Anu P Nair :: ''ആരാടാ ഈ കെ ആർ മീര ? നീയും അവളും തമ്മിലെന്താ ?''

Views:


''ആരാടാ ഈ കെ ആർ മീര ? നീയും അവളും തമ്മിലെന്താ ?''

ചോദ്യം എന്നോടായിരുന്നു . ചോദിച്ചത് ഒരു അടുത്ത സുഹൃത്തും . അവനെ ഞാൻ പരിചയപ്പെടുന്നത് ടെക്നോപാർക്കിൽ വച്ചാണ് . ഒരേ കമ്പനിയിൽ ഒരേ പ്രോജക്ടിലായിരുന്നു ഞങ്ങൾ .

ഞാൻ ഫേസ് ബുക്ക് ഒക്കെ കണ്ടും ഉപയോഗിച്ചും തുടങ്ങുന്ന കാലം . മലയാളത്തിൽ ടൈപ്പ് ചെയ്യുവാൻ അന്ന് വശമില്ല . ഇംഗ്ലീഷ് അറിയാമെന്ന ഒരു ശരാശരി പോസ്റ്റ് ഗ്രാജുവേറ്റിന്റെ അമിതമായ ആത്മവിശ്വാസത്തിൽ ഇംഗ്ലീഷിൽ എഴുതി .

പുസ്തക കുറിപ്പുകളിൽ ആയിരുന്നു തുടക്കം . അതേ സമയത്ത് തന്നെയാണ് കെ ആർ മീരയുടെ ആരാച്ചാർ വായിക്കുന്നത് . പല കോണുകളിലൂടെ വായിക്കുകയും വിലയിരുത്തുകയും ചെയ്യാവുന്ന ഒരു നോവൽ . പക്ഷേ അതിലെ സ്ത്രീ പക്ഷപാതിത്വം എനിക്കിഷ്ടമായില്ല . ഞാൻ എഴുതി . ഇംഗ്ലീഷിൽ . എഴുത്തോടെഴുത്ത് .

ഫേസ്ബുക്ക് ഉള്ളതുകൊണ്ട്  എല്ലാം അതിലിട്ടു .
വൗ.... ലൈക്കുകൾ 👍 കമന്റുകൾ ... കുമിഞ്ഞുകൂടുന്നു .

പതിവുപോലെ എനിക്കിത്തിരി ഹെഡ് വെയ്റ്റ് ഒക്കെ വന്നു.
അപ്പോഴാണ് ലവൻ . നേരത്തെ പറഞ്ഞ കൂട്ടുകാരൻ ഒരു ദിവസം എന്റെയടുക്കൽ വന്നത്.

''അനൂ ഫ്രീ ആണേൽ കഫറ്റീരിയ വരെ വാ . നമുക്കല്പ്പം സംസാരിക്കാം''

എനിക്കെന്ത് തിരക്ക് . ബ്രേക്ക് എടുത്ത് അപ്പോൾ തന്നെ കഫറ്റീരിയയിലേക്ക് .
ചായയും മേടിച്ച് ആറാം നിലയിലെ ബാൽക്കണിയിൽ ഇട്ടിരിക്കുന്ന ടേബിളുകളിലൊന്നിൽ ഞങ്ങൾ മുഖാമുഖമിരുന്നു .

ലവൻ അപ്പോൾ കട്ട സീരിയസ്സായി ചോദിച്ചു

''ഡാ ഈ കെ ആർ മീര ആരാ ? നീയും അവളും തമ്മിലെന്താ''

പകച്ചുപോയ് ഞാൻ . ലവൻ വിടുന്ന ലക്ഷണമില്ല പിന്നേം പറയുവാ

''എന്തേലും ഉണ്ടേൽ പറ . നമുക്ക് ശരിയാക്കാം ''

ആറാം നിലയിൽ നിന്ന് ഞാൻ ചാടണോ ലവനെ തള്ളി ഇടണോ എന്ന കൺ ഫ്യൂഷനിൽ ഞാൻ ...

അതൊരു കഥാകാരി ആണെന്നും പുസ്തക കുറിപ്പാണ് എഴുതിയതെന്നും പറഞ്ഞപ്പോൾ ലവൻ

''എന്തോ, ഞാനിതൊന്നും വായിച്ച് നോക്കാറില്ല . നീ എഴുതിയതോണ്ട് ലൈക്ക് അടിക്കുന്നു''
പറ . ഇതല്ലേ ഫ്രണ്ട്ഷിപ്പ് !!
ഇതിൽ നിന്നൊരു പാഠം പഠിക്കാനുണ്ട് . ഒരിക്കലും ഫേസ്ബുക്കിലെ ലൈക്കിലും കമന്റിലും അഭിരമിക്കരുത്.
--- നെല്ലിമരച്ചോട്ടില്‍



No comments: