Jagan :: വെള്ളമിറങ്ങി മരിക്കാമെന്ന നമ്മുടെ സ്വപ്നവും പൂവണിയില്ല.

Views:


പ്രതിദിനചിന്തകൾ
വെള്ളമിറങ്ങി മരിക്കാമെന്ന നമ്മുടെ സ്വപ്നവും പൂവണിയില്ല. 

പാചകവാതകം, പെട്രോൾ, ഡീസൽ, വൈദ്യുതി മുതലായവയുടെ വില വർദ്ധനവു മൂലം ജനങ്ങളുടെ കുടുംബ ബജറ്റ് ആകെ താളം തെറ്റി വലയുമ്പോൾ ഇതാ വെള്ളക്കരവും കൂട്ടിയിരിക്കുന്നു.

ഇതോടെ വെള്ളമിറങ്ങി മരിക്കാമെന്ന നമ്മുടെ സ്വപ്നവും പൂവണിയില്ല. കേന്ദ്രം ഇന്ധനവില കൂട്ടിയതിനാൽ അതിൻമേലുള്ള  സംസ്ഥാന നികുതി കുറയ്ക്കുന്ന പ്രശ്നമേ ഇല്ല  എന്ന ധനമന്ത്രി. പോത്തിനെ ചാരി കാളയെ തല്ലുന്ന ന്യായം........! കേന്ദ്രവിരോധം തീർക്കാൻ ജനങ്ങളെ ശിക്ഷിക്കുന്നു.

ഇപ്പോൾ വെള്ളക്കരം കൂട്ടിയത്, വൈദ്യുതി നിരക്കു വർദ്ധന മൂലം വാട്ടർ അതോറിറ്റിക്ക് ഉണ്ടായ അധിക ബാദ്ധ്യത നികത്താൻ ആണെന്ന  "വെള്ള മന്ത്രി" മുൻകൂർ ജാമ്യം എടുത്തുകഴിഞ്ഞു. ഇത് വെള്ളവും വൈദ്യുതിയും ഉപയോഗിക്കുന്ന ഇതര സർക്കാർ വകുപ്പുകൾക്കുള്ള ഒരു ചൂണ്ടുപലകയാണ്. ഇവ രണ്ടും ഉപയോഗിക്കുന്നതു കൊണ്ടുണ്ടാകുന്ന അധിക ബാദ്ധ്യത തീർക്കാൻ ആ വകുപ്പുകൾക്ക് എല്ലാം തന്നെ ജനങ്ങളെ പിഴിയാനുള്ള ഈ യജ്ഞത്തിൽ തങ്ങളുടേതായിട്ടുളള പങ്ക് ഉറപ്പാക്കി സഹകരിയ്ക്കാവുന്നതാണ്.

കോർപ്പറേറ്റുകൾക്കും വൻകിട കുത്തകകൾക്കും അൻപതു പൈസയക്ക് വൈദ്യുതി നൽകുന്ന അധികൃതർ, KSEB ക്കും വാട്ടർ അതോറിറ്റിക്കും, ഇവരും കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും അർദ്ധസർക്കാർ സ്ഥാപനങ്ങളും നൽകാനുള്ള കുടിശിക തുകയായ ശതകോടികൾ പിരിച്ചെടുത്താൽ മാത്രം ഇപ്പോൾ ഉളള പ്രതിസന്ധികൾ എല്ലാം തന്നെ തരണം ചെയ്യാം.
ആരോട് പറയാൻ?  ഇവരെയൊക്കെ വോട്ട് നൽകി വിജയിപ്പിച്ച് അധികാരത്തിലെത്തിച്ച പൊതു ജനത്തിന് വരുമാന വർദ്ധനവ് ഇല്ലാത്തതിനാൽ മോഷണത്തിന് ഇറങ്ങേണ്ട ഗതികേട് .........!

സർക്കാർ ഇത്തരം ഫണ്ട് റെയ്സിംഗ് പരിപാടികൾ സംഘടിപ്പിക്കുന്നതല്ലാതെ പൊതു ജനങ്ങളുടെ ജീവിതച്ചെലവ് വർദ്ധിക്കുന്നതനുസരിച്ച് അവർക്ക് വരുമാന വർദ്ധനവ് ഉണ്ടാക്കുന്ന ഒരു പരിപാടിയും മുന്നോട്ടുവയ്ക്കുന്നില്ല എന്നത് ഖേദകരം.

ഇപ്പോൾ കിട്ടിയത് :

     പൊതുജനങ്ങൾ ഉപയോഗിക്കുന്ന ശ്വാസവായുവിന് പുതിയതായി കരം ചുമത്താൻ ആലോചന. മനുഷ്യരുടെ നാസാരന്ധ്രത്തിൽ ഘടിപ്പിക്കാവുന്ന തരത്തിലുള്ള "നാനോ ശ്വാസമാപിനി" വികസിപ്പിച്ചെടുക്കാൻ ചെന്നൈ IIT യിലെ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തിയതായി അറിയുന്നു.




No comments: