K V Rajasekharan :: തരൂരും മുരളിയും തമ്മിലടിയും

Views:


"പന്നിയോട് ഒരിക്കലും മൽപ്പിടുത്തിനു പോകരുതെന്ന് ഞാൻ പണ്ടേ പഠിച്ചതാണ്. നമ്മളുടെ ദേഹത്ത് ചെളി പുരളും. മാത്രമല്ല, പന്നി അതിഷ്ടപ്പെടുകയും ചെയ്യും":  ബർണാഡ് ഷായുടെ വാക്കുകളാണ് ഡോ ശശി തരൂർ തരൂർ ഉദ്ധരിച്ചത്.
അങ്ങനെ ഒരു പന്നിയ്ക്കും ഇഷ്ടം തോന്നുന്നതിന് ഇടയാക്കുവാൻ തനിക്കു മനസ്സില്ലെന്നാണ് തരൂർ പുരപ്പുറത്ത് കയറി വിളിച്ചു കൂകിയത്. പൂവൻ കോഴി ചിറകടിച്ച് കൂകൂന്നത് പോലെയുള്ള ആ കൂകലിന് ഒന്നൊന്നര അഴകുണ്ടായിരുന്നു. നാട്ടുകാർ കേട്ടു, കണ്ടു, ആസ്വദിച്ച് തലകുലുക്കി വരവു വെച്ചു.
കഥയിൽ കോഴിയെ കട്ടവന്റെ തലയില്‍ പൂട കാണുമെന്ന് പറഞ്ഞത് കള്ളനെ പിടിക്കാൻ ഒരുക്കിയ കെണിയായിരുന്നു.  അറിയാതെ കള്ളന്റെ കൈ തലയിലേക്ക് പോവുകയും പിടി വീഴുകയും ചെയ്തു. പക്ഷേ ഇവിടെ ആരാണ് കള്ളനെന്ന് നാട്ടുകാർ മൊത്തം കണ്ടറിഞ്ഞുകഴിഞ്ഞിരുന്നു.  കണ്ടുപിടിക്കാൻ സമയം എടുക്കട്ടെയെന്ന് കരുതിയിരിരിക്കാൻ കള്ളനു കരുതുവാൻ കാര്യവുമില്ലായിരുന്നു. തരൂർ പറഞ്ഞത് എന്നെക്കുറിച്ചാണ്, എന്നേക്കുറിച്ചു മാത്രമാണ്, എന്നേക്കുറിച്ചു തന്നെയാണ്, എന്നൊക്കെ വിളിച്ചുകൂവിക്കൊണ്ട് കെ മുരളീധരനും ചാടിവീണ് മറുപടി കൊടുത്തു:
"ഓക്സ്ഫോഡ് ഇംഗ്ലീഷല്ല, മോദി വിരുദ്ധ നിലപാടാണ് തിരുവനന്തപുരം സീറ്റ് ജയിക്കാൻ കോൺഗ്രസ്സിനെ സഹായിച്ചത്.  നല്ല മലയാളം പറയുന്ന എ ചാൾസ് ആ മണ്ഡലത്തിൽ മൂന്നു തവണ ജയിച്ചിട്ടുണ്ട്".
സുനന്ദ പുഷ്കർ എന്ന സ്വന്തം ഭാര്യയുടെ ദുരൂഹമരണക്കേസിൽ (കൊലപാതകം എന്നു കോടതി സ്ഥിരീകരിക്കും വരെ പറയാൻ  പാടില്ലല്ലോ?) കോടതികയറിയിറങ്ങുന്ന അവസ്ഥയിലും തിരുവനന്തപുരത്തു നിന്നും ജയിച്ചുവെന്ന അഹങ്കാരമൊന്നും തരൂർ കാണിക്കെണ്ടന്നും  അവിടെ നിന്നും അടിയന്തിരാവസ്ഥയിൽ കൊലപാതകവും കൊടും ക്രൂരതയും നടത്തി ഇന്ദിരയുടെ ഫാസിസത്തിന് കുട പിടിച്ച കെ കരുണാകരനും ജയിച്ചിട്ടുണ്ടെന്ന ദയനീയാവസ്ഥ തരൂരിനെ ഓർമ്മിപ്പിക്കേണ്ട ജോലി പൊതുജനം തന്നെ ചെയ്തോട്ടെയെന്ന് മുരളി കരുതിയിട്ടുണ്ടാകാം. അടിയന്തിരാവസ്ഥയുടെ കൊടും ക്രൂരതയ്ക്ക് ഇരയായിട്ടും ജീവൻ ബാക്കി കിട്ടിയ വീരപോരാളി വൈക്കം ഗോപകുമാർജി കഥാവശേഷനായ സന്ദർഭം കൂടിയായതുകൊണ്ട് പൊതു ജനത്തിന് അതാരും ഓർമ്മിപ്പിക്കേണ്ട കാര്യവുമില്ല.

എന്തായാലും മുരളി എന്തുകൊണ്ട് സ്വന്തം  നിലവാരത്തിലേക്ക് 'ഉയർന്നില്ല' എന്നൊരു ചോദ്യം ഇവിടെ ഉയരുന്നു.!
തന്തയ്ക്കു വിളിക്കുന്നതിലും തറവേല കാട്ടുന്നതിലും തന്നെ ജയിക്കുന്നതിന് താൻ തന്നെ വേണമെന്ന തൻപോരിമയാണു തന്റെ തറവാടിത്വം എന്നത്  പൊതുജീവിതത്തിൽ ആവർത്തിച്ചുറപ്പിക്കുവാൻ കിട്ടുന്ന ഒരവസരവും മുരളി നഷ്ടപ്പെടുത്താറില്ല. പക്ഷേ ഇവിടെ ഒന്നു പതറിയതുപോലെ,
ചമ്മിയതു പോലെ, ഓർക്കാപ്പുറത്തൊരു ദയനീയാവസ്ഥയിൽ പെട്ടതുപോലെ!
ആർക്കറിയാം? 'മദാമ്മാ ഗാന്ധി' ചെവിക്കു പിടിച്ചിട്ടുണ്ടാകാം! 'അലൂമിനിയം പട്ടേൽ' പിടലിക്കു പിടിച്ചിരിക്കാം! അതുമല്ലെങ്കിൽ പണ്ട് മുരളി മുക്കാലിയേൽ കെട്ടി അടിക്കാൻ വിധിച്ച പുണ്യാളൻ അരികിലേക്ക് വിളിച്ച്, 'ക്രൂരമാകരുത്', 'പൈശാചികമാകരുത്', എന്നൊക്കെ പറഞ്ഞ് നേർ വഴി ഉപദേശിച്ചിട്ടുണ്ടാകാം!  എന്തായാലും പാണ്ടൻനായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ലെന്നേയുള്ളൂയെന്നും പല്ലു കൊഴിഞ്ഞു പോയിട്ടില്ലെന്നും കേട്ടിടത്തോളം വെച്ച് ബോദ്ധ്യമായതാണൊരു സമാധാനം!

മുരളി ഒന്നു തിരിച്ചറിയണം.  പാണക്കാട് പടിപ്പുരവരെയുള്ള ബന്ധമേ മുരളിക്കൊള്ളൂ.  പാക്കിസ്ഥാന്റെ മാനസപുത്രനാണ് ശശിതരൂർ. തരൂരിനെ വിട്ട് തരത്തിൽ പോയിക്കളിക്കാൻ മുരളിയോട് പറഞ്ഞതാരാണെങ്കിലും പറയേണ്ടവർ പറഞ്ഞിട്ടാണവർ പറഞ്ഞതെന്നറിഞ്ഞ് പത്തി മടക്കുന്നതാകും നല്ലത്.

വഴിയിലിറങ്ങി വിലക്കപ്പെട്ട വ്യാപാരം നടത്തുന്ന തെരുവുപെണ്ണുങ്ങൾ തമ്മിലടിച്ച് തെറിവിളി തുടങ്ങിയാൽ മാന്യതയുള്ള നാട്ടുകാർ വീടിനകത്ത് കയറി കതകടച്ചിരിക്കാനും വേണ്ടാത്തതു വിളിച്ചു കൂകുന്നത് കേൾക്കാതിരിക്കാനും തയ്യാറായിയെന്നു വരാം. പക്ഷേ ഒന്നിച്ചു നിന്ന്  തെരുവു വാണിരുന്ന പോക്കറ്റടിക്കാരനും മുച്ചീട്ടുകളിക്കാരനും തമ്മിലടിച്ചാൽ അവിടെ മറ്റൊരു സാദ്ധ്യതയുണ്ട്. കയ്യിലുള്ളത് കള്ളൻ കൊണ്ടു പോകുന്നതു കണ്ടിട്ടും മിണ്ടാതിരിക്കേണ്ടി വന്ന നിസ്സാഹായാവസ്ഥയും കൺമുന്നിലിട്ട് കെൽപ്പില്ലാത്തവരെ പിടിച്ചുപറിയ്ക്കുന്നതു കണ്ടിട്ടും കയ്യും കെട്ടി നിൽക്കേണ്ടി വന്ന ഗതികേടും ഓർത്തെടുത്ത്, പോക്കറ്റടിക്കാരന്റെ പുറം അടിച്ചു പൊളിക്കുകയും മുച്ചീട്ടു കളിക്കാരന്റെ മൂക്കിടിച്ച് പരത്തുകയും ചെയ്യുവാൻ കിട്ടിയ അവരസരം നാട്ടുകാർ വേണ്ടപോലെ ഉപയോഗിച്ചെന്നുവരാം.
ദേശീയതയുടെ രാഷ്ട്രീയ ഇടങ്ങളിലേക്ക് കൊഴിവെട്ടി എറിയുന്നവരുടെ മുൻ നിര നേതാക്കളാണ് തരൂരും മുരളിയും.  ഹിന്ദുവിരുദ്ധവർഗീയതയുടെ കൂലിത്തൊഴിലാളികളും. ഒരാൾ അറിവുള്ളവനും മറ്റെയാൾ കഴിവുള്ളവനും. പക്ഷേ അറിവുള്ളവനാണെങ്കിലും കഴിവുള്ളവനാണെങ്കിലും വഴിതെറ്റിയാൽ  വീട്ടുകാർക്ക് വഴിയിലിറക്കി വിടേണ്ടിവരും. പടിയടച്ചു പിണ്ഡം വേക്കേണ്ടിയും വരും.
വിശ്വപൗരനായി വിലസുവാൻ വേഷം കെട്ടി നടന്ന കാലത്ത് ഭാരതത്തെ പരിഹസിക്കൂന്നവരുടെ കയ്യടി തേടാൻ താനെഴുതിയ നോവലിൽ മഹാത്മാ ഗാന്ധിയേയും സുഭാഷ് ചന്ദ്ര ബോസിനെയും നെഹ്രുവിനെയും ഇന്ദിരയെയുമെല്ലാം വികലമായി വരച്ചുകാട്ടാൻ കരവിരുത് ഉപയോഗിച്ച വില്ലനാണ് ശശി തരൂർ.

  • ഭാരതത്തിലെ ഉന്നതരായ ലോകസഭാ അംഗങ്ങൾക്കു താമസിക്കാൻ നൽകുന്ന ഇടങ്ങൾ പോലും വെറും കന്നുകാലികളുടെ തരത്തിലുള്ളവർക്കു മാത്രം പറ്റുന്ന ഇടങ്ങളാണെന്ന് പറഞ്ഞ് സപ്തനക്ഷത്ര ഹോട്ടലിലേക്ക് താമസം മാറിയ ദന്തഗോപുര വാസിയാണു തരൂർ.  
  • ഹിന്ദു ആകുന്നത് ഒരു കുറ്റമാണെന്ന് കരുതുന്ന വർ ചെയ്യുന്നതു പോലെ ഞാൻ എന്തുകൊണ്ട് ഒരു ഹിന്ദുവാണെന്ന് ക്ഷമാപണത്തോടെ വിശദീകരിക്കുവാൻ പുസ്തകം എഴുതി ഹിന്ദുവിരുദ്ധ വർഗീയതയുടെ പോരിടങ്ങളിൽ ഇടം ഉറപ്പിച്ച കപട മതേതരത്വത്തിന്റെ കൗശല രാഷ്ട്രീയ മുഖമാണ് ശശി തരൂരിന്റേത്. 
  • സ്വന്തം നിലപാടൂകൾകൊണ്ട് തരൂർ പാക്കിസ്ഥാനോടൊപ്പമാണെന്നത് ആവർത്തിച്ചുറപ്പിക്കുന്ന അനുഭവങ്ങൾ നിരവധിയുണ്ടിവിടെ. 'ഹിന്ദു പാക്കിസ്ഥാൻ' തുടങ്ങിയ പ്രയോഗങ്ങൾ കൊണ്ട് ഭാരതത്തെ ഹൃദയത്തിലേറ്റിയവരുടെ കരൾ മുറിക്കുന്ന നിലപാടുകളാണ് തരൂരിന്റേതായി  പുറത്തുവരാറുള്ളത്. 

പോർക്കളത്തിലെ മറുവശത്ത് മുരളി!  
  • ദേശീയ തലത്തിലോ സാർവ്വദേശീയ തലത്തിലോ ചിന്തിക്കുന്നുവെന്നോ ഇടപെടുന്നുവെന്നോ മുരളിയേ കുറിച്ചാരും ദോഷം പറയില്ല!  
  • മുരളിയുടെ ലക്ഷ്യം കേരളത്തിന്റെ രാഷ്ട്രീയ തട്ടകത്തിൽ സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരിമിതപ്പെട്ടിരിക്കുന്നു.  
  • ന്യൂനപക്ഷങ്ങളുടെ കൂട്ടുകിട്ടുന്നതാണതിന്റെ കുറുക്കുവഴിയെന്നതാണ് മുരളി കണക്കുകൂട്ടിവെച്ചിരിക്കുന്നത്. അച്ഛൻ കരുണാകരനിൽ നിന്ന് പഠിക്കേണ്ടിയിരിക്കുന്നത് പഠിക്കാത്തതിന്റെയും പഠിക്കേണ്ടാത്തത് പഠിച്ചതിന്റെയും പോരാഴികയാണത്.
  • കേരളത്തിൽ കമ്യൂണിസ്റ്റു കാടത്തം പടരുന്നതു തടയുവാൻ കരുണാകരൻ രൂപപ്പെടുത്തിയ രണതന്ത്രമായിരുന്നു ഹിന്ദു മുസ്ലീം കൃസ്ത്യൻ ശക്തികളുടെ രാഷ്ട്രീയ കൂട്ടായ്മ.  തുടക്കത്തിൽ സമതൂലിതാവസ്ഥയിൽ ആ കൂട്ടുകെട്ടിനെ മുന്നോട്ടു കൊണ്ടു പോകുവാൻ കഴിഞ്ഞ കരുണാകരനു പോലും പിന്നീട് ന്യൂനപക്ഷ സമ്മർദ്ദങ്ങൾക്കു മുമ്പിൽ കീഴടങ്ങേണ്ടി വന്നത് മുരുളി കണക്കിലെടുത്തില്ല.  
  • കമ്യൂണിസ്റ്റുപക്ഷം ന്യൂനപക്ഷ പ്രീണനത്തിൽ കോൺഗ്രസ്സിനെയും കടത്തിവെട്ടി ബഹുദൂരം മുന്നേറിയ വർത്തമാന കാലഘട്ടത്തിൽ, വഴി തിരുത്തി മുന്നോട്ടു പോകുന്നതാകും നന്നെന്ന് തിരിച്ചറിഞ്ഞ് രക്ഷപെടാനുള്ള വകതിരിവും മുരളിക്ക് ഇല്ലാതെപോയി.
  • ചരിത്രം പഠിക്കേണ്ട സമയത്ത് ചാരിത്ര്യമില്ലാത്തവരോടൊപ്പം നടന്ന് സമയം കളഞ്ഞതും മുരളിക്ക് വിനയായി.  
  • ഹിന്ദുവിരുദ്ധവർഗീയതയുടെ പക്ഷത്ത് ഇടം പിടിക്കാൻ വേണ്ടി ധീര സ്വാതന്ത്യ സമര പോരാളി വീര സവർക്കറെ അധിക്ഷേപിക്കുന്ന ധിക്കാരം കാട്ടി അഹങ്കാരത്തിന്റെ ആൾ രൂപമായി മുരളി മാറിയതിനു മറ്റൊരു കാരണം കാണാൻ കഴിയുന്നില്ല.  
  • അച്ഛൻ ആഭ്യന്തര മന്ത്രിരായിരുന്നപ്പോൾ മീശക്കാരന്മാരായ പോലീസ് യജമാനന്മാരുടെ മുതുകത്ത് കയറി ആനകളിച്ച ബാല്യമുള്ള കിങ്ങിണിക്കുട്ടന് ആന്തമാനിലെ ബ്രിട്ടീഷ് തടവറയിൽ അമ്പതു വർഷങ്ങൾ നീണ്ടു നിൽക്കുന്ന രണ്ടു ജീവപര്യന്തം തടവുകൾക്ക് വിധിച്ച് ക്രൂരമായ പീഡിപ്പിക്കപ്പെട്ട  സവർക്കർ എന്ന വലിയ മനുഷ്യനെ തിരിച്ചറിയാനുള്ള വിവരം ഇല്ലാതെ പോയി!  
  • രാഷ്ട്രീയ സ്വയം സേവക സംഘത്തിനെതിരെ വിലകുറഞ്ഞ വിവരക്കേടുകൾ വിളിച്ചു പറയുന്നതും അറിവില്ലായ്മയും അഹങ്കാരവും ആവശ്യത്തിലധികം ഉള്ളതുകൊണ്ടാണ്.  
  • വിവേകാനന്ദന്റെ സന്ദേശം ഉൾക്കൊണ്ട് വീര സവർക്കരിൽ നിന്ന് ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പോരാട്ട ചരിത്രത്തിന്റെ ആവേശം ഹൃദയത്തിലേറ്റുവാങ്ങി ഡോ കേശവ് ബലിറാം ഹെഡ്ഗേവാറും  സ്വയം സേവകരും സ്വാതന്ത്ര്യ സമരത്തിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കെടുത്തത് മുരളിക്കറിയില്ലെങ്കിൽ പരിതാപകരമായ പഠിപ്പുകുറവൂകൊണ്ടാണെന്ന് പൊതുജനം തിരിച്ചറിഞ്ഞുകൊള്ളും.. 
  • അടിയന്തിരാവസ്ഥയെന്ന ഇന്ദിരയുടെ ഫാസിസ്റ്റു നടപടിക്ക് ക്രൂരതയുടെ ഘടകം വേണ്ടുവോളം കൂട്ടിച്ചേർത്ത കരുണാകരനെയുൾപ്പടെ ചെറുത്തുകൊണ്ട് ഭാരതത്തിൽ ജനാധിപത്യം പുനസ്ഥാപിക്കുവാൻ മൂന്നാം സ്വാതന്ത്ര്യ സമരം നടത്തി വിജയിച്ചതും രാഷ്ട്രീയ സ്വയം സേവക സംഘമാണെന്നത് മുരളി പഠിച്ചെടുക്കേണ്ടതുണ്ട്. 
  • ഗുരുത്വക്കേടിന്റെ വഴിവിട്ട കളി നിർത്തിയില്ലെങ്കിൽ ഇതുവരെ വീണതൊന്നും വീഴ്ചയല്ലെന്നും ദൈവം അനുഗ്രഹിച്ചാൽ ആഴമുള്ള പുതിയ കുഴികളിലേക്ക് വീണ്ടും വീഴാനിടയേറെയുണ്ടെന്നും മുരളിയറിഞ്ഞാൽ മുരളിക്കു നല്ലത്. 
അറിവുള്ള തരൂരും കഴിവുള്ള മുരളിയും വഴിതെറ്റി ഹിന്ദുവിരുദ്ധ വർഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെയും ഇരുളിടങ്ങളിൽ  എത്തിയിട്ട് അടിതുടങ്ങിയതാണ്. വെടി നിർത്തിയാലും ക്ഷീണം തീർത്ത് അടി തുടർന്നാലും ആർക്കെന്തു നഷ്ടം? കോഴികൾ തമ്മിൽ പോർ തുടങ്ങിയാൽ രണ്ടും തീരും വരെ പോരൂ തുടരുന്നതാണ് പതിവ് !  ഓർമ്മയിലിരിക്കട്ടെ!





No comments: