Jagan :: രാഷ്ട്രീയ നിരീക്ഷകർ പ്രതീക്ഷിച്ചിരുന്ന പതനം....!

Views:

പ്രതിദിനചിന്തകൾ<
രാഷ്ട്രീയ നിരീക്ഷകർ പ്രതീക്ഷിച്ചിരുന്ന പതനം....!
https://unsplash.com/photos/qsi87LEkOjA 
Photo by Nabaraj saha on Unsplash


കർണ്ണാടകയിലെ തട്ടിക്കൂട്ടു മന്ത്രിസഭ ഉലയുന്നു. 
രാഷ്ട്രീയ നിരീക്ഷകർ പ്രതീക്ഷിച്ചിരുന്ന പതനം....! എന്തേ ഇത്ര വൈകിയത് എന്ന കാര്യത്തിലേ അതിശയിക്കേണ്ടതുള്ളൂ.മാസങ്ങൾക്കു മുൻപ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലുംഒരു മുന്നണിക്കോ, പാർട്ടിക്കോ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നതിന്നെ തുടർന്ന് നടന്ന 'റിസോർട്ട്' രാഷ്ട്രീയവും, ചാക്കിട്ടു പിടുത്തവും, കുതിരക്കച്ചവടവും ഒക്കെ നാം കണ്ടു. കാലുമാറിയ എം.എൽ.എ.മാരുടെ പത്ത് തലമുറയ്ക്ക് സുഖമായി കഴിയാൻ പോന്ന കോടികൾ കൈമറിഞ്ഞ കച്ചവടം.....!! ഇത്തരം സന്ദർഭങ്ങളിൽ കേരളം ഒഴികെയുളള ഇതര സംസ്ഥാനങ്ങളിൽ പലപ്പോഴും കാണുന്ന പ്രതിഭാസം. കള്ളപ്പണ വേട്ടയ്ക്ക് നടക്കുന്ന ആദായനികുതി വകുപ്പും എൻഫോഴ് മെൻറും ഒന്നും തന്നെ ഈ കച്ചവടത്തിൽ മറിയുന്ന കോടികൾ എവിടെ നിന്നു വരുന്നു എന്നോ എവിടേക്ക് പോകുന്നു എന്നോ അന്വേഷിക്കുന്നില്ല. വ്യക്തമായ ഭൂരിപക്ഷം ആർക്കും ലഭിക്കാതെ വരുമ്പോൾ ഏറ്റവും വലിയ ഒറ്റകക്ഷിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കുക എന്ന ജനാധിപത്യ മര്യാദ നിലനിൽക്കേ ജനവിധിയെ ആക്ഷേപി ക്കുന്ന തരത്തിൽ തെരഞ്ഞെടുപ്പിൽ പരസ്പരം മത്സരിക്കുകയും പോരടിക്കുകയും ചെയ്ത കക്ഷികളെ തട്ടിക്കൂട്ടി ഉണ്ടാക്കുന്ന മുന്നണിയെ വിശ്വാസത്തിലെടുത്ത് മന്ത്രിസഭ രൂപീകരിക്കാൻ അവസരം നൽകിയാൽ ഉണ്ടാകുന്ന സ്വാഭാവിക പരിണാമത്തിന് ഒരു ഉദാഹരണം കൂടി.

     ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിന് മുൻപ് രൂപീകരിക്കുന്ന മുന്നണികളെ മാത്രമേ വിശ്വാസത്തിലെടുക്കാൻ പാടുള്ളൂ എന്ന ഒരു പാഠം എല്ലാ സംസ്ഥാനങ്ങളിലും ഉള്ള ഗവർണ്ണർമാർക്ക് ഇതിൽ നിന്നും ഉൾക്കൊള്ളാൻ ആയാൽ നന്ന്.

     സങ്കുചിതമായ രാഷ്ടീയ കാരണങ്ങളാലോ, ഏറ്റവും വലിയ ഒറ്റകക്ഷിയെ ഒതുക്കുന്നതിനോ വേണ്ടി മാത്രം, ജനവിധിയെ കശാപ്പ ചെയ്തു കൊണ്ട്, തെരഞ്ഞെടുപ്പിന് ശേഷം പരസ്പരം ശത്രുത പുലർത്തിയിരുന്ന കക്ഷികൾ ഒത്തു ചേർന്ന് നടത്തുന്ന ഇത്തരം പൊറാട്ടുനാടകം ആവർത്തിക്കാതിരിക്കാനുള്ള രാഷ്ട്രീയ സദാചാരം നമ്മുടെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.







No comments: