16 October 2019

Kaniyapuram Nasirudeen :: തുരുമ്പിക്കാത്ത വാക്കുകള്‍

Views:

Nasarudeen, Ameer Kandal Raji Chandrasekhar

ഏതൊരു കവിയുടെയും ഉള്ളിന്‍റെയുള്ളിൽ പ്രതീക്ഷയുടെ നാമ്പ് ഉണ്ടാകും. നമ്മുടെ നാട് നാശത്തിന്‍റെ വക്കിലേക്ക് എടുത്തെറിയപ്പെടാനൊരുങ്ങുമ്പോഴും വലിയ പ്രതീക്ഷയുമായി കഴിയുന്നവനാണ് യഥാർത്ഥ കവി. അതു തന്നെയാണ് കവികളുടെ പ്രത്യേകതയും. അതിനൊരു ഉത്തമ ദൃഷ്ടാന്തമാണ് രജി ചന്ദ്രശേഖര്‍ എന്ന കവിയും വയല്‍ക്കാറ്റു കൊള്ളാം എന്ന കവിതയും.

വെറുതെ പാടാൻ മാത്രമല്ലല്ലോ അവന്‍റെ/അവളുടെ ജന്മദൗത്യം. സമൂഹം പിഴവിലേക്ക് ചാടിയടുക്കാനൊരുങ്ങാതെ കാത്തു രക്ഷിക്കാൻ വാക്കാകുന്ന ചാട്ടുളി എടുത്തു പ്രയോഗിക്കാൻ കഴിവുള്ളവനാണ് കവി.
   
നമ്മുടെ നാട് മാന്യമാകേണ്ടതിന് പകരം മാലിന്യക്കൂമ്പാരമാകുന്നു. അഴകാക്കേണ്ടതിന് പകരം അഴുക്കാക്കുന്നു.. സാംസ്കാരിക ഉത്ഥാനത്തിന് പകരം  അന്ധവിശ്വാസങ്ങൾ അടയിരിക്കുന്നു.

ഇങ്ങനെയുള്ള കെടുകാഴ്ചകൾ കണ്ട് അടങ്ങിയിരിക്കാനാകാതെ കവി തന്‍റെ മൂർച്ചയുള്ള വാക്കുകൾ എടുത്തു പയറ്റുകയാണ്.

വാക്കുകൾ തുളച്ചു കയറുന്നുണ്ടെങ്കിലും ആര്‍ക്കും നോവേണ്ടതില്ല
ആരെയും നോവിക്കലല്ലല്ലോ കവിയുടെ നിയോഗം. നോവുമെന്ന തോന്നൽ പൊതുവേ ഉള്ളതാണെങ്കിലും ആത്യന്തികമായി അതിന്‍റെ പ്രയോജനം സിദ്ധിക്കുക സമൂഹത്തിന് തന്നെയാണല്ലോ.

ഇതൊക്കെ പറഞ്ഞു കൊണ്ട് വരികൾ തുടങ്ങുന്നു. മുൻധാരണകൾ ഇല്ലാതെ വേണം തന്‍റെ വാക്കുകളെയും വരികളെയും കവിതയെയും നോക്കി കാണാൻ.
കവികൾ പൊതുവെ വെറുതെ പാടുന്നവരാണെന്ന ധാരണ തിരുത്തുകയാണ് തുടർന്നുള്ള വരികളിലൂടെ. കവികളും എഴുത്തുകാരും ഒരു കാലത്തും പാഴൊച്ചയാകുന്നില്ല. അവരുടെ വാക്കുകളും പഴകിത്തുരുമ്പിക്കുന്നില്ല.

നമ്മുടെ പഴയ കാല കവികളെ, അവരുടെ വരികളെ ആദരപൂർവം ഇന്നും നാം എടുത്തുദ്ധരിക്കുന്നതും അതുകൊണ്ട് തന്നെയാണ്.

കൃഷി ഒരു സംസ്കാരം ആയി കാണാത്തിടത്തോളം നമുക്ക് രക്ഷയില്ല. അങ്ങനെയുള്ള നല്ല കാലത്തെകുറിച്ചുള്ള ചില ഓർമ്മകളിലേക്ക്നമ്മെ കൂട്ടി കൊണ്ട് പോവുകയും ഇനിയും അത്തരം നല്ലൊരു കാലം തിരിച്ചു വരുമെന്നും കവി പറയാതെ പറയാൻ ശ്രമിക്കുന്നു.

കവി പ്രണയിതാവ് കൂടിയാണ്. പ്രപഞ്ചത്തെയും പ്രകൃതിയെയും ആവോളം പ്രണയിച്ചു കൊണ്ടേയിരിക്കും കവി. ഈ കവിയും അത്തരം പ്രണയത്തിന്‍റെ ഭാഗമാകുന്നുണ്ട്.

കൃഷിയും കൊയ്ത്തും വിതയും നമുക്ക് കൂടുതലായി പാടി കേൾപ്പിച്ച കവിയാണല്ലോ വൈലോപ്പിള്ളി. കന്നിക്കൊയ്ത്തും മകരക്കൈയ്ത്തുമൊക്കെ ഒരുകാലത്ത് നമ്മുടെ ആഘോഷവുമായിരുന്നല്ലോ.

ഈ കവിയില്‍ നിരാശയോട് മത്സരിച്ച് മുന്നേറാൻ തുനിയുന്ന പ്രതീക്ഷയെ നമുക്ക് കാണാൻ കഴിയും.  കരയ്ക്കെത്തുമോയെന്ന ശങ്കക്കൊന്നും ഒരുവിലയും നല്കുന്നില്ല. തിരിച്ചു പൊയ്ക്കളഞ്ഞാലും കിനാവുണ്ടല്ലോ ഒപ്പം എന്ന് സമാധാനിക്കാൻ സാധാരണക്കാരനെക്കൊണ്ട് കഴിയില്ല.

എങ്കിലും വരൂ നമുക്ക് ഒരുമിച്ച് വീണമീട്ടാം വാക്കുകൾ കൊണ്ട് വരമ്പു തീർക്കുകയാണ് കവി. വരമ്പത്ത് നിന്നല്‍പം വയൽക്കാറ്റ് കൊള്ളാം എന്ന് ആശ്വസിക്കുകയാണ്.

ഇന്ന് നമ്മുടെ വയലുകളൊക്കെ അപ്രത്യക്ഷമായി കഴിഞ്ഞു. നാം പണിതുയർത്തിയ മണിമാളികകളും മാളുകളും വയലുകളെക്കുറിച്ചുള്ള ചിന്തപോലും അപ്രസക്തമാക്കി.

കാല്പനികലോകത്തെ കാറ്റ് കൊള്ളാം എന്ന വാക്ക് കവിയുടെ കൂടി നോവായി നമുക്ക് കാണാൻ കഴിയും.
വായന
No comments:

Post a Comment