K V Rajasekharan :: നേതാജി: സവർക്കർ വാഴ്ത്തിയ 'മരണമില്ലാത്ത സുഭാഷ്'




നേതാജി: സവർക്കർ വാഴ്ത്തിയ   'മരണമില്ലാത്ത സുഭാഷ്'
കെ വി രാജശേഖരൻ

'Long live deathless Subhash.  Victory to goddess of freedom!".  
(മരണമില്ലാത്ത സുഭാഷ് നീണാൾ വാഴട്ടെ! സ്വാതന്ത്ര്യത്തിന്‍റെ  ദേവത വിജയിക്കട്ടെ!) 
വീരഭാരതപുത്രൻ വിനായക ദാമോദർ സവർക്കറുടെ വാക്കുകളിലൂടെ (1952 മേയ്:  'അഭിനവ് ഭാരത്' വേദി) ഭാരതാംബയുടെ ഹൃദയ വികാരങ്ങളാണ് നേതാജി സുഭാഷ് ചന്ദ്രബോസിനെ തഴുകി അനുഗ്രഹിച്ചത്.

'നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാമെന്ന' നേതാജിയുടെ വാക്കുകൾ കേട്ട്   ഇൻഡ്യൻ നാഷണൽ ആർമിയുടെ പടകുടീരത്തിലേക്ക് ദേശീയതയുടെ വീര പോരാളികൾ ആവേശത്തോടെ ഒഴുകിയെത്തി. സൂര്യനസ്തമിക്കില്ലായിരുന്ന ബ്രിട്ടീഷ് സാമ്രാജ്യം പരാജയം മുഖത്തോടു മുഖം കണ്ടു.   പിന്നീട് സഖ്യ കക്ഷികളുടെ ബലത്തിൽ യുദ്ധത്തിൽ അന്തിമ വിജയം സാമ്രാജ്യത്വ ശക്തികൾ തന്നെ നേടിയെങ്കിലും ദില്ലിയിലെ ചുവപ്പു കോട്ടയിൽ യൂണിയൻ ജാക്ക് താഴ്ത്തി, ത്രിവർണ്ണ പതാക ഉയർത്തി ഭാരത് മാതാ കീ ജയ് മുഴങ്ങുന്നതിന്  ഇട വരുത്തിയതിൽ നിർണ്ണായക പങ്കുവഹിച്ചത് പൊരുതി വീണ നേതാജിയും ഇൻഡ്യൻ നാഷണൽ ആർമിയുമാണെന്നത് അനിഷേധ്യ യാഥാർത്ഥ്യമാണെന്നതിന് ചരിത്രം തന്നെ സാക്ഷി. 

ആ ചരിത്ര സത്യത്തെ മറച്ചൂവെക്കുവാനുള്ള ആസൂത്രിതശ്രമങ്ങൾക്ക് നേരെ ചരിത്രത്തോട് ഒപ്പം സഞ്ചരിക്കുകയും മുന്നിൽ നിന്നു നയിക്കുകയും ചെയ്ത ഡോ ഭീംറാവ് അംബേദ്കർ തന്നെ ചോദ്യങ്ങൾ ഉയർത്തിത്തുടങ്ങിയെന്നതും വളരെ ശ്രദ്ധേയമാണ്.
"എനിക്കറിയില്ല മിസ്റ്റർ ആറ്റ്ലി ഇൻഡ്യക്കു സ്വാതന്ത്ര്യം നൽകുവാൻ പെട്ടെന്നു തീരുമാനിച്ചത് എങ്ങനെയാണെന്ന്".  ഡോ ഭീംറാവ് അംബേദ്കർ 1955 ഫെബ്രുവരിയിൽ ബ്രിട്ടീഷ് പത്രപവർത്തകൻ ഫ്രാന്‍സ് വാറ്റ്സന് നൽകിയ അഭിമുഖത്തിൽ നടത്തിയ പ്രസ്താവനയാണിത്.  
ഭാരതത്തിന് സ്വാതന്ത്ര്യം നൽകാൻ നിശ്ചയിച്ച, ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്‍റ്  ആറ്റ്ലി അന്ന് അങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് ആരും കരുതിയിരുന്നില്ലായെന്നതാണ്  ഡോ അംബേദ്കർ ആ അഭിമുഖത്തിൽ എടുത്തു പറഞത്. ആറ്റ്ലി സ്വന്തം ആത്മകഥ എഴുതുമ്പോൾ അതിന്‍റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തുമെന്ന പ്രതീക്ഷയും ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിംഗ് കമ്പനി പ്രക്ഷേപണം ചെയ്ത ആ അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചു.

അംബദ്കറുടെ മരണശേഷം മാസങ്ങൾക്കള്ളിൽ,1956 ആഗസ്റ്റിൽ, ഭാരതം സന്ദർശിച്ച മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്‍റ് ആറ്റ്ലി വെസ്റ്റ് ബംഗാൾ ഗവർണർ ജസ്റ്റീസ് പി ബി ചക്രവർത്തിയോട്  നടത്തിയ വെളിപ്പെടുത്തലുകൾ അംബദ്കർ ഉയർത്തിയ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകി.
ജസ്റ്റീസ് ചക്രവർത്തി ചോദിച്ചു: "ഗാന്ധിയുടെ 'ക്വിറ്റ് ഇൻഡ്യാ' പ്രസ്ഥാനം വളരെ നേരത്തെ തന്നെ തകര്‍ന്നു.. അന്തർദേശീയ രംഗത്ത്  ബ്രിട്ടന് ഭാരതത്തിൽ നിന്ന് അധികാരം വിട്ടു പോകുവാനുള്ള പ്രത്യേകിച്ചൊരു സമ്മർദ്ദവും ഉരുത്തിരിഞ്ഞു വന്നതുമില്ല. പിന്നെ എന്തുകൊണ്ടാണ് ബ്രിട്ടീഷുകാർക്ക് 1947ൽ ഇൻഡ്യ വിടേണ്ടി വന്നത്?"
ആറ്റ്ലി പല കാര്യങ്ങൾ പറഞ്ഞൂയെങ്കിലും നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ പ്രഭാവം  കാരണം ഇൻഡ്യൻ ആർമിയിലെയും നേവിയിലെയും റോയൽ എയർഫോഴ്സിലെയും ഇൻഡ്യൻ പടയാളികളുടെയിടയിൽ ബ്രിട്ടീഷ് ഭരണകിരീടത്തോടുള്ള  വിധേയത്വത്തിലും പ്രതിജ്ഞാബദ്ധതയിലും ഉണ്ടായ ഇടിവും വിമോചനത്തിനു വേണ്ടി ഉയർന്നുവരുമെന്ന് അവർ മുന്നിൽ കണ്ട സാദ്ധ്യതകളുമാണ് ഇൻഡ്യ വിടുവാൻ ആ ഘട്ടത്തിൽ ബ്രിട്ടീഷ് ഭരണകൂടത്തെ നിർബന്ധിതമാക്കിയെന്നത് കൃത്യമായും വ്യക്തമാക്കി.
തുടർന്ന് ജസ്റ്റീസ് ചക്രവർത്തി  ചോദിച്ചത് ബ്രിട്ടീഷ് പിൻമാറ്റത്തിൽ ഗാന്ധിജിയുടെ പങ്ക് എത്രയുണ്ടെന്നായിരുന്നു. 
അർത്ഥഗർഭമായ ഭാവപ്രകടനത്തോടെ ആറ്റ്ലി നൽകിയ മറുപടി  'മി...നി...മ….ൽ' (വ...ള...രെ... കു...റ,,,വ്) എന്നായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 1945 ൽ ഭാരതത്തിൽ ഉരുത്തിരിഞ്ഞു വന്ന സാഹചര്യം പൊതു സമൂഹം വായിച്ചറിയേണ്ടത് അനിവാര്യമാകുന്നത്.
ബ്രിട്ടീഷ് ഭരണകൂടം 
നേതാജീയോടും ഇൻഡ്യൻ നാഷണൽ ആർമിയോടും 
പ്രതികാര നടപടികളുടെ കൊടും ക്രൂരത അഴിച്ചു വിടുവാനാണ് തയ്യാറെടുത്തത്. 
കുപ്രസിദ്ധമായ റെഡ് ഫോർട്ട് ട്രയലിലൂടെ ഇൻഡ്യൻ നാഷണൽ ആർമിയുടെ ഓഫീസേഴ്സിനെ കുടുക്കാൻ  പഴുത് തേടിയതുൾപ്പടെയുള്ള നടപടികളിലേക്ക് അവര്‍ നീങ്ങി.
ആ വക നടപടികള്‍ 78 ബ്രിട്ടീഷ് യുദ്ധക്കപ്പലുകളിലെ 20,000 ലധികം ഭാരതീയ നേവൽ ഉദ്യോഗസ്ഥരെ കലാപത്തിനിറങ്ങുവാൻ പ്രേരിപ്പിച്ചു. 
  1. അവർ ബ്രിട്ടീഷ് യജമാനന്മാരെ അനുസരിക്കുവാൻ തയാറായില്ല. 
  2. നേതാജിയുടെ ചിത്രവും വഹിച്ചു കൊണ്ട് ബോംബെ തെരുവുകളിൽ പ്രകടനം നടത്തി. 
  3. ബ്രിട്ടീഷുകാരെക്കൊണ്ട് ജയ് ഹിന്ദ് വിളിപ്പിച്ചു. 
  4. തങ്ങൾ ജോലി ചെയ്തിരുന്ന ബ്രിട്ടീഷ് കപ്പലുകളിൽ നിന്നും യൂണിയൻ ജാക്ക് താഴെ ഇറക്കി. 
  5. റോയൽ ഇൻഡ്യൻ എയർ ഫോഴ്സിലും ബ്രിട്ടീഷ് ഇൻഡ്യൻ ആർമിയിലും  നേവൽകലാപത്തിന്‍റെ മാറ്റൊലികൾ ഉണ്ടാവുകയും ചെയ്തു. 
ഇതിനെല്ലാം പുറമേ രണ്ടാം ലോകമഹായുദ്ധത്തിന് വേണ്ടി നിയമിച്ചതും അതിനു ശേഷം ഡീകമ്മീഷൻ ചെയ്യപ്പെട്ടവരുമായ ലക്ഷക്കണക്കിന് ഭാരതീയ കരസേനാ അംഗങ്ങളും സായുധവും വ്യാപകമായ വിമത പോരാട്ടങ്ങളുടെ സാദ്ധ്യതകളുയർത്തി. ആ കാലയളവിൽ ഇവിടെയുണ്ടായിരുന്ന ബ്രിട്ടീഷ് സേനാംഗങ്ങളുടെ സംഖ്യ കേവലം 40,000 മാത്രവും. അവരാണെങ്കിൽ സ്വദേശത്തേക്ക് മടങ്ങി പ്പോകുവാൻ ധൃതി കാട്ടിയിരുന്നവരും വീണ്ടും ഒരു സംഘർഷത്തിന് സന്നദ്ധത ഇല്ലാതിരുന്നവരും!
അങ്ങനെയൊരന്തരീക്ഷത്തിലാണ്, 1857ലെ അനുഭവം മറന്നിട്ടുണ്ടാകാനിടയില്ലാതിരുന്ന ഇംഗ്ലീഷുകാർ ഇൻഡ്യ വിടുകയെന്ന തീരുമാനം എടുത്തതെന്നത് ചരിത്രം പഠിക്കുന്നവർക്ക് ബോദ്ധ്യപ്പെടും.  
അതോടൊപ്പം തങ്ങൾക്ക് കൂടുതൽ സ്വീകാര്യരായുള്ളവരിലേക്ക് അധികാരം കൈമാറാനുള്ള കൗശലം കാണിക്കുകയും ചെയ്തു. അങ്ങനെ കിട്ടിയ അധികാരം നിലനിർത്തുന്നതിന് പുതിയ അധികാര കേന്ദ്രങ്ങൾ നടത്തിയ ശ്രമങ്ങളും ഇവയോട് ചേർത്ത് പഠിക്കേണ്ടിയിരിക്കുന്നു.

ആ പഠനം തുടരുമ്പോഴാണ് വിമാനാപകടത്തിൽ നേതാജി യശ്ശശ്ശരീരനായെന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം കമ്യൂണിസ്റ്റ് സ്റ്റാലിന്‍റെ സോവിയറ്റ് യൂണിയനിലുണ്ടെന്നും സംശയങ്ങൾ ഉയർന്ന സാഹചര്യത്തിൽ ജവഹർലാൽ നെഹ്രു ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്‍റ് ആറ്റ്ലിക്കെഴുതിയ ഒരു കത്തിലെ പരാമർശങ്ങൾ ദേശസ്നേഹികളുടെ മനസ്സുമുറിക്കുന്ന ഓർമ്മപ്പെടുത്തലായി ഉയർന്നു വരുന്നത്.   .
"I understand from a reliable source that Subhash Chandra Bose, your war criminal, has been allowed to enter Russian territory by Stalin. This is clear treachery and a betrayal of faith by the Russians. As Russia has been an ally of the British-Americans, it should not have been done. Please take note of it and do as you consider proper and fit."  
(വിശ്വസനീയമായ ഒരു ഒരൂ വൃത്തത്തിൽ നിന്നും ഞാൻ മനസ്സിലാക്കുന്നു, നിങ്ങളുടെ യുദ്ധക്കുറ്റവാളി, സുഭാഷ് ചന്ദ്ര ബോസിനെ സ്റ്റാലിൻ റഷ്യൻ ഭൂപ്രദേശത്തിൽ കയറാൻ അനൂവദിച്ചൂയെന്ന്. ഇത് റഷ്യയുടെ ഭാഗത്തുനിന്നുള്ള ചതിയും വിശ്വാസ വഞ്ചനയുമാണ്. ബ്രിട്ടീഷ് അമേരിക്കൻ കൂട്ടുകെട്ടിന്‍റെ സഖ്യ കക്ഷിയായിരുന്നതുകൊണ്ട്, റഷ്യ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. ഈ വിവരം കണക്കിലെടുത്തുകൊണ്ട് നിങ്ങൾക്ക് ശരിയും യുക്തവുമെന്നു തോന്നുന്ന നടപടി എടുക്കുക.)

1971ൽ നേതാജിയുടെ തിരോധാനം അന്വേഷിച്ച ഖോസ്ലാ കമ്മീഷന് മുമ്പിൽ നെഹ്രുവിന്‍റെ സ്റ്റെനോഗ്രാഫർ ശ്യാം ലാൽ ജയിൻ നൽകിയ മൊഴി ഇക്കാര്യത്തിലേക്ക് വെളിച്ചം വീശുന്നു.

ഈ വെളിപ്പെടുത്തലുകൾ സ്വാഭാവികമായും ചില ചോദ്യങ്ങളുയർത്തും.
  1. അങ്ങനെയൊരു വിവരം കിട്ടിയെങ്കിൽ തന്നെ അത് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കൈ മാറുവാൻ ജവഹർലാൽ നെഹ്രുവിന് എന്തു ബാദ്ധ്യതയാണുണ്ടായിരുന്നത്? 
  2. അങ്ങനെയെന്തെങ്കിലും ബാദ്ധ്യതയുണ്ടായിരുന്നെങ്കിൽ തന്നെ ആ ധീരദേശാഭിമാനിയെ 'യുദ്ധക്കുറ്റവാളി' എന്ന് വിശേഷിപ്പിച്ചത് പക മൂലമോ ഭയം മൂലമോ? 
ആ വക ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഭാവി ഭാരതത്തിന് ലഭിച്ചേ തിരൂ.   ചരിത്ര വസ്തുതകൾ സത്യസന്ധമായി പുറത്തുകൊണ്ടുവരുന്നതിന്‍റെ പേരിൽ ഉടയാനിടയുള്ള വിഗ്രഹങ്ങൾ ഉടയട്ടെ!

ഈ വക വിഷയങ്ങൾ ചർച്ച ചെയ്യമ്പോൾ ഒരു കാര്യം സംശയലേശമെന്യേ വ്യക്തമാകും നേതാജിയേയും മറ്റും തമസ്കരിക്കുന്നവരുടെ  ലക്ഷ്യം ഒരിക്കലും മഹാത്മജിയെ മഹത്വവത്കരിക്കയല്ല. കാരണം,
  • കമ്യൂണിസ്റ്റൂ സഖാക്കൾ 'ഗാന്ധിയെന്താക്കി? ഇന്ത്യയെ മാന്തിപ്പുണ്ണാക്കി!' എന്ന് തൊണ്ടപൊട്ടുമാറ് മുദ്രാവാക്യം വിളിച്ചു,    
  • ജിന്നയും മുസ്ലീം വർഗീയവാദികളും, (ഇന്നവർ രാഷ്ട്രീയ സ്വയം സേവക സംഘത്തിനെതിരെ അടിസ്ഥാനമില്ലാത്ത പ്രചരണം നടത്തുന്നതുപോലെ) ഗാന്ധിജിയെ വർഗീയ വാദിയെന്നു വിളിച്ചു കൊണ്ട് മുസ്ലീം ജനസമൂഹത്തിലെ  പാവപ്പെട്ടവരെയും അറിവു കുറഞ്ഞവരെയും തെരുവിലിറക്കി, കൃസ്ത്യൻ പാതിരിമാർ ഗാന്ധിജിയെ അന്തി കൃസ്തുവെന്ന് അധികാഷേപിച്ചു, 
  • ഗോഡ്സെയെന്ന പക്വതയില്ലാത്ത ക്ഷുഭിത വ്യക്തിത്വം മഹാത്മജിയെ വെടിയുണ്ടകൾക്കിരയാക്കി.  
പക്ഷേ അത്തരം വെല്ലുവിളികളെയെല്ലാം അതിജീവിച്ച് ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസമായി ഗാന്ധിജിയുടെ ആത്മാവ് മൃത്യുവിനെയും വിജയിച്ച് വിരാജിക്കുന്നു.
അതുകൊണ്ടു തന്നെ ഗാന്ധിജിയുടെ തിളക്കം ഉറപ്പാക്കുവാൻ വീര സവർക്കറെയോ നേതാജി സുഭാഷ് ചന്ദ്ര ബോസിനെയോ ഒന്നും ഇകഴ്ത്തേണ്ടിയില്ല.  
ബാപ്പുവിനേ രാഷ്ട്ര പിതാവെന്ന് ആദ്യം വിളിച്ചത് തന്നെ നേതാജിയായിരുന്നു. മാത്രമല്ലാ, രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ഒരു ഘട്ടത്തിൽ ജപ്പാൻ സഹായത്തോടെ ഇൻഡ്യാ നാഷണൽ ആർമി ബർമ്മ വഴി ഭാരതത്തിലേക്ക് ഇംഗ്ലീഷ് ശക്തികളെ പരാജയപ്പെടുത്തി കടന്നു കയറൂമെന്ന പ്രതീക്ഷ പടർന്നപ്പോൾ. അഭിമാനത്തോടെ ബോസ് ബാപ്പുജിക്കൊരു റേഡിയൊ സന്ദേശം അയച്ചു.  തന്‍റെ നേതൃത്വത്തിൽ പടപൊരുതി സ്വതന്ത്രയാക്കുന്ന ഭാരതത്തെ ഗാന്ധിജിയുടെ പാദങ്ങളിൽ സമർപ്പിക്കുമെന്നായിരുന്നു ആ സന്ദേശം.
ചുരുക്കത്തിൽ ഗാന്ധിജിയുടെ പേരിനെയും പെരുമയെയും അന്നും നേതാജി വെല്ലുവിളിച്ചിട്ടില്ല. 
നേതാജിയുടെ വീരസ്മരണകൾ വീറോടെ സ്മരിക്കുന്നത് ഇന്ന് അങ്ങനെ ഒരു വെല്ലുവിളികൾക്ക് ഇടം നൽകുമെന്ന് ഭയപ്പെടേണ്ട കാര്യവുമില്ല.  
പക്ഷേ ഗാന്ധിജിയുടെ പേരു പോലും സ്വന്തമാക്കി, അധികാരത്തിന്‍റെ  കുത്തകാവകാശം സ്വന്തമാക്കിയ കപട ഗാന്ധിയന്മാർക്ക് ചരിത്ര സത്യങ്ങളെ ഭയപ്പെട്ടേ തീരൂ.



(ലേഖകൻ ഭാരതീയ വിചാര കേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്. അഭിപ്രായങ്ങൾ വ്യക്തിപരം)

Raji Chandrasekhar :: പാടി വാഴ്ത്തുവാൻ

ചതിയും കുതന്ത്രവും 
          ജാഡയുമുണ്ടെങ്കിൽ
മതി, പാടി വാഴ്ത്തുവാൻ 
          ബന്ധുക്കളൊക്കെയും

Raji Chandrasekhar :: എന്റെ വേര്, എന്റെ മണ്ണ്, എന്റെ നാട്...


എന്റെ വേരെന്റെ മണ്ണെന്റെ നാട്...

എന്റെ വേരെന്റെ മണ്ണെന്റെ നാട്
എന്റെ നേരെന്റെ വിണ്ണെന്റെ നാട്
എന്റെ നോവെന്റെ നാവെന്റെ നാട്
എന്റെ നാവെന്റെ വാക്കെന്റെ നാട്
എന്റെ വാക്കെന്റെ കൂറെന്റെ നാട്

പൗരത്വമപരത്വമാക്കുന്ന പൗരന്റെ
പൗരത്വ,മസ്തിത്വ ചോദ്യം,
ആരെങ്ങു കൈയ്യൊപ്പു ചാർത്തുവാൻ, വേണ്ടെനി-
ക്കൂരിയ കത്തി പ്രമാണം...
(എന്റെ വേരെന്റെ മണ്ണെന്റെ നാട്)

കുങ്കുമം ചന്ദനം നിസ്കാരവും തീർത്ത
ചങ്കിന്റെ പാടുകൾ നമ്മൾ
പങ്കിട്ട പ്രാണന്റെ സ്വാദുകൾ, നോവുകൾ, 
തിങ്കൾച്ചിരി സ്നേഹനോമ്പും.

പൗരത്വമപരത്വമാക്കുന്ന പൗരന്റെ
പൗരത്വ,മസ്തിത്വ സാക്ഷ്യം.
ആരെന്തു കൈയ്യൊപ്പു ചാർത്തുവാൻ, വേണ്ടെനി-
ക്കാരെയും കൊല്ലും കലാപം..
(എന്റെ വേരെന്റെ മണ്ണെന്റെ നാട്)

നമ്മുടെയുള്ളിലും നന്മ ചുരത്തുന്നൊ-
രമ്മയെ നിത്യം സ്മരിക്കാം 
വർഗ്ഗീയ രാഷ്ട്രീയ വൈരം മറന്നിങ്ങു
സ്വർഗ്ഗീയ സൗഖ്യം നിറയ്ക്കാം.

പൗരത്വമപരത്വമാക്കുന്ന പൗരന്റെ
പൗരത്വമസ്തിത്വ ബോധ്യം.
ആരെന്നു കൈയ്യൊപ്പു  ചാർത്തുവാൻ, വേണ്ടെനി-
ക്കൂരിന്റെ കൂററ്റ നേട്ടം...
(എന്റെ വേരെന്റെ മണ്ണെന്റെ നാട്)



Jagan :: നാം അഭിനവ നാറാണത്തു ഭ്രാന്തൻമാരായി.



അങ്ങനെ കേരളം ഭ്രാന്താലയം ആണെന്ന് നാം ഇന്ന് രാവിലെ 11 മണിയോടെ ലോകത്തിനു മുന്നിൽ തെളിയിച്ചിരിക്കുന്നു.....!

കൊച്ചിയിൽ, മരടിലെ രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ നാം ആഘോഷപൂർവ്വം തകർത്തു. ശേഷിക്കുന്ന രണ്ട് എണ്ണം നാളെ തകർക്കും......!

'പൊളിപ്പൻ      കമ്പനികൾ ' കേരളത്തിൽ നിന്നും ഉടൻ മടങ്ങാൻ സാദ്ധ്യതയില്ല. കുട്ടനാട്ടിലെ കോപ്പി കോം റിസോർട്ട് പൊളിക്കാൻ സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടു കഴിഞ്ഞു......! ശേഷിക്കുന്നത് പിന്നാലെ.....!!   

വർഷങ്ങൾ നീണ്ട,  അനേകായിരം മനുഷ്യരുടെ അദ്ധ്വാനം, അനേകം കോടി രൂപയുടെ മുതൽമുടക്ക്, എല്ലാം വെറും അഞ്ച് നിമിഷങ്ങൾ കൊണ്ട് നിലംപൊത്തി. നാം അഭിനവ നാറാണത്തു ഭ്രാന്തൻമാരായി.

സ്വീകരണമുറിയിലെ ടെലിവിഷൻ സ്ക്രീനിൽ ആയിരുന്നെങ്കിലും
ഹൃദയഭേദകമായിരുന്നു സമൂല നശീകരണത്തിന്റെ ആ കാഴ്ച.  ഈയുള്ളവൻ വെറും സാധാരണക്കാരനായ അറുപഴഞ്ചൻ ആയതു കൊണ്ടായിരിക്കാം, ആരുടെ അദ്ധ്വാനത്തിന്റെ ഭലമാണെങ്കിലും, ബോധപൂർവ്വം അവ തകർക്കുന്നതു നേരിട്ടു കാണുമ്പോൾ ഒരു ഹൃദയവേദന......! പോട്ടെ, സാരമില്ല.....!!

നിയമവിരുദ്ധമായി നിർമ്മാണം നടത്തപ്പെട്ട കെട്ടിടങ്ങൾ തന്നെയാണ് തകർക്കപ്പെടുന്നത് എന്നത് വാസ്തവം.   നിയമങ്ങൾ പാലിക്കപ്പെടേണ്ടത് തന്നെയാണ്, തർക്കമില്ല.

ഈ വിഷയത്തിലെ ന്യായാന്യായങ്ങൾ നാം ഈ പംക്തിയിൽ വളരെ വിശദമായി മുൻപ് പ്രതിപാദിച്ചിട്ടുള്ളതിനാൽ അതിലേക്ക് കടക്കുന്നില്ല,              ഇനി അതിന്റെ ആവശ്യവും ഇല്ല. പക്ഷെ, ജനങ്ങളുടെ  ചില ന്യായമായ ചോദ്യങ്ങൾക്ക് അധികൃതരും നീതിപീഠങ്ങളും ഉത്തരം നൽകേണ്ടതുണ്ട്.
  • കെട്ടിട നിർമ്മാണത്തിന് നിലവിലുള്ള നടപടിക്രമങ്ങൾ അനുസരിച്ചും, ബഹു.കേരള l ഹൈക്കോടതി നൽകിയ അനുവാദം അനുസരിച്ചും നിർമ്മിച്ച ഈ ഫ്ലാറ്റുകൾ, സർക്കാരിനേയും കോടതിയേയും വിശ്വസിച്ച്, മുതൽ മുടക്കി വാങ്ങിയ ഫ്ലാറ്റുടമകൾക്ക് (അവർ കള്ളപ്പണക്കാരോ, കൊള്ളക്കാരോ, ഏത് മാഫിയയോ ആയിക്കോട്ടെ, ഈ രാജ്യത്തെ പൗരൻമാർ ആണല്ലോ ) അവർ ഒഴിപ്പിക്കപ്പെട്ടപ്പോൾ അർഹിക്കുന്ന ന്യായമായ നഷ്ട പരിഹാരം ഇനിയും ലഭിച്ചിട്ടില്ല. അതിനുള്ള നടപടികൾ ഇനിയും സ്വീകരിക്കാത്തത് എന്താണ്?
  • ജനസാന്ദ്രത ഏറിയ കൊച്ചിയിൽ ഇത്തരത്തിൽ സ്ഫോടനം നടത്തിയപ്പോൾ ആ പ്രദേശമാകെ അപകടകരമായ അളവിലുള്ള പൊടി പടലങ്ങളിൽ മുങ്ങിയത് നാം നേരിട്ടു കണ്ടു. അതിന്റെ പ്രത്യാഖാതം ആ പ്രദേശത്തെ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വന്ദ്യവയോധികർ വരെ അനുഭവിച്ചു തന്നെ തീരണം. അനേകം പേർ രോഗികൾ ആയി മാറും. നിരപരാധികളായ ഇവർ എന്ത് തെറ്റ് ചെയ്തിട്ടാണ് ഈ ദുർവിധി അനുഭവിക്കേണ്ടി വരുന്നത്? എന്ത് പരിഹാരമാണ് അധികൃതർക്ക് ഇതിന് നിർദ്ദേശിക്കാൻ ഉള്ളത്? ഏത് നീതിപീഠമാണ്, ഏത് സർക്കാർ ആണ് അവരുടെ ന്യായമായ ഈ ചോദ്യത്തിന് ഉത്തരം നൽകുന്നത്?
  • തകർത്തെറിയപ്പെട്ട ഈ ഫ്ലാറ്റ് സമുച്ചയങ്ങൾക്ക് സമീപം ധാരാളം വീടുകൾ നിലനിൽക്കുന്നുണ്ട്. അവയ്ക്ക് യാതൊരു കേടുപാടും ഉണ്ടാകാത്ത നിലയിലാണ് സ്ഫോടനം നടത്തുന്നത് എന്നും, ഇന്ന് നടന്നത് എന്നുമാണ് 'തകർക്കൽ വിദഗ്ധർ' അവകാശപ്പെടുന്നത്.
ഇത് ശരിയാണെന്നങ്കിൽ നല്ല കാര്യം........!
  • എന്നാൽ തകർക്കൽ നടപടികൾക്കായുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ പോലും സമീപ പ്രദേശങ്ങളിലെ വീടുകളുടെ ഭിത്തികളിൽ പൊട്ടലും, വിള്ളലും ഉണ്ടായതായി വാർത്താ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്നും നാളെയും ആയി തകർക്കൽ നടപടി കഴിയും. സമീപ പ്രദേശങ്ങളിലെ വീടുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് ഭാവിയിൽ നാം കാണാനിരിക്കുന്നേ ഉള്ളൂ. അത് ഇന്നോ നാളെയോ കാണാൻ കഴിഞ്ഞെന്നു വരില്ല. സ്ഫോടനം നടത്തിയ കമ്പനികളുടെ പൊടി പോലും അന്ന് കേരളത്തിൽ ഉണ്ടാകില്ല.
ഇത്തരം സാഹചര്യങ്ങൾ മുൻകൂട്ടിക്കണ്ട്, കേടുപാടുകൾ ഉണ്ടാകാൻ ഇടയുള്ള കെട്ടിടങ്ങളുടെ ഉടമകൾക്ക് ഇൻഷുറൻസ്, പുനരധിവാസ പദ്ധതികൾ മുതലായവയ്ക്ക്‌ രൂപം നൽകി പ്രഖ്യാപിക്കേണ്ട ഉത്തരവാദിത്തം ഒരു ജനകീയ സർക്കാരിന് ഉണ്ടാകേണ്ടതല്ലേ? അത്തരത്തിൽ ഒരു ഉൾക്കാഴ്ച
"കതിരിൻമേൽ വളം ഇടാൻ " ഉത്തരവിടുന്ന നീതിപീഠത്തിനും ഉണ്ടാകേണ്ടതല്ലേ?
പാലാരിവട്ടം മേൽപാലം ഉപയോഗശൂന്യമായതിന്റെ ബുദ്ധിമുട്ടുകൾ കൊച്ചി നിവാസികളും, കുണ്ടന്നൂർ - വൈറ്റില - പാലാരിവട്ടം -ഇടപ്പള്ളി വഴി യാത്ര ചെയ്യേണ്ടി വരുന്ന ഹതഭാഗ്യരായ ജനങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
തകർക്കപ്പെടുന്ന ഫ്ലാറ്റ് സമുച്ചയത്തിന് സമീപം ഒന്നിലധികം പ്രധാനപ്പെട്ട പാലങ്ങൾ ഉണ്ട്. കൊച്ചിയുടെ ഭൂരിഭാഗം പ്രദേശങ്ങളും ചതുപ്പ് നികത്തി രൂപപ്പെടുത്തിയിട്ടുള്ളതാണ്. ആയതിനാൽ, ഈ പ്രദേശത്തുള്ള പാലങ്ങൾക്കും, കെട്ടിടങ്ങൾക്കും വളരെ ചെറിയ പ്രകമ്പനങ്ങളിൽ പോലും കേടുപാടുകൾ സംഭവിക്കാനുള്ള സാദ്ധ്യത നമുക്ക് തള്ളിക്കളയാനാവില്ല. സ്ഫോടനം നടത്തിയാൽ, ഉടൻ തന്നെ അവ പ്രകടമാകണമെന്നും ഇല്ല.
നാളുകൾക്ക് ശേഷം കേടുപാടുകൾ പ്രകടമായാൽ, ഏത് നീതിപീഠം ആണ്, ഏത് സർക്കാർ ആണ് അവയ്ക്ക് പരിഹാരം കാണുന്നത്?
ആരാണ് ഇതിന് ഉത്തരം നൽകുന്നത്?
നിയമവിരുദ്ധമായി നിർമ്മിച്ചിട്ടുള്ള ഫ്ലാറ്റ് സമുച്ചയങ്ങൾ പരിസ്ഥിതിക്കും, കായലിലെ ആവാസവ്യവസ്ഥയ്ക്കും ഏൽപ്പിച്ചിട്ടുള്ള ആഘാതം പൂർണ്ണമായി പരിഹരിക്കണമെങ്കിൽ പ്രസ്തുത കെട്ടിടങ്ങൾക്കായി ഭൂമിക്ക് അടിയിലേക്ക് വളരെ ആഴത്തിൽ തീർത്തിട്ടുള്ള അസ്ഥിവാരം - കോൺക്രീറ്റു  പൈലുകൾ -
അടക്കം നീക്കം ചെയ്യേണ്ടതായിട്ടുണ്ട്.
എന്നാൽ ഭൂമിയുടെ ഉപരിതലത്തിന് മുകളിലുള്ള കെട്ടിട ഭാഗങ്ങൾ മാത്രമാണ് സ്ഫോടനത്തിലൂടെ തകർക്കപ്പെട്ടത് എന്നാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. അസ്ഥിവാരത്തെക്കുറിച്ച് ഒന്നും തന്നെ ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല. അതിനെ കുറിച്ച് എന്ത് വിശദീകരണമാണ് അധികൃതർക്ക് നൽകാനുള്ളത്?
നാളെ നടക്കാനിരിക്കുന്ന നിയന്ത്രിത സ്ഫോടനം കൂടി കഴിയുമ്പോൾ അനേകായിരം ടൺ കെട്ടിടാവശിഷ്ടങ്ങൾ ആണ് കൊച്ചിയിൽ           വൻകൂനകളായി അവശേഷിക്കുക.
കായലിലേക്ക് അവ പതിച്ചിട്ടില്ല എന്ന ഇന്നത്തെ അവകാശവാദം ശരിയാണോ എന്ന് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകുകയുള്ളൂ. ഈ അവശിഷ്ടങ്ങൾ എന്തു ചെയ്യാൻ ആണ് അധികൃതർ ഉദ്ദേശിക്കുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അത് അറിയാൻ ന്യായമായും ജനങ്ങൾക്ക് അവകാശം ഉണ്ടല്ലോ? ആരാണ് ഇതിന് ഉത്തരം നൽകുന്നത്?
ഫ്ളാറ്റ് സമുച്ചയങ്ങൾ തകർത്തു മാറ്റിയ സ്ഥലത്ത് പുതിയ കെട്ടിട നിർമ്മാണ അനുമതി വാങ്ങി, പുതിയ കെട്ടിടങ്ങൾ ഇനി ഉയരില്ല എന്ന് സർക്കാരിനും നീതിപീഠത്തിനും ഉറപ്പു നൽകാനാകുമാ? എല്ലാവരും കൂടി ഇപ്പോൾ കാട്ടിക്കൂട്ടിയത് ഭ്രാന്തിന്റെ ലക്ഷണങ്ങൾ അല്ല എന്ന് പൊതുജനങ്ങൾ വിശ്വസിക്കണമെങ്കിൽ ആ ഒരു ഉറപ്പെങ്കിലും സർക്കാരും നീതിപീഠവും നൽകേണ്ടതല്ലേ? അതിന് കഴിയുമോ?

കഴിഞ്ഞില്ല, ഇത്തരം അനേകം ചോദ്യങ്ങൾ ഉയരാനിടയുള്ള നാളുകളാണ് നമ്മുടെ മുന്നിൽ വരാനിരിക്കുന്നത്.
സംഭവിച്ചത് എല്ലാം നല്ലതിന്, ഇനി സംഭവിക്കാൻ ഇരിക്കുന്നും നല്ലതിന്
എന്ന് നമുക്ക് പ്രത്യാശിക്കാം.

നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥരും, അവരെ നിയന്ത്രിക്കുന്ന,  മാറി മാറി വരുന്ന സർക്കാരുകളെ നയിക്കുന്ന വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൻമാരും അഴിമതിയുടേയും, കോഴയുടെയും, സ്വജനപക്ഷപാതത്തിന്റെയും പിടിയിൽ അമരുമ്പോൾ, തടിച്ചുകൊഴുക്കുന്ന റിയൽ എസ്റ്റേറ്റ് മാഫിയകളുടെ ആർത്തി അതിർ കടക്കുമ്പോൾ, മുഴുവൻ സമയവും കൺതുറന്നിരിക്കേണ്ട നീതിദേവത കറുത്ത തുണിയാൽ കണ്ണുകൾ മൂടിക്കെട്ടി നിൽക്കുകയും, നടക്കാൻ പാടില്ലാത്തത് നിർവിഘ്നം നടന്നു കഴിഞ്ഞതിനുശേഷം മാത്രം, കൺ തുറന്ന് നിയമം നടപ്പാക്കാൻ വെമ്പൽ കൊള്ളുമ്പോൾ,  നമ്മുടെ നാട്ടിൽ ഇതും, ഇതുക്കുമേലേയും സംഭവിക്കും.

കരുതി ഇരിക്കേണ്ടത് നാം മാത്രമാണ്.
" കഴുതകൾ" എന്ന് വിളിച്ച് ആക്ഷേപിക്കപ്പെടുന്ന " പൊതു ജനം'' എന്ന നാം ....!

കാണാമറയത്ത് :
കഴിഞ്ഞ ദിവസം സർക്കാർ സംഘടിപ്പിച്ച സംരംഭക സംഗമത്തിൽ കേരളത്തിൽ  "നിയന്ത്രിത സ്ഫോടന കമ്പനി" മേഖലയിൽ മുതൽ മുടക്കാൻ ധാരാളം അപേക്ഷകർ മുന്നോട്ടുവന്നിട്ടുള്ളതായി റിപ്പോർട്ട്. ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിൽ ലാഭകരമായ പ്രവർത്തനം പ്രതീക്ഷിക്കാവുന്ന ഏക വ്യവസായ മേഖല ഇതാണ് എന്നാണ് വിലയിരുത്തൽ.......!!

Jagan :: ഇതിലും കനപ്പെട്ടത് എന്തോ വരാനിരിക്കുന്നു......!




ഇതിലും കനപ്പെട്ടത് എന്തോ വരാനിരിക്കുന്നു......!

പുതുവർഷത്തിന്‍റെ ആരംഭത്തിൽ തന്നെ നമ്മുടെ പൊതു ജനങ്ങളുടെ ജീവിതം കഴിയുന്നത്ര ദുസ്സഹവും, ദുരിത പൂർണ്ണവും ആക്കാൻ രാഷ്ട്രീയ കക്ഷികളും, അവരുടെ പോഷക സംഘടനകളും, വിദ്യാർത്ഥി സംഘടനകളും, തൊഴിലാളി യൂണിയനുകളും വളരെ ആവേശപൂർവ്വം രംഗത്തു വന്നിട്ടുണ്ട് എന്നുള്ളത് വളരെ അഭിമാനപൂർവ്വം നമുക്ക് ഓർക്കാം.

പൊതുപണിമുടക്ക്, പ്രമുഖരായ വിദേശ ടൂറിസ്റ്റുകളെ പോലും  തടഞ്ഞുവയ്ക്കൽ, സംരംഭകരുടെ നേർക്കുള്ള സ്പോൺസേർഡ് ഗുണ്ടാവിളയാട്ടം, നോക്കുകൂലിത്തർക്കങ്ങൾ  മുതലായ തിരക്കുകൾക്കിടയിലും, നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കുവാൻ
Investors Meet സംഘടിപ്പിക്കുന്നതിനുവേണ്ടി സമയവും, സമ്പത്തും ചെലവിടാൻ സർക്കാർ പ്രകടിപ്പിക്കുന്ന ഈ 'ആത്മാർത്ഥത'
ഉണ്ടല്ലോ............, അതു നാം കാണാതിരുന്നുകൂടാ..........!
"ഞങ്ങൾ ഇത്രയൊക്കെ ചെയ്തിട്ടും ഏതവനാടാ ഇനിയും ഇവിടെ മുതൽമുടക്കി സംരംഭകൻ ആകാൻ ധൈര്യം കാണിക്കുന്നത്......?"
എന്ന് കണ്ടെത്താനും, അവരെ കായികമായും മാനസികമായും ആക്രമിക്കാനുമുള്ള മുന്നൊരുക്കമായി വേണം ഇതിനെ കാണാൻ.......!!

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദിത്തമുള്ള സർക്കാരിനെ നയിക്കുന്ന മന്ത്രി പുങ്കവനോട് പരാതി പറഞ്ഞാൽ പോലും രക്ഷയില്ലാത്ത കാലം........!

അദ്ദേഹത്തിന്റെ വീക്ഷണത്തിൽ,
"അതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ ആണ്, സാരമില്ല.''
എന്താ ചെയ്ക?
മനസ്സിലായില്ലേ.....?

അപ്പോൾ ഇതിലും കനപ്പെട്ടത് എന്തോ വരാനിരിക്കുന്നു......!
ജാഗ്രതൈ........!!

Aswathy P S :: പ്ലൂട്ടോയുടെ പുറകേ




പ്ലൂട്ടോയുടെ പുറകേ
--------------------------------

പുറത്താക്കൽ എന്നത് എന്നും വേദനാജനകവും അപമാനദായകവുമാണ്, എത്ര തന്നെ വ്യക്തമായ വിശദീകരണങ്ങൾ അകമ്പടിസേവിച്ചാലും ശരി. ഏറ്റവും ചെറിയഗ്രഹം എന്ന സിംഹാസനത്തിൽ ആഢ്യത്വത്തോടെ വിരാജിച്ചിരുന്ന പ്ലൂട്ടോ ഒരു ക്ഷുദ്രഗ്രഹമായി മുദ്രകുത്തപ്പെട്ട് ഗ്രഹപ്പട്ടികയിൽ നിന്നും തലകുനിച്ചു കൊണ്ടാണ് പടിയിറങ്ങിയത്.തികച്ചും അചേതനമെന്നു കരുതപ്പെടുന്ന ഒരു പ്രാപഞ്ചിക വസ്തുവാണെന്നിരിക്കിലും ശരിക്കും ദയനീയമായ ഒരു പുറത്താക്കൽ തന്നെയായിരുന്നു അത്.

ചില മാനദണ്ഡങ്ങൾ മറികടക്കാൻ...  ചില ശാസ്ത്രാടിസ്ഥാനങ്ങൾക്ക് അടിവരയിടാൻ കഴിയാതെ പോയവൻ പ്ലൂട്ടോ. അതേ പ്ലൂട്ടോയെ തന്റെ തൂലികത്തുമ്പിലൂടാവാഹിച്ച് അന്തസായ ഒരു സ്ഥാനാരോഹണം നടത്തിയിരിക്കുകയാണ് അനു. പി. നായർ, പ്ലൂട്ടോ എന്ന തന്റെ കഥയിലൂടെ

കാര്യം ഇവിടെയും തിരസ്കരിക്കപ്പെട്ടവനും കുഞ്ഞനും കുറിയവനുമൊക്കെയായിട്ടാണ് ചിത്രീകരണമെങ്കിലും, നമ്മുടെ കഥാനായകന്റെ അപരൻ എന്നത് ഒരു ചെറിയ കാര്യമായി കാണാൻ കഴിയുന്നതല്ലല്ലോ!


തുടക്കത്തിൽ ഏറെക്കുറെ ഒരു ഗ്രീക്ക് പശ്ചാത്തലത്തിലൂടെയും മാസിഡോണിയൻ  കഥാകഥന ശൈലിയിലൂടെയുമെല്ലാം നമ്മെ നടത്തുന്ന കഥാകാരൻ പെട്ടെന്നാണ് ഏറെ സുപരിചിതരായി തോന്നാവുന്ന ചിലർക്കിടയിലൂടെ യാത്രയുടെ ഗതി തിരിക്കുന്നത്. പക്ഷേ ക്ഷണനേരത്തിലുണ്ടായ ഈ കൂടുമാറ്റം ബുദ്ധിജീവികളെന്ന് സ്വയം അവകാശപ്പെടാത്ത ഏതൊരു ശരാശരി വായനക്കാരനും ആസ്വദിക്കും

രാമൻ നായരും ഭാരതിയമ്മയും സത്യശീലനുമൊക്കെ നേരിയ രൂപവ്യത്യാസങ്ങളോടെയും... അവരുടെ വാക്കുകളും പെരുമാറ്റങ്ങളുമൊക്കെ ഏറ്റക്കുറച്ചിലുകളോടെയും നമ്മുടെ മുന്നിലൂടെയോ പിന്നിലൂടെയോ അതുമല്ലെങ്കിൽ ഏതെങ്കിലും വശങ്ങളിലൂടെയെങ്കിലും കടന്നുപോയിട്ടുണ്ടാകും. കഥാരംഭത്തിൽ തന്നെയുള്ള ആ രംഗമാറ്റം നമ്മെ അലോസരപ്പെടുത്താതിരുന്നതും അതുകൊണ്ടുതന്നെയാകാം.

അപൂർണ്ണവും അസത്യവുമായ അക്ഷരങ്ങൾ കുത്തിനിറച്ച് പ്രചാരം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന പത്ര മാധ്യമങ്ങളുടെ പ ത്തിക്കിട്ടൊരു പ്രഹരം നൽകിക്കൊണ്ടാണ് കഥാകൃത്ത് പ്ലൂട്ടോയുടെ തിരോധാന വിശേഷങ്ങളിലേക്ക് നമ്മെ നയിക്കുന്നത്.

''മകനെ മനസ്സിലാക്കാത്ത അച്ഛന്റെ, അച്ഛനെ മനസ്സിലാക്കിയ മകൻ... " വിശാലമായ ആശയസാഗരത്തെ ശക്തമായ വാഗ് മുത്തുകളാക്കി ചെപ്പിലൊളിപ്പിച്ച മാന്ത്രികത. മികവാർന്ന എഴുത്തിന്റെ മാനദണ്ഡങ്ങളിൽ മുഖ്യമല്ലേ ഈ മാന്ത്രികത! ആശയ ബാഹുല്യവും അക്ഷരബാഹുല്യവും വിപരീത അനുപാതത്തിലാക്കി, മൂന്ന് വാക്കുകൾ കൊണ്ട് മുന്നൂറ് വസ്തുതകൾ വിനിമയം ചെയ്യാനുള്ള കഴിവ്... അക്ഷരങ്ങളെ വരുതിയിൽ നിർത്താനുള്ള മിടുക്ക്.

പ്ലൂട്ടോയിലെ ആഖ്യാനരീതി എടുത്തു പറയേണ്ടതാണ്. പരമ്പരാഗതമായി പരിചയിച്ചുവന്ന കഥപറച്ചിലിനായി ഇവിടെ തെരഞ്ഞിട്ട് കാര്യമില്ല

കഥയുടെ മുഖ്യധാരയിൽ നിന്ന് വേറിട്ടു നിൽക്കുന്ന ചില കഥാപാത്രങ്ങൾ - സ്കൂൾ ശിപായി മുരുകനും എൽ.ഐ.സി ഏജന്റ് സുന്ദരവും കളക്ട്രേറ്റിൽ ജോലിചെയ്യുന്ന ഹരികൃഷ്ണനും കോൺസ്റ്റബിൾ പപ്പു കുമാറും എസ്.ഐ ശിവരാമുമൊക്കെ ബോധപൂർവ്വം മെനഞ്ഞെടുക്കപ്പെട്ടവരാണെന്നാലും പ്ലൂട്ടോയുടെ ജീവിതത്തിരശീല അങ്ങുമിങ്ങും തെല്ലിളക്കുവാൻ വീശിയ ഇളം തെന്നലായി വായനക്കാരന്റെ മനസ്സിൽ ഇടം പിടിക്കുന്നുണ്ട് ഇവരോരോരുത്തരും

കഥാന്ത്യത്തോടടുക്കുമ്പോൾ അക്ഷരങ്ങൾ ഒരുപാടു കേട്ടു പഴകിയ ക്ലീഷേ ക്ലൈമാക്സിനു വഴങ്ങിക്കൊടുക്കുന്നുവെന്നത് ഒരിക്കലും അംഗീകാരം അർഹിക്കാത്ത അരസികനിരൂപണം മാത്രമാണ്. കഥയിലെ ഈയൊരേടിന് ചിലപ്പോൾ അവകാശികൾ ഏറെയുണ്ടാകാം, പക്ഷേ... വെറും വായനക്കാരനെ ആസ്വാദകനാക്കി മാറ്റാൻ കെൽപുള്ള ഈ ആഖ്യാനരീതിക്ക് അവകാശി ഒന്നുമാത്രം.

കഥയിൽ നിന്നും കഥാകാരനിലേക്ക് .....

മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ കഴിയുക എന്നത് എല്ലാവരാലും സാധ്യമായ ഒന്നല്ല.സംഭവം നല്ലതായാലും മോശപ്പെട്ടതായാലും എന്നും എപ്പോഴും ഒരാളുടെ കണ്ണും കരളും ഉടക്കുന്നത് പ്രഥമദൃഷ്ടിയിൽ 'വ്യത്യസ്തത' എന്ന വിസ്മയം ഉളവാക്കുന്ന ഒന്നിലായിരിക്കും. മലയാള മാസികയുടെ വരാന്തയിൽ കൂടി മാത്രം ചുറ്റി നടക്കുന്ന ഒരാളുടെ ചടുലമായ ചുവടുകൾക്ക് ചങ്ങലയിട്ട് തന്റെ സൃഷ്ടികളിലേക്ക് വലിച്ചടുപ്പിക്കുന്ന മാസ്മരികത നെല്ലിമരച്ചോട്ടിലെ പ്രിയ സുഹൃത്തിനു മാത്രം സ്വന്തം.

വരാന്തയിൽ വച്ചു തന്നെയുള്ള ഈ വശീകരണത്തിനു കാരണം അനുവിന്റെ ജീവിതഗന്ധിയായ വാക്കുകൾക്കും വിശദീകരണങ്ങൾക്കുമപ്പുറം, നൽകുന്ന വ്യത്യസ്തതയാർന്ന  തലക്കെട്ടുകൾ തന്നെയെന്ന സത്യം തുറന്നു പറയട്ടെ. ചുണ്ടിൽ ചിരിപടർന്നുവെങ്കിൽ യോജിക്കുവെന്ന് സമ്മതിക്കാതെ നിവൃത്തിയില്ല. സൈക്കോളജിക്കൽ മൂവ് എന്നോ ബുദ്ധിപരമായ നീക്കമെന്നോ പറഞ്ഞു കേട്ടാൽ പരാമർശിക്കപ്പെട്ടയാൾ പരിഭവിക്കേണ്ട കാര്യമില്ല. ഉള്ളിലെ നിലവറകളിൽ ഇനിയെത്ര അമൂല്യമായ അക്ഷരമുത്തുകളും ആശയവൈരങ്ങളും ഉണ്ടെന്നു പറഞ്ഞാലും അവ തിരിച്ചറിയപ്പെടണമെങ്കിൽ ഉളളിലേക്കു കയറുക തന്നെ വേണം. അത്തരത്തിൽ ഈ എഴുത്തുകാരന്റെ ശീർഷകങ്ങൾ വിജയക്കൊടി പാറിക്കുക തന്നെയാണ്.

ഈ പേനയിൽ നിന്നുരുവം കൊള്ളുന്ന എല്ലാ സൃഷ്ടികളിലും ആത്മാംശം സ്ഫുരിക്കുന്നത് ആകസ്മികം മാത്രം എന്ന തോന്നലില്ല.

കടൽ എപ്പോഴും പ്രക്ഷുബ്ധതയുടെ പ്രതിരൂപമാണ്. കടലിലെ തിരമാലകളുടെ സ്രഷ്ടാവും ഈ പ്രക്ഷുബ്ധത തന്നെ. ശാസ്ത്രാന്വേഷികൾക്ക് മർദ്ദവ്യത്യാസവും സാഹിത്യ ലോകത്ത് അശാന്തിയുമാണ് തിരയൊടുങ്ങാത്ത കടലിനു വിശദീകരണമാവുന്നത്. മനസ്സിലേൽക്കുന്ന മർദ്ദവും മർദ്ദനവുമെല്ലാം സാഹിത്യസൃഷ്ടികൾക്ക് ജൻമം നൽകാറുണ്ട്. ഇവിടെയും എഴുത്തുകാരന്റെ ഒഴിയാതൂലികയിൽ നിത്യം മഷി നിറക്കുന്നത് മനസ്സിലും മസ്തിഷ്കത്തിലും ആഞ്ഞടിക്കുന്ന തിരമാലകളാകാം. പ്ലൂട്ടോയുടെ കഥയും വിഭിന്നമല്ല എന്നതാണ് വായനയുടെ ഓരോ ഇടവേളയിലും വെളിപ്പെടുന്നതെങ്കിലും മറിച്ച് ചിന്തിക്കുവാൻ തന്നെയാകും ഓരോ വായനക്കാരനും നിഗൂഢമായി ആഗ്രഹിക്കുന്നത്.


Raji Chandrasekhar

Anu P Nair :: മക്കൾ രാജ് അത് ഞാൻ സമ്മതിക്കില്ല


Photo by Bundo Kim on Unsplash

മക്കൾ രാജ് അത് ഞാൻ സമ്മതിക്കില്ല


പ്രിയപ്പെട്ട എഡിറ്റർ,

കുറച്ചു നാളായി താങ്കൾക്ക് എഴുതണം എന്ന് കരുതുന്നു . നടക്കുന്നില്ല.

മനസ് സ്വസ്ഥമല്ല . എന്തെല്ലാം പ്രശ്നങ്ങളാണ് ലോകത്ത്.

ഉള്ളി വില, പൗരത്വ ബില്ല്, പുതിയ ഡിഫൻസ് ചീഫിന്റെ നിയമനം. എല്ലാത്തിനും ഞാൻ വേണമെന്ന് വാശി പിടിച്ചാൽ എന്നാ ചെയ്യാനാ. എനിക്കാണേൽ വ്യക്തിപരമായ പ്രശ്നങ്ങൾ തന്നെ ഒത്തിരിയുണ്ട്.

അമ്മയ്ക്ക് ഹൈ ബി പി യാ ണ്. ആശുപത്രിയിൽ കാണിച്ച് മരുന്ന് മേടിച്ച് കൊടുത്തു. കഴിക്കണ്ടേ ? ഒരു മാസത്തേക്കു വാങ്ങിക്കൊടുത്താൽ ചിലപ്പോൾ രണ്ട് മാസമെടുത്ത് തീർക്കും . അല്ലെങ്കിൽ രണ്ടിന്റന്ന് എടുത്ത് അയ്യത്ത് കളയും. ചിലപ്പോൾ ഞാൻ വാങ്ങി കൊടുക്കുന്നത് കൊണ്ടാവും. മ്മള് ഗൾഫ് കാരനല്ലല്ലോ !!

പിന്നെ ഇതിന്റെയെല്ലാമിടയില് രണ്ട് മൂന്ന് വർഷമായി വെള്ളമൊഴിച്ച് നട്ട് വളർത്തിയ ഒരു സ്വപ്നം തകർന്നു !! പതിനാറായിരത്തി എട്ടിൽ ഇനി ആരും ഇല്ല .

ഇനി പറ എഡിറ്ററേ ഇത്രേം പോരെ മനസ്സ് തകരാൻ. എന്തിന് എഴുതുന്നു ? എന്തിന് ജീവിക്കുന്നു ?

പിന്നെ കരുതി എഴുതാം . ഒന്നാമതായി ന്യൂ ഇയറല്ലേ. രണ്ടാമതായി താങ്കൾ എനിക്ക് പകരം സ്വന്തം മകനെ കളത്തിലിറക്കിയതറിഞ്ഞു. വേണ്ട വേണ്ട. അതു വേണ്ട. മക്കൾ രാജ് അത് ഞാൻ സമ്മതിക്കില്ല !!

ന്യൂ ഇയർ. അതെ 2020 ആകാൻ ഇനി അഞ്ച് മണിക്കൂർ മാത്രം . ഈ നൂറ്റാണ്ടിന്റെ ആദ്യത്തെ ഇരുപത് വർഷങ്ങൾ . 2000 ൽ നിന്ന് 2020ൽ എത്തുമ്പോൾ ഉണ്ടായ പ്രധാന മാറ്റം വാർത്താവിനിമയ രംഗത്തായിരുന്നു .

2000 ൽ ഞാൻ എട്ടിലൊക്കെ പഠിക്കുമ്പോൾ അച്ഛന് കത്തെഴുതുമായിരുന്നു . ഇന്ന് ഒരു എട്ടാം ക്ലാസ്സ്കാരൻ ഗൾഫിലുള്ള അവന്റെ അഛന് കത്തയക്കുമോ ? ഇല്ല. വാട്സ് ആപ്പ് കാവിൽ ഭഗവതിയാണേ സത്യം.

ടി വി കാണുക ആ കാലത്ത് ഒരു ഹരമായിരുന്നു . സ്മാർട്ട് ഫോൺ വാങ്ങിയ ശേഷം എങ്ങനെയോ ആ ശീലമങ്ങ് കുറഞ്ഞു. പണ്ട് ഒരു ദിവസം ഫുൾ ഒക്കെ ടീവിടെ മുന്നിൽ ഇരുന്നിട്ടുണ്ട്.

-'' അതിനിത്തിരി റെസ്റ്റ് കൊടുക്കെടാ . ചൂടൊന്നാറട്ടേ '' എന്ന് അമ്മയോ അമ്മാമ്മയോ ശകാരിക്കും.
''ചൂടാറാൻ കുറേ വെള്ളം കോരി ഒഴിച്ചേക്കാം'' എന്നാവും എന്റെ തർക്കുത്തരം .

എന്തോ എനിക്ക് ടി വി ഒരു അഡിക്ഷനായിരുന്നു. ഇന്നത്തെപ്പോലെ ടി വി എന്റെ കുട്ടിക്കാലത്ത് സർവ്വസാധാരണമായിരുന്നില്ല. ഞങ്ങളുടെ ചുറ്റുവട്ടത്ത് രണ്ട് വീടുകളിൽ മാത്രമാണ് ടി വി ഉണ്ടായിരുന്നത്.

കരുണാകരൻ മാമന്റെ വീട്ടിൽ കളർ ടിവിയും ലളിത കുഞ്ഞമ്മേടെ വീട്ടിലെ ബ്ലാക്ക് ആൻഡ് വൈറ്റും . ഈ രണ്ടു വീടുകളിലേയും മുകളിൽ ടെലിവിഷൻ ആന്റിന ഗമയോടെ മാനം നോക്കി നിന്നിരുന്നു.

വ്യാഴാഴ്ച്ചകളിലെ ചിത്രഹാറും വെള്ളിയാഴ്ച്ചകളിലെ ചിത്രഗീതവും കേൾക്കാൻ പോകുന്നത് ലളിത കുഞ്ഞമ്മേടെ വീട്ടിൽ. ചിത്രഗീതമാണ് എനിക്ക് കൂടുതൽ ഇഷ്ടം. യേശുദാസിനെക്കാൾ പ്രിയം എം ജി ശ്രീകുമാറിനോട്.

''പൂനിലാമഴ പെയ്തിറങ്ങിയ ....'' എന്ന് തുടങ്ങുന്ന ഒരു പാട്ടുണ്ട്. അതായിരുന്നു ഫേവറേറ്റ്.

ഞാറാഴ്ച്ച നാല് മണി ആകുമ്പോഴേയ്ക്കും കരുണാകരൻ മാമന്റെ വീട്ടിലെത്തും. സിനിമ കാണാൻ. മോഹൻലാലിനെക്കാളും മമ്മൂട്ടിയെക്കാളും അന്നിഷ്ടം സുരേഷ് ഗോപിയോടായിരുന്നു.  (അന്ന് അദ്ദേഹം നടൻ മാത്രം ആയിരുന്നു )

ഈ മാറ്റം ഇന്നത്തെ തലമുറ സമ്മതിക്ക പോലും ചെയ്യില്ല . ടി വി കാണാൻ ഞായറാഴ്ച്ച ആവണേ എന്ന് പ്രാർത്ഥിച്ച കാലത്തെക്കുറിച്ച് ചിലപ്പോഴൊക്കെ ക്ലാസ്സിൽ പറയും . കുട്ടികൾ തിരിച്ച് ചോദിക്കും

''സാറിന്ന് പുട്ടാണോ കഴിച്ചത് ?''

ങ്ഹാ അപ്പോ പത്രാധിപരെ തത്ക്കാലം ഇത് മതി. വിഷമം വരുന്നു . എന്നാലും ഓള് പോയല്ലോ, എന്നാലും ഈ അമ്മ മരുന്ന് കഴിക്കുന്നില്ലല്ലോ ? ഉളളീട  വെല എന്തായോ എന്താ ?
ഭ്രാന്താകുന്നു
.
താങ്കൾക്കും ശുഭ ടീച്ചറിനും കൂട്ടികൾക്കും ഒരു അടിപൊളി വർഷം ആശംസിക്കുന്നു .

സ്നേഹം
അനു പി


--- നെല്ലിമരച്ചോട്ടില്‍

Sidheek Subair :: ചികിൽസ


Photo by Steve Johnson on Unsplash

ചികിൽസ

"സംഹരിക്കാനാകാത്ത
വേദനയിൽ,
നീറ്റുന്ന
സങ്കടത്തീക്കടലിൽ...

വേദനയൊക്കെയടക്കും
മരുന്നായ്,
വീണ്ടെടുക്കും നിന്നെ
എന്നു പൊന്നേ?

വരുമാദിനമാണോമലേ,
 വാഴ്വിൻ വരമാം
'വേദന സംഹാരി '.

--- Sidheek Subair
01-01-2020