Aswathy P S :: ഒരു ക്ഷണം

Views:




വയൽക്കാറ്റു കൊള്ളാം എന്ന കവിത ആദ്യമായി വായിച്ചപ്പോൾ കവിയുടെ ചിന്തയുടെ ഒരല്പം വെളിവാക്കിത്തരാൻ കെഞ്ചിപ്പറഞ്ഞിട്ട് ദുഷ്ട കവി കേട്ടില്ല:  ...

തന്മൂലം സ്വന്തമായി അർത്ഥതലങ്ങൾ മെനയേണ്ടി വന്നു.,,
മധുര പ്രതികാരം!!!

കവി സ്വാതന്ത്ര്യം മാത്രമല്ല കുഞ്ഞു നിരൂപകർക്കും ഉണ്ട് സ്വാതന്ത്ര്യം ::
എന്‍റെ ചെറു ചിന്തകളെ ശസ്ത്രക്രിയ നടത്താൻ ഞാനും തയ്യാറല്ല...

കവി മുമ്പ് പറഞ്ഞിട്ടുള്ളപോലെ 'ഇവിടെയും അനുവാചകരുടെ മനസ്സിലാവട്ടെ ആസ്വാദനം.'

 - 1 -

ശ്രീ രജി ചന്ദ്രശേഖർ അഥവാ രജി മാഷിന്‍റെ സാഹിത്യവല്ലരിയിലെ നിറപ്പകിട്ടാർന്ന നറുപുഷ്പം തന്നെയാണ് വയൽക്കാറ്റു കൊള്ളാം എന്ന കവിത.

ഒരു സാഹിത്യ സൃഷ്ടിയുടെ അർത്ഥതലങ്ങൾ അനുവാചകന്‍റെ ആസ്വാദന മികവിനൊത്തു മാറിമറിയുന്നുവെങ്കിലും കവിയുടെ ചിന്താസരണിക്കൊപ്പം ഒഴുകാൻ, കവിയുടെ മനസ്സിന്‍റെ കാൽപ്പാടുകൾ പിന്തുടരാൻ, വായനക്കാരൻ നിഗൂഢമായെങ്കിലും ശ്രമിക്കാറുണ്ട്.

കവിത വാരിവിതറുന്ന വിശാലമായ അർത്ഥതലങ്ങളിലേക്കുള്ള വീക്ഷണം ആവർത്തനവിരസതയുണ്ടാക്കുമോ എന്ന ഭീതി, കവിതയ്ക്ക് ഒരു നിറംമാറ്റം നൽകാൻ നിരൂപകമനസ്സിനെ ധൈര്യപ്പെടുത്തുന്നു.

ഒറ്റവാക്കിൽ വയൽക്കാറ്റു കൊള്ളാം എന്ന കവിതയെ ഒരു ക്ഷണം എന്ന് വിശേഷിപ്പിക്കുകയാണ്. ഇവിടെ കവി വിളിക്കുകയാണ്.... ക്ഷണിക്കുകയാണ്. അല്പം ഇടുങ്ങിയ വഴികളിലൂടെയുള്ള യാത്ര പതിപ്പിക്കുന്ന കാൽപ്പാടുകൾ ഒപ്പിയെടുക്കാനാണിവിടെ ശ്രമം.

ഇടുങ്ങിയ വഴികൾ എന്ന് സൂചിപ്പിച്ചത്  ഒരു സാധാരണ വായനക്കാരന്‍റെ  ചിന്താരീതിയിലൂടെയാണ്..

വ്യാഖ്യാനങ്ങളുടെ വിശാലമായ ആശയതലങ്ങളിൽ നിന്ന് മാറി കവിതയെ രണ്ട് പേർക്ക് ഇടയിൽ ഒതുക്കാൻ ഒരു ശ്രമം.., ക്ഷണിക്കുന്ന കവിയും ക്ഷണം സ്വീകരിക്കപ്പെടേണ്ടയാളും ....

കവിതയുടെ കാമ്പിലേക്കുള്ള നോട്ടത്തിൽ വീണ്ടും വീണ്ടും തെളിയുന്നത്  ഒരു സൗഹൃദ ക്ഷണം തന്നെയാണ്. അതിന്‍റെ ഉദ്ദേശ്യശുദ്ധിയിലേക്ക് വിരൽചൂണ്ടുന്നു, ഓരോ വരിയും.

മറ്റൊരുതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടേക്കാവുന്ന തന്‍റെ വാക്കുകളുടെ... വരികളുടെ നൈർമല്യം വെളിവാക്കുന്നു പ്രാരംഭവരികൾ. 'എന്താണ്' എന്നതിനുപകരം 'എന്ത് അല്ല' എന്ന ചിന്ത കവിതയ്ക്ക് കമനീയമായ കവാടം തീർത്തിരിക്കുന്നു. കവാടം കടന്ന് അകത്തേക്ക്, കവിതയുടെ ഉള്ളറകളിലേക്ക് നമ്മെ വലിച്ചടുപ്പിക്കുന്ന കാന്തശക്തിയും ഈ വ്യത്യസ്ത ചിന്ത തന്നെ.

വിളികേൾക്കേണ്ട കാതുകളെ പുളകം കൊള്ളിക്കുന്ന വരികൾ തന്നെയാണ് മാണിക്യവീണയാൽ കവി മീട്ടുന്നത്.

ഇവിടെ 'തിരിച്ചറിവ്' അലക്ഷ്യമായി പായുന്ന നിരൂപകരുടെ ഭാവനാശ്വത്തിന് കടിഞ്ഞാണിടുന്നു. കവി ക്ഷണിക്കുന്നത് ആത്യന്തികമായി വാഗ്ദേവതയെയാണ്. തന്‍റെ അക്ഷരലോകത്തിന് ഓജസ്സു നൽകാൻ... മനസ്സിന്‍റെ തൂലികയ്ക്ക് തെളിച്ചം പകരാൻ...പദസാഗരത്തിന് അതിരില്ലാതാവാൻ സർവ്വേശ്വരിയുടെ വരപ്രസാദങ്ങൾ അഭ്യർത്ഥിക്കുകയാണ്.

പ്രാസമൊപ്പിക്കൽ കവിതയുടെ ആത്മാവ് കെടുത്തുന്ന കാഴ്ച ഇവിടെ ഇല്ല. മറിച്ച് കാവ്യഭാവവും ഭംഗിയും ചോരാതെയുള്ള വാക്കുകളുടെ, കഴിവുറ്റ മികവുറ്റ തെരഞ്ഞെടുപ്പ്. ഇത് ഒരേസമയം കവിതയെ പ്രാസമധുരവും ഭാവസുന്ദരവുമാക്കി തീർത്തിരിക്കുന്നു.

വയൽക്കാറ്റു കൊള്ളാം എന്ന, അക്ഷരമണിമുത്തുകൾ കോർത്തെടുത്ത  സുന്ദരകാവ്യമാല, കവിയുടെ സാഹിത്യ കണ്ഠത്തിന് അലങ്കാരമാകുന്ന കാഴ്ചയാണ് കാണാനാവുന്നത്.

 - 2 -

വരികൾക്കിടയിൽ പ്രണയം തിരയുന്ന, വാക്കുകൾക്കുള്ളിൽ കാല്പനികത കണ്ടെത്തുന്ന, മനസ്സിലെന്നും കൗമാരം സൂക്ഷിക്കുന്ന വായനക്കാരനെയും കവിത നിരാശപ്പെടുത്തുന്നില്ല എന്ന വസ്തുത കൂടി സൂക്ഷ്മവായന കാണിച്ചുതരുന്നു.

മുൻപ് സൂചിപ്പിച്ച "ആ രണ്ടു പേർ" ഈ വായനയിൽ രണ്ട് പ്രണയിതാക്കളായി പരിണമിക്കുന്ന കാഴ്ച ആസ്വാദനത്തിന് ഏറെ പരിചിതമായ മറ്റൊരു തലം തുറന്നുകാട്ടുന്നു.
"വെറും ക്ഷണമല്ല, വിളിയല്ല, ഉള്ളുറവപൊട്ടിയൊഴുകിയെത്തുന്ന പ്രണയപ്പുഴയാണ്. തെല്ലവിവേകമായി കരുതിയാലും ശരി."
ആദ്യവായനയിൽ "ഒരു ക്ഷണം" എന്ന് കരുതിയ വരികളെ ഒരു പ്രണയാഭ്യർത്ഥനയായി വ്യാഖ്യാനിക്കുന്നത് അവിവേകമാണോ എന്ന സംശയത്തിന് അറുതിവരുത്താതെതന്നെ മുന്നോട്ടു പോവുകയാണ്.

ഉത്കൃഷ്ടമായ പ്രസ്തുത പ്രണയത്തിന്‍റെ നിർമ്മലഭാവം വെളിവാക്കുക എന്നതാണ് ആദ്യ വരികളിലെ ശ്രമം. മനസ്സിന്‍റെ ഞരമ്പുകളിൽ ആഴ്ന്നിറങ്ങി വേദന പടർത്തുവാൻ ഉദ്ദേശ്യമില്ല എന്ന സൂചനയോടെ ആരംഭിക്കുന്ന കവിത, തന്‍റെ പ്രണയം വെറും ഭ്രാന്തമായ ചിന്തയല്ലെന്നുകൂടി വ്യക്തമാക്കുന്നു.

 "തുരുമ്പിച്ച പാഴൊച്ച പാടുന്നതല്ല" എന്ന വരികൾ ഈ പ്രണയകഥയുടെ ചരിത്രത്തിലേക്ക് വിരൽചൂണ്ടുന്നു.

കവിയുടെ പ്രണയാഭ്യർത്ഥന പ്രഥമാഭ്യർത്ഥനയല്ല.

പലവട്ടം പാഴ്വാക്കായി തിരസ്കരിക്കപ്പെട്ട തന്‍റെ വാക്കുകളുടെ പൂർവകാല വേരുകൾ വായനക്കാരനോടു പങ്കുവയ്ക്കുവാൻ കൂടിയാവണം ബോധപൂർവ്വമുള്ള ഈ ഏറ്റുപറച്ചിൽ.

ന്‍റെ അനുരാഗവും മാംസനിബദ്ധമല്ല. "കലമ്പുന്ന കാമക്കിലുക്കങ്ങളല്ല". പ്രണയത്തിന്‍റെ പരിശുദ്ധി പ്രഖ്യാപനം !

പ്രണയതാപത്താൽ  കരൾ നീറുന്ന മനസ്സിന് സുഖപ്രദമായ കരക്കാറ്റ് പോലും ആർത്തലയ്ക്കുന്ന തിരമാലകളെന്നോണം  ഉള്ളിൽ ആഞ്ഞടിക്കുന്നു. കാല്പനികക്കടൽതാണ്ടി തീരത്തെത്തുമോയെന്ന ആശങ്ക മനസ്സിനെ വാടിത്തളർത്തുന്നുവെങ്കിലും പ്രതീക്ഷയുടെ തിരിനാളം നൽഭാവി കനവ് കാണുന്നു.

"വരൂ" എന്ന ക്ഷണം ഒരുപക്ഷേ ഹൃദയത്തിലേക്കാകാം. തന്‍റെ പ്രണയിനിയെ സരസ്വതീദേവിയോടുപമിക്കാൻ ധൈര്യപ്പെടുന്ന മനസ്സിൽ, പ്രണയിനിയുടെ കഴിവുകൾ അത്യുന്നതങ്ങളിൽ വിരാജിക്കുന്നു. ദേവിയുടെ മാണിക്യവീണയിൽ നിന്നുതിരുന്ന മാന്ത്രികധ്വനി തന്‍റെ പ്രിയതമയുടേതെന്ന കല്പന തീർച്ചയായും തീവ്രപ്രണയത്തിന്‍റെ ഉജ്ജ്വല ഭാവം പകർന്നു നൽകുന്നു.

കവിയുടെ ഹൃദയപ്പാടത്ത് വിളഞ്ഞുകിടക്കുന്ന പ്രണയക്കതിരുകൾ തഴുകിച്ചുംബിച്ചെത്തുന്ന വയൽകാറ്റിന് അനുരാഗത്തിന്‍റെ ആർദ്രതയുണ്ട്. ആത്മാവിന്നാഴങ്ങളിൽ അനുരാഗത്തിന്നലയൊലികൾ സൂക്ഷിക്കുന്ന ഏതൊരു വായനക്കാരനും ഈ ആർദ്രത അറിയുവാനാകും ആസ്വദിക്കാനുമാകും.


- 3 -

ഇതുകൂടി പറയാതെ വയ്യ.

ഒരു വിഷയത്തിൽ ബോധപൂർവ്വം കവിത രചിക്കപ്പെടാറുണ്ട്. ഒരു പ്രത്യേക ആശയത്തിൽ മനസ്സിലേക്ക് വരികൾ താനെ നിറയാറും ഉണ്ട്.

എന്നാൽ, എഴുതപ്പെട്ട ഒന്നിനെ പല വ്യത്യസ്ത അർത്ഥതലങ്ങളിലേക്ക് വേറിട്ട വിഷയമേഖലകളിലേക്ക് സന്നിവേശിപ്പിക്കാൻ സാധിക്കുന്നത് അത് കവിയുടെയും കവിതയുടെയും മേന്മ തന്നെ. 

ഏത് വ്യത്യസ്ത ആകൃതിയിലുള്ള പാത്രങ്ങളിലും ജലം അനായാസം നിറയ്ക്കാനാകുന്നത് പോലെയാണ് വയൽക്കാറ്റു കൊള്ളാം എന്ന കവിത. വിവിധ വായനക്കാരുടെ, വ്യത്യസ്ത ചിന്തകളിലേക്ക് നിഷ്പ്രയാസം ഒഴുകിയിറങ്ങുന്നത്.


കവിഭാവന ഇവിടെ നിരൂപകഭാവനയ്ക്ക് അതിർവരമ്പ് വയ്ക്കുന്നില്ല. തികച്ചും ഫ്ലക്സിബിൾ ആണ് വയൽക്കാറ്റു കൊള്ളാം.....


(ശ്രീ രജി ചന്ദ്രശേഖർ എഴുതിയ, വയൽക്കാറ്റു കൊള്ളാം എന്ന കവിതയെക്കുറിച്ച് ഒരാസ്വാദനക്കുറിപ്പ്....)




വായന




15 comments:

Ruksana said...

നല്ല താള നിബന്ധമായ കവിത.ഒപ്പം അർത്ഥവത്തായതും.കുറഞ്ഞ വരികളിൽ എല്ലാം ഒതുക്കിയിരിക്കുന്നു 'ആശംസകൾ

ardhram said...

മനോഹരം

Arjun said...

ലക്ഷണം ഒത്ത കവിതകൾ മരിക്കുന്ന ഇക്കാലത്തു ഒരു നറു പുഷ്പം പോലെ സുഗന്ധം പരത്തുന്ന ആവിഷ്കാര വൈഭവം. ഏറെ സന്തോഷം. പ്രകാശം പരത്തട്ടെ.

Rajasekharan KV said...

കവിതയും ആസ്വാദനവും തെളിക്കുന്ന വഴിയിലൂടെ കൈകൾ വീശി അസ്വദിച്ചൊരു യാത്ര വായനക്കാരന് ഓർത്തുവെക്കാനുള്ള അനുഭവമായി മാറി. കവിയും നിരൂപകയും വിശ്രമിക്കാനും തൂലിക മാറ്റിവെക്കാനുമുള്ള അവകാശങ്ങൾ സ്വയം നഷ്ടപ്പെടുത്തിയിരിക്കുന്നു.

Raji Chandrasekhar said...

കമൻറു ചെയ്യുന്നവർ, തങ്ങളാരാണെന്നു കൂടി വെളിപ്പെടുത്തിയാൽ നന്നായിരുന്നു.

ardhram said...

നിരൂപണ കല മികച്ച തെളിച്ചമെന്ന് ഈ കുറിപ്പ് സാക്ഷ്യം വഹിക്കുന്നു. ഇത്തരം ഇടപെടലുകൾ ഈ മേഖലയ്ക്ക് മുതൽകൂട്ടാണ് സുഹൃത്തേ.. ശ്രീ.രജിസാറിന് കവിതയ്ക്ക്ലഭിച്ച മികച്ച വായനയാണിത്.സാധാരണത്തിൽ നിന്നുള്ള വ്യതിയാന മാണിത്.തുടരണം തുടക്കം മനോഹരവും ചിന്തനീയം, വലിയ എഴുത്തിടം നിങ്ങൾക്കായി തുറക്കപ്പെട്ടിരിക്കുന്നു. എഴുത്തിലെ വൈഭവങ്ങളെ പൂർണ്ണമാക്കിയാൽ കേരളത്തിലെ എണ്ണം പറയുന്ന നിരൂപണ മണ്ഡലത്തിലേയ്ക്ക് കുതിക്കും തീർച്ച. വേറിട്ടെഴുത്താണ് ഈ എഴുത്തിടത്തിൽ കരുത്താകുന്നത് .ആ കരുത്തിനും വ്യത്യസ്തതയ്ക്കും ആശംസകൾ സുഹൃത്തേ

Aswathy P S said...

നല്ലെഴുത്തുകാരുടെ നല്ല വാക്കുകൾ എന്റെഴുത്തിന് നല്ല പുരസ്കാരമാകുന്നു....

Aswathy P S said...

കമൻറിൽ കവിത മണക്കുന്നു. എത്ര മനോഹരമായ ചിന്ത, വാക്യങ്ങളുമതുപോൽ . നന്ദി... തുടക്കകാരുടെ എഴുത്തു വണ്ടിയ്ക്ക് ഇന്ധനമാകുന്നു ഇത്തരം വാക്കുകൾ.

Aswathy P S said...

വാസ്തവം

Aswathy P S said...

സത്യമാണ് വാക്കുകൾ

Raji Chandrasekhar said...

രജി മാഷന്റെ 'വയൽക്കാറ്റ് കൊള്ളാം'
എന്ന കവിതയെ ആധാരമാക്കി പ്രസിദ്ധീകരിച്ച വിവിധ ആസ്വാദനക്കുറിപ്പുകൾ വായിച്ചു. അവയിൽ അശ്വതിയുടെ 'ഒരു ക്ഷണം'
എന്ന കുറിപ്പ് വേറിട്ട് നിൽക്കുന്നു. അശ്വതി അവകാശപ്പെടുന്നതു പോലെ, കവിത ആസ്വദിക്കുന്നതിൽ വായനക്കാരന്റെ സ്വാതന്ത്ര്യം പരമാവധി ഉപയോഗിച്ചു കൊണ്ട്, പൂർണ്ണമായും തനതായ ചിന്താസരണിയിലൂടെ വ്യാപരിച്ച്, ഈ കവിതയുടെ ഓരോ വരിയ്ക്കും, ഓരോ വാക്കിനും, ഒരു പക്ഷേ കവി പോലും ഉദ്ദേശിക്കാത്ത അർത്ഥ തലങ്ങൾ വ്യാഖ്യാനിച്ചു നൽകാൻ ഈ കുറിപ്പിൽ ശ്രമിച്ചിരിക്കുന്നു.

യഥാർത്ഥത്തിൽ മറ്റൊരു കവിത വായിക്കുന്ന സുഖം ഈ ആസ്വാദനക്കുറിപ്പ് നൽകുന്നു.
മനോഹരം........!
ആശംസകൾ...........!!

- ജഗൻ

Raji Chandrasekhar said...

അശ്വതി, വാക്കുകളിൽ കാന്തികകത ഒളിപ്പിച്ചുവക്കുന്ന ഒരു നിരൂപക കൂടിയാണെന്നു മനസിലായി.

നല്ലെഴുത്ത് ഒരുപാട് ഉയരങ്ങൾ നീ കീഴടക്കും ഉറപ്പാ...

നന്നായെഴുതൂ...

അഭിമാത്തോടെ നീ എന്റെ പ്രിയപെട്ടവളാണെന്നു ഈ ലോകത്തിനോട് വിളിച്ചു പറയുന്ന കാലത്തിനെ ഞാൻ കാത്തിരിക്കുന്നു

-- സിന്ധു G.S (Govt. U P S Kuzhivila)

Aswathy P S said...

പ്രചോദകം വാക്കുകൾ... പ്രോത്സാഹനം വിശാല നിരീക്ഷണം... പ്രണാമം നിരൂപണത്തിൻ നിരൂപണത്തിന് .

Aswathy P S said...

അഭിമാനം തന്നെ താങ്കളും എനിയ്ക്ക് ... മറ്റുള്ളവരുടെ പോരായ്മകൾ പാടാൻ ആളേറെയാണ് . ഇഷ്ടപ്പെട്ടത് പക്ഷേ പലപ്പോഴും ഉള്ളിലൊതുക്കും. നല്ല മനസ്സ് നല്ല വാക്കുകളാൽ കാണിച്ചു തന്നതിന് നന്ദിയും സ്നേഹവും.

അനിൽ ആർ മധു said...

ക്ഷണം വായിച്ചു. കവിതയെ രണ്ടു കോണിലൂടെ കാണുന്നുണ്ടശ്വതി, നല്ല കാഴ്ചകൾ. ഇങ്ങനെ വ്യത്യസ്ത കണ്ണുകളിലൂടെ കാണുമ്പോൾ, ഒപ്പം ആ കാഴ്ചയെ ഹൃദ്യമായ ഭാഷയിൽ വായനക്കാരനു പകർന്നു നൽകുന്നത് സുന്ദരം. മിതമായ ഭാഷയിൽ സ്വയാർജിതശൈലിയിൽ എഴുതിയ ആസ്വാദനം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. പൊഴിയട്ടെ പദങ്ങളീ പഥങ്ങളിൽ, ഒഴുകട്ടെ വാഗ്ധാരകൾ...