Jagan :: ഒരായിരം അഭിവാദ്യങ്ങൾ.....! അഭിനന്ദനങ്ങൾ......!!

Views:

പ്രതിദിനചിന്തകൾ
ഒരായിരം അഭിവാദ്യങ്ങൾ.....! അഭിനന്ദനങ്ങൾ......!!

ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽ നിന്നും ഇൻഡ്യയുടെ ബഹിരാകാശ പേടകമായ ചാന്ദ്രയാൻ - 2 - മായി കൂറ്റൻ വിക്ഷേപണ റോക്കറ്റ് GSLV മാർക്ക് - 3 ചന്ദ്രനിലേക്ക് പുറപ്പെട്ടതോടെ ചാന്ദ്രഗവേഷണ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇൻഡ്യയുടെ സ്ഥാനം ഉന്നതങ്ങളിൽ എത്തുന്നു.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യം എന്ന ചരിത്രനേട്ടത്തിലേക്ക് ഇനി അൻപത്തിനാല് ദിവസം മാത്രം. കഴിഞ്ഞ തവണ നാം വിക്ഷേപിച്ച ചാന്ദ്രയാൻ - 1 വരെ ഉള്ള പേടകങ്ങളിലും റോക്കറ്റുകളിലും, വിദേശസാങ്കേതിക വിദ്യയും, വിദേശ നിർമ്മിത ഘടകങ്ങളും കൂടി, നമ്മുടേതിനൊപ്പം ഉപയോഗിച്ചിരുന്നു. എന്നാൽ, ഇത്തവണ പരിപൂർണ്ണമായും ഇൻഡ്യൻ സാങ്കേതിക വിദ്യയും, ഇൻഡ്യൻ നിർമ്മിത ഘടകങ്ങളുമാണ് ഈ റോക്കറ്റിലും പേടകത്തിലും ഉപയോഗിച്ചിരിക്കുന്നത് എന്നത് ഏതൊരു ഭാരതീയനും അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ്.

ഇന്നേക്ക് അൻപത്തിനാലാം ദിവസം നമ്മുടെ ചാന്ദ്രയാൻ - 2 ചന്ദ്രോപരിതലത്തിൽ സ്പർശിക്കുമ്പോൾ ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ തിളക്കമാർന്ന പുതിയ അദ്ധ്യായം ആണ് ഇൻഡ്യ എഴുതിച്ചേർക്കുന്നത്.

ഇത്ര വലിയ ഒരു നേട്ടം കൈവരിക്കാൻ ഉതകുന്ന ഈ പേടകത്തിനും റോക്കറ്റിനും കൂടി രാഷ്ട്രം ചെലവിട്ടത് കേവലം 978 കോടിയോളം രൂപ മാത്രമാണെന്നുള്ളതു തന്നെ വളരെ വലിയ നേട്ടമാണ്. ഒരു ഹോളിവുഡ് ചിത്രത്തിന്റെ നിർമ്മാണത്തിന് പോലും ഇതിലും വളരെ കുടുതൽ തുക ചെലവ് വരും എന്നുള്ളത് നാം ഓർക്കണം.

ഈ നേട്ടത്തിൽ കേരളീയർക്കും അഭിമാനിക്കാൻ ഏറെയുണ്ട്. ISRO യുടെ തുമ്പ, വലിയമല, വട്ടിയൂർക്കാവ് യുണിറ്റുകൾ കേരളത്തിലാണ് എന്നുള്ളത് മാത്രമല്ല നമ്മെ അതിനർഹരാക്കുന്നത്, ഇത്തവണത്തെ ചാന്ദ്രയാൻ ദൗത്യത്തിന് ചുക്കാൻ പിടിച്ച പ്രധാനപ്പെട്ട ISRO ശാസ്തജ്ഞരുടെ പട്ടികയിൽ നൂറുകണക്കിന് മലയാളി ശാസ്ത്രജ്ഞരുണ്ട്. ഇവരിൽ സർവ്വശ്രീ എസ്.സോമനാഥ്, പി.കുഞ്ഞികൃഷ്ണൻ, എസ്.ജയപ്രകാശ്, കെ.സി.രഘുനാഥപിള്ള, പി.എം.ഏബ്രഹാം, ജി.നാരായണൻ മുതലായവരുടെ ശാസ്ത്ര സംഭാവനകളും സേവനവും നിസ്തുലമാണ്.

ചന്ദ്രയാൻ - 2 നെറ് അണിയറയിൽ പ്രവർത്തിച്ചവരിൽ മൂന്നിൽ ഒന്നു ഭാഗവും വനിതകൾ ആണെന്നുള്ളത് നമ്മുടെ അഭിമാനം ഇരട്ടിയാക്കുന്നു. ഇവരിൽ തമിഴ്നാട് സ്വദേശി എം.വനിത, ഉത്തർപ്രദേശ് സ്വദേശി ഋതു കൃതാൽ എന്നിവരുടെ സേവനം ശ്ലാഘനീയമാണ്.

ISR0 യുടേയും ഭാരതത്തിന്റെ തന്നെയും അഭിമാനമായി മാറുന്ന ഈ ചരിത്രനേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞർക്കും ഒരായിരം അഭിവാദ്യങ്ങൾ.........! അഭിനന്ദനങ്ങൾ.............!!

അനതിവിദൂര ഭാവിയിൽ, ഒരു ഭാരതീയൻ ചന്ദ്രോപരിതലത്തിൽ കാലുകുത്തുന്ന ആ ദിവസത്തിനു വേണ്ടി നമുക്ക് കാത്തിരിക്കാം. നമ്മുടെ ശാസ്ത്രജ്ഞർക്ക് എത്രയും വേഗം അതിന് കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം...........!!




No comments: