16 October 2019

Ameer Kandal :: വാക്കിന്‍റെ കല

Views:

Ameer Kandal, Raji Chandrasekhar

          വാക്കിന്‍റെ പൊരുളാണ് കവിത. കവിത ആസ്വാദ്യതക്കപ്പുറം ചില ഉണർത്തലുകളോ ചൂണ്ടുപലകകളോ ആവുക സാധ്യമാണ് എന്നതിന്‍റെ ഉത്തമ ഉദാഹരമാണ് ശ്രീ. രജി മാഷിന്‍റെ വയൽക്കാറ്റ് കൊള്ളാം എന്ന കവിത.
          കവിത എന്നത് വാക്കിന്‍റെ കലയായും വ്യവഹരിക്കപ്പെട്ടിട്ടുണ്ട് .വാക്കിന്‍റെ വിരൽ തൂങ്ങി നടക്കുന്ന കവികൾ അതിന്‍റെ ജ്വാലകളെ ഊതിത്തെളിച്ച് കവിതയുടെ മാമ്പൂക്കൾ കത്തിക്കുന്നു. തീർച്ചയായും കവി ശ്രീ രജി ചന്ദ്രശേഖറിന്‍റെ വരികളിൽ ഇത് തെളിഞ്ഞ് കാണാം.
           പ്രാസസൗന്ദര്യങ്ങൾക്കപ്പുറത്ത് ആശയഗാംഭീര്യമാണ് പുതിയ കവിതകളുടെ സൗന്ദര്യം. വാക്ക് ചവച്ചു തുപ്പുന്നവരല്ല, കൊത്തി വിഴുങ്ങുന്നവരാണ് പുതിയ കവികൾ. നാവല്ല, കണ്ണാണ് അവർക്ക് ശക്തി. വാഴ്ത്തിപ്പാടലല്ല, വേറിട്ട നോട്ടങ്ങളാണ് അവരുടെ രീതി. ശ്രീ.രജി ചന്ദ്രശേഖറിന്‍റെ കവിതയിലും ഇത്തരം വ്യതിരിക്തതകൾ നമുക്ക് കാണാം.
          ഹ്രസ്വമായ കവിത. വരികൾ കുറവാണ്. ദുരൂഹമല്ലാത്ത പദങ്ങളും പദചേർച്ചയും കൊണ്ട് ഹൃദ്യം.  താളബോധം ഉറപ്പിച്ച് നിർത്തുന്നതോടൊപ്പം തന്നെ കവിത മുന്നോട്ട് വെക്കുന്ന വികാരവിനിമയവും സാധ്യമാക്കുന്നതിൽ കവി വിജയിക്കുന്നു.
          വയൽക്കാറ്റ് കൊള്ളാം കവിതയിൽ ആവിഷ്ക്കരിക്കപ്പെടുന്ന വികാരം വളരെ പ്രധാനമാണ്. എന്ന് മാത്രമല്ല, അതിന്‍റെ വൈയക്തികമായ വിനിമയം സാധ്യമാക്കുന്നതിൽ കലാപരമായ വൈഭവവും പ്രകടിപ്പിക്കുന്നു.
          പ്രത്യക്ഷത്തിൽ ഒന്നിനോടും പക്ഷപാതം പുലർത്തുന്നില്ല എന്ന തോന്നലാണ് വായനക്കാർക്ക് നൽകുന്നതെങ്കിലും കവിതക്കും കവിക്കും അരികുവത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മൂല്യങ്ങളോട് ആഭിമുഖ്യം കൂടുതലാണ് .
          ആ മഞ്ഞുമലയുടെ ചെറിയൊരംശം മാത്രമേ കവിതയിൽ ആവിഷ്ക്കരിക്കപ്പെടുന്നുള്ളോ എന്നൊരു സംശയം നിലനില്‍ക്കുന്നുണ്ട്. കവിത വിജ്ഞാപനങ്ങളോ പ്രകടനപത്രികകളോ ആകരുതെന്ന ധാരണയും നിർബന്ധവുമുള്ളതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്.
           ഞരമ്പും തുളച്ചുള്ളിലാഴുന്നതല്ല, തുരുമ്പിച്ച പാഴൊച്ച പാടുന്നതല്ല .. എന്ന വരികളിലൂടെ കവി മനസ്സ് കിനാവ് കാണുന്ന ഒരു ലോകത്തെ വരച്ചിടുന്നതോടൊപ്പം വരികൾക്കിടയിലൂടെ ഇന്നിന്‍റെ നേർച്ചിത്രങ്ങൾ കൂടി കോറിയിടുകയാണ്.
          ഇവിടെ പ്രകൃതിയുടേയും സാമൂഹ്യ ജീവിതത്തിന്‍റെയും താളം തെറ്റിയിരിക്കുന്നു. ദുരയുടെ കോടാലിക്കൈകൾ പച്ചയുടുപ്പിട്ട കാനനത്തെ വസ്ത്രാക്ഷേപം ചെയതതിന്‍റെ പരിണത ഫലം, സ്വസ്ഥ ജീവിതത്തിൽ അസ്വസ്ഥത പടർത്തിയിരിക്കുന്നു. മണ്ണിൽ കനിവിന്‍റെ ഉറവ വറ്റുകയാണ്. വിണ്ണിൽ വിഷധൂമങ്ങൾ പരന്നൊഴുകുന്നു. ചതുപ്പുകളും പാടങ്ങളും കരിങ്കൽകെട്ടുകൾക്ക് വഴിമാറിയിരിക്കുന്നു. തുമ്പയും തെച്ചിയും അരിപ്പൂവും കാക്കപ്പൂവും ഇമ്പം വിതറിയിരുന്ന വയലോരങ്ങൾ ഒരു ദു:ഖസ്മൃതിയായി മാറുന്നു.
          കലമ്പുന്ന കാമക്കിലുക്കങ്ങളല്ല, പുലമ്പുന്ന ഭ്രാന്തിൻ കലിപ്പേച്ചുമല്ല..... ദുരമൂത്ത ഭോഗാസക്തമായ വർത്തമാനകാല സാമൂഹ്യ ജീവിതവ്യവസ്ഥയോടുള്ള കവിയുടെ ശക്തമായ വിയോജിപ്പ് കൊടുങ്കാറ്റായി വീശിയടിക്കുന്നു. കലയുടെ കാൽച്ചിലമ്പുകൾ മുഴങ്ങിയ ഇടങ്ങളിൽ കൊലയുടെ ഭീകരശക്തികൾ അരങ്ങു തകർക്കുന്നു .സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും ശക്തി ചൈതന്യങ്ങൾ ദുർബലമായി പോയിരിക്കുന്നു. മനുഷ്യന്‍റെ അധമവാസനകളുടെ അഴിഞ്ഞാട്ടമാണെങ്ങും. മാനഭംഗത്തിനിരയാകുന്ന നിസ്സഹായരായ പെൺകിടാങ്ങളുടെ അലമുറ, അന്തരീക്ഷം ഭേദിക്കുന്നു.
          ഈ ദുരവസ്ഥയിലും കവിയുടെ മനസ്സ് പ്രതീക്ഷയുടെ മാണിക്യവീണ മീട്ടാൻ ഉത്സാഹിക്കുകയാണ്. ആഷാഢത്തിന്‍റെ വിഷാദമേഘങ്ങൾ നീക്കി, നിരാശയുടെ നിശബ്ദ നിശ്വാസങ്ങളകറ്റി, സ്വാസ്ഥ്യവും സന്തോഷവും സാന്ദ്രഭംഗിമയിലാറാടിക്കുന്ന ലോകത്തെ കുറിച്ചുള്ള പ്രതീക്ഷയിലാണ് കവി.
          സൗന്ദര്യഭാവവും സൗഹൃദവല്ലരിയും പൂത്തുലയുന്ന പാടവരമ്പത്തിരിക്കുന്ന കവിയെ, ഇളം കാറ്റ് സംതൃപ്തിയുടേയും ശുഭാപ്തി വിശ്വാസത്തിന്‍റെയും  തരളനിസ്വനങ്ങൾ മുഴക്കി തലോടികൊണ്ടിരിക്കുന്നു.
          നന്മയുടെ നിർമലാരാമമായി, നിറ കുസുമങ്ങൾ കൊണ്ട് ഹൃദയാങ്കണങ്ങളിൽ ഹർഷപുളകങ്ങൾ ചാർത്താനായി പ്രകൃതിയോടൊത്ത്, കവിക്കൊപ്പം നമുക്കും കൂടാം. കാൽ ചവിട്ടി നിൽക്കുന്ന മണ്ണിനേയും മേൽക്കൂരയാകുന്ന വിണ്ണിനേയും ദാഹം ശമിപ്പിക്കുന്ന തണ്ണീരുറവകളേയും തണലേകുന്ന വൃക്ഷങ്ങളേയും തങ്ങളുടെ അസ്തിത്വത്തിന്‍റെ ഭാഗമായി കാണാനുള്ള അവബോധമാണ് നമുക്കുണ്ടാകേണ്ടതെന്ന് കവി പറയാതെ പറയുന്നു. ഇവിടെ വാക്കിന്‍റെ ചന്തം പകർന്നാടുന്ന കവിതാതട്ടകത്തിൽ നിന്ന്, വ്യക്തമായ നിലപാട് തറയിലേക്ക് കവി പ്രവേശിക്കയാണ്. അങ്ങനെ കാലത്തിന്‍റെ മുന്നേ പറക്കുന്ന പക്ഷിയായി കവി, ശ്രീ രജി ചന്ദ്രശേഖര്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നു.

വായന
6 comments:

 1. കഥ വായിക്കുന്നതു പോലെ വായിച്ചു പോകാവുന്ന ആസ്വാദനം

  ReplyDelete
  Replies
  1. ഒത്തിരി സ്നേഹം .... രജിമാഷ്...
   - അമീർകണ്ടൽ

   Delete
 2. അമീറിയൻ വരികൾ കഥയായാലും
  ആസ്വാദനം ആയാലും ഹൃദ്യംതന്നെ
  രജി സാറിൻറെ കവിതയിൽനിന്നും ആരുംകാണാത്ത വഴികളിലുടെയാണ് അമീറിന്റെ കണ്ണുകൾ സഞ്ചരിക്കുന്നത്. അമീറിയൻ വാക്ക് കടമെടുത്താൽ വേറിട്ട നോട്ടം എന്ന് പറയാം
  എന്തായാലും ഈ പഠനം കവിതയുടെ ആശയങ്ങൾ വായനക്കാരിലേക്ക് തുളച്ചു കയറ്റാൻ പോന്നതാണ്.
  ആശംസകൾ

  ReplyDelete
  Replies
  1. എഴുത്തിൻ്റെ വഴിയിൽ
   പ്രചോദനമായും പ്രോത്സാഹനമായും താങ്കളുടെ വാക്കുകൾ നിലാവ് പൊഴിക്കുന്നു. ... കണിയാപുരം നാസർമാഷിന് ഹൃദയം തൊട്ട നന്ദി.
   - അമീർകണ്ടൽ

   Delete
 3. ആസ്വാദ്യകരം ഈ ആസ്വാദനം ��

  ReplyDelete
  Replies
  1. പ്രിയപ്പെട്ടവന് മൊഹബ്ബത്തിൽ പൊതിഞ്ഞ അഭിവാദനങ്ങൾ...
   - അമീർകണ്ടൽ

   Delete