09 July 2019

ചൈനീസ് മഞ്ഞയിലെ ചേരുവകൾ

Views:


ചൈനീസ് മഞ്ഞയിലെ ചേരുവകൾ
ചൈനീസ് മഞ്ഞ - പട്ടത്തിന്റെ നൂലായി ഉപയോഗിക്കുന്നത് ചൈനീസ് മഞ്ഞയാണ് . അയാൾ മൂക്കുകയറായി ഉപയോഗിക്കുന്ന ചൈനീസ് മഞ്ഞയ്ക്ക് നല്ല ഉറപ്പായിരുന്നു . ഗ്ലാസ്സ് പൗഡറും പശമയുള്ള ധാന്യവും വെള്ളവും ചേർത്ത് ചൂടാക്കി കോട പരുവത്തിലാക്കുന്ന മിശ്രിതത്തിൽ നൂല് മുക്കിയെടുക്കുമ്പോൾ നല്ല ഉറപ്പുള്ള എതിരാളിയുടെ പട്ടത്തിന്റെ നൂലിനെ അരിഞ്ഞു വീഴ്ത്താൻ കെല്പുള്ള ചൈനീസ് മഞ്ഞയായി അത് മാറും.  മിഥുൻ കൃഷ്ണയുടെ ചൈനീസ് മഞ്ഞ എന്ന കഥയിലെ പട്ടക്കാരന്റെ നൂലിനെ കുറിച്ചാണ് പറഞ്ഞു വന്നത് . തന്റെ കഥാപാത്രം ചൈനീസ് മഞ്ഞ നിർമ്മിക്കാൻ ഉപയോഗിക്കുന്നതുപോലെ എന്തോ ഒരു മാജിക് എഴുത്തിൽ ഉപയോഗിക്കുന്ന കഥാകാരനാണ് മിഥുൻ . ചൈനീസ് മഞ്ഞയിലെ പത്തു കഥകൾ ഇതിന് തെളിവാണ് .

ചന്ദ്രു എന്ന ഇറച്ചിവെട്ടുകാരൻ അയാളുടെ ഭാര്യ ശാന്തി , പട്ടം നിർമ്മിക്കുന്നയാൾ ഇവരൊക്കെയാണ് ആദ്യ കഥയായ ചൈനീസ് മഞ്ഞയിലുള്ളത് . എന്നാൽ ഇവരെയൊക്കെ നിയന്ത്രിക്കുന്ന ഒരു അദൃശ്യ കഥാപാത്രമുണ്ട് . ആ കഥാപാത്രത്തെ കണ്ടില്ലെങ്കിൽ വായന പരാജയപ്പെടും . വ്യവസ്ഥിതിയാണ് അത് .

ബീഫ് മാത്രമല്ല എല്ലാത്തരം ഇറച്ചികളും നിരോധിക്കപ്പെടുകയാണ് . എന്നാൽ ഇറച്ചിക്ക് ആവശ്യക്കാർ കുറയുന്നുമില്ല . ഈ സങ്കീർണ്ണ സാഹചര്യം ചന്ദ്രു എന്ന ഇറച്ചിവെട്ടുകാരൻ എങ്ങനെ മറികടന്നു എന്ന് കഥ പറയുന്നു . കശാപ്പ് ചെയ്യാനുള്ള മാടുകളെ കിട്ടാതെ വരികയും ഇറച്ചി ഓഡർ ചെയ്തവർ ഭീഷണി മുഴക്കുകയും ചെയ്തപ്പോൾ അശരണരിലേയ്ക്ക് അയാൾ ചൈനീസ് മഞ്ഞ പ്രയോഗിക്കുകയാണ്.

രണ്ടാമത്തെ കഥയായ രണ്ടാമത്തെ കാരണത്തിലേയ്ക്ക് വരാം . അധ്യാപികയും എഴുത്തുകാരിയുമായ ശാലിനി ഒരു തീരുമാനമെടുക്കുന്നു . തന്റെ ആൺ സുഹൃത്തിന്റെ പ്രേരണയും നിർബന്ധവുമാണ് അതിന് കാരണമാകുന്നത് . സംഗതി നിസ്സാരമാണ് . കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഒരു ട്രെയിൻ യാത്ര നടത്തുക .
അവൾ അതിനായി വണ്ടിയിൽ കയറിയതമാണ് . എന്നാൽ ഓടി തുടങ്ങിയ ട്രെയിനിന്റെ അപായ ചങ്ങല വലിച്ച് അവൾ ഇറങ്ങി ഓടി . ഒരമ്മയ്ക്ക് ഒറ്റയ്ക്ക് ഇങ്ങനെ ഒരു യാത്ര സാധ്യമല്ല എന്നവൾ തിരിച്ചറിയുന്നു . പ്രായപൂർത്തിയായ തന്റെ മകളെ അവൾക്ക് സംരക്ഷിക്കേണ്ടതുണ്ട് . വീടിന്നകത്തള്ളവരുടെ നോട്ടങ്ങളിൽ നിന്നു വരെ അമ്മ മകളെ സംരക്ഷിക്കണം . അതിനാൽ ഉത്തരവാദിത്വമില്ലാതെ അലയാൻ അവൾക്കാവില്ല .

നോട്ടങ്ങളെക്കുറിച്ചുള്ള അസ്വസ്ഥത സ്മേര ജീവൻ എന്ന കഥയിലെ അന്ധയായ അമ്മയും പ്രകടിപ്പിക്കുന്നുണ്ട് . വേണ്ട നീ സുന്ദരിയാവണ്ട എന്ന് അവർ പത്തു വയസ്സുകാരിയായ മകളെ ഉപദേശിക്കുന്നു .

ജീവിതത്തിലെ ഒറ്റപ്പെടലുകളെ സൂക്ഷ്മതലത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ചൈനീസ് മഞ്ഞയിലെ കഥകളുടെ വിജയം . പാസ്പോർട് സൈസ് ഫോട്ടോ , ബ്ലൂ ടിക് , അച്ചുവിന്റെ അമ്മ എന്നീ കഥകളിലെല്ലാം ഒറ്റപ്പെട്ടവരുടെ വേദന കാണാം. പാസ്പോർട് സൈസ് ഫോട്ടോയിലെ അമ്മ പറയുന്നു - അമ്മയെന്നും അമ്മയാണല്ലോ ? മകനല്ലേ രൂപാന്തരം പ്രാപിക്കുന്നത് . കൈക്കുഞ്ഞ് , ബാലൻ കൗമാരക്കാരൻ , യുവാവ് , അഛൻ , ഭർത്താവ് ,ഗുരുനാഥൻ.'

ഭർത്താവിൽ നിന്നുള്ള ഒറ്റപ്പെടുത്തലും ശകാരങ്ങളും പിന്നെ ഒരു അപകടവും സൈബർ ലോകത്തെത്തിച്ച വീട്ടമ്മയുടെ കഥയാണ് അച്ചുവിന്റെ അമ്മ . ഫേസ്ബുക് വഴി ഒരു അടുപ്പക്കാരൻ അവർക്കുണ്ടായി . അമ്മയുടെ മാറ്റങ്ങൾ മനസ്സിലാക്കിയ മകൻ ഈ അടുപ്പക്കാരനെ അവളുടെ മുന്നിലെത്തിച്ചു . പക്ഷേ അവർക്ക് അയാളെ വേണമായിരുന്നില്ല . തന്നെ മനസ്സിലാക്കുന്ന ഒരാൾ വീട്ടിൽ ഉണ്ട് എന്ന ആശ്വാസം മതി തനിയ്ക്കെന്ന് അവർ പറയുന്നു .

ചൈനീസ് മഞ്ഞയിലെ 10 കഥകൾ സ്ത്രീയുടെ ഏകാകിയുടെ മനുഷ്യന്റെ ഹൃദയത്തിൽ തൊട്ടു നിൽക്കുന്നവയാണ് .

No comments:

Post a Comment


Malayalamasika Digest
ഓരോ ആഴ്ചയിലും പ്രസിദ്ധീകരിക്കുന്ന പുതിയ രചനകളുമായി
നിങ്ങളുടെ ഇൻബോക്സിൽ എത്തുന്നതിന്

Subscribe

* indicates required
View previous campaigns.


Malayala Masika, Thiruvananthapuram - 695301. 
Mob: 9995361657
mymalayalamasika@gmail.com

Enter Your Email:


Popular Posts (Last Week)