14 August 2019

Jagan :: ഒരു അപൂർവ്വ രോഗത്തിന്റെ വൈറസിനെ കണ്ടെത്തിയിരിക്കുന്നു ...........!

Views:


എച്ച് 1 - എൻ1, നിപ മുതലായ മാരകരോഗങ്ങൾക്കു ശേഷം, പ്രളയ ദുരന്തത്തിനൊപ്പം, കേരളീയർക്ക ഭീഷണിയായി അപകടകാരിയായ ഒരു അപൂർവ്വ രോഗത്തിന്റെ വൈറസിനെ കണ്ടെത്തിയിരിക്കുന്നു ...........!
'റിട്രോഗ്രേഡ് അംനീഷ്യ' എന്ന് പേരു നൽകപ്പെട്ട ഈ രോഗത്തിന് കാരണമാകുന്ന വൈറസിനെ കണ്ടു പിടിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ ഒരു സംഘം ആണ്. നാലു ദിവസത്തെ കഠിന പ്രയത്നത്തിനൊടുവിലാണ്, മദ്യപിച്ച് ബോധമില്ലാതെ, അമിത വേഗതയിൽ അശ്രദ്ധമായി കാറോടിച്ച്, ഒരു യുവാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ പ്രതിയായ ഒരു ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥന്റെ രക്തത്തിൽ ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടു പിടിച്ചത്................!!

ഇത്തരം വാഹനാപകടം ഉണ്ടായാൽ, ആ നിമിഷത്തിന് തൊട്ടു മുൻപുള്ള ഏതാനും മണിക്കൂറുകളിലെ സംഭവങ്ങളെ കുറിച്ചുള്ള ഓർമ്മ നഷ്ടപ്പെടുന്നതാണ് അപൂർവ്വ രോഗമായ 'റിട്രോഗ്രേഡ് അംനീഷ്യ'
യുടെ ലക്ഷണം...........!

ചുരുക്കത്തിൽ
  • അപകടത്തിന് മുൻപ് മദ്യപിച്ചിരുന്നത് ഓർമ്മ കാണില്ല...............!
  • എത്ര പെഗ് മദ്യം അകത്താക്കി എന്ന് ഓർമ്മ കാണില്ല.............!
  • കൂട്ടിനുണ്ടായിരുന്ന പെൺ സുഹൃത്തിനെക്കുറിച്ച് ഒട്ടും ഓർമ്മ കാണില്ല.............!
  • അവർ മറ്റൊരുവന്റെ ഭാര്യ ആയിരുന്നു എന്ന കാര്യത്തെക്കുറിച്ച് ഒട്ടുമേ  ഓർമ്മ കാണില്ല.............!
  • രാത്രി 1 മണിക്കു ശേഷം, മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിൽ തനിക്ക് പോകാൻ യൂബർ ടാക്സി വിളിക്കുകയോ, ഏതെങ്കിലും ആൺ സുഹൃത്തിന്റെ സഹായം അഭ്യർത്ഥിക്കുകയോ ചെയ്യാതെ, ഒരു 'പെൺ സുഹൃത്തിനെ തന്നെ ' വിളിച്ചു വരുത്തിയത് എന്തിനാണെന്ന് ഓർമ്മ കാണില്ല........!
  • എന്നാൽ, അപകടത്തിന് ശേഷം പെൺസുഹൃത്തിനെ രക്ഷപ്പെടുത്താൻ, താൻ തന്നെ യൂബർ ടാക്സി വിളിച്ചു വരുത്തി അവരെ കയറ്റി വിട്ടത് എങ്ങനെയെന്നും ഓർമ്മ കാണില്ല.............!
  • ഈ ബുദ്ധി നേരത്തേ തോന്നിയിരുന്നെങ്കിൽ (തനിക്ക് പോകാനും യുബർ ടാക്സി വിളിച്ചിരുന്നെങ്കിൽ ) ഈ പൊല്ലാപ്പ് ഒന്നും തന്നെ ഉണ്ടാകുമായിരുന്നില്ലല്ലോ എന്ന കാര്യം ഓർമ്മ കാണില്ല..............!
'അൽഷിമേഴ്സ് ' എന്ന രോഗത്തിന്റെ ഗണത്തിൽ പെടുത്താവുന്ന ഈ രോഗത്തിന്റെ "ഇത്ര അപകടകരമായ വെർഷൻ" ഇതാദ്യമായിട്ടാണ് കണ്ടെത്തുന്നത് എന്നാണ് വിദഗ്ദ്ധ ഡോക്ടർമാരുടെ അഭിപ്രായം...........!

സാധാരണക്കാരായ ക്രിമിനൽ കേസ് പ്രതികളിൽ, ഇത്തരം സന്ദർഭങ്ങളിൽ കണ്ടു വന്നിട്ടുള്ള സമാനമായ രോഗലക്ഷണങ്ങൾ, പോലീസ് സ്‌റ്റേഷനിലെ  "പൂരപ്പാട്ട്" എന്ന അറിയപ്പെടുന്ന 'മ്യൂസിക് തെറാപ്പി' തേപ്പ്, ഉഴിച്ചിൽ, പിഴിച്ചിൽ, ഉരുട്ടൽ, തുടങ്ങി പോലീസിലെ തന്നെ ആയുർവ്വേദ വിദഗ്ദ്ധർ നടത്തുന്ന ആയുർവ്വേദ ചികിത്സ കൊണ്ടോ, പോലീസ് നടത്തുന്ന 'ഗരുഡൻ തൂക്കം' എന്നറിയപ്പെടുന്ന നേർച്ച കൊണ്ടോ ഒന്നു രണ്ടു ദിവസം കൊണ്ട് പൂർണ്ണമായി മാറിക്കിട്ടുമായിരുന്നു.

എന്നാൽ, ഉന്നതരായ ഐ.എ.എസ് ഓഫീസർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ പ്രമുഖർ, മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ പ്രമുഖർ മുതലായവരുടെ രക്തത്തിൽ കാണപ്പെടുന്ന ഇത്തരം അപൂർവ്വ രോഗത്തിന്റെ വൈറസ് സാധാരണ ജനങ്ങൾക്ക് ലഭ്യമല്ലാത്ത തരത്തിലുള്ള ചികിത്സയും, ആഡംബര ആശുപത്രി സൗകര്യവും നൽകിയാൽ മാത്രമേ നിയന്ത്രണ വിധേയമാകുകയുള്ളൂ എന്ന് വിദഗ്ദ്ധ ഡോക്ടർമാർ അറിയിച്ചു........!

കുറച്ചു വർഷങ്ങൾക്ക് മുൻപ്, ഗായകനും കർഷകനും ആയ ഒരു മുൻ മന്ത്രി തന്റെ വിമാനയാത്രയിൽ തന്റെ സഹയാത്രികയെ 'ഒരു കൈ' ഉപയോഗിച്ച് ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചത് ക്രിമിനൽ കേസ് ആയപ്പോൾ, അദ്ദേഹം യാത്ര ചെയ്ത ദിവസം, 'പ്രസ്തുത കൈ'യ്ക്ക് ഉണ്ടായിരുന്ന സ്വാധീനം 'മുൻകാല പ്രാബല്യത്തോടെ' നഷ്ടപ്പെടുത്തിയിരുന്ന ഒരു തരം അപൂർവ്വ രോഗാണുക്കളെ കുറച്ച് ദിവസത്തിനു ശേഷം അദ്ദേഹത്തിന്റെ രക്തത്തിൽ ഡോക്ടർമാർ കണ്ടു പിടിച്ചതും, പീഡന പരാതിയുമായി കോടതിയെ സമീപിച്ച മാന്യ വനിത "ഐസ്" ആയി കോടതിയിൽ നിന്നും മടങ്ങിയതും കേരളം കണ്ടു. അതിനു മുൻപോ ശേഷമോ ഇത്തരം ഒരു രോഗം ആരിലും കണ്ടിട്ടില്ലത്രേ........!

അഴിമതിക്കേസിൽ പ്രതിയായി ജയിലിൽ അടയ്ക്കപ്പെട്ട മുൻ മന്ത്രി കൊട്ടാരക്കരപ്പിള്ളയ്ക്ക് ജയിലിൽ പ്രവേശിപ്പിച്ച സമയം മുതൽ അദ്ദേഹത്തിന്റെ രക്തത്തിൽ ഏതോ ലോഹം കയറിക്കൂടുകയോ ഇറങ്ങിപ്പോകുകയോ ഒക്കെ ചെയ്തതും നമ്മുടെ ഡോക്ടർമാർ കണ്ടു പിടിച്ചു കളഞ്ഞു..............!

ജയിൽ മോചിതനായി പുറത്തു വന്ന നിമിഷം മുതൽ എല്ലാം 'നോർമൽ ' ആകുകയും, പൂർവ്വാധികം ഭംഗിയായി മുന്നോക്ക വർഗ്ഗ ക്ഷേമത്തിനായി അദ്ദേഹം ജീവിക്കുകയും ചെയ്യുന്നു..............!!

അതിന് മുൻപും ശേഷവും ഈ അപൂർവ്വ രോഗം ആരിലും കണ്ടിട്ടില്ല..........!!!

കൊലക്കേസിൽ പ്രതിയായി 'കണ്ണൂർ രാജാവ്' അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും ഇത്തരത്തിൽ ഒരു അപൂർവ്വ രോഗം മൂലം അദ്ദേഹം കുഴഞ്ഞു വീണു. ജാമ്യം ലഭിച്ചു പുറത്തു വന്നതിന് ശേഷമാണ് രോഗാണുക്കളെ നിയന്ത്രണത്തിലാക്കാൻ ഡോക്ടർമാർക്കു് കഴിഞ്ഞത്. .........!

കേരളത്തിന് പുറത്തും ഇത്തരം അപൂർവ്വ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അന്യസംസ്ഥാന സ്വദേശി ആയ ഒരു ഉന്നത ന്യായാധിപൻ കോടതി അലക്ഷ്യക്കേസിൽ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ആണ് ഇത്തരത്തിലുള്ള  അപൂർവ്വ രോഗം ബാധിച്ച് ആശുപത്രിയിൽ ആയത് എന്ന് ഓർക്കുന്നു............!

രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ മുതലായ രോഗങ്ങൾ പണ്ടു കാലത്ത് ധനാഢ്യന്മാർക്ക് മാത്രമായി 'സംവരണം' ചെയ്യപ്പെട്ടവയായിരുന്നു. എന്നാൽ ഇന്നത്തെക്കാലത്ത് ആ സംവരണമൊക്കെ റദ്ദാക്കി, സാധാരണക്കാർക്കും ഈ രോഗങ്ങൾ ലഭിച്ചു തുടങ്ങിയിരിക്കുന്നു. ....!

അതുപോലെ, സാധാരണക്കാരായ ക്രിമിനൽ കേസ് പ്രതികൾക്ക് കൂടി ആപൽഘട്ടങ്ങളിൽ ഇത്തരം അപൂർവ്വ രോഗങ്ങൾ അനുവദിച്ചു നൽകാനുള്ള
'മാർഗ്ഗം' എങ്ങനെയും കണ്ടെത്തണമെന്ന് കേരളത്തിന് അഭിമാനമായ നമ്മുടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ "വിദഗ്ദ്ധ'' ഡോക്ടർമാരോട് വിനയ പുരസ്സരം അഭ്യർത്ഥിച്ചു കൊള്ളുന്നു.

നാടകാന്ത്യം കവിത്വം :

എന്തായാലും എല്ലാ നാടകങ്ങൾക്കും ഒടുവിൽ പ്രസ്തുത ഉദ്യോഗസ്ഥ പ്രമുഖന് കീഴ് കോടതി ജാമ്യം അനുവദിച്ചു. പ്രതി മദ്യപിച്ചിരുന്നെന്നും, അപകടത്തിൽ പെടുന്ന സമയത്ത് കാറിന് അമിത വേഗത ഉണ്ടായിരുന്നു എന്നും വ്യക്തമാക്കുന്ന തെളിവുകൾ പ്രതി തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണത്രേ പ്രോസിക്യൂഷനും പോലീസും കരുതിയത്............!
അതിനാൽ ജാമ്യം കിട്ടാൻ ബുദ്ധിമുട്ടുണ്ടായില്ല.
സർക്കാർ  പോലീസിനെ നിർബന്ധിച്ച് ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും വിലപ്പോയില്ല.
അപ്പീൽ തള്ളിപ്പോയി.
പ്രതിക്ക് ജാമ്യം...........!

ഇനിയും നാടകം തുടരും, കാത്തിരിക്കുക.........!!No comments:

Post a Comment

Popular Posts - Last 7 days


Subscribe

* indicates required
View previous campaigns.