Anandakuttan :: കവിത :: എല്ലാം വൃഥാ .

Views:

അയലത്തെ വീട്ടിലെ മാധവിപ്പെണ്ണെന്റെ
മാവിന്റെ കൊമ്പൊന്നു വെട്ടിയിട്ടു.

കൊമ്പിലെ കുട്ടിലെ കാക്കക്കുഞ്ഞുങ്ങൾ
പെട്ടെന്നു തപ്പോന്നു താഴെ വീണു !!
പ്രാണൻ പോകുന്ന വേദനയാലവ
 'കാ ' 'കാ ' യെന്നു കരഞ്ഞു.
ആരും സഹിക്കാത്ത കാഴ്ച, എന്റെ
ചങ്കു തകർത്തൊരു വീഴ്ച.

മാവിന്റെ കൊമ്പു വളർന്നു നീണ്ടയലത്തെ
മതിലിന്നകത്തെത്തി 'നോക്കി ' പോലും!!
മാമ്പഴക്കാലത്താക്കൊമ്പീന്നാ 'മൂധേവി'
മാമ്പഴമെത്ര പറിച്ചുതിന്നു...

മാവിലെ കൊമ്പിലെ ഊഞ്ഞാലിലാടി  പണ്ട്
ഞങ്ങൾ മധുരിക്കും പാട്ടുകളെത്ര പാടി.!!

ഊഞ്ഞിലിലന്നാടി  നാം മാങ്ങ പറിച്ചതും,
ഊഞ്ഞാലു പൊട്ടി മറിഞ്ഞങ്ങു വീണതും ,
ചാറ്റൽ മഴയത്തു മാമ്പൂ കൊഴിഞ്ഞപ്പോൾ,
"മാങ്ങകളെത്ര മരിച്ചു കാണും"--
എന്നവൾ ചൊല്ലിയ കാലമതോർത്തു ഞാൻ,
ഇന്നവൾ എല്ലാം മറന്നു പോയോ??

ബാല്യത്തിലാമരച്ചോട്ടിൽ കളിച്ചതും,
കളിയിൽ തോറ്റു പിണങ്ങിപ്പോയതും,
പിണക്കം തീർന്നു വീണ്ടും കളിച്ചതും,
ഓർക്കുവാൻ പോലുമവൾക്കില്ല നേരം !!

അയലത്തെ വീട്ടുകാരന്നു ഞങ്ങൾ,
ഒരു വീടുപോലെ കഴിഞ്ഞ നമ്മൾ ,
ഇന്നൊരു കൂറ്റൻ മതിലു വന്നപ്പോൾ
അയലത്തുകാർ നമ്മളന്ന്യരായി.!!

എവിടെ വച്ചെങ്കിലും കണ്ടു പോയാൽ
പരിചിത ഭാവമൊട്ടില്ല താനും.
മന്ദഹസിക്കാൻ പോലും നേരമില്ലാത്ത
മനസ്സിന്നുടമകളായവർ നാം.
മനസ്സുതുറന്നൊന്നു കുശലം പറയാതെ
മനപൂർവ്വമയൽക്കാർ മുഖം തിരിക്കും.
മണ്ണോടു ചേരേണ്ട മാനവ ജന്മങ്ങൾ വൃഥാ,
ഗർവ്വോടെ മത്സരമെന്തിനാണോ?




1 comment:

Unknown said...

സൂപ്പർ