കല്യാണി :: ശോഭാ മുരളി

Views:

Photo by Michael Dziedzic on Unsplash

പത്രം വായിക്കുന്നതിനിടയിൽ അടുക്കളയിൽ നിന്നുള്ള സംഗീതം എന്റെ ചെവിയിൽ ഒഴുകിയെത്തി. 

നിധി ചാല സുഖമ - ആ രാഗം കല്യാണി - ഞാൻ തിരിച്ചറിയുകയായിരുന്നു. എന്റെ പ്രിയപ്പെട്ടവളുടെ - കല്യാണിയുടെ പ്രിയരാഗം. പിന്നീട് പത്രം വായിക്കാൻ തോനിയില്ല. കണ്ണടച്ച് സോഫയിൽ ചാരി മലർന്നിരുന്നു.

ഒരു കൊല്ലം കഴിഞ്ഞിരിക്കുന്നു. അവൾ എന്നെ വിട്ടു പോയിട്ട്. എന്തെല്ലാം ആരോപണങ്ങൾ.....  ആരുടെ ഒക്കെ കുത്തുവാക്കുകൾ.....

കാൽ വഴുതി കുളിമുറിയിൽ വീണ അവളുടെ തല ക്ലോസെറ്റിൽ ഇടിച്ചതും അത് അവളുടെ മരണകാരണമായതും
അതിന് മുമ്പ് എന്റെ ഉച്ചത്തിലുള്ള സംസാരം റോഡിലൂടെ പോകുന്ന ആരൊക്കെയോ കേട്ടതും എന്റെ വിധി.

ഒരു പക്ഷേ ജീവിച്ചിരിക്കുമ്പോൾ അവളോട് കാണിച്ച അനീതിക്കുള്ള ശിക്ഷ ! ഭാഗ്യം ! കളിയായിട്ടു പോലും മക്കൾ ഒരിക്കലും കുറ്റപ്പെടുത്തിയില്ല.

സുരപതി ത്യാഗരാജനുളനി കിർത്ത സുഖമാ... മകൾ ചൊല്ലി അവസാനി പ്പിക്കയാണ്.

അമ്മയുടെ ആണ്ടു ചാത്തതിന് - അവരുടെ ഭാഷയിൽ ഫസ്റ്റ് ഡെത്ത് ആനിവേഴ്സറിക്ക് വന്നതാണ് അവൾ.  എല്ലാ ആചാരങ്ങളും ചിട്ടയായി ചെയ്യാൻ ഇഷ്ടപ്പെടുന്ന അമ്മയുടെ ചാത്തമുട്ടാൻ....

ഞാൻ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു. ആവിപറക്കുന്ന ഇഡ്ഡലികൾ തട്ടിൽ നിന്ന് മാറ്റാതെ. വെള്ളം തൊട്ട് ഒരു ഇഡ്ഡലി മാന്തി എടുക്കാനായി കൈ പൊന്തി' പെട്ടെന്ന് ആരോ ബലമായി തടഞ്ഞ പോലെ.

"എന്തിനാ ഇങ്ങനെ മാന്തി തിന്നണത് ! ഒരു പ്ലെയ്റ്റ് എടുത്ത് മതിയാവോളം എടുത്ത് കഴിച്ചുടെ,,, ഇത് എല്ലാവർക്കും കഴിക്കണ്ടതല്ലെ.  ഇങ്ങനെ കയ്യിട്ടുവാരണത് എനിക്കിഷ്ടല്ലന്ന് എത്ര തവണ പറഞ്ഞിരിക്കുന്നു." 

അവളുടെ ശബ്ദം എന്റെ കാതിൽ അലയടിച്ചു.  കൈ പിൻവലിച്ച്, പോയി ഒരു പ്ലെയ്റ്റ് എടുത്ത് അതിൽ ഇഡ്ഡലിയും കറിയുമെടുത്ത് നിശബ്ദനായി ഭക്ഷണം കഴിക്കുന്ന എന്നോട് മകൾ പറഞ്ഞു

"ഇങ്ങനെ അന്ന് ചെയ്തിരുന്നെങ്കിൽ അമ്മക്ക് സന്തോഷായേനെ ഇല്ലേ?"

ശരിയാണു - എന്ന അർത്ഥത്തിൽ ഞാൻ മൂളി.

കഴിഞ്ഞതെല്ലാം ഒരു സിനിമാ സ്ക്രീനിലെ പോലെ എനിക്ക് കാണാൻ കഴിയുന്നുണ്ട്. എന്നാലും എന്തോ - അവള് പറയുന്നത് എന്തും എതിർക്കാൻ എനിക്ക്  ഹരമായിരുന്നു. അവളെ പുകഴ്ത്താൻ എനിക്കെന്നും മടിയായിരുന്നു. ആസ്വദിച്ച് കഴിക്കുമ്പോഴും അവളുടെ പാചകത്തിനെ എപ്പോഴും കുറ്റം പറയുമായിരുന്നു.

"മോളെ, ഉഗ്രൻ സാമ്പാറ്', നല്ല സോഫ്റ്റ് ഇഡ്ഡലി."
ഉത്തരം പ്രതീക്ഷിക്കാതെ വിളിച്ചു പറഞ്ഞു.

എന്റെ പ്രിയപ്പെട്ടവളെ മാപ്പ്.....
നിനക്കു തരുന്ന തർപ്പണമായി എന്റെ മാപ്പ് സ്വീകരിച്ചാലും.

ഇന്നലെയെക്കുറിച്ച് പറയാനും തിരുത്താനും ഇന്നുണ്ട്. ഇന്നത്തെ തെറ്റുതിരുത്താൻ ഒരു നാളെ ഉണ്ടായെന്നിരിക്കില്ല  -
ഞാൻ അവളുടെ വാക്കുകൾ ഓർത്തു.

കൈ കഴുകാൻ എഴുനേറ്റു പോകുമ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടക്കാൻ ഞാൻ മിനക്കെട്ടില്ല.




No comments: