പെയ്തിറങ്ങലിന്റെ :: സുഖം സുധാകരൻ ചന്തവിള

Views:


ജീവിക്കുന്ന ജീവിതവും ജീവിക്കാത്ത ജീവിതവുമുണ്ട്. ജീവിക്കുന്നവ എപ്പോഴും ഉണര്‍ന്നിരിക്കുന്നതും ഉണര്‍ന്നിരിക്കല്‍ വേദനാജനകവുമാണ്. ഉറക്കം ഒരു ചെറുമരണമാണെന്ന ബഷീറിയന്‍ ശൈലിപോലെയും. ഉറക്കം പലതിനെയും മറക്കാന്‍ പ്രേരിപ്പിക്കുന്നു. അത് ജഡാവസ്ഥയിലുള്ള മനുഷ്യപ്രകൃതിയുടെ പ്രതീകം കൂടിയാകുന്നു.

ഉണര്‍ന്നിരിക്കല്‍ എന്നാല്‍ ചിന്തിച്ചിരിക്കല്‍ കൂടിയാണ്. ചിന്ത, മനസ്സിനേയും ശരീരത്തേയും തീ പിടിപ്പിക്കുന്നു. ആ തീ അണയാത്തതുമാകുന്നു. ഇങ്ങനെ കത്തിക്കൊണ്ടിരിക്കുന്ന ചിന്താനാളം ഉണര്‍ന്നിരിക്കുന്ന ഏതൊരു മനുഷ്യനിലും സജീവമാണ്. ആ സജീവത ആയുസ്സിന്റെ അകലം കുറയ്ക്കുന്നു. അന്തരംഗത്തിന്റെ ഭാരം വര്‍ദ്ധിപ്പിക്കുന്നു. ആകുലതകളുടെ അനിയന്ത്രിതാവസ്ഥ സൃഷ്ടിക്കുന്നു.

സന്ദിഗ്ദ്ധമായ ദശാസന്ധികളിലൂടെയാണ് ഒരു യഥാര്‍ത്ഥജീവിതം കടന്നുപോകുന്നത്. അത് തികച്ചും പ്രവചനാതീതവും പ്രകടനപരതയില്ലാത്തതുമാണ്. സങ്കീര്‍ണ്ണമായ ചലനങ്ങളിലൂടെയും സങ്കല്പബോധത്തിലധിഷ്ഠിതമായ ഓര്‍മ്മകളിലൂടെയും  അത് നയിക്കപ്പെടുന്നു. വിഷമങ്ങളെയും പ്രക്ഷുബ്ധതകളേയും വിസ്മരിച്ചുകൊണ്ട് പലതിനേയും അതിജീവിക്കാന്‍ അത് ശ്രമിക്കുന്നു.

എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്തവനെപ്പോലെയും ഒന്നുമില്ലാഞ്ഞിട്ടും എല്ലാം ഉള്ളവനെപ്പോലെയും പെരുമാറാനുള്ള മനോഭാവം ജീവിതം സമ്മാനിക്കുന്നു. ഇതൊരുതരത്തില്‍ നിരാശാബോധവും മറ്റൊരുതരത്തില്‍ പ്രതീക്ഷാഭരിതവുമാണ്. ആശങ്കകളും ഉല്‍ക്കണ്ഠകളും ജീവിതത്തെ നിരന്തരം മാറ്റിമറിക്കുന്നു. താനറിയാതെ തളര്‍ന്നുപോകാനും സങ്കടപ്പെടുവാനും തയ്യാറായിത്തീരുന്ന മനുഷ്യപ്രകൃതി ഓര്‍മ്മകളാലും സ്വപ്നങ്ങളാലും ഉത്തരമില്ലാത്ത ചോദ്യാവലികള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു.

ഏതു ചൂടും തണുത്തുപോകുന്ന കാലാവസ്ഥയിലേക്ക് എത്തപ്പെടുന്നു. ഏതു തണുപ്പും ചൂടുതേടിപ്പുറപ്പെടുന്നു. തണുപ്പ് സുഖാനുഭൂതിയുടെയും ഉന്മേഷത്തിന്റെയും അടാളമെന്നതുപോലെ ഇരച്ചെത്തുന്ന മഴത്തുള്ളികളുടെ സമാധിസ്ഥലവുമാകുന്നു. മഴ മനുഷ്യാത്മാവിന്റെ മന്ദഹാസവും മാരിവില്‍ കാന്തിയുമാണ്. അത് ഘനീഭവിക്കുന്ന ആകുലതകളുടെ നിശ്വാസവും ആശ്വാസവുമാണ്. പെയ്‌തൊഴിയുമ്പോള്‍ ലഭിക്കുന്ന മേഘങ്ങളുടെ ശാന്തസുന്ദരാവസ്ഥ സത്യധര്‍മ്മങ്ങളുടെ സംഗമസ്ഥലംപോലെ നിര്‍മ്മലവും നിതാന്ത നിശബ്ദവുമാണ്; ഓര്‍മ്മകള്‍ക്ക് വിശ്രമിക്കാനുള്ള ഒരിടം!.

''ഓര്‍മ്മകളുടെ കൂട്ടുപിടിച്ച് മഴയായ്
വീണ്ടും പെയ്തിറങ്ങുന്നു'' എന്ന ഉത്തരപാദത്തിലെ വരികളില്‍ പെയ്തിറങ്ങുന്നത് ജീവിതമല്ലാതെ മറ്റെന്താണ്. ജീവിതം പൂക്കാനും തളിര്‍ക്കാനും മാത്രമുള്ളതല്ല; പെയ്യാനും പെയ്തിറങ്ങാനും കൂടിയുള്ളതാണെന്ന് ബോധ്യപ്പെടുത്തുന്നു. അതിന് ഓര്‍മ്മകളുണ്ടെങ്കിലെ സാധ്യമാകു. ഓര്‍മ്മകള്‍ മറക്കാനുള്ളതിനെക്കാള്‍ ഓര്‍ക്കാനുള്ളതാണ്. ഓര്‍ക്കപ്പെടുമ്പോഴാണ് പെയ്തിറങ്ങുന്നത്.

പെയ്തിറങ്ങലുകള്‍കൊണ്ട് എല്ലാം അവസാനിക്കുന്നുവോ? ഇല്ല, വീണ്ടും പെയ്യുന്ന മഴപോലെ, ആ മഴകളില്‍ കിളിര്‍ക്കുന്ന പുതുനാമ്പുപോലെ പലതും വീണ്ടും തളിരിടുന്നു.  ഇങ്ങനെ പെയ്യാനുള്ള മഴപോലെ, പെയ്‌തേതീരൂ എന്ന മഴമേഘങ്ങള്‍പോലെ ജീവിതം ആകുലതകളുടെ കാര്‍മേഘങ്ങളുമായി എപ്പോഴും  വന്നടുത്തുകൊണ്ടിരിക്കുന്നു.

''കൊടുകാറ്റലറി പേമഴപെയ്തിടുമിടവപ്പാതിപ്പാതിരയില്‍'' (മനസ്വിനി-ചങ്ങമ്പുഴ) എന്നപോലെ അതങ്ങനെ തകര്‍ത്തുപെയ്യട്ടെ.

(കവിയും ഒരുമ പത്രാധിപരുമാണ് ശ്രീ സുധാകരൻ ചന്തവിള, 
കൃഷ്ണേന്ദുവിന്റെ കവിതയെക്കുറിച്ച്... )

പുതിയ വിഭവങ്ങള്‍

ദേശഭക്തിഗാനങ്ങള്‍Enter Your Email:

Malayala Masika, Thiruvananthapuram - 695301. 
Mob: 9995361657
mymalayalamasika@gmail.com


Popular Posts (Last Week)