Anandakuttan :: കഥ :: മധുരിക്കും ഓർമ്മകളെ !!!

Views:


" മക്കളെ , ആരും എഴുന്നേൽക്കുന്നില്ലേ?"

അച്ഛന്റെ വിളി കേട്ടാണ് മൂവരും രാവിലെ ഉണർന്നത്.

എഴുന്നേറ്റ് , ഉമ്മറത്തെത്തിയപ്പോൾ, മുറ്റം തൂത്ത് വ്യത്തിയാക്കുന്ന അമ്മയെയാണ് കണികണ്ടത്.

മുഖം കഴുകി, കിണറിനടുത്തിരുന്ന പഴയൊരു തുരുമ്പുപിടിച്ച തൊട്ടിയിലിരുന്ന, വെള്ളമെടുത്ത്, മുറ്റത്തിനടുത്തു നിൽക്കുന്ന ചെടികളെ നനച്ചു.

അച്ഛൻ പുറത്തേയ്ക്ക് പോയി.

കവലയിലുള്ള ചായക്കടയിൽ നിന്നും രാവിലെ ഒരു ചായ കുടിക്കുന്നത് അച്ഛന്റെ ശീലമാണ്.

'അവൻ' ഇടയ്ക്കിടെ വീടിനു മുന്നിലുള്ള ഇടവഴിയിലേക്കിറങ്ങി നിന്ന് കവലയിലേയ്ക്ക് നോക്കും --അച്ഛൻ വരുന്നുണ്ടോ, കൈയിൽ എന്തെങ്കിലുമുണ്ടോ, എന്നറിയാൻ.

അച്ഛൻ എത്തിക്കഴിഞ്ഞാൽ മക്കൾ മൂന്നു പേരും ഓടി അടുത്തെത്തും .

അച്ഛൻ കവലയിലെ ചായക്കടയിൽ നിന്ന്, വാഴയിലയിൽ പൊതിഞ്ഞു കൊണ്ടുവരുന്ന പുട്ട് ചേച്ചിയെ ഏൽപ്പിക്കും.
മൂന്നുപേരും കൂടി ഉമ്മറത്തിരിക്കും.
ചേച്ചി പുട്ടു പൊതി നിവർത്തി വയ്ക്കും.

ആ പുട്ട് മൂവരും കൂടി, പകുത്തു മാറ്റാതെ ആ ഇലയിൽ നിന്നു തന്നെ കഴിക്കും.

ചെറിയ ചുടുള്ള ആ പുട്ടിന്റെ മണവും രുചിയും ഇന്നും നാവിൽ തന്നെ ഉണ്ട് !!

വയറു നിറഞ്ഞില്ലെങ്കിലും , വിശപ്പു മാറും.

പുട്ടിന്റെ ഒരു തരി പോലും ഇലയിൽ നിന്ന് തറയിൽ വീണിട്ടില്ല..

അടുപ്പത്ത്, മൺകലത്തിലിരിക്കുന്ന, 'പഴം കഞ്ഞി ' വെള്ളം കുറച്ച് കുടിക്കും.
ആ വെള്ളത്തിന് ഒരു വല്ലാത്ത രുചിയാ ...!!
................................................
അച്ഛൻ , നിറം മങ്ങിയ ഒരു പഴയ ചുട്ടിത്തോർത്തുമുടത്ത്, മൺവെട്ടിയും തോളിലേറ്റി പാടത്തേയ്ക്കു പോകും.

കുറച്ചു കഴിഞ്ഞപ്പോൾ അമ്മ അടുക്കളയിലേയ്ക്ക് കയറി.
അടുപ്പിലിരുന്ന മൺകലത്തിന്റ അടപ്പെടുത്ത് , കലത്തിലെ വെള്ളം ഒരു ചെറിയ പാത്രത്തിനുള്ളിലേയ്ക്ക് ചരിച്ചു .
അവസാനം കുറച്ച് 'വറ്റ് ' ആ പാത്രത്തിലേക്ക് വീഴുന്നത് അവൻ കണ്ടിട്ടുണ്ട്.
അമ്മ പാത്രമെടുത്ത് രണ്ടു മൂന്നു കവിൾ വെള്ളം കുടിയ്ക്കും.

എന്നിട്ട് മൺകലവുമെടുത്തു പുറത്തിറങ്ങി വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കും.
അടുക്കളയിലെ , മൂലയിലിരിക്കുന്ന ഒരു പഴയ പാത്രത്തിൽ നിന്ന്, നാഴി അരിയെടുത്ത് കഴുകി വൃത്തിയാക്കി കലത്തിലേയ്ക്കിടും .
ഉണങ്ങിയ ചുളളിക്കമ്പും ഓലച്ചൂട്ടും കൊണ്ടുവന്ന് കത്തിക്കും.

ഉറിയിൽ നിന്ന്,
അമ്മ ,ഒരു പ്ലാസ്റ്റിക്ക് ടിന്നെടുത്ത് തുറന്നു നോക്കിയിട്ട്, അടച്ച് അതു പോലെ തന്നെ തിരികെ വച്ചത് അവൻ കണ്ടു.

തൊട്ടടുത്തു നിന്ന ഉറിയിൽ നിന്ന് അമ്മ, മീൻ വയ്ക്കുന്ന ചട്ടി പുറത്തേക്കെടുത്തു.

'പഴം കഞ്ഞി ' വെള്ളമിരുന്ന പാത്രത്തിൽ നിന്ന്, പഴം ചോറ് എടുത്ത് ചട്ടിക്കകത്തിട്ട് പുരട്ടി .

രണ്ട് ദിവസം പഴകിയ മീൻകറിയുടെ 'വറ്റിയ' 'അരപ്പുകറി'യുടെ മണം!!!
വല്ലാത്തൊരു കൊതി തോന്നി ,
ഒരു ഉരുളയെങ്കിലും കിട്ടിയെങ്കിൽ എന്ന് !!!

രണ്ടോ മൂന്നോ ഉരുളയേ ഉണ്ടാകു -- അത് അമ്മ കഴിച്ചോട്ടെ.

"മോളേ, അടുപ്പിലോട്ടൊന്നു നോക്കണേ.
ചേച്ചിയോട് പറഞ്ഞിട്ട് അമ്മ അയലത്തെ വീട്ടിലേയ്ക്ക് പോയി.

ചേച്ചി ഇടയ്ക്കിടെ അടുപ്പിനടുത്തേയ്ക്ക് പോയി, ചുള്ളിവിറകും ചൂട്ടും എടുത്തു വയ്ക്കും.
പഴയൊരു ചെറിയ ഇരുമ്പുകുഴലുവച്ച് അടുപ്പിലേക്ക് ഊതും..

ഉച്ചകഴിഞ്ഞ് അമ്മ മടങ്ങി വന്നു.

അയലത്തെ വീട്ടിൽ നിന്നു കൊണ്ടുവന്ന തേങ്ങ ഉടച്ച്‌, 'തേങ്ങാവെള്ളം' അമ്മ വായിലേക്ക് ഒഴിച്ചു കൂടിച്ചു.

പഴയ ഒരു 'അരപ്പാൻപെട്ടി'യിൽ നിന്ന് മുളക്, ഉള്ളി, പുളി ,
അമ്മിക്കല്ലിന്നടുത്തിരുന്ന ഉപ്പു ചിരട്ടയിൽ നിന്ന് ഉപ്പ്..... ഒക്കെ എടുത്ത് അമ്മ 'ചമ്മന്തി'യരക്കും.

കുറച്ചു കഴിഞ്ഞപ്പോൾ അച്ഛനുമെത്തി.

അച്ഛന്റെ ചുട്ടി തോർത്തിലും, ദേഹത്തും അവിടവിടെ ചെളി ഉണങ്ങിപ്പിടിച്ചിരിക്കുന്നു..
കാലിലും നിറയെ ചെളി ഉണ്ട്.
കിണറ്റിൽ നിന്നും വെള്ളം കോരി അച്ഛൻ കാലും മുഖവും കഴുകി.

അമ്മ അടുപ്പിലിരുന്ന കഞ്ഞിക്കലം എടുത്തു മാറ്റിവച്ചു..

അടുപ്പിൽ തീക്കനലുണ്ട്.

ഉറിയിൽ നിന്ന്, രാവിലെ അമ്മ തുറന്നു നോക്കിയിട്ട് , അടച്ചുവച്ച ടിന്നെടുത്തു തുറന്നു.
മൂന്നു നാലു കഷണം കരുവാടു മീനെടുത്തു അടുപ്പിലെ കനലിലിട്ടു , ചുട്ടു .

ഹൊ! എന്തൊരു മണം !!-- വായിൽ വെള്ളമൂറി .

അച്ഛൻ കൊണ്ടുവന്ന രണ്ടു മൂന്നു പച്ചകപ്പ, അമ്മ കനലിലിട്ട് ചുട്ടെടുത്തു.

അച്ഛൻ വെട്ടി, കഴുകിക്കൊണ്ടുവന്ന വാഴയിലയിലേയ്ക്ക്, അമ്മ, ചുട്ട കരുവാടും, കപ്പയും ചമ്മന്തിയും കൊണ്ടു വച്ചു.

അച്ഛൻ , 'ചാണകം മെഴുകിയ ' തറയിലിരുന്ന് ചുട്ട കപ്പയിലേക്ക് വിരലുകൊണ്ടൊന്നമർത്തി.,

കപ്പയിൽ നിന്ന് മണമുള്ള ആവി പുറത്തേയ്ക്ക് വന്നു ...
ഹൊ !!.

അമ്മ , മൂന്നു പാത്രത്തിൽ കഞ്ഞി കൊണ്ട് വച്ചു.

ചേച്ചി , പ്ലാവിലകൾ 'പച്ചോല 'ഈർക്കി ചേർത്ത് 'കോട്ടി' കൊണ്ടുവന്നു.

അവനും ചേച്ചിമാരും അച്ഛനെതിരെ ഇരുന്നു.

ഇലയിലിരുന്ന ചമ്മന്തി , കുറച്ച് ,
അമ്മ കഞ്ഞിയിലേക്ക് ഇട്ടു തന്നു.

പ്ലാവിലക്കരണ്ടി , കഞ്ഞിക്കകത്തേക്കിട്ട് കറക്കി , ചമ്മന്തി കലക്കി ചേർത്ത്, കഞ്ഞി കോരി കുടിച്ചു.

എന്തൊരു സ്വാദ് .!!!

അച്ഛൻ, ചുട്ട കരുവാടും കപ്പയും കഴിക്കാൻ തുടങ്ങിയപ്പോൾ അമ്മയെ വിളിച്ചു..

"എടീ , നിനക്കു വേണ്ടേ... നീ എന്തെങ്കിലും കഴിച്ചോ ?"

അമ്മ വന്നടുത്തിരുന്നു.
കപ്പയും കരുവാടും കഴിച്ചു..

അച്ഛൻ , കപ്പയോടൊപ്പം കാന്താരിമുളക് കടിച്ചു തിന്നാറുണ്ട്....!!!
അതു കാണുമ്പോൾ കൊതി തോന്നും.

ഒരിക്കൽ അവൻ അങ്ങനെ കഴിച്ചപ്പോൾ, വായ് എരിഞ്ഞു പുളഞ്ഞതും, കണ്ണുനീരും, മുക്കളയും വന്നതുമൊക്കെ മറക്കാനാകുമോ?.
..........................................

കുറച്ചു കഴിഞ്ഞ് അച്ഛൻ വീണ്ടും പാടത്തേയ്ക്ക് പോയി..
...........:...:............................


കാലം മാറി!!!
...............................

ഇന്ന് ..

മൂന്നോ ,നാലോ നേരം കഴിക്കാൻ ആഹാരം ധാരാളമുണ്ട്.

പലപ്പോഴും 'വിശന്നിട്ടല്ല' കഴിക്കുന്നത്.--

അതു കൊണ്ടു തന്നെ ആഹാരത്തിന് ,
സ്വാദ് , കുറവാണോ ? എന്നുപോലും തോന്നാറുണ്ട്.
............................................

വാഴയിലയിൽ പൊതിഞ്ഞ ചൂടുള്ള പുട്ടും,

പഴമീൻകറി പുരട്ടിയ പഴംചോറും,

കരുവാടും മുളകും കൂട്ടി കഴിച്ച ചുട്ട കപ്പയും .

'പുഴൂരയും ' കുതിർത്ത അരിയും..
ചേർത്തുണ്ടാക്കുന്ന കൊഴുക്കട്ടയും,, ആ കൊഴുക്കട്ട വെള്ളവും ..

കുച്ചരിയും , 'പതര' യും , കരിപ്പൊട്ടിയും ചേർത്ത് അമ്മ, കുഴച്ചു് തരുന്ന .
ആ ..
ആ ... .
രുചിക്കൂട്ട് ഇന്നുമുണ്ട്.... നാവിൻതുമ്പത്ത്..

രുചി മൂത്ത് നാവു തന്നെ 'അലിഞ്ഞു' പോകും.!!!