ഒരു രാത്രിയുടെ ഓര്‍മ്മ

Views:

രാവേറെയായവസാന വണ്ടിയിറങ്ങി ഞാന്‍,
ഉറങ്ങും നിരത്തിന്‍റെയരികില്‍.
ഇരുള്‍ വഴിയില്‍ വീടിന്‍റെ സാന്ത്വനം തേടി ഞാന്‍
ധൃതിയില്‍ കിതച്ചു നടക്കേ,

വിജനമാലസ്യത്തിലേക്കാണ്ടൊരു സ്റ്റാന്‍റിലെ 
ബാഷ്പദീപങ്ങള്‍ അണഞ്ഞു.
നിശ്വസിച്ചാര്‍ത്തങ്ങു വീശുന്ന കാറ്റു-
മൊരല്പനേരത്തേക്കങ്ങു നിന്നു.

തമസ്സിന്‍റെ കാണാക്കയങ്ങളില്‍ പെട്ടൊരാ
അവനിയുമാകാശവുമൊന്നു പോലെ.
ഇടക്കിടെ വീശുന്ന മിന്നലൊളികള്‍ തന്‍റെ
വെള്ളിയില്‍ കാണുന്നു പാത.

മക്കളൊറ്റക്കാക്കി നിര്‍ത്തിയ മാതാവു
പോലങ്ങു വഴിയിലൊരു ജീര്‍ണ്ണിച്ച കൂര,
ഒരു പിഞ്ചുകുഞ്ഞിന്‍റെ നിലവിളി കേള്‍ക്കുന്നു,
പടിയില്‍, നിന്നാക്കെട്ടിടത്തിന്‍.

ആകാംക്ഷയാല്‍ പതിയെ ചെന്നെത്തി നോക്കുമ്പോള്‍
കീറിയ ചേലയിലൊരു യുവതാരുണ്യം.
കുഞ്ഞിനെക്കൈകളിലേന്തിക്കൊണ്ടു
മുല കൊടുത്തവള്‍ നില്പൂ നിലാവായ്.

''ഇങ്ങരികത്തല്പ നേരമിരിക്കുക, 
ഈ രാത്രി നമുക്കാസ്വദിക്കാം.''
ഇടയില്‍ തുളിക്കുന്ന മിന്നലിന്‍ വെട്ടത്തി-
ലൊരു ലാവണ്യത്തിന്‍റെ നോവ്.

ഉടുതുണിക്കുമുദരത്തിനും തന്‍റെ കുഞ്ഞിനും
അന്നത്തിനായവള്‍ കൈ നീട്ടുന്നു നീറ്റല്‍.
കീശയില്‍ കയ്യിട്ടു കിട്ടിയ നോട്ടുകള്‍ 
പേലവ കരങ്ങളില്‍ വച്ചു ഞാന്‍ നടന്നു.

ഒരു ഞൊടി നില്ക്കാതെ, പിന്‍വിളി ചെവിയോര്‍ക്കാതെ    
ഇരുള്‍ നദിയില്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു.
പിറ്റേന്നു, പകലിന്‍ ദലങ്ങള്‍ വിരിയവേ,
പതിവുപോല്‍ വീടിന്‍ പടിയിറങ്ങി,

നിരത്തിന്‍റെയോരത്തിലേക്കു നടക്കുന്നു.
വഴിയിലെ ഷെഡിന്‍റെ ചുറ്റുമൊരാര്‍ക്കുന്ന 
ഈച്ചപോല്‍ ആള്‍ക്കൂട്ട ഘോഷം.
തറയിലൊരു കീറത്തുണിമാത്രമതില്‍
കിടന്നു കരയുന്നു പാവമാ പൈതല്‍.

അവളെവിടെപ്പോയെങ്ങുമേ കണ്ടീല,
ഒരു നോവായാഴ്ന്നങ്ങു പോയോ?
ഒരു സ്വപ്നമായവളെങ്ങെങ്ങു മാഞ്ഞുപോയ്,
ജീവന്‍റെ പകലിലോ മരണത്തിന്നിരുളിലോ.?
(അർത്ഥം മാസിക)

ശ്രീകുമാര്‍ ചേര്‍ത്തല ,
കാളിക്കാട്ട് ,
കെ.ആര്‍. പുരം തപാല്‍ ,
ചേര്‍ത്തല ,ആലപ്പുഴ - 688556
Mob- 9037283915