Ameer Kandal :: കിംവദന്തി

Views:


എച്ച് എമ്മിന്‍റെ മേശപ്പുറത്തെ ചുവന്ന ഷീറ്റിന് പുറത്ത് വിരിച്ച ചില്ലിനടിയിലെ ഗ്രൂപ്പ് ഫോട്ടോയിലും മേശപ്പുറത്ത് അടുക്കി വച്ചിരുന്ന തടിച്ച പുസ്തകങ്ങളിലും തൊട്ടടുത്തുള്ള ഗ്ലോബിലുമൊക്കെയായി കണ്ണുകള്‍ പരതി നടക്കുകയായിരുന്നു.  വിശാലമായ നെറ്റിയില്‍ ചന്ദനക്കുറിയും നെറുകയില്‍ കുങ്കുമവരയും ചാര്‍ത്തിയ അമ്മ മുഖമുള്ള ഹെഡ്മിസ്ട്രസാകട്ടെ എന്‍റെ അപ്പോയ്‌മെന്‍റ് ഓര്‍ഡര്‍ നോക്കി രജിസ്റ്ററില്‍ ജോയിനിംഗ് റിപ്പോര്‍ട്ട് എഴുതി പിടിപ്പിക്കുന്ന തിരക്കിലാണ്.  പിന്നിലെ കാല്‍പ്പെരുമാറ്റം കേട്ടാണ് ഇരുന്ന ഇരുപ്പില്‍ തിരിഞ്ഞു നോക്കിയത്.

മാഷിന് ചായക്ക് മധുരമാവാല്ലേ ല്ലേ...?  കൈയിലെ പരന്ന സ്റ്റീല്‍ പാത്രത്തില്‍ നിന്ന് ഒരു ഗ്ലാസ് ചായ എന്‍റെ മുന്നിലേക്ക് എടുത്ത് വച്ച് അവര്‍ മൊഴിഞ്ഞു.
കടുംനീലയും മജന്തയും കെട്ടുപിണഞ്ഞ ചുരീദാറും തോളില്‍ വട്ടംചുറ്റിയ ഷാളും. കയ്യില്‍ കുപ്പിവളകള്‍. കഴുത്തിലെ കറുപ്പും ചുവപ്പും മുത്തുകളോടുകൂടിയ നീളന്‍മാല ഉയര്‍ന്ന മാറും കവിഞ്ഞു ഞാന്നുകിടക്കുന്നു.

മാഷേ.... ഇത് നമ്മുടെ സ്‌കൂളിലെ ഉച്ചഭക്ഷണം തയ്യാറാക്കുന്ന ഓമനേച്ചീടെ
മകളാ.... സ്മിത.  അടുക്കളയില്‍ ചേച്ചിയെ സഹായിക്കാന്‍ ഇടക്കിടയ്ക്ക് വരും.  ഇപ്പോള്‍ ഇവിടെത്തെ സ്റ്റാഫ് പോലെ തന്നെയാ... എച്ച് എമ്മിന്‍റെ വിസ്തരിച്ചുള്ള പരിചയപ്പെടുത്തലിനിടയില്‍ അവര്‍ നിറഞ്ഞ ചിരിയോടെ എന്നെ നോക്കി.

നീണ്ട മൂക്കിലെ ഇടതുവശത്തെ മുളകരിപോലെത്തെ മൂക്കുത്തി തുടുത്ത മുഖത്തിന് കൂടുതല്‍ ചാരുത പകര്‍ന്നു തിളങ്ങി.

മാഷ്.... കൊച്ചുപയ്യനല്ലേ.... ഷുഗര്‍ വരാനുള്ള പ്രായമൊന്നുമായിട്ടില്ല.  ല്ലേ... മാഷേ.... 
കുറച്ചപ്പുറത്തെ മേശക്കരികിലിരുന്ന് എന്തോ കുറിക്കുകയായിരുന്ന ഗീത ടീച്ചറാണ് കൃത്യമായ മറുപടി പറഞ്ഞത്.

ഇപ്പോള്‍ പിന്നെ ചെറുപ്പോന്നോ വലിപ്പോന്നോ...ന്നില്ല കൂടുതലും ചെറുപ്പക്കാര്‍ക്കാ ഷുഗറും പ്രഷറുമൊക്കെയുള്ളത്. 
ചിരിയൊതുക്കി എച്ച് എമ്മിന്‍റെ മുന്നിലും  ഒരു ഗ്ലാസ് ചായ എടുത്തു വച്ച് അവര്‍ തിരിഞ്ഞു നടന്നു. 

“ഇന്‍റര്‍വെല്ലിന് സമയമായി....  സ്മിതേ... ഒരു ബെല്ല് കൊടുത്തേക്ക്.”  കേബിന്‍റെ വലത് ചുവരില്‍ തൂക്കിയ അജന്ത ക്ലോക്കില്‍ മുഖമുയര്‍ത്തി എച്ച് എം പറഞ്ഞു.

കൈയിലെ സ്റ്റീല്‍ പാത്രവും ചായ ഗ്ലാസുകളും ചുവരിനോട് ചേര്‍ത്തിട്ടിരുന്ന തടിമേശയില്‍ വച്ച് ഒരിളം തെന്നല്‍ പോലെ അവര്‍ പുറത്തേക്കു പോയി.
ചെലവ് ചെയ്യണം.  ഇത്ര ചെറുപ്പത്തില്‍ തന്നെ ഒരു ജോലിയൊക്കെ കിട്ടുകാന്ന് പറഞ്ഞാ ഭാഗ്യമാ...

രജിസ്റ്ററില്‍ പേരിന്‍റെ നേരെ ഒപ്പു ചാര്‍ത്തുന്നേരം എച്ച് എം അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.

ഗ്ലാസിലെ അവസാനത്തെ കവിള്‍ ചായയും അകത്താക്കി മെല്ലെ ഓഫീസിന്‍റെ  പുറത്തേക്കിറങ്ങി.  ഇന്‍റര്‍വെല്‍ കഴിഞ്ഞ് കുട്ടികള്‍ ക്ലാസുകളിലേക്ക് കയറുകയാണ്. 

ഓഫീസ് മുറിയോട് ചേര്‍ന്നാണ് സ്റ്റാഫ് റൂം.  ലൈബ്രറിയും സയന്‍സ് ലാബും സ്മാര്‍ട്ട് ക്ലാസ് റൂമുമൊക്കെ പ്രധാന ബില്‍ഡിംഗിലാണുള്ളത്.  ഇടത് വശത്തായി ഓടിട്ട കെട്ടിടം നീണ്ടു നിവര്‍ന്നു കിടക്കുന്നു.  തറയോട് പാകിയ വരാന്തയും പടിക്കെട്ടുകളും അതിലെ നിരനിരയായുള്ള തൂണ്‍ കട്ടികളും മനോഹരമായ ഒരു കാഴ്ചയാണ്. 

കെട്ടിടത്തിന്‍റെ മുന്നിലായി മൂന്ന് നാല് മഞ്ചാടി മരങ്ങള്‍ തണല്‍ വിരിച്ച് നില്‍പ്പുണ്ട്.  പെരുമ്പാമ്പുകളെപ്പോലെ തടിച്ച് വീര്‍ത്ത അതിന്‍റെ വേരുകള്‍ മണല്‍ പരപ്പിന് മുകളില്‍ വളഞ്ഞ് പുളഞ്ഞ് വാലറ്റം ഭൂമിക്കടിയിലേക്ക് ഇറക്കിവെച്ചിരിക്കുന്നു. 

മുറ്റത്ത് വിശാലമായ കളിസ്ഥലമാണ്.  വലത് ഭാഗത്തെ സിമന്റ് തേക്കാത്ത ചുടുകല്ലിന്‍റെ ചായം തേച്ച കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ നിന്ന് കേട്ട് തഴമ്പിച്ച നഴ്‌സറി ഗാനത്തിന്‍റെ ഈരടികള്‍ അലയടിച്ച് ഒഴുകി വരുന്നുണ്ട്.  കെട്ടിടത്തിന്‍റെ മുന്നില്‍ ഇലഞ്ഞി മരം പൂത്തുനില്‍ക്കുന്നു.  ചുവട്ടില്‍ വൃത്താകൃതിയില്‍ ഒരടി പൊക്കത്തില്‍ കെട്ടിയൊതുക്കിയ തിട്ടയില്‍ നിറയെ ജമന്തിച്ചെടികള്‍ മഞ്ഞയണിഞ്ഞ് സുഗന്ധം പരത്തുന്നു.

മാഷേ.... നാല് സിയില്‍ ഇപ്പോള്‍ ടീച്ചറില്ല.  ഒന്ന് അങ്ങോട്ട് പോവ്വോ....

ഗാന്ധി സൂക്തങ്ങള്‍ പെയിന്‍റിലെഴുതിയ തൂണ്‍കട്ടിയില്‍ ചാരിനിന്ന് പള്ളിക്കൂട പരിസരമൊന്നാകെ വിഹഗ വീക്ഷണം നടത്തുമ്പോഴാണ് പിന്നില്‍ നിന്ന് എച്ച് എമ്മിന്‍റെ നിര്‍ദ്ദേശം.

ഇതിന് പുറക് വശത്തെ ഓടിട്ട ബിള്‍ഡിംഗിന്‍റെ മൂന്നാമത്തെ ക്ലാസാണ് നാല് സി.

ഒരു കഷണം ചോക്കുമെടുത്ത് മെയിന്‍ ബ്ലോക്കിന്‍റെ തെക്ക് വശത്ത് കൂടി പുറകിലെ ഓടിട്ട ബില്‍ഡിംഗിലേക്ക് നടന്നു. 

തെക്കേഭാഗത്തെ ചുറ്റുമതിലിനോട് ചേര്‍ന്നാണ് പാചകപ്പുര.  മഞ്ഞ പ്രതലത്തില്‍ തടിച്ച് കൊഴുത്ത കറുത്ത അക്ഷരത്തിലെഴുതിയ ‘പാചകപ്പുര’ ബോര്‍ഡ് സൂര്യവെട്ടത്തില്‍ തിളങ്ങുന്നു.  കെട്ടിടത്തിന്‍റെയും ഇരട്ടി പൊക്കത്തില്‍ മുകളിലേക്ക് വാ തുറന്ന് നില്‍ക്കുന്ന സിമന്‍റ് കുഴലില്‍ നിന്ന് കാര്‍മേഘങ്ങള്‍ കണക്കെ പുക പുറത്തേക്ക് തുപ്പുന്നു.  പകുതി ചുവരും പകുതി ഗ്രില്ലോടും കൂടിയ പാചകപ്പുരയുടെ ഗ്രാനൈറ്റ് പാകിയ സ്ലാബിന് പുറത്തിരുന്ന് മുട്ടക്കോസ് ചെത്തി അരിഞ്ഞുകൊണ്ടിരിക്കയാണ് സ്മിത.  കണ്ടപാടെ അവര്‍ തന്‍റെ കഴുത്തില്‍ ചുറ്റിയിട്ടിരുന്ന ഷാള്‍ മാറത്തേക്ക് താഴ്ത്തിയിട്ട് ഗ്രില്ലിനിടയിലൂടെ മുഖമമര്‍ത്തി ആരാഞ്ഞു

“മാഷേ... ഉച്ചക്ക് ചോറ് എടുത്തു വെക്കണോ....”
വേണമെന്നോ വേണ്ടെന്നോ പറയുന്നതിന് മുമ്പ് ഏതാണ്ട് അമ്പത് അമ്പത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീ പുറത്തിറങ്ങി വന്നു. 

“മാഷേ.... എന്‍റെ അമ്മയാണ്.  അമ്മായാണ് ഇവിടെത്തെ പാചകറാണി.” 
ഞാന്‍ സഹായിക്കാന്‍ വരുന്നൂന്നേയുള്ളൂ... സ്മിത പരിചയപ്പെടുത്തി. 

എന്തായാലും നന്നായി മാഷേ.... ഒരാണ് സാര്‍ നമ്മുടെ പള്ളിക്കൂടത്തിനാവശ്യമാ.... 
വാക്കുകളില്‍ സ്‌നേഹത്തിന്‍റെയും അംഗീകാരത്തിന്‍റെയും രുചിരസം വിതറി സ്മിതയുടെ അമ്മ അകത്തേക്ക് കയറി. 

“മാഷ് നാളെ മുതല്‍ പൊതി കൊണ്ട് വരണോന്നില്ല.  എല്ലാ ടീച്ചര്‍മാരും ഇവിടെന്നാ കഴിക്കണത്.  മെനക്കെടല്ലേ.... രാവിലെ പൊതിയും കെട്ടി വരണത്....”
ഞാന്‍ ചുവടുകള്‍ മുന്നോട്ടു വെച്ചനേരം സ്മിത ചിരിയോടെ പറഞ്ഞു.

നാല് സിയിലെ കുസൃതിക്കൂട്ടങ്ങളുടെ പരിഭവങ്ങളുടേയും പരാതികളുടേയും ഭാണ്ഡക്കെട്ട് അഴിക്കുമ്പോഴും മനസ്സില്‍ എന്തെന്നില്ലാത്ത ആനന്ദവും ആശ്വാസവും തിരയടിച്ചു.  സ്‌നേഹസമ്പന്നരായ സഹപ്രവര്‍ത്തകരാണല്ലോ തൊഴിലിടങ്ങളെ നമുക്ക് പ്രിയപ്പെട്ടതാക്കി തീര്‍ക്കുന്നത്.  വീട്ടില്‍ നിന്ന് പതിനെട്ട് കിലോമീറ്ററോളം അകലെയാണെങ്കിലും മനസ്സിനിണങ്ങിയ ഒരു പള്ളിക്കൂടത്തില്‍ തന്നെ ജോലിയില്‍ കയറാന്‍ കഴിഞ്ഞതിലുള്ള തൃപ്തിയായിരുന്നു ഉള്ളുനിറയെ.

വൈകുന്നേരം സ്‌കൂള്‍ വിട്ട് വരിയായി ഇറക്കം ഇറങ്ങി വരുന്ന കുട്ടികളെ മെയിന്‍ഗേറ്റില്‍ നിന്ന് നിയന്ത്രിക്കുമ്പോഴാണ് പ്രീപ്രൈമറി യൂണിഫോമിലുള്ള ആണ്‍കുട്ടിയുടെ കൈയും പിടിച്ച് സ്മിത അരികിലേക്ക് വന്നത്.  മാഷേ.... വീട്ടിലേക്ക് വന്നാല്‍ ചായ കുടിച്ച് പോകാം... ഇവിടെയടുത്താ വീട്. 

അത്ഭുതവും ആകാംക്ഷയും നിറഞ്ഞ എന്‍റെ നോട്ടം കണ്ടിട്ടാകണം അവര്‍ വ്യക്തമാക്കി,

മോനാ... ഇവിടെ എല്‍.കെ.ജിയില്‍ പഠിക്കുന്നു. 

പിന്നാലെ ബാഗും തൂക്കി ഇറങ്ങി വന്ന ഗീത ടീച്ചറാണ് മനസ്സില്‍ ഉരുണ്ടുകൂടിയ സംഘര്‍ഷങ്ങളുടെ കുരുക്കഴിച്ചത്. 

മാഷേ... അതിന്‍റെ കാര്യം കഷ്ടമാ.... അതിന്‍റെ കെട്ടിയോന്‍ ഒരു ഫ്രാഡാ.... അവളെ സംശയമാ.... കുടിച്ചും പെടുത്തും നടക്കണ്..... അന്നഴിക്കാറുമില്ല, ചിലവിനൊട്ട് കൊടുക്കത്തുമില്ല....

പുറമെ ചിരിച്ച് തമാശകള്‍ പറഞ്ഞ് സന്തോഷത്തോടെ കഴിയുന്നവരുടെ ഉള്ളിലും ഒരു സങ്കടക്കടല്‍  തിരയടിക്കുന്നുണ്ടാവുമെന്ന തിരിച്ചറിവായിരുന്നു സ്മിത.

എല്ലാ ഉച്ചനേരത്തും സ്റ്റാഫ് റൂമിലെ മേശമേല്‍ കൃത്യമായി ചോറെടുത്തു വച്ചിരുന്നു അവര്‍.  ഇടക്കൊക്കെ വീട്ടില്‍ നിന്ന് മീന്‍ വറുത്തും കൂട്ടുകറി തയ്യാറാക്കിയും കൊണ്ടുതന്നിരുന്നു.  പ്രീപ്രൈമറി ബ്ലോക്കിന് സമീപത്തെ ജൈവവൈവിധ്യ പാര്‍ക്ക് വെടിപ്പാക്കലും പാചകപ്പുരക്ക് സമീപത്തെ പച്ചക്കറിതോട്ടം പരിപാലിക്കുന്നതിലും സ്മിതക്ക് പ്രത്യേക ശ്രദ്ധയായിരുന്നു.  എന്നല്ല, സ്‌കൂളിലെ മിക്ക പരിപാടികളിലും അവരുടെ ഇടപെടലുകളും പങ്കാളിത്തവും അവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കിയിരുന്നു.  ഒരു പക്ഷേ അവരുടെ ഈ ചടുലതയും തുറന്ന ഇടപെടലുമായിരിക്കാം
അവരോട് ഒരു പ്രത്യേക അടുപ്പം തോന്നാന്‍ കാരണമായത്.

സ്‌കൂളിലെ കലോത്സവത്തിലും, ഓണപരിപാടിയിലും, സേവനവാരത്തിനും, സ്‌പോര്‍ട്‌സിനും, പഠനയാത്രക്കുമെല്ലാം ഒരു സ്റ്റാഫിനെ പോലെ സ്മിത ടീച്ചര്‍മാര്‍ക്കൊപ്പമുണ്ടായിരുന്നു.  സബ്ജില്ല കലോത്സവത്തില്‍ തിരുവാതിരക്ക് ഒന്നാം സ്ഥാനം കിട്ടിയത് സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും സ്വന്തം ചെലവില്‍ മിഠായി വാങ്ങി നല്‍കിയാണ് സ്മിത ആഘോഷിച്ചത്.  തിരുവാതിരക്ക് കുട്ടികളെ പരിശീലിപ്പിച്ചെടുത്തതും അവരായിരുന്നല്ലോ.

സ്‌കൂള്‍ വാര്‍ഷികം കഴിഞ്ഞ് മുളത്തണ്ടില്‍ കെട്ടിനാട്ടിയ കൊടികള്‍ അഴിച്ച് മടക്കുമ്പോഴാണ് കൂടെയുണ്ടായിരുന്ന സ്മിത പറഞ്ഞത്....

‘മാഷ് പണിയാണ് സുഖം.  ല്ലേ മാഷേ.... വര്‍ഷം പോണത് അറീല്ല.... എന്തെല്ലാം പരിപാടികളാ.... കലോത്സവം, സ്‌പോര്‍ട്‌സ്, വാര്‍ഷികം.....’

ശെരിയാ.... ഇനി പരീക്ഷ കൂടി കഴിഞ്ഞാല്‍ ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് തിരശീല വീണു.  പിന്നെ കുറച്ചുനാള് ഇടവേള. 

എന്‍റെ ചെത്തിമിനുക്കിയ വാക്കുകള്‍ കേട്ട് സ്മിതയുടെ ചിരി ചിലങ്കയണിഞ്ഞു. 

അല്ലേലും.... മാഷ് വന്നതില്‍ പിന്നെയാ സ്‌കൂളിന് ഒരു ഉണര്‍വും അനക്കവുമൊക്കെയുണ്ടായത്.

വാര്‍ഷിക പരീക്ഷയുടെ മൂന്നാം നാള്‍ ബെല്ലടിച്ച് കുട്ടികളുടെ ഉത്തരപേപ്പറുകള്‍ കെട്ടാക്കി ക്ലാസില്‍ നിന്ന് ഓഫീസിലേക്ക് വരുമ്പോഴാണ് സ്മിത കരഞ്ഞ് കലങ്ങിയ കണ്ണുമായി മൂക്ക് ചീറ്റി പുറത്തേക്കിറങ്ങി വരുന്നത് കണ്ടത്.  ഷാള്‍തലപ്പ് കൊണ്ട് വാപൊത്തി വിതുമ്പലടക്കാന്‍ പാടുപെടുന്ന അവര്‍ ഒന്നും ഉരിയാടാതെ മുഖം കുനിച്ച് എന്നെയും കടന്ന് ഓടിപോയി.  ഉത്കണ്ഠയോടെ ഞാന്‍ പടിക്കെട്ടുകള്‍ ചവിട്ടിമെതിച്ച് ഓഫീസിനകത്തേക്ക് പാഞ്ഞുകേറി.  ഓഫീസിനകത്ത് എല്ലാവരുമുണ്ട്.  എച്ച്എം പതിവില്ലാത്ത ഗൗരവത്തിലാണ്.  കണ്‍മുനകള്‍ തുളച്ച് ഉള്ളിലേക്ക് കയറാന്‍ വെമ്പുന്നതു പോലെ എല്ലാ കണ്ണുകളും എന്നെ തുറിച്ച് നോക്കുന്നുണ്ട്.

‘അല്പസ്വല്പം പേരും പെരുമയുമുള്ള സ്‌കൂളാ.... മാഷേ.... അത് മാഷായിട്ട് കളഞ്ഞ് കുളിക്കരുത്.’

ഒരു എത്തും പിടിയും കിട്ടാതെ ഞാന്‍ എച്ച് എമ്മിന്റെ നേരെ അന്ധാളിച്ചു നിന്നു.

എന്തൊക്കെയാ മാഷേ.... ഈ കേള്‍ക്കണത്.  നാട്ടിലാകെ പാട്ടാണ്.  മാഷ് കണ്ടോ... ആണ്‍കുട്ടികളുടെ മൂത്രപ്പുരക്കകത്ത് വരച്ച് വച്ചിരിക്കണത്.

ആര്...? എന്ത് വരച്ചെന്ന്...?

എച്ച് എമ്മിന്റെ സുവിശേഷത്തിനിടയില്‍ ഇടക്ക് കയറി ചോദിക്കണമെന്നുണ്ടായിരുന്നു.

എന്തൊക്കെ വൃത്തികേടാ എഴുതി വച്ചിരിക്കുന്നത്....  ഇതൊക്കെ ഇപ്പോള്‍ ഇവിടെ ആദ്യമായാ... പി.റ്റി.എ പ്രസിഡന്‍റ് വിളിച്ചിരുന്നു.  ഏവനോ എഇഒയില്‍ പരാതി കൊടുത്തിരിക്കുവാ.... നിങ്ങക്കൊക്കെ എന്ത് തോന്ന്യാസവും ആവലോ.... എല്ലാത്തിനും മറുപടി പറയേണ്ടത് ഞാനല്ലേ...

എച്ച് എമ്മിന്‍റെ വിശദീകരണത്തിന്‍റെ കുരുക്ക് മുറുകുമ്പോള്‍ ഞാന്‍ ഉത്തരം കിട്ടാതെ ചോദ്യങ്ങള്‍ക്കിടയില്‍പെട്ട് ഞെരുങ്ങി.

മാഷേ അന്നേ ഞാന്‍ പറഞ്ഞില്ലേ, സ്വല്പം ഡിസ്റ്റന്‍സ് ഇട്ട് പോകണമെന്ന്.
നാട്ടുകാര്‍ക്ക് എന്തെങ്കിലും കിട്ടാന്‍ കാത്തിരിക്കുകയാ....

ഗീത ടീച്ചറാണ് ഇടക്ക് കയറി പറഞ്ഞത്.

മാഷിനേയും സ്മിതയേയും കൂട്ടി വേണ്ടാത്തതൊക്കെ ആരോ എഴുതിവെച്ചിരിക്കുന്നു!
ഗീത ടീച്ചറിന്‍റെ വാക്കുകളില്‍ ആശ്വാസത്തിന്‍റെ നനവുണ്ടായിരുന്നു.

എന്ത് വന്നാലും മുകളിലേക്ക് വിശദീകരണം കൊടുക്കേണ്ടത് ഞാനാണല്ലോ.... ട്രാന്‍സ്ഫര്‍ വാങ്ങി വേറെയെവിടെയെങ്കിലും പോകുന്നതാ മാഷിന് നല്ലത്.  നമുക്ക് നമ്മുടെ സ്‌കൂളിന്‍റെ പേര് നിലനിര്‍ത്തണം.  ആരുടേയും ആഭാസത്തരങ്ങള്‍ക്കുള്ള ഇടമല്ലായിത്.  തത്ക്കാലം ട്രാന്‍സ്ഫറാകുന്നത് വരെ ലീവെടുത്ത് വീട്ടിലിരിക്ക്

എച്ച് എം അവസാനമായി പറഞ്ഞു നിര്‍ത്തി.

ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ വിഴുപ്പ്‌കെട്ട് ഉള്ളിലൊതുക്കി ബാഗുമെടുത്ത് പടികളിറങ്ങി.  ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് ചരല്‍മണ്ണ് നിറഞ്ഞ ഗ്രൗണ്ടിലൂടെ ചക്രങ്ങള്‍ സ്‌കൂള്‍ ഗേറ്റിലേക്ക് ഉരുണ്ട് പോകുമ്പോഴും കണ്ണുകള്‍ ചുറ്റും പായുകയായിരുന്നു.  അപ്പോള്‍ ഇലഞ്ചിമരച്ചോട്ടിലെ ജമന്തി പൂക്കളെ ഉമ്മവെച്ചൊഴുകിയെത്തിയ ഇളംകാറ്റിന് ഉപ്പുരസമായിരുന്നു.




4 comments:

Unknown said...

👌

Unknown said...

thanks

Unknown said...

നന്നായിട്ടുണ്ട്

Unknown said...

സ്നേഹാശംസകൾ ..
- അമീർകണ്ടൽ