Sachin Tendulkar

Views:


'നിങ്ങൾ കിറുക്കനായ ഒരു മനുഷ്യനാണ് '
തന്റെ കാലിലെ പരുക്ക് വക വയ്ക്കാതെ കളിക്കളത്തിലെത്താൻ കൊതിച്ച രോഗിയോട് ഡോക്ടർ പറഞ്ഞു. രോഗി ആരാണെന്നല്ലേ - സച്ചിൻ ടെണ്ടുൽക്കർ .

ക്രിക്കറ്റ് ഇതിഹാസമായി ജീവിക്കുമ്പോഴും പരിക്കുകൾ വിടാതെ അദ്ദേഹത്തെ പിന്തുടർന്നിരുന്നു. പലപ്പോഴും കരിയറിനെ തന്നെ നശിപ്പിക്കാൻ പോന്ന വലിയ പരിക്കുകളെ അദ്ദേഹം അവഗണിച്ചിരുന്നു. അതുകൊണ്ടാണ് ഡോക്ടർക്ക് അങ്ങനെ പറയേണ്ടി വന്നത്. പക്ഷേ ആ കിറുക്കാണ് സച്ചിനെ ഇതിഹാസവും ദൈവവുമൊക്കെ ആക്കി മാറ്റിയത്.

എന്തിനോടെങ്കിലുമുള്ള കിറുക്കാണ് സാധാരണ മനുഷ്യനെ പ്രതിഭാശാലികളാക്കുന്നത്.  സച്ചിന്റെ ആത്മകഥ ഇതിനു തെളിവാണ്. നാം കൈയ്യടിച്ച പല നേട്ടങ്ങളും അസാധ്യ വേദന കടിച്ചമർത്തി നിന്ന് നേടിയതാണ് എന്നറിയുമ്പോൾ ഈ മനുഷ്യനെ എത്ര വലിയ ക്രിക്കറ്റ് വിരോധിയും നമിക്കും.

ഈ ഓണക്കാലം സച്ചിനോടൊപ്പം. അദ്ദേഹത്തിന്റെ ആത്മകഥയായ പ്ലേയിങ് ഇറ്റ് മൈ ഓൺ വേ ആ ഒരു അനുഭവമാണ് എനിക്ക് നൽകിയത്. 2014 ൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ തയാറാക്കിയിരിക്കുന്നത് മേഘ സുധീർ.

ഡി സി യാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2014 ൽ ഈ കൃതിയുടെ ഇoഗ്ലീഷ് പതിപ്പ് കാണുമ്പോൾ അതൊരിക്കലും വായിക്കും എന്ന് കരുതിയിരുന്നില്ല.

കായിക താരങ്ങളോടും കായിക രംഗത്തോടും താത്പര്യം ഇല്ലായിരുന്നത് തന്നെ കാരണം.  അന്ന് ഞാൻ ജോലി ചെയ്തിരുന്ന ഐ ടി കമ്പനിയിലെ ഡയറക്ടർ (വേണു എന്നോ മറ്റോ ആയിരുന്നു അദ്ദേഹത്തിന്റെ പേര്) -ടെ കൈവശമാണ് ഈ പുസ്തകം ഞാൻ ആദ്യം കാണുന്നത്. അദ്ദേഹത്തെ പോലെ വിജയികളായ ആളുകൾ വായിക്കുന്ന പുസ്തകം എന്ന നിലയിൽ ചെറിയ ഒരു ആകർഷണം തോന്നിയിരുന്നു എന്ന് മാത്രം. ഒരു പുസ്തകക്കടയിൽ കണ്ടപ്പോൾ വില നോക്കി . 1000 രൂപയോളം. എന്റെ ഒരു മാസത്തെ പുസ്തക ബഡ്ജറ്റിനെക്കാൾ കൂടുതൽ ആയതിനാൽ വാങ്ങിയില്ല. കഴിഞ്ഞ ആഴ്ച്ച വായനശാലയിൽ ചെന്നപ്പോൾ ദാ ഇരിക്കുന്നു മലയാള പരിഭാഷ. ഒരു ജയിച്ച മനുഷ്യന്റെ ആത്മകഥ.

ഇതിന്റെ വായനക്കാർ നിസ്സാരരല്ല . നാട്ടിലെ ക്ലബ്ബുകളിൽ ക്രിക്കറ്റ് എന്ന പേരിൽ കുട്ടിയും കോലും കളിച്ചു നടക്കുന്ന ആരുടെയും കൈയ്യിലല്ല ഒരു കോർപ്പറേറ്റ് കമ്പനിയിലെ ഡയറക്ടറുടെ കൈയ്യിലായിരുന്നു ഈ പുസ്തകം ഞാനാദ്യം കണ്ടത്. അതു കൊണ്ട് തീരുമാനിച്ചു വായിച്ചേക്കാം.  500 പേജിൽ കൂടുതൽ.  രാവിലെ 1 മണിക്കൂർ വൈകിട്ടും 1 മണിക്കൂർ വായിക്കാൻ തീരുമാനിച്ചു.  ആ സമയത്തിന് പേരുമിട്ടു - Tea with Tendulkar
വായന തുടങ്ങി.  ആ വലിയ മനുഷ്യനെ അറിയുകയായിരുന്നു
അദ്ദേഹം തന്ന ചില പാഠങ്ങൾ...
  1. എല്ലാ വിജയങ്ങളും കഠിനമായ പ്രാക്ടീസിന്റെ ഫലങ്ങളാണ്. 
  2. കഠിനമായ ശാരീരിക ക്ലേശങ്ങൾ ഓരോ സെഞ്ച്വറിയുടെയും പിന്നിലുണ്ട് . അങ്ങനെ കളി ഇങ്ങനെ കളി എന്നൊക്കെ കാണികൾക്ക് പറയാം. അത് എളുപ്പമാണ്.
  3. കളിയിലും കാര്യമുണ്ട്. കൃത്യമായ ആസൂത്രണത്തോട് കൂടിയാണ് എല്ലാ നീക്കങ്ങളും 
  4. സ്വന്തം കാൽവെയ്പ്പുകളിൽ നിന്ന് പഠിക്കുക.
  5. അടുത്ത ഇരട്ട സെഞ്ച്വറി നേടാൻ വീണ്ടും പൂജ്യം മുതൽ തുടങ്ങുക.
  6. വ്യക്തികളുടെ താല്പര്യം സoരക്ഷിക്കേണ്ടത് ടീമിന്റെ ആവശ്യമാണ്. സന്തോഷമുള്ള ഒരു കൂട്ടം ആളുകൾ ചേർന്നാണ് സന്തോഷമുള്ള ഒരു ടീം ഉണ്ടാകുന്നത്.
  7. കളി നിങ്ങൾക്കൊന്നും ദാനമായി തരില്ല.




No comments: