ബിന്ദുമതി

Views:
ആടലുകളെല്ലാമടക്കിയ രാജനശോകന-
പ്പാടലീപുത്രപുരത്തിന്‍ വീഥികളേറി.
സന്ധ്യയാല്‍ ചോന്ന ഗലി തന്‍ പാതകളിലമാത്യരും സൈന്യസമേതനായന്നു ഗമിക്കും നേരം.
സചിവന്മാരഖിലവും ദേവാനാം പ്രിയദര്‍ശി തന്‍റെ
ചടുലതയേറും കുതിരക്കു പിന്നാലെ.
മായികമാകുമന്തിയില്‍ സൗവര്‍ണ്ണ തേജസ്സിനാലേ,
നവ്യപ്രഭ നിറയുന്ന ഗംഗാതടവും.
ഏതലൗകിക കാന്തിയാല്‍ സ്വര്‍ഗ്ഗോപമമാകുന്നൊരാ
തീരത്തിന്‍റെ ചാരുതര ദൃശ്യങ്ങള്‍ കാണ്‍കെ,
കുതിരക്കുളമ്പൊന്നങ്ങു നിന്നൂ ശാന്ത സ്വരൂപമ-
സ്വച്ഛശീതളമാകുന്ന മധു നുകരാന്‍.
വെണ്ണുരക്കസവാടയണിഞ്ഞു വ്രീളാലോലം ഗംഗ
നവോഢയെപ്പോലെയാര്‍ത്തങ്ങൊഴുകിടുന്നു.
അശോകനപാരതയില്‍ കണ്ണുകളങ്ങയക്കവേ,
മരതകത്തുരുത്തുകള്‍, ശാദ്വലതീരം.
തോണിയേറുമരയന്മാര്‍, കുതിച്ചൊഴുകും ജാഹ്നവി, നൂപുര സ്വരധാരകള്‍, മൃദുഗീതങ്ങള്‍.
''ആര്‍ക്കൊഴുക്കുവാനാവുമീ, ഗംഗയെ ഇതുപോലങ്ങു
മേലേക്കു ഹിമവാനോളം, വിപരീതമായ്.''
ശബ്ദമുയര്‍ന്നൂ രാജന്‍റെ, ഗംഗയുമൊന്നു സ്തബ്ധയായ്
ആകെ മൂകമായി അനുചരവൃന്ദവും.
ചാരെ പരസ്പരം നോക്കിത്തല കുമ്പിട്ടു കൂപ്പുന്നു ,
സാധ്യമോ, വായു പോലങ്ങു ജലമുയരാന്‍ ?
'' എനിക്കാകും ഗംഗാദേവിയെ മേലോട്ടങ്ങോട്ടൊഴുക്കുവാന്‍''
നവമൊരു താരുണ്യത്തിന്‍ കോകിലനാദം.
പൗര്‍ണ്ണമി പോല്‍ ശോഭയെഴുമൊരു ലാവണ്യയുവതി,
നിറയന്തി ശോഭ പോലെയുണര്‍ത്തിക്കുന്നു.
''ബിന്ദുമതിയിവള്‍ '' ആരോ മൊഴിയുന്നു ,  ''പാപിനിയാം
ഗണികസുന്ദരിയിവള്‍ ഗലീ ചേരിയില്‍.''
'' ദുര്‍വൃത്തയിവള്‍, ധനാര്‍ത്തി മുഴുത്തവള്‍     മടിക്കുത്തങ്ങഴിക്കുന്നു, മടിശ്ശീല വീര്‍പ്പിക്കുവാനും.''
''മേലേക്കങ്ങോട്ടൊഴുകുക'', അബലയാം നാരീസ്വനം
പാര്‍ശ്വ വര്‍ത്തിനിയിവള്‍ തന്‍ അനുജ്ഞാസ്വരം.
ചെങ്കോലുമില്ല, ഖഡ്ഗവുമെന്നാലാശ്ചര്യമായ് ഗംഗ-
യൊഴുകുന്നു,
വിണ്ണതിലെ ഗംഗയോളവും.
അവഗണിക്കപ്പെട്ടവള്‍, തഴയപ്പെട്ടവളുടെ
സ്വരമേറ്റെടുക്കുന്നുവോ പ്രകൃതീമാതാ.
''നീ ദേവത,യാദി പരാശക്തി വിശ്വമായാദേവി,
ഗംഗ നിന്നനുജ്ഞ കേള്‍പ്പാന്‍ മൂലം ഭവതീ ? ''
രാജനതു ചോദിക്കവേ, '' എന്‍ സത്യവര്‍ത്തനത്താലേ,
യൊഴുകുന്നു ഗംഗ ഹിമഗോമുഖോളവും.''
'' ഞാന്‍ ബിന്ദുമതി,താരുണ്യം വിറ്റു പുലരും പെണ്‍കൊടി,
സത്യശക്തിയാലൊഴുകുന്നു ഗംഗാനദി.''
''വേശ്യയാമെനിക്കുമാവാം സത്യപ്രവര്‍ത്തനം, ചാതുര്‍വര്‍ണ്ണ്യ
ബഹു ജനമെല്ലാമെനിക്കു തുല്യര്‍.''
''പണമേകുന്നവനു ഞാന്‍ നല്കുന്നു തുല്യസേവനം,
അതാണെന്‍റെ സത്യം ,ഉണ്മ,
സമത്വബോധം ''
''ഉള്ളത്തിലുള്ള സത്യത്തെ വിശ്വമനുസരിക്കുന്നു,
സത്യവര്‍ത്തിയെല്ലാറ്റിനും യജമാന്‍ സ്വയം.''
***********************
ദേവാനാം പ്രിയന്‍, പ്രിയദര്‍ശി രാജന്‍- മഹാനായ അശോകചക്രവര്‍ത്തിയുടെ സ്ഥാനപ്പേരുകള്‍
*************
(ജീവ രാഗം മാസിക )
   ശ്രീകുമാര്‍ ചേര്‍ത്തല