15 August 2020

Parvathy Bhuparthy :: തുടി കൊട്ടുന്ന പ്രണയം
പ്രണയത്തെ   അതിന്റെ തനിമയൊട്ടുംതന്നെ കളയാതെ വർണ്ണിച്ചിരിക്കുകയാണ് നമ്മുടെ പ്രിയ കവികളായ രജി ചന്ദ്രശേഖർ എന്ന നമ്മുടെ മാഷും ആശ രാജനും . 

കവിതയുടെ ആദ്യ ഭാഗങ്ങളിലെ വരികൾ മാഷിന്റെയാകുന്നു. എന്നാൽ അതിന്റെ അന്തസത്ത ശ്രീമതി ആശയുടേതാണ് . മാഷ് പ്രണയത്തിന്റെ ഭംഗിയാർന്ന പുറംതോടിനെയാണ് 

വർണിച്ചതെങ്കിൽ ശ്രീമതി ആശയതിന്റെ വൈകാരികത നിറഞ്ഞ ഹൃദയത്തെയാണ് വിശദീകരിച്ചിരിക്കുന്നത്.  ജീവിതത്തിലെ യാഥാർഥ്യങ്ങളെയും മോഹങ്ങളെയും അതിന്റെ തീവ്രതയേയും കവിതയുടെ ആദ്യ ഭാഗത്ത് അതിമനോഹരമായി വർണിക്കപ്പെട്ടിട്ടുള്ളത് ഏതൊരു വായനക്കാരൻ്റെയും മനസ്സുലയ്ക്കും.

 തുടക്കത്തിൽ നമുക്ക് കാണാൻ കഴിയുന്നത് കവിയുടെ തുടിക്കുന്ന മനസ്സിൽ തുടികൊട്ടിപ്പാടുന്ന മോഹങ്ങളെയും ഓർമ്മകളെയുമാകുന്നു. അവിടെ കവി, തന്റെ  തിരക്കാർന്ന ജീവിതത്തിലും  

പ്രാണനാഥയോടുള്ള  തന്റെ പ്രണയമാണ് വർണിക്കുന്നത്. സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞ വരികളായവയെ കണക്കാക്കാം എന്ന് പറയുന്നതിൽ ഞാൻ തെറ്റു കാണുന്നില്ല. കാരണം തിരക്കാർന്ന ഇന്നത്തെ ജീവിതത്തിൽ സ്വന്തം കുടുംബത്തിന്റെ കൂടെ കുറച്ചു സമയം ചിലവഴിക്കാൻ വളരെയധികം കഷ്ടപ്പെടുന്നുണ്ട്, 

"എനിക്ക് ഒന്നിനും സമയമില്ല" എന്ന പതിവു വാക്യത്തിൽ  നിന്നുതന്നെ ഇത് സ്പഷ്ടമാണ്. 

അവിടെയാണ് നമ്മുടെ കവിഹൃദയം തുടിക്കുന്നത്. അങ്ങനെപിടയ്ക്കുന്നയോരോ ഹൃദയത്തിന്റെയും ശബ്ദമാണ് ഈ വരികളിലൂടെ നമ്മൾ ഏവരുടെയും കാതുകളിൽ പ്രതിധ്വനിക്കുന്നത്. ഈ ഘട്ടത്തിലാണ് കവി സ്വന്തം 

പ്രാണനാഥയോടുള്ള പ്രണയം എങ്ങനെയായിരിക്കണം എന്ന്  വെളിപ്പെടുത്തുന്നത്. 


പ്രണയത്തിന്റെ ചില സ്വകാര്യത നിറഞ്ഞ  നിമിഷങ്ങളെ അതിമനോഹരവും ഭവ്യവുമായി കവി വർണിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാൻ പറ്റുന്നയൊന്നാണ്. രജി മാഷിന്റെ വരികൾ.

അതവസാനിക്കുമ്പോൾ അവിടെ മറ്റൊരു കാര്യം തുടങ്ങുന്നു, ശ്രീമതി ആശാ രാജൻ്റെ വായനക്കാരെ അതിവമായി വൈകാരികത നിറച്ചും ചിന്തിപ്പിച്ചുമുള്ള മാന്ത്രികമായ വരികൾ. 

അവിടെ കവയിത്രി ഇങ്ങനെ പ്രസ്താവിക്കുന്നു ; യൗവനത്തിലെ അപക്വമായ ഒട്ടുമിക്ക പ്രണയങ്ങളും ശാരീരിക സൗന്ദര്യത്തെ ചുറ്റിപ്പറ്റിയുള്ളതാവും, തന്റെയും അങ്ങനെ തന്നെയാണെന്ന് കവി അഭിപ്രായപ്പെടുന്നു. എന്നാൽ അങ്ങനെയുള്ള മിക്ക പ്രണയങ്ങളും ഞാണിന്മേൽ കളിയാവാനാണ് ഏറെ സാധ്യത. പക്ഷേ നമ്മുടെ കവിയുടേത്  അങ്ങനെയൊന്നായിരുന്നില്ല. തനുവിനെ മോഹിച്ചായിരുന്നാലും അവർ അന്യോന്യം  വളരെയേറെ മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് കവി ചൂണ്ടിക്കാട്ടുന്നത്. പരസ്പരാവബോധമാണ് ഏതൊരു പ്രണയത്തിന്റെയും  അടിവേരെന്ന്  പറയാതെ പറഞ്ഞു കൊണ്ട് കവി മുന്നോട്ടുപോകുന്നു. 

യൗവനം പകുതിയായ  വേളയിൽ അവർക്ക് മനസ്സിലായി അവർ ഇരുവരും സ്നേഹിച്ചത് രണ്ടു ശരീരങ്ങളെയല്ല  മറിച്ച് മനസ്സുകളെയായിരുന്നുയെന്ന്. അങ്ങനെ വർഷങ്ങൾ കടന്നുപോയി കൊണ്ടിരിക്കെ അവരുടെ  മനസ്സുകൾ അഗാധമായി പ്രണയിച്ചു, പരസ്പരം അവർ മനസ്സുകൾ പങ്കുവച്ചു. അങ്ങനെ പ്രണയത്തിന്റെ ഒരു പിടി നല്ലയോർമ്മകൾ പേറിയവർ വാർദ്ധക്യാവസ്ഥയുടെ മദ്ധ്യേന  നിൽക്കുമ്പോഴും അവരുടെ മനസ്സിൽ നിറഞ്ഞ പ്രണയത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്ന് സ്പഷ്ടമാക്കുകയാണ് മുമ്പോട്ടുള്ള വരികൾ. 

മരണം കാത്തു കിടക്കുന്ന തന്റെ പ്രാണനാഥയെ വിധിയുടെ കരങ്ങളിലേക്ക് വലിച്ചെറിയാൻ ആ വൃദ്ധന് ഒട്ടുംതന്നെ ആഗ്രഹമുണ്ടായിരുന്നില്ല. തന്റെ പ്രാണനാഥയെ  അവളുടെ അവസാനശ്വാസംവരെ പ്രണയിക്കണമെന്ന് ആ വൃദ്ധമനസ്സിലെവിടെയോ അലയടിക്കുന്ന തന്റെയോർമ്മകൾ പ്രചരിപ്പിക്കുന്നതായി വായനക്കാരുടെ മനസ്സിൽ തോന്നിപ്പിക്കുന്നതിൽ  കവയത്രി വിജയിച്ചിരിക്കുന്നു. മരണക്കിടക്കയിൽ കിടക്കുന്ന തന്റെ പ്രണയിനിയെ വാത്സല്യത്തോടെ തലോടുന്ന വൃദ്ധനയാണ് പിന്നെ നമ്മൾ കാണുന്നത്. എന്നാൽ ഇതെല്ലാം ഏറ്റുവാങ്ങി മരണത്തെ മുന്നിൽ കണ്ടുകൊണ്ട് കിടക്കുന്ന തന്റെ പ്രണയിനിയുടെയുള്ളം  തുടിക്കുന്നത് തന്റെ  പ്രാണനാഥനിൽ നിന്നുമിങ്ങനെ കേൾക്കുവാനായിരുന്നുയെന്ന് കവി പറയുന്നു ; "പ്രണയമായിരുന്നില്ല നീ എനിക്ക്, പ്രാണനായിരുന്നു സഖീ"എന്ന്. തന്റെ മനസ്സിനെ തൊട്ടറിഞ്ഞ പ്രാണനാഥവൾക്കുവേണ്ടിയതു ചെയ്യുമെന്ന് അത്രയധികം വിശ്വാസത്തിലാണ് അവർ മരണത്തിലോട്ട്  വഴുതി വീഴുന്നത്. 

ഇവിടെ പ്രണയം മരിക്കുന്നില്ല. പ്രപഞ്ചത്തിൽ ഒരിടത്തും പ്രണയം മരിക്കുന്നില്ല, മരിക്കുന്നത് മനുഷ്യമസ്തിഷ്ക്കമാകുന്നു. പ്രണയമുള്ള ഒരു ഹൃദയവും തന്റെ മസ്തിഷ്കത്തെ മരവിപ്പിക്കുന്ന മരണവേദനയനുഭവിക്കാൻ വിട്ടുകൊടുക്കുകയുമില്ല. 

പ്രണയം ഒരിളം കാറ്റ് പോലെയാണ്. ആരാലും കാണാൻ സാധിക്കുകയില്ല, അതിന്റെ ഉറവിടവും  കണ്ടുപിടിക്കാനാവില്ല. എന്തിനേറെ അതിന്റെ ദിശ കൃത്യം പറയാൻ പോലും സാധിക്കുന്നില്ല. പ്രണയവും തത്തുല്യം, അതിനെ അനുഭവിക്കാൻ മാത്രമേ കഴിയുകയുള്ളൂ. എങ്ങനെയാണ് ചുട്ടുപൊള്ളുന്ന മനുഷ്യമനസ്സുകളെ തളിരിളം കാറ്റ് തലോടുന്നത് അതുപോലെയാണ് പ്രണയവും. 

അതിമനോഹരമായി നമുക്ക്  പ്രണയത്തിന്റെ  കാലഭേദങ്ങൾ താണ്ടിയുള്ള അനുഭൂതി പകർന്നുനൽകിയിരിക്കുകയാണ് ഈ കവിതയിലൂടെ പ്രിയ കവികളായ രജി മാഷും ആശ രാജനും. പ്രണയത്തിന്റെ മാന്ത്രിക വരികളുടെ മടിത്തട്ടിൽ ഒരു കവിത കൂടി.

ഇനിയുമേറെ കവിതകൾ ഇരുവരിൽ നിന്നും പ്രതീക്ഷിക്കുന്നു.

Parvathy Bhuparthy

Seena Navas :: കരുതലിൻ്റെ ആശയാവിഷക്കാരങ്ങൾരജി ചന്ദ്രശേഖർ എന്ന 'രജി മാഷ്' തന്റെ വരികളിലെന്നും പ്രണയ ഭാവം കെടാതെ സൂക്ഷിക്കുന്നു. അദ്ദേഹത്തിന്റെ പ്രണയ വരികളോട് ചേർന്നെഴുതിയ 75 എഴുത്തുകാരുടെ രചനകൾ പ്രണയത്തിന്റെ വിവിധ തലങ്ങളെ സ്പർശിക്കുന്നു.

ജീവിതത്തിലെ എല്ലാ തിരക്കുകൾക്കുമിടയിലും പ്രിയതമയോടൊത്ത് ചെലവഴിക്കുന്ന ചില സുന്ദര നിമിഷങ്ങളാണ് മാഷിന്റെ പ്രണയ വരികളായി ചിതറിത്തെറിച്ച് ഓരോ മനസ്സിലും കുടിയേറിയത്. പ്രണയം അന്യമായിപ്പോകുന്ന യാന്ത്രിക ജീവിതത്തിലെ ഓട്ടപ്പാച്ചിലുകൾക്കിടയിലും, കുറച്ചു നേരം പ്രിയപ്പെട്ടവളെ ചേർത്ത് നിർത്തി കവിളിൽ ഉമ്മ നൽകി കാതിൽ പതിയെ പ്രണയം പറയുന്ന  'ഒരുവന്റെ' കരുതലിന്റെ മനസ്സാണ് മാഷിന്റെ വരികൾ പങ്കുവച്ചത്.

അതേ കരുതലിന്റെ ഭാവനാപൂർണ്ണങ്ങളായ ആശയാവിഷ്ക്കാരങ്ങളാണ് ഇതിലെ ഓരോ രചനയും.

ആസ്വാദനത്തിന്റെ വേറിട്ട തലങ്ങൾ കാഴ്ചവയ്ക്കുന്ന രചനകളിൽ അരവിന്ദ് S.J യുടെ തുടരുന്ന പ്രതീക്ഷകൾക്ക് ആധാരമായിത്തീരുന്ന പ്രണയം വ്യത്യസ്തമാകുന്നു. പ്രണയം എന്നത് ഒരു വ്യക്തിയിലേക്ക് ഒതുങ്ങാതെ പ്രകൃതിയിലേക്ക്...മഴയിലേക്ക്, മഞ്ഞിലേക്ക്, കാറ്റിലേക്ക് ഒക്കെ വഴിതിരിച്ചു വിട്ടിരിക്കുന്നു ഈ വരികളിൽ. പ്രണയത്തിന്റെ വളരെ വിശാലമായ ഈ കാഴ്ചപ്പാടിൽ പ്രപഞ്ചത്തിലെ സകലജാലങ്ങളോടും കാത്തു സൂക്ഷിക്കുന്ന ഇഷ്ടം, സഹാനുഭൂതി ഇവ തന്നെയാണ് ആത്യന്തിക പ്രണയമായി വിവക്ഷിക്കുന്നത്. സഹജീവിയോട് കരുണയുള്ളവൻ ആർദ്രഹൃദയനായിരിക്കും. പ്രണയത്തിന്റെ നനവു പടർന്ന ഒരു ഹൃദയം...

അവിടെ നിന്ന് ആര്യ അരുണിന്റെ രചനയിലേക്ക് വരുമ്പോൾ കരിയും പുകയും നിറഞ്ഞ അടുക്കള തിരക്കുകൾക്കിടയിലും പ്രണയം പാകം ചെയ്യുന്ന പെൺമനസ്സിനെ കാണാം. പുകഞ്ഞ് കലങ്ങിയ കണ്ണുകളും കരിപുരണ്ട വിരലുകളും അവളുടെ ത്യാഗത്തിന്റെ നെറുകയിലണിഞ്ഞ സിന്ദൂരം തന്നെയെന്ന് മനസ്സിലാക്കുന്ന പ്രിയതമൻ ചേർത്തു പിടിച്ച് കരുതലിന്റെ ചുംബനങ്ങളേകുമ്പോൾ അവരിടങ്ങളിലേക്ക് ഒതുങ്ങി വരുന്നു പ്രണയം.ഒരേ ദിനചര്യകളിൽ വിരസമായിപ്പോകുന്ന മനസ്സിന്റെ ഊർജ്ജം വീണ്ടെടുക്കുന്ന നമ്മളിടങ്ങളാകേണ്ടതുണ്ട് ഓരോ പ്രണയമെന്നും ആര്യയുടെ വരികൾ ഓർമ്മപ്പെടുത്തുന്നു.

'പ്രണയം' എന്നത് മാസ്മരികമായ ഒരു സുഗന്ധമാണെന്നും അലങ്കാരങ്ങൾ എല്ലാം അഴിച്ചു വച്ചാലും നാട്യങ്ങളില്ലാത്ത ഹൃദയവികാരങ്ങൾ  കൽവിളക്കിലെരിയുന്ന തിരിപോലെ പ്രകാശം ചൊരിഞ്ഞു കൊണ്ടിരിക്കുമെന്നും അനിൽ. R. മധുവിന്റെ വരികൾ പറയുന്നു. ആർദ്രവും ലോലവുമെങ്കിലും രൗദ്രവും ഭയാനകവുമാവാൻ മടിയില്ലാത്തതുമാണ് പ്രണയം എന്ന് പറഞ്ഞു വക്കുമ്പോൾ ചില സമകാലിക സംഭവങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു അത്.

ഒരു കടൽ ദൂരത്തിനപ്പുറം ജീവിതം തേടിപ്പോയ പ്രിയതമനോട് പറയാൻ ബാക്കിവച്ച പരിഭവങ്ങളുടെ തോരാമഴയാകുന്നു ഫസീല സൈനുവിന്റെ വരികളിലെ പ്രണയം. 

മൊഴികളായി കാതുകൊണ്ട് കേൾക്കുന്നതിനേക്കാൾ മിഴികളിൽ നിറഞ്ഞു തുളുമ്പി അനുഭവിച്ചറിയുന്നതായിരിക്കണം 'പ്രണയം' എന്ന് ഷിജിനയുടെ വരികൾ..

നാലാളെ കാണിക്കാനുള്ള കാട്ടിക്കൂട്ടലുകൾ അല്ലാതെ ജീവിത തിരക്കുകൾക്കിടയിലും നമ്മളെ മനസ്സിലാക്കുന്ന, ഏത് പ്രതിസന്ധി ഘട്ടത്തിലും ഒപ്പമുണ്ടെന്ന് ആശ്വാസമേകുന്ന സ്നേഹം, 'മുജ്ജന്മ സുകൃതം' തന്നെയെന്ന് വലിയ വീടൻ അടയാളപ്പെടുത്തുന്നു. 

അങ്ങനെ ഒരേ ആശയം ജീവിതത്തിന്റെ വിവിധ തലങ്ങളെ സ്പർശിച്ചു മുന്നോട്ട് പോകുമ്പോൾ വരികളുടെ ആസ്വാദ്യതക്കപ്പുറമുള്ള നേർക്കാഴ്ചകളും വ്യഥകളും ആർദ്രഭാവങ്ങളും കാട്ടിത്തരുന്നു ഓരോ രചനകളും.

_സീന നവാസ്.


14 August 2020

Sreedeep Chennamangalam :: ശ്രീദീപം

 

അവതാരിക 

ഈ കൃതിക്ക് അവതാരിക എഴുതാന്‍ രജി മാഷ് എന്നോട് പറഞ്ഞത് എന്തു കൊണ്ടാണെന്ന് ഇപ്പോഴും ഒരു നിശ്ചയവുമില്ല. അവതാരിക എഴുത്തില്‍ എനിക്ക് ഒരു മുന്‍പരിചയവും ഇല്ല. എങ്കിലും മാഷിന്‍റെ സ്‌നേഹപൂര്‍വ്വമുളള അഭ്യര്‍ത്ഥനക്ക് മുന്നില്‍ ഞാന്‍ വഴങ്ങി. ഇത് വായിച്ചപ്പോള്‍ എനിക്ക് അദ്ഭുതപ്പെടാതിരിക്കാന്‍ കഴിഞ്ഞില്ല. കാരണം പ്രണയത്തെക്കുറിച്ച് അത്രയേറെ ഞാന്‍ അറിഞ്ഞു ഇതിലൂടെ.

പ്രണയത്തിന് എത്രത്തോളം ഓര്‍മ്മകള്‍ ഉണര്‍ത്താന്‍ കഴിയും? എത്ര സങ്കടങ്ങള്‍ പറയുവാന്‍ കഴിയും? സ്‌നേഹദൂരങ്ങളുടെ നെരിപ്പോടുകള്‍ എത്രയുണ്ടാകും? പ്രണയമെന്ന വാക്കിന്‍റെ ഭംഗിയാണ് അതിന്‍റെ ശക്തിയും അതിന്‍റെ ദൗര്‍ബല്യവും. മനുഷ്യനെ ഇത്രയേറെ അലസനും ചിന്താമഗ്‌നനുമാക്കിയിട്ടില്ല, വേറൊരു വികാരവും; ഇത്രയേറെ മനസ്സിന്‍റെ ഉളളറകളെ നൃത്തം ചെയ്യിച്ചിട്ടില്ല, മറ്റൊന്നും; എഴുതിപ്പിച്ചിട്ടില്ല; സ്‌നേഹിപ്പിച്ചിട്ടില്ല; സാന്ത്വനിപ്പിച്ചിട്ടില്ല. പ്രണയത്തിന്‍റെ ഓരങ്ങളുടെ മറ്റൊരു അറ്റത്താകട്ടെ വേര്‍പാടിന്‍റെ, നൈരാശ്യത്തിന്‍റെ, അസംതൃപ്തിയുടെ, ദ്വേഷത്തിന്‍റെ, പല ഭാവങ്ങളും ശിഷ്ടപത്രമായി ഭവിക്കുന്നു.

'കാറ്റും മലയും തമ്മില്‍' പ്രണയത്തിന്‍റെ പല തലങ്ങള്‍ നമുക്ക് കാട്ടിത്തരുന്നു. ഇത് വ്യത്യസ്തമായ പ്രണയക്കുറിപ്പുകളിലൂടെ നമ്മുടെ മനസ്സിലെ പ്രണയസങ്കല്പങ്ങള്‍ക്ക്, പ്രണയചിന്തകള്‍ക്ക്, നമ്മുടെ മനസ്സില്‍ മേയാന്‍ കുറച്ചു കൂടി സ്ഥലം ഉണ്ടാക്കിത്തരുന്നു. ഒരു വലിയ മലയുടെ മുകളില്‍ നില്‍ക്കുമ്പോള്‍ തലോടിപ്പോകുന്ന ഒരു കാറ്റിന്‍റെ കുളിര്‍മയും. ശീര്‍ഷകം തീര്‍ച്ചയായും വളരെ അനുയോജ്യമാണ്!

ചേര്‍ത്തെഴുത്ത് എന്ന സങ്കേതത്തിലൂടെ 74 പ്രണയവ്യാഖ്യാനങ്ങളാണ് ഇതില്‍. വിജയത്തെക്കാളേറെ പരാജയപ്പെടാന്‍ സാധ്യതയുള്ള ഒരു സങ്കേതമാണ് ഇത്. മൂലസൃഷ്ടിയുടെ സത്തയുള്‍ക്കൊണ്ട് എഴുതുക എന്നത് വളരെ ശ്രമകരമായ ദൗത്യമാണ്. പക്ഷെ ഇവിടെ എഴുതിയ 74 പേരും നല്ല ഭംഗിയായിത്തന്നെ വിഷയം കൈകാര്യം ചെയ്തു. അത് നിസ്സാരകാര്യമല്ല; ആ സര്‍ഗശേഷി പുസ്തകരൂപത്തില്‍ വരുന്നത് എഴുത്തിന്‍റെ വിജയം കൊണ്ടു തന്നെയാണ്.

രജി മാഷിന്‍റെ അതിസുന്ദരമായ വരികളോടൊപ്പം 74 ചിന്തകളായി ഇതിലെ ഓരോ കുറിപ്പും ഭവിക്കുന്നു. എഴുതിയവരെല്ലാവരും ആശയത്തിന്‍റെ വ്യാപ്തി കൊണ്ട് ഞെട്ടിച്ചു കളയുന്നു. ഭാഷയും ഭാവനയും നിറച്ച ഈ പ്രണയക്കുറിപ്പുകള്‍ വായനക്കാര്‍ക്ക് മികച്ച ഒരു വായനനാനുഭവം സമ്മാനിക്കട്ടെ എന്ന് ആശംസിക്കുന്നു. രജി മാഷിനും 74 എഴുത്തുകാര്‍ക്കും എഴുത്തിന്‍റെ ലോകത്ത് ഇനിയുമേറെ തിളങ്ങാന്‍ കഴിയട്ടെ!

12 August 2020

വാനിലുയര്‍ന്നു പറക്കട്ടെ
(രാഷ്ട്രപതാകാ ഗീതം)
വാനിലുയര്‍ന്നു പറക്കട്ടെ,
ഈ മൂവര്‍ണ്ണക്കൊടി,യഭിമാനക്കൊടി
വീണ്ടുമുയര്‍ന്നു പറക്കട്ടെ..
വാനിലുയര്‍ന്നു പറക്കട്ടെ.
(വാനിലുയര്‍ന്നു പറക്കട്ടെ...)

ഭാരതമണ്ണിന്‍ വയല്‍നിര, തരുനിര-

ധവള ഹിമാലയ ഗിരിനിര മേലെ
വാനിലുയര്‍ന്നു പറക്കട്ടെ.
(വാനിലുയര്‍ന്നു പറക്കട്ടെ...)

വിശ്വനഭസ്സില്‍ ജ്ഞാന,ശാന്തി-

യഹിംസാ ധര്‍മ്മപ്പൊരുളിന്‍ കതിരായ്
വാനിലുയര്‍ന്നു പറക്കട്ടെ.
(വാനിലുയര്‍ന്നു പറക്കട്ടെ...)

സ്രഷ്ടാവിന്‍ തിരുവരമായുലകിനു-

നേരിന്‍ നേര്‍വഴിയരുളാനിനിയും
വാനിലുയര്‍ന്നു പറക്കട്ടെ.
(വാനിലുയര്‍ന്നു പറക്കട്ടെ...)

Music By :: Deepu M 

10 August 2020

Sree, Abhiramam


ശ്രീ, അഭിരാമം


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657

കഥകൾ


Sree Abhiram :: സഞ്ജീവും നന്ദിതയുംസഞ്ജീവും നന്ദിതയും

ശ്രീ, അഭിരാമം


"എന്നെ അറിയാത്ത 

എന്നെ കാണാത്ത 

ഉറക്കത്തിൽ എന്നെ പേര് ചൊല്ലി വിളിച്ച എന്‍റെ സ്വപ്നമേ, 

എന്‍റെ മുഖത്ത് തറച്ച നിന്‍റെ കണ്ണുകൾ 

അവ ആണ്ടിറങ്ങിയത് എന്‍റെ ഹൃദയത്തിലേക്കാണ് 

ആഴമേറിയ രണ്ട് ഗർത്തങ്ങൾ സൃഷ്ടിച്ച്... "


കൺ പോളകൾക്ക് വല്ലാത്ത ഭാരം.. ശരീരം മുഴുവൻഒരു  തളർച്ച.. നീറ്റൽ... വയറെരിയുന്ന വിശപ്പ്.. 

എങ്ങനെയോ കണ്ണ് വലിച്ചു തുറന്നു.. അപരിചിതമായ ഒരു സ്ഥലം...

" നന്ദിത.... 

എന്നെ ഓർമ്മയുണ്ടോ "

ഒരു ചെറുപ്പക്കാരൻ... എവിടെയോ കണ്ടിട്ടുണ്ട്.. അതുറപ്പ്... പക്ഷേ എവിടെ..  എന്‍റെ ബോധം അയാളെ ഓർമകളിൽ തിരയാൻ തുടങ്ങി... മനസ് അതിന്‍റെ പാച്ചിൽ നിർത്തിയത് ആ ചിത്ര പ്രദർശന ശാലയ്ക്ക് മുന്നിലാണ്... 

ഇത് അയാളല്ലേ മുരടനെ പറ്റി സഞ്ജീവ്നെ പ്പറ്റി പറഞ്ഞ ചെറുപ്പക്കാരൻ.. !

ഹൃദയമായ ചിരിയോടെ...! അയാളെങ്ങനെ ഇവിടെ..? 


" ഓർമ്മയുണ്ടോ നന്ദിത... "

ഞാൻ നന്ദിത അല്ലെന്ന്  പറയണമെന്ന് തോന്നി... 

പക്ഷേ അറിയാമെന്നു തല കുലുക്കുക മാത്രം ചെയ്തു. 

"റോഡിനോട് ചേർന്ന് കൂട്ടം കണ്ടിട്ട് accident ആവുമെന്ന് കരുതി car നിർത്തിയതാണ്. അവശയായി ബോധമറ്റ് നിങ്ങൾ അവിടെ കിടക്കുകയാരിരുന്നു.. വഴിയിലുപേക്ഷിച്ചു പോരാൻ തോന്നിയില്ല.. "

എന്‍റെ മിഴികൾ ചുറ്റും പരതുന്നത് കൊണ്ടാവും അയാൾ പറഞ്ഞു 

" പേടിക്കണ്ട... ഞാനൊരു ഡോക്ടറാണ്.. പേര് ആദിദേവ്  ഇതെന്‍റെ 

വീടാണ്. " 

ഭക്ഷണം കഴിക്കാതെ അലഞ്ഞതിന്‍റെ ക്ഷീണം... അത്രേ ഉള്ളൂ... അത്യാവശ്യം മെഡിസിൻ  ഇൻജെക്ട്  ചെയ്തിട്ടുണ്ട്. റസ്റ്റ്‌  എടുത്താൽ മാറിക്കോളും.. "

ചിരിച്ചു കൊണ്ട് തന്നെയാണ് അയാൾ ഇതൊക്കെ പറയുന്നത്.. 

നെറ്റിയിൽ നീളത്തിൽ സിന്ദൂരം അണിഞ്ഞു ഒരു സ്ത്രീ ചൂട് ചായയുമായി വന്നു. 

"ഇതെന്‍റെ wife. ചായ കുടിച്ചു fresh ആയി വരൂ.. നമുക്കൊരിടം വരെ പോകാനുണ്ട്.. "

ആ ചിരി ആ സ്ത്രീയിലേക്ക് പടർന്നത് പോലെ... 

ചായ കുടിച്ചപ്പോഴേക്ക് അവർ കപ്ബോർഡ് ൽ  നിന്ന് ഒരു ടവലും ഒരു ജോഡി ഡ്രെസ്സും എടുത്തു തന്നു.. 

കുളി കഴിഞ്ഞ് അവർ തന്ന ഇളം പച്ചയിൽ കടും നീല പൂക്കളുള്ള ചുരിദാർ ധരിച്ചിറങ്ങി.. ക്യാരറ്റ് ഒരുപാട് ചീകിയിട്ട ഒരു ഉപ്പുമാവും പനീർ കറിയും അവർ എന്നെ നിർബന്ധിച്ചു കഴിപ്പിച്ചു.. 

 നിറഞ്ഞ ചിരിയോടെ അവരെന്നെ ഡോക്ടർക്കൊപ്പം യാത്രയാക്കി.. കാറിൽ ഇരിക്കുമ്പോ അദ്ദേഹം പറഞ്ഞു 


" നന്ദിത ആ ചിത്രം നിങ്ങളുടേത് തന്നെയാണ്... "


 എന്‍റെ മിഴി നിറഞ്ഞു 

 "ഞാൻ നന്ദിതയല്ല... "


മറുപടി ഒരു ചിരിയായിരുന്നു. 

പരിചയമുള്ള വഴികളിലൂടെ അയാളെന്നെ കൊണ്ടുപോയത് ആ പ്രദർശന ശാലയിലേക്ക് ആയിരുന്നു. അതിനോട് ചേർന്ന ആ കുടുസ്സു മുറി സജീവമാണെന്ന് കണ്ട ഞാൻ അദ്‌ഭുതപ്പെട്ടു. 

ഭ്രാന്തമായ വേഗത്തിൽ ഞാനവിടേക്ക് ഓടിക്കയറി.. അയാളവിടെ ഉണ്ടായിരുന്നു.. 

കുറേ വർഷങ്ങൾ പിറകോട്ടു പോയതുപോലെ...  

"വരൂ... നന്ദിത ഇരിക്കൂ 

Doctor വിളിച്ചു പറഞ്ഞിരുന്നു.. "

പിറകെ എത്തിയ doctor അയാൾക്ക് എന്നെ  പരിചയപ്പെടുത്തി.. ഇത് നിങ്ങളന്ന് ഇവിടെ കണ്ട ആളുടെ മകൻ.. ഗോപി ചന്ദ് 


"പപ്പയ്ക്ക് വരകളോട് ഒടുങ്ങാത്ത ഇഷ്ടമായിരുന്നു.. അതാ ഇവിടെ.. അദ്ദേഹം ഒരു പട്ടാളക്കാരനായിരുന്നു. 

അച്ഛൻ പോയപ്പോ buissness തിരക്കുകൾക്കിടയിലും എനിക്കിതു ഉപേക്ഷിക്കാൻ തോന്നിയില്ല.. "


 അയാളെ കേൾക്കുന്നുണ്ടായിരുന്നെങ്കിലും എന്തിന് ഇങ്ങോട്ട് കൊണ്ട് വന്നുവെന്ന ചിന്ത എന്നെ  വലച്ചിരുന്നു. ചിത്രകാരന്മാരുടെ ഡീറ്റെയിൽസ്  പുറത്താരോടും  പറയരുതെന്നാണ് . അതാണ് അച്ഛൻ നിങ്ങളോട് പറയാതിരുന്നത്. "


മേശ വലിപ്പിൽ നിന്നും ഒരു കവറെടുത്തു അയാളെനിക്ക് നീട്ടി. വിറയ്ക്കുന്ന കൈകളോടെ ഞാനത് തുറക്കുമ്പോ അയാൾ പറഞ്ഞു. 

 " രണ്ട് ദിവസം കൂടിയേ അവിടെ ഉണ്ടാവൂ.. "


Sanjeev 

Room number 328

Bigonia residency 

Near railway station 

Pune 


ഗോപി ചന്ദിനോട് നന്ദി പറഞ്ഞു അവിടുന്നിറങ്ങുമ്പോ എന്‍റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.. 


"സമാധാനമായില്ലേ.. 

നിങ്ങളുടെ സുഹൃത്ത് മഹിമ എന്നോട് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. Address കിട്ടിയിട്ടുണ്ട് ന്ന് മഹിമയോട് വിളിച്ചു പറയാൻ ഇരിക്കുമ്പോഴാണ്  ഞാൻ നന്ദിതയെ കാണുന്നത്.. 

ഇപ്പോൾ തന്നെ  പൊയ്ക്കോളൂ .." 

ഡോക്ടർ എന്നെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു..


 "നിങ്ങൾ ഭാഗ്യവതിയാണ് നന്ദിത.. നിങ്ങളെ തേടി ഒരു പ്രണയത്തിന്‍റെ മഴക്കാലം കാത്തിരിക്കുന്നു... "

കൈകൂപ്പി യാത്ര പറയുമ്പോ മനസ് കൊണ്ട് അദ്ദേഹത്തെ തൊഴുതു. പ്രണയങ്ങൾക്ക് നിമിത്തമാകുന്നത് ചിലപ്പോ തീരെ പ്രതീക്ഷിക്കാത്തവരായിരിക്കും. 

ഡ്രെസ്സും ഭക്ഷണവും ഒക്കെ അടങ്ങിയ ബാഗുമായി 

മഹിമയും രശ്മിയും സ്റ്റേഷനിൽ വന്നു.

"ആദ്യമായി കാണുമ്പോൾ നിങ്ങൾ രണ്ടാളും മാത്രം മതി... അതാട്ടോ ഒറ്റയ്ക്ക് അയക്കുന്നത്... "

 രശ്മി കാതിൽ അടക്കം പറഞ്ഞു..  വൈകുന്നേരം അവിടെ എത്തുംവരെ ഞാൻ മറ്റേതോ ലോകത്തായിരുന്നു. ഭൂമിയിലും  ആകാശത്തിലും  അല്ലാത്ത മഴവില്ലിൻ  കൊട്ടാരത്തിൽ.. 

സഞ്ജീവ്.. ഞാനിതാ നിങ്ങളിലേക്ക്.. 

Reception ഇൽ എത്തി ഞാൻ നന്ദിത എന്ന് പരിചയപ്പെടുത്തി  അവർ റൂമിൽ വിളിച്ചിട്ട്  പൊയ്ക്കൊള്ളാൻ അനുവാദം തന്നു.. റൂമിലേക്ക് ഒരുപാട് കാതങ്ങൾ ദൂരമുണ്ടെന്ന് തോന്നി..328 ന്‍റെ  വാതിലിൽ പതിയെ മുട്ടി കാത്തു നിന്നു.. എന്‍റെ ഹൃദയം ശക്തിയായി  മിടിക്കാൻ തുടങ്ങി.. കാലുകൾ വിറയ്ക്കാനും.. ഉമിനീര് വറ്റി.. പെട്ടെന്ന് വാതിൽ തുറക്കപ്പെട്ടു.. അലക്ഷ്യമായി ഒതുക്കാതെ കിടക്കുന്ന മുടിയിഴകൾ നെറ്റിയിൽ പാറിപ്പറന്ന്..  താടി വല്ലാതെ വളർന്നു നെഞ്ചിലേക്ക്.. 

കണ്ണുകളിലേക്ക് നോക്കാൻ ധൈര്യമില്ലാതെ ഞാൻ നിന്ന് വിറച്ചു.. 

 " സഞ്ജീവ് ഇത് ഞാനാണ് "

 അയാൾ എന്‍റെ മിഴികളിലേക്ക് നോക്കി...

 "നിന്‍റെ പേരെന്താണ്..."

"ഞാൻ നന്ദിത... "

അല്ല... നന്ദിതയെ പോലെ ഒരുവൾ.. "


നേർത്ത വിരലുകൾ കൊണ്ട് ആത്മാവിനെ തൊട്ടുണർത്താൻ ഇന്ദ്രിയങ്ങൾക്കപ്പുറത്തു നിന്ന്  ഒരു സ്വപ്നം പോലെ നിനക്ക് കടന്നു വരാം... 

ആദ്യമായി കാണുകയാണെന്നോർക്കാതെ അയാളെന്നെ ഭ്രാന്തമായി അയാളോട് ചേർത്തു. അച്ഛനെയും അമ്മയെയും സഹോദരനെയും കാമുകനെയും സുഹൃത്തിനെയും ഞാനാ കൈകൾക്കുള്ളിലറിഞ്ഞു. 

അപരിചിതത്വത്തിന്‍റെ ലാഞ്ചനയില്ലാതെ വർ ഷങ്ങളായ ചിരപരിചിതരെ പോലെ കടൽതീരത്തൂടെ ഞങ്ങൾ കൈകോർത്തു  നടന്നു.. 

സന്ധ്യ മയങ്ങിയിട്ടും ഇരുട്ട് നിറഞ്ഞിട്ടും ഞങ്ങൾ ആ തീരത്ത്...ഭ്രാന്തമായ അലച്ചിലുകൾക്കും തേടലുകൾക്കും അവസാനം.. സഞ്ജീവനെ തേടിയുള്ള അലച്ചിലുകളിൽ എനിക്ക് സംഭവിച്ചതൊക്കെ ഞാൻ പറയുന്നുണ്ടായിരുന്നു... അപ്പോൾ ആ കൈകൾ കൊണ്ട്  എന്നെ കുറച്ചൂടെ ചേർത്ത് പിടിച്ചു....

നനവാർന്ന കാലുകളിൽ  നിലാവിൽ  മണൽ തരികൾ തിളങ്ങി... 

*  *  *  *  *   * * *

അമ്മയുടെ മിഴികൾ നിറഞ്ഞിരിക്കുന്നു. ഈ അമ്മമാർ എപ്പോഴും അങ്ങനെയാണ് സന്തോഷത്തിലും സങ്കടത്തിലും മൂക്ക് ചീറ്റി അങ്ങനെ... മൃണാളിനിയും ഭർത്താവും ആ കുഞ്ഞു സുന്ദരിയ്ക്ക് ആരുടെ ഛായയാണെന്ന് തർക്കിക്കുന്നു.. 

ക്ഷീണത്തോടെ മയങ്ങുന്ന എന്‍റെ  നെറുകയിൽ തലോടി സഞ്ജീവ്... ഒരച്ഛന്‍റെ വാത്സല്യവും ഉറ്റവന്‍റെ സ്നേഹവും ആ മിഴികളിൽ മിന്നുന്നുണ്ടായിരുന്നു.. 


ശ്രീ 


NB: നിങ്ങളുടെ എഴുത്തിനു മുന്നിൽ ഇതൊന്നുമല്ലെന്ന് അറിയാഞ്ഞിട്ടല്ല...ഇതിവിടെ share ചെയ്യാൻ ജാള്യത ഇല്ലാഞ്ഞിട്ടല്ല.. നിങ്ങളെന്നോട് ഈ അവിവേകത്തിന് സദയം ക്ഷമിക്കുക... ഭ്രാന്തമായി പ്രണയിച്ച രണ്ട് പേരെ രണ്ട് വഴിക്ക് വിടാൻ മനസ് സമ്മതിക്കുന്നില്ല... എല്ലാ കഥകളും സന്തോഷത്തോടെ തീരണമെന്ന് ആഗ്രഹിക്കുന്ന ഒരു പൊട്ടത്തിയുടെ മണ്ടത്തരം...😔😔 ക്ഷമിക്കുക... 🙏

Sreedeep Chennamangalam 

കാട്ടുപെണ്ണ്... ♥️ 


എന്‍റെ നന്ദിതയ്ക്ക് നന്ദിത ദാസിന്‍റെ ഛായയും എഴുത്തുകാരി നന്ദിതയുടെ പ്രണയം തുളുമ്പുന്ന മനസും 


കടപ്പാട്.. നന്ദിത

https://www.yourquote.in/sree-bknf6/quotes/verrute-orelllutt-ningngllennoott-kssmikkuk-shriidiip-bao3ut

Smitha R Nair :: സ്‌നേഹസ്മിതം

 

'കാറ്റും മലയും തമ്മിൽ'എന്ന പ്രണയാർദ്ര വരികളുടെ ക്ഷണം സ്വീകരിച്ച എഴുത്തുകാരുടെ ചേർത്തെഴുത്തുകളാണിവ.

ജീവിതത്തിന്‍റെ തിരക്കുകൾക്കിടയിൽ പ്രണയമെന്ന വികാരം നമ്മിൽ നിന്നും ചോർന്നു പോകുന്നുണ്ടോ? ചിന്തിക്കേണ്ടിയിരിക്കുന്നു

കാലാതീതമായ ആ മധുര വികാരം വായനക്കാരന് ഈ വരികളിൽ ദർശിക്കാനാകും. കൗമാരവും, തീക്ഷ്ണസുരഭിലമായ യൗവനവും കടന്ന് വാർദ്ധക്യത്തിലും, പ്രണയം കൈവിടാതെ സൂക്ഷിക്കണം എന്നാണ് കവി പറയുന്നത്. ദുർമേദസ്സാർന്ന ശരീരമുള്ളവളാണെങ്കിലും ചാരത്തിരിക്കുന്ന പ്രണയിനിയെ ചേർത്തണച്ച് അവളുടെ കാതിൽ പ്രണയം മൊഴിയാനും, പാറിപ്പറക്കുന്ന ആ മുടിയിഴകൾ മാടിയൊതുക്കി ആ കവിളിൽ ഒരു ചുംബനമേകാനും കൊതിക്കുന്ന കവി മനസ്സ് ഇവിടെ കാണാം.

ഈ ചേർത്തെഴുത്തുകളിലൂടെ കടന്നു പോകുമ്പോൾ പ്രണയത്തിന്‍റെ മാസ്മരിക തലങ്ങൾ നമുക്ക് അനുഭവവേദ്യമാകുന്നു. മാംസ നിബദ്ധമായ അനുരാഗത്തിലൂടെ തികച്ചും പക്വതയാർന്ന പ്രണയത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്ന അവസ്ഥ. ഞാൻ നിന്നിലും, നീയെന്നിലും നിറഞ്ഞു നിൽക്കുമ്പോൾ ഈ പ്രണയത്തെക്കുറിച്ചു പറയാൻ വാക്കുകൾ പോലും അപ്രസക്തമാകുന്നു. ഏതു കഠിന ഹൃദയത്തിനുള്ളിലും, പ്രണയത്തിന്‍റെ തെളിനീരുറവകളുണ്ടാവും. സുഗന്ധവാഹിയായ മന്ദമാരുതനെ കാത്ത് പ്രണയമെന്ന ലോലവികാരവുമായി അചഞ്ചലയായി നിൽക്കുകയാണ് 'മല'. പ്രണയം ആത്മാവിനെ തൊട്ടുണർത്തുമ്പോൾ പ്രണയികൾ ആനന്ദത്തിന്‍റെ പാരമ്യത്തിലെത്തുന്നു. അനശ്വര പ്രണയമായി അത് നില കൊള്ളുന്നു

പ്രണയത്തിനില്ല ജരാ നരകൾ,

പ്രണയിക്ക ജീവൻ തുടിയ്ക്കുവോളം.

17 June 2020

K V Rajasekharan :: ചൈനാ ചങ്ങാത്തവുമായി രാഹുലും കമ്യൂണിസ്റ്റു വഴിയേ കുഴിയിലേക്ക്ചൈനാ ചങ്ങാത്തവുമായി രാഹുലും  കമ്യൂണിസ്റ്റു വഴിയേ കുഴിയിലേക്ക്
കെ വി രാജശേഖരൻ

രാമായണത്തിലെ ബാലിക്ക് പോരിനിറങ്ങിയാൽ എതിരാളിയുടെ ശക്തിയുടെ പകുതിയും കൂടി ലഭിക്കുമെന്ന ഒരു വരദാനമുണ്ടായിരുന്നു.  അതായിരുന്നു ബാലിപ്രഹരത്തിന്‍റെ  പ്രഭാവരഹസ്യം. ഭാരതത്തിന്‍റെ ശത്രുക്കൾക്കും അങ്ങനെയൊരു വരദാനം ഉണ്ടോയന്നതാണ് ഇപ്പോഴുയരുന്നൊരു ചോദ്യം!
ഭാരതത്തിലേക്ക് കടന്നാക്രമിച്ച ഇസ്ളാമിക സാമ്രാജ്യത്വ ശക്തികൾക്ക് ഇവിടെനിന്ന് ചതിയുടെ ശക്തിപകരാനാളുണ്ടായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികൾക്കും ഈ രാജ്യദ്രോഹികളിൽ നിന്നും ആ ശക്തിയുടെ സഹായം ലഭിച്ചു.  
ഏറ്റവും ഒടുവിൽ ജനാധിപത്യ ഭാരതത്തിനെതിരെ കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ചൈന സാമ്രാജ്യത്വ കടന്നാക്രമണത്തിന് ആയുധമെടുത്ത് ഭീഷണി ഉയർത്തുമ്പോൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഹിന്ദു വിരുദ്ധ വർഗീയതയുടെ നിലപാടുതറയിൽ നിന്നുകൊണ്ടൊരു ദേശവിരുദ്ധ രാഷ്ട്രീയ കൂട്ടായ്മ ആവേശപൂർവ്വം ചൈനയോടു ചേർന്ന് നിൽക്കുന്നു.
(പക്ഷേ ശിഖണ്ഡിയെ മുന്നിൽ നിർത്തി പോരിനിറങ്ങിയാൽ തിരിച്ചടിക്കാൻ ആയുധമെടുക്കില്ലെന്ന ഭീഷ്മർ അർജ്ജുനനു നൽകിയ ഉറപ്പൊന്നും നരേന്ദ്രമോദി ചൈനയ്ക്കു കൊടുത്തിട്ടില്ലാത്തതുകൊണ്ടും മറു പക്ഷത്തു നിൽക്കുന്നത് അധർമ്മത്തിന്‍റെ ശക്തികളായതുകൊണ്ടും ഭാരതം ഈ വെല്ലുവിളിയെയും അതിജീവിക്കും എന്നത് മറ്റൊരു കാര്യം).

ശത്രുക്കൾക്ക് ലഭിക്കുന്ന ഈ അധികബലം രാജ്യമെന്ന നിലയിൽ ഭാരതം എന്നും നേരിട്ടു വരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഭാരതത്തിന് അതിർത്തിക്കപ്പുറത്തു നിന്ന് ആക്രമം ഉണ്ടായാൽ രാജ്യത്തിനുള്ളിൽ ഒരു വിഭാഗം  ശത്രുവിനോടൊപ്പം ചേരും!
 • കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ചൈനയുടെ സാമ്രാജ്യത്വ കടന്നാക്രമണം ഉണ്ടായാൽ നഗര(അർബൻ) നക്സലൈറ്റുകളും കാടൻ നക്സലൈറ്റുകളും കമ്യൂണിസ്റ്റുകളും സിപിഎമ്മും, സിപിഐയ്യും, മാവോയിസ്റ്റുകളും എല്ലാം അടങ്ങുന്ന കമ്യൂണിസ്റ്റു പരിവാർ ചൈനയുടെ പക്ഷം ചേരും. 
 • പാക്കിസ്ഥാനോ ഇസ്ലാമിക തീവ്രവാദികളോ ഒളിഞ്ഞോ തെളിഞ്ഞോ പോരിനിറങ്ങിയാൽ ഇൻഡ്യയിലെ ഒരു വിഭാഗം അവരോടു ചേരും.  
 • അമേരിക്കയോ ഇംഗ്ളണ്ടോ പാശ്ചാത്യരാജ്യങ്ങളോ ഏതെങ്കിലും മേഖലയിൽ കടന്നാക്രമണത്തിനു തയാറായാൽ മത വിശ്വാസത്തിന്‍റെ പേരിൽ ഒരൂ വിഭാഗം അവരോടു ചേരും. 
സ്വതന്ത്ര ഭാരതം തുടക്കം മുതലേ തന്ത്രപരമായ പ്രതിരോധ തയ്യാറെടുപ്പുകളിൽ നേരിടുന്ന വെല്ലുവിളിയാണിത്.

സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാരോടൊപ്പം നിന്നവരുണ്ടായിരുന്നു. പാക്കിസ്ഥാൻ കടന്നാക്രമിച്ചപ്പോഴും പാക്പ്രേരണയിലോ സംരക്ഷണയിലോ നടക്കുന്ന ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങളുണ്ടായാലും പാക്പക്ഷം പിടിക്കുന്നവരെയും നേരിടേണ്ട ഗതികേടിലാണ് ഭാരതം.  1962ലെ ചൈനീസ് കമ്യൂണിസ്റ്റു കടന്നാക്രമണ പദ്ധതി തന്നെ ഇൻഡ്യയിലെ കമ്യൂണിസ്റ്റ് സഖാക്കളും കൂടി ചേർന്നു നടത്തിയ ഗൂഢാലോചനയിലൂടെയാണ് രൂപമെടുത്തതെന്നതിന് കൃത്യമായ സൂചനകളുണ്ട്.

ടിബറ്റ് ചൈന പിടിച്ചെടുത്തതോടെ കമ്യൂണിസ്റ്റ് ചൈന ഭാരതത്തെ കടന്നാക്രമിച്ചു കയ്യേറി ഭരണാധികാരം ഇൻഡ്യൻ കമ്യൂണിസ്റ്റുകളിലേക്ക് നൽകി തൊഴിലാളികളുടെ സർവ്വരാജ്യ ഭരണവ്യവസ്ഥയിലേക്കുള്ള വിപ്ളവവഴി വിപുലമാക്കുമെന്ന അതിമോഹത്തിന് അടിമകളായിരുന്നു ഇൻഡ്യയിലെ കമ്യൂണിസ്റ്റു നേതാക്കളും താത്വികാചാര്യന്മാരും. കമ്യൂണിസ്റ്റു പാർട്ടി പോളിറ്റ് ബ്യൂറോ അംഗം ബിടി രണദിവെ 1959ൽ ചൈനയുടെ അംബാസിഡറെ കണ്ട് ചർച്ച നടത്തിയ ശേഷമാണ് ചൈനയുടെ കടന്നു കയറ്റം ആരംഭിച്ചതെന്നതു തന്നെ കമ്യൂണിസ്റ്റു കുതന്ത്രങ്ങളുടെ ചുരുളഴിക്കുന്നു. ഇന്നത്തെ കോൺഗ്രസ്സ് നേതാവ് മണിശങ്കർ അയ്യർ 1962ലെ ചൈനീസ് ആക്രമണകാലത്ത് കേംബ്രിഡ്ജിലെ (ഇംഗ്ലണ്ട്) വിദ്യാർത്ഥിയും അവിടത്തെ കമ്യൂണിസ്റ്റ്  ഘടകത്തിന്‍റെ (ഫ്രാക്ഷൻ) നേതാവുമായിരുന്നു. അയ്യർ യുദ്ധ സഹായ ഫണ്ടു പിരിച്ചു. അയച്ചു കൊടുത്തത് ചൈനയ്ക്കാണെന്നു മാത്രം!

ചൈനാ പാക്ക് പാശ്ചാത്യ വിധേയത്വം പുലർത്തിയിരുന്ന  ഓരോ കൂട്ടരും, തങ്ങളുടെ യജമാനന്മാർ ഭാരതത്തെ കടന്നാക്രമിച്ചാൽ മാത്രം ആക്രമണകാരികളുടെ ചാരന്മാരായി മാറുന്ന അവസ്ഥയാണ് നിലനിന്നത്.  പക്ഷേ ഇതിൽ ഏതെങ്കിലും ഒരു വിദേശ ശക്തി ഭാരതത്തെ ആക്രമിച്ചാലും രാജ്യത്തിനുള്ളിലെ മൂന്നു വിഭാഗം രാഷ്ട്ര വിരുദ്ധ ശക്തികളും കൂട്ടമായി മറുപക്ഷം ചേരാൻ തുടങ്ങിയത് ഇറ്റാലിയൻ വനിത സോണിയാ ഗാന്ധി കോൺഗ്രസ്സിലെ മഹാറാണിയായി മാറുകയും ജനം അവരെ ജനാധിപത്യപരമായി  തിരസ്കരിക്കുകയും ചെയ്തശേഷമാണ്. അടൽജി പ്രധാനമന്ത്രിയായിരിക്കുമ്പോൾ ഉണ്ടായ കാർഗിൽ യുദ്ധവേള മുതലാണ് അത്തരത്തിലുള്ള രാഷ്ട്രദ്രോഹികളുടെ കൂട്ടുമുന്നണി അട്ടിമറിക്ക് കൂട്ടായ ശ്രമം നടത്തുന്നത് രീതിയായി മാറിയത്.. സോണിയാ കോൺഗ്രസ്സ് നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനുള്ള രണതന്ത്രത്തിന്‍റെ ഭാഗമായി രാജ്യത്തിനുള്ളിലുള്ള കമ്യൂണിസ്റ്റ് പരിവാറിനെയും ഇസ്ലാമിക തീവ്രവാദി ശക്തികളെയും കൂടെ കിട്ടാൻ വേണ്ടി അവരുടെ യജമാനന്മാരായ ചൈനയോടും പാക്കിസ്ഥാനോടും സ്വയം കൂട്ടിക്കെട്ടുകയാണൂ ചെയ്ത്.  പാശ്ചാത്യ ശക്തികളും അവരുടെ ഭാരതത്തിനുള്ളിലുള്ള വിനീതവിധേയരും സ്വാഭാവികമായും സോണിയക്കൊപ്പം നിന്നു. 2004ൽ അങ്ങനെ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ചൈനയും പാക്കിസ്ഥാനും അടങ്ങുന്ന വിദേശ ശക്തികളും അവരോടു വിധേയത്വം പുലർത്തുന്ന ഭാരതത്തിനുള്ളിലുള്ള മതപരിവർത്തന ലോബിയും ഇസ്ലാമിക മതമൗലികവാദികളും തീവ്രവാദികളും നഗര(അർബൻ) നക്സലൈറ്റുകളും കാടൻ നക്സലൈറ്റുകളും സിപിഎമ്മും, സിപിഐയ്യും, മാവോയിസ്റ്റുകളും എല്ലാം അടങ്ങുന്ന കമ്യൂണിസ്റ്റു പരിവാറും കൂട്ടായി നടത്തിയ കുതന്ത്രങ്ങളിലൃടെയാണ് ദേശീയ പക്ഷത്തെ അട്ടിമറിച്ച് സോണിയാ പക്ഷം വീണ്ടും ഭരണ പിടിച്ചത്.    ആ കൂട്ടു കെട്ടിന്‍റെ ഹിന്ദുവിരുദ്ധ വർഗീയതയും ദേശവിരുദ്ധ രാഷ്ട്രീയവും മറനിനീക്കി പുറത്തൂ വന്നതോടെയാണ് 2014ൽ ജനം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദേശീയ പക്ഷത്തെ വീണ്ടും അധികാരത്തിലെത്തിച്ചത്. അന്നുമുതൽ സോണിയയും രാഹുലും അതിർത്തിക്കകത്തും പുറത്തുമുള്ള ആ രാജ്യവിരുദ്ധ കൂട്ടു കെട്ടുകൾ ശക്തിപ്പെടുത്തി അധികാരം പിടിക്കുവാനുള്ള പടയൊരുക്കം തുടങ്ങി. ജനം അവരോട് മുഖം തിരിച്ചു നിന്നതുകൊണ്ട് 2019 ആയപ്പോൾ രാഹുൽ ഗാന്ധിക്കൊന്ന് ലോകസഭയിലെത്തണമെങ്കിൽ രാഷ്ട്ര വിരുദ്ധ ശക്തികളുടെ സഹായം തേടി വയനാട്ടിലേക്ക് ഓടിയണയേണ്ട സ്ഥിതിയായി.

കോവിഡ് 19 നെ ആയുധമാക്കിക്കൊണ്ട് കമ്യൂണിസ്റ്റ് ഫാസിസ്റ്റു ചൈന ഭരണകൂട സാമ്രാജ്യത്വ അജണ്ടയുമായി  ലോകം പിടിച്ചടക്കാനിറങ്ങി തിരിച്ചപ്പോൾ ഭാരതത്തിൽ അവരുടെ ദൗത്യം നിർവഹിക്കാൻ രാഹുൽ കൂട്ടായ്മയുടെ സഹായം തേടിയിട്ടുണ്ടാകാമെന്നതിലേക്കാണ് പുറത്തു വരുന്ന പുതിയ വെളിപ്പെടുത്തലുകൾ സൂചന നൽകുന്നത്.  2019 സെപ്റ്റംബറിൽ തന്നെ ചൈനയിൽ കോവിഡ് 19 വ്യാപനം തുടങ്ങിക്കഴിഞ്ഞുയെന്നതാണ് വുഹാനിലുള്ള മെഡിക്കൽ കോളേജുകളിൽ 2018ലെയും 2019ലെയും ആ മാസത്തിൽ എത്തിച്ചേർന്ന കാറുകളുടെ സംഖ്യ താരതമ്യം ചെയ്ത് ചികിത്സയ്ക്കെത്തിയവരുടെ വർദ്ധിച്ച സംഖ്യയും മറ്റും കണക്കിലെടുത്തു നടത്തിയ അന്തർദേശീയ പഠനങ്ങൾ വെളീപ്പെടുത്തുന്നത്.  കോവിഡ് 19 ചൈന ജൈവായുധ ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്തതാണെങ്കിലും ചൈനയിൽ യാദൃശ്ചികമായി ഉണ്ടായിപ്പോയ വൈറസ്സാണെങ്കിലും അതിന്‍റെ വ്യാപനത്തിന്‍റെ ആരംഭവും മറ്റും ലോകാരോഗ്യ സംഘടനയെ സ്വാധീനം ചെയ്ത് പുറത്തറിയിക്കാൻ ബോധപൂർവം വൈകിച്ച് ലോകത്തെ കടന്നാക്രമിക്കുവാൻ പുതിയ പോർമുഖങ്ങൾ തുറക്കുകയായിരുന്നൂയെന്ന് അന്താരാഷ്ട്രസമൂഹം കണ്ടെത്തിക്കഴിഞ്ഞു.

ധോക്ക്ലാം സംഭവത്തിന്‍റെ അന്തരീക്ഷത്തിൽ പോലും മുൻ ദേശീയ സുരക്ഷാ ഉപദേശകനെയും കൂട്ടി ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരുമായി ദുരൂഹസാഹചര്യത്തിൽ രഹസ്യ ചർച്ച നടത്തിയ ചരിത്രമുള്ള രാഹുൽ ഗാന്ധിയെയും ചൈനീസ് ഭരണാധികാരികൾ സ്വാധീനിച്ചിട്ടുണ്ടാകാമെന്നു തന്നെയാണ് പിൽക്കാല സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്.  കോവിഡ്, രോഗവും മരണവും വിതയ്ക്കുകയും ഭാരതത്തിലും സാമ്പത്തിക തകർച്ചയും തൊഴിലില്ലായ്മയും പട്ടിണിയും വെല്ലുവിളികളായി മാറുകയും ചെയ്യുമ്പോൾ സമാന്തരമായി രാഷ്ട്രീയ സംഘർഷങ്ങളും സമരങ്ങളും പാക്കിസ്ഥാൻ സഹായത്തോടെയുള്ള ഇസ്ളാമിക തീവ്രവാദവും ശക്തമാക്കി ഭാരതഭരണകൂടത്തെ അസ്ഥിരപ്പെടുത്താൻ പണിയെടുക്കുക. അവസരം അനുകൂലമാകൂമ്പോൾ ചൈനയും പാക്കിസ്ഥാനും സൈനിക നടപടികളിലൂടെ പിൻതൂണ നൽകുകയും ചെയ്യാം. അങ്ങനെ രാഹുലിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ച് ദില്ലിയിൽ ഒരു ചൈനാ സൗഹൃദഭരണകൂടത്തെ അരിയിട്ടു വാഴ്ത്താനുള്ള പദ്ധതിയായിരിക്കണം അണിയറയിലൊരുക്കിയിട്ടുണ്ടാകുക.

അങ്ങനെ ചൈനീസ് പക്ഷത്തു നിന്നും ലഭിച്ച സൂചനകളും നിർദ്ദേശങ്ങളും അനുസരിച്ചു കൊണ്ട് കോവിഡ് കാലത്ത്  മോദിസർക്കാരിനെ കുരുക്കിലാക്കാനുള്ള തിരക്കിലായിരുന്നൂ കോൺഗ്രസ്സിന്‍റെ രാജകുമാരനെന്ന് കരുതേണ്ടിവരുന്നതായിരുന്നു രാഹുൽ പക്ഷത്തുനിന്നും പിന്നീട് ഉണ്ടായ പ്രവർത്തികൾ.

ഒരുതരത്തിലും ഭാരതത്തിനുള്ളിലുള്ള ഒരൂ പൗരനും പരാതിയുണ്ടാകേണ്ട കാര്യമില്ലായിരുന്ന പൗരത്വ (ഭേദഗതി) നിയമത്തിന്‍റെ പേരിൽ വർഗീയശക്തികളെയും മാവോയിസ്റ്റുകളെയും വരെ കൂടെ കൂട്ടിക്കൊണ്ട് നാട്ടിൽ കലാപം അഴിച്ചുവിടാൻ നടത്തിയ സമരവൈകൃതങ്ങൾ! ഷാഹിൻ ബാഗിലുൾപ്പടെ നടന്ന അട്ടിമറിസമരങ്ങൾ!  ദില്ലിയിൽ ഹിന്ദുവിനെതിരെ ആക്രമണം അഴിച്ചുവിട്ട് നടത്തിയ വർഗീയധ്രുവീകരണശ്രമം! സുഹ്രുത്ത് ഇമ്രാൻ ഖാൻ അതിർത്തിയിൽ നടത്തുന്ന അരുതാത്ത പണികൾ! തഖ്ലീബീ ജമാഅത്ത് നിസ്സാമുദീനിലും മറ്റും അണിയറയിലൊരുക്കിക്കൊണ്ടിരുന്ന പടയൊരുക്കം! ചിക്കൻ നെക്ക് എന്ന പ്രദേശം പിടിച്ചെടുത്ത് ആസാമിനെ ഭാരതത്തിൽ നിന്ന് മുറിച്ച് മാറ്റണമെന്ന ആഹ്വാനം വരെ രാഹുൽ സഹയാത്രികരായ 'ബ്രേക്ക്  ഇൻഡ്യാ' (ഇൻഡ്യയെ കഷണം കഷണമാക്കുക) കൂട്ടായ്മയിൽ നിന്നുയർന്നു വന്നു! 

കൊറോണയെ പ്രതിരോധിക്കാൻ സർക്കാർ നടപ്പിലാക്കിയ ലോക്ക് ഡൗണിനോടായിരുന്നു രാഹുൽ കൂട്ടർക്ക് ശക്തമായ വിരോധം. കാരണം കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്നതിനോടൊപ്പം തന്നെ രാജ്യത്ത് ആന്തരിക സംഘർഷത്തിന് വഴി നോക്കി നടന്നവരുടെ കാലുകളിലും ലോക്കു വീണതാണ് രാഹുലിന്‍റെയും കൂട്ടരുടെയും ഉറക്കം തീർത്തും കെടുത്തിയത്.

പിന്നീട് ലോകരാജ്യങ്ങളെല്ലാം ചൈനയ്ക്കെതിരായിത്തുടങ്ങി.  ഭാരതവും ആസ്ട്രേലിയയും തമ്മിൽ തന്ത്രപരമായ സഹകരണത്തിന് ഉടമ്പടിയായി. ജി 7 കൂട്ടായ്മയിലേക്ക് ഭാരതം ക്ഷണിക്കപ്പെട്ടു.  ജനസംഖ്യയുടെ വലിപ്പവും കൊറോണാ ബാധിതരുടെയും ചികിത്സിച്ചു ഭേദപ്പെട്ടവരുടെയും മരണപ്പെട്ടെവരുടെയും സംഖ്യകൾ കണക്കിലെടുക്കുമ്പോളും രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും വേണ്ട അടിസ്ഥാന സാമഗ്രികളുടെയും സ്ഥാപനങ്ങളുടെയും  വളർച്ച പരിഗണിക്കുമ്പോഴും ഭാരതം ശരിയായി വഴിയിലാണ് പോകുന്നതെന്ന് വ്യക്തമായി. ഇരുപത്തിയൊന്നു ലക്ഷം കോടിയുടെ ഉത്തേജക പദ്ധതികളുടെ പ്രഖ്യാപനത്തോടെ സാമ്പത്തിക രംഗം തിരിച്ചുവരുമെന്നുറപ്പായി. ആ സാഹചര്യത്തിലാണ് കടന്നാക്രമണ ഭീഷണിയുമായി ചൈനയെത്തിയത്.  ഝാർഖണ്ഡിലേ കോൺഗ്രസ്സ് നിയന്ത്രിത സർക്കാർ ഭാരതത്തിന് സംഘർഷമേഖലയിൽ തടസ്സമുണ്ടാക്കുന്ന നടപടികളെടുക്കുന്നു. കോൺഗ്രസ്സും കൂട്ടു കക്ഷികളും രാഹുലും ചൈനയുടെ പക്ഷത്ത് പ്രകടമായി ചേർന്നുനിന്ന് ഇൻഡ്യൻ ഭരണകൂടത്തെയും സൈന്യത്തെയും അധിക്ഷേപിച്ച് മാനസികമായി തളർത്തി ചൈനയ്ക്കു മേൽകൈ നൽകുവാൻ പാടുപെടുന്നു. ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങൾ തന്ത്രപുർവ്വം നടത്തുന്ന പ്രചരണ സാമഗ്രികൾ രാഹുൽ പക്ഷം അടിസ്ഥാനപ്രമാണങ്ങളായി സ്വീകരിക്കുന്നു, പുന:പ്രചരിപ്പിക്കുന്നു. 

പക്ഷേ രാഹുലോർക്കണം, ശത്രുക്കളെ നേരിട്ട  ഘട്ടങ്ങളിൽ ജവാഹർലാൽ നെഹ്രുവോ ലാൽ ബഹദുർ ശാസ്ത്രിയോ ഇന്ദിരാ ഗാന്ധിയോ അടൽ ബിഹാരി വാജ്പേയിയോ ആരു പ്രധാനമന്ത്രിയായിരുന്നപ്പോഴും സൈന്യത്തോടും ഭരണകൂടത്തോടും രാജ്യത്തോടും കൂറു പുലർത്തി കൂടെ നിന്ന ഭാരതീയ ദേശീയതയുടെ കർമ്മഭടന്മാർ അവരിലൊരാൾ പ്രധാനമന്ത്രിയായിരിക്കുമ്പോൾ ജന്മഭൂമിക്ക് കാവൽ നിൽക്കില്ലായെന്ന് കണക്കു കൂട്ടണ്ട.  അവരുടെ ജീവനും സ്വത്തും അവർക്കുള്ളതെല്ലാം അമ്മ ഭാരതത്തിന്‍റെ പാദങ്ങളിൽ സമർപ്പിക്കും.

ചൈനയും പാക്കിസ്ഥാനും കോമ്രേഡും കോൺഗ്രസ്സും പരാജയപ്പെടും. 

1962ൽ ചൈനയുടെ ചാരപ്പണിചെയ്ത് ഇൻഡ്യയിലെ കമ്യൂണിസ്റ്റുകൾ രാജ്യത്തെ രാഷ്ട്രീയ ധാരയിൽ നിന്നകന്ന് അവർ തന്നെ കഴിച്ച തെമ്മാടിക്കുഴിയിലിടം തേടിയതു മറക്കണ്ട. യച്ചൂരിയോട് പറഞ്ഞ് ആ കുഴിയിലിത്തിരി ഇടം ഇപ്പഴേ ഉറപ്പാക്കാമെങ്കിൽ രാഹുലിന് പുതിയ ഒരു കുഴി കുഴിക്കുന്ന പണി ഒഴിവാക്കാം.  ഏൽപ്പിച്ച പണിയിൽ പരാജയപ്പെട്ടശേഷം ചൈനയിലോട്ടു ചെന്നാൽ അവിടെയും വാതിൽ അടഞ്ഞേ കിടക്കൂയെന്നു കൂടി ഓർത്തുവെക്കുക. നരേന്ദ്ര മോദി നയിക്കുന്ന പുതിയ ഭാരതം ജഹർലാൽ നെഹ്രുവിന്‍റെ കാലത്തു നിന്ന് എവിടം വരെ വളർന്നുയെന്ന് ഇടയ്ക്കൊന്നു പഠിച്ചെടുക്കുക.


(ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ് ലേഖകൻ.  ഫോൺ: 9497450866)

04 June 2020

Aravind S J :: കാടിറങ്ങേണ്ടിയിരുന്നില്ല ഞാൻ
കാടിറങ്ങേണ്ടിയിരുന്നില്ല ഞാൻ
നാടിന്‍റെ കപടതകളോർത്തില്ല ഞാൻ
ഉള്ളിലെന്നോമന വിശന്നു കരഞ്ഞപോൽ
പൊള്ളിയെൻ നെഞ്ചം മറ്റെല്ലാം മറന്നുപോയ്‌

ഓർമ്മയുണ്ടച്ഛൻ പറഞ്ഞൊരാ വാക്കുകൾ
"ഓർമ്മയിൽ തങ്ങേണമെന്നുമീ പൊരുളുകൾ
കാട്ടിലെ ക്രൂര മൃഗങ്ങളല്ലോമനേ
നാട്ടിലെ മാനവർ ഏറെ ഭയങ്കരർ..

കാടിന്‍റെ സീമകൾ താണ്ടിയാലെപ്പൊഴും
പേടിക്കവേണമാ നീചന്‍റെ ചതികളെ..
വൈദ്യുതി പായുന്ന വേലിയുണ്ടെങ്ങുമെ
കൈകൾ മുറിഞ്ഞുപോം വാളുണ്ട് ചുറ്റിലും

നിലതെറ്റി വീഴാതെ നീങ്ങേണമെപ്പൊഴും
ഇലമൂടും വാരിക്കുഴികളുണ്ടെങ്ങുമേ"
അടിവച്ചു നീങ്ങിഞാൻ വാക്കുകൾ ഓർത്തുകൊ-
ണ്ടടിമുതൽ തലവരെ ഭയമാൽ വിറച്ചുപോയ്

കണ്ടു ഞാനൊരു കനി തെല്ലൊരു മോദമായ്
ചുണ്ടിലേക്കതിനെയടുപ്പിച്ചു വേഗമായ്
അന്നമെന്നല്ലോ നിനച്ചമ്മയോമനേ
ചിന്നിച്ചിതറുമെന്നാരുണ്ടു കരുതുവോർ

എന്തിനീ ക്രൂരത ചെയ്യുന്നു മാനവർ
വെന്തു മരിക്കയായ് ഞാനുമെൻ പൈതലും
അച്ഛനന്നെന്നോടു ചൊല്ലിയതല്ലയോ
മർത്യരീ ഭൂമിയിൽ നീചർ ഭയങ്കരർ...
                                                         
അരവിന്ദ് S J
                                                   '

01 June 2020

K V Rajasekharan :: രാഹുലിലൂടെ കമ്യൂണിസ്റ്റ് ചൈനയുടെ കുതന്ത്രങ്ങളിലേക്ക്
രാഹുലിലൂടെ കമ്യൂണിസ്റ്റ് ചൈനയുടെ കുതന്ത്രങ്ങളിലേക്ക് 
കെ വി രാജശേഖരൻ

ആരായാലും പറയുന്നതിൽ പലതിലും പതിരേയുള്ളൂ എന്ന് തിരിച്ചറിഞ്ഞാൽ അവഗണിക്കാം. കഥയില്ലാത്തവനെന്ന ലേബൽ കൊടുത്ത് പിഴച്ചുപോകട്ടെയെന്ന് കരുതുകയുമാകാം. പക്ഷേ പലരും അങ്ങനെയുള്ളവരെക്കൊണ്ട് പലതും പറയിപ്പിക്കാറുണ്ട് എന്നത് കൂടി കണക്കിലെടുക്കാതെയിരിക്കുന്നത് ബുദ്ധിപൂർവ്വമാകണമെന്നില്ല. അവർ വിളിച്ചറിയിക്കുന്ന വെല്ലുവിളികൾ എപ്പോഴും കഥയില്ലാത്തതാകണമെന്നുമില്ല. വെളിപ്പെടുത്തലുകൾ മറ്റാരെങ്കിലും പുറത്തുവിടുന്ന കരുതിക്കൂട്ടിയുള്ള മുന്നറിയിപ്പുകളാകാം..

2020 ഫെബ്രുവരി അഞ്ചിന് രാഹുൽ വെല്ലുവിളിച്ചു, 
 1. ആറു മാസങ്ങൾക്കുള്ളിൽ തൊഴിലില്ലായ്മയുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരുവിൽ തല്ലാൻ ആരോക്കയോ തയാറെടുക്കുകയാണെന്ന്.  
 2. ഫെബ്രുവരി 12നൊരു ട്വിറ്റർ സന്ദേശവും. കോവിഡ് 19 ഭാരതത്തിൽ മഹാമാരിയായി പടരുമെന്നും രാജ്യത്തിന്‍റെ സാമ്പത്തിക മേഖല തകരുമെന്നും!.  
അങ്ങനെയുണ്ടാകുന്ന തൊഴിലില്ലായ്മയിലുള്ള 'പ്രതീക്ഷ' ആയിരിക്കാം ആദ്യം നടത്തിയ വെല്ലുവിളിക്ക് ഉശിര് പകർന്നത്. ഉടൻ തന്നെ നരേന്ദ്രമോദിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടിയും വന്നു:  തന്നെ തല്ലാൻ നീണ്ട തയാറെടുപ്പുവേണമെന്ന് രാഹുലിനും കൂട്ടർക്കും ബോദ്ധ്യമായതിൽ സന്തുഷ്ടനാണെന്നും തല്ലാൻ വരുന്നവരെ വെല്ലാനായി സാധാരണ അനുഷ്ഠിക്കുന്ന സൂര്യനമസ്കാരങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് തയാറായിരിക്കാമെന്നും!  ഇരുട്ടുണ്ടാകുന്നിടത്ത് ലക്ഷദീപം കൊളുത്തി പ്രകാശം പരത്താനുള്ള പ്രതിഭയും കരുത്തമുള്ളയാളിനോടാണ് തീപ്പെട്ടിക്കൊള്ളി ഉരയ്ക്കാൻ പര സഹായം തേടേണ്ടയാളിന്‍റെ കുട്ടിക്കളി!

ചീനവലയിലെ കമ്യൂണിസ്റ്റ് വൈറസ്സാണ് കോവിഡ് 19.   

ജൈവായുധ സാങ്കേതിക വിദ്യയിൽ ലോകത്തിനു മുന്നിൽ നിൽക്കുന്ന കമ്യൂണിസ്റ്റു ചൈന അതിന്‍റെ വുഹാനിലുള്ള അത്യന്താധുനിക പരീക്ഷണ ശാലയിൽ വികസിപ്പിച്ചെടുത്തതാകാം. മുൻകൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ച് ജൈവായുധ പ്രയോഗം അവിടെ നിന്നും തുടങ്ങിയതാകാം. അബദ്ധവശാൽ ജൈവായുധ പരീക്ഷണശാലയിൽ നിന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്ന സമയക്രമത്തിനു മുമ്പ് മനുഷ്യനിലേക്ക് പകരുകയെന്ന അപകടം സംഭവിച്ചതാകാം. അതുമല്ലെങ്കിൽ, വൈറസ്സ് യാദൃച്ഛികമായി അവിടെ നിന്ന് പ്രഹരം തുടങ്ങിയതാകാം.  അതൊക്കെ ശാസ്ത്രലോകവും ലോകരാഷ്ട്രങ്ങളും അന്വേഷിച്ചറിയേണ്ടതുണ്ട്. പക്ഷേ വൈറസ്സിന്‍റെ കടന്നാക്രമണം തിരിച്ചറിഞ്ഞിട്ടും അതിന്‍റെ പ്രഹരശേഷി ലോകത്തോട് വെളിപ്പെടുത്തുന്നതിൽ ബോധപൂർവ്വമായ കാലതാമസം വരുത്തി, അതിനെ തങ്ങളുടെ സാമ്രാജ്യ വികസനത്തിനും തങ്ങൾക്ക് ലോക സമ്പദ് വ്യവസ്ഥയുടെ മേൽകൈ പിടിച്ചെടുക്കുന്നതിനുമുള്ള ആയുധമായി ഉപയോഗിക്കുവാൻ ചൈനീസ് ഭരണകൂടം ഇറങ്ങിത്തിരിച്ചൂയെന്നത് ഇന്ന് അന്തർദേശീയ സമൂഹം മനസ്സിലാക്കുന്നു.  ചൈനയിലെ കമ്യൂണിസ്റ്റ്-ഫാസിസ്റ്റ്-ഏകാധിപത്യ ഭരണകൂടത്തോട് അന്ധമായ ആരാധന പുലർത്തുന്നവരും അവർക്ക് സാർവ്വദേശീയരംഗത്ത് പൊതുവെയും ഭാരതത്തിൽ വിശേഷിച്ചുമുള്ള പിണിയാളുകളും ഒഴികെയുള്ള ലോക ജനത ഇക്കാര്യത്തിൽ ചൈനയെ പ്രതിക്കൂട്ടിൽ നിർത്തിക്കഴിഞ്ഞിരിക്കുന്നു.

സംശയത്തിന്‍റെ കുന്തമുന തങ്ങൾക്കു നേരെ തിരിഞ്ഞപ്പോൾ ആദ്യ കൊറോണാ രോഗിയെ ചികിത്സിക്കുകയും പുതിയ രോഗത്തിന്‍റെ വരവും ഗൗരവവും ലോകത്തെ അറിയിക്കുകയും ചെയ്ത ഡോക്ടറുടെ ശബ്ദം തന്നെ ഇല്ലാതാക്കിയത് ചൈനയ്ക്ക് മറച്ചുവെക്കുവാനേറെ ഉണ്ടെന്ന സൂചനയും നൽകുന്നുണ്ട്. കൃത്രിമമായ വൈറസ്സ് സൃഷ്ടി സ്വന്തം ലാബിൽ നടത്തുന്നതിനോടൊപ്പമോ യാദൃച്ഛികമായുണ്ടായ വൈറസ്സ് ബാധ തിരിച്ചറിഞ്ഞതിനും ലോകത്തെ അറിയിച്ചതിനും ഇടയിൽ ലഭിച്ച കാലയളവിലോ രോഗത്തിനു മറുമരുന്നും പ്രതിരോധത്തിനുള്ള വൈദ്യശാസ്ത്രപരമായ ഉപാധികളും വികസിപ്പിച്ചിട്ടുണ്ടായിരിക്കുവാനുള്ള സാദ്ധ്യതകൾ  നിലനിൽക്കുന്നു. അതും കൂടി പരിഗണിച്ചിട്ടു വേണം രോഗത്തെയും സംക്രമണ സാദ്ധ്യതകളെയും താരതമ്യേന വേഗത്തിൽ ഫലപ്രദമായി പിടിച്ചു നിർത്തുവാൻ ചൈനയ്ക്ക് കഴിഞ്ഞുയെന്ന അവകാശവാദത്തിന്‍റെ രഹസ്യം തിരിച്ചറിയേണ്ടതെന്നു പറയുന്നതും ശരിയാണ്. അങ്ങനെയുണ്ടാക്കിയെടുത്ത രോഗപ്രതിരോധ വൈദഗ്ധ്യം ലോകത്തോട് പങ്ക് വെക്കാതെ ചൈനീസ് ഭരണകൂടത്തിന്‍റെ സാമ്രാജ്യത്വ ലക്ഷ്യം നേടാനുള്ള കുതന്ത്രമായി ഉപയോഗിച്ചിട്ടുമുണ്ടാകാം.

ചൈനീസ് സാമ്രാജ്യത്വ അജണ്ടയിൽ നിർണായക സ്ഥാനം ഉള്ള രണ്ടു രാജ്യങ്ങളാണ് ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ ഭരണകൂടമായ അമേരിക്കൻ ഐക്യനാടുകളും  ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമായ ഭാരതവും.
 • ഇതിൽ ഭാരതത്തിലേക്ക് കടന്നു കയറുവാനുള്ള രണതന്ത്രത്തിലെ ഒരു കുതന്ത്രമാണ്  ഇൻഡ്യയുടെ ശത്രുവായ പാക്കിസ്ഥാനെ, ശത്രുവിന്‍റെ ശത്രു മിത്രമെന്ന കണക്കു കൂട്ടലോടെ കൂടെ നിർത്തിയിരിക്കുന്നത്. 
 • മറ്റൊരു കുതന്ത്രമാണ് കൂടുതൽ പഴക്കമുള്ളത്. 1950കൾ മുതൽ ഭാരതത്തിനുള്ളിലെ കമ്യൂണിസ്റ്റുകാരെ ചാരന്മാരുടെ റോളിൽ കൂടെ കൂട്ടുന്നതായിരുന്നു അത്.  
 • പിന്നീട് പാക്കിസ്ഥാനോട് പ്രതിബന്ധതയുള്ള, ഭാരതത്തിനുള്ളിലേ മുസ്ലീങ്ങളിലെ വർഗീയവാദികളെയും ചൈനാ ചാരന്മാരായ കമ്യൂണിസ്റ്റുകളുടെ കൂടെ കൂട്ടി. 
 • അതിനിടെ ദശകങ്ങളോളം കോൺഗ്രസ്സിന്‍റെ ലേബലിൽ കുടുംബാധിപത്യം അനുഭവിച്ചിരുന്ന നെഹ്രു-ഗാന്ധി കുടുംബത്തിലെ അധികാരം നഷ്ടപ്പെട്ട രാഹുൽ ഗാന്ധിയും കൂടെയുള്ളവരും ഭരണം തിരിച്ചു പിടിക്കാൻ വേണ്ടി ചൈനയുടെയും പാക്കിസ്ഥാന്‍റെയും സഹായം തേടാൻ തയാറായതോടെ ഭാരതത്തിനുള്ളിൽ നിന്ന് ചൈനാ-പാക്ക് പക്ഷത്തോട് പട ചേരുവാൻ തയാറുള്ള അവിശുദ്ധ കൂട്ടുകെട്ടിന്‍റെ അംഗബലം വർദ്ധിച്ചു.
കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനോടൊപ്പം ഭാരതത്തിനുള്ളിലെ രാജ്യവിരുദ്ധകൂട്ടുകെട്ടിനെയും ചൈനീസ് ഭരണകൂടം തങ്ങളുടെ ഭാരതത്തിനെതിരെയുള്ള പടയൊരുക്കങ്ങൾക്ക് പ്രയോജനപ്പെടുത്തിയിട്ടുണ്ടോയെന്ന് ഗൗരപൂർവ്വമായ അന്വേഷണം ഉണ്ടാകേണ്ടതിലേക്കാണ് ഈ ലേഖനത്തിന്‍റെ ആദ്യം സൂചിപ്പിച്ച രാഹുലിന്‍റെ വെല്ലുവിളിയും വെളിപ്പെടുത്തലും ശ്രദ്ധ ക്ഷണിക്കുന്നത്.

രാഹുൽ കുടുംബത്തിന്‍റെ സംശയാസ്പദമായ നീക്കങ്ങളെ തിരിച്ചറിയുന്നതിൽ വീഴ്ച വന്നാൽ ഭാരതീയ ജനാധിപത്യം വലിയ വില കൊടുക്കേണ്ടിവരും.
 • നരേന്ദ്രമോദിയെ ഒഴിവാക്കി അധികാരം പിടിക്കുവാൻ സഹായം തേടി പാക്കിസ്ഥാനിലേക്ക് മണിശങ്കർ അയ്യരെ പറഞ്ഞു വിട്ട കൂട്ടരാണിവരെന്നത് ഇത്തരുണത്തിൽ ഓർക്കണം.  
 • നിർണ്ണായക സന്ദർഭത്തിൽ ദുരൂഹ സാഹചര്യത്തിൽ രാഹുലും കൂട്ടരും ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതും അതിന് മൻമോഹൻ സിംഗിന്‍റെ ഭരണകാലത്തെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ സാന്നിദ്ധ്യം ഉറപ്പാക്കിയതുമൊക്കെ 
വളരെ ഗൗരവമുള്ള ഓർമ്മപ്പെടുത്തലുകളാണിപ്പോൾ നടത്തുന്നത്.

അവിടെ ഒരുകാര്യം ഓർത്തുവെക്കേണ്ടതുണ്ട്.

1962 ലെ കടന്നാക്രമണത്തിനു മുന്നോടിയായി ചൈനീസ് എംബസിയുമായി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യയുടെ പോളിറ്റ് ബ്യൂറോ അംഗം ബിടി രണദിവെ നടത്തിയ കൂടിക്കാഴ്ചയിലോ ധോക്ക്ലാം സംഭവത്തിനു മുമ്പ് കമ്യൂണിസ്റ്റു പാർട്ടി ഓഫ് ഇൻഡ്യ(മാക്സിസ്റ്റ്) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനുമായി ചൈനീസ് അംബാസിഡർ നടത്തിയ കൂടിക്കാഴ്ചയിലോ അവരോടൊപ്പം ശ്രദ്ധേയരായ പ്രമുഖരാരെങ്കിലും പങ്കെടുത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.  ഒരു പക്ഷേ ഇങ്ങോട്ടു പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളുന്നതിനും അങ്ങോട്ട് ഗൗരവമുള്ള ചർച്ചകൾ നടത്തുന്നതിനുമാകാം ഭാരതത്തിന്‍റെ മുൻ സുരക്ഷാ ഉപദേഷ്ടാവിനെയും രാഹുൽ-ചൈനീസ് അംബാസിഡർ രഹസ്യകൂടിക്കാഴ്ചയ്ക്ക് കൂടെ കൂട്ടിയത്. ലാഭം കൊയ്യുന്ന കച്ചവടത്തിനു പേരുകേട്ട റോബർട്ട് വധേരയും അവിടെ രാഹുലിനെ സഹായിക്കാനുണ്ടായിരുന്നു താനും.

ശ്രദ്ധാപൂർവ്വം ആനുകാലിക സംഭവങ്ങളെ വിലയിരുത്തിയാൽ  കൊറോണയുടെ വ്യാപന സാദ്ധ്യതയും ഭാരതത്തിന്‍റെ സാമ്പത്തിക മേഖലയ്ക്ക് അതുയർത്തുന്ന ഭീഷണിയും ഫെബ്രുവരിയിൽ ഒരു ട്വിറ്റർ സന്ദേശത്തിൽ രാഹുൽ സൂചിപ്പിച്ചുയെന്നൊക്ക എടുത്തു കാണിച്ചു കൊണ്ടുള്ള വീമ്പ് പറച്ചിലുകൾ ചില മറുചോദ്യങ്ങൾക്ക് സ്വാഭാവികമായും ഇടവരുത്തും.
 1. ഇന്നുവരെ ഏതെങ്കിലും കാര്യത്തിൽ പക്വതയും തിരിച്ചറിവും പ്രകടമാക്കുന്ന ഏതെങ്കിലും പരാമർശം രാഹുൽ നടത്തിയതായി പൊതുസമൂഹത്തിന് ഓർത്തെടുക്കാനാകാത്തതുകൊണ്ട് അദ്ദേഹത്തിന് അങ്ങനെയൊരു സൂചന എവിടെ നിന്നു  ലഭിച്ചുയെന്ന് വ്യക്തമാക്കണം. 
 2. ട്വിറ്ററിന് അനൂബന്ധമായി കൊടുത്ത സൂചനയിൽ (ഹർവാർഡ് ഗസറ്റ് ഫെബ്രുവരി 7) നിന്ന് ലഭിക്കാവുന്ന ആരോഗ്യസംബന്ധമായ വെല്ലുവിളികൾക്കപ്പുറം സാമ്പത്തിക പ്രതിസന്ധിയുടെ സാദ്ധ്യത രാഹുലോ സഹായികളോ എങ്ങനെ കണക്കാക്കിയെന്നു വ്യക്തമാക്കണം. 
 3. ഒരു ട്വിറ്ററിനപ്പുറം ഭാരത ഭരണകൂടത്തിന്‍റെയും പൊതുസമൂഹത്തിന്‍റെയും ശ്രദ്ധയിലിതുകൊണ്ടു വരുവാൻ അദ്ദേഹം എന്തു ചെയ്തുയെന്ന് വ്യക്തമാക്കണം. 
 4. ട്വീറ്റു ചെയ്തിട്ട് അടുത്ത ദിവസം തന്നെ ഇറ്റലിയിലേക്ക് പോയതും ദിവസങ്ങളോളം അവിടെ കഴിഞ്ഞതും പുതിയ സാഹചര്യത്തിൽ അധികാരത്തിലേക്കുള്ള വഴി തേടാൻ അതിർത്തിക്കു പുറത്തുള്ള ബന്ധങ്ങളിലൂടെ സാദ്ധ്യതകൾ തേടാനായിരുന്നോയെന്ന പൊതു സമൂഹത്തിന്‍റെ സ്വാഭാവിക ചോദ്യത്തിനുത്തരം നൽകണം. 
 5. പൊതു ആരോഗ്യ മേഖല സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വങ്ങളിൽ പെടുന്ന സാഹചര്യത്തിൽ കോൺഗ്രസ്സും കൂട്ടു കക്ഷികളും ഭരണത്തിലുള്ള മദ്ധ്യപ്രദേശ് (അന്ന്), രാജസ്ഥാൻ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ബംഗാൾ, തുടങ്ങിയ സംസ്ഥാനങ്ങൾക്കെങ്കിലും വിശേഷാൽ സൂചനകൾ നൽകിയോയെന്നും അവരും രാഹുലിനെ അവഗണിച്ചോയെന്നും സ്പഷ്ടമാക്കണം.  
 6. സ്വന്തം കുടുംബത്തെയും കോൺഗ്രസ്സ് കുടുംബത്തെയും വേണ്ട സൂചന നൽകി സുരക്ഷിതമാക്കിയോ എന്നും ചോദ്യം ഉയരുന്നു. 
 7. ഊഹക്കച്ചവടത്തിലും മറ്റും സോണിയാ ഭരണകാലത്ത് കോടികൾ നേടിയ പ്രിയങ്കാ-റോബർട്ട് കുടുംബത്തെ വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചു പറഞ്ഞു മനസ്സിലാക്കിയിരുന്നോ? 
 8. സ്വകാര്യതയിൽ പോലും സുതാര്യത ആവശ്യപ്പെടുന്ന ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ കൊറോണയുടെ ഭീകരതയുടെ സൂചന രാഹുൽ തിരിച്ചറിഞ്ഞ ശേഷം രാഹുലിന്‍റെ സഞ്ചാരപഥങ്ങൾ സ്വയം വ്യക്തമാക്കി താൻ സ്വയം സ്വീകരിച്ച നിയന്ത്രണങ്ങുളും പൊതുസമൂഹത്തിനു നൽകണം. അവിടെയാണ് 2019നവംബറിനു ശേഷമുള്ള രാഹുലിന്‍റെ യാത്രകളെ സംബന്ധിച്ച വിശദീകരണങ്ങൾ ചോദിക്കേണ്ടതിന്‍റെ ആവശ്യമുണ്ടാകുന്നത്.
'അടിയനിതു പണ്ടേ കണ്ടൂ'എന്നു പറയുന്നതിന്‍റെ ആധികാരികത വ്യക്തമാകുവാൻ അത്രയും വിശദീകരണങ്ങൾ അനിവാര്യമാണ്..

അത്തരം കാര്യങ്ങളിൽ തൃപ്തികരമായ വിശദീകരണങ്ങളുമായി മുന്നോട്ടു വരാൻ രാഹുലിനു കഴിയുന്നില്ലെങ്കിൽ ഇക്കാര്യത്തിൽ ഏതോ വെളിപ്പെടുത്താൻ ബുദ്ധിമുട്ടുള്ള സൗഹൃദ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച സൂചനകളും നിർദ്ദേശങ്ങളും അനുസരിച്ചുകൊണ്ട് മോദിസർക്കാരിനെ കുരുക്കിലാക്കാനുള്ള തിരക്കിലായിരുന്നൂ കോൺഗ്രസ്സിന്‍റെ രാജകുമാരനെന്ന് കരുതേണ്ടിവരും.
 • ഒരുതരത്തിലും ഭാരതത്തിനുള്ളിലുള്ള ഒരൂ പൗരനും പരാതിയുണ്ടാകേണ്ട കാര്യമില്ലായിരുന്ന പൗരത്വ (ഭേദഗതി) നിയമത്തിന്‍റെ പേരിൽ വർഗീയശക്തികളെയും മാവോയിസ്റ്റുകളെയും വരെ കൂടെ കൂട്ടിക്കൊണ്ട് നാട്ടിൽ കലാപം അഴിച്ചുവിടാൻ നടത്തിയ സമരവൈകൃതങ്ങൾ! 
 • ഷാഹിൻ ബാഗിലുൾപ്പടെ നടന്ന അട്ടിമറിസമരങ്ങൾ! ദില്ലിയിൽ ഹിന്ദുവിനെതിരെ ആക്രമണം അഴിച്ചുവിട്ട് നടത്തിയ വർഗീയധ്രുവീകരണശ്രമം!   
 • സുഹ്രുത്ത് ഇമ്രാൻ ഖാൻ അതിർത്തിയിൽ നടത്തുന്ന അരുതാത്ത പണികൾ! 
 • തഖ്ലീബീ ജമാഅത്ത് നിസ്സാമുദീനിലും മറ്റും അണിയറയിലൊരുക്കിക്കൊണ്ടിരുന്ന പടയൊരുക്കം! 
 • ഇതൊക്കെ കത്തിനില്ക്കുമ്പോൾ കൊറോണയും കൂടി എത്തുക! 
എല്ലാം കൂടെ കൂട്ടി വായിക്കുമ്പോൾ രാഹുലും കൂട്ടരും നരേന്ദ്രമോദിക്കെതിരെ സാഹചര്യം മുതലെടുത്ത്, ചൈനയുടെ തിരക്കഥയ്ക്കനുസരിച്ച് പടയൊരുക്കത്തിനു കളമൊരുക്കുകയായിരുന്നോയെന്ന് സംശയം തോന്നിയാൽ കുറ്റം പറയാനാകുമോ?

അതല്ലാ, ഭാരതത്തിലെ പൊതുജനങ്ങളുടെ ജീവനും രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥയ്ക്കും കൊറോണാ വരുത്താനിടയുള്ള ഭീഷണിയുടെ തോത് ശാസ്ത്രീയമായി തിട്ടപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നൂ ഫെബ്രുവരി 12ന്‍റെ ട്വീറ്റെങ്കിൽ ഈ വക സംശയങ്ങൾക്കിടം നൽകുന്നതിനു പകരം ഇക്കാര്യത്തിൽ ഒരു സകാരാത്മക സമീപനം രാഹുലിനാകാമായിരുന്നു. 
 • പ്രധാനമന്ത്രിയും പ്രതിപക്ഷത്തെ പ്രമുഖനേതാക്കളുമായി താൻ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാഹുലിന് ഒരു ആശയ വിനിമയത്തിനു മുൻകൈ എടുക്കാമായിരുന്നു. 
 • സമാന്തരമായി, വിവിധ ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന ആളുകളോട് (ഷാഹിൻ ബാഗിലെ ആൾക്കൂട്ടത്തോടുൾപ്പടെ) പ്രത്യക്ഷ സമരപരിപാടികൾ തത്കാലത്തേക്ക് നിർത്തിവെക്കാൻ ആവശ്യപ്പെടാമായിരുന്നു. 
 • അങ്ങനെ ആവശ്യപ്പെടുമ്പോൾ തന്നെ സ്ഥിതിഗതികൾ മാറിക്കഴിയുമ്പോൾ താൻ തന്നെ സമരങ്ങൾക്കു മുന്നിലുണ്ടാകുമെന്ന് ഉറപ്പു കൊടുക്കാമായിരുന്നു.  
 • അതോടൊപ്പം തന്നെ സമരങ്ങൾക്ക് ഇടയായ കാര്യങ്ങൾ രമ്യമായി പരിഹരിക്കുകയോ പുനർ നടപടികൾ മാറ്റിവെക്കുവാൻ പ്രധാനമന്ത്രിയോടും ഭരണകൂടത്തോടും ആവശ്യപ്പെടുകയോ ചെയ്യാമായിരുന്നു. 
 • താനും തന്‍റെ പാർട്ടിയുടെ ബഹുജന അടിത്തറയും രാജ്യം തുനിഞ്ഞിറങ്ങേണ്ട രോഗപ്രതിരോധ/രോഗിപരിപാലന ശ്രമങ്ങൾക്കും സാമ്പത്തിക പുനർനിർമാണ ശ്രമങ്ങൾക്കും മുന്നിലുണ്ടാകുമെന്നും ഉറപ്പു നൽകാമായിരുന്നു. 
അത്തരം സകാരാത്മക സമീപനം പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് നിരസിക്കാനാകുമായിരന്നില്ല. രാഷ്ട്രം പൂർണ്ണ മനസ്സോടെ സ്വീകരിക്കുമായിരുന്നു,  രാഹുൽ ഗാന്ധി ജനാധിപത്യ ഭാരതത്തിന്‍റെ തിളങ്ങുന്ന പ്രതീക്ഷയുമാകുമായിരുന്നു.

പക്ഷേ എന്തു ചെയ്യാം? അങ്ങനെയൊക്കെ പ്രവർത്തിക്കുവാനായിരിക്കില്ലല്ലോ ചൈന രാഹുൽ ഗാന്ധിക്കു നൽകിയിട്ടുണ്ടാകാനിടയുള്ള നിർദ്ദേശം.

(ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ് ലേഖകൻ.  ഫോൺ: 9497450866)

28 May 2020

Sidheekh Subair :: ഉയിര്‍ഉയിര്‍
സിദ്ദീക്ക് സുബൈര്‍


എനിക്കു നിന്നെ കാണാൻ
          കൊതിയേറുന്നൂ
ഇടയ്ക്കു നിൻ ചിരി വന്ന്
          ഉരുൾപൊട്ടുന്നു
കനത്ത കൂരിരുൾ തിന്നും
          വെയിൽ മേയുന്നു
ശ്വാസനാളം മരിക്കാത്ത
          കവിത മൂളുന്നു...

ഒഴുക്കായ് നിലയ്ക്കാതെ
          മൊഴി പായുന്നു
മൃതിയില്ലാ സ്മൃതിയെ ഞാൻ
          തുഴയാക്കുന്നു
കിതപ്പേറ്റി കുഴഞ്ഞിട്ടും
          മന,മാറ്റാതെ
തുണയില്ലാ കയത്തിലെൻ
          പ്രാണനാഴുന്നു...

അടച്ചിട്ട മുറിയിൽ ഞാൻ
          ഭ്രാന്തനാകുന്നു
മറപറ്റി മുഖം മൂടി
          മറ മാറ്റുന്നു
കുരുക്കെല്ലാമഴിക്കുവാൻ
          വഴികാണാതെ
പടവാളിൻ പാട്ടു വെട്ടി-
          ക്കുതറീടുന്നു...

മരുന്നില്ലാരോഗമായി
          നീ കാറുന്നു
മയക്കുവാൻ  കുഴൽ വേരായ്
          നീയാഴുന്നു
കലം കാട്ടിക്കയംമൂടി,
          നീ വേവുന്നു
വിശപ്പിന്റെ കുരൽ പൊട്ടി
          നീ പാടുന്നു

കരളടുപ്പിൽ വ്യഥക്കൊള്ളി
          തിളയേറ്റുന്നു
കനൽ വെന്ത് കുടം തല്ലി
          മിഴിനീറ്റുന്നു
തിളച്ച നിൻകരുത്തിനായ്
          ദാഹമേറ്റുന്നു
പെണ്ണേ,യെന്നുയിരന്നം
          നീയൂട്ടുന്നു...

K V Rajasekharan :: വീര സവർക്കറും ദേശസുരക്ഷയുടെ സമഗ്ര രണതന്ത്രവും
വീര സവർക്കറും ദേശസുരക്ഷയുടെ സമഗ്ര രണതന്ത്രവും
കെ വി രാജശേഖരൻ

കാറൽ മാർക്സിന്‍റെ കൊച്ചുമകൻ ജീൻ ലോംഗ്വെറ്റിന്, വിനായക ദാമോദർ സവർക്കർ എന്നാല്‍, ഇരുപത്തിയേഴാം വയസ്സിൽ,  ഇരുപതാം നൂറ്റാണ്ടിന്‍റെ ഒന്നാം ദശകത്തിൽ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിനു തയാറാകുന്ന സാർവ്വദേശീയ ക്ഷുഭിത യൗവ്വനത്തിന്‍റെ എണ്ണം പറഞ്ഞ മുന്നണിപ്പോരാളികളിലൊരാളായിരുന്നു. 

തടവുപുള്ളിയാക്കി ഇല്ലാതാക്കാൻ ബ്രിട്ടീഷ് ഇൻഡ്യയിലേക്ക് ഇംഗ്ലീഷ് ഭരണംകൂടം കയറ്റി വിട്ട കപ്പലിൽ നിന്ന് അതിസാഹസികമായി കടലിലേക്ക് എടുത്തുചാടി വെടിയുണ്ടകളിൽ നിന്ന് നീന്തിയകന്ന് ഫ്രഞ്ചുകരയിൽ അഭയം തേടിയ വീര സവർക്കറെ അനധികൃതമായി ബ്രിട്ടീഷ് അധികൃതർ കസ്റ്റഡിയിലെടുത്തു.  അന്താരാഷ്ട്ര നിയമങ്ങൾ ലങ്കിച്ചുകൊണ്ടുള്ള ബ്രിട്ടീഷ് നടപടിക്കെതിരെ ഫ്രാൻസ്, ഹേഗിലെ അന്തരാഷ്ട്ര നിയമക്കോടതിയോടൊപ്പമുള്ള പെർമനന്‍റ് കോർട്ട് ഓഫ് ആർബിട്രേഷനിൽ, കേസ് നടത്തിയപ്പോൾ സവർക്കറുടെ അഭിഭാഷകനായി ഹാജരായത് കാറൽ മാർക്സിന്‍റെ കൊച്ചുമകൻ! അദ്ദേഹത്തെ അതിന് നിയോഗിച്ചത് യൂറോപ്പ് കേന്ദ്രീകരിച്ച് അന്ന്  സജീവമായിരുന്ന ഇടതുപക്ഷ-കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ്-സാമ്രാജ്യത്വവിരുദ്ധ കൂട്ടായ്മയുടെ സജീവ നേതൃത്വവും അവരോടൊപ്പം നിന്ന മാധ്യമ സമൂഹവും! നീതി നിഷേധിക്കപ്പെട്ട, തങ്ങളിലൊരുവനായ, സവർക്കു വേണ്ടി ശബ്ദം ഉയർത്തുന്നത് തങ്ങളുടെ ചുമതലയായി അവർ കണക്കാക്കി. അതിനു മുമ്പ് റഷ്യൻ വിപ്ലവനായകൻ ലെനിൻ സവർക്കറുടെ താമസസ്ഥലത്തെത്തി പലതവണ അദ്ദേഹത്തെ കണ്ടതും  കൂട്ടി വായിക്കൂക. അതോടൊപ്പം 1907ൽ ജർമനിയിൽ നടന്ന രണ്ടാം സോഷ്യലിസ്റ്റ് കോൺഗ്രസ്സിൽ പങ്കെടുക്കുവാൻ സവർക്കറെ ക്ഷണിച്ചതും അദ്ദേഹത്തിന്‍റെ പ്രതിനിധിയായി മാഡം കാമാ പങ്കെടുത്തതും അവിടെ ഭാരതത്തിന് സ്വയംഭരണമെന്ന ആവശ്യം ഉയർത്തിയതും സവർക്കർ രൂപം നൽകിയ ദേശീയ പതാക ഉയർത്തിയതും എല്ലാം കണക്കിലെടുക്കുമ്പോളാണ് അക്കാലത്ത് ആഗോള തലത്തിൽ സാമ്രാജ്യത്വ വിരുദ്ധ പോരാളികളുടെ പട്ടികയിൽ സവർക്കറുടെ സ്ഥാനം വ്യക്തമാകുന്നത്. ആ ചരിത്ര സത്യങ്ങൾ കണ്ടും കേട്ടും അറിഞ്ഞവരായിരുന്നതുകൊണ്ടാകണം പഴയ തലമുറകളിൽ പെട്ട ഇൻഡ്യയിലെ കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന എം എൻ റോയ്, എസ്സ് എ ഡാങ്കേ, ഹിരൺ മുഖർജി, ഇഎം ശങ്കരൻ നമ്പൂതിരിപ്പാട് തുടങ്ങിയവരുൾപ്പടെയുള്ളവർ സവർക്കറെന്ന വിപ്ലവകാരിയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തത്.

അവിടെ വേറിട്ടൊരു വഴി തിരഞ്ഞെടുത്തത് ജവഹർലാൽ നെഹ്രുവായിരുന്നു.  തന്‍റെ നേതൃത്വത്തിന് വെല്ലുവിളിയാകാനിടയുള്ള നേതാജിയെയും സർദാർ പട്ടേലിനെയും ഡോ അംബദ്കറെയും ശ്യാമപ്രസാദ് മുഖർജിയെയും രാഷ്ട്രീയമായി ഇല്ലാതാക്കാൻ എന്തും ചെയ്യാൻ  അധികാരഭ്രമം മൂലം വഴിതേടിയിരുന്ന ജവഹർലാൽ നെഹ്രു, സവർക്കറെ കള്ളക്കേസിൽ കുടുക്കി തടവറയിലിട്ട് ഇല്ലാതാക്കാൻ ശ്രമിച്ചുനോക്കി.

പക്ഷേ നെഹ്രുവിന്‍റെ മകൾ ഇന്ദിര പോലും തെറ്റു തിരുത്തി ആ വീര വിപ്ളവകാരിയെ അംഗീകരിക്കുവാൻ തയാറായിട്ടുണ്ടെന്നതും ചരിത്ര വസ്തുതയാണ്.   പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വർത്തമാനകാല ഭാരതത്തിൽ വീരസവർക്കറെ അപമാനിക്കയും അവഹേളിക്കുകയും ചെയ്യുന്നതിന് കൂലി കൊടുക്കുന്ന തല്പരകക്ഷികളും കൂലി വാങ്ങി ആ ജോലി ചെയ്യുന്ന കപട ബുദ്ധിജീവിക്കൂട്ടായ്മയും വളർന്നുവന്നിട്ടുള്ളത് പ്രകടമാണ്. ഇസ്ലാമിക മതമൗലിക വാദികളും അവരോടൊപ്പം നിന്ന് അധികാരവും ജീവിത സൗകര്യങ്ങളും അന്നവും തേടുന്നവരുമാണ് ആ കൂട്ടർ എന്ന വസ്തുത പൊതുസമൂഹം ഇതോടകം തിരിച്ചറിഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് അവർ ഒരുക്കുന്ന തലങ്ങളിലേക്ക് ചർച്ചകളെ പരിമിതപ്പെടുത്താതെ അവരെ അവഗണിക്കുന്നതാകും പക്വതയുടെ സമീപനം.

പക്ഷേ ആ കൂട്ടരും അവരുടെ യജമാനന്മാരും കൊറോണയെന്ന മഹാമാരിയെ പോലും തങ്ങളുടെ ഭാരത വിരുദ്ധ വിധ്വംസക പ്രവർത്തനങ്ങൾക്ക് അവസരമാക്കാൻ കിണഞ്ഞു പരിശ്രമിക്കുമ്പൊളാണ് വിനായക ദാമോദർ സവർക്കറുടെ നൂറ്റിമുപ്പത്തിയേഴാമത് ജന്മദിനം ( മേയ് 28)  ഭാരതം വീരസ്മരണകളോടെ ആചരിക്കുന്നതെന്നതാണ് സവിശേഷത. അവിടെയാണ് ഭാരതീയ ദേശീയതയുടെ ഭദ്രതയ്ക്ക് ആശയപരമായ അടിത്തറയിട്ട വീരസവർക്കറുടെ കാഴ്ചപ്പാടുകൾ പ്രസക്തമാകുന്നത്.

ഭാരതത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് സവർക്കറെ വ്യക്തിപരമായും അദ്ദേഹം ഉയർത്തിയ കാഴ്ചപ്പാടുകളെ ആശയപരമായും  തകർത്തടുക്കേണ്ടത് ഹിന്ദുവിരുദ്ധ വർഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്‍റെയും കൊടി പിടിക്കുന്നവരുടെ അനിവാര്യമായ രണതന്ത്രമായി മാറിയതിന്‍റെ കാരണവും അവിടെ മറ നീക്കി പുറത്തുവരുന്നു..

ശക്തി സംഭരിച്ച് ശാന്തിയുടെ വഴി തേടുവാനാണ് സവർക്കർ ഭാരതത്തോട് ആവശ്യപ്പെട്ടത്. ശക്തിയില്ലാത്തിടത്ത് പരാശ്രയം രീതിയായി മാറുമെന്നും പരാശ്രയം സ്വാതന്ത്യത്തിന്‍റെ ശവപ്പറമ്പായി മാറുമെന്നും സവർക്കർ തിരിച്ചറിഞ്ഞു.  ഭാരതത്തിന്‍റെ ശക്തി ചോർന്നവഴി ജാതി വ്യവസ്ഥ വരുത്തിവെച്ച ഭിന്നതയാണെന്ന് തിരിച്ചറിഞ്ഞതോടെ വർണ്ണവ്യവസ്ഥയ്ക്ക് അടിസ്ഥാന പ്രമാണം പ്രദാനം ചെയ്യുന്ന വിശ്വാസ സംഹിതയെ പൊളിച്ചടുക്കുവാനാണദ്ദേഹം പടവാളുയർത്തിയത്. ഭാരതത്തിലെ അധസ്ഥിത വിഭാഗത്തോട് ചേർന്നു നിന്നപ്പോഴും മൗലികമായ പൊളിച്ചടുക്കലിന്‍റെ വഴി സ്വീകരിക്കുവാൻ മടികാണിച്ചതുകൊണ്ടായിരുന്നു മഹാത്മജിയെ ഡോ ഭീംറാവ് അംബേദ്കർ 'മിസ്റ്റർ ഗാന്ധി' എന്നുമാത്രം എന്നും വിളിച്ചതെന്നും  അതേ അംബദ്കർ ജാതിവിരുദ്ധമുന്നേറ്റത്തിന്‍റെ അണയാത്ത തീജ്വാലയായിരുന്ന സവർക്കറേ സ്വന്തം ഹൃദയത്തോടൂ ചേർത്തു നിർത്തിയതെന്നതും ഇവിടെ ഓർത്തെടുക്കേണ്ടതാണ്.

ക്ഷത്രിയനിലേക്കു മാത്രം യുദ്ധം ചെയ്യുവാനുള്ള അവകാശവും ബാദ്ധ്യതയും പരിമിതപ്പെടുത്തിയിടത്താണ് ഭാരതീയ ദേശീയതയുടെ ദൗർബല്യത്തിന്‍റെ കാതൽ എന്നു തിരിച്ചറിഞ്ഞ സവർക്കർ ജാതി നിയമങ്ങളെ തകർത്തെറിഞ്ഞ് എല്ലാ ഭാരതീയനും  ആയുധമെടുത്ത് അടരാടാൻ ആവശ്യപ്പെട്ടതോടെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനോടുള്ള യഥാർത്ഥ വെല്ലുവിളി ഉയരുന്നത്. 

ആ വെല്ലുവിളി ഉയർത്തിയ ഇരുപത്തിയേഴുകാരന്‍റെ ക്ഷുഭിതയൗവ്വനത്തെ മുളയിലെ നുള്ളുവാനാണ് അദ്ദേഹത്തെ ബ്രിട്ടീഷ് ഭരണകൂടം ഇരട്ട ജീവപര്യന്തം വിധിച്ച് ആൻഡമാനിലെ കൊടും ക്രൂരതയിലേക്ക് തള്ളിവിട്ടത്.  കടന്നു വന്ന ബ്രിട്ടീഷ് സാമ്രാജ്യത്വം തകർത്തൂടച്ച ഭാരത്തിന്‍റെ പോരാട്ട വീര്യത്തിന്‍റെ ദേശീയ പാരമ്പര്യ വൈവിധ്യത്തെ തിരിച്ചു പിടിച്ച് ശക്തി സമാഹരിക്കുവാനാണ് രണ്ടാം ലോക മഹായുദ്ധത്തിന്‍റെ സാഹചര്യം പ്രദാനം ചെയ്ത അവസരങ്ങളെ മുതലെടുത്തുകൊണ്ട് പരമാവധി ആളുകൾ ബ്രിട്ടീഷ് പട്ടാളത്തിൽ ചേരുവാൻ സവർക്കർ ആഹ്വാനം ചെയ്തത്. അങ്ങനെ ലഭിക്കുന്ന പട്ടാള പരിശീലനത്തെയും നേർ പോരാട്ട അനുഭവങ്ങളെയും പൂർണ്ണമായി പ്രയോജനപ്പെടുത്തുമ്പോൾ തന്നെ ബ്രിട്ടീഷ് കിരീടത്തോടും ഭരണകൂടത്തോടും യൂണിയൻ ജാക്കിനോടും പ്രതിബദ്ധത പുലർത്തുന്ന പ്രതിജ്ഞ ചടങ്ങായി കണക്കാക്കി മറന്നേക്കുവാനും ആത്യന്തിക പ്രതിബദ്ധത ഭാരതാംബയോടായിരിക്കണമെന്നും  സവർക്കർ വിശേഷിച്ച് വ്യക്തമാക്കുകയും ചെയ്തു. ഭാരതത്തിന്‍റെ വിമോചനത്തിനു വേണ്ടിവന്നേക്കാവുന്ന പോരാട്ടങ്ങൾക്ക് സൈന്യത്തിനുള്ളിലെ സംഖ്യാബലം കരുത്തേകുമെന്ന കണക്കു കൂട്ടലിലാണ് സവർക്കർ അങ്ങനെയൊരു തന്ത്രം മെനഞ്ഞത്. ഇവിടെ ഓർക്കേണ്ട മറ്റൊകാര്യം മുഹമ്മദാലി ജിന്നയുടെ കുതന്ത്രങ്ങളുടെ ഫലമായി ഭാരതവിഭജനം ഉണ്ടാകുമെന്ന് അന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞിരുന്നു. അങ്ങനെ വിഭജനമുണ്ടായാൽ പാക്കിസ്ഥാനിലേക്ക് പോകാനിടയുള്ളവർക്കാണ് അന്നത്തെ സൈന്യത്തിൽ സംഖ്യാപരമായി ഗണ്യമായ മേൽകൈ എന്നതായിരുന്നു വസ്തുത. അത് വിഭജനശേഷമുള്ള ഭാരതത്തിന്‍റെ പ്രതിരോധശേഷിയിൽ കാര്യമായ കുറവുണ്ടാക്കുമെന്ന വസ്തുത കണക്കിലെടുത്തു കൊണ്ടും കൂടിയായിരുന്നു സവർക്കർ ദേശീയ ശക്തികളോടൊപ്പം നിന്ന യുവാക്കളോട് സൈന്യത്തിലേക്ക് ചേക്കേറുവാൻ നിർദ്ദേശിച്ചത്.  ഡോ അംബേദ്കറും രഷ് ബിഹാരീ ബോസും നേതാജീ സുഭാഷ് ചന്ദ്ര ബോസും അടക്കമുള്ളവർ വീര സവർക്കറുടെ ഈ രണതന്ത്രത്തെ അറിഞ്ഞ് അംഗീകരിച്ചവരാണ്. ക്വിറ്റ് ഇൻഡ്യാ സമരവും അതു നയിച്ച നേതൃത്വവുമല്ല, ഭാരതീയ സേനയിലുയർന്ന അസഹിഷ്ണതയുടെ സൂചനകളാണ് ബ്രിട്ടീഷ്കാരെ ഇൻഡ്യ വിട്ടുപോകാൻ നിർബന്ധിതരാക്കിയതെന്ന് അധികാരക്കൈമാറ്റക്കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്‍റ് ആറ്റ്ലിയെ ഉദ്ധരിച്ചുകൊണ്ട് 1950കളിൽ ഡോ അംബേദ്കർ നടത്തിയ വെളിപ്പെടുത്തൽ സൈന്യത്തിലേക്ക് കയറിക്കൂടുവാൻ സവർക്കർ നടത്തിയ നിർദ്ദേശത്തിലെ ശരി പ്രകടമാക്കുന്നു. സ്വാതന്ത്രഭാരതം തുടക്കത്തിൽ തന്നെ കശ്മീർ ലക്ഷ്യമാക്കി പാക്കിസ്ഥാൻ നടത്തിയ കടന്നു കയറ്റത്തെ ചെറുക്കുന്നതിനും സവർക്കർ മുൻകൂട്ടി നടപ്പിലാക്കിയ പദ്ധതി പ്രയോജനപ്പെട്ടൂയെന്നതാണ് മറച്ചുവെക്കപ്പെട്ടതാണെങ്കിലും സത്യസന്ധമായ ചരിത്രവസ്തുത.

സ്വാതന്ത്രഭാരതത്തെ സംബന്ധിച്ചും ചരിതത്തെ കുറിച്ചും രണ്ടാം ലോകമഹായുദ്ധാനന്തര ലോകത്തെ കുറിച്ചും കൃത്യമായ പഠനവിലയിരുത്തകളുടെയും ഭാരതത്തിന്‍റെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തെ കണക്കിലെടുത്തതിന്‍റെയും അയൽ രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ കാഴ്ചപ്പാടുകളെ മനസ്സിലാക്കിയെടുത്തതിന്‍റെയും അടിസ്ഥാനത്തിൽ ഭാരതത്തിന്‍റെ ഭാവി സുരക്ഷ ഉറപ്പാക്കുവാധുള്ള പിഴവിനിടം കൊടുക്കാത്ത കർമ്മപദ്ധതി സവർക്കറുടെ ബൗദ്ധിക ആവനാഴിയിലുണ്ടായിരുന്നു. പക്ഷേ പിഴവും പഴുതും നിറഞ്ഞതായിരുന്നു അധികാരം കയ്യിൽ കിട്ടിയ ജവഹർലാൽ നെഹ്രുവിന്‍റെ പ്രതിരോധ പദ്ധതി. (ഒരു പക്ഷേ അങ്ങനെയൊന്നില്ലായിരുന്നൂയെന്നു പറയുന്നതാകും കൂടുതൽ ശരി)  1950ൽ ചൈന ടിബറ്റിലേക്ക് കടന്നാക്രമിച്ചപ്പഴേ ചീനപ്പടയുടെ അടുത്ത ഊഴം ഭാരതമായിരിക്കുമെന്ന സൂചന സവർക്കർ നൽകി. നെഹ്രു പഞ്ചശീല തത്ത്വവുമായി ചൈനയെ സമീപിച്ചപ്പോൾ 1954ൽ തന്നെ, (1962ൽ കമ്യൂണിസ്റ്റ ചൈന ഭാരതത്തെ കടന്നാക്രമിക്കുന്നതിന് 8 വർഷങ്ങൾക്കു മുമ്പ്) സവർക്കർ പ്രസ്താവനയിലൂടെ വ്യക്തമാക്കി:


"ടിബറ്റിനോടുള്ള പ്രവർത്തിക്കുശേഷവും ചൈനയോടുള്ള അമിത വിധേയത്വം ആ രാജ്യത്തിന്‍റെ വിശപ്പ് വർദ്ധിപ്പിക്കും. ഇൻഡ്യയുടെ ദുർബലമായ സമീപനത്തിന്‍റെ തണലിൽ ഇൻഡ്യൻ ഭൂമി വിഴുങ്ങുവാനുള്ള ധൈര്യം ചൈനയ്ക്കുണ്ടായാലും എനിക്ക് അതിശയം തോന്നുകയില്ല"

ഭാരതത്തിന്‍റെ ദേശസുരക്ഷയുടെ കാര്യത്തിൽ ആഗോള ബന്ധങ്ങളിലെ കൗശല പൂർവ്വമായ ഇടപെടലുകളും പ്രധാന ഘടകമായിരുന്നു.  അമേരിക്ക പോലുള്ള രാജ്യങ്ങൾ പോലും അവരുടെ സ്വാർത്ഥ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നയതന്ത്ര ബന്ധങ്ങളും നയങ്ങളും രൂപപ്പെടുത്തുന്നതെന്നും അല്ലാതെ ബൈബിളിന്‍റെ അടിസ്ഥാനത്തിലല്ലെന്നും അമേരിക്കൻ മാദ്ധ്യമങ്ങളോട് വെട്ടിത്തുറന്ന് പറഞ്ഞ ചരിത്രം സവർക്കർക്കുണ്ട്. ഭാരതത്തോട് ഒരു നല്ല ബന്ധത്തിനു തയാറാകുന്നത് അവരുടെ ഭാവിക്കും നല്ലതാകുമെന്നും സൂചനയും സവർക്കർ അവരോട് നൽകിയിരുന്നു. അതുപോലെ യന്ത്രവത്കരണത്തിന്‍റെ സാദ്ധ്യതകളുൾപ്പടെ പ്രയോജനപ്പെടുത്തി സാമ്പത്തിക ഭദ്രതകൊണ്ട് ശക്തമായാലേ രാഷ്ട്രത്തിനു നിലനിൽക്കുവാനുള്ളയിടം ലഭിക്കൂയെന്ന ഉൾക്കാഴ്ചയും സവർക്കറുടെ പ്രത്യേകതയായിരുന്നു.

അങ്ങനെ സമഗ്രമായ  കാഴ്ചപ്പാടിന്‍റെ  പ്രയോഗവത്കരണത്തിലൂടെ ഭാരതം ശക്തി സംഭരിക്കണമെന്നും അങ്ങനെ ഉയരുന്ന രാഷ്ട്ര ശക്തിയുടെ ബലത്തിൽ ശാന്തിയുടെ അന്തരീക്ഷത്തിലേക്ക് ലോകത്തെ നയിക്കണമെന്നും സവർക്കർ പറഞ്ഞതിനെ ഫലപ്രദമായി പ്രാവർത്തികമാക്കുന്ന പ്രക്രിയ  മോദിയുടെ ഭാരതം തുടങ്ങിക്കഴിഞ്ഞു, 

അഞ്ചു ട്രില്ല്യൻ യുഎസ്സ് ഡൊളർ സാമ്പത്തിക ശക്തിയാകാൻ ലക്ഷ്യം വെച്ചതും പ്രതിരോധശക്തി ദൃഡപ്പെടുത്താൻ ചടുലനടപടികളെടുത്തതും നയതന്ത്ര ബന്ധങ്ങളിൽ രാഷ്ട്ര താത്പര്യത്തിനും ലോക സമാധാനത്തിനും പ്രധാന്യംകോടുത്തുകൊണ്ടുള്ള ത്വരിത നീക്കങ്ങൾക്ക് കൗശലപൂർവ്വം മുന്നോട്ടിറങ്ങിയതുമൊക്കെ ശരിദിശയിലുള്ള ചുവടുവെപ്പുകളായിരുന്നു.

അതിനിടയിലാണ് കോവിഡ് 19 പുതിയ വെല്ലുവിളികൾ ഉയർത്തുന്നത്.

ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ കോവിഡ്19 ചൈന ഒരു ജൈവായുധം എന്ന പേരിൽ വളർത്തിയെടുത്തതാണോ അതോ വുഹാൻ പ്രവിശ്യയിൽ ജന്മമെടുത്ത് യാദൃച്ഛികമായി ലഭിച്ച വൈറസ്സിനെ ചൈനീസ് കമ്യൂണിസ്റ്റു ഭരണകൂടം തങ്ങളുടെ ആവനാഴിയിലേ ജൈവായുധ സംഭരണിയിലേക്ക് കൂട്ടിച്ചേർത്തതാണോയെന്നതിൽ മാത്രമേ കൃത്യത ഉണ്ടാകേണ്ടതൂള്ളു.  സാമ്രാജ്യത്വ വികാസത്തിന് ലക്ഷ്യം വെച്ച് ചൈന ആരംഭിച്ച കുതന്ത്രങ്ങളിലൂടെ തകർക്കാൻ ശ്രമീക്കുന്ന ഒന്നാമത്തെ രാജ്യം അമേരിക്കൻ ഐക്യനാടുകളും രണ്ടാം രാജ്യം ഭാരതവുമാണെന്നതിലും വേണ്ടത്ര വ്യക്തതയുണ്ട്. ഭൂമിശാസ്ത്രപരമായ കാരണങ്ങളാലും രണതന്ത്രപരമായ കാരണങ്ങളാലും അമേരിക്കയ്ക്കെതിരെയുള്ള കടന്നാക്രമണം വാണിജ്യമേഖലയിൽ ഒതുക്കുന്നതിനപ്പുറം പോകാനിടയില്ല. പക്ഷേ ഭാരതത്തിനുമേൽ  അതിർത്തി കടന്നുള്ള ആക്രമത്തിന്‍റെ പുതിയൊരു പോർമുഖം കൂടി തുറക്കുമൊയെന്ന സാദ്ധ്യത ലോകം ശ്രദ്ധാപൂർവ്വം പഠിച്ചുകൊണ്ടിരിക്കുകയാണ്. ഭാരതത്തിനോട് ശത്രുതാമനോഭാവത്തോടെ ജിഹാദിനു തയാറായി ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തികളിലും അന്തർദേശീയ നിയന്ത്രണ രേഖകളിലും നിരന്തരം കടന്നാക്രമങ്ങളും ഇസ്ലാമിക തീവ്രവാദികൾ മുഖേനയുള്ള വിധ്വംസക പ്രവർത്തനങ്ങളും നടത്തുന്ന പാക്കിസ്ഥാനും ചൈനയുടെ സഹായത്തോടെ ഒരു അതിസാഹസത്തിനു മുതിരുമോയെന്നതും നോക്കിക്കാണേണ്ടിയിരിക്കുന്നു.

മാർക്സിസത്തിൽ നിന്നും മാവോയിസത്തിലേക്ക് വഴിതെറ്റിയ  ഇൻഡ്യയിലെ കമ്യൂണിസ്റ്റു സഖാക്കളുടെ പുതുതലമുറയും ജിഹാദിലൂടെ ഇസ്ലാമിക രാജ്യം സ്പ്നം കണ്ട് തീവ്രവാദപരമ്പരകളിലൂടെ ലോകം പിടിച്ചടക്കുവാൻ ഇറങ്ങിത്തിരിച്ചവരും ആരുടെ കൂടെനിന്നായാലും അധികാരം തിരിച്ചു പിടിക്കണമെന്ന മോഹവുമായി അവസരം തേടുന്ന സോണിയ-രാഹുൽ-പ്രിയങ്ക-വദ്രമാരും  വീര സവർക്കറെ ഭയക്കുന്നവരും ഭാരതത്തെ ചതിക്കുന്നവരുമാണ്.

മരണത്തേ വെല്ലുവിളിച്ച സ്വാതന്ത്ര്യവീര വിനായക ദാമോദർ സവർക്കരോടോപ്പം ഭാരതാംബയ്ക്കു വേണ്ടി സ്വയം സമർപ്പിച്ച വീരബലിദാനികളുടെ ബലികുടീരങ്ങളിൽ നിന്നുയരുന്ന പ്രകാശധാരയിൽ ആത്മനിർഭര ഭാരതം വീണ്ടും തിളങ്ങും, ലോകത്തിന് വെളിച്ചമായി, വഴികാട്ടിയായി.

(ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ് ലേഖകൻ.  ഫോൺ: 9497450866)
ജന്മഭൂമി ദിനപ്പത്രം 27-05-2020 -ല്‍ ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

15 May 2020

Dhanya G Suresh :: ജയിച്ചതാര്, തോറ്റതാര്...ജയിച്ചതാര്, തോറ്റതാര്...
ധന്യ ജി സുരേഷ്

ഇരുപത് വർഷങ്ങൾക്കിപ്പുറമാണ് കോളേജ് റീയൂണിയൻ സെറ്റ് ചെയ്തത്. എല്ലാവരും കുട്ടികളും കുടുംബങ്ങളുമായി തിരക്കിട്ട ജീവിതം നയിക്കുമ്പോഴും ആ ഒരുദിവസത്തിൽ അവിടെ വന്നു ചേരാൻ ആരും കൂട്ടാക്കാതിരുന്നില്ല. പഴയ ഓർമ്മകളിലേക്ക് എല്ലാവരും ഒന്നുകൂടെ തിരിച്ചു പോകാൻ ഒത്തുകൂടുകയാണ്.

എന്നാൽ കൂടെപഠിച്ച സഹപാഠികളെ കാണാൻ വേണ്ടി മാത്രമായിരുന്നില്ല ദേവനാരായണൻ അവിടെ എത്തിച്ചേർന്നത് . ജീവനേക്കാളേറെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും തന്‍റെ സ്നേഹത്തിന്‍റെ ആഴം മനസ്സിലാക്കാതെ വഞ്ചിച്ചിട്ടു പോയ മായ .... അവളെ  കാണാൻ വേണ്ടി കൂടി  ആയിരുന്നു .

അവൾ പോയെങ്കിലും അവൻ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് അവൾക്ക് തെളിയിച്ചു കൊടുക്കണം. ഇന്നവൻ ജീവിതത്തിൽ വിജയിച്ച ഒരു മനുഷ്യനാണെന്ന് അവളെ ബോധിപ്പിക്കണമെന്നത്  അവന്‍റെ വാശി കൂടിയാണ് .

ഒട്ടുമിക്കപേരും എത്തിച്ചെർന്നു കഴിഞ്ഞു. പഴയ ഓർമ്മകളിൽ മുഴുകി തമ്മിൽ കളിയാക്കിയും കഥകൾ പറഞ്ഞും എല്ലാവരും ഒരിക്കൽ കൂടി ആ കോളേജിൽ പഠിച്ച വിദ്യാർത്ഥികളായി മാറുകയായിരുന്നു.

ദേവനാരായണൻ സംസാരത്തിൽ മുഴുകി നിൽക്കുമ്പോഴായിരുന്നു ഒരുവൻ പറഞ്ഞത്, ടാ അത് നമ്മുടെ മായ അല്ലെ ...?  ദേവ് തിരിഞ്ഞു നോക്കി, അതെ അതവൾ തന്നെയാണ് മായ.

എത്രയൊക്കെ ദേഷ്യമാണ് അവളെ ഓർക്കുമ്പോൾ അവനുള്ളതെങ്കിലും വർഷങ്ങൾക്കിപ്പുറം കാണുമ്പോൾ അവന് അവളെ നോക്കി ചിരിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.

മായ എല്ലാവരോടും മിണ്ടുകയും കാര്യങ്ങൾ തിരക്കുകയും ചെയ്തു . ദേവിനോട് മാത്രം അവൾ ഒന്നും മിണ്ടിയതുമില്ല. മായയോട് ദേവും ഒന്നും മിണ്ടിയില്ല.

ദേവ് അവളെ ഒത്തിരി നേരം നോക്കി നിന്നു. ഇന്നവൾ ആ പഴയ തൊട്ടാവാടി പെണ്ണല്ല. ആരെയും പേടിയില്ലാത്ത ഒരു ജീവിതം പോലെ ദേവിന്‍റെ കണ്ണുകൾക്ക് അവളെ അന്ന് കണ്ടപ്പോൾ തോന്നി.

അപ്പോഴും അവൻ ചിന്തിച്ചു , എന്തുകൊണ്ടായിരുന്നു അന്ന് അവൾ എന്നിൽ നിന്നും അകന്നുമാറിയത്. എന്തിനാണ് അന്നവൾ ഏറെ വേദനിപ്പിച്ചുകൊണ്ട് എന്നിൽനിന്നും പോയ്മറഞ്ഞത്.

അതിനുത്തരം ചോദിച്ചിട്ട് അന്നവൾ നൽകിയിട്ടുമില്ല, സ്വയം അതിനുള്ള ഉത്തരം കണ്ടെത്താൻ അവനിന്നോളം കഴിഞ്ഞിട്ടുമില്ല.

ഒരു കാര്യവുമില്ലാതെ അവനിൽ നിന്ന് ഒഴിഞ്ഞു മാറിയതുകൊണ്ടാണ് അവനിന്നും മായയോട് ദേഷ്യം.

ഹായ് ദേവ് ....  ആലോചനയിൽ മുഴുകി നിന്ന ദേവ് പെട്ടന്ന്  തിരികെ വന്നു. അവനെ വിളിച്ചത് മായ ആയിരുന്നു .

തിരിച്ചവനും പറഞ്ഞു,
ഹലോ ...
സുഖമാണോ നിനക്ക് ..?
അതെ സുഖം , നിനക്കോ ...?
മ്മ് സുഖം ...

നിശബ്ദതയിൽ മുഴുകിയ നിമിഷങ്ങളായിരുന്നു പിന്നെ കുറച്ചു നേരത്തേക്ക് ...

നിശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ട് മായ പറഞ്ഞു.
വിരോധമില്ലെങ്കിൽ നമുക്ക് ഒന്നു നടന്നാലോ.
ഹാ ഓക്കേ എന്നവനും പറഞ്ഞു.

ഇരുവരും നടന്നടുത്തത് പണ്ട് അവർ ഒന്നിച്ച് വന്നിരിക്കാറുള്ള വാകമരത്തിന്‍റെ ചുവട്ടിലായിരുന്നു. വേനൽ ആയതുകൊണ്ട് ഇലകൾ പൊഴിച്ച് ചുവന്നു പൂത്തുലഞ്ഞു നിൽക്കുവായിരുന്നു ആ മരവും .

വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ മായ ദേവിന്‍റെ കുടുംബത്തെപ്പറ്റി തിരക്കി. വളരെ അഭിമാനത്തോടെയും അഹങ്കാരത്തോടെയും തന്നെ അവന്‍റെ കുടുംബത്തെ അവൾക്ക് പരിചയപ്പെടുത്തി .

അവൾ ടീച്ചർ ആണ് പേര്  കണ്ണകി, മക്കൾ രണ്ടുപേർ ഒരാണും ഒരു പെണ്ണും  ആനന്ദും , ദർശനയും  ഒരാൾ ഒൻപത്തിലും ഒരാൾ ആറിലും പഠിക്കുന്നു.

മായ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അവൻ ഏറെ സന്തോഷപൂർവ്വമാണ് ഓരോ കാര്യങ്ങളും പറയുന്നത്.

ഏറെനേരത്തെ സംഭാഷണത്തിനൊടുവിൽ മായയുടെ ജീവിതത്തെപ്പറ്റി തിരക്കി അവൻ ...

നിവർത്തിയിട്ടിരുന്ന സാരിയുടെ തുമ്പ് അവൾ കൈകൊണ്ട് പിടിച്ച് ചുറ്റിയെടുത്തിട്ട് അവൾ ഒന്നു ചിരിച്ചുകൊണ്ട് പറഞ്ഞു
ഭർത്താവ്, കുടുംബം കുട്ടികൾ അങ്ങനൊന്നും എന്‍റെ ലൈഫിൽ പറയാൻ ഇല്ല.

ഒരു ഞെട്ടൽ എന്നവിധം ദേവ് ചോദിച്ചു,
അപ്പൊ നീ ഇതുവരെ കല്യാണം......   മുഴുവൻ ചോദിക്കുന്നതിനു മുൻപ് തന്നെ അവൾ പറഞ്ഞു
അതേടോ ഇല്ല.
അവനുപിന്നീട് എന്ത് ചോദിക്കണമെന്നോ പറയണമെന്നോ അറിയാത്തൊരു അവസ്ഥയായി .

ദേവിന് ഒന്നും മനസ്സിലായില്ല, അവൻ നോക്കുമ്പോൾ മായ പുഞ്ചിരിക്കുന്നത്. മാത്രമേയുള്ളു.

കുറച്ചു നേരത്തെ മൗനത്തിനു ശേഷം  മായ ദേവിനോട് ചോദിച്ചു. നീ എന്നെ വെറുത്തിട്ടുണ്ടല്ലേ. ഇല്ലെന്ന് അവളോട്‌ പറയാൻ അവന്‍റെ മനസാക്ഷി അനുവദിച്ചില്ല, അവൻ മറുപടിയൊന്നും തന്നെ നൽകിയില്ല.

മായ വീണ്ടും തുടർന്നു. നിനക്കോർമ്മയുണ്ടോ ഈ കോളേജിന്‍റെ സ്റ്റെപ്പിൽ നിന്നും ഞാൻ താഴേക്ക് വീണത്. വലിയൊരു വീഴ്ച്ചയിൽ  ഞാൻ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്നു.  പക്ഷെ അന്ന് എന്‍റെ വിധി ദൈവം മാറ്റി മറിച്ചു. വൈകാതെ തന്നെ ഡോക്ടർമാർ കണ്ടെത്തി എനിക്ക് ഭാവിയിൽ ഒരമ്മയാകാൻ കഴിയില്ലെന്നുള്ള സത്യം.

ആ വെളിപ്പെടുത്തലുകൂടി കേട്ടപ്പോൾ ദേവ് ഞെട്ടിപ്പോയിരുന്നു .

ഒട്ടും പതറാത്ത സ്വരത്തിൽ തന്നെ മായ വീണ്ടും തുടർന്നു.
അന്നിതൊന്നും തുറന്നു പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു . ഒരുപക്ഷെ ഞാൻ എല്ലാം തുറന്നു പറഞ്ഞിരുന്നുവെങ്കിൽ നീ എന്നെ ഉപേക്ഷിക്കില്ലായിരുന്നു.
പക്ഷെ ഞാൻ അന്ന് ആലോചിച്ചത് നിന്‍റെ കുടുംബത്തെപ്പറ്റിയാണ്. നിന്റെ കുട്ടികളെ കാണാനും കൊഞ്ചിക്കാനും ആഗ്രഹിക്കുന്ന ഒരമ്മയുടെയും അച്ഛന്റെയും ആഗ്രഹത്തെ കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല . നിന്നോടൊന്നും തുറന്നു പറയാതെ സ്വയം അകന്നു മാറുക എന്നല്ലാതെ മറ്റൊരു വഴിയും എനിക്കന്ന് അറിയില്ലായിരുന്നു .
പിന്നീട് തുടർന്നുള്ള പഠനവും ജോലിയുമൊക്കെ ആയി ജീവിതം കടന്നു പോയി . ഞാൻ കല്യാണം കഴിക്കാതെ ഒരു ജീവിതത്തെപ്പറ്റി ചിന്ദിക്കില്ലെന്ന് വാശിപിടിച്ചു നിന്ന യേട്ടനെക്കൊണ്ട് സമ്മതിപ്പിച് അവന്റെ കല്യാണം കഴിഞ്ഞു , മൂന്നു കുട്ടികൾ . രണ്ടു വർഷങ്ങൾക്കുമുമ്പ് അമ്മ മരിച്ചു , എന്നെ ഓർത്ത് ആ പാവം ഒത്തിരി ദുഃഖിച്ചിട്ടുണ്ട് . പിന്നീട് ഒരു ജീവിതം നഷ്ട്ടമായെന്നൊരു വേദനയൊന്നും എനിക്കില്ല.

പക്ഷെ ഇന്ന് ഞാൻ ഏറെ സന്തോഷിക്കുന്നു ദേവ് .  ഞാൻ പോയെങ്കിലും നീയൊരു തോൽവിയായി മാറിയില്ല . കുടുംബമായി സന്തോഷത്തോടെ ജീവിതം നയിക്കുന്നു . അതായിരുന്നു ഞാൻ ആഗ്രഹിച്ചതും .

ഒന്നും പറയാൻ കഴിയാതെ ദേവ് ഞെട്ടലോടെയും ദുഃഖത്തോടെയും എല്ലാം കേട്ടുനിന്നു .
സത്യത്തിൽ അവളായിരുന്നു എന്നേക്കാൾ വേദനിച്ചിരുന്നതെന്ന് തിരിച്ചറിഞ്ഞപ്പോൾ അവന്റെ മനസ്സ് ഏറെ വേദനിച്ചു . എനിക്കിന്ന് കൂടെ കൂട്ടായും തണലായും ഒരാളുണ്ട്  , പക്ഷെ അവൾ .... ഇന്നും അവൾ ഏകയാണ്.

ഹലോ ദേവ് എന്താ ആലോചിക്കുന്നത് മായ അവനെ ഒന്നുകൂടി ഉണർത്തിക്കൊണ്ട് ,
വരൂ... ഒരു കള്ള ചിരി ആ മുഖത്തു വരുത്തിക്കൊണ്ട് പറഞ്ഞു.  നമുക്ക് അങ്ങോട്ട് ചെല്ലാം ഇല്ലേൽ വേറെന്തെങ്കിലും പറഞ്ഞുണ്ടാക്കും അവർ.

ഹാ.. വരൂ ... ,

ദേവും മായയും അവിടേക്ക് നടന്നു നീങ്ങുമ്പോൾ ദേവ് ഈശ്വരനോട് മനസ്സിൽ  ചോദിച്ചു. ഈശ്വരാ ഇവിടെ സ്നേഹത്തിനു മുന്നിൽ  തോറ്റതും ജയിച്ചതും ആരാണ്.
ദേവ് ഒരിക്കൽ കൂടി മായയുടെ മുഖത്തു നോക്കി അവളുടെ ചുണ്ടിൽ അപ്പോഴും ആ പുഞ്ചിരി മാഞ്ഞു പോയിട്ടില്ലായിരുന്നു. അവനോർത്തു ഈ ചിരിക്കുള്ളിലെ ഉത്തരം എന്തായിരിക്കും ...?

മായ സന്തോഷവതിയാണെന്ന് പറയാൻ കഴിയില്ല. സ്വയം ദുഖിച്ചില്ലാതാകുന്നു അവൾ.

ആരെയും സത്യാവസ്ഥ എന്തെന്നറിയാതെ ഒരിക്കലും കുറ്റപ്പെടുത്താൻ പാടില്ല . എല്ലാവർക്കും ഉണ്ടാകും അവരവരുടെതായ ശരികൾ. തങ്ങൾക്കു മാത്രം മനസ്സിലാകുന്ന, ബോധ്യമാകുന്ന ചില സത്യാവസ്ഥകൾ .....


https://www.yourquote.in/the-bluelight-pen-bdhbb/quotes/sneehttinumunni-jyicctaar-toorrrrupooyt-aar-9j8eg

13 May 2020

G Gopalakrishna Pillai :: ബുദ്ധൻ ചിരിക്കുന്നുകവിത (1998)
ബുദ്ധൻ ചിരിക്കുന്നു 
ജി ഗോപാലകൃഷ്ണ പിള്ള


ബുദ്ധൻ ചിരിക്കുന്നു പിന്നെയും ഭാരതം
ഹർഷപുളകിതമാകുമീ വേളയിൽ
ആറ്റം പിളർക്കുന്നൊരൂറ്റം ധരിത്രിയെ
തെല്ലിടയമ്പേ പ്രകമ്പിതമാക്കിയോ

ഞെട്ടി തരിച്ചുപോയ് യാങ്കികൾ ചീനരും
മറ്റൊരു രാഷ്ട്രം അണുശക്തിയാകയോ?
നൂറ്റാണ്ടുകാലം അഹിംസയെന്നോതിയ
നാടിതു ശാന്തിയെ കൈവെടിഞ്ഞേക്കുമോ
ബുദ്ധൻപിറന്നൊരീ മണ്ണിൽ സമാധാന-
യജ്ഞം തുടരുന്ന നേതാക്കൾ ഇല്ലയോ ?

ശാന്തസ്വരൂപനാം ശാക്യമുനിയുടെ
വാക്യങ്ങളോതിപഠിച്ചൊരു ചീനയും
മാറ്റത്തിനേതും ചെവികൊടുക്കാത്തവർ
കാട്ടാള വർഗ്ഗം നിറഞ്ഞ ദേശങ്ങളും
ഉപരോധ ഭീഷണി കൊണ്ടെന്‍റെ നാടിത്
വിറ കൊള്ളമെന്നു കരുതുന്ന മുഷ്കരും

ചിരിയുടെ പിന്നിലെ തത്ത്വത്തെ,യേതു-
മറിയുന്നതില്ലഹോ വിശ്വത്തിലെങ്ങും-
പുകൾപെറ്റ 'നാളന്ദ' അഗ്നിക്കിരയാക്കി
വിട്ട പാദങ്ങളിൽ 'ബുദ്ധം ശരണം'എ-
ന്നോതി പ്രണമിച്ച ബുദ്ധിനിശൂന്യത-
യല്ലിന്നു ഭാരതം പെറ്റുവളർത്തുന്ന-
തെന്നിവരോർക്കുമോ ?

സ്വന്തം സിരകളിൽ ഒക്കെയും വററാത്ത
ക്ഷാത്രവീര്യം തിളയ്ക്കുന്നവരാണവർ
ശക്തന്‍റെ കയ്യിൽ സഹനമാമായുധം
നാലാളു കേൾക്കിൽപുകഴ്ത്തലിനുള്ളതാം
ദുർബലൻ ഹത്യയെ തള്ളിപ്പറകിലും
ഭീരുത്വം എന്നേ കരുതുള്ളു മാനുഷർ

ബോധിവൃക്ഷത്തിൻ ചുവട്ടിൽനിന്നീ നവ
ബോധം ലഭിച്ച ജനതയാം ഭാരതർ
'വിശ്വം സമസ്തം സുഖം ലഭിക്കട്ടെയെ'
ന്നുച്ചത്തിൽ ഘോഷിക്കയാണിന്നു പിന്നെയും

വെട്ടിപ്പിടിച്ചില്ല സാമ്രാജ്യ സീമകൾ
വെട്ടി അരിഞ്ഞില്ല രാജശിരസ്സുകൾ
ശാസ്ത്ര വിജയത്തെ മേലിലും നാടിന്‍റെ
കോപ്പു കൂട്ടാനേയെടുക്കള്ളു ഭാരതം !

കാറ്റു വിതച്ച് കൊടുങ്കാറ്റു ചെയ്യുവാൻ
കോപ്പു കൂട്ടേണ്ട പതറില്ല ഭാരതം !
കല്ലിൽ ഇരുമ്പിൽ നിന്നാററം യുഗത്തിലേ-
ക്കെന്‍റെ നാടിന്നുണരുന്ന വേളയിൽ
ബുദ്ധൻ ചിരിക്കുന്നു പിന്നെയും മാനവ
ധർമ്മ ധ്വജത്തിന്നുയർച്ചയ്ക്ക് മീതെയായ്!!

 --- G Gopalakrishna Pillaiഅടിക്കുറിപ്പ്

1998.  തപസ്യയുടെ സംസ്ഥാനപഠനശിബിരം.  സ്ഥലം കുട്ടികൃഷ്ണമാരാരുടെ ഭവനം.  സാന്നിദ്ധ്യം: മഹാകവി അക്കിത്തം, പി.നാരായണകുറുപ്പ്, ആർ.സഞ്ജയൻ, പ്രൊഫസ്സർ സി.ജി.രാജഗോപാലൻ, യശഃശരീരരായ തുറവൂർ വിശ്വംഭരൻ, എൻ.പി.രാജൻ നമ്പി തുടങ്ങിയവർ.

ഭാജനഭോജനവാദം, പുരോഗമന സാഹിത്യം തുടങ്ങി പലതും ചർച്ചയായി.  സോദ്ദേശസാഹിത്യസൃഷ്ടിയുടെ ആവശ്യത്തെസംബന്ധിച്ച് ജി ഗോപാലകൃഷ്ണ പിള്ള ഒരു പ്രബന്ധം അവതരിപ്പിച്ചിരുന്നു.  കവിത കവി ഹൃദയത്തിൽ സ്വയമേവ ജന്മമെടുക്കുന്നതാണെന്നും ദോശ ചുട്ടെടുക്കുന്നതു പോലെയല്ലെന്നുമുള്ള അഭിപ്രായമാണ് മഹാകവി അക്കിത്തം പ്രകടിപ്പിച്ചത്.

തന്‍റെ വാദം തെളിയിയ്ക്കുവാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് പ്രബന്ധകാരൻ  നിശ്ചയിച്ചു. അങ്ങനെ അന്ന് പഠന ശിബിരത്തിന്‍റെ ഇടവേളയിൽ ഗോപാലകൃഷ്ണ പിള്ളയുടെ കവിമനസ്സിൽ രൂപം കൊണ്ട കവിതയാണിത്. ചർച്ചയിൽ എതിർത്തവരും കവിതയെ അനുമോദിച്ചു.  തുടർന്ന് നാഗപ്പൂരിൽ നടന്ന അഖിലഭാരതീയ കലാസാധക സംഗമത്തിൽ കുഞ്ഞപ്പൻ കൊല്ലങ്കോടിന്‍റെ വിവർത്തനത്തോടുകൂടി അവതരിപ്പിക്കുവാൻ കഴിഞ്ഞു. തുടർന്ന് അടൽ ബിഹാരി വാജ്പേയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. 1998 ജൂലൈ 5   'ജന്മഭൂമി' വാരാദ്യപതിപ്പിലാണ് ഈ കവിത ആദ്യമായി പ്രസിദ്ധീകരിച്ചത്.

--- K V Rajasekharan

Dhanya G Suresh ;; ഏകാന്തതയിലെ മഴക്കാലംഏകാന്തതയിലെ മഴക്കാലം
ധന്യ ജി സുരേഷ്

ഏകാന്തത വേട്ടയാടുമ്പോൾ  അവളുടെ  ജനനത്തെപ്പറ്റി അവൾ  ഓർത്തുപോയി.

താൻ അമ്മയുടെ ജീവൻ ചിലപ്പോൾ അപകടത്തിൽ ആക്കുമെന്ന് ഡോക്ടർ പറഞ്ഞു.  ചിലപ്പോൾ കുട്ടിയെ ജീവനോടെ കിട്ടില്ല  ചിലപ്പോൾ അമ്മയുടെ ജീവൻ നഷ്ടപ്പെടും .

ജീവനോടെ ഇരിക്കുന്ന ആരെയും നഷ്ടപ്പെടുത്താൻ നമ്മൾ ആഗ്രഹിക്കില്ലല്ലോ . അതുകൊണ്ട് എല്ലാവരും കുട്ടിയെ വേണ്ടാന്ന് വെക്കാൻ പറഞ്ഞു.

പക്ഷെ അമ്മയാം അവൾക്ക് ഒരു ജീവനെ കൊല്ലാനുള്ള മനസ്സില്ല. എല്ലാവരും വേണ്ടാന്ന് പറഞ്ഞിട്ടും അവൾ ആ കുട്ടിയെ കളയാൻ ഒരുക്കമായില്ല .

ആരെയും എതിർത്ത് ഒരക്ഷരം മിണ്ടാൻ ഭയക്കുന്നവൾ അന്ന് ആരെയും ഭയക്കാതെ തന്നെ തീരുമാനമെടുത്തു .

അമ്മയുടെ മനസ്സറിഞ്ഞതുകൊണ്ടാകാം ഗർഭാവസ്ഥയിൽ അധികം ശല്യമൊന്നും ഉണ്ടാക്കിയിട്ടില്ല . അമ്മയെ വേദനിപ്പിച്ചിട്ടുമില്ല .

ആദ്യത്തെ കുഞ്ഞ് ആണായതുകൊണ്ടും പെൺകുട്ടികളെ ഏറെ ഇഷ്ട്ടമായതുകൊണ്ടും ഈ കുട്ടി ഒരു പെൺകുട്ടിയായിരിക്കണെന്ന്  അവൾ  പ്രാർത്ഥിച്ചിരുന്നു.

എന്നാൽ പറഞ്ഞിരുന്ന ദിവസം ആകുന്നതിനുമുന്നെ തന്നെ ഏവരും ഭയപ്പെട്ടിരുന്ന ആ കുഞ്ഞ് ജനിക്കാനൊരുങ്ങി.

അമ്മയെ അന്നാദ്യമായി ആ കുഞ്ഞു വേദനിപ്പിച്ചു, വേദനയിൽ ആഴ്ത്തി, ശ്വാസം നിലക്കും വിധം ഭീതിയിലാഴ്ത്തി.

എല്ലാവരും അമ്മയെ ജീവനോടെ കിട്ടാൻ പ്രാർത്ഥിച്ചു. ആ കുഞ്ഞിനു വേണ്ടി ആരും പ്രാർത്ഥിച്ചതുമില്ല,  ജീവനോടെ കിട്ടാൻ ആഗ്രഹിച്ചതുമില്ല. അപ്പോഴും അവൾ പ്രാർത്ഥിച്ചു എന്‍റെ കുഞ്ഞിനൊന്നും വരുത്തരുതേ ഈശ്വരാന്ന്.

സമയം രാത്രി ഏറെ വൈകിയിരിക്കുന്നു . സുഖപ്രസവം നടക്കില്ല . സിസേറിയൻ ഇനി രാവിലെ പറ്റുള്ളൂ. കുട്ടിയെ ജീവനോടെ ലഭിക്കുമെന്ന് ഒരുറപ്പ് തരാൻ അവർക്ക് കഴിയില്ലായിരുന്നു. കുട്ടിയെ നഷ്ട്ടമായാലും  അമ്മ ജീവൻ നിലനിർത്തിയാൽ മതിയായിരുന്നു.

അന്ന് വരെ കടുത്ത വേനലിന്‍റെ ചൂടായിരുന്നു, രാത്രി ഇടിയും മിന്നലും,  മഴ  അന്ന് തകർത്തു പെയ്തു.

പുറത്ത് അച്ഛൻ ഭീതിയിലാണ്.  എന്താകുമെന്ന് അറിയാതെ. അപ്പോഴും ആ കുട്ടിയെ ആഗ്രഹിച്ചില്ല ഭാര്യ അവൾ ജീവനോടെ  കിട്ടിയാൽ മതിയെന്ന ആഗ്രഹം മാത്രം ...

ഭയത്തിലാഴ്ത്തിയ രാത്രി കടന്നു പോയി, പിറ്റേന്ന് രാവിലെ ഓപ്പറേഷൻ ഉറപ്പായി.

മഴയപ്പോഴും തകർത്തു പെയ്യുവാണ്. ആ മഴയെ അന്ന് പലരും മനസ്സുകൊണ്ട്  ശപിച്ചിരുന്നു.

ഒരു പതിനൊന്നു പന്ത്രണ്ടു മണിയോടെ കുട്ടി ജനിച്ചു. അമ്മയും കുട്ടിയും സുഖമായിരിക്കുന്നു. അമ്മ ആഗ്രഹിച്ചതുപോലെ തന്നെ  പെൺകുട്ടിയാണ്.

അമ്മയെ നഷ്ട്ടമാകുമെന്നതിനാലാവണം ആ കുട്ടിയെ അവർ ഓർക്കാതിരുന്നത്. പിന്നീട് അവർ ഒരു വേർതിരിവും കാണിക്കാതെയാണ് രണ്ടു മക്കളെയും വളർത്തിയത്.

വർഷങ്ങൾക്കിപ്പുറം അവൾ ഓർത്തു പോയ്‌.
ജനിക്കും മുന്നേ തന്നെ ഒറ്റപ്പെടലിൽ ആണ്ടു പോയവൾ ഈ ഒറ്റപ്പെടലും അർഹിക്കുന്നു. അന്ന് എന്നെ കളയാൻ തയ്യാറാകാതെ എനിക്കുവേണ്ടി ധൈര്യം കാണിച്ച അമ്മയുടെ മകളായതുകൊണ്ടാകാം ആഗ്രഹിക്കുന്നതെല്ലാം നഷ്ട്ടമാകുമ്പോഴും ഒറ്റപ്പെടുമ്പോഴും പതറാതെ പിടിച്ചു നിൽക്കാൻ കഴിയുന്നതെന്ന്  അവൾ മനസ്സിൽ ഓർത്തു.


https://www.yourquote.in/the-bluelight-pen-bdhbb/quotes/kttutt-veenlin-viraamn-kurriccukonntt-ittvmaastti-mlll-aa-baoz83

Dhanya G Suresh


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657Dhanya g Sureshകഥകൾ