Anandakuttan :: കഥ :: ആർക്കും വേണ്ടാത്തത്

Views:

Image Credit :: https://www.globalgiving.org/pfil/14114/ph_14114_75539.jpg

മക്കളെല്ലാം നല്ല നിലയിൽ സുഖമായി പല സ്ഥലങ്ങളിലായി താമസിക്കുന്നു.

പക്ഷെ അച്ഛനും അമ്മയും വളരെ കഷ്ടപ്പെട്ട്, ഇപ്പോഴും പഴയ വീട്ടിൽ തന്നെ 'ജീവിക്കുന്നു.'

പെട്ടെന്ന് അച്ഛൻ മരണപ്പെട്ടു.

ഒരാഴ്ച കഴിഞ്ഞു.

"അമ്മേ, ഈ അലമാര ഞാൻ എടുത്തോട്ടെ ?" - മൂത്ത മകൻ ചോദിച്ചു. അമ്മ സന്തോഷത്തോടെ സമ്മതിച്ചു.

പിറ്റേന്ന് ഇളയ മകൾ, "അമ്മേ ഈ ഉരുളി ഞാനെടുത്തോട്ടെ?" --
"ഓ എടുത്തോളു "-- അതിനും അമ്മയ്ക്ക് സന്തോഷമേ ഉള്ളു.

അങ്ങനെ ആ വീട്ടിലുള്ള മുഴുവൻ സാധനങ്ങളും മക്കളെല്ലാവരും കൂടി അപ്പപ്പോഴായി കൊണ്ടുപോയി.
.
അമ്മ കിടക്കുന്ന കട്ടിൽ മാത്രം മിച്ചമായി.

അമ്മ വല്ലതും കഴിക്കുന്നുണ്ടോ - എന്നു പോലും മക്കളാരും തിരക്കാതെയായി.

ഒരു ദിവസം ഇളയ മകൾ അമ്മയെ കാണാൻ വന്നു.

"അമ്മേ, അമ്മ കിടക്കുന്ന കട്ടിൽ ഞാൻ എടുത്തോട്ടെ"?

"ഓ, അതിനെന്താ , എടുത്തോളു ". - വളരെ സന്തോഷത്തോടെ അമ്മ ആ കട്ടിലും മകൾക്ക് കൊടുത്തു.

പഴയ ഒരു തുണി തറയിൽ വിരിച്ച് ആ അമ്മ അന്തിയുറങ്ങി.

മറ്റൊരു മകൾ രണ്ടു ദിവസം കഴിഞ്ഞ് അമ്മയെ കാണാനെത്തി.

" അമ്മേ , അമ്മയുടെ കട്ടിലെവിടെ?  ഞാനതെടുക്കാനാവന്നത് "

" അതു നിന്റെ അനുജത്തി കൊണ്ടുപോയി "

അമ്മയുടെ മറുപടി കേട്ടപ്പോൾ മകൾക്ക് ദേഷ്യം അടക്കാനായില്ല.

"അപ്പോൾ ഈ വീട്ടിൽ ഇനി ഒന്നും ബാക്കി ഇല്ലേ?"

"ഉണ്ട് മോളെ, ഒന്ന് ബാക്കി ഉണ്ട്.- ആർക്കും വേണ്ടാത്തതായി ---ഈ അമ്മ".

അയൽവാസിയുടെ സഹായത്തോടെ അമ്മ വ്യദ്ധസദനത്തിലേയ്ക്ക് യാത്രയായി..

പോകുന്ന വഴിക്ക് അമ്മ അയൽവാസിയോട് പറഞ്ഞു -- "വീടും അൽപം പറമ്പും ബാക്കിയുണ്ട്.. അത് എന്റെ മക്കളോട് തുല്യമായി വീതിച്ചെടുക്കാൻ പറയണേ" ........




No comments: