30 September 2019

Author Photos


Aswathy P S

28 September 2019

Gopika K S :: വീട്ടുചുമരിലെ വരക്കൂട്ടുകള്‍ 3Mehboob Khan (Mehfil) :: തുറിച്ചു നോട്ടങ്ങളുടെ രാഷ്ട്രീയംഒരു പെണ്ണ്
ഒറ്റക്കൊരു ലോകമാകുന്നത്
നിങ്ങൾ കണ്ടിട്ടുണ്ടോ..?

അവൾക്കു ചുറ്റും
തുമ്പിയും ശലഭവും
പ്രാണൻ നിലനിർത്താൻ
പാറിപ്പറക്കുന്നത് കണ്ടിട്ടുണ്ടോ..?

പുഴയും മഴയും വറ്റിവരണ്ട ജീവതടങ്ങളും
നിലവിളിയൊച്ചകളായി
ശവഘോഷയാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ടോ..?

ജീവൻ നിലനിർത്താൻ
മരണവായു  ശ്വസിക്കേണ്ടി വരുന്ന
കോടാനുകോടി ജീവജാലങ്ങളുടെ
ആത്മവിലാപം കേട്ടിട്ടുണ്ടോ..?

അക്രമങ്ങളനീതിയായ് ഫണം വിടർത്തി
ചുറ്റുമുലകിനെ വരിഞ്ഞിടുമ്പോൾ
ഒന്നും മിണ്ടാതെ
നാവുരിഞ്ഞു പോയവർക്കിടയിൽ
കോർത്തു പിടിക്കാതെ
കൈതളർന്നു പോയവർക്കിടയിൽ
ഒന്നായ് നടക്കാൻ മടിച്ച്
കാലുറഞ്ഞു പോയവർക്കിടയിൽ
വിപ്ലവത്തിന്‍റെ തുപ്പലിൽ
വിഷം തളിച്ച് പോയവർക്കിടയിൽ
നിന്നൊറ്റക്കെഴുന്നേറ്റു
നിൽക്കുന്നതൊരു പെണ്ണാണ്...

അവളുടെ തുറിച്ചുനോട്ടങ്ങളിൽ നിറയുന്നത്
നാം ചവിട്ടി നിൽക്കുന്ന മണ്ണാണ്..

അവളുടെ വാക്കുകളിൽ വിടരുന്നത്
വരും തലമുറക്ക് സ്വപ്നം
കാണാനുള്ള വിണ്ണാണ്..

ചെറു ചിരികൊണ്ടവൾ തണലൊരുക്കുകയും
കൂർത്ത നോട്ടം കൊണ്ട്
ചിലരുടെ ഉറക്കം കെടുത്തുകയും ചെയ്യുന്നു.

നമ്മളറിയണം....
അങ്ങനെയാണൊരു പെണ്ണ്
ഒറ്റക്കൊരു ലോകമാവുന്നതെന്ന്...


ഗ്രേറ്റ എർമാൻ തൻബർഗ് 
ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും തടയാനായി അന്താരാഷ്ട്രതലത്തിൽ ഉൽബോധനം നടത്തുന്ന 16 വയസ്സുമാത്രമുള്ള ഒരു സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയാണ്. 2018 ആഗസ്റ്റിൽ സ്വീഡിഷ് പാർലമെൻറ് കെട്ടിടത്തിന് പുറത്ത് കാലാവസ്ഥയ്ക്കായുള്ള സ്കൂൾ പണിമുടക്ക് ആരംഭിച്ചു. 

Jagan :: "..........ഇഫക്ട്"മരടിലെ ഫ്ലാറ്റ് കേസിൽ ബഹു. സുപ്രീം കോടതിയുടെ ഇന്നലത്തെ നിരീക്ഷണങ്ങളും, നിർദ്ദേശങ്ങളും ശ്ളാഘനീയം ആയി, മാതൃകാപരമായി.

ബിൽഡർമാരും, മരട് പഞ്ചായത്ത് / മുനിസിപ്പാലിറ്റിയിലെയും, വിവിധ സർക്കാർ വകുപ്പുകളിലേയും ഉദ്യോഗസ്ഥ മാഫിയയും ചേർന്നൊരുക്കിയ കെണിയിൽ, അറിഞ്ഞു കൊണ്ടോ, അറിയാതെയോ വീണുപോയ ഫ്ളാറ്റുടമകൾക്ക് ഒരു പരിധി വരെ ആശ്വാസവുമായി.

Sidheek Subair :: കാലടിപ്പാടുകൾ
കാലടിപ്പാടുകൾ


ജീവിതം ചാരുകസേരയിട്ടു
കാവലാ,യുമ്മറത്തിണ്ണ സാക്ഷി...
മങ്ങിയ കണ്ണിന്നകത്തു കാണും,
മങ്ങാത്തൊരുൻമദത്താളമേളം...

മാറാത്ത രോഗത്തടവു മാറ്റും
മോളുവന്നുത്തരവേകി ജാമ്യം
ചാറ്റൽ മഴക്കാറ്റുമേറ്റു മോഹം
ചാഞ്ചാടി പാഴില പോലെ നീങ്ങി...

ഉത്സവക്കാഴ്ചകൾ കണ്ടു കൂപ്പി,
ഉത്സാഹമേറിടും കുഞ്ഞുപോലെ,
സൗഗന്ധികങ്ങൾ വിടർന്നു ചുറ്റും,
സൗഭാഗ്യം അമ്മ നുകർന്നുണർന്നു...

നേർക്കാഴ്ച്ചയച്ഛന്നൊരുക്കിയമ്മ,
വാക്കിലയിട്ടു വിളമ്പി സദ്യ,
സന്തോഷ സ്വാദവരാസ്വദിച്ചു ,
സംതൃപ്തിയായി മകൾക്കുമപ്പോൾ...

"കാലമങ്ങേറെ കടന്നു പോകും,
കാലടിപ്പാടുകൾ മാഞ്ഞു പോകും"
കാറ്റൊരുതോന്നലായഞ്ഞു വീശി,
കാണുമോ മക്കളെൻ കൈ പിടിക്കാൻ...

വാർദ്ധക്യം വടിയൂന്നിയെത്തുമെന്നിൽ,
വർണ്ണപ്പകിട്ടിരുൾകാർന്നുതിന്നും,
എൻ മക്കളെന്നെയും കൊണ്ടു പോകും,
നൻമതന്നാഘോഷം പങ്കുവയ്ക്കും.

27 September 2019

Gov.Relief L P S Kulathoor :: പാഠം 1, പാടത്തേയ്ക്ക്നാട്ടിൻ പുറത്തിന്‍റെ നന്മയും നാട്ടറിവുകളും മണ്ണിന്‍റെ മണവും കൃഷിയുടെ പെരുമയുമെല്ലാം ആവോളം ആസ്വദിച്ചനുഭവിച്ചവരാണ് മൺമറഞ്ഞ തലമുറ. എന്നാൽ...

മലയാളക്കരയിലെ ഇളയ തലമുറകൾക്ക് ഇവയെല്ലാം അക്ഷരങ്ങളിലും വർണ്ണചിത്രങ്ങളിലും ഒതുങ്ങുന്ന നവ്യാശയങ്ങൾ മാത്രമാണെന്നത്, അതിശയോക്തി ഉളവാക്കുന്ന അപ്രിയ സത്യമാണെന്ന വസ്തുത നാം ഉൾക്കൊണ്ടേ മതിയാവൂ.

ഈയടുത്ത കാലത്ത് ഒരു കൃഷിയിടത്തിലെ കരനെൽ കൃഷി കണ്ട്, "ഇത് എന്തിനാ ഈ പുല്ല് ഇങ്ങനെ വളർത്തണെ?" എന്ന ഒരു കുഞ്ഞിന്റ നിഷ്കളങ്കമായ ചോദ്യം ആദ്യം ചുണ്ടിൽ ചിരിയും... പിന്നെ, ഉള്ളിൽ വേദനയും... ഒടുവിൽ മനസ്സിൽ ഒത്തിരി  ചിന്തയും... സമ്മാനിച്ചത് ഈയവസരത്തിൽ ഓർക്കുന്നു.

ആധുനിക ഇലക്ട്രോണിക് ജീവിതത്തിന്‍റെ ചടുലതയും വേഗതയും അറിയാതെ കടന്നുപോയവരേക്കാൾ എത്രയോ നിർഭാഗ്യവാന്മാരാണ്, അവർ ജീവിച്ചിരുന്ന നൈസർഗിക ലോകത്തിന്‍റെ മാധുര്യം നുകരാൻ കഴിയാത്ത നമ്മൾ.

സ്വച്ഛമായ അന്തരീക്ഷവും വിഷമില്ലാത്ത ഭക്ഷണവും ശുദ്ധജലവും കൃത്രിമത്വമില്ലാത്ത പെരുമാറ്റങ്ങളും ഊഷ്മളമായ ജീവിത ബന്ധങ്ങളും കെട്ടുറപ്പുള്ള കുടുംബങ്ങളും എല്ലാം പ്രാവർത്തികമാക്കുക എന്നത് എത്രത്തോളം പ്രായോഗികമെന്നത് ചിന്തനീയമെങ്കിലും അത്തരമൊരു നാളേയ്ക്കു വേണ്ടിയുള്ള ശ്രമങ്ങൾ തികച്ചും സ്വാഗതാർഹം തന്നെ

പുതു തലമുറയ്ക്ക് അന്യമെന്ന് കരുതിയ ചില നല്ലനുഭവങ്ങൾ നമ്മുടെ കുട്ടികൾക്കായി ഒരുക്കിയിരിയ്ക്കുകയാണ് പാഠം 1, പാടത്തേയ്ക്ക് എന്ന പദ്ധതിയിലൂടെ കേരള സർക്കാർ. പൊതു വിദ്യാഭ്യാസവും കൃഷി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്നതാണ് പരിപാടി.

2019 സെപ്റ്റംബർ 26 ന്  സംസ്ഥാനത്തിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ പാഠം 1, പാട ത്തേയ്ക്ക് പരിപാടിയുടെ ഉദ്ഘാടനം നടന്നു.

കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിലെ G R L P S കുളത്തൂർ പദ്ധതി നടത്തിപ്പ് സ്കൂളുകളിലൊന്നാണ്. കൃഷി ഓഫീസറുടെ നേതൃത്വത്തിൽ ,കൗൺസിലർ സുനി ചന്ദ്രന്‍റെ സാന്നിദ്ധ്യത്തിൽ സ്കൂളിൽ നെൽവിത്ത് പാകിക്കൊണ്ട് ഉദ്ഘാടനം നടന്നു.കൂടാതെ പ്രഥമാധ്യാപിക ശ്രീമതി ഗംഗാലക്ഷ്മി സ്കൂൾ SMC ചെയർമാൻ ശ്രീ രാജ് കുമാർ സ്കൂൾ ലീഡർ ഋഷി പ്രതീഷ് സീനിയർ അധ്യാപിക ശ്രീമതി അനിത തുടങ്ങിയവർ നെൽവിത്ത് നടീലിൽ പങ്കെടുത്തു.

തുടർന്ന് ചേർന്ന യോഗത്തിൽ പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും നടത്തിപ്പ് രീതികളെക്കുറിച്ചും വിശദമായി കുട്ടികളോട് സംസാരിച്ചു.

മലയാളികളുടെ പൈതൃകത്തിന്‍റെ നെടുന്തൂണും കാർഷിക സംസ്കാരത്തിന്‍റെയും ആഹാരശൈലിയുടേയും ആണിക്കല്ലുമായ നെൽകൃഷിയെക്കുറിച്ച് നേരിട്ട് അറിവനുഭവങ്ങൾ പ്രദാനം ചെയ്യുന്ന പാഠം 1, പാടത്തേക്ക് വിജയകരമായി തന്നെ പുരോഗമിച്ച് ഉദ്ദേശ്യലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് പ്രത്യാശിയ്ക്കാം.

റിപ്പോർട്ട്,
അശ്വതി പി എസ്

Govt. Relief L P S Kulathoor
H M : Ganga N Lekshmi

Jagan :: കാലത്തിന്‍റെ ചുവരെഴുത്ത്പാലാ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം രാഷ്ട്രീയ കേരളത്തിൽ സമാനതകൾ ഇല്ലാത്ത അതിശയിപ്പിക്കുന്ന ചരിത്രം കുറിക്കുന്നതായി.....!

പാലാ നിയമസഭാ മണ്ഡലം നിലവിൽ വന്ന 1965 മുതൽ 2019 ഏപ്രിൽ വരെ, നീണ്ട 54 വർഷക്കാലം ഒരേ രാഷ്ട്രീയ പാർട്ടിയിലെ, ഒരേ നേതാവ് തന്നെ കൈവശം വച്ചിരുന്ന ഒരു മണ്ഡലം, അദ്ദേഹത്തിന്‍റെ നിര്യാണ ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലെ വാശിയേറിയ മൽസരത്തിലൂടെ, മറ്റൊരു പാർട്ടി പിടിച്ചെടുത്തു എന്ന നിലയിൽ ലാഘവത്തോടെ അല്ല ഇതിനെ കാണേണ്ടത്.

വിശദമായ ചർച്ച രാഷ്ട്രീയ വിശകലനം ആയി മാറും എന്നതിനാൽ അതിന് ഈയുള്ളവൻ മുതിരുന്നില്ല.
പാലായിൽ അർഹിക്കുന്ന പരാജയങ്ങളും, അർഹിക്കുന്ന വിജയവും, അർഹിക്കുന്നവർക്ക്, അർഹിക്കുന്ന അളവിൽ ലഭിച്ചു എന്നു വേണം രാഷ്ട്രീയത്തിന് അതീതമായി, ഒറ്റ വാചകത്തിൽ വിലയിരുത്തുവാൻ.......!
വിവിധ രാഷ്ട്രീയ പാർട്ടികളിലും നേതാക്കളിലും നടമാടുന്ന അധികാര ദുർമോഹം, കുടുംബാധിപത്യം, രാഷ്ട്രീയ സദാചാരമില്ലായ്മ, സ്ഥാനത്തും അസ്ഥാനത്തുമുള്ള വില കുറഞ്ഞ ഗ്രൂപ്പ് രാഷ്ട്രീയം, മുതലായവയ്ക്ക് എതിരേയുള്ള മുന്നറിയിപ്പ് കൂടി ആയി ഈ തെരഞ്ഞെടുപ്പ് ഫലം.

കൂടാതെ, തമ്മിൽ ഇടികൂടുന്ന മുട്ടനാടുകളുടെ ശിരസ്സുകളിൽ നിന്ന് ഇറ്റുവീഴുന്ന ചോര നുണയാൻ മുതിരുന്ന കുറുക്കനേയും ഈ തെരഞ്ഞെടുപ്പു ഫലം ഓർമ്മിപ്പിക്കുന്നു.......!

ചുരുക്കത്തിൽ ഒരു പിടി വിലയേറിയ പാഠങ്ങൾ പാലാ ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും വിവിധ രാഷ്ട്രീയ കക്ഷികളും മുന്നണികളും പഠിക്കേണ്ടതായിട്ടുണ്ട്...........!

അതൊക്കെ ഉൾക്കൊണ്ട്, കാലത്തിന്‍റെ ചുവരെഴുത്ത് വായിച്ച്, അത് അവഗണിക്കാതെ പ്രവർത്തിച്ചാൽ  നല്ലത്........ !

Gopika K S :: വീട്ടുചുമരിലെ വരക്കൂട്ടുകള്‍ 2

26 September 2019

Gopika K S :: വീട്ടുചുമരിലെ വരക്കൂട്ടുകള്‍ 1
Jagan :: എലിമട ഓപ്പറേഷൻ


Image Credit :: https://www.theweek.in/news/india/2019/09/26/kerala-govt-138-day-action-plan-maradu-flat-demolition.html

മരച്ചീനി എന്നും, കപ്പ എന്നും ഒക്കെ അറിയപ്പെടുന്ന കാർഷികവിള നശിപ്പിക്കാൻ എത്തുന്ന എലികളെ ഉൻമൂലനം ചെയ്യാൻ, എലിവിഷം വ്യാപകമാകുന്നതിന് മുൻപ് അവയെ കൊല്ലുന്ന ഒരുരീതി പണ്ട് നിലനിന്നിരുന്നു.

എലിമടയുടെ ഉള്ളിലേക്ക് പുക ഊതിക്കയറ്റി, ശ്വാസം മുട്ടിച്ച് കൊല്ലുകയോ, ശ്വാസം മുട്ടിച്ച് പുറത്തുചാടിച്ച്, അവയെ തല്ലിക്കൊല്ലുകയോ ചെയ്യുന്ന  പ്രാകൃതമായ രീതി........!

പല ദിശകളിലേക്ക് തുറന്നിരിക്കുന്ന എലിമടയുടെ എല്ലാ വാതിലുകളും കണ്ടു പിടിച്ച്, എല്ലാ വാതിലുകളിലും ചപ്പുചവറുകൾ കൂട്ടിയിട്ട്, തീ പിടിപ്പിച്ചാണ് എലിമടയിലേക്ക് പുക കയറ്റുന്നത്.........!!

മരടിലെ ഫ്ലാറ്റുകളിൽ നിന്നും ഉടമകളെ ഒഴിപ്പിക്കാൻ വൈദ്യുതി ബന്ധം, ജലവിതരണ സംവിധാനം, പാചക വാതക കണക്ഷൻ മുതലായവ വിച്ഛേദിച്ച് അവരെ സമ്മർദ്ദത്തിലാക്കാനുള്ള അധികൃതരുടെ തീരുമാനം വായിച്ചപ്പോൾ ഈയുള്ളവന്‍റെ മനസ്സിൽ പെട്ടെന്ന് ഓടിയെത്തിയത് ചെറുപ്പകാലത്ത് കണ്ടു ശീലിച്ച മേൽ പറഞ്ഞ "എലിമട ഓപ്പറേഷൻ" ആണ്.

എലിയെ ശ്വാസം മുട്ടിച്ചതു പോലെ, ഫ്ലാറ്റുടമകളെ സമ്മർദ്ദത്തിലാക്കി, പുറത്തുചാടിച്ചിട്ട്, ഫ്ലാറ്റ് തകർക്കുക. എലി മാളത്തിനുള്ളിൽ ചാകുന്നതു പോലെ, പല ഫ്ലാറ്റുടമകളും ഫ്ലാറ്റിനുള്ളിൽ ആത്മഹത്യ ചെയ്തു കൊള്ളും.
എന്തു പ്രാകൃതമായ രീതി...........?

ഈ വിഷയത്തിന്‍റെ വിശദാംശങ്ങൾ നാം ഈ പംക്തിയിലും, മറ്റ് പത്ര ദൃശ്യമാധ്യമങ്ങളിലും ചർച്ച ചെയ്തും, വായിച്ചും കേട്ടും, തഴക്കം വന്നതിനാൽ വീണ്ടും ഒരു വിശദീകരണത്തിനോ, ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും കക്ഷികളെ വിമർശിക്കുവാനോ, ന്യായീകരിക്കുവാനോ ഈയുള്ളവൻ മുതിരുന്നില്ല.

2006 മുതൽ തീരദേശ സംരക്ഷണ നിയമം അനുസരിച്ചുള്ള കേസ് നിലവിലുണ്ടായിരുന്നു എന്നും, ഫ്ളാറ്റ് ഉടമകൾ ആ വിവരം അറിഞ്ഞു കൊണ്ട് തന്നെ അല്ലേ ഈ ഫ്ലാറ്റുകൾ വാങ്ങി പുലിവാൽ പിടിച്ചത് എന്നും, അതു കൊണ്ട് അവർ യാതൊരു ദയവും, അനുകമ്പയും അർഹിക്കുന്നില്ലെന്നും, ഫ്ലാറ്റുകൾ ഇടിച്ച് പൊളിച്ചു കളയുക തന്നെ വേണം എന്നുള്ള വാദവും അംഗീകരിക്കുന്നു.
പക്ഷെ,
മറ്റു ചില സംശയങ്ങൾക്ക് ആര് തൃപ്തികരമായ മറുപടി തരും............?
 • 2006 ൽ അധികൃതർ നിർമ്മാണത്തിന് stop memo നൽകിയപ്പോൾ,
 • ബഹു. കേരള ഹൈക്കോടതി നൽകിയ നിയമാനുസൃതമായുള്ള ഉത്തരവനുസരിച്ചല്ലേ പ്രസ്തുത ഫ്ലാറ്റുകൾ നിർമ്മിച്ചത്........?
 • ഹൈക്കോടതിയുടെ ഉത്തരവുകൾ അനുസരിക്കാൻ പാടില്ലാത്തതാണോ........?
 • സംസ്ഥാനത്തെ എല്ലാ കോടതികളിലേയും നടപടികൾ പൂർത്തിയാക്കി, സുപ്രീംകോടതിയിലും കേസ് നടത്തി വിജയിച്ചതിന് ശേഷം മാത്രം ഒരു ഫ്ലാറ്റ് വാങ്ങുക എന്നത് നമ്മുടെ രാജ്യത്തെ ഇന്നത്തെ "കാലാവസ്ഥ"യ്ക്ക് ചേരുന്ന കാര്യമാണോ?  ഒരു പുരുഷായുസ്സു കൊണ്ട് തീരുന്ന യജ്ഞമാണോ അത്.......?
 • സുപ്രീം കോടതി, ഹൈക്കോടതി മുതലായ ഭരണഘടനാ സ്ഥാപനങ്ങൾ ഒഴികെ, സാധാരണ പൗരന്, ബന്ധപ്പെട്ട് അന്വേഷിക്കാനാവുന്ന ഓഫീസുകളിൽ അന്വേഷിച്ച്, നിയമ വിധേയമാണെന്നുറപ്പാക്കിയതിന് ശേഷം, ബന്ധപ്പെട്ട ഫീസുകളും, നികുതികളും അടച്ച്, രജിസ്റ്റർ ചെയ്ത് ഫ്ലാറ്റുകൾ സ്വന്തമാക്കി, ഇപ്പോഴും ബന്ധപ്പെട്ട നികുതികൾ നൽകിക്കൊണ്ടിരിക്കുന്ന ഫ്ളാറ്റുടമകളുടെ നേർക്ക് മേൽ പറഞ്ഞ "എലിമട ഓപ്പറേഷൻ" പ്രഖ്യാപിക്കുന്നത് ശരിയാണോ?
 • നിയമപരമായുള്ള പരിരക്ഷയ്ക്ക് അവർക്ക് അവകാശമില്ലേ...?
 • ഫ്ലാറ്റുടമകൾ ബിനാമികൾ ആണെന്നും, ഇവരിൽ പലർക്കും താമസിക്കുവാൻ മറ്റ് പല വീടുകളും ഉണ്ട് എന്നും, അതിനാൽ ഫ്ലാറ്റുകൾ ഇടിച്ചു നിരത്തുക തന്നെ വേണമെന്നും ഉളള ചിലരുടെ വാദം ശുദ്ധമായ അസൂയ തന്നെയല്ലേ.......?
 • 2006 ൽ മരട് പഞ്ചായത്തിലെ പ്രസ്തുത പ്രദേശത്തെ നിർമ്മാണം നിയമവിരുദ്ധമായിരുന്നെങ്കിൽ, 2019 ൽ മരട് മുനിസിപ്പാലിറ്റിയിൽ ഇതേ പ്രദേശത്തെ നിർമ്മാണം നിയമവിധേയമാണ് എന്നുള്ള വസ്തുത നാം മറക്കാമോ?
 • 2006 ലെ നിർമ്മിതികൾ നിയമ വിധേയമാക്കാൻ അവ 2019 ൽ പൊളിച്ചിട്ട്, നിർമ്മാണത്തിനുള്ള പുതിയ അപേക്ഷ വാങ്ങി,  'നിയമാനുസരണം' അനുവാദം നൽകി,  അതേ സ്ഥലത്ത് തത്തുല്യമോ, അതിലും വലിപ്പമുള്ളതോ ആയ ഫ്ലാറ്റ് നിർമ്മിച്ചാൽ, അത് തീരദേശ സംരക്ഷണ നിയമം അനുസരിച്ച് "നിയമവിധേയം " ആകുന്നത് എങ്ങിനെ എന്ന് ഈയുള്ളവന്‍റെ പരിമിതമായ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചിട്ട് മനസ്സിലാകുന്നില്ല. അമിത ബുദ്ധിമാൻമാർ ഒന്ന് വിശദീകരിക്കാമോ...........?
(ഇതു തന്നെയല്ലേ പണ്ട് നാറാണത്തു ഭ്രാന്തൻ ചെയ്തിരുന്നതും?)
അതായത്, ആത്യന്തികമായി നമ്മുടെ ലക്ഷ്യം തീരദേശ സംരക്ഷണം ആണെങ്കിൽ,
 • '2006 മോഡൽ' ഫ്ലാറ്റ് പൊളിച്ചിട്ട് അതേ സ്ഥലത്ത് '2019 മോഡൽ'
 • ഫ്ലാറ്റ് പണി തീർത്താൽ അത് ''തീരദേശ സംരക്ഷണം" ആകുന്നതെങ്ങനെ......?
 • ഈ കെട്ടിട സമുച്ചയങ്ങൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന ദേശീയ നഷ്ടം നികത്താനുള്ള ഉത്തരവാദിത്തം ആർക്കാണ്........?
 • തീരദേശ സംരക്ഷണത്തിനായി ഇവ പൊളിക്കുമ്പോൾ, അത് ഗുരുതരമായ പാരിസ്ഥിതികാഘാതം സൃഷ്ടിക്കില്ലേ..........?
 • അത് പരിസ്ഥിതി സംരക്ഷണ നിയമത്തിന്‍റെ ലംഘനം ആകില്ലേ........?
 • ഇതു പോലുള്ള അവസരങ്ങളിലല്ലേ നീതിപീഠങ്ങൾ കണ്ണു തുറന്ന് പ്രവർത്തിക്കേണ്ടത്?
 • നിയമ പുസ്തകങ്ങളുടെ താളുകളിൽ അച്ചടിച്ചുവച്ചിട്ടുള്ള വരികൾ  വായിച്ച്,  "നിയമം" മാത്രം നടപ്പാക്കി എന്ന് വരുത്തിത്തീർക്കാതെ, ആ വരികൾക്കിടയിൽ   'ഒളിഞ്ഞു കിടക്കുന്ന  നിയമം' കൂടി മനക്കണ്ണിൽ വായിച്ച്, അവയെ ജനോപകാരപ്രദമായി വ്യാഖ്യാനിച്ച്, നിയമം നടപ്പാക്കുന്നതിനോടൊപ്പം, ജനങ്ങൾക്ക് "നീതി'' കൂടി ലഭ്യമാക്കാനുള്ള ആർജ്ജവം നീതി പീഠങ്ങൾക്ക് ഉണ്ടാകേണ്ടതല്ലേ.......?
 • ഇല്ലെങ്കിൽ പിന്നെ ആരിൽ നിന്നാണ് സാധാരണ ജനങ്ങൾ ആ നീതി പ്രതീക്ഷിക്കേണ്ടത്.......?
സ്റ്റോപ്പ് പ്രസ്സ്:

കേരളത്തിലുടനീളം ഇത്തരത്തിൽ തീരദേശ സംരക്ഷണ നിയമം ലംഘിച്ച് പണികഴിപ്പിച്ചിട്ടുള്ള 65 കെട്ടിട സമുച്ചയങ്ങൾ ഉണ്ടെന്ന് ചില മാധ്യമങ്ങളിൽ കണ്ടു. (യഥാർത്ഥ കണക്ക് അതിലും എത്രയോ വലുതാണ്.........?!) 
 • അതിൽ അധികവും, മാറി മാറി വരുന്ന സർക്കാരുകളെ താങ്ങി നിർത്തുന്ന വമ്പൻമാരുടേതും..........! 
 • അവയും നമുക്ക് പൊളിച്ച് മാറ്റേണ്ടതല്ലേ......?
 • അതിന്, ആരെങ്കിലും പരാതിയുമായി കോടതിയിൽ വരേണ്ടതുണ്ടോ?
 • കോടതിയ്ക്ക് സ്വമേധയാ കേസ് എടുത്ത് ഉത്തരവിടാൻ ഒരു വകുപ്പുണ്ടല്ലോ?
 • അതെടുത്തങ്ങ് പെരുമാറാവുന്നതല്ലേ ഉള്ളൂ..........?

23 September 2019

Ameer Kandal :: പാർക്കർ പേന


മാർച്ച് മാസത്തെ വാർഷിക പരീക്ഷ കഴിഞ്ഞ് വേനലവധിക്ക് സ്കൂൾ അടക്കുന്നതിന്‍റെ തലേദിവസം നാല് സിയിലെ കുട്ടികളോടൊത്ത് കുറച്ച് നല്ലവർത്തമാനങ്ങളൊക്കെ പറഞ്ഞ് ഇന്‍റർവെൽ ബെല്ലിനൊപ്പം സ്റ്റാഫ് റൂമിലേക്ക് ഗമിച്ചു. കട്ടൻ ചായ നുണഞ്ഞ് സ്വല്പം തൊണ്ടക്കുഴി നനക്കാമെന്ന പൂതിയായിരുന്നു മനസ്സിൽ. സ്റ്റാഫ് റൂമിൽ സ്ഥിരമായിരിക്കുന്ന ജനാലക്കരികിലെ മൂലയിൽ കസേര വലിച്ചിട്ട് ചാരിയിരുന്നു .

'ടീച്ചറേ... എന്‍റെ കുട്ടികൾ എനിക്ക് തന്ന സമ്മാനം കണ്ടോ... ഹൊ.. കുട്ടികൾക്കൊക്കെ എന്തുവാ സ്നേഹം! സത്യത്തിൽ കണ്ണ് നിറഞ്ഞ് പോയി.. ടീച്ചറേ.."

ഇടക്കിടക്ക് അല്പസ്വല്പം പൊങ്ങച്ചം വിളമ്പുന്നതിൽ കലാനൈപുണിയുള്ള മനുജ ടീച്ചർ ഒരു കുന്ത്രാണ്ടവും താങ്ങി പിടിച്ച് സ്റ്റാഫ് റൂമിന്‍റെ വാതിൽ നിറഞ്ഞ് കടന്നുവന്നു. നാല് ബിയിലെ ക്ലാസ് ടീച്ചറാണ് മനുജ. വന്നയുടൻ ചതുര പെട്ടിയുടെ പുറത്ത് ഭംഗിയായി ഒട്ടിച്ചിരുന്ന തിളങ്ങുന്ന ചുവന്ന മിനുക്ക് പേപ്പർ പതിയെ ഇളക്കി മാറ്റി. പെട്ടിയുടെ കവർ പൊട്ടിച്ച് അതിനകത്തുണ്ടായിരുന്ന ഗിറ്റാറിന്‍റെ മോഡലിൽ പണിത ഒരു ക്ലോക്ക് എച്ച്.എമ്മിന്‍റെ മേശപ്പുറത്തെടുത്തു കിടത്തി.

വാഹ്!.. സംഭവം കിടുക്കി... ടീച്ചറേ... ആ പിഞ്ചു കുട്ടികൾക്ക് ഇങ്ങനെയൊരു മനസ്സ് ഉണ്ടായല്ലോ.. സമ്മതിക്കണം... കൺഗ്രാജുലേഷൻസ്.. ടീച്ചർ ...."

കസേരയിൽ ഉപവിഷ്ടയായിരുന്ന ഹെഡ്മിസ്ട്രസ് സുരേഖ ടീച്ചർ തന്‍റെ വട്ടക്കണ്ണടയൂരി മേശപ്പുറത്ത് വെച്ച് അഭിനന്ദനത്തിന്‍റെ പൂച്ചെണ്ടുകൾ വാരി വിതറി.

മനുജയുടെ ഉള്ളം ആത്മഹർഷത്താൽ നിറഞ്ഞു തുളുമ്പി.

'ടീച്ചറേ... എനിക്ക് കിട്ടിയ സമ്മാനം കണ്ടോ ... എന്‍റെ ക്ലാസിലെ കുട്ടികളെനിക്ക് കാഞ്ചീപുരം സാരിയാ വാങ്ങി കൊണ്ട് തന്നത് ...

നാല് എയിലെ മീര ടീച്ചറാണ് രംഗ പ്രവേശനം ചെയ്തിരിക്കുന്നത്. ഒരു വൻകിട ടെക്സ്റ്റയിൽസിന്‍റെ പേര് പ്രിന്‍റ് ചെയ്ത പ്ലാസ്റ്റിക് കൂടിൽ നിന്ന് മീര ടീച്ചർ മജന്തകളറിന്‍റെ പട്ട് സാരിയെടുത്ത് മേശപ്പുറത്ത് നിവർത്തിയിട്ടു.

അപ്പോഴേക്കും നാല് സിയിലെ സോഫിയ ടീച്ചറും എന്തോ താങ്ങി പിടിച്ചോണ്ട് സ്റ്റാഫ് റൂമിലേക്ക് മന്ദഹാസത്തോടെ കടന്നു വന്നു.

'ടീച്ചറേ... ഒക്കത്തിരിക്കണത് ടീച്ചറിന്‍റെ കുട്ടികളുടെ സമ്മാനമാണോ...?"
എച്ച് എമ്മിന്‍റെ ആകാംക്ഷ പുറത്ത് ചാടി.
         
 'ഹോ... പറയണ്ട ടീച്ചറേ.. പാവം കുട്ടികൾ... എല്ലാവരും ചേർന്ന് പൈസയൊക്കെ പിരിച്ച് വാങ്ങി കൊണ്ട് വന്നതാ...'
   
മാറോട് ചേർത്ത് താങ്ങി പിടിച്ചിരുന്ന സാമാനം കൂട് പൊട്ടിച്ച് മേശമേൽ കുടിയിരുത്തി. സ്ഫടിക ഗ്ലാസിലെ ചതുര പെട്ടിക്കകത്ത് മിനുങ്ങികത്തണ താജ് മഹൽ

 'ഒത്തിരി പൈസയായി കാണുമല്ലോ.. ഇതിന് ...'
എച്ച്.എം ആരോടൊന്നില്ലാതെ പിറുപിറുത്തു.
 
മാർച്ച് വേർപിരിയലിന്‍റെ മാസം കൂടിയാണല്ലോ. പ്രത്യേകിച്ച് എൽ.പി.സ്കൂളായതിനാൽ നാലാം ക്ലാസിലെ കുട്ടികൾ തുടർ പഠനത്തിന് തൊട്ടടുത്ത യു.പി.സ്കൂളുകളിലേക്ക് ടി.സി. വാങ്ങി പോകും. സ്കൂളിൽ നിന്ന് പിരിഞ്ഞ് പോകുന്ന നാലിലെ കുട്ടികളാണ് സമ്മാനപ്പൊതികളുമായി ഇപ്പോൾ ടീച്ചർമാരെ പുളകം കൊള്ളിച്ചിരിക്കുന്നത്.

നേരത്തെയൊന്നും ഇങ്ങനെയൊരു കീഴ് വഴക്കം ഉണ്ടായിരുന്നില്ല.  ചെറുപ്പക്കാരികളായ പുതിയ ടീച്ചർമാർ വന്നതിന് ശേഷമുള്ള പരിഷ്ക്കാരങ്ങളായിരിക്കും. ഒരു പക്ഷേ ഇവിടെ നിന്ന് രക്ഷപെട്ട് പുതിയ സ്കൂളുകളിലേക്ക് പോകുന്നതിന്‍റെ കുട്ടികളുടെ സന്തോഷ പ്രകടനവുമായിരിക്കാം.

എന്തായാലും തന്‍റെ ക്ലാസിലെ കുട്ടികൾക്കൊന്നും ഇങ്ങനെയൊന്നും തോന്നിയില്ലല്ലോ ... തന്‍റെ കുട്ടികൾക്കിതെന്ത് പറ്റിയെന്ന് ഉത്ക്കണ്ഠപ്പെട്ട് അണ്ടി കളഞ്ഞ അണ്ണാനെ പോലെ ഞാനങ്ങനെയിരിക്കുകയായിരുന്നു.

'മാഷേ... നാല് സി യിലെ കുട്ടികൾ സാറിനൊന്നും വാങ്ങി തന്നില്ലേ.... കുട്ടികൾക്കൊന്നും മാഷിനോട് ഒരു സ്നേഹവുമില്ലേ..."
 
കൂരമ്പു പോലെ എച്ച്.എമ്മിന്‍റെ പരിഹാസത്തിൽ പൊതിഞ്ഞ ചോദ്യ ശരങ്ങൾ ഇടനെഞ്ചിലേക്ക് പാഞ്ഞടുത്തു.

പെട്ടെന്നാണ് പോക്കറ്റിലിരിക്കുന്ന പാർക്കർ പേനയെക്കുറിച്ചുള്ള ഓർമ്മ ഹാലജൻ ലൈറ്റ് പോലെ കത്തിയത്.
   
ടീച്ചർമാരേ.. എനിക്കും കിട്ടി അടിപൊളി സമ്മാനം .. എന്‍റെ  മക്കളേ എനിക്ക് പത്തഞ്ഞൂറ് രൂപ വിലയുള്ള പാർക്കർ പേനയാ സമ്മാനമായി നൽകിയത് ..
   
ഝടിതിയിൽ പോക്കറ്റിൽ നിന്ന് വെള്ളി നിറത്തിലുള്ള പാർക്കർ പേനയെടുത്ത് ഗമയോടെ എല്ലാവരും കാണത്തക്ക രൂപത്തിൽ പൊക്കിപ്പിടിച്ചു.
         
സത്യത്തിൽ ക്ലാസിലെ ഇച്ചിരി പഠിപ്പിസ്റ്റായ സന മറിയത്തിന്‍റെ പേനയായിരുന്നു അത്. ഓളുടെ വാപ്പച്ചി ഗൾഫിൽ നിന്ന് വന്നപ്പോൾ കൊണ്ട് കൊടുത്തതാണ്. രാവിലെ ക്ലാസിലായിരുന്നപ്പോൾ അവളുടെ കൈയിലിരുന്ന പേനയുടെ ചന്തം കണ്ട് കൗതുകത്തിൽ ഒന്നു വാങ്ങി എഴുതി നോക്കിയതാണ് .തിരികെ കൊടുക്കാൻ മറന്നു പോയി.പേനയാകട്ടെ എന്‍റെ പോക്കറ്റിലുമായി.
   
സ്റ്റാഫ് റൂമിൽ സ്വല്പനേരത്തേക്ക് നിശബ്ദത കോരിയിട്ട് ലലജാമണികളുടെ ശ്രദ്ധ മുഴുവനും എന്‍റെ കൈയിൽ തലയുയർത്തി നിൽക്കുന്ന മിനുത്ത പാർക്കർ പേനയിലേക്ക് ഊളിയിട്ടു.കൺമഷിയെഴുതിയതും സുറുമയിട്ടതുമായ നയനങ്ങളിൽ പൊൻതരിവെട്ടം നിമിഷനേരത്തേക്ക് മിന്നി മറഞ്ഞു.
     
അപ്പോഴേക്കും നാല് സിയിലെ സന മറിയവും കൂട്ടരും കലപില കൂട്ടി വാതിൽപ്പടിയിൽ ഹാജരായിട്ടുണ്ടായിരുന്നു. സന മുന്നോട്ടാഞ്ഞ് തെല്ല് കൊഞ്ചലോടെ മൊഞ്ചോടെ മൊഴിഞ്ഞു

"സാറേ ....പേന... എന്‍റെ പേന സാറ് നോക്കാൻ വാങ്ങിയിട്ട് തരാൻ മറന്നു പോയി. .. എന്‍റെ പേന തരുവോ ... സാറേ ...'
   
കാറ്റ് പോയ ബലൂൺ കണക്കെ ഞാൻ കസേരയിലേക്ക് അമർന്നു. കർട്ടൺ താഴും മുമ്പ് ഉടുമുണ്ട് അഴിഞ്ഞ് പോയ നായകനടന്‍റെ പരുവത്തിലായിരുന്നു ഞാനപ്പോൾ. പിന്നെ ആർക്കും മുഖം കൊടുക്കാതെ പയ്യെ എഴുന്നേറ്റ് പുറത്തേക്ക് പാഞ്ഞു.

22 September 2019

K V Rajasekharan :: ഹൗദി മോദി! ഭാരതം മോടിയിൽ!സെപ്റ്റംബർ 22 നു അമേരിക്കയിലെ ഹൂസ്റ്റണിൽ ഭാരതീയ പ്രവാസി സമൂഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവ് ആഘോഷിക്കയാണ്.  അവിടെ നേരിട്ടും അല്ലാതെയും പങ്കെടുത്ത് ലോകമെങ്ങും ഭാരതീയർ ആനന്ദത്തിലാറാടുന്നതിന് തയ്യാറാകുമ്പോൾ അമേരിക്കൻ രാഷ്ട്രീയത്തിന്‍റെ രണ്ടു പക്ഷവും അവിടെ ഭാരതത്തോടു ചേരുകയാണ്.  റിപ്പബ്ളിക്കൻ പക്ഷക്കാരനായ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അവിടെ എത്തും. ഡെമോക്രറ്റുകളുടെ നേതൃനിരയിലെ രണ്ടാമനായ അമേരിക്കൻ കോൺഗ്രസ്സിലെ പ്രമുഖ സാമാജികൻ സ്റ്റെനി ഹോയറും അവിടെ നേരിട്ട് എത്തും. ഡെമോക്രാറ്റിക് പക്ഷത്തുനിന്നും അടുത്ത പ്രസിഡൻറ് പദത്തിലേക്കുള്ള സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ട്  പ്രചരണം തുടങ്ങിക്കഴിഞ്ഞ തുളസി ഗബ്ബാർഡ് മുൻനിശ്ചയിക്കപ്പെട്ട ചടങ്ങുകൾ കാരണം നേരിട്ടു പങ്കെടുക്കാനാകില്ലെങ്കിലും മോദിയെ സ്വാഗതം ചെയ്യുകയും പരിപാടികൾക്ക് ആശംസകൾ അറിയിക്കയും ചെയ്തു.

അമ്പതിനായിരത്തിലധികം പേർ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്ത പരിപാടിയിൽ അമേരിക്കൻ ജനാധിപത്യ ഭരണകൂട സംവിധാനത്തിന്‍റെ വിവിധ തലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനനേതാക്കളായ കോൺഗ്രസ്സ് അംഗങ്ങൾ, സെനറ്റംഗങ്ങൾ, ന്യായാധിപന്മാർ, വ്യവസായ പ്രമുഖർ, തുടങ്ങിയവരുടെ വലിയ ഒരു സാന്നിദ്ധ്യം ഉണ്ടാകുമെന്നതിനും  വാർത്താ സൂചനകൾ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു.

അമേരിക്കൻ രാഷ്ട്രീയത്തിൽ രണ്ടു വ്യത്യസ്ഥ ധ്രുവങ്ങളിൽനിന്ന് ജനാധിപത്യപോരാട്ടം നടത്തുമ്പോഴും ഭാരതത്തോട് ആരോഗ്യകരമായ ഒരു ബന്ധം ഉണ്ടാകൂന്നത് അമേരിക്കയുടെ ആഗോളതാത്പര്യങ്ങൾക്ക് അനിവാര്യമാണെന്നത് അവർക്ക് പൊതുവെ ബോദ്ധ്യപ്പെട്ടുവെന്നതാണ് അതിൽ നിന്ന് വായിച്ചെടുക്കേണ്ടത്.  ഏഷ്യാ പസിഫിക് മേഖലയിൽ രണ്ടു നിർണ്ണായക ജനാധിപത്യ ശക്തികളെന്ന നിലയിൽ ഭാരതവും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും ഒന്നിച്ചു നിൽക്കുന്നതാകണം ഗുണകരമെന്ന കാര്യത്തിൽ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള റിപ്പബ്ളിക്കൻ-ഡെമോക്രാറ്റിക് പൊതുധാരണ (ബൈപാർട്ടിസൻ കോൺസെൻസസ്) ആണ് അവിടെ വെളിപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യരാഷ്ട്രമായ അമേരിക്കയും ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജനാധിപത്യ രാഷ്ട്രമായ ഭാരതവും ഒന്നിച്ചു നിൽക്കുന്നത് ലോകത്തിനാകെ ഗുണം ചെയ്യുമെന്നതിൽ സംശയത്തിനു കാര്യവുമില്ല. 
 • കാലാവസ്ഥാവ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ നേരിടുവാനും
 • ആണവയുദ്ധങ്ങൾക്കുള്ള സാദ്ധ്യതകൾക്കറുതി വരുത്തുവാനും 
 • ആണവ ആയുധക്കോപ്പുകളുടെ എണ്ണം കുറച്ചുകൊണ്ടുവന്ന് ലോകസമാധാനത്തിന് വഴി ഒരുക്കുവാനും 
 • ആഗോള വളർച്ച, സാമ്പത്തിക വികസന സാദ്ധ്യത, ശാസ്ത്ര സാങ്കേതിക മേഖലകളുടെ വളർച്ച, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പാക്കുവാനും 
 • ഭീകരവാദത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുവാനും 
രണ്ടു രാജ്യങ്ങൾക്ക് ഒന്നിച്ചു നിന്നാൽ വളരെയേറെ മുന്നോട്ടു പോകുവാൻ കഴിയുമെന്ന കാര്യത്തിൽ അമേരിക്കൻ രാഷ്ട്രീയരംഗത്ത് പൊതു ബോദ്ധ്യം ഉണ്ടായിക്കഴിഞ്ഞു.

ഇനി ഒരു പക്ഷെ മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ലോകഹിതത്തിലല്ല, അമേരിക്കൻ താത്പര്ത്തിലാണവരുടെ കണ്ണ് എന്ന വാദത്തിന്‍റെ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ പോലും സ്വന്തം കക്ഷിതാത്പര്യങ്ങൾ മാറ്റിവെച്ച് അവരുടെ രാഷ്ട്രത്തിന്‍റെ ഹിതം ഭാരതത്തോട് ഊഷ്മള ബന്ധം ഉണ്ടാകുന്നതിലാണെന്ന് തിരിച്ചറിഞ്ഞ്, ഇൻഡ്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അവിടെയെത്തുമ്പോൾ അവർ ഒന്നിച്ച് സ്വീകരിക്കാൻ അണി നിരക്കുന്നത് ഉദാത്തമായ ജനാധിപത്യ രീതിയെയല്ലേ പ്രകടമാക്കുന്നത്.
പക്വതയെത്തിയ ആ ജനാധിപത്യ സമീപനം സ്വന്തമാക്കുന്നതിന്  ഇനി എത്ര കാലം കാത്തിരിക്കണമെന്നതാണ് ഭാരതീയ ജനാധിപത്യം നേരിടുന്ന പ്രശ്നം. 
രാഷ്ട്രത്തിന്‍റെ പൊതുലക്ഷ്യങ്ങളോടും പൊതു താത്പര്യങ്ങളോടും പ്രതിബദ്ധതയുള്ളരാണ് വിവിധ പാർട്ടികളെ നയിക്കുന്നവരെങ്കിൽ അങ്ങനെയുള്ള സകാരാത്മക സമീപനം പ്രതീക്ഷിക്കാം. അതല്ലാ, ഭാരതവും അമേരിക്കയും സഹകരണം വർദ്ധിച്ചാൽ പാക്കിസ്ഥാനേയും ചൈനയെയും അതെങ്ങനെ ബാധിക്കുമെന്നതിന് പ്രാധാന്യം കൊടുക്കുന്നവരാണ് ഏതെങ്കിലും പാർട്ടിയെ നയിക്കുന്നവരെങ്കിൽ  അവരിൽ നിന്ന് സകാരാത്മക സമീപനം ഉണ്ടാകില്ലെന്നതുറപ്പാണ്.

പ്രധാനമന്ത്രിയെന്ന നിലയിൽ ഇക്കാര്യത്തിൽ നരേന്ദ്രമോദിയെന്ന രാഷ്ട്രീയ നേതാവിന് ലഭിക്കാനിടയുള്ള രാഷ്ട്രത്തിനുള്ളിലെ സ്വീകാര്യതയിലെ വർദ്ധനവിനെ ഭയക്കുന്നവരിൽ നിന്നും ഉണ്ടാകുന്ന സമീപനവും പക്വതയുള്ളതാകാനിടയില്ല.

അവിടെയാണ് ഗാന്ധി-വധേര കോൺഗ്രസ്സിന്‍റെ തലപ്പത്തിരിക്കുന്ന രാഹുലും പ്രിയങ്കയും ഈ സന്ദർഭത്തിൽ വില കുറഞ്ഞ പരാമർശങ്ങളുമായി പൊതുസമൂഹത്തിനു മുമ്പിൽ പരിഹാസ്യരാകും  വിധം ഒരുങ്ങിയിറങ്ങിയത്. ഇക്കാര്യത്തിലേതായാലും ഡോ ശശി തരൂർ നടത്തിയ പ്രതികരണം അവരെ നേർവഴി കാട്ടിയാൽ മതിയായിരുന്നു. 'ഇൻഡ്യയുടെ പ്രധാനമന്ത്രിയായിട്ടാണ് നരേന്ദ്ര മോദി പോകുന്നതെന്നും 'എന്‍റെ' രാജ്യത്തിന്‍റെ പതാകയേന്തിയാണ് മോദി പോകുന്നതെന്നും 'എന്‍റെ' രാജ്യത്തിന്‍റെ പ്രധാനമന്ത്രിക്ക് അർഹിക്കുന്ന അംഗീകാരവും സ്വീകരണവും ലഭിക്കണമെന്നും തരൂർ പറഞ്ഞപ്പോൾ ഇതിലും കക്ഷിരാഷ്ട്രീയ താത്പര്യം നോക്കി അഭിപ്രായം പറയുന്നവരെ തിരുത്തുവാനായിരിക്കും ശ്രമിച്ചതെന്നത് പ്രതീക്ഷയ്ക്ക് വഴി നൽകുന്നു.

തൊട്ടു പിന്നാലെ തന്നെ ബാലക്കോട്ട് സൈനികനടപടിയുടെ കാര്യത്തിൽ തെളിവു ചോദിച്ചുകൊണ്ട് തരൂർ തന്നെ ഇംമ്രാൻ ഖാനെ ഐക്യരാഷ്ട്ര പൊതു സഭയിൽ പ്രസംഗിക്കുവാൻ പോകുമ്പോൾ സഹായിക്കാനിറങ്ങുന്നതു കാണുവാനുള്ള ഗതികേട് ഭാരതത്തിന്‍റെ ദൗർഭാഗ്യമായി നിലനിൽക്കുന്നൂ എന്നത് മറ്റൊരു കാര്യം! ഏതായാലും രാഹുലിനെയും പ്രിയങ്കയിലും തിരുത്താൻ തരൂർ നടത്തിയ ശ്രമം അവഗണിക്കുവാനാകില്ല.

ലോകത്തിനു മുമ്പിൽ ഭാരതം അർഹിക്കുന്ന അംഗീകാരം നേടുന്ന കാര്യത്തിൽ വളരെയേറെ മുന്നോട്ടു പോകുന്ന ഒരുഘട്ടത്തിലൂടെയാണ് വർത്തമാന കാലഘട്ടം കടന്നു പോകുന്നത്. രാജ്യത്തിനുള്ളിലുള്ള തർക്കങ്ങൾക്ക് തടയിടണമെന്നാരും പറയില്ല. പക്ഷേ അതിർത്തിക്കപ്പുറം നാം ഒരു രാജ്യമായി ഒരു ജനതയായി വേണം പ്രത്യക്ഷപ്പെടുന്നത്.  അന്തരാഷ്ട്ര വേദികളിൽ പ്രധാനമന്ത്രിയോ ഭാരതത്തെ പ്രതിനിധീകരിച്ച് ഉത്തരവാദിത്തപ്പെട്ട മറ്റുള്ളവരോ എത്തുമ്പോൾ രാജ്യത്തിനുള്ളിൽ നിന്ന് വിമതശബ്ദം ഉയർത്തി കളം തകർക്കരുത്. 

ഈ യാത്രയിൽ തന്നെ ഇരുപത്തിയൊന്നാം തീയതി പ്രധാനമന്ത്രി ഐക്യരാഷ്ട്ര സഭ സസംഘടിപ്പിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള കർമ്മ പദ്ധതി സംബന്ധിച്ചുള്ള ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കും. ഐക്യരാഷ്ട്ര സഭാ ജനറൽ സെക്രട്ടറി അന്‍റോണിയോ ഗട്ട്റസ്സ് ആതിഥേയത്വം വഹിക്കുന്ന ആ സമ്മേളനത്തിന്‍റെ ലക്ഷ്യം പാരീസ് അജണ്ടയുടെ നിർവ്വഹണത്തിന്‍റെ ഗതിവേഗം കൂട്ടുകയാണ്.  അക്കാര്യത്തിൽ ഡൊണാൾഡ് ട്രംപിൽ നിന്ന് വ്യത്യസ്ഥമായ നിലപാടെടുത്ത് ശ്രദ്ധേയനായ നരേന്ദ്രമോദിയുടെ സ്വീകാര്യത ലോകത്തു വർദ്ധിക്കുന്നതിൽ ഭാരതം അഭിമാനിക്കണം.

തൊട്ടടുത്ത ദിവസം ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് എക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന്‍റെ ചേംബറിൽ മഹാത്മജിയുടെ നൂറ്റമ്പതാം ജന്മദിനാഘോഷമാണ്.  ആധുനിക ലോകത്ത് ഗാന്ധിജിയുടെ പ്രസക്തിയാണവിടെ ചർച്ച ചെയ്യപ്പെടുക. അതിലൂടെ പുതിയലോക ക്രമത്തിന് രൂപം നൽകുമ്പോൾ ഭാരതീയ വീക്ഷണത്തിന്‍റെ ദർശന തലത്തിലേക്ക് മാനവസമൂഹത്തെയാകെ ഉയർത്തുവാനുള്ള ഉദ്യമത്തിനാണ് മോദി ഭരണകൂടം ഭാരതത്തിന്‍റെ ആഗോള സ്വാധീനത്തെ ഉപയോഗിക്കുന്നത്.    അക്കാര്യത്തിലെ കക്ഷി രാഷ്ട്രീയ താത്പര്യങ്ങൾക്ക് പുറത്തിറങ്ങി പ്രധാനമന്ത്രിയുഉടെ കരങ്ങൾക്ക് ശക്തി നൽകുകയല്ലേ ഓരോ ഭാരതീയത്തിന്‍റെയും ചുമതല?

അതിനടുത്ത ദിവസം ബിൽ ആൻഡ് മെലിൻഡാ ഗേറ്റ്സ് ഫൗണ്ടേഷൻ പ്രധാനമന്ത്രിക്ക് 2019 ലെ ഗ്ലോബൽ ഗോൾ കീപ്പർ അവാര്‍ഡ് നൽകുകയാണ്.
പാരിസ്ഥിതികവും ശുചിത്വസംബന്ധവുമായുള്ള പ്രശ്നങ്ങളെ നേരിടുന്നതിന് ലോകത്തിന് വഴികാട്ടിയാകുന്ന തലത്തിലേക്ക് ഇൻഡ്യൻ പ്രധാനമന്ത്രി ഉയരുന്നത് ഭാരതം ഒന്നായി നിന്ന് അഭിമാനിക്കുവാനുള്ള അവസരമല്ലേ?
പ്രധാനമന്ത്രി ഐക്യരാഷ്ട്ര സംഘടനയുടെ പൊതു സഭയിലാണെങ്കിൽ രണ്ടു ദൗത്യമാണ് നിർവ്വഹിക്കുവാൻ പോകുന്നത്.
 1. പുതുലോകസൃഷ്ടിയിൽ ഭാരതത്തിന്‍റെ വീക്ഷണം സ്പഷ്ടമാക്കണം. 
 2. ഭാരതവിരുദ്ധ ശ്രമങ്ങളുമായി നിരന്തരം അവിടെയെത്തുന്ന പാക്കിസ്ഥാനെ നിലയ്ക്കു നിർത്തണം. 
പ്രധാനമന്ത്രിക്ക് അതിനു വേണ്ട പ്രാഗത്ഭ്യമുണ്ട്, പ്രഭാവവുമുണ്ട്.  പക്ഷേ ചെയ്തു തീർക്കുവാനുള്ളത് വലിയ ഒരു ദൗത്യമാണ്.

വലിയ ദൗത്യങ്ങൾ എങ്ങനെ നിർവ്വഹിക്കണമെന്ന് പ്രധാനമന്ത്രി ചന്ദ്രയാൻ ദൗത്യ സന്ദർഭത്തിൽ സംവദിച്ച വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുത്തു.
 • വലിയ ദൗത്യത്തെ ചെറിയ ചെറിയ ഘടകങ്ങളായി തിരിച്ച് ഓരോരുത്തർക്കും കഴിവനുസരിച്ച് ഏൽപ്പിക്കണം. 
 • ഓരോരുത്തരും അവരവരെ ഏൽപ്പിച്ച ജോലി ചെയ്തു തീർക്കുമ്പോൾ ഉണ്ടാകുന്ന നേട്ടങ്ങൾ കൂട്ടിയോജിപ്പിച്ചു പോകണം.  
 • കോട്ടങ്ങളെ അവഗണിച്ചു കൊള്ളുക. 
 • ചെറിയ നേട്ടങ്ങൾ കൂട്ടിയോജിപ്പിക്കുമ്പോൾ വലിയ നേട്ടങ്ങൾ വഴിയെ പ്രകടമാകും. 
 • ദേശീയതലത്തിലും അന്തർദേശീയതലത്തിലും പുതിയ ഉയരങ്ങളിലേക്ക് ഓടിക്കയറുവാനുള്ള ഭാരതത്തിന്‍റെ ലക്ഷ്യവും ഇതേ വഴിയിലൂടെ തന്നെ സാദ്ധ്യമാകും.  
അങ്ങനെ നേടുവാൻ ലോകത്തിനു മുമ്പിൽ ഒന്നിച്ച് നിൽക്കുന്നതാണ് ഉചിതം. അതിനുള്ള പക്വത ഇനിയും കൈവന്നിട്ടില്ലാത്തവർക്ക് ഇനിയാണെങ്കിലും തിരുത്താം. അതല്ലാ വേറിട്ട് നിന്ന് വേല ഇറക്കാനാണെങ്കിൽ വേല വേലായുധനോട് വേണ്ട.
ഒന്നിച്ചു വന്നാൽ അവരെയും കൂട്ടി.  വേറിട്ടു പോയാൽ അവരില്ലാതെയും. ലക്ഷ്യം നേടും, തർക്കം വേണ്ട.


Balamurali :: അമൃതകീർത്തി പുരസ്ക്കാരം പ്രൊഫ വട്ടപ്പറമ്പിൽ ഗോപിനാഥപിള്ളയ്ക്ക്
ഈ വർഷത്തെ അമൃതകീർത്തി പുരസ്ക്കാരം (123456 രൂപയും ശില്പവും) അമൃതപുരിയിൽ സെപ്റ്റം: 27 ന്  പ്രതിരോധമന്ത്രി രാജ്നാഥ്സിംഗിൽ നിന്നും ഏറ്റുവാങ്ങുന്ന ഗുരുശ്രേഷ്ഠൻ പ്രൊഫ: വട്ടപ്പറമ്പിൽ ഗോപിനാഥപിള്ളയെ അദ്ദേഹത്തിന്‍റെ വസതിയിൽ എത്തി ആദരിച്ചു.
Anakha S M :: Awards


നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന കഥാരചനാ മത്സരത്തിൽ യുപി വിഭാഗം ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിന് അർഹയായ കഥാകാരി അനഘ എസ് എം. പിരപ്പൻകോട് ഗവൺമെൻറ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. മലയാള മാസികയിലെ ഒരു എഴുത്തുകാരി കൂടിയാണ് അനഘ.  ഈ സമ്മാനം കൂടാതെ കഥാപാത്ര നിരൂപണത്തിനും  മൂന്നാം സ്ഥാനത്തിന് അർഹയായി.
അനഘയ്ക്ക് മലയാള മാസികയുടെ അഭിനന്ദനങ്ങൾ.


Harikumar Elayidam :: പല്ലശ്ശനയിലെ അവിട്ടത്തല്ല്


കേരളത്തില്‍ ഓണാഘോഷങ്ങളുടെ ഭാഗമായി നടന്നു വരുന്ന കായിക വിനോദമാണ് ഓണത്തല്ല്.  കയ്യാങ്കളി, തല്ല്, ഓണപ്പട എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. കേരളത്തിന്‍റെ ആയോധന പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന ചടങ്ങാണിതിന്. 

പാലക്കാട് ജില്ലയിലെ കൊല്ലങ്കോടിനടുത്തുള്ള പ്രസിദ്ധമായ ഒരു ഗ്രാമമാണ് പല്ലശ്ശന. യുദ്ധസ്മൃതികളെ അനുസ്മരിപ്പിക്കുന്ന ഒരു നാടൻ കലാരൂപം കൊണ്ട് ഇവിടം പ്രസിദ്ധമാണ്. 'അവിട്ടത്തല്ല്' എന്ന പ്രത്യേകതകള്‍ നിറഞ്ഞ ഒരു നാടന്‍ കലാവിനോദത്തിന്‍റെ ഈറ്റില്ലമാണിവിടം. പ്രമുഖ സാഹിത്യ ചരിത്രകാരനായ പി ഗോവിന്ദപ്പിള്ള കൊല്ലവർഷാരംഭത്തിനും  മുമ്പ് പഴക്കമുളളതാണ് ഈ കലാരൂപത്തിനെന്ന്  മലയാളഭാഷാ ചരിത്രം എന്ന കൃതിയില്‍ അഭിപ്രായപ്പെടുന്നു.

പാലക്കാട് ജില്ലയിൽ നടന്നുവരുന്ന കണ്യാർകളി ആഘോഷത്തിൽ പ്രധാന കേന്ദ്രങ്ങൾ നടുവട്ടം പ്രദേശത്താണ്. അതിലൊന്നാണ് ചിറ്റൂർ താലൂക്കില്‍പ്പെട്ട പല്ലശ്ശന എന്ന ഗ്രാമം. ആദിമനിവാസികൾ ആഹാരസമ്പാദനത്തിനും സ്വന്തം നിലനിൽപ്പിനും വേണ്ടി നടത്തിയ ജീവിത സമരത്തിന്‍റെ ചുട്ടുപഴുത്ത അനുഭവങ്ങളിൽ നിന്നാകണം കണ്യാര്‍കളി എന്ന കലാരൂപം ഉരുവം കൊണ്ടിരിക്കുക. കാലക്രമത്തിൽ ഉണ്ടായ ഗോത്ര മത്സരങ്ങളും കുടിപ്പകകളും അങ്കം വെട്ടലും കൊങ്ങൻപട പോലെ പുറമേ നിന്നുള്ള ശത്രുക്കളുടെ ആക്രമണങ്ങളും കണ്യാർകളിക്ക് പശ്ചാത്തലമേകിയെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.

കണ്യാർകളിയിലെ ഒരു പ്രധാന ഇനമാണ് അവിടെത്തല്ലെന്ന ആഘോഷം.

ഓണത്തിനടുത്ത നാളായ അവിട്ടം ദിനത്തിൽ ആഘോഷിക്കുന്നത് കൊണ്ടാവണം ഈ ആഘോഷത്തിന് 'അവിട്ടത്തല്ല്' എന്ന പേരുണ്ടായത്. പല്ലശ്ശനയിലെ ഇടപ്രഭുവായിരുന്ന കുറൂര്‍ നമ്പിടിയെ കുതിരവട്ടത്ത് നായർ ചതിച്ചു കൊന്നത്രേ! അതിനെച്ചൊല്ലി പല്ലശ്ശന ദേശത്ത് ദീർഘകാലം യുദ്ധം നടന്നുവത്രേ. പതിയാട്ടില്‍ പതിയാരും നാഞ്ചത്തെ മന്നാടിയാരുമാണത്രേ അവിട്ടത്തല്ലിനു നേതൃത്വം നൽകിയിരുന്നത്.

ഒരങ്കത്തിനുള്ള പുറപ്പാടെന്ന വണ്ണമാണ് ചടങ്ങുകളുടെ ആരംഭം. കച്ചകെട്ടി, വാളും പരിചയുമെടുത്തു കിഴക്കേ മുറിയിൽ നിന്ന്  പടയോട്ടം പുറപ്പെടുന്നു. വേട്ടക്കൊരുമകൻ കാവിന്‍റെ പിൻഭാഗത്ത് സമ്മേളനം. പിന്നീട് ഇവിടം കേന്ദ്രീകരിച്ച് 'പടവിളി' മുഴക്കുന്നു.

അപ്പോഴേക്കും കാവിലെ ശാന്തിക്കാരൻ എത്തി പടയാളികളുടെ ശിരസ്സിൽ പനിനീർ തളിച്ച് അനുഗ്രഹിക്കുന്നു. ശേഷം ഓരോ പടത്തലവന്മാരുടെ കീഴിൽ പടയാളിസംഘം രണ്ട് ചേരിയായി തിരിയുന്നു. അതോടെ തമ്മില്‍ ഏറ്റുമുട്ടി തല്ലു തുടങ്ങുന്നു.

ഈ സമയം വടക്കേത്തറക്കാരുടെ വരവായി. എല്ലാ സംഘങ്ങളും ഒത്തുചേര്‍ന്ന്, ഒടുവിൽ കലാശക്കൊട്ട് കൊട്ടുന്നു. കുഞ്ഞുങ്ങളെ കാവിൽ കൊണ്ടുവന്നത് 'തല്ലിക്കുക' എന്നത് വഴിപാടായി നടത്താൻ അമ്മമാർ ശ്രദ്ധിക്കുന്നുണ്ട്.

21 September 2019

Aswathy P S :: Art Gallery :: Krishnaleela


KrishnaleelaRuksana Kakkodi :: മനക്കുടിൽ


അകന്നുപോം പ്രഭാതമേ -
വിസ്മരിക്കയോയെന്നെ നീ ,
ഇരുൾ പരക്കുന്നിതെങ്ങുമേ-
കൂരിരുളിലോ ഞാൻ തനിച്ചുമായ്.

കറുത്ത പക്ഷിപ്പാട്ടിനാൽ -
എൻ ശ്രവണവുമടഞ്ഞു പോയ്,
ജ്വലിച്ചിടും തിരിനാളവും
മനക്കുടിലിലണഞ്ഞുപോയ് .

കടുത്ത ചിന്തകളാലെ ഞാൻ -
കടലിലെയോളമായ് ,
തണുത്ത തൂമഞ്ഞായ് നീ
എന്നരികിലായണഞ്ഞാലും.


Raju.Kanhirangad :: കവിത :: അതിനാൽകടത്തിണ്ണയിലാണ്
കിടപ്പ്
ഉറങ്ങാനല്ല
ഉരുകി തീരാൻ

കടിച്ചെടുത്തേക്കാം
കിളുന്തു മക്കളെ
കൂരിരുട്ട്

കൃഷിയിൽ
കായ്ച്ച് നിന്നതൊക്കെ
കടമായിരുന്നു

കടം വിളഞ്ഞ്
കുടിലുപോയപ്പോൾ
കാഴ്ചവെയ്ക്കാൻ
കഴിയില്ലായിരുന്നു
കുഞ്ഞു മക്കളെ

കടത്തിണ്ണയിലാണ്
കിടപ്പ്
കൊതി കൊണ്ടല്ല
കുരുന്നു ജീവനുകളെ
കുരുതി കൊടുക്കാൻ
കഴിയാത്തതിനാൽ


Harikumar Elayidam :: ആദിമഹസ്സിന്‍ നേരാം വഴി കാട്ടും ഗുരു'ബുദ്ധന്‍റെ കാലത്ത് ഹിംസ കലശലായിരുന്നു. അതിനാൽ അഹിംസാ ധർമ്മത്തിന് മുഖ്യത കല്പിച്ചു. നബിയുടെ കാലത്ത് അറേബ്യയിൽ സാഹോദര്യത്തിന് മുഖ്യത കൽപ്പിക്കേണ്ടത് ആവശ്യമായിരുന്നിരിക്കാം.  അതിനാൽ അദ്ദേഹത്തിന്‍റെ മതത്തില്‍ സാഹോദര്യത്തിന് മുഖ്യത കാണുന്നു. ഇന്ന് ഇന്ത്യയുടെ ആവശ്യം എന്താണ്? ജാതികൾ തമ്മിലും മതങ്ങൾ തമ്മിലുമുള്ള മത്സരത്തിൽ നിന്നു മോചനം' 

എന്ന ഗുരുദേവ വാക്യങ്ങൾ, ഒരു വലിയ ചരിത്ര ദൗത്യം നിർവഹിക്കുകയാണ് തന്‍റെ ജീവിതലക്ഷ്യമെന്ന് വ്യക്തമാക്കുന്നുണ്ട്.

ജാതിയും തജ്ജന്യങ്ങളായ അനീതികളും അസമത്വങ്ങളുമായിരുന്നു ഗുരുവിന്‍റെ കാലത്തെ നരകതുല്യമാക്കിയത്. രാഷ്ട്രത്തിന്‍റെ പാരമ്പര്യ സംസ്കൃതിയുടെ ജ്ഞാനശേഖരത്തിന്‍റെ ഈടുവെയ്പുകളില്‍ നിന്നാണ്,  ജാതിരാക്ഷസനെ നേരിടാന്‍ അദ്ദേഹം ആയുധങ്ങള്‍ കണ്ടെടുക്കുന്നത്.
അറിവാണ് അതിനായി ഗുരു കണ്ടെത്തുന്ന മൂര്‍ച്ചയേറിയ ആയുധം
 • ഈശ്വരനെക്കുറിച്ചുള്ള അറിവിന്‍റെ പരിണാമത്തിൽ ഭാരതീയ  തത്ത്വചിന്തകന്മാർ ഉറച്ച് വിശ്വസിച്ചിരുന്നു. 
 • വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളും ഭഗവത്ഗീതയും ചര്‍ച്ചചെയ്ത അറിവിന്‍റെ പരിണാമങ്ങളെ പറ്റിയാണ് ഗുരുദേവൻ ആലോചിച്ചത്. 
 • ആ ആലോചനകളിലൂടെ ഗുരുവിന് ബോധ്യമായ അറിവിന്‍റെ അനുഭവങ്ങളാണ്, ദൈവശാസ്ത്രത്തിലെ പുതിയ അനുഭൂതിയും ദർശനവും ആക്കി അദ്ദേഹം ലോകത്തിന് പകർന്നു നൽകിയത്. 
 • അത് തത്ത്വശാസ്ത്രത്തിന്‍റെ വളർച്ചയുടെ ആധുനിക ദശാസന്ധിയിലെ പരിണാമപ്രക്രിയയുടെ യാഥാർത്ഥ്യമാണ്.
പ്രാചീന ദക്ഷിണേന്ത്യൻ ഭാവഗീതങ്ങളിൽ അന്തർലീനമായി കിടന്ന ആസ്തിക്യ വാദത്തെ അതിസമർത്ഥമായി ഗുരു തന്‍റെ ദർശനത്തോട് ചേർത്തുവച്ചു.
'ഈശ്വരന് മരണമോ അന്ത്യമോ ഇല്ല. എല്ലാ വസ്തുക്കളും നിലനിൽക്കുന്നത് ഈശ്വരനിലാണ്. ഈശ്വരനല്ലാതെ മറ്റൊരു ദേവനും ഇല്ല'. 
അതിപുരാതനമായ തമിഴ് ഭാവഗീതങ്ങൾ ഗോവർ ഇങ്ങനെയാണ് പരിഭാഷപ്പെടുത്തിയത്. വൈഷ്ണവരുടെ വേദം എന്നാണ് ആൾവാർ കവികളുടെ കൃതികളെ രാമാനുജൻ വിശേഷിപ്പിച്ചത്.
ജാതി വിഭജനത്തെ എതിർക്കുന്ന ആശയങ്ങളാണ് ഈ കൃതികൾ പ്രചരിപ്പിച്ചത്.
ഋഗ്വേദത്തിലെ ദേവന്മാരും അഥർവ്വവേദത്തിലെ ആത്മാക്കളും ആള്‍വാര്‍ കൃതികളിലെ ആശയങ്ങളും ഗുരുവിൽ സംയോജിച്ച്, ലയിച്ചു ചേരുന്നുണ്ട്.
ജാതിയെക്കുറിച്ച് ഭവിഷ്യപുരാണം, 
 • 'നാലു വർണ്ണങ്ങളിലുംപെട്ട എല്ലാവരും ദൈവത്തിന്‍റെ മക്കളാകയാൽ അവർ എല്ലാവരും ഒരേ ജാതിയിൽ പെടുന്നു. 
 • എല്ലാ മനുഷ്യരുടെയും പിതാവ് ഒരാൾ തന്നെ. ഒരേ പിതാവിന്‍റെ മക്കൾക്ക് വ്യത്യസ്ത ജാതിക്കാരൻ ആകാൻ ആവില്ല' എന്നിങ്ങനെ വിശദീകരിക്കുന്നു. 
 • ഈ ആശയങ്ങളുടെ പശ്ചാത്തലത്തിൽ വേണം ഗുരുവിന്‍റെ ജാതിവിരുദ്ധ നീക്കങ്ങളെ മനസ്സിലാക്കാന്‍. 
വേദാർത്ഥ വിചാരം ചെയ്തവരിൽ പ്രമുഖനായ യാസ്കൻ പറയുന്നത്, ഈശ്വരൻ ഒന്നിലധികമൊന്നുമില്ലെന്നാണ്. ഭൂമിയിലും ആകാശത്തിലും സ്വർഗ്ഗത്തിലുമായി ഈശ്വരന് മൂന്നു ഭാവങ്ങളുണ്ട്. 'ദൌസ്സ്' ആകാശവും 'ഉഷസ്സ്' പ്രകാശവും 'മരുത്തുക്കൾ' കൊടുങ്കാറ്റും 'ഇന്ദ്രൻ' ഇടിയും മഴയുമാണ്. വീരപരാക്രമങ്ങളുടെ  കേന്ദ്രമാണ് ഇന്ദ്രൻ. 'സച്ചിദാനന്ദസ്വരൂപത്തെ മനക്കണ്ണുകൊണ്ടു കാണുന്ന യോഗികൾ വർണ്ണനയ്ക്കുപയോഗിക്കുന്ന സംജ്ഞകളാണ് വേദത്തിലെ ദേവതകൾ' എന്ന് അരബിന്ദോ പറയുന്നു.

സൈന്ധവ അദ്വൈത ചിന്തയുടെ അങ്കുരങ്ങളാണ് 'തത് ഏകം' (ആ ഒന്ന്) എന്ന വിശേഷണത്തിൽ കൂടി പ്രകാശിതമാകുന്നത്. ഋഗ്വേദം പറയുന്ന ഏകത്വത്തിന് മുനിമാർ നിരവധി നാമധേയങ്ങൾ നൽകുന്നു.

ഈവിധം വ്യാഖ്യാനങ്ങളിൽ വൈവിധ്യങ്ങൾ നിലനിൽക്കുമ്പോൾ തന്നെ, അവയെ പ്രായോഗികതലത്തിൽ സമന്വയിപ്പിക്കുകയാണ് ഗുരു തന്‍റെ ക്ഷേത്ര പ്രതിഷ്ഠകളിലൂടെ ചെയ്യുന്നത്.

പാറശ്ശാല മുതൽ മംഗലാപുരം വരെയുളള  നിരവധി സ്ഥലങ്ങളിലായി സ്വാമി തൃപ്പാദങ്ങൾ അനേകം ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്.
 • കളവങ്കോടത്ത് 'ഓം' എന്ന് എഴുതിവെച്ച കണ്ണാടിയും, 
 • കാരമുക്കിൽ 'വെളിച്ചമുണ്ടാകട്ടെ' എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് നിലവിളക്കും 
 • മുരുക്കുംപുഴയിൽ 'ഓം ശാന്തി, സത്യം, ധർമ്മം, ദയ' എന്നെഴുതിയ പ്രഭയും 
 • ശിവഗിരിയിൽ വിദ്യാ ദേവതയായ 'ശാരദ'യെയും ഗുരു പ്രതിഷ്ഠിച്ചു. 
 • ആലുവയിൽ പ്രതിഷ്ഠ ഒന്നുമില്ലാത്ത, 'അദ്വൈതാശ്രമ'മാണ് അദ്ദേഹം സ്ഥാപിച്ചത്.
ഒരു പുതിയ ലോക വീക്ഷണത്തിനു വേണ്ടിയുള്ള തത്ത്വദർശനങ്ങളാണ് അദ്ദേഹം വളർത്തിയെടുത്തത്. സഹസ്രാബ്ദങ്ങളായി കൈമോശം വന്ന മാനുഷികതയുടെയും സമത്വ ബോധത്തിന്‍റെയും സ്ഥാനത്ത് യാഥാർത്ഥ്യങ്ങളായി രൂപാന്തരപ്പെടുന്ന ശാന്തി ദായകങ്ങളായ മൂല്യബോധത്തെ ഉറപ്പിച്ചെടുക്കുന്നതിന് വിഗ്രഹ പ്രതിഷ്ഠയ്ക്കും ഈശ്വരാരാധനയ്ക്കും പ്രാധാന്യം നൽകേണ്ടതുണ്ട് എന്ന് ഗുരുവിന് ഉത്തമബോധ്യണ്ടായിരുന്നു.

വട്ടമേശ സമ്മേളനത്തിൽ ബ്രിട്ടീഷ് പ്രതിനിധികളായി പങ്കെടുത്തവരിൽ കൺസർവേറ്റീവ് പാർട്ടിയിൽ നിന്നുള്ള ആളായിരുന്നു സെറ്റ് ലാൻഡിലെ മാർക്വിസ്.  ഭാരതത്തിന്‍റെ പൈതൃകത്തെ അദ്ദേഹം ബഹുമാനപൂര്‍വ്വം വിലയിരുത്തി.

മാര്‍ക്വിസ്സ്  നിരീക്ഷിക്കുന്നു:
 • 'ഇന്ത്യയുടെ പൈതൃകം നിശ്ചലമല്ല. 
 • വികസ്വരമായ സമ്പത്തും ആന്തരസത്തയുമുള്ള ഒരു ജൈവ വസ്തുവാണത്. 
 • അത് ഇനിയും പിറന്നിട്ടില്ലാത്ത തലമുറകളെ സംബന്ധിച്ചിടത്തോളം ഈ പൈതൃകത്തിന് ബ്രിട്ടീഷ് ജനത നൽകിയ സംഭാവന കണക്കുകൂട്ടാവുന്നതിലധികം വിപുലമാണെന്നും തെളിഞ്ഞെന്നുവരാം. 
 • എല്ലാ വസ്തുക്കളും ഈശ്വരനില്‍ ഏകീഭവിക്കുന്നു എന്നുള്ളത് ഭാരതീയ ദർശനത്തിന്‍റെ കാതലായ അംശമാണ്. 
 • ദൃശ്യ പ്രതിഭാസങ്ങളുടെ വൈവിധ്യത്തിൽ അന്തർലീനമായിരിക്കുന്ന മഹത്തരമായ ഏകത്വം കണ്ടെത്താനുള്ള അന്വേഷണങ്ങളാണ് ഇന്ത്യയുടെ ആത്മാവ് എക്കാലവും തുടർന്നിട്ടുള്ളത്'. 
അത്തരമൊരന്വേഷണവും സത്യം കണ്ടെത്തലുമാണ് ഗുരുദേവൻ ചരിത്രത്തില്‍ നടത്തിയിട്ടുള്ളത്.


19 September 2019

Sidheek Subair :: പച്ചകുത്തുന്ന കവിത


വര ::Nisha N M

പച്ചകുത്തുന്ന കവിത


ശോഭനമാമൊരു ചിത്രദീപം
ശാരദസന്ധ്യ തെളിച്ചതാണ്...
ഉൾക്കുളിരാകെപ്പടർന്ന പോലെ
വന്നു നീ താനേ പതിഞ്ഞതാണ്....

അഴകൊട്ടു മൊട്ടായി നിന്ന കാലം
ഹൃദ്യമാം സ്നേഹം കൊളുത്തി നീയും
കാണുന്ന മാത്രയിലോർമയേകാൻ
കാഴ്ചയായ് വന്നു തെളിഞ്ഞതാണ്...

കാലമാം കൈവിരല്‍ ചേര്‍ത്തൊരുക്കും
മോഹനരൂപം തുടിച്ചതാണ് ...
നോവുകൾ പച്ചത്തുരുത്തു തേടും
മായാമഷിക്കൂട്ടൊഴിഞ്ഞതാണ് ...

കൺമിഴിക്കുത്തുകൾ കാഴ്ച തിന്നും
കണ്ണുനീരാഴം കലര്‍ന്നതാണ്
മണ്ണോളമൊക്കെസ്സഹിച്ചു വീണ്ടും
വിണ്ണിലെത്താരായ് വിരിഞ്ഞതാണ്...

കാറ്റല മെല്ലെ ചൊടിച്ച നേരം
മാറ്റങ്ങള്‍ പൊള്ളിക്കുരുത്തതാണ്,
കാണാത്ത രാഗം പകര്‍ന്ന തീര്‍ത്ഥം
നാണമായെങ്ങും നിറഞ്ഞതാണ്...

നിന്നെപ്പകർത്തുവാനെത്ര നാളാ-
യെന്നെ ഞാനെന്നോ മറന്നതാണ് ...
വേദനത്തീക്കടലാളിടുമ്പോൾ
മോദമോടെന്നെ തിരഞ്ഞതാണ്..

മുള്ളു കൊണ്ടുയിരൊന്നു നീറ്റാതെയെങ്ങനെ,
ഉള്ളിലെക്കവിതയായ് നീ ചിരിക്കും...
വാക്കിന്‍ പ്രവാഹമായെന്നില്‍ നീ കാരുണ്യ -
വേഗമായ് വർണ്ണം ചൊരിഞ്ഞതാണ്...


18 September 2019

K B Shaji :: കുട നന്നാക്കാനുണ്ടോ?. കുട?


*കുട നന്നാക്കാനുണ്ടോ?. കുട??*

പഴയ ഏഴാംക്ലാസ്സിലെ മലയാള പാഠപുസ്തകത്തിലെ ഒരധ്യായം.. 1975 ൽ കേരള പാഠാവലി മലയാളം റീഡർ ആവിഷ്ക്കരിച്ചതോടെ പഴയ ഏഴാംക്ലാസ്സ് പുസ്തകം വെറുതേ വായിച്ച് രസിച്ചതേയുള്ളു.

കുട നന്നാക്കുന്നയാളും ഈയംപൂശുകാരനും നാട്ടിൻപുറങ്ങളിൽ ഉറക്കെ ശബ്ദമുണ്ടാക്കിക്കൊണ്ട് തങ്ങളുടെ നിത്യവൃത്തിക്കായ് തലച്ചുമടുകളുമായി നടന്നിരുന്ന കാലം. വീടുകളിലെ ഇറയത്തോ മുറ്റത്തോ വന്നിരുന്നു ഗൃഹനാഥനുമായി കൂലിക്കണക്ക് പറഞ്ഞുറപ്പിച്ച് പണിയായുധങ്ങൾ എടുത്തു നിരത്തി ഒരുലയുമുണ്ടാക്കി ജോലിചെയ്യുന്നത് കാണാൻ കൗതുകത്തോടെയും ഉത്സാഹത്തോടെയും നിന്നിരുന്ന ബാല്യകാലം.

K V Rajasekharan :: ഒരു രാജ്യവും ഒരുമയും: ഒരിക്കലും ഒന്നിക്കരുതെന്ന് കരുതുന്നവരും.'ഒരു രാജ്യം, ഒരു ഭരണഘടന'; 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; 'ഒരു രാജ്യം ഒരു നിയമം';  'ഒരു രാജ്യം, ഒരു ഭാഷ';  അങ്ങനെ ഒരു രാജ്യം എന്ന സങ്കൽപ്പത്തിൽ നിന്നുയരുന്ന ഏതാശയത്തെയും എതിർക്കുന്ന ഒരു ദുഷ്ക്രിയ ലോബിയുടെ നിരന്തര ദേശവിരുദ്ധ നിലപാടുകളെ നേരിടേണ്ട പ്രതികൂല സാഹചര്യത്തിലാണിന്ന് ഭാരതംഏകീകരണത്തിന്‍റെ വഴിയിലേക്കുള്ള എല്ലാ മുന്നേറ്റങ്ങളെയും ധ്രുവീകരണത്തിന്‍റെ രാജനൈതികവും പ്രതിലോമകരവുമായ ഇടപെടലുകളിലൂടെ തടസ്സപ്പെടുത്തകയാണിവരുടെ രണതന്ത്രം.  
 • ബ്രിട്ടീഷ് ഭരണകൂടം ആ ഒരു രീതി പ്രയോഗിച്ചത് ഭിന്നിപ്പിച്ചു ഭരിക്കാനായിരുന്നു.  
 • ഗാന്ധി-വധേര കോൺഗ്രസ്സ് അതേ കുതന്ത്രം തുടരുന്നതും അവരുടെ കുടുംബവാഴ്ച തുടരുവാൻ സോണിയക്കും രാഹുലിനും കളമൊരുക്കുവാനാണ്.  
 • കമ്യൂണിസ്റ്റു പരിവാർ എന്നും പണിയെടുത്തത് ഭാരതത്തെ ഛിന്നഭിന്നമാക്കി കഷണം കഷണമാക്കി സോവിയറ്റുയൂണിയന്‍റെയോ ചൈനയുടെയോ പിടിയിലെത്തിച്ച് അവരുടെ പകരക്കാരായി ഇവിടം വാഴുവാനായിരുന്നു.  
 • ഇസ്ലാമിക വർഗീയ ശക്തികൾ ആയുധമെടുത്തതും വിഭജനം കഴിഞ്ഞ് അവശേഷിച്ച ബാക്കിസ്ഥാനെയും പാക്കിസ്ഥാന്‍റെ കൂടെ ചേർക്കുവാനാണ്.
ഭിന്നിപ്പിക്കുവാൻ വഴി അന്വേഷിക്കുന്നവർക്ക് 'ഒരു രാജ്യമെന്നു' പറഞ്ഞ് ഒന്നിപ്പിക്കാൻ ഒരുമ്പെടുന്നവരുടെ ഒപ്പം നിൽക്കാനെങ്ങനെ കഴിയും?  
അതുകൊണ്ടുമാത്രമാണ് ഒരു രാജ്യം ഒരു ഭാഷയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്‌ അവർക്ക് പിടിക്കാതെ പോയത്. അർത്ഥശങ്കയ്ക്കിടം നൽകാത്തതായിരുന്നു, അദ്ദേഹത്തിന്‍റെ വാക്കുകൾ മുന്നോട്ടു വെച്ച ആശയം.
 • എല്ലാ ഭാരതീയ ഭാഷകളും വികസിക്കണം. 
 • എല്ലാവരുടെയും മാതൃഭാഷകൾ സ്വച്ഛന്ദമായി വളരണം. 
 • ഒപ്പം തന്നെ വ്യത്യസ്ഥഭാഷകൾ സംസാരിക്കുന്നവർ പരസ്പരം ബന്ധപ്പെടാൻ ദേവനാഗരി ലിപിയുപയോഗിച്ചുള്ള ഹിന്ദി ഔദ്യോഗിക ഭാഷയായി വളരണം.
അപ്പറഞ്ഞതിന്‍റെ ന്യായം വളരെ ലളിതമാണ്.  എല്ലാവരും വ്യത്യസ്ഥ ഭാഷകൾ മാത്രം പഠിച്ചിരുന്നാൽ പരസ്പരം ആശയവിനിമയം സ്വാഭാവികമായും സാദ്ധ്യമല്ല.  അങ്ങനെ വരുമ്പോൾ ഒരു ഭാഷയ്ക്ക് പൊതു ഔദ്യോഗിക ഭാഷയുടെ സ്ഥാനം നൽകണം. ആ സ്ഥാനത്തേക്ക് ഭാരതത്തിലെ അറുപതു ശതമാനത്തിലധികം ജനങ്ങൾക്ക് വായിക്കാനോ, എഴുതാനോ, പറയാനോയെങ്കിലും കഴിയുന്ന ഒരു ഭാഷയാണ് ഹിന്ദിയെന്നുള്ളപ്പോൾ ആ ഭാഷയ്ക്ക് ദേശീയ ഔദ്യോഗികഭാഷയുടെ പദവി നൽകി വികസിപ്പിക്കുകയല്ലേ ചെയ്യേണ്ടത്. 

അതിനു പകരം നൂറു ശതമാനം ജനങ്ങളും ഇംഗ്ളീഷ് പഠിച്ച് ഇംഗ്ളീഷിന് ആ പദവി നൽകണമെന്ന് പറയുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്നതുകൂടി പറയണം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടുള്ള വിനീതവിധേയത്വം വാലാട്ടി പ്രകടിപ്പിക്കുന്നതു തുടരണെമന്നാണ് അവർ പറയുന്നതെന്നാരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാകില്ല.
ഇവിടെ വളരെ പ്രസക്തമായ മറ്റു ചിലകാര്യങ്ങളും പരിഗണനയിലെടുക്കേണ്ടതുണ്ട്.   
 • ഭാരതീയ ഭാഷയ്ക്ക് പൊതുവെയുള്ള പരസ്പരബന്ധം, 
 • എല്ലാ ഭാഷകൾക്കും സംസ്കൃതവുമായുള്ള ബന്ധം, 
 • വൈവിധ്യം നിറഞ്ഞതാകുമ്പോഴും പങ്കുവെക്കുന്ന പൊതുസംസ്കാരം, 
അങ്ങനെ പല ഘടകങ്ങളും കണക്കിലെടുക്കുമ്പോൾ ഏതൊരു ഭാരതീയനും മറ്റൊരു ഭാരതീയ ഭാഷയാകും ഇംഗ്ളീഷിനെക്കാൾ വേഗം പഠിക്കാനാകുകയെന്നത്  വ്യക്തം.

കേരളത്തിൽ പരീക്ഷാഹാളിൽ കയറി ഇരുന്നാൽ പോലും എല്ലാവരെയും ജയിപ്പിക്കുന്ന 'ആൾ പാസ്സ്' മാമാങ്കം നിലവിൽ വരുന്നതിനു മുമ്പുള്ള കാലത്തേക്ക് ഒന്നു തിരിച്ചു പോകണം. പഠിച്ച് പരീക്ഷക്ക് ശരിയുത്തരം എഴുതിയാൽ മാത്രം ജയിക്കുമായിരുന്ന ആ കാലത്ത് ഇംഗ്ലീഷ് കിട്ടാത്തതുകൊണ്ട് പത്തുകടക്കാൻ പാടുപെട്ടവരുടെ എണ്ണം എടുക്കുക. അതിഎഴുതാനോ പത്തു ശതമാനം പേരുപോലും ഹിന്ദി കിട്ടാത്തതുകൊണ്ട് പത്തിൽ പൊട്ടിയിട്ടുണ്ടോയെന്ന് ഓർത്തെടുത്താൽ മതി ഇംഗ്ളീഷുമായി താരതമ്യം ചെയ്യുമ്പൊൾ ഹിന്ദി എത്ര സരളമാണെന്നതു ബോദ്ധ്യമാകും.

മാത്രമോ ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദം നേടി ഗവേഷണം ചെയ്തയാളിനും സ്പെല്ലിംഗ് കൃത്യമാക്കാൻ ഡിക്ഷ്ണറി കൂടിയേ തീരൂ. എന്നാൽ ഭാരതീയ ഭാഷകളുടെ കാര്യത്തിൽ ഒരിക്കലും അക്ഷരങ്ങൾ ശരിക്കും പഠിച്ചു കഴിഞ്ഞാൽ പിന്നീട് തെറ്റുകൂടാതെ എഴുതാൻ നിഘണ്ടുവിനെ ആശ്രയിക്കേണ്ട അവസ്ഥ വളരെ അപൂർവ്വമാണെന്നു കൂടി കണക്കിലെടുക്കുമ്പോളാണ് ഭാരതീയ ഭാഷകളുടെ പഠനം സരളവും പ്രയോഗം അയത്നലളിതവുമാകുന്നത്.

നിരക്ഷരരായ പാവപ്പെട്ടവർ തമിഴ്നാട്ടിൽ നിന്നും ബംഗാളിൽ നിന്നും ഒറീസ്സയിൽ നിന്നുമൊക്കെ അന്യ സംസ്ഥാനങ്ങളിലേക്ക് തൊഴിൽ തേടി കുടിയേറുമ്പോഴും  ഒരു പൊതു ഭാഷ എന്ന നിലയിൽ സ്വാഭാവികമായും ഉയർന്നുവരുന്നതും ഹിന്ദിയാണെന്നതാണ് വസ്തുത. അവരാരും വൈക്കോയോ സ്റ്റാലിനോ കമൽ ഹാസനോ ആഗ്രഹിക്കുന്നതുപോലെ ഇംഗ്ലീഷിലില്ല പരസ്പരം സംസാരിക്കുന്നത്.
ഇനി പൊതുജീവിതത്തിൽ ഹിന്ദി ഉൾപ്പടെയുള്ള ദേശീയ ഭാഷകളുടെ പ്രയോഗക്ഷമത അറിഞ്ഞ് ഉപയോഗിച്ചവരുടെ വിജയചരിത്രവും കൂടി പരിശോധിക്കാം.  
 1. ആധുനിക കാലത്ത് ഗൂഗിളും സാമൂഹിക മാധ്യമങ്ങളുമൊന്നും ഇംഗ്ളീഷിനെ ലോകഭാഷയുടെ പദവി നൽകി എല്ലാവരും ആധുനിക വിജ്ഞാനത്തിന്‍റെ  ഫലം അനുഭവിക്കാൻ ഇംഗ്ലീഷ് പഠിച്ചോളാൻ പറഞ്ഞ് കയ്യും കെട്ടി നോക്കി നിൽക്കുകയല്ല ചെയ്തത്. ഓരോ ഭാഷകളിലേക്കും ഇറങ്ങിച്ചെല്ലുകയാണ് ചെയ്തത്.
 2. മഹാത്മാ ഗാന്ധിയും ഭാരതീയ ജനസമൂഹത്തെ ഒന്നായി കൂടെ കൂട്ടുന്നതിന് ഭാരതീയ ഭാഷകൾ പഠിക്കുന്നതിനു പ്രാധാന്യം നൽകി.  വിവിധ ഭാഷകൾ സംസാരിക്കുന്നവർക്ക് പൊതുവെ പരസ്പരം ബന്ധപ്പെടുന്നതിന് ഹിന്ദി പ്രചാര സഭയ്ക്കാണ് ജന്മം നൽകിയത്. ഗാന്ധിജിക്ക് ഇംഗ്ളീഷറിയാഞ്ഞിട്ടല്ല അങ്ങനെ ചെയ്തതെന്ന തിരിച്ചറിവെങ്കിലും പുതിയകാല ഇംഗ്ലീഷ് പ്രേമികൾക്കുണ്ടാകണം.
 3. കൃസ്ത്യൻ മിഷനറി പ്രവർത്തനത്തിനെത്തിയവരും ചെന്ന സംസ്ഥാനങ്ങളിലെയെല്ലാം പ്രാദേശിക ഭാഷകൾ പഠിച്ചാണ് അവരുടെ മതപരിവർത്തന പരിശ്രമങ്ങൾ തുടങ്ങിയതും തുടരുന്നതും.  ഹിന്ദി പഠിക്കേണ്ടിടത്ത് ഹിന്ദി പഠിച്ചു. മറ്റിടങ്ങളിൽ അതത് ഭാഷകളും. അവരും ഇംഗ്ലീഷ് അറിയാത്തതുകൊണ്ടായിരിക്കില്ലല്ലോ ഇംഗ്ളീഷിനെ ലിങ്ക് ലാംഗ്വേജാക്കി ശ്രമിച്ചു നോക്കാതിരുന്നത്?
 4. ഇനി രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍റെ  സമീപനം പഠിക്കാം.  ആജ്ഞകളുടെയും കാര്യക്രമങ്ങളുടെയും കാര്യത്തിൽ ഹിന്ദിയുടെ അടിത്തറ.  അതേ അവസരത്തിൽ തന്നെ ഭാരതത്തിന്‍റെ ഓരോ പ്രദേശത്തു നിയോഗിക്കപ്പെടുന്ന പ്രചാരകർ അതത് നാടുകളിലെ ഭാഷ പഠിച്ച് അവരിലൊളായി ജീവിച്ച് ദേശീയതയോടൊപ്പമുള്ള യാത്രയിൽ, ഭാരതത്തിന്‍റെ  വിശ്വവിജയമെന്ന ലക്ഷ്യപ്രാപ്തിക്ക് അന്നാട്ടുകാരെയും കൂടെ കൂട്ടുന്നു.  
സംഘത്തിന്‍റെ  സംഘടനാഘടനയുടെ ഉയർന്നതലങ്ങളിലെത്തുന്ന അധികാരികൾ അഞ്ചിലധികം ഭാഷയിൽ അത്യാവശ്യം ആശയവിനിമയത്തിനു കഴിവുള്ളവരായി മാറിയിട്ടുള്ളവരാണെന്ന് കാണുന്നത് സാധാരണവുമാണ്. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍റെ  വിജയചരിത്രത്തിൽ ഭാഷയുടെ കാര്യത്തിലെടുത്ത സകാരാത്മക സമീപനം സുപ്രധാന പങ്കു വഹിച്ചൂവെന്നത് തർക്കത്തിനിടം കൊടുക്കാത്ത വസ്തുതയാണ്.
മുകളിൽ ചൂണ്ടിക്കാട്ടിയവയിൽ നിന്ന് വ്യത്യസ്ഥമാണ് മുഖ്യധാരാ കമ്യൂണിസ്റ്റു പാർട്ടികളുടെ രീതി.  
 1. കക്ഷികളുടെ പേര്, വിവിധ ഘടകങ്ങളുടെ പേരുകൾ, (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ, പോളിറ്റ് ബ്യൂറോ, സെൻട്രൽ കമ്മിറ്റി തുടങ്ങി ലോക്കൽ കമ്മറ്റി വരെ) തുടങ്ങിയവയെല്ലാം ഇംഗ്ലീഷിൽ!  
 2. പ്രകാശ് കാരാട്ട് പാലക്കാട് പ്രസംഗിക്കുന്നത് ഇംഗ്ളീഷിൽ! ഒരു കണക്കിനവരെ കുറ്റം പറയാൻ കഴിയില്ല. 
 3. ചൈനീസ് ഭാഷയും കൊറിയൻ ഭാഷയുമൊക്കെയല്ലേ അവരിനി പഠിക്കേണ്ടത്?. പണ്ട് കഷ്ടപ്പെട്ട് റഷ്യൻ ഭാഷയും ജർമ്മൻ ഭാഷയുമൊക്കെ പഠിച്ചതൊക്കെ വെറുതെയാകുകയും ചെയ്തു.  
 4. സഖാവ് പി കൃഷ്ണപിള്ള പണ്ട് ഹിന്ദി പ്രചാരസഭയിൽ പ്രവർത്തിച്ചിരുന്നതും ചിലർ ഇപ്പോൾ കുത്തിപ്പൊക്കിക്കൊണ്ട് വരുന്നുണ്ട്! അവർക്കൊന്നും ഈ പാർട്ടിയേ കുറിച്ച് ഒരു ചുക്കും അറിയില്ല! 
ഇത്രയും ചൂണ്ടിക്കാട്ടിയത് കമ്യൂണിസ്റ്റു സഖാക്കൾ ഹിന്ദി പഠിക്കാത്തതിന് പരാതിയായിട്ടല്ല.  അവർ പഠിക്കാത്തതു നന്നായി! ചത്ത കൊച്ചിന്‍റെ  ജാതകം ആരും നോക്കാറില്ലല്ലോ?

പോളിറ്റ് ബ്യൂറോ മുതൽ താഴോട്ടെല്ലാവരും മലയാളം പഠിക്കട്ടെ. കേരളത്തിലേക്കു ചുരുങ്ങി ഇവിടെയും അന്ത്യശ്വാസം വലിക്കുന്ന പാർട്ടിക്ക് അതു തന്നെ ധാരാളം! 
ഹിന്ദിയെ എതിർത്ത്, ഹിന്ദുവിനെ എതിർത്ത്, ഹിന്ദുസ്ഥാനെയും  എതിർത്ത്, 'ഒരു രാജ്യം'  എന്നു കേൾക്കുമ്പോളേ ചുവപ്പു കണ്ട കാളയെ പോലെ വിറളി പിടിക്കുന്നവരുടെ, സ്വന്തം രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ കച്ചകെട്ടിയിറങ്ങിയവരുടെ, പ്രശ്നം അടിസ്ഥാനപരമായ ഇനി പറയുന്നതാണ്.
2014 പൊതുതിരഞ്ഞെടുപ്പ് തുടങ്ങിവെച്ചതും 2019 തിരഞ്ഞെടുപ്പ് ആവർത്തിച്ചുറപ്പിച്ചതും  ദേശീയതയുടെ ശക്തികൾ ഭാരതീയരാഷ്ട്രീയ മുഖ്യധാരയിൽ നിറസാന്നിദ്ധ്യമായി നിയന്ത്രണം ഏറ്റെടുക്കുന്ന ചരിത്രപരമായ അവസ്ഥയ്ക്കാണ്. അതോടെ ഭാരതത്തിന്‍റെ  ദേശീയ ഐക്യവും ദേശീയവികസനവുമായി ഭരണകൂടത്തിന്‍റെ  അജണ്ട. നരേന്ദ്രമോദി ഭരണകൂടം എല്ലാവരുടെയുമൊപ്പം നിന്ന് എല്ലാവരുടെയും വികസനം ഉറപ്പാക്കുവാനും എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കാനുമുളള സങ്കല്പം പ്രയോഗവത്കരിക്കുന്നതിനുള്ള കർമ്മ  പരിപാടികൾ ഒന്നൊന്നായി തുടങ്ങി മുന്നോട്ടു പോകുകയും ചെയ്യുന്നു. 
ഹിന്ദുവിനെ അവഗണിച്ച് അരികുവത്കരിക്കുന്ന നെഹ്രുവിയൻ കപടമതേതരത്തിന്‍റെ കാലം കഴിഞ്ഞു. 
 1. ന്യൂനപക്ഷങ്ങളുടെയുൾപ്പടെയുള്ള പട്ടിണിയും അനാരോഗ്യവും ഇല്ലാതാക്കാൻ പരിശ്രമമുണ്ടായിട്ടില്ലാത്ത കാലം!   
 2. എല്ലാവരുടെയും പിച്ചച്ചട്ടികളിൽ നിന്നും കയ്യിട്ടുവാരിയവരുടെ ഭരണം! 
 3. കൈക്കൂലിയും അഴിമതിയും കൊണ്ട് ഭരണപക്ഷത്തുള്ളവർ ചീർത്തുവീർത്തതിന്‍റെ  രാഷ്ട്രീയം! 
ജവഹർലാൽ നെഹ്റുവിൽ തുടങ്ങി ഇന്ദിരയിലും രാജീവിലും  കൂടി കടന്ന് സോണിയയിലും രാഹുലിലും റോബർട്ടു വധേരയിലും എത്തി നിന്ന സ്വതന്ത്രഭാരതത്തിന്‍റെ  ശാപമായി മാറിയ ഭരണമോഡലിന് അടിമുടി മാറ്റമായി. 

2024 ആകുമ്പൊഴേക്കും അഞ്ചു ട്രില്ല്യൻ അമേരിക്കൻ ഡോളർ സാമ്പത്തിക ശക്തിയായി ഭാരതം മാറണമെന്ന ലക്ഷ്യം ഉറപ്പിച്ചുള്ള കുതിച്ചു ചാട്ടത്തിന് മോദിസർക്കാർ അരങ്ങൊരുക്കുകയാണ്.  ആഗോള സാമ്പത്തികരംഗത്തെ ചാഞ്ചാട്ടങ്ങളുടെയും ഭാരതീയ സമ്പദ് വ്യവസ്ഥയിൽ കള്ളപ്പണത്തിനെതിരെ തുടങ്ങിത്തുടരുന്ന ശുദ്ധീകരണപ്രക്രിയയുടെയും ഫലമായി ഉണ്ടായിട്ടുള്ള ചില താത്കാലിക പ്രതിബന്ധങ്ങളെ അതിജീവിച്ച് മോദിയുടെ ഭാരതം മുന്നോട്ടു പോകുമെന്ന് എതിർപക്ഷത്തിനു പോലും ഉള്ളിലുറപ്പുണ്ട്.

അതുകൊണ്ടുതന്നെയാണ് ഭാരതത്തെ ഭിന്നിപ്പിച്ച് ചൈനയുടെയും പാക്കിസ്ഥാന്‍റെയും പടിഞ്ഞാറൻ മതപരിവർത്തനശക്തികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് കൂലി വാങ്ങി വേല ചെയ്യുന്നവർ പരിഭ്രമത്തിലായിരിക്കുന്നത്.

ഇപ്പോൾ കഴിഞ്ഞില്ലെങ്കിൽ ഇനിയൊരിക്കലും ഭാരതത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്ന സത്യം തുറിച്ചു നോക്കി ഉറക്കം കെടുത്തുന്ന നിസ്സഹായ അവസ്ഥയിലാണവർ. 

ഒന്നുകിൽ ഇപ്പോൾ ഇവർക്ക് സ്വയം തിരുത്തി ദേശീയതയുടെ, മുഖ്യധാരയുടെ ഭാഗമാകാം. അല്ലെങ്കിൽ കല്ലേൽ കടിച്ചു പല്ലു കളയാം.  എന്തു ചെയ്യാം? എന്നെ തല്ലണ്ടമ്മാവാ ഞാൻ തന്നാവില്ലായെന്നു തന്നെയാണവർ ഇപ്പോഴും വിളിച്ചു കൂകുന്നത്.


17 September 2019

Kaniyapuram Nasirudeen :: ലേഖനം :: അമീർ കഥളിലെ "മാഷ്"മരികതകൾ


Author with Ameer Kandal
സമൂഹമാധ്യമങ്ങളിൽ കൊച്ചു കൊച്ചു കുറിപ്പുകൾ എഴുതികൊണ്ടാണ് അമീർ കണ്ടൽ എന്ന കഥാകൃത്ത് മലയാള സാഹിത്യ രംഗത്തേക്ക്  കടന്നു വരുന്നത്‌. കൊഞ്ചിറ ഗവ:സ്കൂളിൽ അദ്ധ്യാപകനായിരിക്കെ തന്നെ  കഥകൾ എഴുതിത്തുടങ്ങിയതായി  അദ്ദേഹം ഓർമ്മിക്കുന്നു.

കഥാരംഗം അശ്‌ളീലതയും കാമാഭിനിവേശവും അധർമ്മങ്ങളും കൊണ്ട് വീർപ്പുമുട്ടി കഴിയുന്ന ഒരുകാലത്താണ് ഈ കഥാകൃത്തിന്‍റെ ആഗമനം എന്നത് ഉത്തരവാദിത്തബോധം ഉണ്ടാക്കേണ്ടതാണ്. കേവലം ഒരു അദ്ധ്യാപകൻ എന്നതിനും അപ്പുറത്ത് ആണ് സ്കൂളിലെ അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ.
പൊതു സമൂഹത്തിൽ പൊതുവിദ്യാലയത്തിന്‍റെ മഹത്വം ബോധ്യപ്പെടുത്താൻ എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യാൻ സദാ സന്നദ്ധനാണ് എന്നത് എടുത്തു പറയത്തക്കതാണ്. പൊതുവിദ്യാഭ്യാസ രംഗത്തെ അവഗണനയോടെ കണ്ടിരുന്ന സമൂഹമധ്യത്തിലാണ് അമീർകണ്ടലിന്‍റെ ഈ പ്രവർത്തനങ്ങൾ എന്നത് ആരെയും ആകർഷിക്കുന്നതാണ്.

മദ്യ മയക്കുമരുന്ന് ലഹരിയിൽ മതിമറന്നു കഴിയുന്ന രക്ഷകർത്താക്കൾ, ചുറ്റുപാട്, സാഹചര്യം എന്നിവയുടെ ആഘാതത്തിൽ നിന്നും വരും തലമുറയെയെങ്കിലും  രക്ഷപ്പെടുത്തണം എന്ന അതിയായ ആഗ്രഹത്തിൽനിന്നാണ് ലഹരിവിരുദ്ധ തെരുവ് നാടകം എന്ന ആശയം തന്‍റെ മനസ്സിൽ രൂപപ്പെട്ടതെന്ന് അദ്ധ്യാപക പരിശീലനത്തിനിടയിൽ അദ്ദേഹം പറഞ്ഞു.

കുട്ടികളെ സംഘടിപ്പിച്ച് നാടകം അഭ്യസിപ്പിക്കുകയും അവർ തങ്ങളുടെ രക്ഷിതാക്കൾ ഉൾപ്പെടുന്ന സമൂഹമധ്യത്തിൽ അവതരിപ്പിക്കുകയും അതിന്‍റെ സന്ദേശം സമൂഹത്തിൽ വ്യാപിപ്പിക്കുകയും ചെയ്തു എന്നത് സ്കൂളിന് തന്നെ യശസ്സ് ഉയർത്തി പിടിക്കാൻ സാധിച്ചു.

ഇപ്പോൾ കണിയാപുരം ഗവ:യു. പി.സ്കൂളിൽ ജോലിനോക്കുന്നു
സ്കൂളിലെ നാനോന്മുഖമായ പുരോഗതിക്കായി സജീവമായി ഇടപെടുന്നതിനിടയിലാണ് തൻറെ എഴുത്തും  സാഹിത്യ പ്രവർത്തനങ്ങളും .

ആധുനികതക്കും ഉത്തരാധുനികതക്കും ഒന്നും പിടി കൊടുക്കാതെ തന്‍റേതായ ചില എഴുത്തുവഴികളിലൂടെ സഞ്ചരിക്കുകയാണ് അമീർ കണ്ടൽ എന്ന കഥാകൃത്ത്. കുറെ ഏറെ കഥകൾ എഴുതിക്കഴിഞ്ഞ ഈ കഥാകൃത്തിന്‍റെ മിക്ക കഥകളും അദ്ധ്യാപക രചനകളാണ്. താൻ നിലകൊള്ളുന്ന ജോലിസ്ഥലത്തെ മാറ്റി കൊണ്ടുള്ള എഴുത്ത് തനിക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ലെന്ന് ഓരോ കഥകളിലൂടെയും വായനക്കാരെ ഓർമപ്പെടുത്തുകയാണ് എഴുത്തുകാരൻ.

കഥകൾക്ക് പേരിടുന്നതിലും ഒരു പ്രത്യേക ശ്രദ്ധ നമുക്കു കാണാൻ സാധിക്കും.
കലി എന്ന കഥയാണ് ഏറെ ശ്രദ്ധേയവും ആദ്യ രചനയും. അപ്പേരിൽ ഒരു ചലച്ചിത്രം ഉള്ളത് ഒന്നും തന്നെ ബാധിക്കുന്ന പ്രശ്നമേയല്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു.

ക്ലാസിൽ സ്വൽപ്പം പഠനത്തിലൊക്കെ ശ്രദ്ധിക്കുന്ന അനൂപ് പഠിപ്പിക്കുന്നതിനിടയിൽ  ഒരു ചിത്രം വരച്ചതിന് കുട്ടി യോട് ദേഷ്യത്തോടെ പെരുമാറിയതിന്‍റെ കുറ്റബോധത്താൽ സ്റ്റാഫ്‌ റൂമിൽ ദു:ഖത്തോടെ ഇരിക്കുന്ന ക്ലാസ് ടീച്ചറെ സമാധാനിപ്പിക്കുന്ന സ്റ്റാഫ് സെക്രട്ടറിയുടെ മനോവ്യഥയെ നന്നായി ആവിഷ്കരിച്ചിട്ടുണ്ട് കലി എന്ന കഥയിൽ. കഥയുടെ ആഖ്യാനം ആസ്വാദ്യം തന്നെയാണ്.

സ്ഥലം കാലം വ്യക്തി വർണ്ണനയും ബിംബവത്കരണവും കഥയിലുൾചേർക്കാൻ പ്രത്യേക സിദ്ധി തന്നെയാണ് അമീറിയൻ കഥകൾക്ക്.
സ്കൂൾ പരിസരം, ക്ലാസ് റൂമുകൾ, ഓഫീസ് റൂം ,കുട്ടികൾ, അദ്ധ്യാപകർ തുടങ്ങിയവർ അമീർ കഥകളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.

വിത്തുഗുണം എന്ന കഥ ഒരു വികൃതിക്കുട്ടനെ വരച്ചു കാണിക്കുന്നു. നിന്ന് മൂത്രം ഒഴിക്കൽ പതിവാക്കിയ കുട്ടിയെ ക്ലാസിൽ  കാണാതായപ്പോൾ അദ്ധ്യാപകർ കൂട്ടമായി വീട് അന്വേഷിച്ചു പോകുന്ന രംഗമാണ് കഥയിൽ. അദ്ധ്യാപകർ കാണുന്നത് കുട്ടിയുടെ അച്ഛൻ തന്നെ ഇത് പോലുള്ള ദുശ്ശീലം സ്വന്തമാക്കി എന്നുള്ളതാണ്. ഇതിലും ക്ലാസ് റൂമുകളിലൂടെ സ്കൂൾ വാരാന്തയിലൂടെ വർണ്ണന കടന്നു വരുന്നുണ്ട്.

മറ്റൊരു രസകരമായ കഥയാണ് പെരിസ്ട്രോയിക്ക. അദ്ധ്യാപകരുടെ അബദ്ധധാരണയെ കഥയാക്കി ആവിഷ്കരിച്ചിരിക്കുകയാണ്. ഉച്ച ഭക്ഷണം കഴിക്കുന്നതിനിടയിലെ ചെറിയ സംഭവമാണ് കഥാതന്തു. വാഴക്കൂമ്പ്  തോരനെക്കുറിച്ചാണ് പെരിസ്ട്രോയിക്ക എന്ന പേര് പറഞ്ഞു കൊടുത്തതും അപ്പേര് ശരിയെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ടീച്ചർക്ക് കൊടുക്കുന്ന ആക്ഷേപഹാസ്യമെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.
ചുരുക്കത്തിൽ അമീർകഥകളിൽ "മാഷ്"മരികത (മാസ്മരികതകൾ അല്ല, മാഷ് ടച്ച് )
എന്നാൽ ഈയിടെ  മലയാള മാസികയിൽ (ഓൺലൈൻ മാഗസിന്‍) വന്നിട്ടുള്ള ഓണനിലാവത്തെ സെൽഫി പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി എഴുത്തിന്‍റെ മറ്റൊരു തലത്തിലേക്ക്  കടന്നു വന്നതായി കാണാനാവും. ഇതിൽ അദ്ധ്യാപകരോ, സ്കൂളോ, ക്ലാസ് മുറികളോ കടന്നു വരുന്നില്ല.

ഓണക്കാല കഥയാണ് മാത്രമല്ല ആധുനിക സമൂഹം നേരിടുന്ന വലിയൊരു വിപത്തിനെ തുറന്ന് കാണിക്കുകയാണ്. ചെറിയ പ്രായത്തിൽ തേനേ പാലേ എന്ന് വിളിച്ച് താരാട്ടു പാടിയും പാലൂട്ടിയും വളർത്തി വലുതാക്കുന്ന മാതാപിതാക്കളെ തെരുവിലേക്ക് വലിച്ചെറിയുന്ന ദുരവസ്ഥയാണ് ഈ കഥയിലൂടെ വരച്ചു കാണിക്കുന്നത്.

ഈ അമീർകണ്ടലിന്‍റെ അനുഗൃഹീത തൂലികയിൽ നിന്നും അനേകമനേകം കഥകൾ മലയാള വായനക്കാർക്ക് ലഭ്യമാകുമെന്നതിൽ സംശയമില്ല.

Sidheek Subair :: നീയാണെനിക്കു പെണ്ണ്

നീയാണെനിക്കു പെണ്ണ്


ഓർമ്മകളെല്ലാം വിതച്ച പെണ്ണേ
ഓർക്കുവാൻ നീയാണെനിക്കു പെണ്ണ്...
കാലമിതുള്ള നാളൊക്കെ നിന്നെ
കാതോർത്തു തന്നെ ഞാനിങ്ങു പെണ്ണേ...

കണ്ണടയ്ക്കുമ്പോൾ നീയുളളിലുണ്ട്,
കൺമുന്നിലൊന്നു നീ വന്നു നിൽക്കൂ...
ആശതൻ പാശമായ് ചേർത്തുകെട്ടാൻ
ആശ്വാസതാളമാം വീണ മീട്ടാൻ...

മൊഞ്ചത്തി നിന്നെയെൻ സ്വന്തമാക്കാൻ
നെഞ്ചകം തേങ്ങിക്കലമ്പിടുമ്പോൾ
ബന്ധുക്കളെല്ലാരുമുണ്ടു ചുറ്റും,
ബന്ധുവായ് നീ മാത്രമില്ല ചാരെ...

പരിഭവം ചൊല്ലി നീ പോയതെന്തേ?
പിരിയുവാനാകാതടുത്തതല്ലേ?
മുത്തിനു വേണ്ടി ഞാൻ കാത്തിരിക്കും
മുത്തു പോലുള്ളിൽ ഞാൻ കോർത്തു വയ്ക്കും...

വാടാത്ത ചില്ലയിൽ  കൂടൊരുക്കാം
കൂടിന്നകത്തു നാം ചേർന്നിരിക്കാം
"കൂട്ടിന്‍റെ" ചൂടാൽ ഇണക്കിളിക്കും...
മോഹക്കിളിക്കുഞ്ഞു കൺതുറക്കും.

ജീവിതം തട്ടിത്തകർന്നിടാതെ
തൂവാതെ തോരാതെ കൂടെ നിന്നോൾ...
ആകുലചിന്തകളാകെ നീക്കി
ആനന്ദമായെന്നിലാഴ്ന്നവൾ നീ...

നോമ്പുകളോർത്തു ഞാൻ നോറ്റതല്ലേ
നോവുകളാറ്റുവാനെത്തുമോ നീ...
ഇല്ലില്ലെനിക്കിനി വേറൊരുത്തി,
കല്ലിലും കാതലായ് നീയൊരുത്തി ...

Jagan :: പാലാരിവട്ടം മേൽപാലംഒടുവിൽ പാലാരിവട്ടം മേൽപാലം പൊളിച്ചുമാറ്റാൻ തന്നെ സർക്കാർ തീരുമാനിച്ചു.......!

പകരം അതേ സ്ഥാനത്ത്, മികച്ച സാങ്കേതികത്തികവോടെ പുതിയ മേൽപാലം പണിയുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ഒക്ടോബർ ആദ്യവാരം തന്നെ ആരംഭിക്കും. മേൽനോട്ടത്തിന് നേതൃത്വം നൽകുന്നതോ....? സാക്ഷാൽ മെട്രോമാൻ ഈ. ശ്രീധരനും.......!!

ഇന്ന്, മുഖ്യമന്ത്രി, പൊതുമരാമത്തുവകുപ്പ് മന്ത്രി, ഈ. ശ്രീധരൻ മുതലായവർ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം.

42 കോടി രൂപ ചെലവഴിച്ച് പണിത്, രണ്ടര വർഷം മുൻപ് മാത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത മേൽപാലമാണ് പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമായതിനെ തുടർന്ന് പൊളിച്ചുമാറ്റുന്നത്.
ഈ. ശ്രീധരന്‍റെ മേൽനോട്ടത്തിൽ പണിയുന്ന പുതിയ മേൽപാലത്തിന്‍റെ ആകെ ചെലവ് കേട്ടാൽ കേരളം മാത്രമല്ല, ലോകമാകെ ത്തന്നെ ഞെട്ടിവിറയ്ക്കും.കേവലം 18 കോടി രൂപ മാത്രം...............!!
 • പഴയതിനേക്കാൾ മികച്ച സാങ്കേതികത്തികവോടെ പണി തീർക്കുന്ന പുതിയ മേൽപാലത്തിന് ചെലവ് പഴയതിനേക്കാൾ 24 കോടി രൂപ കുറവ്.........!
 • വളരെ വർഷങ്ങൾക്ക് മുൻപ് നിർമ്മാണം തുടങ്ങിയ മേൽപാലമാണി തെന്ന് ഓർക്കണം.
 • അപ്പോൾ ഈ. ശ്രീധരന്‍റെ മേൽനോട്ടത്തിലാണ് അന്ന് മേൽപാലം പണി കഴിപ്പിച്ചിരുന്നതെങ്കിൽ ഏകദേശം 12 കോടി രൂപയ്ക്ക് പണി തീരുമായിരുന്നു എന്ന് ഉറപ്പ്........!!
ചെറിയ ഒരു മേൽപാലത്തിന്റെ നിർമ്മാണത്തിൽ മാത്രം ഇത്രയും തുകയുടെ വ്യത്യാസം വരുന്ന സ്ഥിതിയ്ക്ക്, കാലാകാലങ്ങളായി മാറി മാറി കേരളം ഭരിക്കുന്ന LDF, UDF മുന്നണികളിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും, പൊതുമരാമത്ത വകുപ്പിലെ ഉദ്യോഗസ്ഥരും, കരാറെടുത്ത് പണി ചെയ്യുന്ന നിർമ്മാണ കമ്പനി ഉടമകളും തമ്മിൽ നിലനിൽക്കുന്ന അവിശുദ്ധ കൂട്ടുകെട്ട് മൂലം കേരളത്തിലുടനീളം നടക്കുന്ന വിവിധ നിർമ്മാണ പ്രവർത്തന ങ്ങളിലൂടെ, നമ്മുടെ ഖജനാവിൽ നിന്നും ഇവരൊക്കെ കൂടി കട്ടുമുടിയ്ക്കുന്നത് എത്ര കോടി രൂപ വരുമെന്ന് ഒന്ന് ചിന്തിച്ചു നോക്കുക........!!

ഈ അവസരത്തിൽ അരിയാഹാരം കഴിയ്ക്കുന്ന ഏതൊരാൾക്കും സ്വാഭാവികമായും ഉണ്ടാകാവുന്ന ചില സംശയങ്ങൾ ഈയുള്ളവൻ മറച്ചുവയ്ക്കുന്നില്ല.
 • പഴയ മേൽപാലത്തിന് ചെലവഴിച്ച 42 കോടി രൂപ അത് പണി കഴിപ്പിച്ച നിർമ്മാണ കമ്പനിയിൽ നിന്നും, മേൽനോട്ടം വഹിച്ച പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരിൽ നിന്നും, കോഴപ്പണം പങ്കിട്ടെടുത്ത് കീശ വീർപ്പിച്ച രാഷ്ട്രീയ പാർട്ടി നേതാക്കളിൽ നിന്നും ഈടാക്കി എടുക്കുമോ.....?
 • അപ്രകാരം ഈടാക്കി എടുക്കാതെ, വീണ്ടും സർക്കാർ ഖജനാവിൽ നിന്നും 18 കോടി രൂപ ചെലവിട്ട് മേൽപാലം പണിയാൻ ഖജനാവിലെ പണം ആർക്കും സ്ത്രീധനം കിട്ടിയതല്ലല്ലോ........? പൊതുജനങ്ങൾ ഒടുക്കിയ നികുതിപ്പണമല്ലേ........?
 • ഇപ്പോൾ ജയിലിൽ കിടക്കുന്ന നിർമ്മാണ കമ്പനി മുതലാളിയ്ക്ക് മേലിൽ ഇത്തരം കരാർ പണികൾ നൽകില്ലെന്ന് സർക്കാർ തീരുമാനം എടുക്കേണ്ടതല്ലേ?
 • അത് എന്തുകൊണ്ട് എടുക്കുന്നില്ല........?
 • UDF ഭരണകാലത്ത് നിർമ്മാണം തുടങ്ങി, LDF ഭരണകാലത്ത് പൂർത്തിയാക്കിയ ഈ മേൽപ്പാലത്തിന്‍റെ "നിർമ്മാണക്കറ" ഇരുമുന്നണികളുടേയും നേതാക്കളുടെ കയ്യിൽ പുരണ്ടിട്ടുള്ളതല്ലേ.......?
 • അവരെ ഇങ്ങനെ "നൈസായി" ഒഴിവാക്കുന്നത് ശരിയോ........?
 • അത്തരം വിഷയങ്ങളിൽ ഭരണകക്ഷിയും പ്രതിപക്ഷവും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്.......?
 • മരടിലെ ഫ്ലാറ്റ് വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും, രാഷ്ട്രീയ നേതാക്കളേയും, ബിൽഡർമാരെയും ഒഴിവാക്കി, "ഫ്ലാറ്റ് ഉടമകൾ''
 • എന്ന ഇനത്തിൽ പെടുന്ന പൊതു ജനങ്ങളെ മാത്രം ശിക്ഷിക്കുന്ന നടപടി "സാർവത്രികം" ആക്കാനാണോ സർക്കാർ നീക്കം.......?
 • അങ്ങനെയെങ്കിൽ, അത് ജനങ്ങളോടുള്ള വെല്ലുവിളി അല്ലേ.........?
 • പാലാരിവട്ടം എന്ന "ഇത്തിരിവട്ടത്തിൽ" ഒതുക്കിത്തീർക്കാവുന്ന പ്രശ്നങ്ങൾ ആണോ ഇതൊക്കെ .........?
സ്റ്റോപ് പ്രസ്സ് :
അടുത്ത സർവ്വകക്ഷി യോഗം ഉടൻ പ്രതീക്ഷിക് കാമെന്ന് അനന്തപുരിയിൽ നിന്നും വാർത്ത......!

16 September 2019

Anandakuttan :: കവിത :: മുറ്റത്തെ മാമ്പഴം.മുറ്റത്തെ മാവിൽ, മാമ്പഴം കണ്ടപ്പോൾ
ഉണ്ണിക്ക് തിന്നുവാൻ മോഹമായി.

പഴുത്തു ചുവന്നു തുടുത്തൊരു മാമ്പഴം
ഉണ്ണീടേ വായിൽ വെള്ളമേറ്റി.

ആരാനും വന്നെത്തി മാമ്പഴമിട്ടെങ്കിൽ
ഉണ്ണിക്കു രുചിയോടെ തിന്നീടാമേ.

മാവിന്നിലകൾ മറച്ചൊരാ മാമ്പഴം
കാകനുമണ്ണാനും കണ്ടതില്ല.

പെട്ടെന്നൊരു കാകൻ മാവിൽ പറന്നെത്തി
കൊമ്പിലാ ചില്ലയിൽ വന്നിരുന്നു.

ചില്ല കുലുങ്ങി മാമ്പഴം വീണപ്പോൾ
ഉണ്ണിക്കൊടുങ്ങാത്ത സന്തോഷമായി.

മാങ്ങയെടുത്തുണ്ണിയുല്ലാസമോടെ
അമ്മതൻ ചാരത്തേക്കോടിയെത്തി.

"അമ്മേ നമുക്ക് മാമ്പഴം തിന്നിടാം,
അച്ഛനേം, പോയി ഞാൻ കൂട്ടിടട്ടേ " .

"ആരാണു മാമ്പഴമിട്ടതുണ്ണി ? " - "ഒരു
കാകനാണിട്ടതെ"ന്നുണ്ണി ചൊല്ലി.

"പാവമാകാകൻ വിശന്നിട്ടാകാം
ആ മരച്ചില്ലയിൽ വന്നതെങ്കിൽ ,
മോനേ മാമ്പഴമതിന്നു നൽകു,
നിനക്കമ്മ രുചിയേറും പാലു നൽകാം".

കൊതിയേറെയുണ്ടെങ്കിലും പാവമുണ്ണി
മാമ്പഴം മുറ്റത്തേക്കിട്ടുവല്ലോ.
അതു കണ്ട കാകൻ 'കാ കാ 'എന്നു പാടി
മുറ്റത്ത് വേഗത്തിൽ പാറിയെത്തി ,
മാമ്പഴം കൊത്തിപ്പറന്നു പോയി.

ഉണ്ണിക്കു സങ്കടം വന്നെങ്കിലും പാവം
കാകന്നു വിശപ്പൊട്ടു മാറിടട്ടേ.
എന്നാശ്വസിച്ചുണ്ണി, കൊഞ്ചലോടെ ,ഇനി
മാമ്പഴമുണ്ടോയെന്നന്വേഷിച്ചു.

"ഇവിടില്ല മാമ്പഴം " , അമ്മ ചൊല്ലി ,
"മുറ്റത്തു പോയി മാവിലേക്കൊന്നു നോക്കു."

ചില്ലകൾ നോക്കി പരതിയുണ്ണി
ആ മരച്ചോട്ടിൽ വട്ടമിട്ടു.
മാമ്പഴമെങ്ങാനുമാ മരച്ചില്ലയിൽ
പാത്തുപതുങ്ങി നിൽക്കയാണോ?

ഇനിയില്ല മാമ്പഴമെന്നറിഞ്ഞപ്പോൾ
ഉണ്ണിക്ക് സങ്കടമേറെയായി.

"മാമ്പഴക്കാലമിനിയുമെത്തും പൊന്നേ "
ഉണ്ണിയോടുച്ചത്തിലമ്മ ചൊല്ലി.
അതു കേൾക്കേ സാന്ത്വനമോടെയാ പൈതൽ
തഴുകിത്തലോടിയാ മാമരത്തെ .


Balamurali


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657

Balamurali


വാര്‍ത്തകൾ

Support a Writer