31 July 2019

Jagan :: ഖണ്ഡശ സസ്പെൻഷൻ'...........!!...


ദീർഘനാളായി സസ്പെൻഷനിലായിരുന്ന, സംസ്ഥാനത്തെ ഏറ്റവും മുതിർന്ന  ഐ.പി.എസ് ഉദ്യോഗസ്ഥൻ, ഡി.ജി.പി റാങ്കിലുള്ള ശ്രീ ജേക്കബ് തോമസിനെ എത്രയും വേഗം സർവ്വീസിൽ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്.

 • അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത് ഒരു തവണ ആയിരുന്നില്ല.........! 
 • മൂന്നു തവണ.........!!
 • ഒരു സസ്പെൻഷന്റെ കാലാവധി തീരുന്നതിനു മുൻപും, അല്ലാതെയും 'അത് ' അങ്ങനെ കൊടുത്തു കൊണ്ടേയിരുന്നു.
 • മുൻപ് കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത തരത്തിലുള്ള ഒരുതരം 'ഖണ്ഡശ സസ്പെൻഷൻ'...........!!

യൂ.ഡി.എഫ് ഭരണകാലത്ത് കുറച്ചു നാൾ സർക്കാരിന്റെ 'ഗുഡ് ബുക്സി'ൽ ആയിരുന്ന ജേക്കബ് തോമസ് പ്രസ്തുത സർക്കാരിന്റെ അവസാന നാളുകളിൽ സർക്കാരിന്റെ' ഹിറ്റ് ലിസ്റ്റി'ൽ ആയിരുന്നു. അതു കൊണ്ടു കൂടി തന്നെ ആയിരുന്നു എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ, തുടക്കത്തിൽ തന്നെ സർക്കാരിന്റെ പ്രിയ പുത്രനാകാൻ ജേക്കബ് തോമസിന് കഴിഞ്ഞതും.

അന്ന് അദ്ദേഹം നീല, മഞ്ഞ, ചുവപ്പ നിറങ്ങളിലുള്ള കാർഡുകൾ ഇറക്കി 'കളിച്ചത്' ഇനിയും മറക്കാറായിട്ടില്ല........!

പക്ഷെ, ഈ കളി അധികനാൾ നിലനിന്നില്ല. പല പല കാരണങ്ങളാൽ വളരെ പെട്ടെന്നാണ് സർക്കാരിന്റെ അഥവാ മുഖ്യമന്ത്രിയുടെ കണ്ണിലെ കരടായി അദ്ദേഹം മാറിയത്. തുടർന്ന് സർക്കാരിന്റെ നയങ്ങളെയും, പലപ്പോഴും      മുഖ്യമന്ത്രിയെ തന്നെയും പരസ്യമായി വിമർശിച്ചു കൊണ്ട് അദ്ദേഹം വാർത്തകളിൽ നിറഞ്ഞു.

അതിനെ തുടർന്ന് ഉണ്ടായ പരസ്പര വിഴുപ്പലക്കലും, ജേക്കബ് തോമസിന്റെ പുസ്തകരചനയും, പ്രതികാര നടപടികളും, സസ്പെൻഷനും, കേസും ഒക്കെ കേരളം കണ്ട മാമാങ്കങ്ങൾ.........!

മുൻ ഡി.ജി.പി ശ്രീ. ടി.പി. സെൻകുമാറിന്റെ വിഷയത്തിലും ഏറെക്കുറെ സമാനമായ വിഴുപ്പലക്കലും, ശിക്ഷാ നടപടികളും, സസ്പെൻഷനും, ട്രൈബ്യൂണലിന്റേയും, സുപ്രീം കോടതിയുടേയും  ഇടപെടലും ഒക്കെ ഉണ്ടായി. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് അദ്ദേഹം സർവ്വീസിൽ തിരിച്ചെത്തുകയും ചെയ്തു.

ആ ചരിത്രം ഇപ്പോൾ ആവർത്തിക്കുന്നു........!!

ഇപ്പോൾ വന്നിട്ടുള്ള ട്രൈബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കുകയാണെങ്കിൽ സംസ്ഥാനത്തെ പോലീസ് മേധാവി ആയി ശ്രീ.ജേക്കബ് തോമസ് അധികാരത്തിൽ വരേണ്ടതാണ്. എന്നാൽ, അതിനുള്ള സാദ്ധ്യത വളരെ വിരളമാണ്.
അതൊക്കെ എന്തോ ആകട്ടെ, സർക്കാരിന്റെ ഭാഗത്തുനിന്നായാലും, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നായാലും ഇത്തരം പോർവിളികളും, വൈരനിര്യാതനബുദ്ധിയോടെ ഉള്ള പ്രവർത്തനങ്ങൾ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള നടപടികളും ഒക്കെ ഉണ്ടാകുന്നത് ആശാസ്യവും അഭിലഷണീയവും ആണെന്ന് പറയാനാവില്ല.
സർക്കാരിന്റെ ശമ്പളം പറ്റുന്ന കേവലം ഒരു ഉദ്യോഗസ്ഥനെ നിയമ നടപടികളിലേക്ക് തള്ളിവിട്ട്, അയാളുടെ മുന്നിൽ പരാജയപ്പെട്ട്, ജാള്യത മറയ്ക്കാൻ ബുദ്ധിമുട്ടുന്നത് ഒരു സർക്കാരിനും ഭൂഷണമല്ല. 
അത്തരം രംഗങ്ങൾ സൃഷ്ടിക്കാതിരിക്കുകയായിരുന്നു ഭേദം. ഇത്തരം അബദ്ധങ്ങൾ ഉണ്ടാകാതിരിക്കാൻ ആണല്ലോ മുഖ്യമന്ത്രിക്ക് അനേകം ഉപദേശകരെ കോടികൾ ചെലവഴിച്ച് വാഴിച്ചിരിക്കു ന്നത്.........!!

ഏത് സർക്കാർ അധികാരത്തിൽ വന്നാലും സർക്കാരിന്റെ നയങ്ങളും പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നത് വിവിധ വകുപ്പുകളുടെ തലപ്പത്തിരിക്കുന്ന ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരാണ്. അതുകൊണ്ട് തന്നെ പ്രസ്തുത ഉദ്യോഗസ്ഥർക്ക് സർക്കാരിനോടുള്ള വിധേയത്വവും, അവർ പാലിക്കേണ്ട അച്ചടക്കവും അനിവാര്യത തന്നെയാണ്.

എന്നാൽ, ചില മന്ത്രിമാരുടേയും ഉദ്യോഗസ്ഥ പ്രമുഖരുടേയും അഴിമതിക്ക് കൂട്ടുനിൽക്കണമെന്ന് ഇതിനർത്ഥമില്ല.
അമാനുഷനും, സൂപ്പർമാനും ഒന്നും ആകാൻ ഉദ്യോഗസ്ഥർ ശ്രമിക്കാതിരിക്കുക.
താൻ സർക്കാർ ഉദ്യോഗസ്ഥൻ ആണെന്ന് മറക്കാതിരിക്കുക.
അതുപോലെ തന്നെ പ്രാധാന്യം അർഹിക്കുന്നു സർക്കാരിൽ നിന്നും ഐ.എ.എസ് , ഐ.പി.എസ് ഉദ്യോഗസ്ഥരോടുള്ള സമീപനവും. അവർ ആത്മാർത്ഥമായി പ്രവർത്തിച്ചാൽ മാത്രമേ, സർക്കാരിന് വിജയകരമായി പ്രവർത്തിക്കാനും, നയപരിപാടികൾ ജനങ്ങളിലേക്ക എത്തിക്കാനും കഴിയുകയുള്ളൂ എന്ന് ബോധം സർക്കാരിനുണ്ടാകണം.
സർക്കാരും ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥരും പരസ്പര പൂരകങ്ങളായി, അഥവാ ഒരു നാണയത്തിന്റെ ഇരുവശങ്ങളായി പ്രവർത്തിക്കുന്നതാണ് അഭികാമ്യം, അഭിലഷണീയം, അനിവാര്യം..........!
മുൻ മുഖ്യമന്ത്രിമാർ ആയിരുന്ന ഇ.എം.എസ്, അച്യുതമേനോൻ, കെ.കരുണാകരൻ മുതലായവരുടെ കാലത്ത് സർവീസിൽ ഉണ്ടായിരുന്ന  ഐ.എ.എസ് , ഐ.പി. എസ് ഉദ്യോഗസ്ഥരെ എത്ര നയപരമായാണ് അവർ കൈകാര്യം ചെയ്തിരുന്നതെന്ന അവരൊക്കെ എഴുതിയിട്ടുള്ള കുറിപ്പുകളും പുസ്തകങ്ങളും ഒന്ന് വായിക്കുകയെങ്കിലും ചെയ്താൽ മനസ്സിലാക്കാം. മുൻ അഡിഷണൽ ചീഫ് സെക്രട്ടറി, അടുത്ത കാലത്ത് ദിവംഗതനായ ഡി. ബാബുപോളിന്റെ കുറിപ്പുകൾ, പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങൾ, അഭിമുഖങ്ങൾ മുതലായവയിൽ നിന്നൊക്കെ ഇത്തരം കാര്യങ്ങൾ നമുക്ക് പഠിക്കാനാകും. ആദരണീയനായ ഐ.എ.എസ് ഉദ്യോഗസ്ഥനും പ്രശസ്ത സാഹിത്യനായകനുമായിരുന്ന ശ്രീ. മലയാറ്റൂർ രാമകൃഷ്ണന്റെ ചില പുസ്തകങ്ങളും സമാനമാണ്.

മിടുക്കരായ, കഴിവു തെളിയിച്ചിട്ടുള്ള  ചില ഐ. പി. എസ്  ഓഫീസർമാരെ പോലും, സങ്കുചിതമായ രാഷ്ട്രീയത്തിന്റെയും, വ്യക്തിവിരോധത്തിനേറയും പേരിൽ കാക്കി യൂണിഫോം കൈ കൊണ്ടു തൊടാൻ പോലും അനുവദിക്കാതെ, ഏതെങ്കിലും കട്ടക്കമ്പനിയുടേയോ, മണ്ണു കമ്പനിയുടേയോ, കോർപ്പറേഷന്റെയോ, ബോർഡിനേറയോ ഒക്കെ എം.ഡി ആക്കി ഒതുക്കി ഇരുത്തി മുരടിപ്പിക്കുന്ന, വർത്തമാനകാല കേരള രാഷ്ട്രീയത്തിൽ ഇതൊക്കെ ആരോടു പറയാൻ..........!?

മികവു തെളിയിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീ. രാജു നാരായണസ്വാമി തന്റെ ദുരനുഭവം വിവരിച്ച്, മാധ്യമങ്ങൾക്കു മുമ്പിൽ വിതുമ്പിക്കരഞ്ഞത് ദിവസങ്ങൾക്കു മുൻപ് കേരളം മാത്രമല്ല, ലോകം മുഴുവൻ കണ്ടു.............!

എന്തായാലും ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരും സർക്കാരും തമ്മിലുള്ള ഈ പോർവിളികളും, വിഴുപ്പലക്കലും, നിയമ നടപടികളും ജേക്കബ് തോമസ് ഐ. പി. എസ്. ന്റെ വിഷയത്തോടു കൂടി അവസാനിപ്പിച്ചാൽ ഏറ്റവും നല്ലത്.

എല്ലാം സശ്രദ്ധം വീക്ഷിച്ചു കൊണ്ടിരിക്കുന്ന പൊതു ജനങ്ങളുടെ മനസ്സിൽ പ്രസ്തുത ഉദ്യോഗസ്ഥരേയും, സർക്കാരിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി അടക്കമുളളവരേയും കുറിച്ചുള്ള മതിപ്പും പ്രതിഛായയും നശിപ്പിക്കുന്നതിന് മാത്രമേ മറിച്ചുള്ള പക പോക്കലും നിയമപോരാട്ടവും സഹായിക്കുകയുള്ളൂ എന്ന് ബന്ധപ്പെട്ടവർക്ക് തിരിച്ചറിവുണ്ടാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

Ruksana Kakkodi :: കവിത :: കർക്കടക വാവ്ഒരുക്കിയിതായീരാവിൽ
കർക്കടക വാവിൽ
പ്രിയ മിത്രമേ നിനക്കായ്
ഒരില ചീളിൽ എള്ളും
ഒരുരുള ചോറും, പൂവും.

നിൻ പ്രിയസുതനേകും
ദിവ്യഭോജ്യം ഭുജിക്കുവാൻ
ചിറകടിച്ചു പറന്നെത്തും
ബലിക്കാക്കയായ് നീയും ഭൂമിയിൽ.

എത്ര വേഗേനെ കൊഴിഞ്ഞു പോയ് .....
നീയെത്ര വേഗേനെ
മറഞ്ഞു പോയ്....!

വിതുമ്പും അധരത്താൽ
നീ മൊഴിയുമെങ്കിലും
കേൾക്കാനാവില്ലല്ലോ.....!
നിന്നിമകളിൽ നിന്നടർന്നു
വീഴും
കണ്ണുന്നീർത്തുള്ളികൾ
പളുങ്കുമണിപോൽ
ചിന്നി ചിതറുമെങ്കിലും
കാണാനാവില്ലല്ലോ....!
നിൻ കരങ്ങളാൽ സാന്ത്വനമേകുമെങ്കിലും
അറിയാനാവില്ലല്ലോ ....!

എങ്കിലും പ്രിയ മിത്രമേ
ഏകിടാമീ രാവിൽ
നിനക്കായ് യാത്രാമൊഴികളും .
ഇനി വരും കർക്കടക വാവിൽ
വന്നു ചേരാൻ.
വീണ്ടും സ്മരണ പുതുക്കുവാൻ.

Kallara Ajayan :: കവിത :: യാദൃച്ഛികം


Image Credit :: Sayanthana

സുഹൃത്തുക്കളോടൊപ്പം ഒരു നീണ്ട യാത്ര പോണം
എന്നു കരുതിയിരുന്നപ്പോൾ
അവരിൽ  രണ്ടുപേർ അപകടത്തിലും
ഒരാൾ രോഗം മൂലവും  മരിച്ചു..

ഭാര്യയെ ഉള്ളു തുറന്നൊന്നു സ്നേഹിക്കണം
എന്ന് കരുതി യിരുന്നപ്പോഴാണ്
അവൾ  ബംഗാളിയോടൊപ്പം ഒളിച്ചോടിയത്...

അമ്മയ്ക്ക് വിലകൂടിയ കോടി മുണ്ട്  വാങ്ങിയെത്തി
അപ്പോൾതന്നെ  ആ  ഫോൺ കാൾ  വന്നു...

ജീവിതം മടുത്തു എന്നു തീർത്തും  കരുതിയിരുന്നപ്പോഴാണ്
പഴയ കാമുകിയുടെ ഒച്ച ഫോണിന്റെ
അങ്ങേതലക്കൽ  നിന്നും ഒഴുകിയെത്തിയത്...

ജീവിതം ഒരിക്കൽക്കൂടി തളിരിട്ടു എന്ന്
ഉറപ്പിച്ചപ്പോഴാണ് ബയോപ്സി റിസൾട്ട്‌
പോസിറ്റീവ്  ആയത് ...

Geethu Francis :: കവിത :: സ്വപ്നസഞ്ചാരിഇരുളാർന്ന നിദ്രയിൽ നി,ന്നെന്നെയാർദ്രമായ്
തഴുകിയുണർത്തുന്ന തെന്നലായ് നീ
അരികെ വന്നുള്ളിലെ മഴവില്ലി,നഴകുള്ള
തരികളാലെന്നെപ്പൊതിഞ്ഞു മെല്ലെ...

മനവും മയങ്ങിപ്പറക്കും ശലഭമായ്
മധുതേടി നിന്നിലലിഞ്ഞു നിൽക്കെ
മറയുന്നു ദുഃഖവും ഭീതിയും കനവിന്റെ
മണമുള്ള സഞ്ചാരിയാകുന്നു ഞാൻ...

Anandakuttan :: കവിത :: പ്രവേശനോൽസവഗാനംകുട്ടനിന്നാദ്യമായി പോകുന്നു കാണുവാൻ
വിദ്യ പകരുന്ന സ്നേഹാലയം,
വീട്ടിന്നരികിലെ വിദ്യാലയം..

കുഞ്ഞു കരം പിടിച്ചുൽസാഹമോടെ
കുഞ്ഞേച്ചി കൂടെയുണ്ടല്ലോ,
കുട്ടന്റെ കുഞ്ഞേച്ചി കൂടെയുണ്ടല്ലോ.

അച്ഛനുമമ്മയും പിന്നിലായുണ്ടേ,
ഉൽസവം കാണുവാൻ കൂടെ,
സ്കൂളിലുൽസവം കാണുവാൻ കൂടെ.

അച്ഛൻ കൊടുത്ത പുതുക്കുപ്പായമിട്ടു
കുട്ടനു മുൽസാഹമേറി
അക്ഷര പൂമുറ്റം കാണാൻ..

അക്ഷരവാടിയിൽ പാറിക്കളിക്കുന്ന
കൊച്ചു കിടാങ്ങളുണ്ടേറേ ,
ആയിരം ചിത്ര പതംഗങ്ങൾ ചാരേ..

അക്ഷരത്തോണിയിൽ  തത്തിക്കളിക്കുന്ന
കുഞ്ഞു ബലൂണുകളുണ്ടേ,
തെയ്തകം പാടുന്ന വർണ ബലൂണുകളുണ്ടേ..

ടീച്ചർ വന്നെത്തി,  മിഠായി നൽകി,
കുശലങ്ങളോരോന്നു ചൊല്ലി ..
കുട്ടികൾ കൊഞ്ചിച്ചിരിച്ചു ...

'അമ്മയെപ്പോലൊരു സുന്ദരി ടീച്ചർ'
കുട്ടൻ മനസ്സിൽ നിനച്ചു,
ജനലിലൂടമ്മയെ നോക്കിച്ചിരിച്ചു..

ഒരു പാട്ടു ടീച്ചർ ഈണത്തിൽ പാടി,
കുട്ടികൾ പാട്ടേറ്റു പാടി,
അവർ താളത്തിൽ കൈകൊട്ടി പാടി..

പുതുമണം പേറുന്ന പുസ്തകം കിട്ടി
കുട്ടികൾ പുഞ്ചിരി തൂകി, അവർ
പുസ്തകത്താളുകൾ നോക്കി.

താളിലെ തത്തയും തവളയും കണ്ടവർ
അത്ഭുതലോകത്തു ചെന്നു,
ആഹ്ലാദ ചിത്തരായി നിന്നു...

ഉല്ലാസമേളം,  ഉൽസാഹമേളം ,
ശബ്ദമുഖരിത രംഗം,
ആകെയൊരുത്സവമഞ്ജീരഘോഷം..

Anandakuttan :: കഥ :: ഗംഭീരൻ പിള്ളയുടെ മരണശേഷം .
ഫൽഗുനൻനായർ, വിരഹൻ പിള്ള,
വിക്കൻ നായർ, മംഗളൻ പിള്ള, കോണപ്പൻ നായർ, ചെറുമൻ പിള്ള,
തുടങ്ങിയവർക്ക് ഇപ്പോൾ മരണങ്ങളേക്കാൾ സഞ്ചയനങ്ങളാണ് കൂടുതൽ .

ഗംഭീരൻ പിളളയുടെ ചരമവാർത്ത അറിയിച്ചു കൊണ്ട് 2 പേർ, ഗുണശേഖരൻ പിള്ളയുടെ വീട്ടിലെത്തി.

സഞ്ചയന അറിയിപ്പ് (കാർഡ് ), ആ പിള്ളക്ക് കൊടുത്തു.
പിള്ളക്ക് കലശലായ ദേഷ്യം വന്നു.

'മരണം ഞാൻ അറിഞ്ഞില്ലല്ലോ?,

"സഞ്ചയന അറിയിപ്പുമായി വന്നിരിക്കുന്നു."

''പിള്ള സാറേ , സഞ്ചയന കാർഡിന്റെ താഴെ ഒരു NB :- ഉണ്ട്. "

"വായിച്ചു നോക്കു ". . വന്നവർ പറഞ്ഞു.

വന്നവർ പോയി.

പിള്ള NB :- വായിച്ചു നോക്കി.

'മരണവാർത്ത യഥാസമയം അറിയിക്കാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കാനപേക്ഷ'

പിള്ള , വായിച്ചു. -- ശരിയാ. അതു കൊണ്ട് മാത്രമാണ് പിള്ള ക്ഷമിച്ചത്.

പിള്ള, നാട്ടുകാർ മരണത്തിനു പോയില്ലെങ്കിലും സഞ്ചയനത്തിന് ഉറപ്പായും പോകും.
അപ്പോൾ പിള്ള, നാട്ടുകാർ ഗംഭീരൻ പിളളയുടെ, മരുമക്കളുടെ ജാതിയെക്കുറിച്ചോ ,മതത്തെക്കുറിച്ചോ ചിന്തിക്കാറില്ല.

സഞ്ചയനത്തിന്, ഇഞ്ചി, ഇഡ്ഢലി, സാമ്പാറ്, പഴം, പായസം, രസം, രസവട,
അതൊക്കെ കിട്ടുമല്ലോ?

അതൊക്കെ കഴിച്ച്, ഏമ്പക്കവും വിട്ട്,
കുറ്റവും പറഞ്ഞ്, (അതു ചളിച്ചതാ, പ്രഥമന് ഉപ്പില്ല, സാമ്പാറിൽ തേങ്ങ കുറഞ്ഞു പോയി, ഇഞ്ചിക്കറിയിൽ പഞ്ചസാര കുറഞ്ഞു പോയി, എന്നൊക്കെ)

"നാളെ മറ്റെ പിള്ളയുടെ സഞ്ചയനമല്ലേ, മരണത്തിനോ പോകാൻ പറ്റിയില്ല,
അവിടെയും സഞ്ചയനത്തിനു പോകണം."

30 July 2019

Jagan :: ഞങ്ങടെ കാശുകൊണ്ടു വേണോ, ഇതൊക്കെ


പ്രതിദിനചിന്തകൾ
ഞങ്ങടെ കാശുകൊണ്ടു വേണോ, ഇതൊക്കെ...
Image Credit:: Sayanthana

കേരള പോലീസ് ഉരുട്ടിക്കൊന്ന കുമാറിന്റെ കടുംബത്തിന് ദശലക്ഷക്കണക്കിന് രുപ സാമ്പത്തിക സഹായവും, ഭാര്യക്കു് സർക്കാർ ഉദ്യോഗവും നൽകുന്നു. വളരെ നല്ല കാര്യം...... ..!
കുമാറിന്റെ കൊലയോടെ അനാഥമായ ആ കടുംബ ത്തിന് താങ്ങും തണലും നൽകേണ്ടത് അനിവാര്യമാണ്.

ഇത് ആദ്യത്തെ സംഭവമല്ല. മുൻപ് എപ്പോഴെല്ലാം പോലീസ് മർദ്ദനം മൂലം (ഉരുട്ടിക്കൊല ഉൾപ്പെടെ) മരണം സംഭവിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ആശ്രിതർക്ക് നഷ്ടപരിഹാരവും സർക്കാർ ഉദ്യോഗവും നൽകിയിട്ടുണ്ട്. നെയ്യാറ്റിൻകരയിൽ ഒരു പോലീസ് ഓഫീസർ നടുറോഡിൽ ഒരു യുവാവിനെ കാറിടിപ്പിച്ചു കൊന്നിട്ട് ആത്മഹത്യ ചെയ്തപ്പോഴും ഈ സാമ്പത്തിക സഹായം ആശ്രിതർക്കും, ഭാര്യയ്ക്ക് സർക്കാർ ഉദ്യോഗവും നൽകി.

മുൻകാലങ്ങളിൽ, കുടുംമ്പത്തിന് ഭാരമാകുന്നവരെ "ഈ കാലമാടൻ ചത്തുപോയെങ്കിൽ ഈ കുടുംബം രക്ഷപ്പെട്ടേനെ "
എന്ന് ചിലർ ശപിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ "ഈ കാലമാടനെ പോലീസ് ഉരുട്ടിക്കൊന്നെങ്കിൽ ഈ കുടുംബം രക്ഷപ്പെട്ടേനെ'' എന്ന് ശപിക്കുന്നതാണ് ഒരു ട്രെൻഡ്.
അത്രയ്ക്ക് ആകർഷകമായ നഷ്ട പരിഹാരവും ആനുകൂല്യങ്ങളുമാണ് കസ്റ്റഡി മരണത്തിനിരയാകുന്നവരുടെ ആശ്രിതർക്ക് ലഭിക്കുന്നത്.

പൊതുജനങ്ങൾ നൽകുന്ന നികുതിപ്പണത്തിൽ നിന്ന്, സർക്കാർ ഖജനാവിൽ നിന്നാണ് ഈ തുക എല്ലാം നൽകുന്നത് എന്നത് നിസ്സാരമായി കാണാൻ പാടില്ല. ഇനിയും പോലീസ് കസ്റ്റഡി മർദ്ദനത്തിൽ എത്രയോ പേർ മരിക്കാനിരിക്കുന്നു.......!
എത്രയോപേർ ആത്മഹത്യ ചെയ്യാനിരിക്കുന്നു.........!!

കഴിഞ്ഞില്ല,
വിവിധ സർക്കാർ വകുപ്പകളിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം, അഴിമതി മൂലം, കെടുകാര്യസ്ഥത മുലം എത്രയോ തുക നഷ്ടപരിഹാരം ഇരകൾക്ക് നൽകാനാരിക്കുന്നു.......?
എത്രയോപേർ ആത്മഹത്യ ചെയ്യാനിരിക്കുന്നു ......!!

ആന്തൂരിലെ പ്രവാസി സംരംഭകന്റെ ആത്മഹത്യയും, അതിന് കാരണമായ നഗരസഭയുടെ കെടുകാര്യസ്ഥതയും ഈ യുള്ളവൻ ഇത്തരുണത്തിൽ മറക്കുന്നില്ല.

കൊച്ചിയിൽ മരട് നഗരസഭയുടെ കെടുകാര്യസ്ഥത മൂലം, തീരദേശ നിയമം ലംഘിച്ച് പണി കഴിപ്പിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കാൻ പരമോന്നത കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നു. അവയിലെ നിരപരാധികളായ, താമസക്കാരായ ഫ്ലാറ്റ് ഉടമകൾക്ക് ന്യായമായും നഷ്ടപരിഹാരം നൽകേണ്ടതല്ലേ?
(കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കൊടുത്തു വാങ്ങിയ കിടപ്പാടം നഷ്ടപ്പെടുന്ന വേദനയാൽ ആരും ആത്മഹത്യ ചെയ്യാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.)
അപ്രകാരം നഷ്ടപരിഹാരം നൽകേണ്ടി വന്നാൽ അതും സർക്കാർ ഖജനാവിൽ നിന്നും നൽകേണ്ടി വരില്ലേ?

ഈ നഷ്ടപരിഹാരത്തുക നൽകേണ്ട ബാദ്ധ്യത ആർക്കാണ്? ഖജനാവിൽ നിന്നും നൽകുക എന്നാൽ, ഈയുള്ളവനും നിങ്ങളും അടങ്ങുന്ന നികുതിദായകർ നൽകുന്നു എന്നാണ്. നമുക്ക് ഈ നഷ്ടപരിഹാരം നൽകേണ്ട ബാദ്ധ്യത ഉണ്ടോ എന്ന് നാം ചിന്തിക്കണം.

നമ്മുടെ പ്രതിശീർഷ സാമ്പത്തിക ബാദ്ധ്യത മാറി മാറി വരുന്ന സർക്കാരുകളുടെ തെറ്റായ നയങ്ങൾ മൂലം വർദ്ധിച്ചു വരികയാണ്.
ഇപ്പോൾ നിലവിലുള്ള സർക്കാർ രണ്ടു വർഷം കഴിയുമ്പോൾ മാറും. പുതിയ സർക്കാർ നിലവിൽ വരും. അന്നും കസ്റ്റഡി മരണങ്ങളും, ഉരുട്ടിക്കൊലയും, അഴിമതിയും, കെടുകാര്യസ്ഥതയും മൂലം നൽകേണ്ടി വരുന്ന നഷ്ട പരിഹാരവും, ഇരകൾക്ക് സർക്കാർ ഉദ്യോഗം നൽകലും ഉണ്ടാകും.
ഈ ബാദ്ധ്യത ചുമക്കേണ്ടത് നിരപരാധികളായ പൊതുജനങ്ങളാണോ?
 • കസ്റ്റഡി മരണം, ഉരുട്ടിക്കൊല, മുതലായവയ്ക്ക് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നും, സ്വത്തുക്കൾ ജപ്തി ചെയ്തും നഷ്ടപരിഹാരത്തിനുള്ള തുക നിർബന്ധമായും കണ്ടെത്തണം.
 • ഏതെങ്കിലും സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അഴിമതിയും, കെടുകാര്യസ്ഥതയും മൂലം ഏതെങ്കിലും ഇരകൾക്ക് നഷ്ടപരിഹാരം നൽകേണ്ടി വന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നും, സ്വത്തുക്കൾ ജപ്തി ചെയ്തും ആ തുക കണ്ടെത്താനുള്ള നടപടി ഉണ്ടാകണം.
ഇത്തരത്തിൽ ഒരു നിയമ നിർമ്മാണം നടത്തിയാൽ മാത്രമേ, അഥവാ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതികൾ വരുത്തിയാൽ മാത്രമേ കസ്റ്റഡി മരണം, ഉരുട്ടിക്കൊല, അഴിമതി, കെടുകാര്യസ്ഥത, മുതലായവയ്ക്ക് ശാശ്വത പരിഹാരം കാണാൻ കഴിയുകയുള്ളൂ.

Harikumar Elayidam :: മുലച്ചിപ്പറമ്പ് ചിലയാഥാര്‍ത്ഥ്യങ്ങള്‍


”മുലക്കരവുമായി ബന്ധപ്പെട്ടിരുന്ന പ്രശ്‌നം സാമ്പത്തികമായിരുന്നു. ദാരിദ്ര്യമായിരുന്നു. മുലക്കരം കൊടുക്കാന്‍ പൈസ ഇല്ലാത്തത് കൊണ്ട് മുല അരിഞ്ഞു കൊടുത്തു എന്നും അങ്ങനെ ചെയ്തവരുടെ പേര് നങ്ങേലി എന്നായിരുന്നുവെന്നുമുള്ള മിത്തുകള്‍ പ്രചരിച്ചു തുടങ്ങിയ കാലവും കൂടിയാണിപ്പോള്‍”
ഡോ. ടി. കെ. ആനന്ദി
ജനപഥം, ജനുവരി 2019

പതിനെട്ടാം നൂറ്റാണ്ടിലെ സാമൂഹിക വ്യവസ്ഥിതി ജാതീയമായ തട്ടുകളില്‍ അധിഷ്ഠിതമായിരുന്നുവെന്നത് നിസ്തര്‍ക്കമാണ്‌. ചെറുകിട /നാട്ടുരാജാക്കന്‍ന്മാരും അവരുടെ ആജ്ഞാനുവര്‍ത്തികളായ നാടുവാഴികളും ഇടപ്രഭുക്കന്മാരും ജനങ്ങളെ പരമാവധി ചൂഷണം ചെയ്യുന്നതിന് പരസ്പരം മത്സരിക്കുന്ന അവസ്ഥ പലേടത്തും പ്രകടവുമായിരുന്നു. എന്നാല്‍ ഈ കൂരിരുട്ടിലും സ്ഫുടതാരകള്‍ തെളിഞ്ഞുനിന്നിരുന്നുവെന്നതും നാം മറന്നുകൂടാ. നിര്‍ഭാഗ്യവശാല്‍, ഭൂതകാലത്തിലെ അത്തരം ശോഭായമാനമാര്‍ന്ന ചിത്രങ്ങള്‍ നമ്മുടെ ചരിത്രപ്പകര്‍പ്പുകളില്‍ അധികമാരും കോറിയിട്ടിട്ടില്ല.

ജനങ്ങളുടെമേല്‍ അമിതഭാരമായി അടിച്ചേല്‍പ്പിക്കപ്പെട്ട പലവിധ നികുതികള്‍, കൂലികൊടുക്കാതെ സര്‍ക്കാര്‍ ആവശ്യത്തിലേക്കായി അടിമജനതയെ നിഷ്ഠുരമായി പണിയെടുപ്പിക്കുന്ന 'ഊഴിയവേല' തുടങ്ങിയവ ഇത്തരം ചൂഷണങ്ങളില്‍പ്പെടുന്നു. തലക്കരം, മുലക്കരം എന്നൊക്ക ഇന്നറിയപ്പെടുന്ന നികുതി സമ്പ്രദായങ്ങള്‍ ഈ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു.

എന്നാല്‍, ഏറെപ്പേരും ഇന്നു കരുതുകയും വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതുപോലെ, ഏതെങ്കിലും ശരീരാവയവങ്ങളുടെ വളര്‍ച്ചയോ, വലുപ്പമോ അനുസരിച്ച് ഒടുക്കേണ്ട നികുതിയായിരുന്നില്ല, ഇവ. 

തലക്കരത്തിലെ 'തല' എന്നത് പുരുഷ തൊഴിലാളിയെയും, മുലക്കരത്തിലെ 'മുല' എന്നത് സ്ത്രീ തൊഴിലാളിയെയും കുറിക്കുന്ന സംജ്ഞാപദങ്ങളായിരുന്നു, പണ്ട്. എന്നാല്‍, മാറിയ സാമൂഹിക സാഹചര്യങ്ങള്‍ക്കുളളില്‍ നിന്നുകൊണ്ട് ഭൂതകാലത്തെ അകാരണമായി ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍, യുക്തിയും നേരും ചരിത്രവും വസ്തുതകളും മറന്ന് തലക്കരവും മുലക്കരവും അവയവങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തപ്പെട്ട നികുതിപ്പണമാണെന്നാരോപിച്ച് ജനതയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നതാണു വാസ്തവം.

ചേര്‍ത്തലയിലെ ഇന്നത്തെ മനോരമക്കവലയെന്നറിയപ്പെടുന്ന സ്ഥലം, പഴയ നാട്ടുവ്യവഹാരങ്ങളില്‍  'മുലച്ചിപ്പറമ്പ്' എന്നാണ് അറിയപ്പട്ടിരുന്നത്. അതേപ്പറ്റി ഏതാനും വര്‍ഷങ്ങളായി ചില ഐതിഹ്യങ്ങളും പ്രചരിച്ചുവരുന്നു. 'പ്രചരിക്കുക' എന്നതിലുപരി, 'പ്രചരിപ്പിക്കുക' എന്നുപറഞ്ഞാല്‍ കൂടുതല്‍ ശരിയാവും.
ചില കേന്ദ്രങ്ങള്‍ക്ക് തീരെ രുചിക്കാത്തതും അഹിതകരവുമായ, ദേശീയ തലത്തിലുളള  രാഷ്ടീയ മാറ്റങ്ങളും, അതിനനുകൂലമായി കേരളത്തിലുണ്ടായി വളര്‍ന്നുകൊണ്ടിരിക്കുന്ന രാഷ്ടീയാനുഭാവവും ഇത്തരം കഥാ പ്രചാരണത്തിന് അടിയൊഴുക്കായിത്തീര്‍ന്നിട്ടുണ്ടെന്ന് അനുബന്ധ സംഭവങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാക്കാനാവും.
തെരുവു നാടകങ്ങള്‍,  പാട്ടുകള്‍, ചിത്ര പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍ എന്നിവയെല്ലാം കൃത്യമായി സംഘടിപ്പിച്ച്, ഒരു നുണയെ നൂറ്റൊന്നാവര്‍ത്തിച്ച്, ആവര്‍ത്തനങ്ങളുടെ അടരുകള്‍ കൊരുത്ത് ജനവിജ്ഞാനീയത്തില്‍ വിഷലിപ്തമായ ഓര്‍മ്മകള്‍ നിക്ഷേപിക്കാന്‍ അണിയറക്കാര്‍ ശ്രദ്ധിച്ചു. അതിലവര്‍ ഏറെ നേടുകയും ചെയ്തു.

വേലുത്തമ്പി ദളവയായിരുന്ന കാലത്താണ് മുലച്ചിപ്പറമ്പിലെ 'ദാരുണ'സംഭവം നടന്നതെന്നാണ് നവാഐതിഹ്യവാദികള്‍ അവകാശപ്പെടുന്നത്.  അവരുടെ കഥനമനുസരിച്ച് വേലുത്തമ്പി ദളവയുടെ ആജ്ഞാനുവര്‍ത്തികള്‍, അഥവാ രാജഭടന്മാരും ഉദ്യോഗസ്ഥരും, നികുതി പിരിക്കാന്‍ വരുന്നു. വീട്ടുകാരിയുടെ അധികം വളര്‍ന്ന മുലയുടെ കരം പിരിക്കാനാണത്രേ, അവരുടെവരവ്. ദാരിദ്ര്യം കൊടുമ്പിരിക്കൊണ്ട നാട്ടില്‍, നികുതി അടക്കാന്‍ ഒട്ടുമേ നിര്‍വ്വാഹമില്ലാതിരുന്ന വീട്ടമ്മ പ്രതിഷേധസൂചകമായി വീട്ടിനകത്തേക്ക് കയറിപ്പോവുകയും ഒരു വാഴയിലയില്‍ തന്‍റെ കുചകുംഭങ്ങള്‍ അറുത്തെടുത്ത് ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ കൊണ്ടുവെച്ച്, 'ദാ ഇതെടുത്തോളൂ' എന്നു പറഞ്ഞ് കുഴഞ്ഞു വീണു  മരണം വരിച്ചെന്നുമാണ് കഥ. മാത്രമല്ല, അവരുടെ ചിതയില്‍ച്ചാടി ഭര്‍ത്താവ് സഹമരണം വരിച്ചുവെന്നാണ് കഥയുടെ അനുബന്ധം. അങ്ങനെ മുലമുറിച്ചു കാണിക്കവെച്ച സത്രീയുടെ നിത്യസ്മരണയില്‍ നിന്നാണ് പ്രസ്തുത പറമ്പിന് മുലച്ചിപ്പറമ്പ് എന്ന പേരു വന്നത്രേ.!
തൊഴിലുറപ്പു തൊഴിലാളികളായ സ്ത്രീകളെയും കുടുംബശ്രീ കൂട്ടായ്മയെയും വൈകാരികമായി കീഴടക്കാനും അവര്‍ക്കിടയില്‍ രാഷ്ടീയ സ്വാധീനമുറപ്പിക്കാനും ഈ കഥ പലരൂപത്തില്‍ ഇതിനിടയില്‍ ആവര്‍ത്തിക്കപ്പെട്ടു. മുലച്ചിപ്പറമ്പിനുമേല്‍ വളര്‍ന്നുവരുന്ന ഇത്തരം കപോലകല്പിത മിഥ്യാവത്ക്കരണം ഭൂരിപക്ഷ സമൂഹത്തിന്‍റെ ഏകതയെയും സഹവര്‍ത്തിത്വത്തെയും തകര്‍ക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണെന്ന് നിസ്തര്‍ക്കമാണ്. അതാണ് അതിന്‍റെ രാഷ്ടീയവും.
കഥയുടെ വേരുചികഞ്ഞു പോയാല്‍, ഏകദേശം കാല്‍നൂറ്റാണ്ടിനിപ്പുറം മാത്രം പഴക്കമേ പ്രസ്തുത ഐതിഹ്യത്തിനുളളൂവെന്നതാണ് വാസ്തവം. എന്നാല്‍, 2013 ല്‍ കണ്ണൂര്‍ സ്വദേശിയായ ടി. മുരളി എന്ന ചിത്രകാരന്‍ എറണാകുളം ദര്‍ബാര്‍ ഹാളില്‍ മുലച്ചിപ്പറമ്പിലെ നായികയായ സ്ത്രീയുടെ മിത്തിനെ (മിഥ്യയെ) ആസ്പദമാക്കി ഒരു ചിത്രപരമ്പര തയ്യാറാക്കി. 'അമണ' എന്നപേരില്‍ അവയുടെ പ്രദര്‍ശനവും കെങ്കേമമായി നടത്തി. ഇതിനകം നമ്മുടെ നവാഐതിഹ്യകഥയിലെ നായികക്ക് നാമകരണവും നടന്നുകഴിഞ്ഞിരുന്നു.  'നങ്ങേലി'യായി അവള്‍ നാവുകളില്‍ വളര്‍ന്നു പന്തലിച്ചു. ചേര്‍ത്തലയിലെ ആ  പറമ്പില്‍ അവസാനമായി താമസിച്ചത് ഒരു ഈഴവ കുടുബമായിരുന്നതുകൊണ്ട്, നങ്ങേലി അവരുടെ ബന്ധുവായ ഈഴവ സ്ത്രീയായി കൊണ്ടാടപ്പെട്ടു. നങ്ങേലിയുടെ ഭര്‍ത്താവിനും പേരുകിട്ടി. ചിരുകണ്ടന്‍ അഥവാ കണ്ടപ്പന്‍. അവര്‍ക്കിരുവര്‍ക്കും,  ദാമ്പത്യത്തില്‍ മക്കളില്ലായിരുന്നുവെന്ന് കഥക്ക് വിപുലീകരണം വരുന്നുത് ഈ ഘട്ടത്തിലാണ്. പറമ്പിലെ ഇപ്പോഴത്തെ താമസക്കാരെ നങ്ങേലിയുടെ പിന്‍ഗാമികളാക്കി പത്രങ്ങള്‍ സ്റ്റോറികള്‍ ചെയ്തു രംഗം കൊഴുപ്പിച്ചു.

കഥയെന്ന നിലയില്‍ യുക്തിഭദ്രമെന്നു തോന്നുന്ന ഈ ഐതിഹ്യ കഥനത്തില്‍ പറ്റിയ പരമാബദ്ധം, നായികയ്ക്കു നല്‍കപ്പെട്ട നങ്ങേലി എന്ന പേരുതന്നെയാണ്. ജാതി വ്യവസ്ഥക്കെതിരെയും ചൂഷണത്തിനെതിരെയും ഒരു 'ഐക്കണ്‍' എന്ന നിലയില്‍ വികസിച്ചു വരുന്ന ഈ കഥയില്‍, പക്ഷേ, ഒരു ഈഴവ സ്ത്രീയ്ക്ക് 'നങ്ങേലി'യെന്ന പേര് അക്കാലത്ത് എങ്ങനെ ഉണ്ടായിവന്നുവെന്നത് കഥയുടെ യുക്തിയെ, അതിനകത്തുനിന്നുതന്നെ ചോദ്യം ചെയ്യുന്നുണ്ട്. കാരണം, തികഞ്ഞ യാഥാത്ഥിതികത കൊടികുത്തിയിരുന്ന അക്കാലത്തെ സാമൂഹികാന്തരീക്ഷത്തില്‍, ബ്രാഹ്മണപ്പെണ്‍കുട്ടികള്‍ക്കു മാത്രമേ നങ്ങേലി എന്ന പേര് നല്‍കപ്പെട്ടിരുന്നുളളൂ. നമ്മുടെ കഥയില്‍ നായിക നമ്പൂതിരിപ്പെണ്ണല്ല, ഈഴവ സ്ത്രീയാണെന്നുറപ്പുമുണ്ട്.! നങ്ങലിക്കും കണ്ടപ്പനും മക്കള്‍ ഇല്ലായിരുന്നുവെന്ന അനുബന്ധ വിശദീകരണത്തോടെ, അവരുടെ പിന്‍തലമുറയെപ്പറ്റിയുളള, പില്‍ക്കാല അന്വേഷണത്തെ വിദഗ്ദ്ധമായി തടയുന്നതിനു പുറമേയാണിത്. ഭാര്യയുടെ 'ചിതയില്‍ച്ചാടി' ഭര്‍ത്താവ് സഹമരണം വരിച്ചതും കഥയില്‍ ചോദ്യത്തിന്‍റെ സാദ്ധ്യതയെ ഇല്ലാതാക്കി.

സതിയെന്ന ദുരാചാരം കേരളത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്തതാണെന്ന യാഥാര്‍ത്ഥ്യവും നുണക്കഥാ പ്രചാരകര്‍ വിസ്മരിക്കന്നുണ്ട്. എങ്കിലും, കഥാനായികയനുഭവിക്കുന്ന 'കടുത്ത ദാരിദ്ര്യം' നങ്ങേലിയോടുളള അനുതാപം വര്‍ദ്ധിപ്പിച്ചു. ചുരുക്കത്തില്‍, ദേശീയ വിരുദ്ധമായി ഒരു മിത്തിനെ സമൃദ്ധമായി ഉപയോഗിക്കാനുളള പശ്ചാത്തലത്തില്‍,  കഥയെ സമത്ഥമായി വളര്‍ത്തി വിടര്‍ത്തി.

'അമണ'യുടെ പ്രദര്‍ശന വിജയത്തെക്കുറിച്ചുളള വാര്‍ത്തകളിലൂടെ തിരുവിതാംകൂറില്‍ ഒരുകാലത്ത് നിലനിന്നിരുന്ന ഒരു അത്യാചാരമെന്നനിലയില്‍ മുലക്കരം വലിയ ചര്‍ച്ചയായി. നങ്ങേലിക്കഥ ദേശാതിര്‍ത്തികളും ഭേദിച്ച് ബി. ബി. സിയുടെ കാതിലുമെത്തി. ബി. ബി. സിയുടെ ഹിന്ദി ചാനലില്‍ മുലക്കരത്തെക്കുറിച്ചും നങ്ങേലിയെക്കുറിച്ചും വിവരണങ്ങളുള്‍പ്പെടുത്തി വലിയപ്രാധാന്യം നല്‍കി പരിപാടികള്‍ താമസംവിനാ സംപ്രേഷണം ചെയ്തു. എന്നാല്‍ ഇവിടെവരെ ആരും നങ്ങേലിയെന്ന മിഥ്യാകഥനത്തിലെ അയുക്തിയെക്കുറിച്ചും അവാസ്ഥവത്തെക്കുറിച്ചും ചോദ്യം ചെയ്തു കണ്ടില്ല.

ചിത്രകാരന്‍ മുരളിക്ക് ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷന്‍ പ്രസിദ്ധീകരിച്ച ഒരു ബുളളറ്റിനില്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ കവിയൂര്‍ ബ്രാഞ്ചിലെ എം. എ വിജയന്‍ എഴുതിയ കുറിപ്പില്‍ നിന്നാണ്, നികുതിക്കെതിരെ മുലമുറിച്ചു നല്‍കിയ നങ്ങേലിയുടെ കഥ കിട്ടിയതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
എന്നാല്‍ 1937 ല്‍ പ്രസിദ്ധീകരിച്ച പ്രമുഖ ഗവേഷകന്‍ കെ. എല്‍. അനന്തകൃഷ്ണ അയ്യരുടെ 'ദി ട്രാവന്‍കൂര്‍ ട്രൈബ്സ് ആന്‍റ് ക്സ്റ്റ്സ്' എന്ന പുസ്തകത്തിലാണ്
ആദ്യമായി ഒരു സ്ത്രീ മുലയറുത്തു നല്‍കിയതിനെപ്പറ്റി പ്രതിപാദിച്ചിട്ടുളളത്. ആ വിവരണമാകട്ടെ, ഒരു മലയരയ സ്ത്രീയെക്കുറിച്ചുമാണ്.
മാത്രമല്ല, മലയരയ വിഭാഗത്തില്‍ത്തന്നെയുളള ഒരു പുരുഷന്‍ തലയറുത്തു നല്‍കിയതിനെപ്പറ്റിയും അതേ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.

തൊടുപുഴക്കടുത്തു പരിസരങ്ങളിലുമുളള മലയരയരുടെ ഇടയില്‍ നിലനിന്നതും പ്രചരിച്ചിരുന്നതുമായ ഒരു മിത്തായിരുന്നു ഇതെന്നും പുസ്തകം പറയുന്നു.  ഇതേ പുസ്തകത്തില്‍ത്തന്നെയാണ് ആദ്യമായി തലക്കരം, മുലക്കരം എന്നിവയെക്കുറിച്ച് പ്രതിപാദിക്കപ്പെടുന്നതും.
തലക്കരവും മുലക്കരവും തൊഴില്‍ നികുതിയാണെന്നും ആണ്‍തൊഴിലാളികള്‍ ഒടുക്കേണ്ട നികുതിയാണ് തലക്കരമെന്നും പെണ്ണാളുടെ തൊഴില്‍നികുതിയാണ് മുലക്കരമെന്നും അനന്തകൃഷ്ണഅയ്യര്‍ വിശദീകരിക്കുന്നുണ്ട്.
 രണ്ടണയായിരുന്നു അക്കാലത്ത് നല്‍കേണ്ട നികുതിയെന്നും 'ട്രാവന്‍കൂര്‍ ട്രൈബ്സ് ആന്‍റ് കാസ്റ്റ്' രേഖപ്പെടുത്തുന്നു. ഈ കഥയുടെ ത്രെഡ് ഈഴവ പശ്ചാത്തലത്തില്‍ പ്രതിഷ്ഠിച്ചാണ് പുതിയ കഥാപരിസരം സൃഷ്ടിച്ചതെന്ന് നിസ്സംശയം പറയാം. ഒരുതരം കാരക്ടര്‍ മോര്‍ഫിംഗ് എന്നും വേണമെങ്കില്‍ ചിന്തിക്കാം.

പക്ഷേ, ഈ മിത്തുകളില്‍ നിന്നല്ല, മുലച്ചിപ്പറമ്പിന് ആ പേരു വന്നതെന്നതാണ് വസ്തുത. ചിലര്‍ കരുതും പോലെ, കേവലം ഇരുനൂറുവര്‍ഷത്തെ പാരമ്പര്യമല്ല, ആ പേരിനുളളത്. കേരളത്തിലെങ്ങും നിറഞ്ഞുനിന്ന
'അമ്മദേവതാരാധന'യുടെ ബാക്കിപത്രമെന്നോണം സമൂഹത്തില്‍ വേരുറച്ചുപോയ ഒരു പറമ്പു പേരായി മുലച്ചിപ്പറമ്പിനെ വിലയിരുത്തുന്നതില്‍ കൂടുതല്‍ യുക്തിയുണ്ട്.

'ഒറ്റമുലച്ചി' എന്നത് കണ്ണകി ആരാധനയുടെ മറ്റൊരു രൂപമാണ്. ചേര്‍ത്തലയിലെ ഇന്നത്തെ മനോരമക്കവലയില്‍ കാടും ചെടിപ്പടര്‍പ്പും പന്തല്‍ നാട്ടിയിരുന്ന പഴയകാലത്ത്, ചില നാട്ടോര്‍മ്മകളില്‍ ഒരു ദേവ്യാരാധനയുടെ അവശിഷ്ടങ്ങള്‍ ജീവിക്കുന്നുണ്ട്. അവിടെ, തലയുയര്‍ത്തിനിന്ന പനമരങ്ങളും ഏതാനും കല്ലുകളും പോയ നൂറ്റാണ്ടിന്‍റെ ഒടുവിലും ഉണ്ടായിരുന്നുവെന്ന അറിവനുഭവം തലമുറകളായി പങ്കുവെക്കപ്പെട്ടതിന്‍റെ ഓര്‍മ്മകള്‍ പേറുന്നവര്‍ ഇന്നും അവിടങ്ങളില്‍ പാര്‍ക്കുന്നുണ്ട്.

ഒരുപക്ഷേ, കാളിയുടെ, കണ്ണകിയുടെ,  അമ്മദേവതയുടെ ആരാധനാകേന്ദ്രമായിരുന്നു ചരിത്രത്തിനു കണ്ണെത്താത്ത ഒരുകാലത്ത് അവിടം എന്ന സൂചനയാണതു നല്‍കുന്നത്. പില്‍ക്കാലത്ത്, വ്രതമെടുത്ത പെണ്‍ വിശ്വാസക്കോമരങ്ങള്‍ ഉറഞ്ഞുതുളളിയ പറമ്പിന്‍റെ തൊട്ടടുത്തുതന്നെ
ഒരു മഹാക്ഷേത്രം ഉയര്‍ന്നു വരികയും, തദ്ദേശവാസികളുടെ ആരാധനാമൂര്‍ത്തിയായ ചേര്‍ത്തല കാര്‍ത്ത്യായനിയായി അത്  വളരുകയും ചെയ്യുന്നതിനു മുമ്പുളള ആദ്യത്തെ ആരാധനാ സങ്കേതവും ആയിരിക്കാനിടയുണ്ട്, ആ പറമ്പ്. ആ നിലക്ക് ബലിയും മറ്റും നിഷിദ്ധമല്ലാതിരുന്ന അവൈദികാരാധനാ കേന്ദ്രമായിരുന്നിരിക്കണം ഒരുകാലത്ത് ഇന്നത്തെ മുലച്ചിപ്പറമ്പ്.
വ്രതം നോറ്റ്, മുടിയഴിച്ചുറഞ്ഞുതുളളി ആരവമിട്ടാര്‍ത്തുവരുന്ന ഒറ്റമുലച്ചികള്‍, വാളുകൊണ്ടു നെറ്റിയില്‍ സ്വയം വെട്ടിയും മുറിവേല്‍പ്പിച്ചും നിണം വാര്‍ത്തു കാവുതീണ്ടി തളര്‍ന്നു വീഴുന്ന വഴക്കങ്ങളും പാരമ്പര്യവും നാടുനീങ്ങിയിട്ടും അവയെപ്പറ്റിയുളള ഓര്‍മ്മകള്‍ പറമ്പുപേരില്‍ ഉറഞ്ഞു നിന്നു. ഒറ്റമുലച്ചിയായി കണ്ണകിയെ അവിടെ ആരാധിച്ചതിന്‍റെ അത്തരം നാട്ടോര്‍മ്മകളില്‍ നിന്നാവാം മുലച്ചിപ്പറമ്പ് എന്ന പറമ്പുപേര് പിന്നീട് നിത്യവ്യവഹാരത്തിലേക്കു വരുന്നത്. നൂറ്റാണ്ടുകള്‍ക്കിപ്പുറം, ഏതാണ്ട് പുതിയ കാലത്ത്, അത് പുതിയ വ്യാഖ്യാനങ്ങളിലേക്ക് വികസിക്കുകയും, മുലച്ചിപ്പറമ്പിലെ 'മുല' അവയവം മാത്രമായിത്തീരുകയും ചെയ്തു.
 ഹിന്ദുവിരുദ്ധ ഐക്കണ്‍ എന്ന നിലയില്‍ ലിബറലുകളെന്നവകാശപ്പെടുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ടൂള്‍ ആയി അത് മാറുകയും ചെയ്തു.
മുലച്ചിപ്പറമ്പിന്‍റെ നിലവില്‍ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഐതിഹ്യത്തില്‍ / നാട്ടുവ്യവഹാരത്തില്‍ കണ്ണകിയുടെ പേര് പ്രത്യക്ഷത്തില്‍ വേണമെന്ന് നിര്‍ബന്ധമില്ല. പ്രാചീന കാലത്ത് ഒറ്റമുലച്ചിയെ ആരാധന നടത്തുകയും, പില്‍ക്കാലത്ത് അവിടം അവഗണിക്കപ്പെടുകയും ചെയ്യുമ്പോള്‍ നാട്ടുവ്യവഹാരത്തില്‍ ആ പറമ്പ് മുലച്ചിപ്പറമ്പാവുന്നത് സ്വാഭാവികമാണ്. ടോപ്പോണിമിയുടെ രീതിശാസ്ത്രയുക്തിക്ക് എളുപ്പത്തില്‍ അത് വിശദീകരിക്കാനാവും. പണ്ട്, കരിങ്കാളിയെ ആരാധിച്ചിരുന്ന പറമ്പ് പില്‍ക്കാലത്ത് കരിങ്കാളിയത്ത്, കരിങ്കാളയ്യത്ത് എന്നൊക്കെ ആയിത്തീരുന്നതുപോലെയാണിതും. മൂര്‍ത്തിയയ്യത്തും പതിയാന്‍റയ്യത്തും കൊല്ലമ്പറമ്പിലും കണിയാന്‍പറമ്പിലുമൊക്കെ ഇത്തരം ചില അധിവാസങ്ങള്‍ സൂക്ഷിച്ചു നോക്കിയാല്‍, കാണാം.

കോഴിക്കോട് മിഠായിത്തെരുവിന് (Sweet Meet Street) ആ പേരുവന്നതിനെപ്പറ്റി  നാട്ടുകാര്‍ക്കിടയില്‍ ഒരു കഥയുണ്ട്. അതേപ്പറ്റി നിലവിലെ പുരാവൃത്തം വിദേശികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരിക്കല്‍ തെരുവിലെത്തിയ ഏതോ സായിപ്പിന്‍റെ കണ്ണില്‍ തെരുവില്‍ കച്ചവടക്കാര്‍ ഹല്‍വ മുറിക്കുന്നത് പെട്ടുവത്രേ. ഹല്‍വ മുറിക്കുന്നത് മാംസം മുറിക്കുന്നതുപോലെ അദ്ദേഹത്തിനു തോന്നിപോലും. അങ്ങനെയാണ് അയാള്‍ മിഠായിത്തെരുവിനെ 'സ്വീറ്റ് മീറ്റ് സ്ട്രീറ്റ്' എന്ന് വിളിക്കാനിടയായതത്രേ.

എന്നാല്‍, വാസ്തവമെന്താണ്.? Sweet meet എന്ന ഇംഗ്ലീഷ് വാക്കിന് മധുര പലഹാരം, മിഠായി എന്നുതന്നെയാണ് എല്ലാ ഇംഗ്ലീഷ് നിഘണ്ടുക്കളിലുമുളള അര്‍ത്ഥം. പക്ഷേ, കഥ മെനയാനുളള നമ്മുടെ സ്വാഭാവിക കൗതുകം sweet meet നെ ഇറച്ചിയാക്കി പരിവര്‍ത്തിപ്പിച്ചു. അതിന്മേല്‍ ഭാവനയുടെ അടവിരിയിച്ചു. മുലച്ചിപ്പറമ്പ് അത്തരം ഭാവനാവിലാസത്തിന്‍റെ ഉത്തമോദാഹരണമാണ്.

200 വര്‍ഷം അധികം ദൂരമല്ല, ചരിത്രത്തില്‍. ലോകവിജ്ഞാനീയത്തില്‍  പതിനായിരക്കണക്കിന് വര്‍ഷത്തെ ചരിത്രം നാം ശേഖരിച്ചിട്ടുണ്ട്. അപ്പോള്‍, മുലമുറിച്ചു കാഴ്ചവെച്ച നങ്ങേലി സംഭവം യഥാര്‍ത്ഥത്തില്‍ ചേര്‍ത്തലയില്‍ത്തന്നെ നടന്നിരുന്നുവെങ്കില്‍, എഴുത്തും അച്ചടിയും സജീവമായ കാലത്ത്, ഹിന്ദു മതത്തിലെ ന്യൂനതകള്‍ തേടിപ്പിടിച്ച് മതം വില്‍ക്കുന്നവര്‍ സജീവമായിരുന്ന കാലത്ത്, അത്തരം ഒരു സംഭവം തീര്‍ച്ചയായും രേഖപ്പെടുമായിരുന്നു.

ഹിന്ദു മതത്തിനുമേല്‍ കപോലകല്പിതകഥകള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടാണ് മത സാമ്രാജ്യത്തം ഭാരതീയ സമൂഹത്തിലേക്ക് വേരുകളാഴ്ത്തിത്തുടങ്ങിയത്. പാമ്പിനെയും പഴുതാരയെയും കുരങ്ങനെയും ആരാധിക്കുന്ന കാടന്മാരായിരുന്നു പാശ്ചാത്യര്‍ക്ക്, പലപ്പോഴും, നാം. അതുകൊണ്ടാണ് പുതുവിജ്ഞാനത്തിന്‍റെ വെളിച്ചത്തില്‍, വീട്ടുവളപ്പിലെ കാവുകളെ വെട്ടിവെളുപ്പിക്കുന്നതും കുളങ്ങള്‍ നികത്തുന്നതും തറവാടുകള്‍ പൊളിക്കുന്നതും പുത്തന്‍ സംസ്കാരവും പരിഷ്കാരവുമായി നാം തെറ്റിദ്ധരിച്ചത്. ഇപ്പറഞ്ഞതിനര്‍ത്ഥം, ഭൂതകാല ചര്യകളില്‍ നമ്മുടെ പൂര്‍വ്വികര്‍ ശരികളുടെ പൂര്‍ണ്ണതയില്‍ വര്‍ത്തിച്ചുവെന്നല്ല. തീര്‍ച്ചയായും അവരുടെ പ്രവൃത്തികള്‍ നെറികേടുകളുടെ സീമകളെ അതിലംഘിക്കുകതന്നെ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, അവര്‍ ചെയ്തതിനേക്കാള്‍ വലിയ കുറ്റം ആ സമൂഹത്തിന്‍റെ മേല്‍ ആരോപിക്കപ്പെട്ടിട്ടുണ്ടെന്നതും വാസ്തവമാണ്.

കേരള ചരിത്ര സംബന്ധിയായ ആധികാരിക ഗ്രന്ഥങ്ങളിലോ, വിദേശികളുടെ  സഞ്ചാരക്കുറിപ്പുകളിലോ, മിഷനറി രേഖകളിലോ ഇതുവരെ പ്രത്യക്ഷപ്പെടാത്ത മുലച്ചിപ്പറമ്പിന്‍റെ പേരില്‍ പ്രചരിച്ചുകൊണ്ടിരുന്ന മിഥ്യകളുടെ  നീര്‍ക്കുമിളകളെയാണ് ഇപ്പോള്‍ ജനപഥത്തിലെ ലേഖനത്തിലൂടെ മുഖ്യമന്ത്രിയുടെ ജന്‍റര്‍ ഉപദേഷ്ടാവായ ഡോ. ടി. കെ. ആനന്ദി ഉടച്ചുകളയുന്നത്. തീര്‍ച്ചയായും അത് സംവാദം ആവശ്യപ്പെടുന്നുണ്ട്.

Anupa C S :: കവിത :: പൂർണതതേടുമപൂർണതപൂർണതതേടുമപൂർണത ഞാ,നെന്റെ
പൂർണത തൊട്ടൊന്നുണർത്തു നീയും
എന്നിലെയെന്നെയറിഞ്ഞോരു നീ മാത്ര-
മെന്നുമെന്നുള്ളിൽ ജ്വലിച്ചു നിൽക്കും.

നൊമ്പരപ്പൂവാകുമെന്നാത്മബോധത്തെ-
യൻപോടെ കൊഞ്ചിച്ചുണർത്തു നീയും
സാന്ത്വനമേകും നിൻ ചുണ്ടുകളാജന്മ-
സന്തോഷം പൂണ്ടു ഞാൻ കണ്ടു നിൽക്കും.

സന്താപമൊക്കെയും തീർക്കുന്നൊരാനന്ദ -
മന്ദാരരാഗങ്ങൾ മീട്ടു നീയും
അത്തിരി വെട്ടത്തിലെന്നിലെ നിന്നെ ഞാ-
നൊത്തിരി സ്നേഹിച്ചൊളിച്ചു നിൽക്കും.

Kallara Ajayan :: കവിത :: ആശുപത്രിയിൽ


Image Credit :: Sayanthana

ഓരോ  തവണ  ആശുപത്രിയിൽ  എത്തുമ്പോ ഴും
ഞാൻ  തത്വചിന്തകനാകുന്നു
ജീവിതത്തിന്റെ  പൊരുൾ, പ്രണയം, മരണം
എല്ലാത്തിനും കാരണമന്വേഷിക്കുന്നു.

ഓരോ  തവണ  ആശുപത്രിയിൽ  എത്തുമ്പോഴും
ഞാൻ വിരക്തനാകുന്നു
അഴുകിയ ഉടൽ , ദുർഗന്ധം,
അമർത്താനാകാതെ പോകുന്ന നിലവിളികൾ
എല്ലാം എന്നെ ജീവിതത്തിൽ നിന്നും
ദൂരേക്കു  വലിച്ചു കൊണ്ടു പോകുന്നു.

ഓരോ  തവണ ആശുപത്രിയിൽ എത്തുമ്പോഴും ഞാൻ
ഏകാകിയാകുന്നു
ജീവിതത്തിന്റെ മഹാപർവതത്തെ  നോക്കി
 നിസ്സഹായനാകുന്ന കുട്ടിയാകുന്നു
ഒറ്റക്കു മാത്രം നീന്തേണ്ടിവരുന്ന സമുദ്രത്തെ
കണ്മുന്നിൽ കാണുന്നു.

ഓരോ  തവണ  ആശുപത്രിയിൽ  എത്തുമ്പോഴും
സുഗന്ധങ്ങൾ  എന്നെ ഉപേക്ഷിച്ചു പോകുന്നു
വസന്തം, റോസുകൾ,  മുല്ലപൂ, കൈത മണo
എല്ലാം  പടിയിറങ്ങിപോകുന്നു
ഒരൊറ്റ  ഗന്ധത്തിൽ  നാസിക ഉടക്കിപോകുന്നു
അടുത്തിരിക്കുന്നവർ പോലും അന്യരായിപോകുന്നു
പരിക്ഷീണമൗനത്തെ പഴിച്ചു പോകുന്നു.

ഓരോ തവണ ആശുപത്രിയിൽ എത്തുമ്പോഴും
ഞാൻ കവിയായ്പോകുന്നു  വാക്കിന്റെ
കടലു തപ്പുന്നു
ജന്മത്തിന്നിരുണ്ട  വഴികളിൽ
വെളിച്ചം  തപ്പുന്നു...

Supriya Shibu :: കവിത :: മരണമേ മാപ്പ്


Image Credit :: Sayanthana

മരണമേ മാപ്പ്,
നീ തിരികെ പൊയ്ക്കൊള്ളുക,

വിശ്വം നിറഞ്ഞ നിന്‍ കൈകളില്‍ നിന്നൊരു
ശാശ്വത മോചനം ഉണ്ടോ?

എങ്ങോ മറഞ്ഞു നിന്ന്
എപ്പോഴും എന്നെയും നോക്കുന്ന
നിന്നെ ഞാനറിയുന്നു നിത്യവും.

ഇല്ല ഞാൻ ഇല്ല, നീ തിരികെ പൊയ്ക്കൊള്ളുക,
ഇനിയുമുണ്ടേറെയെന്‍ ദൗത്യങ്ങൾ ബാക്കി...

Ruksana Kakkodi :: കവിത :: കർക്കടക മഴതിമർത്തു പെയ്യുന്ന മാരി
നീ ഭയപ്പെടുത്തല്ലെന്നെ
കഴിഞ്ഞു പോയ കാല-
സ്മരണ പുതുക്കല്ലേ .

പുതുമഴ പേമാരിയായ്
തൊടിയിലെങ്ങും പെയ്തു
വരണ്ട നദികളെല്ലാം
നിറഞ്ഞൊഴുകി ഭൂവിൽ.

മലയും കുന്നുമിറങ്ങി
ഒഴുകിടുന്ന വെള്ളം
പരന്നൊഴുകിയെങ്ങും
കുടിലുകൾ തകർത്തു.

ഒഴുകിടുന്ന ജീവൻ
കരഞ്ഞിടുന്ന ലോകം
ഒരുരുള ചോറിനായി
കൈ നീട്ടിയന്നു ക്യാമ്പിൽ .

നനഞ്ഞു കുതിർന്നമേനി
പൊതിഞ്ഞിടാനായ് പുതുവസ്ത്രം
ഏകിടുന്നു പലരും
കരങ്ങൾനീട്ടി ചുറ്റും.

ഉദരം തടവി കരയും
നിറവയറാലൊരുത്തി
തുണയായ് വന്നു പട്ടാളം
ഹെലികോപ്റ്ററിൽ തൂക്കി
പറന്നുയരും കാഴ്ച്ച
നിറയെ വാർത്താ ചിത്രം.

ഒളിച്ചുവച്ച പലതും
പരന്നൊഴുകീയെങ്ങും
കരഞ്ഞു തോർന്ന മിഴികൾ
നിർജ്ജീവമായിരിപ്പൂ .

ഉറഞ്ഞു തുള്ളും മാമരങ്ങൾ
പതുക്കെ ശയ്യാതലത്തിൽ
നിറയും വെള്ളക്കെട്ടിൽ
ശിരസ്സു താഴ്ത്തി നിന്നു.

കടുത്ത പ്രഹരമാകാൻ
കനത്തു പെയ്യല്ലേ മഴയേ
കുടിലിലെ പാവങ്ങൾ
കഴിഞ്ഞിടട്ടെ വീണ്ടും.

Sayanthana29 July 2019

Jagan :: അതെല്ലാം കഴിഞ്ഞിട്ട് ആകാമായിരുന്നില്ലേ ഈ ക്രൂരത.... ?


പ്രതിദിനചിന്തകൾ
അതെല്ലാം കഴിഞ്ഞിട്ട് ആകാമായിരുന്നില്ലേ ഈ ക്രൂരത..... ?
Image Credit:: https://www.deccanchronicle.com/151122/nation-current-affairs/article/kerala-luckiest-lottery-business

നാൽപ്പത്തി ഒന്ന് ലക്ഷത്തോളം നിർദ്ധനരായ രോഗികൾ ചികിത്സാ ധനസഹായത്തിനായി ആശ്രയിച്ചിരുന്ന 'കാരുണ്യ' പദ്ധതിയുടെ കടയ്ക്കൽ കത്തിവച്ച ജനകീയ സർക്കാരിന്റെ നടപടി ആ രോഗികളോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയായി.

മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ദിവംഗതനായ കെ.എം.മാണി ആണ്  ലക്ഷക്കണക്കിന് നിർദ്ധന രോഗികൾക്ക് അത്താണിയായി മാറിയ ഈ മഹത്തായ പദ്ധതിയുടെ ശില്പി. അതിന്റെ വിജയകരമായ നടത്തിപ്പിന് 'കാരുണ്യ' എന്ന പേരിൽ ഒരു ഭാഗ്യക്കുറിയും അദ്ദേഹം നടപ്പാക്കി.അതിൽ നിന്നുള്ള ലാഭം ഉപയോഗിച്ച് ആണ് ഈ പദ്ധതി നടന്നു വന്നത്. മാണിസാറിന്റെ രാഷ്ട്രീയ നിലപാടുകളിൽ എതിരഭിപ്രായമുള്ളവർ പോലും, കാരുണ്യ ലോട്ടറിയും, കാരുണ്യ ചികിത്സാ ധനസഹായ പദ്ധതിയും കെ.എം. മാണി എന്ന ധനമന്ത്രിയുടെ തലപ്പാവിലെ പൊൻതൂവൽ ആയി എന്നും നിലകൊള്ളും എന്ന് പ്രശംസിച്ചിരുന്നു.

അദ്ദേഹത്തിന്റെ മരണശേഷവും അദ്ദേഹത്തോടുള്ള രാഷ്ട്രീയമായ വിരോധം തീർക്കാൻ കൂടിയാണോ വളരെ നല്ല നിലയിൽ നടന്നു വന്ന ഈ പദ്ധതി തന്നെ നശിപ്പിച്ചത് എന്ന് സംശയിക്കുന്നതിൽ തെറ്റില്ല.

സർക്കാരിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ എന്ന വ്യാജേന ആണ് അഭിനവ സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടി ആയ നമ്മുടെ ധനമന്ത്രി ധനവകുപ്പിൽ പുതിയ പുതിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതത്രേ.....!

 • ഈ പരിഷ്കാരങ്ങൾ പാവപ്പെട്ട രോഗികൾക്കു കിട്ടിക്കൊണ്ടിരുന്ന സഹായം മുടക്കിയിട്ട് വേണമായിരുന്നോ എന്ന് അദ്ദേഹം ചിന്തിക്കണം. ചികിത്സാച്ചെലവ് അനുദിനം വർദ്ധിച്ചു വരുന്ന ഇന്നത്തെ കാലത്ത് ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷയുമായി സർക്കാരിനെ സമീപിക്കേണ്ടി വരുന്ന രോഗികളുടെ അവസ്ഥ നാം ഓർക്കണം. 
 • ഈ രോഗികളിൽ അധികം പേരും ചികിത്സയ്ക്ക് കാലതാമസം വരാൻ പാടില്ലാത്ത വൃക്കരോഗം, കരൾരോഗം, അർബുദം മുതലായവ ബാധിച്ചവരാണെന്നുള്ള കാര്യം മറക്കരുത്. 

നിസ്സഹായരായ ഈ രോഗികൾ അപേക്ഷയുമായി വരുമ്പോൾ 'കാസ്പ് ', 'കെ.ബി.എഫ് ', എന്നീ പദ്ധതികളുടെ വ്യത്യാസം, താരതമ്യ പഠനം, ധനമന്ത്രിയുടെ പുതിയ കണ്ടുപിടിത്തമായ 'കിഫ് ബി' യുടെ മഹിമ മുതലായ കാര്യങ്ങളെ കുറിച്ചുള്ള സ്റ്റഡി ക്ലാസ്സ് ആണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഇപ്പോൾ ലഭിക്കുന്നത്. അപ്രകാരം അപേക്ഷ ചുവപ്പുനാടയിൽ കുരുങ്ങുന്നതോടെ, ആഫീസുകൾ കയറി ഇറങ്ങാൻ വേണ്ട ആരോഗ്യം പോലും ഇല്ലാത്ത ഈ രോഗികൾക്ക് ചികിത്സാ ധനസഹായം എന്നല്ല, ശവദാഹത്തിനുള്ള സഹായം പോലും കിട്ടില്ല എന്നുറപ്പ്.

ഇപ്പോൾ അറിയുന്നത്, ധനവകുപ്പും ആരോഗ്യ വകുപ്പും തമ്മിലുള്ള ശീതസമരം ആണ് പ്രശ്നങ്ങൾക്ക് കാരണം എന്നാണ്. അത് ശരിയാണെങ്കിൽ, ഇത്തം വില കുറഞ്ഞ കുടിപ്പക തീർക്കാൻ ഇത് ധനകാര്യമന്ത്രിയുടേയോ ആരോഗ്യ വകുപ്പ് മന്ത്രിയുടെയോ തറവാട്ടു സ്വത്തല്ല എന്ന് അവർ ഓർത്താൽ നന്ന്.

സാമ്പത്തിക ഭദ്രത കൈവരിക്കാൻ പാവങ്ങളുടെ ഭിക്ഷച്ചടിയിൽ കയ്യിടാതെ ചെയ്യാവുന്ന എത്രയോ നല്ല മാർഗ്ഗങ്ങൾ സർക്കാരിനു മുന്നിൽ ഉണ്ട്?

 • ഭാര്യ, മക്കൾ, മരുമക്കൾ, കൊച്ചു മക്കൾ, സഹായികൾ, പൊട്ടാസിനെ പോലുള്ള ഒരു പറ്റം ഉപദേശകർ മുതലായവരെയും കൂട്ടിയുള്ള മുഖ്യമന്ത്രിയുടെ അന്താരാഷ്ട്ര യാത്രകൾ നിയന്ത്രിക്കാം.
 • യാതൊരു ഭരണ പരിഷ്ക്കാരവും ഇതുവരെ നടപ്പാക്കാതെ കോടികൾ ചെലവിടുന്ന ഭരണപരിഷ്ണാര കമ്മിഷനെ പിരിച്ചുവിട്ട് പെൻഷൻ നൽകി വീട്ടിൽ ഇരുത്താം.
 • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വകമാറ്റി നടത്തുന്ന ധൂർത്ത് ഒഴിവാക്കാം.
 • അനാവശ്യമായി ആഡംബരക്കാറുകൾ വാങ്ങി ക്കൂട്ടുന്നത് ഒഴിവാക്കാം.
 • സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് മാനിച്ച് മന്ത്രിമാരും എം. എൽ.എ മാരും അടിക്കടി ശമ്പളവും അലവൻസും സ്വമേധയാ പലമടങ്ങ് വർദ്ധിപ്പിക്കുന്നത് ഒഴിവാക്കാം.

പകരം പണ്ട് ഇ.എം. എസ്. മുഖ്യമന്ത്രി ആയിരുന്നപ്പോൾ ചെയ്തതുപോലെ, ശമ്പളവും അലവൻസും കുറയ്ക്കാം.

ഇപ്രകാരം പാവപ്പെട്ട നിർദ്ധനരായ രോഗികളെ ഉപദ്രവിക്കാതെ, ഇരുചെവി അറിയാതെ ചെയ്യാവുന്ന, അഥവാ നിർബന്ധമായും ചെയ്യേണ്ടതായ എത്രയോ മാർഗ്ഗങ്ങൾ..............?
അതെല്ലാം കഴിഞ്ഞിട്ട് ആകാമായിരുന്നില്ലേ ഈ ക്രൂരത.............. ??

ഇവിടെയാണ് നമ്മുടെ രാഷ്ട്രപിതാവ് ദശാബ്ദങ്ങൾക്കു മുൻപ് പറഞ്ഞ വാക്കുകൾക്ക് പ്രസക്തി ഏറുന്നത്.........!
" പുതിയ ഒരു പദ്ധതി രൂപകൽപ്പന ചെയ്യുമ്പോൾ രാജ്യത്തെ ഏറ്റവും ദരിദ്രൻ ആയിട്ടുള്ള ഗുണഭോക്താവ് ആയിരിക്കണം ഭരണകർത്താവിന്റെ മനസ്സിൽ."

Bindu Narayanamangalam :: കഥ :: വാട്‌സാപ്പ് സുന്ദരി


Photo by Kev Costello on Unsplash

വല്ല്യേച്ചിയുടെ പരാതികള്‍ ഒരു കാലത്തും തീര്‍ന്നിട്ടില്ല. ചേച്ചിയ്ക്ക് എല്ലാ കാര്യങ്ങളും ആദ്യം ചെയ്യണം. പഠനകാര്യമായാലും ഭക്ഷണ കാര്യമായാലും യാത്രാ കാര്യങ്ങളായാലും എല്ലാം ആദ്യം ചെയ്യണം. കുഞ്ഞായ തന്നോട് എന്തേലും പരിഗണന അമ്മയുടെ ഭാഗത്തൂന്നുണ്ടായാല്‍ അന്ന് ഉറങ്ങുന്നതുവരെ ചേച്ചി അമ്മയുടെ പുറകേ നടന്ന് പരാതി പറയും. അങ്ങനെയാണ് വല്ല്യേച്ചി. ചിലപ്പോഴൊക്കെ അച്ഛന്റെ വഴക്കും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. കുട്ടിയായിരിയ്ക്കുമ്പോഴെ അഹങ്കാരിയായ ചേച്ചിയുടെ മണ്ടത്തരങ്ങള്‍ക്കൊക്കെയും അച്ഛന്‍ തൃക്കണ്ണു തുറക്കാറുണ്ടായിരുന്നു. അമ്മ പറഞ്ഞറിഞ്ഞു ചേട്ടനും ചേച്ചിയും എന്നും വഴക്കാണെന്ന്. സ്വൈരത ഇല്ലാത്ത ജീവിതമാണത്രേ. ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട് ചേച്ചിയാണ് എല്ലാ പ്രശ്‌നങ്ങളുടേയും കാണക്കാരി.

വിവാഹം കഴിഞ്ഞ് തിരക്കേറിയ ഈ നഗരത്തില്‍ ചേക്കേറിയ തനിയ്ക്ക്,. നാടിന്റെ നിശബ്ദമായ അന്തരീക്ഷം എന്നും ലഹരിയായിരുന്നു. പക്ഷെ കാലചക്രത്തിന്റെ കടക്കണ്ണില്‍ സ്‌നേഹവും സംരക്ഷണവും അളവു പാത്രങ്ങള്‍ മാത്രമായപ്പോള്‍ വരവ് മതിയാക്കി. നാടെന്ന ലഹരിയും ബന്ധങ്ങളാകുന്ന ബന്ധനങ്ങളും വല്ലപ്പോഴും ടെലിഫോണിന്ററ്റത്തെ സംഭാഷണങ്ങളിലൊതുക്കി.

വളരെ പ്രശസ്തനായ വല്ല്യേട്ടനെ ചേച്ചിയ്ക്ക് എന്നും സംശയമായിരുന്നു. ഏട്ടനെ കാണാന്‍ വരുന്ന സ്ത്രീകളുടെ പേരില്‍ രാത്രിയില്‍ അവരുടെ മുറിയിലെ സംഭാഷണങ്ങള്‍ പൊട്ടിത്തെറികളായി പ്രതിധ്വനിക്കാറുണ്ട്. രാവിലെ പുത്തനുണര്‍വ്വും പുത്തനൂര്‍ജ്ജവുമായ് സൂര്യനുദിയ്ക്കുമ്പോള്‍ പതിവു പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്നു രണ്ടു പേരും. പുറം ലോകത്ത് ജനങ്ങളുടെ മുന്നില്‍ രണ്ടുപേരും മാതൃകാ ദമ്പതിമാര്‍.

ചേട്ടന്റെ സുഹൃത്തുക്കളില്‍ കൂടുതലും സ്ത്രീ കഥാപാത്രങ്ങളായിരുന്നു. കോളേജ് അദ്ധ്യാപകനായ അദ്ദേഹത്തിന്റെ സുഹൃത്ത് വലയം ചേച്ചിയുടെ ചിന്തകള്‍ക്കുമപ്പുറമായിരുന്നു. ചേട്ടന്റെ മറ്റുബന്ധങ്ങള്‍ വീട്ടില്‍ അവതരിപ്പിയ്ക്കുമ്പോള്‍ എല്ലാവരും ചേച്ചിയെ കളിയാക്കി. മനസ്സിന് വലിപ്പമില്ലാഞ്ഞിട്ടും ഇടുങ്ങിയ ചിന്താഗതിയായതുകൊണ്ടും മാത്രമാണെന്ന് വിധിയെഴുതി. വളരെ അത്യാവശ്യം സുഹൃത്തുക്കളുടെ ഇടയില്‍ മാത്രമേ ചേച്ചിയ്ക്ക് സ്ഥാനമുണ്ടായിരുന്നുള്ളൂ. ചേച്ചിയുടെ പക്വതയില്ലായ്മ തനിയ്ക്ക് കളങ്കമാകുമൊ എന്ന് കരുതീട്ടാകാം ചേട്ടന്‍ വീട്ടില്‍ വരുന്ന എല്ലാവരേയും ചേച്ചിയുമായി പരിചയപ്പെടുത്താത്തത്.

ചേച്ചിയുടെ മനസ്സിലെ സംശയങ്ങള്‍ വളര്‍ന്നു പന്തലിച്ചു, ചേട്ടനുചുറ്റുമുള്ള വലയങ്ങളായി. വളരെ പക്വമതിയായ വല്യേട്ടന്‍, ചേച്ചിയുടെ ഇത്തരം പ്രവര്‍ത്തികള്‍ ക്ഷമിച്ചു. സംസാരിച്ചു വെറുതെ ദിശ തിരിച്ചുവിട്ട്, അയല്‍ രാജ്യങ്ങളിലെ ശത്രുക്കളായി ഒരേ വീട്ടിലും ഒരേ മുറിയിലും ഒരേ കട്ടിലിലും കഴിയാന്‍ അദ്ദേഹം ശ്രമിച്ചില്ല. വല്ല്യേട്ടന്‍ നടക്കാന്‍ പോകുമ്പോഴും, കുളിയ്ക്കുമ്പോഴുമൊക്കെ വല്ല്യേട്ടന്റെ മൊബൈല്‍ പരിശോധിയ്ക്കുന്നത് ചേച്ചി ശീലമാക്കി.

ഒരിയ്ക്കല്‍ വല്ല്യേട്ടന്റെ മൊബൈല്‍ വാട്‌സ് ആപ്പ് പരിശോധിയ്ക്കുന്നതിനിടെ ഒരു മെസേജ് 'സര്‍ ഇന്നെന്റെ ബര്‍ത്ത്‌ഡേ ആണ്'. പ്രൊഫൈയിലില്‍ (മുഖചിത്രത്തില്‍) നല്ലൊരു സുന്ദരിയുടെ ചിത്രം. കൗതുകം തോന്നിയ ചേച്ചി 'Happy Birthday' അയച്ചു. 'തിരിച്ചു കരയുന്ന ഇമോജി'. 'സാരമില്ല'. ഒരു കേക്കിന്റെ ചിത്രം അയച്ചു. ഒന്നുമറിയാത്തപോലെ ഫോണ്‍ ഓഫാക്കി-അടുക്കളയിലേയ്ക്ക് പോയി. എല്ലാ ദിവസവും വല്ല്യേട്ടന്‍ കുളിയ്ക്കാന്‍ പോകുമ്പോള്‍ വല്ല്യേച്ചി, ആ സുഹൃത്തിന് വാട്‌സാപ്പ് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നു. വല്ല്യേട്ടന്റെ ഫോണില്‍നിന്നും ഏട്ടനറിയാതെ- 'അവള്‍,' 'വാട്ട്‌സാപ്പ് സുന്ദരി' ഏട്ടന്റെ മൊബൈലില്‍ നിറഞ്ഞുനിന്നു.

വല്ല്യേട്ടനറിയാതെ വല്ല്യേട്ടന്റെ ഫോണിലെ വാട്‌സാപ്പ് വാചകങ്ങളും വരികളും വല്ല്യേച്ചി ചേട്ടനെതിരെ തെളിവുകളായി നിരത്തി. അങ്ങേത്തലയ്ക്കലെ വാട്ട്‌സാപ്പ് സുന്ദരിയുടെ സ്‌നേഹമൂറുന്ന വരികളില്‍ വല്ല്യേട്ടന്‍ വീഴുമൊ എന്നും വല്ല്യേച്ചിയ്ക്ക് സംശയമായി. ഇതിനൊന്നിനും പ്രതികരിയ്ക്കാതെ വല്ല്യേട്ടന്‍ വല്ല്യേച്ചിയെ സഹിച്ചുകൊണ്ടിരുന്നു.

വിവാഹിതരായി മറ്റുസ്ഥലങ്ങളില്‍ ജീവിതം വിരിയിച്ച മക്കള്‍ വീട്ടില്‍ വരുമ്പോള്‍ അവരോട് അച്ഛന്റെ കഥകള്‍ പൊടിപ്പും തൊങ്ങലും വച്ച് അവതരിപ്പിക്കാന്‍ ചേച്ചി ഒട്ടും മടി കാണിച്ചില്ല. വല്ല്യേട്ടന്‍ സ്വതസിദ്ധമായ പുഞ്ചിരിയോടെ മക്കളോടൊപ്പം പ്രിയതമയുടെ മണ്ടത്തരങ്ങള്‍ ആസ്വദിക്കുകയായിരുന്നു.

അയയ്ക്കുന്ന സന്ദേശങ്ങള്‍ക്കൊക്കെയും മറുപടിയായി വരുന്ന വാചകങ്ങള്‍ സ്‌നേഹമൂറുന്നതും പ്രണയവല്ലരി പൂത്തുലയാന്‍ കൊതിയ്ക്കുന്ന പോലൊക്കെയും സമാഗമം പ്രതീക്ഷിയ്ക്കുന്നപോലെയും. വല്ല്യേച്ചി വായിച്ച് വേവുകേറി സ്‌ക്രീന്‍ഷോട്ട് എടുത്ത് തനിയ്ക്ക് അയയ്ച്ചു തന്നിരുന്നപ്പോള്‍, സത്യത്തില്‍ വല്യേട്ടനോട് അമര്‍ഷം തോന്നിയിരുന്നു.

പ്രായമാകുമ്പോള്‍ പുരുഷകേസരിമാരുടെ സ്വഭാവം മാറുമെന്നും-മറ്റുള്ളവരിലേയ്ക്ക് ആകര്‍ഷകത്വം കൂടുമെന്നൊക്കെ അമ്മ പറഞ്ഞിരുന്നപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. 'തന്നെക്കാളും സുന്ദരിയായിരുന്ന പുറം പണിക്കാരി കോമളത്തിനോട് അച്ഛനുതോന്നിയ അടുപ്പം അമ്മ വല്ലപ്പോഴുമൊക്കെ അച്ഛനെതിരെ പ്രയോഗിച്ചിരുന്ന പാശുപതാസ്ത്രം ആയിരുന്നു.

പക്ഷെ വല്ല്യേട്ടന്‍ അങ്ങനെയായിരുന്നില്ല. തികച്ചും ഗൗരവക്കാരനായിരുന്നു വല്ല്യേട്ടന്‍. കുടുംബമാണ് ഏറ്റവും വലുതെന്ന് വിശ്വസിക്കുന്നയാള്‍. വല്ല്യേച്ചിയെ സ്‌നേഹിച്ചു കെട്ടിയതാണ്. വല്ല്യേച്ചിയുടെ കുറവുകളും കുറ്റങ്ങളും ക്ഷമിയ്ക്കാന്‍ കഴിവുള്ളയാളായിരുന്നു. വല്ല്യേച്ചിയുടെ സംശയങ്ങള്‍ക്ക് ഒന്നിനും ഒരിയ്ക്കലും ചേട്ടന്‍ എതിര്‍ക്കുകയൊ തര്‍ക്കിക്കുകയോ ചെയ്തിരുന്നില്ല. എല്ലാം വല്ല്യേച്ചിയുടെ മണ്ടത്തരങ്ങളായി കരുതി. ഓരോ തവണയും ചേച്ചിയായിട്ടുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പലതും ചേച്ചിയെ ബന്ധുക്കളുടെ മുന്നില്‍ കോമാളിയാക്കി. ചേച്ചിയുടെ കുട്ടിത്തത്തിനുമുന്നില്‍ എല്ലാവരും തോറ്റു കൊടുത്തു. പണ്ടെങ്ങോ ചേച്ചിയുടെ ഹൃദയത്തിന്റെ വാല്‍വിന് എന്തൊ തകരാറ് ഉണ്ടായത്രെ. അതിനുശേഷം ചേച്ചിയ്ക്കു പ്രത്യേകം സംരക്ഷണമായിരുന്നു. പലപ്പോഴും തനിയ്ക്ക് ദേഷ്യവും വന്നിട്ടുണ്ട്.

'നീ എവിടെ എത്തി മോളെ?' ഇന്ന് നിന്റെ വല്ല്യേട്ടന്റെ കഥ പൊളിയും നോക്കിക്കോ!' അങ്ങേതലയ്ക്കല്‍ ചേച്ചിയാണ്. ചേച്ചിയുടെ നിരപരാധിത്വവും ചേട്ടന്റെ അപരാധിത്വവും തെളിയിക്കുന്ന മുഹൂര്‍ത്തം. ചേച്ചിയ്ക്ക് സംഭാഷണത്തില്‍ ആത്മവിശ്വാസം അധികമായി തോന്നി. 'ഇപ്പൊ എത്തും. ഒരു 10 മിനിട്ട്'. ചേച്ചിയ്ക്ക് മറുപടി കൊടുത്തില്ലെങ്കില്‍ അതുമതി പരാതി പറയാന്‍. വേഗം വീട്ടിലെത്തി.

വല്ല്യേട്ടന്‍കാണാതെ ചേച്ചി വാട്ടസാപ്പ് സുന്ദരിയോട് വൈകുന്നേരം 5 മണിയ്ക്ക് വരാന്‍ സന്ദേശം അയച്ചിരുന്നു. 'ഇവിടെ ആരുമില്ല, വരണം'. തീര്‍ച്ചയായും വരുമെന്ന് വാട്ട്‌സാപ്പ് സുന്ദരി ചിരിയ്ക്കുന്ന ഇ മോചി സഹിതം സന്ദേശം തിരിച്ചയച്ചു. സ്‌ക്രീന്‍ഷോട്ടിലൂടെ ചേച്ചി അത് കാണിയ്ക്കുമ്പോള്‍ കണ്ണുകളില്‍ പ്രത്യേക തിളക്കമായിരുന്നു.... ഇത്രയും വേണമായിരുന്നൊ? എന്ന് തോന്നി.

വല്ല്യേട്ടന്റെ മുഖത്ത് യാതൊരുവിധ വൈക്ലബ്യങ്ങളും ഇല്ലായിരുന്നു.
അമ്മയും ചേച്ചിയും ഡൈനിംങ് ടേബിളിനടുത്തായി ഇരുന്നു. 5 മണി അടിച്ചു. വല്ല്യേട്ടന്‍ സന്ദര്‍ശന റൂമിലിരുന്ന് ഫോണിലൂടെ ആരോടൊ 'കയറി വാ' എന്നു പറയുന്നുണ്ടായിരുന്നു.

നിശബ്ദതയുടെ പ്രതീക്ഷകളെ ഖണ്ഡിച്ച് വല്ല്യേട്ടന്‍ ഡ്രൈവര്‍ ഗോവിന്ദിനെ കൈപിടിച്ച് ഹാളിലേയ്ക്ക് കൊണ്ടുവന്നു. 'വാ, സുന്ദരിയെ - എന്റെ പ്രിയതമ നല്ലപോലെ കാണട്ടെ!' വല്ല്യേട്ടന്റെ വാക്കുകളില്‍ പതിവു പരിഹാസം. അമ്പലത്തില്‍ വിളക്കെടുക്കാന്‍ പെണ്‍വേഷം കെട്ടിയ ചിത്രം ഗോവിന്ദ്  വാട്‌സാപ്പിന്റെ മുഖചിത്രമാക്കിയിരുന്നു.

'മാഡം' അയയ്ക്കുന്ന സന്ദേശങ്ങള്‍ ഗോവിന്ദ്, സാറിനെ അപ്പപ്പോള്‍ കാണിക്കുന്നുണ്ടായിരുന്നു. പ്രിയതമയുടെ കുസൃതി എത്രത്തോളമാകും എന്നളക്കാന്‍ വല്ല്യേട്ടനും കാത്തിരുന്നു. കഥയിലെ രഹസ്യാന്വേഷണ ചരടുപൊട്ടിയതില്‍ ദുഃഖിച്ച് എന്റെ വല്ല്യേച്ചി!

വല്ല്യേച്ചിയുടെ ആനമണ്ടത്തരത്തില്‍ ചിരിയ്ക്കാതിരിയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. വല്ല്യേട്ടന്‍ ഫോണിലെ വാട്‌സാപ്പ് സുന്ദരിയുടെ ഫോട്ടോ.... ചേച്ചിയെ ഒരിയ്ക്കല്‍ക്കൂടി കാണിച്ചുകൊടുത്തു... ഗോവിന്ദന്റെ പെണ്‍വേഷം കെട്ടിയ ഫോട്ടൊ.................... സുന്ദരീ..........9181171114.


Anandakuttan :: കവിത :: കള്ള്കള്ളു കുടിച്ചാൽ കണ്ണു കുഴയും ,
കള്ളു കുടിച്ചാൽ കാലു കുഴയും ,
കള്ളു കുടിച്ചാൽ പള്ളു വിളിക്കും ,
പള്ളു വിളിച്ചാൽ പള്ളക്ക് കിട്ടും.

പള്ളയ്ക്കു കിട്ടുമ്പോൾ പള്ള വീർക്കും.

പളളുവിളിക്കുന്നതാരെയാണെന്നത്
അന്നേരമങ്ങേർക്കു ബോധമില്ല.

കൂടെ പകുത്തു കുടിച്ചൊരു കൂട്ടരെ
തള്ളയ്ക്കും തന്തയ്ക്കുമാദ്യം വിളി.

കൂടിയടുത്തു കണ്ടു നിൽക്കുന്ന
കാണികൾക്കൊക്കെയും പിന്നെ വിളി.
കാണികൾ മാന്യൻമാരവരൊന്നും
കാണാതേ ,കേൾക്കാതെ,
മിണ്ടാതെമാറി നിൽക്കും.

ആണത്വമുള്ളവൻ കപോലത്തിലൂക്കിൽ
നാലഞ്ചു പ്രഹരം അങ്ങു പറ്റിക്കും.
അതു കിട്ടിയാൽ പിന്നവിടെങ്ങും നിൽക്കാതെ
ആടിമലന്നു നടന്നു പോകും.

വഴിയിരികിൽച്ചാഞ്ഞ് 'വമനം ' കഴിഞ്ഞിട്ട്
വസ്ത്രമില്ലാത്തൊരു ദീർഘ 'നഗ്നനിദ്ര' !!

മയിൽക്കുറ്റി കെട്ടിപ്പിടിച്ചു മയങ്ങുമ്പോൾ
മഴ'വന്നു മേനി നനക്കും.

"ഇടി വെട്ടി പെയ്യട്ടേ മഴ"യെന്നി
ടയ്ക്കിടെ കുടിയന്റെ താളത്തിൽ പാട്ടു പാടും .

മഴയല്ല പെയ്തതു, തെരുവിലൂടോടുന്ന ശ്വാനന്റെ
'വികൃതി ' യതറിയുവാൻ ബോധമില്ല .
ചുണ്ടിന്റെ ചാരത്തു വീണ ' മഴവെള്ളം'
ചുണ്ടോടു ചേർത്തു നുണച്ചിറക്കും.
ഗതികെട്ട പുലിയവൻ പുല്ലു തിന്നും പോലെ
മതികെട്ട കുടിയന്റെ ഗതിയെന്തു കഷ്ടം.


വീട്ടിലേക്കെത്തിയാൽ ഭാര്യയെത്തല്ലും
അമ്മയെ,മക്കളെയാഞ്ഞു തല്ലും.

ചട്ടി, കലങ്ങൾ താങ്ങിയെറിഞ്ഞ് പെട്ടെന്ന് പൊട്ടിത്തെറിക്കും.

കഞ്ഞിക്കലവും മീനുള്ള ചട്ടിയും എല്ലാ
മുടഞ്ഞു നിലംപതിക്കും.
ചിതറിയ കഞ്ഞിയും കറികളും കണ്ട്
കുഞ്ഞുങ്ങൾ കരയാതെ കരഞ്ഞുറങ്ങും.

അയലത്തുകാരന്നു പള്ളു കിട്ടുമ്പോള
ഞ്ചെണ്ണം നെഞ്ചത്തിരന്നു വാങ്ങും .

പിന്നെയനങ്ങാതെയാശാൻ തറയിൽ
ഒന്നുമേ മിണ്ടാതെ വീഴും.

ഏതെങ്കിലും വഴി 'തൊഴി 'നാലു കിട്ടാതെ
കുടിയൻമാരാരുമുറങ്ങുകില്ല.

പിറ്റന്നു കാലത്തൊന്നുമറിയാത്ത ഭാവത്തിൽ
വീണ്ടും കുടിക്കാനിറങ്ങും.


SayanthanaRuksana Kakkodi :: കവിത :: ആത്മാവിന്റെ യാത്ര


വിജനമീവീഥിയിൽ
ആരെയോ തേടുന്നു
ഇരുകരങ്ങൾനീട്ടിയാരെയോ
ക്ഷണിക്കുന്നു

'ഇരുളിന്നഗാധതയിലൊരാത്മാവുമാത്രം
' തേങ്ങിക്കരയുന്നു നിഴലായി മാറുന്നു.
'ഒരിക്കലിവിവിടം ജനിച്ചുജീവനായ്
'നിഴലായിന്നിതാഭൂമിയിലലയുന്നു.

ഉറ്റവരെത്തേടുന്നു, കാണുന്നു പറയുന്നു
അറിയുന്നില്ലാരുമോയെൻ
- ചെയ്തിയോരോന്നും
' മുന്നിൽനിന്നുഞാൻ മാടിവിളിക്കുന്നു
'വാരിപുണരാൻ മുന്നോട്ടായുന്നു

'ശൂന്യമായ് മാറുന്നിതെല്ലാമെൻമുന്നിൽ
ഒരേകാന്തപഥികനായ്
എൻനിഴലോമറയുന്നു.28 July 2019

Aswathy P S :: കഥ :: തീവണ്ടിഅന്നും പതിവുപോലെ ഓടിക്കിതച്ചു കൊണ്ടാണ് അവൾ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ട്രെയിൻ ഒരു പുതുപ്പെണ്ണിന്റെ നാണത്തോടെ മെല്ലെ ചലിച്ചു തുടങ്ങിയിരുന്നു.  അവൾക്ക് തെല്ലും പരിഭ്രമം തോന്നിയില്ല.

എന്നത്തെയും പോലെ ഏതോ ഒരു പുരുഷകരം അവളെ വലിച്ച് ലോക്കൽ കമ്പാർട്ടുമെന്റിനുള്ളിലാക്കി. പക്ഷെ പതിവിനു വിരുദ്ധമായി അവളുടെ സഹായത്തിനെത്തിയ കൈ അവളുടെ മൃദുകരങ്ങളെ സ്വതന്ത്രമാക്കിയിരുന്നില്ല. ഉള്ളിലുയർന്ന ഭയം മെല്ലെയൊതുക്കി  അവൾ പതുക്കെ മുഖമുയർത്തി ......   
              
സൗമ്യമായ രണ്ടു കണ്ണുകൾ അവളെ തന്നെ നോക്കി നിൽക്കയായിരുന്നു. അവൾ എന്തോ ശബ്ദമുയർത്തി മെല്ലെ കൈ വലിച്ചു. പെട്ടെന്ന് ഉറക്കത്തിൽ നിന്നെന്ന പോലെ അയാൾ തന്റെ കണ്ണുകൾക്ക് ഒരു ഇടവേള നൽകി ....... അവളുടെ  കൈയ്ക്കും.....

നന്നായി ഒന്നുകൂടി നോക്കണമെന്ന് അവൾക്ക് തോന്നിയെങ്കിലും അയാൾ തിരക്കിലെവിടെയോ മറഞ്ഞിരുന്നു.....

മുന്നിലുള്ള കമ്പിയിൽ തല ചേർത്തുവച്ച് അവൾ പുറത്തേക്കു നോക്കി നിന്നു . ഒരു തിരശ്ശീലയുടെ അഭാവത്തിലും അവളുടെ മുന്നിൽ ഒത്തിരി രംഗങ്ങൾ മാറി മാറി വന്നു.

ആസന്ന മരണയായി കിടക്കുന്ന നെൽപ്പാടങ്ങൾ അവളെ ബാല്യകാലത്തെ ഒരു 'കൊച്ചു പാവാടക്കാരിയുടെ ഓർമ്മകളിലേക്കു കൊണ്ടുപോയി .

പാടവരമ്പിലിരുന്ന് കാക്കയോടും മൈനയോടും അവൾ കിന്നാരം ചൊല്ലി. മാടത്തയുടെ കുറുകലിനൊപ്പം ... യാത്രിയോം കൃപയാ ധ്യാൻ ദീജിയേ ... എന്ന അറിയിപ്പ് അവളെ പെട്ടെന്നുണർത്തി. ട്രെയിൻ എറണാകുളം ജംഗ്ഷനിൽ എത്തി. ഇറങ്ങുന്നേരം ആ രണ്ട് കണ്ണുകൾ അവൾ പരതി...

ഞൊടിയിടയിൽ കണ്ണിൽ കണ്ട കണ്ണുകളിലെല്ലാം ഒരോട്ട പ്രദക്ഷിണം നടത്തി.ആ കണ്ണുകൾ ഒരു നോക്കുകൂടി കാണാൻ...

ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു മുന്നോട്ടു പോകുന്നവൾ അറിയാതെ എന്തൊക്കെയോ ഓർത്തു പോയി. കടലോളം സ്നേഹം കൊടുത്തും വാങ്ങിയും പിന്നിട്ടു പോന്ന അവളുടെ സന്തോഷത്തിന്റെ ദിനങ്ങൾക്ക് അപ്രതീക്ഷിത വിരാമമിട്ടതും ഒരു തീവണ്ടി യാത്ര തന്നെയായിരുന്നു .

പെരുമൺ ദുരന്തം ! അത് കശക്കിയെറിഞ്ഞത് ഇതുപോലെ നിരവധി ജീവിതങ്ങളായിരുന്നു. അതിൽ പിന്നിങ്ങോട്ട് സന്തോഷവും സമാധാനവും എന്നെന്നേക്കൂമായി പിണങ്ങിയ  വിരുന്നുകാരനായി അവൾക്ക്

സങ്കടം വരുമ്പോൾ ഒന്നു തോളത്തുതട്ടാൻ...  കൈത്തണ്ട കൊണ്ട് കണ്ണീരൊപ്പാൻ... ഒരു താങ്ങ് പലപ്പോഴും അവൾ കൊതിച്ചിട്ടുണ്ട്. പക്ഷേ....

ചുണ്ടിലിത്തിരി ചായം തേയ്ക്കാത്ത, ശരീരത്തിന്റെ നിമ്ന്നോന്നതങ്ങൾ പ്രകടമാക്കും വിധം വസ്ത്രമണിയാത്ത... കൈയിലെ ഇലക്ട്രോണിക് ചെപ്പിൽ  വിരൽ കൊണ്ട് കോലം വരയ്ക്കാത്ത... തന്നെയൊക്കെ ആര് ശ്രദ്ധിക്കാൻ എന്ന ചിന്തയായിരുന്നു.

പിറ്റേന്ന് പതിവ് തെറ്റിച്ച് അവൾ നേരത്തേ എത്തി. ട്രെയിൻ വരുന്നതിനും ഒരു പാട് മുൻപേ.

അവളുടെ കണ്ണുകൾ വെറുതേയിരുന്നില്ല,  തന്റെ കണ്ണിലുടക്കിയ ആ കണ്ണുകൾ തേടിയുള്ള പരക്കം പാച്ചിൽ. ട്രെയിൻ ചലിച്ചു തുടങ്ങിയിട്ടേ അവൾ കമ്പാർട്ടുമെന്റിനരികിലേക്ക് നടന്നുള്ളൂ. വലം കൈ എന്തിനോ വേണ്ടി തരിക്കുന്നത് അവൾക്ക് തിരിച്ചറിയാമായിരുന്നു. ചക്രങ്ങളുടെ വേഗത കൂടുന്നുണ്ടായിരുന്നു...

അവൾ കാലെടുത്തു വച്ചില്ല... പിന്നെയും നോക്കി... ഇല്ല !

പടികൾക്കിടയിലൂടെ ചക്രങ്ങൾ കാണാം, യാത്ര അങ്ങോട്ടേക്കാക്കിയാലോ !!

കണ്ണീർ ധാരയായി ഒഴുകുന്നുണ്ട് ... വെറുതെ മുഖമൊന്നുയർത്തി, തനിയ്ക്ക് സ്വാഗതമരുളി നിന്ന കൈ അപ്പോഴാണ് കണ്ടത്. മൂക്കിന്റെ തുമ്പിലെത്തിയ കണ്ണുനീർത്തുള്ളി തട്ടി മാറ്റിക്കൊണ്ട് സർവ്വ ശക്തിയാൽ അവൾ മുന്നോട്ടാഞ്ഞു... ആ കൈകൾ ലക്ഷ്യമാക്കി.     

ഗ്രീൻ സിഗ്നൽ പ്രതീക്ഷയോടെ, ഒരു മുഖവുര

Geethu Francis :: കവിത :: ഒരു നീർത്തുള്ളി


Photo by Aaron Burden on Unsplash

തെളിവാർന്നൊരു രാവിൽ
മിഴിവാർന്നൊരു കനവായ്
നനുത്തൊരു നീർത്തുള്ളിയായ്
ശലഭങ്ങളുടെ വർണ്ണമായ്..

രാത്രികൾ, തഴുകി ഉണർത്തിയതും തെന്നെ നീ
പച്ചിലത്തോട്ടങ്ങളിൽ കൂടുകൂട്ടിയതും
സ്വപ്നങ്ങളിൽ ചിറകു വിരിച്ചു
പറക്കാൻ പറഞ്ഞതും നീ

ഇന്നലെ പോയൊരു യാത്രയിൽ
മഴമേഘങ്ങൾ കണ്ട് കണ്ണുകൾ
വിടർത്തി പുഞ്ചിരിച്ചതും...

കാടുകൾ ജീവന്റെ സ്പന്ദനങ്ങളാകുമാ
മലമുകളിലേക്ക് വിരൽ ചൂണ്ടി
ഇവിടമാണെൻറെ സ്വർഗ്ഗമെന്നു നീ ചൊല്ലി..

അവിടേക്ക് പറക്കുന്ന
മാടപ്പിറാവാണെൻറെ ശ്വാസം.....

ജീവന്റെ നാമ്പുകൾ മൊട്ടിടുന്ന
ദിക്കിലേക്ക് പോകയാണു ഞാൻ....

അകലേക്ക് നീ മറയുന്നതും നോക്കി
ഇനിയുമൊരു നാളിൽ...
ഒരു നീർത്തുള്ളിയായ്
നി എന്നരികിൽ... നിറയുവോളം
കാത്തിരിക്കുന്നു ഞാൻ.......

Jagan :: വല്യേട്ടനെ കൈവിട്ടുള്ള ഒരു കളിക്കും നിൽക്കരുത്..........!!പ്രതിദിനചിന്തകൾ
വല്യേട്ടനെ കൈവിട്ടുള്ള ഒരു കളിക്കും നിൽക്കരുത്..........!!

കഷ്ടം...............!
കൊച്ചേട്ടന്റെ ഇപ്പോഴത്തെ സ്ഥിതിയാണ് കേരള രാഷ്ട്രീയത്തിലെ ഏറ്റവും വിഷമസ്ഥിതി. ശത്രുക്കൾക്കു പോലും ഈ സ്ഥിതി ഉണ്ടാകരുതെന്ന് ആരും പ്രാർത്ഥിച്ചു പോകും......!!

സ്വന്തം പാർട്ടിയുടെ എം.എൽ.എ യേയും ഒരു ജില്ലാ സെക്രട്ടറിയേയും വല്യേട്ടന്റെ പോലീസ് തല്ലിച്ചതയ്‌ക്കുമ്പോഴും, എം.എൽ.എയുടെ കൈ യാതൊരു ദയയും ഇല്ലാതെ ഒടിച്ചു കളിക്കുമ്പോഴും, പഞ്ചപുഛമടക്കി നോക്കി നിൽക്കാനല്ലാതെ, അതിനെതിരേ ഒന്നു പ്രതികരിക്കാനോ, തല്ലു കൊണ്ടവർക്ക് ആശ്വാസം പകരുന്ന ഒരു വാക്ക് ഉരിയാടാനോ, അവരെ ആശുപത്രിയിൽ ഒന്നു സന്ദർശിക്കുവാനോ കഴിയാത്ത സ്ഥിതി.

കാരണം മറ്റൊന്നുമല്ല. അത്രയ്ക്കുണ്ട് ഈ കൊച്ചേട്ടന് വല്യേട്ടനോടുള്ള ഭയഭക്തി ബഹുമാനങ്ങൾ...........!
ദോഷം പറയരുതല്ലോ, ഈ ലാത്തി ചാർജ്ജിന്റെ വിവരം അറിഞ്ഞ ഉടൻ തന്നെ, വീട്ടിലുള്ളവരോടു പോലും 'കമാ' എന്ന് ഒരക്ഷരം ഉരിയാടാതെ ഈ കൊച്ചേട്ടൻ ആദ്യം മുഖം കാണിച്ചത് വല്യേട്ടനെയാണ്. പിന്നെ വല്യേട്ടന്റെ പാർട്ടി സെക്രട്ടറിയെ കണ്ടു. (അതിപ്പോൾ കുറച്ചു നാളായിട്ടുള്ള പതിവാണ്. 'ഒന്നിനും' ' രണ്ടിനും' പോകുന്നതു പോലും വല്യേട്ടന്റെ ഇഷ്ടപ്രകാരം ആണ്.)

അവർ ഇരുവരും പറഞ്ഞു തന്ന വാചകങ്ങൾ അല്ലാതെ, ഒരക്ഷരം കുറച്ചോ, കൂട്ടിയോ ഈ കൊച്ചേട്ടൻ ലാത്തിച്ചാർജ്ജിനെക്കുറിച്ച് പ്രതികരിച്ചില്ല. അങ്ങനെ തന്നെയാ വല്യേട്ടനെ ഭയമുള്ള ഒരു കൊച്ചേട്ടൻ ചെയ്യേണ്ടത്. അവിടെ സ്വന്തം പാർട്ടി എന്നോ, സ്വന്തം എം.എൽ.എ.എന്നോ ഒന്നും ഈ കൊച്ചേട്ടൻ നോക്കില്ല.

മുൻപ് ശബരിമല വിഷയം വഷളാക്കിയതു മൂലമാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്വന്തം മുന്നണി തോറ്റ് തുന്നംപാടി, തകർന്നടിഞ്ഞതെന്ന സ്വന്തം പാർട്ടിക്കാരും, വല്യേട്ടന്റെ പാർട്ടിക്കാർ പോലും കുറ്റപ്പെടുത്തിയപ്പോഴും, വല്യേട്ടന്റെ 'ശൈലി' മാറ്റണമെന്ന് അവർ പരസ്യ പ്രസ്താവന നടത്തിയപ്പോഴും ഒക്കെ, ജന്മനാൽ ഉള്ള ശൈലി മാറ്റാൻ പറ്റില്ലെന്നും, വല്യേട്ടന് ഈ ശൈലിയാണ് 'ഭംഗി' എന്നും പരസ്യ പ്രസ്താവന നടത്തി വല്യേട്ടനോടൊപ്പം പാറപോലെ ഉറച്ചു നിന്നവനാണ് ഈ കൊച്ചേട്ടൻ. അതിലും വലുതൊന്നും ഇപ്പോൾ ഉണ്ടായില്ലല്ലോ........?

പിന്നെ, ശത്രുക്കളും കൊച്ചേട്ടന്റെ പാർട്ടിയുടെ മുൻ സെക്രട്ടറിയും പുള്ളിക്കാരന്റെ ശിഷ്യന്മാരും പലതും പറഞ്ഞെന്നിരിക്കും. ഒന്നും കാര്യമാക്കരുത്. തല്ലുകൊണ്ട് ആശുപത്രിയിൽ കിടക്കുന്നവരെ ഒന്നും പോയി കണ്ട് ആശ്വസിപ്പിക്കരുത്. കൈ ഒടിഞ്ഞ എം.എൽ.എ യെ പോലും കൊച്ചേട്ടൻ അങ്ങോട്ടു പോയി കണ്ടില്ലല്ലോ? പുള്ളിക്കാരൻ ഇങ്ങോട്ടു വന്നു കണ്ടതല്ലേ ഉള്ളൂ. നന്നായി, അങ്ങനെ തന്നെ മതി. ഇനിയും ആശുപത്രിയിൽ ഉള്ളവർ വേണമെങ്കിൽ കൊച്ചേട്ടനെ അങ്ങോട്ടു വന്നു കാണട്ടെ.

പിന്നെ, അവിടെ ജില്ലാ കമ്മിറ്റി കൂടുമ്പോൾ ചിലപ്പോൾ ക്ഷണിച്ചെന്നിരിക്കും. പോകരുത്.........!

വിവരദോഷികളുടെ ചോദ്യങ്ങൾക്ക് നമുക്ക് ഉത്തരം പറയാൻ കഴിയില്ല. അപ്പോൾ അവർ പറയുന്ന ചില ഭാഷയും വാക്കുകളും അത്ര പഥ്യം ആയിരിക്കില്ല. അതിനാൽ കഴിഞ്ഞ ദിവസം ചെയ്തതുപോലെ, 'ആ വഴിക്ക് പോകുകയും വേണ്ട, ആ പാമ്പു കടിക്കുകയും വേണ്ട'.

ഒന്നര കിലോമീറ്റർ അകലെയുള്ള ഏതെങ്കിലും വീട്ടിൽ ഒളിച്ചിരുന്നാൽ മതി. അങ്ങനെ, അങ്ങനെ നമുക്ക് കേരളത്തിൽ നിന്നു തന്നെ ഒളിച്ചു കടക്കാൻ പഠിക്കാം..........!!

ചിലർ ചോദിക്കുന്നുണ്ട്, ''എന്നാൽ പിന്നെ കൊച്ചേട്ടന് പാർട്ടി സെക്രട്ടറി സ്ഥാനം രാജിവച്ചിട്ട് വല്യേട്ടന്റെ പാർട്ടിയിലോട്ട് അങ്ങ് ചേർന്നാൽ പോരേ?" എന്ന്. "ഇങ്ങനെ രണ്ടു വള്ളത്തിൽ കാൽ ചവിട്ടി നിന്നാൽ എങ്ങാണ്ടൊക്കെ പരിക്ക് പറ്റില്ലേ?"എന്ന്.
ശത്രുക്കളാണ്, അവരെ മൈൻഡ് ചെയ്യേണ്ട .........!!

കൊച്ചേട്ടാ,
വിമർശിക്കുന്നവർ എന്തും പറയട്ടെ. അവർ ഓർക്കുന്നുണ്ടാവില്ല, ഇത് രാമായണമാസം ആണെന്ന്.

നവോത്ഥാന ശിരോമണികൾക്ക് രാമായണവും ജയ് ശ്രീറാം വിളികളും നിഷിദ്ധം ആണെങ്കിലും കൊച്ചേട്ടന് ആർഷഭാരത സംസ്ക്കാരം മറന്ന് കളിക്കാൻ പറ്റില്ലല്ലോ? കൊച്ചേട്ടനും നവോത്ഥാന രാഷ്ട്രീയം കളിക്കുമെങ്കിലും, പണ്ട് അപ്പനപ്പൂപ്പൻമാർ കുടുംബത്തിൽ കർക്കിടക മാസത്തിൽ രാമായണ പാരായണം നടത്തിയിരുന്നതും, അതിനനുസരിച്ച് ജീവിതം നയിച്ചിരുന്നതും മറക്കാനാവുമോ?

അതിന്റെ ചുവടുപിടിച്ച് ഈ രാമായണ മാസത്തിലെങ്കിലും സ്വന്തം രാഷ്ട്രീയ ജീവിതത്തിലെങ്കിലും രാമായണം നൽകുന്ന സന്ദേശം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ശ്രമിക്കുന്നത് തെറ്റാണെന്ന് ആരും പറയില്ല.

വല്യേട്ടൻ ആയ ശ്രീരാമചന്ദ്രൻ ആജ്ഞാപിക്കുന്നത് എന്തു തന്നെ ആയാലും അത് അക്ഷരംപ്രതി അനുസരിച്ചിരുന്ന കൊച്ചേട്ടൻ ആയിരുന്നല്ലോ ലക്ഷ്മണൻ?
എന്തിനധികം?

ശ്രീരാമൻ വല്യേട്ടൻ വനവാസത്തിന് പോയപ്പോൾ, കൊട്ടാരവും, സുഖ സൗകര്യങ്ങളും, സ്വന്തം പ്രിയ പത്നിയെത്തന്നെയും ഉപേക്ഷിച്ച് വല്യേട്ടനെ അനുഗമിച്ച ത്യാഗിയായിരുന്നു ലക്ഷ്മണൻ കൊച്ചേട്ടൻ.......!

രാമായണം നൽകുന്ന ഈ മഹത്തായ സന്ദേശം ഉൾക്കൊണ്ട് കൊച്ചേട്ടൻ ഈ പാത പിൻതുടരണം. പാർട്ടിയും എം.എൽ. എ യും ഒക്കെ പോയി പണി നോക്കട്ടെ.......!
വല്യേട്ടന്നെ കൈവിട്ടുള്ള ഒരു കളിക്കും നിൽക്കരുത്..........!!

ജയ് ശ്രീറാം..................!!!

Anandakuttan :: കവിത :: പ്രകൃതി, നീയെത്ര സുന്ദരികുഴിയാന.

'കുഴിയാം ' -- 'കൂട്ടിൽ' നിന്നൊരു തുമ്പി,
(കുഴിയാന).
ചിറകുവിടർത്തി പാറുന്നു.
പൂക്കൾതോറും മധുവുണ്ണാനായ്
പുഞ്ചിരിയോടെ പായുന്നു.

'ജൈവപ്രഭയാം'  'പൊൻ' പ്രഭ തൂകി
മിന്നാമിന്നികളെത്തുന്നു.

'പനയിൽ' തൂക്കിയ കൂട്ടിൽ, കുരുവികൾ,
കുതുകത്തോടെ കൂടുന്നു..
അച്ഛൻ കുരുവി കൂട്ടിൽ നിന്നും
അന്നംതേടി പോകുന്നു.
അമ്മക്കുരുവി കുഞ്ഞുങ്ങൾക്കായി
അന്നം കൊത്തി പകരുന്നു.

പനയുടെ ചോട്ടിലൊരണ്ണിക്കുട്ടൻ
തുള്ളിച്ചാടി രസിക്കുന്നു.

കുരുവിക്കൂട്ടിന്നഴകിലുമുണ്ടേ ,
കുരുവികളവരുടെ കരവിരുത്!!

പ്രകൃതി കനിഞ്ഞു കൊടുത്തതു തന്നെ
'പതംഗ  ' പരിചിത വൈദഗ്ധ്യം !!!

നയന മനോഹര സ്വപ്നം പോലൊരു
തരളിതമോഹന 'മൃദു'കാഴ്ച!!!
...........................................

വയലിൽ മാരുതനൊന്നു ചരിച്ചു,,
'ഞാറിൻ'തുമ്പുകൾ ചാഞ്ചാടി.

കടലില്ലോളം വന്നതു പോലൊരു
സുന്ദര സുരഭില ചിത്രമയം !!.

കുയിലുകൾ പാടി , മയിലുകളാടി,
മദന മനോഹര കുളിർരാഗം.

മധുരമനോഹര കാഴ്ചകൾ നൽകി
പ്രകൃതി, 'മോഹിനി' നടമാടി..

10/10/ 2018

Sayanthana27 July 2019

Jagan :: "പെങ്ങളൂട്ടി"ക്ക് ഒരു കാർ.....


പ്രതിദിനചിന്തകൾ
"പെങ്ങളൂട്ടി"ക്ക് ഒരു കാർ.....


ആലത്തൂരിൽ നിന്നും വമ്പിച്ച ഭൂരിപക്ഷത്തോടെ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട "പെങ്ങളൂട്ടി"ക്ക് അവിടത്തെ യൂത്ത്കോൺഗ്രസ്സുകാർ അന്തസ്സായി പണം പിരിച്ച് ഒരു കാർ വാങ്ങി സമ്മാനിക്കാൻ ഒരുമ്പെട്ടതിനെക്കുറിച്ചുള്ള കോലാഹലവും ചെളിവാരി എറിയലും ആണല്ലോ ഇപ്പോൾ കേരള രാഷ്ട്രീയത്തിലെ ചൂടേറിയ ചർച്ച. സമ്മിശ്ര പ്രതികരണങ്ങൾ ആണ് വിവിവിധ കോണുകളിൽ നിന്നും കേൾക്കുന്നത്.

പാർലമെന്റ് അംഗങ്ങൾക്ക് താമസ സൗകര്യവും മണ്ഡല സന്ദർശനത്തിന് വാഹനവും സർക്കാർ തന്നെ നൽകുന്നുണ്ട് എന്നാണ് ഈയുള്ളവന്റെ പരിമിതമായ അറിവ്. അത് തെറ്റാണെങ്കിൽ കുടുതൽ അറിവുള്ളവർ തിരുത്തിയാൽ സ്വീകാര്യം.

സാധു കുടുംബത്തിൽ ജനിച്ചു വളർന്ന, വെറും സാധാരണക്കാരിയായ  ''പെങ്ങളൂട്ടി"ക്ക് തെരഞ്ഞെടുപ്പ് ചെലവിനുള്ള പണം പോലും പൊതുജനങ്ങൾ സംഭാവനയായി നൽകിയതാണ് എന്നാണ് അറിവ്. ആ നിലയ്ക്ക് പൊതുജനങ്ങളുടെ സ്നേഹ സമ്മാനമായി ഒരു കാർ അവരുടെ എം.പി.ക്ക് നൽകുന്നു എന്ന നിലയ്ക്ക് ഇതിനെ കണ്ട് വെറുതേ വിടാമായിരുന്നു. യൂത്ത് കോൺഗ്രസ്സുകാർ അതിന് മുൻകൈ എടുത്തെന്നല്ലേ ഉള്ളൂ ?

ഒന്നുമില്ലെങ്കിലും അവർ അത് പരസ്യമായി രസീത് അച്ചടിച്ച് നൽകി തെളിവോടുകൂടിത്തന്നെയാണല്ലോ ചെയ്തത്?
മറ്റു ചിലരൊക്കെ ചെയ്യുന്നതു പോലെ ബക്കറ്റ് പിരിവൊന്നും നടത്തിയില്ലല്ലോ?

കൂട്ടത്തിൽ ഒരു സംശയം. അവിവാഹിതയായ "പെങ്ങളൂട്ടി'' യുടെ പേരിനു മുന്നിൽ, സംഭാവനാരസീതിൽ 'ശ്രീമതി' എന്ന് അച്ചടിച്ചിരിക്കുന്നത് എന്തിനാണെന്ന് പിരിവിന് നേതൃത്വം നൽകിയ ആലത്തൂർ എം.എൽ.എ  'അക്കര' നിന്നെങ്കിലും വിശദീകരിക്കുമോ?

രാഷ്ട്രീയ കേരളത്തിന്റെ ഭീഷ്മാചാര്യൻ "ലീഡർ"ക്കു പോലും ഐ.എൻ.ടി.യു.സി ക്കാർ പിരിവെടുത്ത് കാർ വാങ്ങി നൽകിയിട്ടുണ്ടെന്ന് ചരിത്രരേഖകൾ ഉദ്ധരിച്ചു കൊണ്ട് പാർട്ടി ചരിത്രകാരന്മാരിൽ ചിലർ സാക്ഷ്യപ്പെടുത്തിയതും നാം കേട്ടു. ആ നിലയ്ക്ക് ഇത് ഇത്രയ്ക്ക് ഗൗരവം ഉള്ള കാര്യമാണോ? ഈ 'കാർ സംഭാവന' കൊണ്ട് "പെങ്ങളൂട്ടി" യുടെ രാഷ്ട്രീയ ഭാവിയിൽ ഉണ്ടാകാവുന്ന നേട്ടവും കോട്ടവും ആസ്വദിക്കാനും അനുഭവിക്കാനും അവർ തയ്യാറാണെങ്കിൽ, അത് അവരുടെ ഇഷ്ടത്തിന് വിടുന്നതായിരുന്നില്ലേ ഭംഗി?

എന്തായാലും മര്യാദാപുരുഷോത്തമൻ ശ്രീരാമചന്ദ്രനായ നമ്മുടെ കെ.പി.സി.സി പ്രസിഡന്റ് പാർട്ടി വേദികളിൽ ചർച്ച ചെയ്യേണ്ട ഈ വിഷയം പത്രദൃശ്യമാധ്യമ പ്രവർത്തകരുമായും, സമൂഹ മാദ്ധ്യമങ്ങളിലൂടെയും ചർച്ച ചെയ്തതിന് എന്തെങ്കിലും പ്രത്യേക ലക്ഷ്യം ഉണ്ടോ എന്ന്  അദ്ദേഹത്തിനോട് തന്നെ ചോദിക്കുന്നതായിരിക്കും ഭംഗി, ദോഷൈകദൃക്കുകൾ പറയുന്നത് വിശ്വസിക്കരുതല്ലോ?

'അക്കര' നിൽക്കുന്ന ആലത്തൂർ എം.എൽ.എ യും കെ.പി.സി.സി പ്രസിഡന്റിന് എതിരേ കളം നിറഞ്ഞാടിയത് പുതുമ നൽകി. അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി ഇനി  "അക്കരയോ...................? ഇക്കരയോ................? "

എന്തായാലും വിവാദങ്ങളുടെ തുടക്കത്തിൽ തന്നെ 'സംഭാവനകാർ' നിരസിച്ച് തലയൂരി "പെങ്ങളുട്ടി രക്ഷപ്പെട്ടത് നന്നായി, മാതൃകയായി ..........!
പ്രശ്നങ്ങളെ തുടർന്ന് പിരിച്ചെടുത്ത പണം മുഴുവനും രസീതുകുറ്റി പരിശോധിച്ച്, സംഭാവന നൽകിയവർക്ക് മടക്കി നൽകാൻ യൂത്ത് കോൺഗ്രസ്സ് തീരുമാനിച്ചത് സ്വാഗതാർഹം. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പിന്തുടരാവുന്ന, അനുകരണീയമായ മാതൃക..........!

ഭാവിയിലും ഇത്തരം രസകരമായ മടക്കി നൽകൽ ആചാരങ്ങൾ ഉണ്ടാകുമോ എന്തോ......?

Aswathy P S :: ഗ്രീൻ സിഗ്നൽ പ്രതീക്ഷയോടെ, ഒരു മുഖവുരബി.എഡ് പഠന കാലത്ത് കഥാരചനയ്ക്കു  ഒന്നാം സമ്മാനം നേടിയ കഥയാണ്  'തീവണ്ടി'. 'സ്പൊൺഡേനിയസ്' ആയി എഴുതിയത് കൊണ്ടാവാം കഥയുടെ മികവിൽ ഒന്നാം സമ്മാനം നൽകിയ വിധികർത്താവിന് ഉണ്ടായ സംതൃപ്തി, കഥാകാരിയ്ക്ക് ലവലേശം തോന്നാത്തത്.....

ഫോണിലേക്ക് പകർത്താൻ മടിപിടിപ്പിച്ചതും ഇതേ ചിന്ത തന്നെയെന്ന് പ്രത്യേകം പറയുന്നില്ല.....

പലതവണ തിരുത്തലിനായി ഉള്ളിലെ അധ്യാപികയുടെ ചുവന്ന തൂലിക തലപ്പാവ് പൊക്കിയെങ്കിലും ഉള്ളിന്റയുള്ളിലെ ബി.എഡ് കാരിയുടെ മുഖം വാടുന്നുണ്ടോ എന്ന സംശയം പേനയെ വീണ്ടും പെൻസ്റ്റാന്റിന്റെ തടവിലാക്കി.

പുതുമയില്ല എന്നതു തന്നെ പ്രഥമമായ ആത്മനിരൂപണം... എങ്കിലും നിലവാരം നേടി എടുക്കാനാകും എന്ന ആത്മവിശ്വാസത്തോടെ....  അദ്ധ്യാപകനു മുമ്പിൽ  ഗൃഹപാഠം നീട്ടി പകച്ചു മാറി നിൽകുന്ന ഒരു ഒന്നാം ക്ലാസുകാരിയായി, ഞാൻ എന്റെ നോട്ടുബുക്കിലെ ഏറെക്കുറേ ആദ്യ പേജ് തിരുത്തിന് അർഹത കൊതിച്ച് കൊണ്ട് മുന്നോട്ടുവയ്ക്കുന്നു....

 മലയാളമാസികയിലേക്ക് എന്റെ ആദ്യ റിപോർട്ടിതര  എഴുത്താകട്ടെ 'തീവണ്ടി' എന്നു പ്രതീക്ഷിച്ചു കൊണ്ട് ....

Anandakuttan :: കഥ :: കല്യാണം -- ഉണ്ണികൾ !കല്യാണം -- ഉണ്ണികൾ !

രണ്ടു സുഹൃത്തുക്കൾ നഗരത്തിൽ സിനിമ കാണാൻ പോയി ..

മോണിംഗ് ഷോ .
സിനിമ കഴിഞ്ഞു ,

രണ്ടു പേർക്കും നല്ല വിശപ്പ്.

സുഹൃത്തുക്കൾ തൊട്ടടുത്തു കണ്ട കല്യാണമണ്ഡപത്തിലേക്ക് കയറി.

 'ബിരിയാണി കല്യാണമാണ്.'

തിരക്കിനിടയിൽ അവർ പലരെയും തള്ളിമാറ്റി ഇരിപ്പിടം വളരെ എളുപ്പത്തിൽ ഒപ്പിച്ചു .

സുഹൃത്തുക്കൾ ബിരിയാണി കഴിച്ചു തുടങ്ങി.

മണ്ഡപത്തിനുള്ളിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇവരെ കണ്ട് ഓടി അടുത്തെത്തി.

"അയ്യോ !ഇതാരൊക്കെയാ!
സാർ ! ക്ഷമിക്കണം, എന്റെ താത്തയുടെ നിക്കാഹാണ്,വിളിക്കാൻ വിട്ടു പോയി. സർ, ഒന്നും തോന്നരുത്."

സുഹൃത്തുക്കൾ മുഖത്തോടു മുഖം നോക്കി, ചെറുപ്പക്കാരനേയും നോക്കി ,ഇളിഭ്യരായി.

ഈ സുഹൃത്തുക്കൾ ഒരു സമാന്തരസ്ഥാപനത്തിലെ പഴയ അധ്യാപകരും, ചെറുപ്പക്കാരൻ അവിടുത്തെ പഴയ വിദ്യാർത്ഥിയുമായിരുന്നു.

അല്പം കഴിഞ്ഞ് ചെറുപ്പക്കാരൻ തന്റെ ഉമ്മ (അമ്മ ) യുമായി സുഹൃത്തുക്കളുടെ അടുത്തെത്തി.

അമ്മ:- "അയ്യോ, സാറൻമാരേ നിങ്ങളെ വിളിക്കാൻ വിട്ടു പോയി. ഒന്നും തോന്നരുത്. വന്നതിൽ വളരെ സന്തോഷം."

അടുത്തിരുന്ന് ബിരിയാണി കഴിക്കുന്നവർ ഇതൊന്നും ശ്രദ്ധിക്കാത്ത ഭാവത്തിൽ അവരുടെ ജോലി ആസ്വദിച്ചു ചെയ്തു കൊണ്ടിരുന്നു.

സുഹൃത്തുക്കളുടെ ആമാശയത്തിലെത്തിയ ബിരിയാണി സെക്കന്റുകൾക്കുള്ളിൽ തന്നെ ദഹിച്ചു കാണും .

എന്തായാലും പാത്രത്തിൽ ബാക്കിയിരുന്ന ബിരിയാണി പാത്രത്തിൽ വച്ചു തന്നെ ദഹിച്ചു.

Dr Abdul Kalamജുലായ് 27
ഡോ.കലാം കൊഴിഞ്ഞു വീണിട്ട് 4 വർഷം.

തനിക്ക് അവസാനമായി തരുന്ന സംസം വെള്ളം 
തുമ്പച്ചെടിയിലൂടെയാകണം എന്ന് ചിന്തിച്ച മാനവികൻ...

ഇന്ത്യ എന്റെ രാജ്യമാണ് എന്ന മന്ത്രം 
മരണം വരെ ഉരുവിട്ട ദേശസ്നേഹി....

ഇന്ത്യയുടെ യുവത്വത്തിന് 
നാളെയുടെ അർഥം പറഞ്ഞു കൊടുത്ത മഹാഗുരു.....
കുട്ടികളുടെ സ്വപ്നങ്ങൾക്ക് 
നിറം നൽകിയ മാന്ത്രികൻ.....

ഇന്ദുവിനെ ചെന്നുകണ്ട ചന്ദ്രയാന്റെ, 
ശിൽപി.....

രാഷ്ട്രപതി ഭവൻ പാവപ്പെട്ടവർക്കു വേണ്ടി തുറന്നുകൊടുത്ത മനുഷ്യസ്നേഹി..........

സിയാചനിൽ കടന്നു ചെന്ന് ഇന്ത്യൻ പട്ടാളത്തിന് 
ആത്മവീര്യം പകർന്നു നൽകിയ സർവസൈന്യാധിപൻ ....

പൊഖ്റാനിൽ ആണവവിസ്ഫോടനത്തിലൂടെ 
ഓരോ മണൽത്തരിയെയും പുളകം കൊള്ളിപ്പിച്ച കൃശഗാത്രൻ.....

ഏത് വർണനയാണ് അധികമാകുന്നത്...

രാമേശ്വരത്തിന്റെ ഐതിഹാസിക മണൽ പുറത്തു നിന്ന് ആരംഭിച്ച് 
അവിടെ തന്നെ യാത്ര അവസാനിപ്പിച്ച 
ആ യുഗപുരുഷന് ശതകോടി പ്രണാമം

അജിജേഷ്‌ പച്ചാട്ട്


പുതിയ എഴുത്തുകാർ തമ്മിൽ ആഴത്തിലുള്ള സൗഹൃദമുണ്ട് - അജിജേഷ്‌ പച്ചാട്ട് 

മലയാളത്തിലെ യുവകഥാകൃത്തുകളിൽ ശ്രദ്ധേയനാണ് അജിജേഷ്‌ പച്ചാട്ട് .
ഈ അടുത്തിറങ്ങിയ അദ്ദേഹത്തിന്റെ കഥ അമ്മയുടെ ആൺകുട്ടി ഏറെ ചർച്ചചയ്യുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്ത ഒന്നാണ്. അമ്മ മകൻ ബന്ധത്തിലെ സൂഷ്മമായ തലങ്ങൾ തികഞ്ഞ കൈ ഒതുക്കത്തോടെ അജിജേഷ്‌ അവതരിപ്പിച്ചിരിക്കുന്നു.ദൈവക്കളി, കിസ്സേബി എന്നീ കഥാസമാഹാരങ്ങളിലെ കഥകൾ പകർന്നു തരുന്ന വായനാലോകം തീർത്തും വ്യത്യസ്തമാണ് . അതിരഴി സൂത്രംഏഴാം പതിപ്പിൻറെ ആദ്യ പ്രതി എന്നീ നോവലുകൾ ആനുകാലികങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു . അവ ഉടൻ പുസ്തകമാകും .

പെൻഡുലം ബൂക്സിന്റെ ആദ്യ കഥാപുരസ്കാരവും അദ്ദേഹം നേടി.
പുതിയ എഴുത്തിനെ കുറിച്ചും സാഹിത്യത്തിലെ സൗഹൃദങ്ങളെ കുറിച്ചും അജിജേഷ്‌ പറയുന്നു.
 അമ്മേന്റെ ആൺ കുട്ടി എന്ന കഥയിൽ നിന്ന് തുടങ്ങാം . അതാണല്ലോ ഏറ്റവും പുതിയത് . എങ്ങനെ അത്തരം ഒരു തീമിൽ എത്തിപ്പെട്ടു ?
കഥ അല്ലെങ്കിൽ നോവൽ അതുമല്ലെങ്കിൽ കവിത എന്തുമായിക്കൊള്ളട്ടെ എല്ലാം ആർട്ട് ആണ്. ആർട്ട് ഫോം ചെയ്യപ്പെടുന്നത് സെൻസറിങ്ങില്ലാത്ത തോന്നലുകളിലൂടെയാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അങ്ങനെയുള്ള ഒരു തോന്നലിൽ നിന്ന് രൂപപ്പെട്ടതാണ് അമ്മേന്റെ ആൺകുട്ടി എന്ന കഥയും.

അമ്മ മകനോട് പ്രണയാഭ്യർത്ഥന നടത്തുന്നത് സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ് ?
ആർട്ട് എന്നു പറയുന്നത് സന്ദേശം എന്നതിലുപരി അത് സമൂഹത്തിന് നൽകുന്ന ടാസ്ക് ആണ്. അതിലെ ശരിയും തെറ്റും ഗുണങ്ങളും ദോഷങ്ങളുമെല്ലാം കാലമാണ് തീരുമാനിക്കുന്നത്. കേവലം ഒരമ്മ മകനോട് നടത്തുന്ന പ്രണയാഭ്യർത്ഥനയല്ല, അമ്മേന്റെ ആൺകുട്ടി എന്ന കഥ. പ്രണയത്തിന്റെ നിയന്ത്രണാതീതമായ സാധ്യതകളേയും അനന്തമായ വിശാലതയേയുമാണ് അത് സൂചിപ്പിക്കാൻ ശ്രമിച്ചത്.

സമുദ്രശിലയിൽ സുഭാഷ് ചന്ദ്രനും അമ്മ മകൻ ബന്ധത്തെ പുതിയ തലത്തിൽ എത്തിക്കുന്നുണ്ട്. അതിലെ അംബയും താങ്കളുടെ 'മകന്റെ അമ്മയും' തമ്മിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ?
അമ്മേന്റെ ആൺകുട്ടി നിലവിലുള്ള ബന്ധങ്ങളുടെ പ്രത്യക്ഷത്തിലുള്ള കാഴ്ചാ രൂപത്തോട് സമരസപ്പെടുന്ന ഒന്നല്ല.മറിച്ച് ശീലിച്ചു പോന്ന വ്യവസ്ഥിതിയെ ബ്രേക്ക് ചെയ്യുന്ന ഒന്നാണ്. അമ്മയും മകനും തമ്മിലുള്ള ബന്ധം സംഭവിക്കുന്നത് കരുണയുടേയോ ബാധ്യതയുടേയോ ദയയുടേയോ പുറത്തല്ല. അത് പ്രണയമായിട്ടാണ് സംഭവിക്കുന്നത്. സെക്ഷ്വലി യുള്ള ബന്ധം  ആയിക്കൊള്ളണമെന്നില്ല. സ്പിരിച്ച്വൽ ആയിരിക്കാം. ആത്മീയമായി നമുക്ക് പ്രണയത്തിൽ ഏർപ്പെടാമല്ലോ...

കെ എൻ പ്രശാന്ത്, അജിജേഷ് പച്ചാട്ട്, കെ വി മണികണ്ഠൻ..... പുതിയ തലമുറയിലെ പുരുഷ എഴുത്തുകാർ എന്തുകൊണ്ടാണ്  ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് ?
ഞാനൊരു മനുഷ്യനിസ്റ്റാണ്. സ്വത്വഭാവത്തെ മറികടന്ന് ആർട്ടിൽ ഏർപ്പെടുമ്പോൾ അയാൾ യഥാർത്ഥ മനുഷ്യനാവുന്നു. അങ്ങനെയാണ് വിശ്വസിക്കുന്നത്. ആണ് പെണ്ണിന് വേണ്ടിയും പെണ്ണ് ആണിന് വേണ്ടിയും ഇവർ രണ്ടു പേരും ചേർന്ന് ട്രാൻസിന് വേണ്ടിയുമൊക്കെ സംസാരിക്കുന്ന കാലം വരണം. അവിടെയാണ് ചിന്തകൾക്ക് വിസ്തൃതി വ്യാപിക്കുന്നത്. മനസ്സിന്റെ വാതിൽ അടച്ചു വയ്ക്കാനുള്ളതല്ല, അത് തുറന്നിടാനുള്ളതാണ്. അത്തരമൊരു തുറന്നിടൽ നടന്നതു കൊണ്ടായിരിക്കാം പുതിയ എഴുത്തുകാരുടെ എഴുത്തിൽ ഇതെല്ലാം കടന്നുവരുന്നത്. അബിൻ ജോസഫും അമലുമെല്ലാം ശക്തമായ സ്ത്രീ കേന്ദ്രീകൃത കഥകൾ എഴുതിയിട്ടുള്ളവരാണ്. രാഹുലും സിവിക് ജോണും സുനുവും വിഷ്ണുവും അഖിലും സുമേഷും ഡിന്നുവും അർജുനും അഭിജിത്തുമെല്ലാം വിശാലമായി ചിന്തിക്കുന്നവർ തന്നെയാണെന്നാണ് അവരുടെയെല്ലാം കഥകൾ വായിച്ച ആൾ എന്ന നിലയിൽ എനിക്ക് തോന്നിയിട്ടുള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമാണല്ലോ . സോഷ്യൽ മീഡിയ എഴുത്തിനെ എങ്ങനെ സ്വാധീനിക്കുന്നു ?
സോഷ്യൽ മീഡിയ എഴുത്തിനെ സ്വാധീനിക്കുന്നു എന്നതിലുപരി അത് എഴുത്തിനെ കൂടുതൽ ശക്തിയുള്ളതാക്കുന്നു എന്ന അഭിപ്രായമാണ് എനിക്കുള്ളത്. നമുക്കിടയിലെ അന്യതാഭാവം ഒരു പരിധിവരെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയ ആണ്. വളരെ പോസിറ്റീവല്ലേ അത്...

കൂടെ എഴുതുന്നവരിൽ ആരാണ് പ്രിയപ്പെട്ട എഴുത്തുകാരൻ ?
എല്ലാവരും പ്രിയപ്പെട്ടവർ തന്നെ.

അടുത്തിടെ കഥാകൃത്തുക്കൾ  സംഘടിക്കുന്നത് നാം കണ്ടു . എന്തുകൊണ്ടാണ്  ഇത് ? സാഹിത്യത്തിന് ഇത് ഗുണം ചെയ്യുമോ ?
കഥാകൃത്തുക്കൾ സംഘടിക്കുന്നു എന്ന് എന്തുകൊണ്ട് പറഞ്ഞുവെന്ന് എനിക്കറിയില്ല. ഒരു പക്ഷേ മുൻ കാലങ്ങളെ അപേക്ഷിച്ച് അവർക്കിടയിൽ ഇല്ലാത്ത പരസ്പര സൗഹൃദം പുതിയ തലമുറയിൽ കണ്ടതുകൊണ്ടായിരിക്കാം. ഞങ്ങൾ പരസ്പരം വായിക്കുന്നുണ്ട്.
ക്രിട്ടിക്കലായി വിലയിരുത്തുന്നുണ്ട്. അത് വ്യക്തിപരമായിട്ടല്ല, സാഹിത്യപരമായിട്ടാണ്. നേരത്തെ പറഞ്ഞതുപോലെ തുറന്ന മനസ്ഥിതി ആയതു കൊണ്ട് കാര്യങ്ങൾ മനസ്സിലാക്കുന്നു. മനോജ് വെങ്ങോലയെപ്പോലെ കഥയെഴുതാൻ അജിജേഷ് പച്ചാട്ടിന് കഴിയില്ല. അത് എനിക്കും മൂപ്പർക്കും അറിയാം. അബിൻ ജോസഫിനെ പോലെ എഴുതാൻ ഷിനിലാലിനോ ഷിനിലാലിനെ പോലെ എഴുതാൻ അബിനോ കഴിയില്ല. വിവേകിന്റേത് വേറെ തലം, ഷാഹിന വേറെ രീതി,സുദീപ് ടി ജോർജ്ജ് വേറെ ലെവൽ, പ്രശാന്ത് വേറെ ശൈലി, യമ മറ്റൊരു രീതിയിലെഴുതുന്നു...അങ്ങനെ ഓരോരുത്തരും അവരവരുടേതായ എഴുത്തിൽ കൃത്യമായി ഇടപെടുന്നു. ആർക്കും ആരെയും പോലെ ആവാൻ കഴിയില്ല. ആവേണ്ട കാര്യവുമില്ലല്ലോ..അത് തിരിച്ചറിയുമ്പോൾ നമ്മൾ  പരസ്പരം കഥകൾക്ക് കാത്തിരിക്കും. വായിക്കും ചർച്ച ചെയ്യും സൗഹൃദപ്പെടും. അത്രയേ സംഭവിക്കുന്നുള്ളൂ. അല്ലാതെ എഴുത്തുകാർ സംഘടിച്ച് സംഘടനയുണ്ടാക്കിയതായി എന്റെ അറിവിലില്ല. സൗഹൃദം നല്ലതല്ലേ.... സാഹിത്യത്തിന് ഗുണം ചെയ്യുമോ എന്നു ചോദിച്ചാൽ ആത്മാർത്ഥ സൗഹൃദവും മനുഷ്യത്വവും സാഹിത്യത്തിന് ഗുണമേ ചെയ്യൂ എന്ന് ഞാൻ പറയും

പുതിയ എഴുത്ത് ? പുസ്തകങ്ങൾ ?
കഥകൾ എഴുതുന്നു. ഏഴാം പതിപ്പിന്റെ ആദ്യ പ്രതിയും അതിരഴിസൂത്രവും കൂവയും വൈകാതെ പുസ്തകമായി വരുമെന്ന് പ്രതീക്ഷിക്കാം.

എഴുത്തിൽ നിന്ന് എന്തു നേടി ?
എഴുത്തിൽ നിന്നും എന്തു നേടി എന്നു ചോദിച്ചാൽ എഴുത്തിൽ നിന്നും കുറച്ച് മനുഷ്യത്വം നേടി എന്നു പറയാം. മനുഷ്യനാവാൻ ശ്രമിക്കുക എന്നതാണ് ജീവിതത്തിന്റെ അടിസ്ഥാനം. എഴുത്തിലൂടെ മനുഷ്യനായിക്കൊണ്ടിരിക്കുന്നു.... അതുമതി, ഹാപ്പിയാണ്.