11 September 2019

Harikumar Elayidam :: ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്‍റെ ഓണക്കാഴ്ചകള്‍

Views:


ഓണമെന്നത് ഇന്നൊരു യാഥാര്‍ഥ്യമാണ്. കുടിലുമുതല്‍ കൊട്ടാരം വരെ അതിന്‍റെ അലയൊലിയില്‍ ആവേശിതമാണ്. മഹാബലിയാണ് ഓണത്തിന്‍റെ പ്രഭവകേന്ദ്രമെന്നും, അതല്ല, വാമനനാണെന്നും അഭിപ്രായങ്ങള്‍ നിലവിലുണ്ട്. എന്നാല്‍, പരശുരാമനാണ് ഓണത്തിന് ആദരിക്കപ്പെടുന്നതെന്ന വിശ്വാസവും ഒരുകാലത്ത് കേരളക്കരയില്‍ പ്രബലമായിരുന്നതായി കാണാം.
               
പരശുരാമനും ഓണവും തമ്മിലുള്ള ബന്ധത്തിന് ഭാഷാ ചരിത്രത്തിൽ മഹനീയമായ സ്ഥാനം നേടിയ ഒരു മഹാനിഘണ്ടുവിന്‍റെ പിൻബലമുണ്ട്. ഓണാഘോഷത്തിന്‍റെ വേരുകൾ തേടിയുളള അന്വേഷണ വഴികളിൽ വായനക്കാരന് കൂട്ടായി വരുന്നത് ഡോക്ടർ ഹെർമൻ ഗുണ്ടർട്ട് തയ്യാറാക്കിയ മലയാള നിഘണ്ടുവാണ്. പത്ത് ദിവസത്തെ ഓണാഘോഷത്തിനിടയിൽ നാട് കാണാൻ വരുന്നത് പരശുരാമനാണ് എന്ന് അതിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രഭാതം മുതൽ സന്ധ്യാകാലം വരെയും (1814 - 1893) വിവിധ നാടുകളിലെ ഭാഷകൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച ജർമ്മന്‍ മനീഷിയും ബഹുഭാഷാ പണ്ഡിതനും ഇന്തോളജിസ്റ്റുകളിൽ മുൻനിരക്കാരനുമായ ഡോ. ഹെർമൻ ഗുണ്ടർട്ടും മലയാള ഭാഷയും തമ്മിലുള്ള ബന്ധം ചരിത്രത്തിന്‍റെ ഭാഗമാണ്. ആ മഹാമനീഷി മലയാളഭാഷയ്ക്ക് വേണ്ടി തയ്യാറാക്കിയ നിഘണ്ടുവിൽ ഓണം എന്നതിന് നല്‍കിയിരിക്കുന്ന വിവരണം ശ്രദ്ധേയമാണ്.

ഓണത്തിന് അദ്ദേഹം നല്‍കുന്ന അര്‍ത്ഥം കല്പനയുടെ ആഴം മനസ്സിലാക്കാന്‍, നിഘണ്ടു നിര്‍മ്മാണത്തിനുവേണ്ടി അദ്ദേഹം നടത്തിയ അധ്വാനത്തെക്കുറിച്ചും അല്പം അറിയേണ്ടതുണ്ട്. തന്‍റെ നിഘണ്ടുവിനുവേണ്ട വസ്തുതകള്‍ ശേഖരിക്കുന്നതിന് ഇരുപത്തഞ്ചില്പരം വര്‍ഷങ്ങള്‍ പ്രയത്നിച്ചിരുന്നതായി ഗുണ്ടര്‍ട്ടുതന്നെ ആമുഖത്തില്‍ പറയുന്നുണ്ട്. തന്‍റെ കൃത്യം ഏറ്റവും ശാസ്ത്രീയമായും അന്നു ലഭ്യമായിരുന്ന എല്ലാ സാമഗ്രികളും അടിസ്ഥാനമാക്കിയും നിര്‍വ്വഹിച്ചു. വാമൊഴിയിലും വരമൊഴിയിലും ലയിച്ചുകിടക്കുന്ന പദങ്ങളെല്ലാം തന്നെ ഭാഷയുടെ സ്വന്തമാണ്. സ്വത്താണ്.
വരമൊഴിയില്‍  പ്രതിഷ്ഠ ലഭിക്കാതെ, സാധാരണ സംഭാഷണ ഭാഷയില്‍ തങ്ങിനില്‍ക്കുന്ന അനേകം പദങ്ങളും ശൈലികളും പഴഞ്ചൊല്ലുകളും ഒരു ഭാഷയില്‍ ഉണ്ടായിരിക്കും. പദങ്ങളില്‍ നല്ലൊരു ശതമാനം ദേശ്യപ്രയോഗങ്ങള്‍ ആയിരിക്കും. ചിലതെല്ലാം ഗ്രാമ്യം (Vulgar) എന്ന കാരണത്താല്‍ സാധാരണഗതിയില്‍ വര്‍ജ്ജ്യങ്ങളായി ഗണിക്കപ്പെടുകയും ചെയ്യും. എന്നാല്‍ അവയെല്ലാം തന്നെ നിഘണ്ടുകാരനു വിലയുളള സാമഗ്രികള്‍ തന്നെ. പല ദേശങ്ങളില്‍ സഞ്ചരിച്ചു പല തൊഴിലുകാരുമായി ഇടപഴകി പദങ്ങള്‍ ശേഖരിക്കുക ഒരു നിഘണ്ടുകാരന്‍റെ അനുപേക്ഷണീയ കൃത്യങ്ങളില്‍പ്പെടുന്നു. ബോധപൂര്‍വ്വം ഇക്കാര്യങ്ങള്‍ ഒരു ഗണ്യമായ അളവില്‍ ഗുണ്ടര്‍ട്ട് സായിപ്പ് നിര്‍വ്വഹിച്ചതായി ഡോ. കെ. എം. ജോര്‍ജ്ജ് രേഖപ്പെടുത്തുന്നു.
അദ്ദേഹം തുടരുന്നു: കൊല്ലന്‍റെ ആലയിലും ആശാരിയുടെ പണിപ്പുരയിലും കര്‍ഷകനോടൊത്തു പാടത്തും വളരെയധികം സമയം ചെലവഴിച്ച് അവരുടെ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും നോട്ടു കുറിക്കുകയും ഓരോ പദത്തെക്കുറിച്ചും എടുത്തെടുത്തു ചോദിച്ചു സംശയനിവൃത്തി വരുത്തുകയും ചെയ്യുന്ന ഈ വെളളക്കാരന്‍റെ ചിത്രം ഒന്നു സങ്കല്പിച്ചു നോക്കുക. താന്‍ ഏറ്റെടുത്തിരിക്കുന്ന മഹാകൃത്യത്തില്‍ ഫലസിദ്ധി കൈവരിക്കുന്നതിന് ആവശ്യമായതെന്തും ചെയ്യാന്‍ ഗുണ്ടര്‍ട്ട് മടിച്ചില്ല.

മാത്രമല്ല, അന്നു ലഭ്യമായിരുന്ന രേഖകള്‍ എത്ര ശ്രദ്ധയോടെ അദ്ദേഹം ശേഖരിച്ചു തെരഞ്ഞെടുപ്പുനടത്തി എന്നറിയാന്‍ Abbreviations എന്ന തലക്കെട്ടില്‍ കൊടുത്തിരിക്കുന്ന പട്ടിക നോക്കിയാല്‍ മതിയാകും. അതില്‍ എണ്‍പതില്പരം കൃതികള്‍ അദ്ദേഹം പരിശോധിച്ചതായി കാണാം.
അക്കൂട്ടത്തില്‍ രാമചരിതവും രാമകഥയും പഞ്ചതന്ത്രവും അദ്ധ്യാത്മ രാമായണവും അഷ്ടാംഗഹൃദയവും മഹാഭാരതവും കേരളോല്പത്തിയും കൃഷ്ണഗാഥയും തച്ചോളിപ്പാട്ടും പയ്യന്നൂര്‍പാട്ടും കൃഷിപ്പാട്ടും കണക്കുശാസ്ത്രവും ന്യായശാസ്ത്രവും ഗുണപാഠവും ഉള്‍പ്പെടുന്നു. 
ഇവകൂടാതെ തലശ്ശേരി, ചിറയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ജില്ലാ രേഖകളും ഒക്കെ അദ്ദേഹം സനിഷ്കര്‍ഷം പരിശോധിച്ച് ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ വേണം അദ്ദേഹത്തിന്‍റെ ഓണത്തെക്കുറിച്ചുളള വിശദീകരണങ്ങള്‍ തേടാന്‍.

ഗുണ്ടര്‍ട്ട് എഴുതുന്നു:

ഓണം: The national feast on new moon of Sept. lasting 10 days, when Parasurama is still said to visit Kerala.

ഓണപ്പാട്ട്: a song

ഓണാട്: ഓണനാട് = ഓടനാട്

ഓണത്തു പെരുമാള്‍: a samantha = കായംകുളത്തു തമ്പുരാന്‍
(ഗുണ്ടര്‍ട്ട് നിഘണ്ടു, NBS, പേജ് 95)

നാടിന്‍റെ മുക്കിലും മൂലയിലുമൊക്കെ സഞ്ചരിച്ച്, പലതരം ആളുകളെ കണ്ട് അവരുമായുള്ള നിത്യ സമ്പർക്കത്തിൽ നിന്നാണ് ഗുണ്ടർട്ട് തന്‍റെ നിഘണ്ടുവിന് രൂപംകൊടുത്തത് വസ്തുതയ്ക്ക് പണ്ടേതന്നെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ തിരുവോണനാളിൽ കേരളത്തിലെ ഗൃഹങ്ങളിൽ സന്ദർശനത്തിനെത്തുന്നത് പരശുരാമനാണെന്ന അറിവും ജനങ്ങളിൽ നിന്നു തന്നെയാവണം അദ്ദേഹത്തിന് ലഭിച്ചിരിക്കുക.
National Feast എന്ന് അദ്ദേഹം പ്രയോഗിച്ചിരിക്കുന്നതു കൊണ്ട് പരശുരാമന്‍റെ  വരവിനെക്കുറിച്ച അറിവിനുളള ദേശവ്യാപ്തിയും സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.
ഓണപ്പാട്ട് എന്നതിന്, 'a song' എന്ന് അദ്ദേഹം അർത്ഥം കൽപ്പിച്ചിരിക്കുന്നത് 'മാവേലിപ്പാട്ട്' എന്നു പരക്കെ അറിയപ്പെടുന്ന ആ പഴയ ഓണപ്പാട്ടിനെത്തന്നെ ഉദ്ദേശിച്ചാവണം. അന്നും ഇന്നും എല്ലാവർക്കും അറിയാവുന്ന ഓണപ്പാട്ട് അതുതന്നെയാണല്ലോ.
'മാവേലി നാടുവാണീടും കാലം' എന്നിങ്ങനെ  പ്രസിദ്ധമായ ആ പാട്ടിലാകട്ടെ, തിരുവോണനാളിൽ പ്രജകളെ കാണാൻ വരുന്നത് തൃക്കാക്കര കേന്ദ്രമാക്കി കേരളം ഭരിച്ചിരുന്ന മാവേലി എന്ന രാജാവുമാണ്.
'ഓണത്തു പെരുമാൾ' എന്നൊരു പ്രയോഗമോ ശൈലിയോ അക്കാലത്ത് മലയാളക്കരയില്‍ നിലവിലിരുന്നതായി ഗുണ്ടര്‍ട്ടിന്‍റെ നിഘണ്ടുവിൽനിന്ന് നമുക്ക് മനസ്സിലാക്കാം. 'a samantha' എന്നാണ് അതിന് ഗുണ്ടർട്ട് നൽകിയിരിക്കുന്ന വിശദീകരണം. അങ്ങനെയെങ്കിൽ ആരായിരിക്കാം കപ്പം കൊടുക്കേണ്ടിയിരുന്ന ആ സാമന്തനായ രാജാവ് എന്നത് ഒരു സമസ്യയാണ്. ആര്‍ക്കാണ് അദ്ദേഹം കപ്പം കൊടുക്കേണ്ടിയിരുന്നതെന്നതും പഠനാര്‍ഹമാണ്.

'ഓണാട് - ഓണനാട് - ഓടനാട്' എന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഓണം ആഘോഷിച്ചിരുന്ന നാടാണ് 'ഓണനാട്' എന്ന അക്കാലത്തെ അർത്ഥകല്പനയില്‍  ആവും ആ പ്രയോഗം ഗുണ്ടര്‍ട്ട് എടുത്തത്.
'ഓണനാട്' ഉച്ചാരണത്തിൽ 'ന' കാര ലോപം വന്ന്, ഓണാട് ആകും. 
അതുപോലെ, നിഘണ്ടു പ്രകാരം, 'ഓണനാട്ടുകര'യാണ് ഓണാട്ടുകര ആയത്. കായംകുളം മാവേലിക്കര പ്രദേശങ്ങളെല്ലാം ചേർന്നതായിരുന്നു പഴയ ഓണാട്ടുകര.
ഓണത്തു തമ്പുരാൻ എന്നതിന് കായംകുളത്ത് തമ്പുരാൻ എന്ന് മലയാളത്തിൽ അദ്ദേഹം അർത്ഥം കുറിക്കുന്നുണ്ട്. 
അങ്ങനെ നോക്കുമ്പോൾ  ഓണാഘോഷത്തിന്‍റെ ഉത്ഭവസ്ഥാനമോ പ്രധാന കേന്ദ്രമോ ഓണാട്ടുകര ആയിരിക്കാൻ ഇടയുണ്ട്.

റഫന്‍സ്:
1. ഗുണ്ടര്‍ട്ട് നിഘണ്ടു NBS, കോട്ടയം
2. ഓണവും ഓണങ്ങളും, വര്‍ക്കല ഗോപാലകൃഷ്ണന്‍, ശങ്കരകവി സ്മാരക സമിതി
3. പ്രബന്ധങ്ങള്‍, ഡോ. കെ. എം. ജോര്‍ജ്ജ്, DC Books, കോട്ടയംഓണങ്കേറാമൂലകള്‍ ചരിത്രത്തോടു പറയുന്നത്.1 comment: