Jagan :: തല കുനിച്ച് മൗനികളായി ഇരുന്നത് ശരിയാണോ?

Views:


കശ്മീരിനു  പ്രത്യേക പദവി നൽകിവന്ന ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ നടപടിയെക്കുറിച്ച് ഇന്നലെ എ.ഐ.സി.സി നേതാക്കൾ നടത്തിയ ചർച്ചയിൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നത വളരെ ദേശീയ ശ്രദ്ധ ആകർഷിക്കുന്നതായി.

സോണിയ, രാഹുൽ, പ്രിയങ്ക മുതലായ നേതാക്കൾ കേന്ദ്ര സർക്കാരിന്റെ പ്രസ്തുത നടപടിയെ എതിർത്തപ്പോൾ, യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യആർ.പി.എൻ.സിംഗ്, ദിപേന്ദർ ഹുഡ ഉൾപ്പെടെ ഉളള ചില നേതാക്കൾ ഈ നടപടിയെ സ്വാഗതം ചെയ്തു എന്നാണ് പത്രറിപ്പോർട്ടുകൾ.
കേന്ദ്ര സർക്കാരിന്റെ എല്ലാ നടപടികളേയും കണ്ണടച്ച് എതിർക്കാൻ കഴിയില്ലെന്ന് അവർ തുറന്നടിച്ചത്രേ......! കശ്മീരിൽ ശാശ്വതമായ ശാന്തിയും സമാധാനവും പുന:സ്ഥാപിക്കാനുള്ള ആദ്യ ചുവടുവയ്പായി അവർ അതിനെ വിശേഷിപ്പിച്ചു എന്നാണ് അറിയുന്നത്.
എന്നാൽ, കശ്മീർ സ്വദേശി ഗുലാം നബി ആസാദ് ഈ നടപടിയെ നിശിതമായി വിമർശിച്ചതായും റിപ്പോർട്ടുകളിൽ കാണുന്നു. കശ്മീരിലെ പൗരൻമാരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചതായാണ് അറിവ്.
  • കശ്മീരിലെ ഒരു കൂട്ടം ജനങ്ങൾ ദശാബ്ദങ്ങളായി തുടർന്നു വരുന്ന വിഘടനവാദത്തിനും, പാക്കിസ്ഥാനുമായുള്ള രഹസ്യ ബാന്ധവത്തിനും, അതിലൂടെ നടപ്പക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്കും അന്ത്യം കുറിച്ചു കൊണ്ട്, 
  • ഈയുള്ളവനും നിങ്ങളും അടങ്ങുന്ന ഇൻഡ്യൻ പൗരൻമാർക്കുള്ള എല്ലാ അവകാശങ്ങളും, സ്വാതന്ത്ര്യവും നൽകിക്കൊണ്ട്, 
  • ഒപ്പം, പൗരന് രാഷ്ട്രത്തോടുള്ള കടമകളും, ബാദ്ധ്യതകളും, നിയമസംഹിതയും, ഇൻഡ്യൻ ഭരണഘടനയും ബാധകമാക്കിക്കൊണ്ട്, 
അവരേയും നൂറു ശതമാനം ഇൻഡ്യൻ പൗരന്മാർ ആക്കി മാറ്റുന്ന ഈ നടപടി എങ്ങനെയാണ് അവരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും നഷ്ടപ്പെടുത്തുന്ന തെന്ന് വെളിപ്പെടുത്താനുള്ള രാഷ്ട്രീയ മര്യാദ ഗുലാം നബി ആസാദിന് ഉണ്ടാകണമെന്ന് ഏതൊരു ഇൻഡ്യാക്കാരനും ആഗ്രഹിച്ച്ചുപോകും.

ഭാരതത്തിന്റെ അഖണ്ഡതയെ തകർക്കുന്ന "സ്വാതന്ത്ര്യം"
ഇനിയും കശ്മീർ മേഖലയിൽ അനുവദിച്ചു കൊടുക്കണമെന്നാണോ അദ്ദേഹം അർത്ഥമാക്കിയതെന്നും വിശദമാക്കണം.

ആർട്ടിക്കിൾ 370 നടപ്പാക്കിയ സാക്ഷാൽ ജവഹർലാൽ നെഹ്രു പോലും അന്നു പറഞ്ഞത്,അത് ഒരു താൽക്കാലിക സംവിധാനം മാത്രമാണെന്നും, വൈകാതെ പിൻവലിക്കും എന്നുമായിരുന്നു.

അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ കശ്മീരിലെ സ്ഥിതിഗതികൾ ഇത്ര വഷളാകുന്നതിന് മുൻപു തന്നെ ആർട്ടിക്കിൾ 370 പിൻവലിച്ചേനെ.
രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കേണ്ട കാര്യമുണ്ടോ എന്ന് ഗുലാംനബി ആസാദ് ചിന്തിക്കണം.
ചർച്ചയിൽ പങ്കെടുത്ത കേരള നേതാക്കളുടെ 'മൗനം' ആയിരുന്നു ഏറ്റവും ശ്രദ്ധേയം എന്നറിയുന്നു. 
നിർണ്ണായകമായ പല സന്ദർഭങ്ങളിലും 'മൗനവ്രതം' ആചരിക്കാറുള്ള  'സീനിയർ നേതാവ്' ദശാബ്ദങ്ങളായി ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണി ഉയർത്തിക്കൊണ്ട്, രാഷ്ട്രത്തിന്റെ ശാന്തിയും സമാധാനവും നശിപ്പിച്ചു കൊണ്ടിരുന്ന ഒരു പ്രശ്നത്തിനെതിരേ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടിയെക്കുറിച്ച് (പ്രസ്തുത നടപടി തെറ്റാകട്ടെ, ശരിയാകട്ടെ) നടന്ന വളരെ പ്രധാനപ്പെട്ട ഈ ചർച്ചയിൽ ഒരക്ഷരം പോലും ഉരിയാടിയില്ല എന്നത് കേരള ജനതയ്ക്ക് ഞെട്ടലോടു കൂടി മാത്രമേ കേൾക്കാനാകൂ. അദ്ദേഹത്തിന്റെ ചുവടുപിടിച്ച് കേരളത്തിൽ നിന്നുള്ള 'സഹനേതാക്കളും' മൗനം പാലിച്ചു.
നമ്മുടെ നേതാക്കളോടുള്ള ബഹുമാനം മൂലം അവരുടെ പേരുകൾ ഇവിടെ പരാമർശിക്കുന്നില്ല.
രാഷ്ട്രത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുവാൻ ഭാരതത്തിലെ ഓരോ പൗരനും പ്രതിജ്ഞാബദ്ധമാണ്.
കക്ഷിരാഷ്ട്രീയ ഭേദമെന്യേ നാം ബഹുമാനിക്കുന്ന നമ്മുടെ കേരള നേതാക്കൾ കശ്മീർ വിഷയത്തിൽ കേന്ദ്ര  സർക്കാരിന്റെ നടപടി ശരിയോ തെറ്റോ എന്ന അഭിപ്രായം തുറന്ന പറയാനുള്ള രാഷ്ട്രീയ മാന്യത കാണിക്കണം.
  • ശരിയാണെങ്കിൽ "ശരിയാണ്" എന്ന് സമ്മതിച്ചാൽ മാത്രം മതി, പിന്തുണക്കേണ്ടതില്ല.
  • തെറ്റാണെങ്കിൽ, എന്താണ് തെറ്റെന്നും, എന്തായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും, 
  • കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ   'അത് ' ചെയ്യാമായിരുന്നില്ലേ എന്നും വ്യക്തമാക്കാനുള്ള രാഷ്ട്രീയ ഉത്തരവാദിത്തം ഉണ്ടാകണം.
ഭരണഘടനയെക്കുറിച്ച് വളരെ ആഴത്തിൽ അറിവില്ലാത്ത സാധാരണക്കാരായ കേരളീയർക്ക് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം അറിയാൻ സ്വാഭാവികമായും ആകാംക്ഷ ഉണ്ടാകും.
  • കശ്മീർ എന്നും നീറിക്കൊണ്ടിരിക്കുന്ന ഒരു 'സ്ഥിരം പ്രശ്നം' ആയി നിലനിർത്തണമായിരുന്നോ?
  • അവിടെ ശാന്തിയും സമാധാനവും പുന:സ്ഥാപിക്കേണ്ടത് രാഷ്ട്രീയത്തിന് അതീതമായി രാഷ്ട്രത്തിന്റെ ആവശ്യമല്ലേ?
ഇത്തരം നിർണ്ണായക സന്ദർഭങ്ങളിൽ ജ്യോതിരാദിത്യ സിന്ധ്യ പിന്തുണച്ചതു പോലെ, സോണിയയും, രാഹുലും, പ്രിയങ്കയും, ഗുലാം നബി ആസാദും എതിർത്തതുപോലെ
  • നമ്മുടെ നിലപാട് പരസ്യമായി പറയാനുള്ള ധൈര്യവും ആർജ്ജവവും കാണിക്കാതെ തല കുനിച്ച് മൗനികളായി ഇരുന്നത് ശരിയാണോ?
---0---


വാർത്തകൾക്കു് കടപ്പാട്: 2019 ആഗസ്റ്റ് 08 ലെ മലയാള മനോരമ ദിനപത്രം .




No comments: