ഓർമയാനം
സ്നേഹത്തണലിൽ ...

Views:
              

കൊച്ചുനാരായണൻ ആചാരി സാർ. ഏവരുടേയും പ്രിയപ്പെട്ട ആശാരി സാർ. വാൽ ചുരുക്കത്തിൽ സാർ ചേർന്നുവരുമ്പോൾ ആചാരി സാർ എന്നാണ് വരേണ്ടത്. മുൻകാലം ഒരു പക്ഷേ അങ്ങനെതന്നെയാവാം വിളിച്ചു പോന്നിട്ടുള്ളത്. വായ്മൊഴി എങ്ങനേയോ എപ്പോഴോ ഭേദപ്പെട്ടതാവാം. വളരെ സൗമ്യനാണ് സാർ.  ചൂരൽ വടി പലപ്പോഴും കൈയ്യിൽ കരുതാറുണ്ടെങ്കിലും  അത് സാറിനൊരു അഹങ്കാരമായിരുന്നില്ല. അലങ്കാരമായിരുന്നു.  ക്ലാസിലെ ഒച്ച ഉച്ചത്തിലാവുമ്പോൾ ചൂരൽ കൊണ്ട് മേശമേൽ തട്ടി ക്ലാസ്മുറി ശാന്തമാക്കുന്നതായിരുന്നു സാറിന്റെ രീതി. 

ചട്ടമ്പിമാർ പോലും സാറിന്റെ ക്ലാസിൽ പ്രശ്നമുണ്ടാക്കാറില്ല. പേടി കൊണ്ടല്ല. സാറിനെ വിഷമിപ്പിച്ചു എന്ന് പുറം ലോകം അറിഞ്ഞാൽ അത് മഹാപാപത്തിന്റെ കണക്ക് പുസ്തകത്തിൽ വന്നു പോയാലോ എന്ന് നിനച്ച്പോയതുകൊണ്ടാവാം സ്നേഹത്തിന് മുന്നിൽ ഒരുതരം കീഴടങ്ങൽ തുടർന്നുപോന്നിരുന്നത്. അക്ഷരം പഠിപ്പിക്കൽ മുതൽ എല്ലാ വിഷയങ്ങളും കൊച്ചു ക്ലാസിൽ സാറ് കൈകാര്യം ചെയ്തിരുന്നു. 
പഠിപ്പിച്ച ഭാഗങ്ങൾ പഠിച്ചുകൊണ്ടേ അടുത്ത ദിവസം വരാവൂ അല്ലേൽ നല്ല ഒന്നാന്തരം അടി കിട്ടുമെന്നൊക്കെ സാറ് പറയും .അടുത്ത ക്ലാസിൽ ചോദ്യം ചോദിയ്ക്കലും ഉണ്ടാവും.എന്നാൽ നല്ലവണ്ണം പഠിക്കുന്നവർ പോലും മന:പൂർവം ചിലത് തെറ്റിക്കും സാറിന്റെ കൈയ്യിൽ നിന്നും 'കൊച്ചടി ' വാങ്ങാനുള്ള അടവായിരുന്നു അത്. സാറിന്റെ തല്ലിനെ അങ്ങനെയാണന്ന് നമ്മളെല്ലാരും വിശേഷിപ്പിച്ചിരുന്നത്. ക്ലാസിനിടയിൽ ഇത്തിരി നേരം സംസാരിക്കാനുള്ള സ്വാതന്ത്ര്യമൊക്കെ സാറ് അനുവദിക്കും. തൊട്ടടുത്തുള്ള ക്ലാസിൽ എത്തുന്ന രീതിയിൽ സംസാരം പാടില്ല എന്ന ഉപാധിയോടെ...

അതിനിടയിൽ ചിലർ (കൂടുതലും പെൺകുട്ടികളാണ് ) "സാറേ.. ഒര് കൊച്ചടിതരോ " എന്ന് ചോദിച്ച് വെറുതെ അടി മേടിക്കും. അത് കണ്ട് അത്ര നേരം സംസാരത്തിൽ നീന്തിത്തുടിച്ചവരും എഴുന്നേറ്റ് സാറിന്റെ മുന്നിൽ ചെന്ന് കൈ നീട്ടും. സ്കൂൾ വിട്ട് വീട്ടിൽ പോകും വഴി മറ്റ് കൂട്ടുകാരോട് എനിക്കിന്ന് ആശാരി സാറിന്റേന്ന് അടി കിട്ടി എന്ന് പറഞ്ഞ് അതിൽ ഗമ കാണിക്കും. 

പ്രഥമാധ്യാപകന്റെ അസാന്നിധ്യത്തിൽ ആ ചുമതല പലപ്പോഴും വഹിച്ചിരുന്നത് ആശാരി സാറാണ്. അപ്പോഴെല്ലാം അതിനനുസരിച്ചുള്ള കാർക്കശ്യo സാറ് സ്വീകരിക്കും. കൊച്ചടി വേണമെന്ന് പറഞ്ഞ് ആ സമയം ആരും മുന്നിൽ ചെല്ലില്ല. സാറിനെ അന്ന് അലട്ടിയിരുന്ന പ്രധാന പ്രശ്നങ്ങൾ ശ്വാസം മുട്ടും വയറിന്റെ അസ്വാസ്ഥ്യവുമാണ്. ഇടക്കിടെ കക്കൂസിൽ പോകാൻ സാറിന് ശങ്ക തോന്നും. അതറിഞ്ഞാൽ കിണറ്റിൽ നിന്ന് വെള്ളം കോരി ബക്കറ്റിൽ നിറച്ച് കക്കൂസിൽ കൊണ്ട് ചെന്ന് വച്ചു കൊടുക്കാൻ കുട്ടികൾ തമ്മിൽ മത്സരമാണ്. എനിക്കും കിട്ടിയിട്ടുണ്ട് ആ ഭാഗ്യം. 

പ്രഥമാധ്യാപകനായി സാറിന് ഇരിക്കേണ്ടി വന്നപ്പോൾ എനിക്ക് മറ്റൊരു ഭാഗ്യവും കൈവന്നു. ബെല്ലടിക്കാനുള്ള ഭാഗ്യം. ഉച്ചയിടവേള കഴിഞ്ഞ് ബെല്ലടിക്കാൻ സമയമായെന്ന് ഏകദേശം ഉറപ്പാക്കി ഞാൻ ഓഫീസിന് മുന്നിലൂടെ കവാത്ത് നടത്തും. ഓഫീസിൽ സാറ് തനിച്ചേ ഉള്ളൂ എങ്കിൽ രണ്ട് ബെല്ലങ്ങടിച്ചേരേ എന്ന് സാറ് പറയും. ഞാനത് ഭയഭക്തി ബഹുമാനത്തോടെ ചെയ്യും. എന്നിട്ട് രാജകലയിൽ ക്ലാസിലോട്ട് ചെന്ന് ഇന്ന് ബെല്ലടിച്ചത് ഞാനാണെന്ന് പറയും." ഓ.. അതാണ് കണേമണേന്ന് കേട്ടത് " ഒരിക്കൽ അസൂയ മൂത്ത ദീപക് എനിക്ക് നേരെ എറിഞ്ഞ മറുമൊഴി അങ്ങനെയായിരുന്നു. അന്ന് ഷിജു എന്റെ ഭാഗത്ത് നിന്നു. എന്റെ മണിയടി കിണ്ണനായിരുന്നു എന്നാണ് അവൻ അന്ന് പറഞ്ഞത്. അത് കേട്ട ബിജു കിണ്ണൻ എന്നത് മാത്രം എടുത്ത് എന്നെ കളിയാക്കി. എന്റെ ആദ്യത്തെ ഇരട്ടപ്പേരിന്റെ പിറവി അങ്ങനെ സംഭവിച്ചു.കിണ്ണൻ. 

പഠിപ്പുകാരനായ ദീപക് ഒരിക്കൽ എന്റെ ഭാഗ്യം തട്ടിയെടുക്കാൻ നോക്കി.ഓഫീസിന് മുന്നിലെ എന്റെ കവാത്തിനിടയിൽ അവൻ ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തി.അന്നത്തെ അവസരം പഠിപ്പുകാരന് ഇരിക്കട്ടേ എന്ന് സാറും കരുതിക്കാണണം. അവന് കിട്ടി അന്നത്തെ ഭാഗ്യം. ജനാലപ്പടിക്ക് താഴെ വച്ചിരിക്കുന്ന നീളൻ തടിക്കഷണവുമായി മണി വട്ടത്തിനടുത്തേക്ക് ഓടിയടുത്ത അവൻ ഒരു നിമിഷം പകച്ചു.പൊക്കമില്ലായ്മയുടെ അന്നേര വല്ലായ്മ അവൻ തിരിച്ചറിഞ്ഞ നിമിഷം. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി നിന്ന അവനെ എടുത്തുയർത്തി. അവൻ മനോഹരമായി ബെല്ലടിച്ചു.. പിന്നെ ഒരിക്കലും എന്റെ കിണ്ണൻ മണിയടി ഭാഗ്യവേളയിൽ വില്ലനായി കടന്നു വന്നിട്ടില്ല. 

ആശാരി സാറിനെ ഇടക്കിടക്ക് ഞാൻ കാണാറുണ്ട്.അച്ഛനും സാറും ഒരുമിച്ച് പഠിച്ചവരാണ്.ശിഷ്യൻ എന്നതിനപ്പുറം കൂട്ടുകാരന്റെ മകൻ എന്ന പരിഗണനകൂടി സാറ് എനിക്ക് പള്ളിക്കൂടത്തിൽ തന്നിരുന്നു. അതു കൊണ്ടാവണം ഒരു കൊച്ചടിക്കു പോലും ഞാൻ കൈ നീട്ടി സാറിനടുത്ത് ചെല്ലാതിരുന്നത്.




No comments: