Raji Chandrasekhar :: ഇതു നമ്മുടെ നാടാണ്...

Views:


ഇതു നമ്മുടെ നാടാണാര്‍ഷ പരമ്പര-
    പുലരും പുണ്യതപസ്ഥാനം
ഇവിടം പാവനമമരം കാക്കുക
    നമ്മുടെ ധര്‍മ്മം, കര്‍ത്തവ്യം.

ഹരനുടെ ഹിമവല്‍ഗിരിനിര മുതലി-
    ക്കന്യാദേവിക്കടലോളം
ഹരിതം വനവും വയലും പുഴയും
    തുയിലുണരുന്നൊരു സുരനാട്.
ശരണം തേടിയലഞ്ഞുവലഞ്ഞവ-
    രഭയം നേടിയതീ നാട്ടില്‍.
അവരേയൂട്ടി വളര്‍ത്തുവതിന്നും
    സ്‌നേഹനിലാവാം നിന്മക്കള്‍.

കപടം ചതിയുമണിഞ്ഞെത്തീ ചില
    ശത്രുമനസ്സുകളീ നാട്ടില്‍
അവരെയനശ്വര മന്ത്രജപത്താ-
    ലാദരവോടെതിരേറ്റെന്നാല്‍
ഉള്‍വളവേറും കുതികാല്‍ വെട്ടുക-
    ളേറെ സഹിച്ചു മടുത്തൂ നാം,
മുള്‍മുനദുര്‍മ്മദമേറുന്നേര-
    ത്തവതാരങ്ങള്‍ പിറന്നീടും.

കേശവശംഖൊലി കര്‍മ്മോന്മുഖനവ-
    യുഗചൈതന്യമുണര്‍ത്തുന്നൂ
മാധവനരുളും ഗീതയിലര്‍ജ്ജുന-
    ശങ്കകളഖിലം തീരുന്നൂ.
വീണ്ടും ഭാരതമാതാവിന്‍ തിരു-
    നടയില്‍ പ്രാണനുമേകീടാന്‍
തരുണമനസ്സുകളനവധി വിരിയു-
    ന്നമ്മേ നിന്നുടെ നാമത്തില്‍.






2 comments:

Unknown said...

ഭാരതഹൃദയമാണീ കവിത.

കെ വി രാജശേഖരൻ

Unknown said...

മനോഹരം വരികൾ