മോങ്ങാനിരിക്കുന്ന നായ്ക്കളുടെ തലയിലേക്ക് എറിഞ്ഞ് ആരെങ്കിലും തേങ്ങാ നഷ്ടപ്പെടുത്തുവാൻ തയ്യാറാകുമോ?  
  • അനുജന്മാരോ ചെറിയ കുട്ടികളോ അങ്ങനെ എറിയാൻ തുടങ്ങിയാൽ പോലും ഓങ്ങി ഭയപ്പെടുത്തി ഓടിച്ചാൽ മതി, എറിഞ്ഞ് തലപൊളിക്കയും മറ്റും വേണ്ട, തേങ്ങാ നഷ്ടപ്പെടുത്തുകയും വേണ്ട എന്നൊരു നിലപാടെടുക്കുന്ന ഗൃഹനാഥന്‍ തന്‍റെ പക്വതയല്ലേ പ്രകടിപ്പിക്കുന്നത്?
ഇവിടെ ഇപ്പോൾ എന്താണ് ചർച്ച ചെയ്യപ്പെടേണ്ടത്?  

യാതൊരു സംശയവുമില്ല; ഏഷ്യാനെറ്റും മീഡിയാ വണ്ണും അരുതാത്തത് ചെയ്തപ്പോൾ പ്രസാരണ മുടക്കത്തിനിടവരുത്തിയ ഭരണകൂട ഇടപെലിനും ആ ഇടപെടൽ  ശ്രദ്ധയിൽ പെട്ടപ്പോൾ തത്കാലം ക്ഷമിക്കുവാൻ നിർദ്ദേശം നൽകിയ പ്രധാനമന്ത്രിയുടെ സമീപനത്തിനുമപ്പുറം ആ രണ്ടു വാർത്താ ചാനലുകളും നടത്തിയ  നേരും നെറിയും കെട്ട മാധ്യമ അപഥസഞ്ചാരം തന്നെയാണ് ചർച്ചയ്ക്ക് വിഷയമാകേണ്ടത്. 
  • പൗരത്വ നിയമ ഭേദഗതി മൂലം ഒരവകാശവും നഷ്ടപ്പെടുവാനില്ലാത്ത സമൂഹത്തെ കള്ളം പ്രചരിപ്പിച്ച് ഭീതിയിലാഴ്ത്തി നാട്ടിൽ ചിലയിടങ്ങളിൽ വർഗീയതയുടെ വെടിമരുന്നു ശാലയ്ക്ക് തീ കൊളുത്തുവാൻ ഈ ചാനലുകളുടെ രക്ഷാകർത്താക്കൾ തെരുവിലിറങ്ങി. 
  • കമ്യൂണിസ്റ്റു-കോൺഗ്രസ്സ്-ജിഹാദി കൂട്ടുകെട്ടിന്‍റെ സ്വാധീനമുള്ള ഒന്നു രണ്ട് സർവ്വകലാശാലകളിലും മറ്റും അക്രമം അഴിച്ചു വിട്ടു.  
  • പൊതുജനഭൂരിപക്ഷം അവരോടു മുഖം തിരിച്ചു നിൽക്കുകയും ഭരണകൂടം പക്വതയോടെ കലാപകാരികൾക്ക് കടിഞ്ഞാണിടുകയും ചെയ്തപ്പോൾ ഷാഹിൻബാഗിലെ 'ബിരിയാണി' സമരം! 
  • അതും പോളിയുമെന്നായപ്പോൾ അമേരിക്കൻ പ്രസിഡണ്ട് ഇൻഡ്യ സന്ദർശിക്കുന്ന വേളയിൽ ഭാരതത്തിൽ കലാപാന്തരീക്ഷം സൃഷ്ടിച്ച് ലോകശ്രദ്ധ പിടിക്കുവാൻ നടത്തിയ ശ്രമമാണ് വടക്ക് കിഴക്കൻ ദില്ലിയിൽ ഹിന്ദുസമൂഹത്തിനു  നേരെയുള്ള കടന്നാക്രമണത്തിലൂടെ ജിഹാദികൾ നടത്തിയത്. 
സ്വാഭാവികമായും ലക്ഷ്യമാക്കപ്പെട്ട ഇരകളും ആത്മരക്ഷയ്ക്ക് ചെറുത്തുനിൽപ്പിനു തയാറായിട്ടുണ്ടാകണം. രണ്ടു ഭാഗത്തും ജീവനും സ്വത്തും നഷ്ടപ്പെടുത്തി. വേദനാജനകമായ അനുഭവങ്ങൾക്ക് സമാജം സാക്ഷിയാകേണ്ടിയും വന്നു. 

യുവ ഇൻറലിജൻസ് ഉദ്യോഗസ്ഥനായിരുന്ന അങ്കിത് ശർമ്മയെ ആം ആദ്മി പാർട്ടി നേതാവിന്‍റെ വസതിയിലിട്ട് നാനൂറോളം. മുറിവുകൾ ഏൽപ്പിച്ചു കൊന്നുതള്ളി. ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലുൾപ്പടെ നിരവധിപേർക്ക് കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടു. അനവധിപേർക്കും സ്വന്തമായിട്ടുള്ളതൊക്കെ നഷ്ടപ്പെട്ടു.  
അങ്ങനെയൊരു പശ്ചാത്തലത്തിലും ഭരണകൂടം കഴിയുന്നത്ര സംയമനം കാട്ടുകയും ചുരുങ്ങിയ സമയം കൊണ്ടു തന്നെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുകയും ചെയ്തു.
ജിഹാദികൾ ഭാരതത്തെ കഷണങ്ങളാക്കാനുള്ള അവരുടെ അജണ്ടയുമായി മുന്നോട്ടു പോയപ്പോൾ പുറംപിന്തുണയുമായി നഗര/കാടൻ നക്സലുകളും ഇടതു-വലത് കമ്യൂണിസ്റ്റുകളും കപടബുദ്ധിജീവികളും സ്വയം വിറ്റ മാധ്യമപ്രവർത്തകരും  അവരുടെ കൂടെയുണ്ടാകുകയും ചെയ്തു. 

കള്ള വാർത്തകളും ഉണ്ടാക്കിയെടുത്ത ദൃശ്യങ്ങളും നിരന്തരം പ്രക്ഷേപണം ചെയ്ത് എല്ലാ സന്ദർഭങ്ങളിലും ആക്രമണകാരികൾ ഹിന്ദുക്കളും ഇരകൾ മുസ്ലീങ്ങളുമാണെന്ന കള്ളം പ്രചരിച്ചിച്ച് കുപ്രസിദ്ധി നിലനിർത്തിയ രണ്ടു ദൃശ്യമാധ്യമങ്ങളാണ് ഏഷ്യാനെറ്റും  മീഡിയാ വണ്ണും. അത് രേഖപ്പെടുത്തുമ്പോൾ അതേ ദുഷ്പ്രവർത്തിയിൽ അവരോടൊപ്പമോ അവരിലധികമോ ആവേശത്തോടെയിടപെട്ട മാതൃഭൂമി, മനോരമ, കൈരളി, ജയ് ഹിന്ദ് ചാനലുകളെ ഒഴിവാക്കുന്നത് ശരിയല്ലെന്നതും വ്യക്തമാണ്. പക്ഷേ അതിനൊക്കെ അപ്പുറം ഈ വക ചാനലുകൾ മത്സരബുദ്ധ്യാ തുടർന്നു പോരുന്ന സത്യത്തോടും മാധ്യമധർമ്മത്തോടുമുള്ള 'അലർജി' മലയാള മാധ്യമങ്ങളുടെ വിശ്വസനീയത ഇല്ലാതാക്കിയെന്നത് ശ്രദ്ധേയമായ  വസ്തുതയുമാണ്.
ഇവർക്കൊക്കെ ഒരു പക്ഷേ അറിയാൻ കഴിഞ്ഞിട്ടുള്ളതിലും അപ്പുറമുള്ള ഒരു തലത്തിലാണ് മലയാളി ചിന്തിക്കുന്നതെന്നതാണ് മറ്റൊരു കാര്യം.  
അമ്പതോ അറുപതോ വർഷങ്ങൾക്കു മുമ്പു പോലും തങ്ങൾ വീട്ടിൽ വരുത്തുന്ന പത്രത്തിന് ജാതി-മത-രാഷ്ട്രീയ താത്പര്ങ്ങൾ ഉണ്ടെന്നത് ഉൾക്കൊണ്ടുകൊണ്ട്  വായനശാലകളിലും, ബാർബർഷാപ്പുകളിലും, ചായക്കടകളിലും കള്ളുഷാപ്പുകളിലുമൊക്കെ ചെന്നിട്ടാണെങ്കിൽ പോലും മറ്റു പത്രങ്ങളും വായിച്ച് താരതമ്യം ചെയ്ത് നേരറിയുവാൻ ശ്രമിച്ചു പോന്നിട്ടുള്ള ഒരു പൊതു സമൂഹമാണ് ഇവിടെയുള്ളതെന്നത് പുതിയ കാലത്ത് കണ്ണടച്ചിരുന്ന് പാലുകുടിക്കുന്ന മാധ്യമ പൂച്ചകൾ മനസ്സിലാക്കുന്നത് നന്നായിരിക്കും.  

മാത്രമല്ല, സാമ്പത്തിക നേട്ടത്തിനുവേണ്ടി ചായാനും ചെരിയാനും തയാറാകുന്ന പത്രം ഉടമകളെയും സ്ഥാപിത താത്പര്യക്കാരുടെ സൗഹൃദത്തണലിൽ കഴിഞ്ഞ പത്രപ്രവർത്തക 'കുലപതികളെയും' തിരിച്ചറിഞ്ഞ പൊതുസമൂഹം അവർ നൽകുന്ന വാർത്തകളാലും വിശകലനങ്ങളാലും സ്വാധീനിക്കപ്പെടുവാൻ അനുവദിക്കാതെ സ്വതന്ത്ര തീരുമാനങ്ങളെടുക്കുന്ന വ്യക്തികളെയും സമൂഹങ്ങളെയും കേരളം പലപ്പോഴും കണ്ടൂകഴിഞ്ഞു.
  • അങ്ങനെയല്ലെങ്കിൽ മാധ്യമങ്ങൾ എന്നും വളഞ്ഞിട്ടാക്രമിച്ചിട്ടുള്ള കെ കരുണാകരൻ ഇടവേളകൾ കഴിഞ്ഞാണെങ്കിലും കേരളത്തിൽ പലപ്പോഴും എങ്ങനെ മുഖ്യമന്ത്രിയായി? 
  • അവരുടെ പ്രിയങ്കരരായ ഈഎംഎസ്സും നായനാരും അച്ചുതാനന്ദനും ആന്റണിയും സുധീരനുമൊക്കെ പലപ്പോഴും തിരസ്കരിക്കപ്പെട്ടതെന്തുകൊണ്ട്?  
  • കലാ-സാഹിത്യ-ബുദ്ധിജീവി-മാധ്യമരംഗങ്ങളിലെ സ്വാധീനം കണക്കിലെടുത്താൽ 1957 നു ശേഷം നടന്ന ഒരു തിരഞ്ഞെടുപ്പിലും ഇടതുപക്ഷം കേരളത്തിൽ പരാജയപ്പെടാൻ പാടില്ലായിരുന്നുയെന്ന അവസ്ഥയുണ്ടായിരുന്നിട്ടും കമ്യണിസ്റ്റു പാർട്ടികളുടെ വളർച്ച താഴോട്ടാണായതെന്നു മാത്രം മനസ്സിലാക്കിയാൽ ഇന്ന് ദൃശ്യമാധ്യമങ്ങളിലുള്ളവർക്കും അവരുടെ സ്വാധീനത്തിന്‍റെ പരിമിതി ബോദ്ധ്യപ്പെടും. 
ഭാരതീയ ജനതാ പാർട്ടി തിരഞ്ഞെടുപ്പിൽ ജയിച്ചുവെന്നു കേട്ടാൽ ജനാധിപത്യത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നു വിലപിക്കുന്ന ഷാനിമാരും ചർച്ചയിലേക്കു ക്ഷണിച്ചുവരുത്തിയ അതിഥിയൊട് അഹങ്കാരം കാട്ടിയിട്ട് മാപ്പു പറയേണ്ടിവരുന്ന വേണുമാരും ഭാരതത്തിലെ ജനബഹുഭൂരിപക്ഷത്തിന്‍റെ ജനാധിപത്യ സങ്കല്പങ്ങളെയും ബോദ്ധ്യങ്ങളെയും അധിക്ഷേപിക്കുകയും വളച്ചൊടിക്കയും ചെയ്യുന്നത് തുടരുന്നത് അവർ പ്രതിനിധാനം ചെയ്യുന്ന മാധ്യമയിടങ്ങളുടെ വിശ്വസനീയത വീണ്ടും ഇല്ലാതാക്കിയെന്ന തിരിച്ചറിവ് അവർക്കുണ്ടാകണം. ചർച്ചകളുടെ അവതാരകരോടോ മാധ്യമ മേഖലയിലുള്ളവരോടോ നിഷ്പക്ഷത പോലും ആരും ആവശ്യപ്പെടില്ല.   

ഹിന്ദു ജനവിഭാഗം ഉൾപ്പടെയുള്ള ദേശീയപക്ഷത്തിന് ഭാരതത്തിലുള്ള ഇടം ഉൾക്കൊള്ളാനുള്ള മാന്യത മാധ്യമധർമ്മത്തിന്‍റെ ഭാഗമാണെന്ന് അവർ പഠിച്ചെടുക്കണമെന്നു മാത്രം.
വഴിതെറ്റിയ രണ്ടു ചാനലുകളെയും സമൂഹം ഇടപെട്ട് നേർവഴി കാട്ടേണ്ട സന്ദർഭത്തിലാണ് രമേശ് ചെന്നിത്തലയും പിണറായി വിജയനും അവരോട് കൂറു പ്രഖ്യാപിച്ചത്.  
ഇന്ദിരയുടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ കേരളത്തിൽ ആന്‍റണിയും കൂട്ടരും വിമത ശബ്ദമുയർത്തി. ബഹുഭൂരിപക്ഷം യുവജനങ്ങളും വിദ്യാർത്ഥികളും ആന്‍റണി പക്ഷത്തായിരുന്നപ്പോൾ ഇന്ദിരയ്ക്കും അടിയന്തിരാവസ്ഥയ്ക്കും കുടപിടിച്ച കരുണാകരന്‍റെ
ആശ്രിതനായിയാണ് രമേശ്,  തിരുവഞ്ചൂരിനും കെ സി ജോസഫിനും ജി രാമൻ നായർക്കുമൊക്കെ മുകളിൽ, നേതാവാകുന്നതിനുള്ള വഴി കണ്ടെത്തിയത്.  മാധ്യമങ്ങളെ ഞെക്കിക്കൊന്ന അടിയന്തിരാവസ്ഥയുടെ രാഷ്ട്രീയ സൃഷ്ടിയായ ചെന്നിത്തല മാധ്യമ സ്വാതന്ത്ര്യത്തേ കുറിച്ച് പറഞ്ഞാൽ ചെകുത്താന്‍റെ കാര്യക്കാരൻ വെദമോതുന്ന പോലെ തോന്നും

ശബരിമലവിഷയത്തിലുൾപ്പടെ മാധ്യമങ്ങളോട് 'കടക്കൂ പുറത്ത്' എന്ന അഹങ്കാരത്തിന്‍റെ സമീപനം തുടർന്നു പോന്ന പിണറായിയുടെ പാർട്ടി ലോകത്തിലെവിടെയാണ് മാധ്യമ സ്വാതന്ത്ര്യത്തിനു വിലകൊടുത്തിട്ടുള്ളത്?  ബംഗാളിലെ മാരിച്ഝാപ്പി ദ്വീപിൽ അഭയാർത്ഥികളായെത്തിയവരിൽ പതിനായിരത്തോളം ബംഗ്ളാദേശി ഹിന്ദു പിന്നോക്കവിഭാഗത്തെ (നാമോശൂദ്രർ) ക്രൂരമായി കൊലചെയ്തതുൾപ്പടെയുള്ള ജ്യോതിബസുവിന്‍റെ ഭരണകൂട ഭീകരതയുടെ വാർത്തകൾ തമസ്കരിപ്പിച്ചതിന്‍റെ വഴിയെന്തായിരുന്നെന്ന് ഓർത്തെടുത്തു പശ്ചാത്തപിച്ചിട്ടാകട്ടെ, പാർട്ടി പോളിറ്റ് ബ്യുറോ മെമ്പർ കൂടിയായ പിണറായി  വിജയൻ, മാധ്യമങ്ങൾ വർഗീയത ആളിക്കത്തിക്കുവാൻ നടത്തുന്ന കുത്സിത ശ്രമങ്ങൾക്ക് എതിരെ അനിവാര്യമായ ഇടപെടലിന് തയാറാകേണ്ടി വരുന്ന ജനാധിപത്യ ബോധമുള്ള മോദി ഭരണത്തെ വിമർശിക്കുന്നത്.


(ലേഖകൻ ഭാരതീയ വിചാര കേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്. അഭിപ്രായങ്ങൾ വ്യക്തിപരം)



1 comment:

Unknown said...

മലയാളം മാസിക യുടെ പേരിൽ മലയാളികൾകി ടയിൽ അസത്യം വിളമ്പുന്നത് അവസാനിപ്പിക്കുക. പൂരിപക്ഷം ഉള്ളിടത് അസത്യം കണ്ടാൽ അത് കണ്ട് കണ്ണടക്കണം എന്നാണോ താങ്കൾ പറയുന്നത്. സിറിയയിലും ഇറാഖിലും അഫ്‌ഗാനിലും മുസ്‌ലിം നാമോദയത്തിലുള്ള മതം തലക്ക് പിടിച്ച തീവ്രവാദി കൾ കാട്ടി കൂട്ടുന്ന തെമ്മാടി തരത്തിനെ പോലെ നമ്മുടെ ഇന്ത്യ എന്ന് പറയുന്ന മഹാ രാജ്യത്തിൽ സങ്കി തീവ്രവാദി കൾ കാണിക്കുമ്പോൾ അത് മറച്ചു വെക്കണം എന്ന് പറയുന്നത് ഏത് ധർമമാണ്. ആ ധർമം ശ്രി രാമൻ പഠിപ്പിച്ചിട്ടുണ്ടോ. ഏതെങ്കിലും ഒരു മത ഗ്രന്ഥം പഠിപ്പിക്കുന്നുണ്ടോ. മതത്തിന്റെ മേലിൽ തല്ലി ചാകുന്നതിനു മുന്നേ ആദ്യം അവനവന്റെ മത ഗ്രന്ഥം പഠിക്കാൻ സമയം കണ്ടെത്തൂ സഹോദരാ