Dr P Santhoshkumar :: ചിതൽ തിന്ന ജീവിതങ്ങൾ

Views:


ചിതൽ തിന്ന ജീവിതങ്ങൾ
ഡോ.പി.സന്തോഷ് കുമാർ
(ശ്രീമതി ബിന്ദു നാരായണ മംഗലത്തിന്‍റെ ശംമ്പള എന്ന കഥാസമാഹരത്തെക്കുറിച്ച്...)

കഥയിലെ കൗതുകങ്ങൾ അവസാനിക്കില്ല .അത് കടൽ പോലെ  പരക്കും.
തൊട്ടെടുക്കുന്ന ജീവിതാംശങ്ങൾക്ക് ഭാവനയുടെ പ്രാണൻ കിട്ടുമ്പോഴാണ്  കഥയുടെ ശിരസ്സ് ഉയരുന്നത്.

ഒരു സ്ത്രീയുടെ ജീവിത നോട്ടങ്ങളാണ് ബിന്ദു നാരായണ മംഗലത്തിന്‍റെ ശംമ്പള.
'Who cares if a woman's heart be broken ' ( Destiny)  
സരോജിനി നായിഡുവിന്‍റെ  വരികൾക്ക് കാലങ്ങൾക്കു ശേഷവും ഉത്തരം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ കഥകൾ അതിന്‍റെ അന്വേഷണങ്ങളാണ്, വിചാരണകളാണ്. സ്ത്രീയിൽ തൊട്ടാണ്  ശംമ്പളയിലെ കഥകൾ ചലിക്കുന്നത്. അതിൽ പെണ്ണിന്‍റെ സ്നേഹവും പകയും പ്രണയവും രതിയും കാമവും പതിയിരിക്കുന്നു.വെറും പെൺ നോട്ടം കൊണ്ട് പൂർണമാകില്ല കഥയുടെ ഇഴയടുപ്പം .ഇന്നിന്‍റെ ജീവിത പരിസരങ്ങളിലെ സ്ത്രീപുരുഷ ബന്ധങ്ങളും വിക്ഷുബ്ധതകളും കഥകളുടെ തിരശ്ശീലയ്ക്ക് പിന്നിൽ ഉണ്ട് .

'ഹ്യദയതാള' ത്തിലെ ഉണ്ണിയിൽ സ്ത്രീയെ അംഗീകരിക്കുന്ന ഒരു പുരുഷനുണ്ട്. 'സാലഭഞ്ജികയിൽ ' കലാകാരിയായ സ്ത്രീയെ പ്രോത്സാഹിപ്പിക്കുന്ന കലാകാരനായ ഏകാംബരനുണ്ട്. സ്ത്രീയുടെ ഭിന്ന മുഖങ്ങളാണ് 'മുഖങ്ങൾ വൈകൃത' ങ്ങളിലുള്ളത്. 'ഉഡുപം' മറ്റൊരാളുടെ ജീവിതത്തിൽ കടന്നെത്തി പൊങ്ങുതടിയായി മാറിയ സ്ത്രീയുടെ  ദുരന്തമാണ്. 'വാട്സാപ് സുന്ദരി' നവ മാധ്യമക്കുരുക്കിന്‍റെ അദൃശ്യച്ചതിയാണ്. 'ഗ്രഹണ'ത്തിലെ നായകന്‍റെ  ഭാര്യയോടുള്ള അതിരുവിട്ട പ്രതിഷേധം കാലത്തിന് അത്ര പുതുമയല്ല. എങ്കിലും ഞെട്ടിക്കുന്നതാണ്.'ദിവ്യപ്രയോഗ' ത്തിൽ ഭർത്താവിനോടുള്ള  ജാനകിയുടെ പ്രതിഷേധം ഗതി കെട്ട ജീവിതത്തിന്‍റെ അവസാന തന്ത്രമാണ്. 'കാൽപ്പെട്ടാം' സ്നേഹത്തിന്‍റെ കഥയാണ്. നാടകീയതയുള്ള കഥാംശം.ചിത വെളിച്ചത്തിൽ, മകൾക്ക് അച്ഛനെ തിരിച്ചറിയേണ്ടി വരുമ്പോൾ കഥയിലെ വൈകാരികതയ്ക്ക് തീവ്രതയേറും. കാൽപ്പെട്ടാം, പഴമയുടെ, ബന്ധങ്ങളുടെ, ഓർമകളുടെ ഇമേജറിയായി (imagery) പ്രകാശിക്കുന്നു. ജീവിതം പതിയെ തകർക്കുന്ന അവിശുദ്ധ ബന്ധങ്ങളുടെ ചിതലരിപ്പാണ് ചിതലെന്ന കഥ. ബന്ധങ്ങൾ അറ്റുവീഴുമ്പോഴാണ് ചിതൽപ്പെരുക്കത്തിന്‍റെ ദുരന്തം അറിയുന്നത്.

'ശംബള' കഥ പറച്ചിലിൽ വ്യത്യസ്തത പുലർത്തുന്നു. യാത്രയുടെ കഥയാണിത്. അത് ജീവിതയാത്ര തന്നെ. യാത്ര ഈ കഥയിലെ രൂപകം മാത്രമല്ല മികച്ച ക്രാഫ്റ്റ് (ഘടന ) കൂടിയാണ്. വരദ നന്ദഗോപാൽ ഒരു യാത്രയിലാണ്. സിദ്ധാശ്രമത്തിലേക്ക്, ബസ്സിലാണ് യാത്ര.  "പുതിയ രൂപത്തിലുള്ള ബസ്സിൽ, യാത്രികയുടെ അനുവാദം ഇല്ലാതെ വാഹനം പുറപ്പെടുന്നു. യാത്ര ആരംഭിച്ചപ്പോൾ കാലിന് ഉണ്ടായ മരവിപ്പ് പിന്നെ മുകളിലോട്ട് വ്യാപിക്കാൻ തുടങ്ങി". ഓരോ വളവിലും ഓരോ മുഖങ്ങളെ കാണുകയാണ് അവൾ. പ്രണയിച്ചവർ,  ചതിച്ചവർ അങ്ങനെ നിരവധി. യാത്രയ്ക്കിടയിൽ വാഹനം നിറുത്തി. സന്യാസിക്കൂട്ടത്തിൽ നിന്ന് ഒരാൾ വാഹനത്തിൽ കയറി, 'ജയദേവൻ'. "കൈകൾ നീട്ടി അവൾ ആ മാറിലേക്ക് ചായാൻ ശ്രമിച്ചു. ജയദേവൻ അവളെ നിറുകയിൽ ചുംബിച്ചു. ആനന്ദത്തിന്‍റെ വശ്യതയിൽ അവളുടെ കണ്ണുകൾ അടഞ്ഞു". വാഹനം നിറുത്തി ഡ്രൈവർ അവളെ ക്ഷണിച്ചു. ആ മരണത്തിന്‍റെ കൈകളിൽ തൊട്ട് അവൾ താഴേക്ക് നോക്കി. പത്രത്തിലെ വലിയ തലക്കെട്ട്. 'കളക്ടർ വരദ നന്ദഗോപാൽ വാഹനാപകടത്തിൽ മരണപ്പെട്ടു'. ജീവിതയാത്ര ഇവിടെ  മരണ യാത്രയാണെന്ന് ബോധ്യപ്പെടുന്നു.

ശംമ്പള സിദ്ധാശ്രമം ആണ്. ജീവിതത്തിന്‍റെ ആത്യന്തിക  അവസാനം മരണമാണ്. ആ ദുരൂഹതയെ അന്യഭാഷാപദം (ശംബള) കൊണ്ട് ബന്ധിപ്പിക്കുമ്പോൾ ചിന്താപരമായി ശംമ്പള പുതിയ അർത്ഥതലം വെളിവാക്കുന്നു. കഥയിൽ 'ശംമ്പള യിലെ നിഗൂഢത തേടിയ യാത്ര ഇവിടെ അവസാനിക്കുന്നു' എന്ന കഥാകൃത്തിന്‍റെ  ഒരു പരാമർശമുണ്ട്. സിദ്ധാശ്രമം സിദ്ധന്‍റെ ആശ്രമം മാത്രമല്ല സിദ്ധിക്കു വേണ്ടിയുള്ള ആശ്രമം കൂടിയാണ്. ആ സിദ്ധി മരണമായി പരിണമിക്കുമ്പോൾ കഥയ്ക്ക് ദാർശനിക തലം കൈവരുന്നു. ടി പത്മനാഭന്‍റെ  'യാത്ര'യിൽ  മരണം അന്വേഷിച്ചു പോകുന്നവൻ  നാടും ഇടവും പകലും വെയിലും പിന്നിട്ട് ചെന്നെത്തുന്നത് മരണവീട്ടിലേക്കാണ്. ഒടുവിൽ തിരിച്ചറിയുന്നു അത് തന്‍റെ തന്നെ മരണമാണെന്ന് .അങ്ങനെ നാമോരോരുത്തരും മരണം അന്വേഷിച്ചുള്ള യാത്രയിലാണ്.

വിജയലക്ഷ്മിയുടെ 'സൂപ്പർഫാസ്റ്റ്' എന്ന കവിതയിൽ,
       "ആരോടും പരസ്പരം മിണ്ടാതെ എല്ലാരും
       അയാൾക്കൊപ്പം നിശ്ചലം സൂപ്പർഫാസ്റ്റിൽ '' എന്ന് കാലത്തെക്കുറിച്ചെഴുതുന്നു. ശംമ്പളയിലെ ഡ്രൈവർ തന്നെയാണ് സൂപ്പർഫാസ്റ്റിലെ 'അയാൾ'.

'സുലക്ഷണയുടെ ദൈവം'  അനുഭവതീക്ഷ്ണതയുള്ള കഥാഖ്യാനമാണ്. എഴുത്തുകാരിയുടെ ഔദ്യോഗികജീവിതം കനലായി കഥയിലുണ്ട് .  രോഗിയായ അച്ഛന്‍റെ വിശപ്പിന് വിരുന്നൂട്ടാൻ കുഞ്ഞുമക്കൾ  അവരുടെ ചോറ്റുപാത്രം മാറ്റി വയ്ക്കുമ്പോൾ, ജീവിതത്തിന്‍റെ  മഴവില്ലുകളിൽ നിന്ന് കണ്ണുനീർ പെയ്യാൻ തുടങ്ങും. വിശപ്പ്, കുട്ടികൾ, അച്ഛനമ്മമാർ ഈ ത്രിത്വം ഏത് കാലത്തും അക്ഷരങ്ങളെ വേട്ടയാടുകയും വായനക്കാരനെ വേദനിപ്പിക്കുകയും ചെയ്യും.

സ്ത്രീ-പുരുഷ ബന്ധങ്ങളുടെ വൈകാരിക തലങ്ങൾ ഈ കഥകൾ  ചർച്ച ചെയ്യുന്നു. ഈ   ബന്ധങ്ങളുടെ നൂലിഴകളിൽ ചുറ്റിയാണ് സമകാലിക ജീവിതം  സങ്കീർണ്ണമാകുന്നത്. അതിനാൽ  കാലികമാണീ കഥകൾ. വളരെ പെട്ടെന്ന് തകർന്നു വീഴാവുന്ന സ്ഫടികഗോപുരങ്ങളാണ്  കുടുംബങ്ങളിൽ ഇന്ന് പണിതു വച്ചിരിക്കുന്ന ദാമ്പത്യബന്ധങ്ങൾ. അത് വീണുടയുന്ന ഒച്ച ഈ കഥകളിൽ കേൾക്കാം .





1 comment:

ardhram said...

ഗംഭീരം