Anandakuttan :: കവിത :: വർണ്ണജാലക്കാരി

Views:



പൂക്കളിൽ വർണ്ണങ്ങൾ ചാലിച്ച പ്രകൃതി ,
ആ, വർണക്കൂട്ടൊന്നു നീ തന്നിടാമോ ?
എൻ പുഷ്പവാടിയിൽ പൂക്കാതെ നിൽക്കുന്ന
പാവം ചെടിക്കൊരു പൂ കൊടുക്കാൻ ..

പുലരിക്കുഞാനെന്റെ വാടിയിലെത്തുമ്പോൾ
പാവമാവല്ലി കരഞ്ഞു നില്കും.

മറ്റുള്ളവല്ലികൾ പൂക്കളം തീർക്കുമ്പോ-
ളവൾ മാത്രം കണ്ണീർ പൊഴിച്ചു തേങ്ങും.
അവൾ മാത്രം കണ്ണീർ പൊഴിച്ചു തേങ്ങും.

പാവമവളുടെ കണ്ണുനീരൊപ്പുവാൻ
നിന്നുടെ ചായങ്ങൾ നൽകീടണേ.
ചായങ്ങൾ നൽകുവാൻ സമ്മതമില്ലെങ്കിൽ
നിനക്കൊരു സൽകർമ്മം ചെയ്തിടാമോ ?

മറ്റാരും കാണാതെ നീ തന്നെ ചെന്നൊരു
സുന്ദര പുഷ്പമവൾക്കു നൽകൂ.

നീല നിശീഥിനി മെല്ലെയണയുമ്പോൾ,
അവളെത്തി നിന്നെയും കാത്തു നില്ക്കും.
മറ്റാരുമക്കാര്യമറിയാതിരിക്കുവാൻ
അന്നു നീ തിങ്കളെക്കൂട്ടിടേണ്ടാ..

തിങ്കളില്ലാത്തയാ അന്നത്ത രാത്രിയിൽ
അവളാപുവു വിരിച്ചിടട്ടേ..
ഒരു പുഷ്പമെങ്കിലും പൂത്താലവളുടെ
'പൂവില്ലാ' സങ്കടം മാറുമല്ലോ.

ആ പു വിടർത്തി മെല്ലെയവളൊരു
ആമോദ വല്ലിയായ് മാറിടട്ടേ.!!
ആ പൂവു കണ്ടിട്ട് തേനുണ്ണുവാനായ്
പൂമ്പാറ്റകൾ പാറി വന്നിടട്ടേ..

ആ കാഴ്ച കണ്ടു ഞാനാരാമവീഥിയിൽ
ഹൃദ്യമാമീണത്തിലൊന്നുപാടാം.

പാട്ടിന്നുതാളമടിക്കുവാനന്നേരം
മന്ദമായ് മാരുതൻ വീശുമല്ലോ.

കാറ്റിന്റെ താളത്തിൽ, മേളത്തിലാവല്ലി
ആനന്ദനൃത്തമൊന്നാടിടട്ടെ.!!

ആ നൃത്തം കണ്ടു ഞാൻ നിർവൃതി കൊള്ളുമ്പോ-
ളവളുടെ ജന്മവും ധന്യമാകും.!!
ആ ജൻമസാഫല്യമാസ്വദിച്ചങ്ങനെ
ആ പുഷ്പവാടിയുമാനന്ദിക്കും.



No comments: