Anu P Nair :: ''നിനക്ക് ഒരു ലക്ഷം രൂപേങ്കിലും കിട്ടുമോ ?''

Views:

ചിലപ്പോൾ ചില ചോദ്യങ്ങൾ കേൾക്കാനായി മാത്രം നമ്മൾ ചില വഴിക്ക് സഞ്ചരിക്കും . 
അത്തരത്തിലൊരു യാത്രയാണ് എന്നെ പുള്ളിക്കാരന്റെ മുന്നിലെത്തിച്ചത് .

പുള്ളിക്ക് 80 കഴിഞ്ഞു . രോഗിയാണ് . നാലു നേരോം വയറ് നിറച്ച് ഗുളിക കഴിക്കുന്നുണ്ട് . കാലിലും മുഖത്തുമൊക്കെ നീരുണ്ട് . വൈകുന്നേരം വീട്ടിനടുത്ത കവല വരെ നടക്കുന്നതാണ് ഏക പ്രവർത്തനം .

രണ്ടു മക്കൾ . ഒരുത്തിയെ കാശ് കൊടുത്ത് സ്കൂളിൽ ടീച്ചറാക്കി . മകനെ പ്രേമിച്ച പെണ്ണിനെ കല്യാണം കഴിച്ച കുറ്റത്തിന് പുറത്താക്കി, പിന്നെ തിരിച്ചെടുത്തു (ആ പെണ്ണ് പിന്നീട് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥ ആയപ്പോഴാണ് ഈ തിരിച്ചെടുക്കൽ നടന്നത് )

ഒരു ദിവസം എനിക്കൊരു മോഹം കുടുംബത്തിലെ റിട്ടയേർഡ് ആൾക്കാരെ ഒക്കെ ഒന്നു പോയി കണ്ടാലോ. അങ്ങനെയാണ് അന്ന് ആ വഴി പോയത് .

പുള്ളിക്കാരൻ - ''നീ ഇപ്പോ എവിടേഡേ''
ഞാൻ - '' ഇവിടെ തന്നെ ഉണ്ട് ''
പുള്ളിക്കാരൻ - ' 'എന്തോന്ന് പണി ''
ഞാൻ - '' ട്യൂഷനെടുപ്പ്''

അപ്പോഴാണ് പുള്ളിക്കാരൻ ആ ചോദ്യം ചോദിച്ചത്;

'' നിനക്ക് ഒരു ലക്ഷം രൂപയൊക്കെ കിട്ടുവോഡേ''

മറുപടികൾ ഒത്തിരിയുണ്ട് . പറഞ്ഞാൽ കുടുംബ ബന്ധങ്ങൾ തകരും എന്നതിനാൽ മൗനം .

എന്നെ പഠിപ്പിച്ച അധ്യാപകൻ ഒരു അനുഭവം പറഞ്ഞു . സാറിനോടും സ്ഥിരം ഇങ്ങനെ ഒരാൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. കക്ഷി ഒരിക്കൽ മറുപടി കൊടുത്തു

''എന്തിനാ അമ്മാവാ ഇതൊക്കെ അ റിയുന്നെ മോളെ കെട്ടിച്ചു തരാനാണോ?''

പിന്നെ ചോദ്യവുമില്ല . കണ്ടാ മുഖത്ത് നോക്കത്തുമില്ല .

ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്  എന്തിനാണ്  നാം ഇങ്ങനെ മറ്റുള്ളവരുടെ  ശമ്പളം ജോലി ഇതൊക്കെ തിരക്കുന്നത് എന്ന് .

ആരും ഇതുവരെ ''നീ സന്തോഷവാനാണോ ?'' എന്ന് ചോദിച്ചിട്ടില്ല . നേരത്തെ പറഞ്ഞ പുള്ളിക്കാരൻ ഒരു ഉദാഹരണം മാത്രമാണ് . ഇത്തരത്തിൽ ഒത്തിരി ആൾക്കാരുണ്ട് .

ഒരു പക്ഷേ അവരുടെയൊക്കെ അസംതൃപ്തി മറച്ചു പിടിക്കാനാവും ഇത്തരം ചോദ്യങ്ങൾ .
--- നെല്ലിമരച്ചോട്ടില്‍



No comments: