Anu P Nair :: മക്കൾ രാജ് അത് ഞാൻ സമ്മതിക്കില്ല

Views:

Photo by Bundo Kim on Unsplash

മക്കൾ രാജ് അത് ഞാൻ സമ്മതിക്കില്ല


പ്രിയപ്പെട്ട എഡിറ്റർ,

കുറച്ചു നാളായി താങ്കൾക്ക് എഴുതണം എന്ന് കരുതുന്നു . നടക്കുന്നില്ല.

മനസ് സ്വസ്ഥമല്ല . എന്തെല്ലാം പ്രശ്നങ്ങളാണ് ലോകത്ത്.

ഉള്ളി വില, പൗരത്വ ബില്ല്, പുതിയ ഡിഫൻസ് ചീഫിന്റെ നിയമനം. എല്ലാത്തിനും ഞാൻ വേണമെന്ന് വാശി പിടിച്ചാൽ എന്നാ ചെയ്യാനാ. എനിക്കാണേൽ വ്യക്തിപരമായ പ്രശ്നങ്ങൾ തന്നെ ഒത്തിരിയുണ്ട്.

അമ്മയ്ക്ക് ഹൈ ബി പി യാ ണ്. ആശുപത്രിയിൽ കാണിച്ച് മരുന്ന് മേടിച്ച് കൊടുത്തു. കഴിക്കണ്ടേ ? ഒരു മാസത്തേക്കു വാങ്ങിക്കൊടുത്താൽ ചിലപ്പോൾ രണ്ട് മാസമെടുത്ത് തീർക്കും . അല്ലെങ്കിൽ രണ്ടിന്റന്ന് എടുത്ത് അയ്യത്ത് കളയും. ചിലപ്പോൾ ഞാൻ വാങ്ങി കൊടുക്കുന്നത് കൊണ്ടാവും. മ്മള് ഗൾഫ് കാരനല്ലല്ലോ !!

പിന്നെ ഇതിന്റെയെല്ലാമിടയില് രണ്ട് മൂന്ന് വർഷമായി വെള്ളമൊഴിച്ച് നട്ട് വളർത്തിയ ഒരു സ്വപ്നം തകർന്നു !! പതിനാറായിരത്തി എട്ടിൽ ഇനി ആരും ഇല്ല .

ഇനി പറ എഡിറ്ററേ ഇത്രേം പോരെ മനസ്സ് തകരാൻ. എന്തിന് എഴുതുന്നു ? എന്തിന് ജീവിക്കുന്നു ?

പിന്നെ കരുതി എഴുതാം . ഒന്നാമതായി ന്യൂ ഇയറല്ലേ. രണ്ടാമതായി താങ്കൾ എനിക്ക് പകരം സ്വന്തം മകനെ കളത്തിലിറക്കിയതറിഞ്ഞു. വേണ്ട വേണ്ട. അതു വേണ്ട. മക്കൾ രാജ് അത് ഞാൻ സമ്മതിക്കില്ല !!

ന്യൂ ഇയർ. അതെ 2020 ആകാൻ ഇനി അഞ്ച് മണിക്കൂർ മാത്രം . ഈ നൂറ്റാണ്ടിന്റെ ആദ്യത്തെ ഇരുപത് വർഷങ്ങൾ . 2000 ൽ നിന്ന് 2020ൽ എത്തുമ്പോൾ ഉണ്ടായ പ്രധാന മാറ്റം വാർത്താവിനിമയ രംഗത്തായിരുന്നു .

2000 ൽ ഞാൻ എട്ടിലൊക്കെ പഠിക്കുമ്പോൾ അച്ഛന് കത്തെഴുതുമായിരുന്നു . ഇന്ന് ഒരു എട്ടാം ക്ലാസ്സ്കാരൻ ഗൾഫിലുള്ള അവന്റെ അഛന് കത്തയക്കുമോ ? ഇല്ല. വാട്സ് ആപ്പ് കാവിൽ ഭഗവതിയാണേ സത്യം.

ടി വി കാണുക ആ കാലത്ത് ഒരു ഹരമായിരുന്നു . സ്മാർട്ട് ഫോൺ വാങ്ങിയ ശേഷം എങ്ങനെയോ ആ ശീലമങ്ങ് കുറഞ്ഞു. പണ്ട് ഒരു ദിവസം ഫുൾ ഒക്കെ ടീവിടെ മുന്നിൽ ഇരുന്നിട്ടുണ്ട്.

-'' അതിനിത്തിരി റെസ്റ്റ് കൊടുക്കെടാ . ചൂടൊന്നാറട്ടേ '' എന്ന് അമ്മയോ അമ്മാമ്മയോ ശകാരിക്കും.
''ചൂടാറാൻ കുറേ വെള്ളം കോരി ഒഴിച്ചേക്കാം'' എന്നാവും എന്റെ തർക്കുത്തരം .

എന്തോ എനിക്ക് ടി വി ഒരു അഡിക്ഷനായിരുന്നു. ഇന്നത്തെപ്പോലെ ടി വി എന്റെ കുട്ടിക്കാലത്ത് സർവ്വസാധാരണമായിരുന്നില്ല. ഞങ്ങളുടെ ചുറ്റുവട്ടത്ത് രണ്ട് വീടുകളിൽ മാത്രമാണ് ടി വി ഉണ്ടായിരുന്നത്.

കരുണാകരൻ മാമന്റെ വീട്ടിൽ കളർ ടിവിയും ലളിത കുഞ്ഞമ്മേടെ വീട്ടിലെ ബ്ലാക്ക് ആൻഡ് വൈറ്റും . ഈ രണ്ടു വീടുകളിലേയും മുകളിൽ ടെലിവിഷൻ ആന്റിന ഗമയോടെ മാനം നോക്കി നിന്നിരുന്നു.

വ്യാഴാഴ്ച്ചകളിലെ ചിത്രഹാറും വെള്ളിയാഴ്ച്ചകളിലെ ചിത്രഗീതവും കേൾക്കാൻ പോകുന്നത് ലളിത കുഞ്ഞമ്മേടെ വീട്ടിൽ. ചിത്രഗീതമാണ് എനിക്ക് കൂടുതൽ ഇഷ്ടം. യേശുദാസിനെക്കാൾ പ്രിയം എം ജി ശ്രീകുമാറിനോട്.

''പൂനിലാമഴ പെയ്തിറങ്ങിയ ....'' എന്ന് തുടങ്ങുന്ന ഒരു പാട്ടുണ്ട്. അതായിരുന്നു ഫേവറേറ്റ്.

ഞാറാഴ്ച്ച നാല് മണി ആകുമ്പോഴേയ്ക്കും കരുണാകരൻ മാമന്റെ വീട്ടിലെത്തും. സിനിമ കാണാൻ. മോഹൻലാലിനെക്കാളും മമ്മൂട്ടിയെക്കാളും അന്നിഷ്ടം സുരേഷ് ഗോപിയോടായിരുന്നു.  (അന്ന് അദ്ദേഹം നടൻ മാത്രം ആയിരുന്നു )

ഈ മാറ്റം ഇന്നത്തെ തലമുറ സമ്മതിക്ക പോലും ചെയ്യില്ല . ടി വി കാണാൻ ഞായറാഴ്ച്ച ആവണേ എന്ന് പ്രാർത്ഥിച്ച കാലത്തെക്കുറിച്ച് ചിലപ്പോഴൊക്കെ ക്ലാസ്സിൽ പറയും . കുട്ടികൾ തിരിച്ച് ചോദിക്കും

''സാറിന്ന് പുട്ടാണോ കഴിച്ചത് ?''

ങ്ഹാ അപ്പോ പത്രാധിപരെ തത്ക്കാലം ഇത് മതി. വിഷമം വരുന്നു . എന്നാലും ഓള് പോയല്ലോ, എന്നാലും ഈ അമ്മ മരുന്ന് കഴിക്കുന്നില്ലല്ലോ ? ഉളളീട  വെല എന്തായോ എന്താ ?
ഭ്രാന്താകുന്നു
.
താങ്കൾക്കും ശുഭ ടീച്ചറിനും കൂട്ടികൾക്കും ഒരു അടിപൊളി വർഷം ആശംസിക്കുന്നു .

സ്നേഹം
അനു പി


--- നെല്ലിമരച്ചോട്ടില്‍



No comments: