Jagan :: അപകടകരമായ പരസ്യവിപ്ലവത്തിന് അന്ത്യം കുറിക്കാൻ

Views:

പ്രതിദിനചിന്തകൾ
അപകടകരമായ പരസ്യവിപ്ലവത്തിന് അന്ത്യം കുറിക്കാൻ
Photo by Stephen Isaiah on Unsplash

നാഷണൽ ഹൈവേയുടെ വശങ്ങളിൽ പരസ്യബോർഡുകൾ സ്ഥാപിക്കാൻ അനുവാദം നൽകാനുള്ള അധികാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് ഇല്ല എന്ന ചരിത്രപ്രസിദ്ധ ഉത്തരവ് ഇന്നലെ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ നിന്നും ഉണ്ടായത് വളരെ ആശ്വാസമായി.

നാഷണൽ ഹൈവേയുടെ വശങ്ങളിൽ മാത്രമല്ല, ഹൈവേയുടെ കുറുകേ ആർച്ചുകളുടെ രൂപത്തിലും, മീഡിയൻ നിർമ്മിച്ചിട്ടുള്ള ഭാഗങ്ങളിൽ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് മറുവശത്തെ കാഴ്ച പൂർണ്ണമായും മറച്ചുകൊണ്ട് ഭിത്തികളായും വേലികളായും ഒക്കെ ഇപ്പോൾ പരസ്യ ബോർഡുകൾ സ്ഥാനം പിടിക്കുന്നു. ഇവ മൂലമുള്ള അപകടങ്ങൾ പെരുകാൻ തുടങ്ങിയിട്ട് കാലമേറെയായി.

ഫ്ലക്സ് ബോർഡുകളുടെ കടന്നു വരവോടെ ഇത്തരം പരസ്യബോർഡ് ഉപദ്രവവും അവ മൂലമുണ്ടാകുന്ന അപകടങ്ങളും ക്രമാധികം വർദ്ധിച്ചു.

SSLC, +2 പരീക്ഷകളിൽ വിജയിക്കുന്ന കുട്ടികളുടെ ഫോട്ടോ പതിച്ച്, റെസിഡന്റ്സ് അസ്സോസിയേഷനുകളും, രാഷ്ട്രീയ പാർട്ടികളും, ട്യൂട്ടോറിയൽ കോളേജുകളും, ക്ലബ്ബുകളും, എന്തിനധികം കുട്ടിയുടെ ബന്ധുക്കളും സ്പോൺസർ ചെയ്യുന്ന എണ്ണമറ്റ ഫ്ലക്സ് ബോർഡുകൾ അടുത്ത കാലത്തായി അപകടം വിതച്ചു കൊണ്ട് റോഡുവക്കിൽ വഴിമുടക്കികളായി നിൽക്കുന്നു.

പൊതുജനം കൊടുക്കുന്ന നികുതിപ്പണം ഉപയോഗിച്ചു പണിയുന്ന റോഡിന്റേയും, പാലത്തിന്റേയും, കലുങ്ങിന്റേയും, സ്ഥാപിക്കുന്ന വഴി വിളക്കിന്റേയും ഒക്കെ പിതൃത്വം സ്ഥലം MLA ക്കും MP ക്കും മന്ത്രിക്കും ഒക്കെ നൽകിക്കൊണ്ടുള്ള ഫ്ലക്സ് ബോർഡുകളിൽ ഇവരൊക്കെ ജനത്തിനെ നോക്കി യാതൊരു ഉളുപ്പുമില്ലാതെ പല്ലിളിച്ചു ചിരിച്ചു നിൽക്കുന്നത് റോഡു വക്കുകളിൽ ഇപ്പോൾ സ്ഥിരമായി കാണുന്നു.

എല്ലാ ദിവസവും വീട്ടു ചെലവിന് പണം തരുന്ന ചെല്ലപ്പൻചേട്ടന് അഭിവാദ്യങ്ങൾ നേർന്ന കൊണ്ട് പ്രിയ പത്നി ജഗദമ്മച്ചേച്ചി സ്പോൺസർ ചെയ്യുന്ന ഫ്ലക്സ് ബോർഡ് റോഡുവക്കിൽ കണ്ടാൽ അദ്ഭുതപ്പെടേണ്ടതില്ല. 

നിത്യവും ഷാപ്പിൽ വന്ന കള്ളുകുടിക്കുന്ന മത്തായിച്ചേട്ടനും തോമാച്ചനും സന്തോഷകരമായ ക്രിസ്തുമസ് ആശംസിച്ചു കൊണ്ടു ഉപഭോക്തൃ സൗഹൃദമായി കള്ളുഷാപ്പു നടത്തുന്ന ഒരു ഷാപ്പു മുതലാളി സ്പോൺസർ ചെയ്ത ഫ്ലക്സ് ബോർഡ് കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് ആലപ്പുഴ ചങ്ങനാശ്ശേരി റോഡുവക്കത്ത്, കുട്ടനാട് ഭാഗത്ത് കണ്ടത് ഈയുള്ളവൻ ഓർക്കുന്നു.

വൈകിയാണെങ്കിലും അപകടകരമായ ഈ പരസ്യവിപ്ലവത്തിന് അന്ത്യം കുറിക്കാൻ മുന്നോട്ടു വന്ന ബഹുമാനപ്പെട്ട കേരള ഹൈക്കോടതിക്ക് അഭിനന്ദനങ്ങൾ..........!!





No comments: