04 September 2019

Raji Chandrasekhar :: ഇനി കാത്തുനില്‌ക്കേണ്ട...



Photo by Jan Tinneberg on Unsplash

ഇനി കാത്തുനില്‌ക്കേണ്ട
നമ്മില്‍ കിനാവിന്നിനിപ്പും
പുലര്‍കാലമഞ്ഞിന്‍ തണുപ്പും
നിറയ്ക്കുന്ന മൗനം മനസ്സില്‍ കനത്തു.

വെയില്‍കത്തിയാളുന്നൊരിടവഴിയി-
ലൊരുമാത്ര നില്ക്കാതെ,
ഒരു വാക്കു മിണ്ടാതെ
കുളിര്‍തെന്നല്‍
മെല്ലെത്തലോടിക്കടന്നുപോ-
യിനിക്കാത്തു നില്‌ക്കേണ്ട.

സ്വാര്‍ത്ഥമോഹത്തിന്‍
ഗുഹയ്ക്കുള്ളിലാസുര-
ദര്‍പ്പത്തോടേല്ക്കുന്നൊ-
രാത്മബന്ധം തോറ്റു.
ചക്രവാളത്തിലും
ചെന്നിറം ചേര്‍ന്നു.

വന്‍പാറ നീക്കി
ഗുഹാമുഖം മൂടി
തിരിച്ചു പൊയ്‌ക്കൊള്ളുക.

ദുഃഖസ്മൃതികളും
പ്രേതദാഹങ്ങളും
ചിതകെട്ടടങ്ങാതെ പൊങ്ങുന്ന
ധൂമവും
തേങ്ങലും മാത്ര-
മെനിക്കു തന്നേക്കുക.