Jagan :: അശോകനും കുടുംബവും എന്താണ് ചെയ്യേണ്ടത്.......!?

Views:


അശോകന്റെ കുടുംബവക കടയിൽ നല്ല കച്ചവടമായിരുന്നു. കട നോക്കി നടത്താൻ അശോകനും കുടുംബവും കൂടി ജോസഫിനെ പണിക്കാരനായി നിയമിച്ചു.
ജോസഫ് മിടുക്കനാണ്. കച്ചവടത്തിൽ നല്ല പരിചയമുണ്ട്. 

  • കസ്റ്റമേഴ്സിനെ മണി അടിക്കാനും, 
  • കച്ചവടത്തിൽ പുതിയ പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കാനും, 
  • കച്ചവടം  വിപുലപ്പെടുത്താനും,
  • ലാഭം വർദ്ധിപ്പിക്കാനും മിടുമിടുക്കൻ........ !
  • പണം വരുത്താനും, ബുദ്ധിപൂർവ്വം പണം കൈകാര്യം ചെയ്യാനും അഗ്രഗണ്യൻ........!!
അതുകൊണ്ടുതന്നെ,ജോസഫിന് കനത്ത ശമ്പളവും മറ്റു ആനുകൂല്യങ്ങളും അശോകന്റെ കുടുംബം കൊടുത്തുവന്നു.

അശോകനും കുടുംബത്തിനും കഴിഞ്ഞു കൂടാനുള്ള പണം കൃത്യമായി ജോസഫ് കൊടുത്തുപോന്നു.
കട നടത്തിപ്പിന്റെ ലാഭനഷ്ടക്കണക്ക് അശോകനും കുടുംബവും ജോസഫിനോടുള്ള വിശ്വാസം കൊണ്ട് ചോദിച്ചില്ല.........!         
ജോസഫ് അതൊട്ടു കൊടുത്തുമില്ല....... !!

കടയിലെ പണിക്കാരൻ എന്ന നിലയിൽ അല്ല ജോസഫ് ഇപ്പോൾ കട നോക്കി നടത്തുന്നത്............! 
ശമ്പളം കൊടുക്കുന്ന അശോകനെക്കാൾ ഉത്തരവാദിത്തത്തോടെ ജോസഫ് ഓരോ കാര്യങ്ങളും ചെയ്യുന്നു..........!
പുതിയ പുതിയ മേഖലകളിലേക്ക് കച്ചവടം വ്യാപിപ്പിക്കുന്നു, അങ്ങനെ,അങ്ങനെ..........!!
പല കാര്യങ്ങളും അശോകനോടോ, കുടുംബക്കാരോടോ ആലോചിക്കുന്നുപോലും ഇല്ല..........!!

ഇങ്ങനെ പോയാൽ ജോസഫ് മുതലാളിയും അശോകനും കുടുംബവും വഴിയാധാരവും ആകുമെന്ന് അശോകന് മനസ്സിലായി........!
അതിനാൽ, കച്ചവടത്തിന്റെ നിലവിലെ സ്ഥിതി അറിയാൻ, അതിനായി മുതൽ മുടക്കിയ അശോകനും കുടുംബവും ആഗ്രഹിച്ചു.
കടയിലെ വരവ് ചെലവ് കണക്കും,ലാഭനഷ്ടകണക്കും ഒന്ന് പരിശോധിക്കാൻ തന്നെ അവർ തീരുമാനിച്ചു.
പക്ഷെ, പലവട്ടം ആവശ്യപ്പെട്ടിട്ടും കണക്കുബുക്കുകൾ ജോസഫ് അശോകന്റെ കൈവശം കൊടുക്കുന്നില്ല.........!
കച്ചവടം പൊടിപൊടിച്ചു നടത്തുന്നുമുണ്ട്........!!

"അങ്ങനെ കണക്കു ബുക്കൊന്നും ആരും നോക്കണ്ട. ചെലവുകാശ് നിങ്ങൾക്ക്  തരുന്നുണ്ടല്ലോ, പിന്നെ എന്തിനാ വരവ് ചെലവ് കണക്കും, ലാഭനഷ്ടകണക്കും ഒക്കെ നിങ്ങൾ നോക്കുന്നത്........ ?
എന്നെ അത്രയ്ക്ക് വിശ്വാസമില്ലേ..........?"
എന്നാണ് ജോസഫ് ഇപ്പോൾ ചോദിക്കുന്നത്.........!

കച്ചവടം ലാഭത്തിലാണോ നഷ്ടത്തിലാണോ നടക്കുന്നത് എന്നറിയാനുള്ള ന്യായമായ അവകാശം പോലും അശോകന് സ്വന്തം കടയിൽ ജോസഫ്  നിഷേധിക്കുന്ന  സ്ഥിതി.......!
വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്തു വച്ച വിഷമത്തിലാണ് ഇപ്പോൾ അശോകനും കുടുംബവും......!

കണക്ക് പരിശോധിക്കാൻ സഹകരിക്കാത്ത ജോസഫിനെ കടയിൽ നിന്ന് പിരിച്ചുവിടണോ?
ജോസഫിനെ ഇനിയും    കണ്ണടച്ചു വിശ്വസിച്ച്, അയാൾ ചെയ്യുന്നതെല്ലാം കൃത്യമായിരിക്കുമെന്നും, ഒരു പൈസയുടെ ക്രമക്കേടും കാണിക്കുന്നില്ലെന്നും വിശ്വസിച്ച് കടയും,പണപ്പെട്ടിയുടെ താക്കോലും ജോസഫിനെ തന്നെ ഏൽപ്പിച്ച്, വീട്ടിൽ തന്നെ ഇരുന്നാൽ മതിയോ?
ഇതാണ് ഇപ്പോൾ അശോകനെയും കുടുംബത്തെയും ഉറക്കത്തിൽ പോലും അലട്ടുന്ന ചിന്ത........!!

ഇനി നിങ്ങൾ തന്നെ പറയുക,
അശോകനും കുടുംബവും എന്താണ് ചെയ്യേണ്ടത്.......!?

NB :   കേരളജനത, നമ്മുടെ ബഹു.ധനകാര്യ മന്ത്രി, കിഫ്‌ബി മുതലായവയുമായി ഈ കഥയ്ക്ക്  യാതൊരു ബന്ധവും ഇല്ലെന്ന് പറയാൻ പറഞ്ഞു.






No comments: