Ameer Kandal :: കലി

Views:


"മാഷേ ... സുനന്ദ ടീച്ചർ സ്റ്റാഫ് റൂമിലിരുന്ന് ഒരേ കരച്ചിൽ... എന്താണ് കാര്യമെന്ന് ഞങ്ങളാര് ചോദിച്ചിട്ടും പറയണില്ല... മാഷൊന്ന് ഇടപ്പെട്ട് പരിഹാരമുണ്ടാക്ക്..."

രാവിലെത്തെ ഇൻ്റർ വെൽ കഴിഞ്ഞ് വരാന്ത ഇടനാഴിയിലൂടെ ഏഴ് എ ക്ലാസിലേക്ക് നടക്കുമ്പോഴാണ് പിന്നിൽ നിന്ന് സംഗീതം പഠിപ്പിക്കുന്ന മോനിഷ ടീച്ചർ ഓടി വന്ന് പറഞ്ഞത്.

സ്റ്റാഫ് സെക്രട്ടറി എന്ന നിലയിൽ സ്റ്റാഫുകളുടെ കണ്ണീരൊപ്പലും തമ്മിലുള്ള പിണക്കങ്ങളകറ്റലും മൂപ്പരുടെ പണിയാണന്നല്ലേ വെപ്പ്.

'അല്ലേലും നിസാര കാര്യം മതി സുനന്ദ ടീച്ചർക്ക്, പിണങ്ങാനും മോങ്ങാനും' പിറുപിറുത്തു കൊണ്ട് സ്റ്റാഫ് റൂമിലേക്ക് നടന്നു.

അഞ്ച് ബിയിലെ ക്ലാസ് ടീച്ചറാണ് എസ്എസ് ആർ എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന സുനന്ദ ടീച്ചർ .കഴിഞ്ഞ ഒമ്പത് വർഷമായി അഞ്ച് ബിയിലെ ക്ലാസ്ചാർജ് മറ്റാർക്കും കൈമാറാതെ തൻ്റെ സാമ്രാജ്യമായി കൊണ്ട് നടക്കുകയാണ്. മുമ്പ് പുതുതായി വന്ന ഹിന്ദി ടീച്ചർ ക്ലാസിൽ ബഹളം വെച്ച അഞ്ച് ബിയിലെ അഞ്ച് കുട്ടികളെ ബഞ്ചിൽ കയറ്റി നിർത്തിയതിന്‍റെ പൊല്ലാപ്പ് ഒരാഴ്ചയോളം നീണ്ടുനിന്നിരുന്നു.

"എന്താ പ്രശ്നം ടീച്ചറേ.... എന്തായാലും പരിഹാരമുണ്ടാക്കാം.. ടീച്ചർ കരയാതിരിക്ക്‌ ... "
കരച്ചിലടക്കാൻ കഴിയാതെ ടീച്ചർ മേശപ്പുറത്തിരുന്ന ഒരു നോട്ട് ബുക്ക് നേരെ നീട്ടി

"മാഷേ .. ഇതൊന്ന് നോക്ക്... എനിക്ക് സഹിക്കാൻ കഴിയണില്ല.. ശ്ശൊ...വേണ്ടായിരുന്നു. ... പാവം... അപ്പോഴൊത്തെ കലിക്ക് ..."
തേങ്ങലടക്കാൻ കഴിയാതെ സുനന്ദ ടീച്ചർ സാരിത്തലപ്പ് കൊണ്ട് മുഖം പൊത്തി.

പതിവ് പോലെ രാവിലെ ഹാജരൊക്കെ എടുത്തു കഴിഞ്ഞ് സുനന്ദ ടീച്ചർ മലയാള പാഠാവലി പഠിപ്പിക്കുകയായിരുന്നു.അമ്മയെ കുറിച്ചുള്ള  കവിത .രണ്ട് കുട്ടികളുടെ അമ്മയായ സുനന്ദ ടീച്ചർ സർവ്വംസഹയും വാത്സല്യനിധിയുമായ അമ്മയെ വർണ്ണിക്കുന്ന കവിതയുടെ ആഴപരപ്പിലേക്ക് ആഴ്ന്നിറങ്ങി ആസ്വദിച്ച് പഠിപ്പിക്കുകയായിരുന്നു.

ഇതിനിടയിലാണ് അത്യാവശ്യം പഠിപ്പിസ്റ്റായ സെക്കന്‍റെ ബെഞ്ചിലെ അനൂപ് എന്തോ വരച്ചു കുറിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.ടീച്ചറിന് കലിയടക്കാൻ കഴിഞ്ഞില്ല.

"എടാ ... നിനക്കും തുടങ്ങിയോ. .. വല്ലതുമൊക്കെ പഠിക്കാൻ കഴിവുള്ള പയ്യനാ.... "
അവൻ വരച്ച് കൊണ്ടിരുന്ന നോട്ട് ബുക്ക് വലിച്ചെടുത്ത് ക്ലാസിന്‍റെ മൂലയിലേക്ക് ഒരേറ്. ദേഷ്യം സഹിക്കവയ്യാതെ അവന്‍റെ കൈവെള്ളയിൽ നാലഞ്ച് പെടയും വെച്ചു കൊടുത്തു.

 ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് നടക്കുന്ന വഴിയിലാണ് അനൂപിന്‍റെ കൂട്ടുകാർ ക്ലാസ് മൂലയിലെ വേസ്റ്റ് ബാസ്കറ്റിന്‍റെ അടുത്ത് കിടന്ന ആ നോട്ട് ബുക്ക് എടുത്ത് ടീച്ചറിന്‍റെ കൈയിൽ കൊണ്ട് കൊടുത്തത്.

"ടീച്ചറേ.. അനൂപ് വരച്ച പടം കണ്ടോ.... "
നോട്ടുബുക്കിൽ നിന്ന് പകുതി കീറി വേർപെട്ട ആ   പേജിൽ പെൻസിൽ കൊണ്ട് വരച്ച സുന്ദരിയായ ഒരു സ്ത്രീയുടെ ചിത്രമായിരുന്നു. ചിത്രത്തിന് താഴെയായി പേന കൊണ്ട് കടുപ്പിച്ച് എഴുതിയ അക്ഷരങ്ങളിലൂടെ ടീച്ചറിന്‍റെ കണ്ണുകൾ കടന്നു പോയി -

 'എൻ്റെ പ്രിയപ്പെട്ട അമ്മ.. എന്നെയും അനിയത്തിയേയും തനിച്ചാക്കി സ്വർഗത്തേക്ക് പോയി....  അമ്മക്ക് ഒരായിരം ഉമ്മ ...'

അത് മുഴുവൻ വായിക്കാൻ സുനന്ദടീച്ചറിന് കഴിഞ്ഞില്ല. കാഴ്ച മങ്ങിയത് പോലെ. കണ്ണുനീർ തളം കെട്ടി മൂടുപടം തീർത്തു .പിന്നെ തേങ്ങലടക്കാൻ കഴിയാതെ സ്റ്റാഫ് റൂമിൽ വന്ന് ഒറ്റയിരിപ്പായിരുന്നു.




3 comments:

ardhram said...

മനോഹരം സാർ

Kaniya puram nasarudeen.blogspot.com said...

അമീർസാർ
കഥ കലക്കി
നന്മകൾ

മുജീബ് റഹ്മാൻ ജെകെ said...

വളരെ ഹൃദയ സ്പർശിയായ കഥ. അമീർ അഭിനന്ദനങ്ങൾ