അപൂര്‍ണ്ണമൊരു മുരളീഗാനം


അന്തി ദീപത്തിന്നൊളി മങ്ങീടവേ,
നിരത്തിലൂടെ ഞാന്‍ പകച്ചു പായവേ,
കടുത്തൊരൊച്ചകള്‍ പ്രസവിക്കും ശര-
ശസ്ത്ര മാരിപോല്‍ ശകടങ്ങള്‍ നീങ്ങെ,


ക്ഷണിക ഭാവി പോല്‍ അനിശ്ചിതത്വത്തിന്‍
പ്രതീകഭംഗി പോല്‍ നിരത്തു നീളവേ,
കിടമാത്സര്യവും മുള്ളു വീഴുന്ന
ഭയപ്പേമാരിയും വികടഭാവിയും


മനസ്സിലാര്‍ത്തുവന്നലക്കും സാഗര-

ത്തിരകളെപ്പോലെ വിഷാദചിന്തകള്‍.
ഒരു വേള,വേട്ടമൃഗത്തെ മാതിരി
ആകുലതയാല്‍ തിരക്കിട്ടോടവേ,


ശാന്തസൗവര്‍ണ്ണം പകരുമര്‍ക്കനോ,
വഴിയോരത്തെഴും ചിരിക്കും പൂക്കളോ,
ഹൃദയജാലകം തുറന്നിടാന്‍ മൃദു-
സുഖദതെന്നലായകമൊന്നു പൂകാന്‍,


വഴി കാണാതെയിരന്നു നില്ക്കവേ,
വ്യഥിതചിത്തമങ്ങശാന്തി മൂടവേ,
ഒരു നിലാച്ചിന്തായ്, കുളിര്‍ മാലേയത്തിന്‍ 

തളിര്‍ തലോടലായ്, തരള മാരിയായ്,

ഒരു മുളന്തണ്ടിന്‍ മൃദുലഗീതികള്‍
അണി നിലാവുപോല്‍ എന്നെച്ചൂഴുന്നോ.?
ചുറ്റും നോക്കവേ, പാത തന്നോരം
മുരളി വില്ക്കുന്നൂ, ഒരു ചെറു ബാലന്‍.


കനത്ത വെയ്ലിന്‍റെ കരിവാളിപ്പുകള്‍
വര്‍ത്തമാനത്തിന്‍ ഭയ ചരിതങ്ങള്‍.
ശ്യാമസാന്ദ്രമാം വദനത്തില്‍ പൂത്ത
നിലാവൊളി പോലെ സ്മേരവിസ്മയം.


ഒരു വേള പിന്നെപ്പുനര്‍ജനിച്ചുവോ
യദുവംശത്തിന്‍റെ തിലകിത നാളം.?
ചൊടിമലര്‍ ചേരും കുറുങ്കുഴലില്‍ നിന്ന-
ഭംഗുരമായി സ്വരതടിനികള്‍.


വിയര്‍ത്തു പായുമീ വിശ്വത്തിന്‍ ദുര
കെടുത്തുവാന്‍ പോന്ന മഹാപ്രവാഹമായ്,
ഉയിരിടുന്നുവോ ഷഡ്ജപഞ്ചമ-
സ്വനമധുമയ ഹര്‍ഷ വീചികള്‍ .?


മുന്നില്‍ നീര്‍ത്തൊരു പായയില്‍ ഈറ-
ത്തണ്ടുകളൊരു ശ്വാസം തേടുന്നു ?
അമൃതവര്‍ഷിണി, ജോഗ്, കല്യാണി,
മധ്യമാവധി രാഗധാരകള്‍.


ഒരു കുയിലിന്‍റെ തരള ഗീതങ്ങള്‍,
മൃദുല തെന്നലിന്‍ സുഖദ ഗീതികള്‍,
കടലിന്‍ പാട്ടുകള്‍, നദി തന്‍ ശീലുകള്‍
വസന്ത ചിത്രങ്ങള്‍, മഴ തന്‍ മൂളലും
മുരളികയിലെ മധുരഗീതമായ്
പുനര്‍ജനിക്കുവാന്‍ കാത്തു നില്ക്കുന്നു.
ആദിയില്‍ പൂത്ത പ്രണവശാഖി പോല്‍,
ഹൃദയവാടിയില്‍ മലര്‍ ചൊരിയുന്നു.


ഞാനൊരു കോലക്കുഴലു വാങ്ങിയെന്‍
കനത്ത ചുണ്ടുകള്‍ അതില്‍ ചേര്‍ത്തീടവേ,
പൊഴിവൂ, ഗദ്ഗദം ,ഞരക്കങ്ങള്‍ എന്‍റെ,
ചിന്തകള്‍, വികൃത നാദമാകുന്നു.


അക്കിശോരന്‍ തന്‍ ചൊടി ചേര്‍ന്നീടുമ്പോള്‍
ചുരക്കും നാദത്തിന്‍ മഹാപ്രവാഹത്തില്‍
മയങ്ങിപ്പോകുന്നു, നാദനിര്‍ഝരി
ദേഹദേഹിയില്‍ പൂകിയാര്‍ക്കവേ,
പുളക നിര്‍വൃതി ഉയിര്‍ത്തെണീക്കുന്നു,
വിശ്വം വൃന്ദാവനിയായ് തീരുന്നു.


പതിവായന്തിയില്‍ നിരത്തിന്നോരത്തെ,
പാട്ടു കേള്‍ക്കുവാന്‍ വ്രണിതചിത്തങ്ങള്‍
ആര്‍ത്തു ചേരുമായിടം തന്നിലൊരു
വണ്ടു മാത്രമായ് ഞാനും നില്ക്കുന്നു.


ഒരു സായാഹ്നത്തില്‍, അലകളില്ലാത്ത
കടലൊന്നാകുവാന്‍ മനസ്സു വെമ്പി ഞാന്‍
പ്രകൃതി കാതോര്‍ക്കും പൈതല്‍, ഈറ തന്‍
വേണു വില്ക്കുന്നോരിടമങ്ങെത്തി ഞാന്‍.


എവിടെപ്പോയെന്‍റെ മുരളികാ നാദം ?
എവിടൊളിച്ചെന്‍റെ സാന്ദ്രസംഗീതിക.?
വഴിയോരത്തതാ തകര്‍ന്ന മുരളികള്‍
ഏതപൂര്‍ണ്ണമാം രാഗം തീര്‍ക്കുന്നു.?


തിരക്കിയെത്തിയേന്‍, ആശുപത്രിയില്‍ ,
വെട്ടി വീഴ്ത്തി പോല്‍ കൊലയാളിക്കൂട്ടം .
രാത്രി പാതകം സാക്ഷി ചൊന്നൊരാ
പാവം പൈതലെയരിഞ്ഞു തള്ളിയോ?


ആളു മാറി പോല്‍ തുളക്കും കഠാരകള്‍-
ക്കറിവീലല്ലോ അകൈതവങ്ങളെ.!
പഞ്ഞി മേലാപ്പാല്‍ മൂടിപ്പോയൊരെന്‍
പിഞ്ചു ബാലന്‍റെ മൃതദേഹം കാണ്‍കെ,
മുറിച്ചൊടികളില്‍ തങ്ങി നില്ക്കുന്ന
അറ്റു വീഴാത്ത സ്മിതദലങ്ങളും
ഉണര്‍ത്തും ചോദ്യങ്ങള്‍ക്കന്തമില്ലയോ,


അനാഥര്‍ക്കാരൊരു തുണ ലോകേശനോ ?,
സത്യവേതനം കഠോരമൃത്യുവോ?
കളങ്കമേശാത്ത ഹൃദ്ഫലമെന്തു,?
ചുറ്റും വീശുന്നോ അമരബാംസുരി.


(സുപ്രഭാതം വാരാന്തം)
 ശ്രീകുമാര്‍ ചേര്‍ത്തല

ഉറക്കു പാട്ട്

       
അലയും മുകിലോലും കാരുണ്യ വര്‍ഷം നീ-
യുലയാത്ത സാന്ത്വന സ്വപ്നേന്ദു കിരണം നീ...

പൊലിയാ നിലാവിന്‍റെ കുളിര്‍ ചിന്തു മധുരം നീ,
കലികയായ്, അജ്ഞാത സമസ്യാദ്രി കണിക നീ....

ഇടറുമ്പോള്‍ തണുവേകുും തണലിന്‍റെ ചിമിഴു നീ,
തൊടിയിലെ തുമ്പ തന്‍ നൈര്‍മല്യ തൂമ നീ,

മടുമലര്‍ മകരന്ദം, നിറയന്തി നാളം നീ,
തൊടുകുറിക്കുളിരു നീ,യൊരു നിശാഗന്ധി നീ,

തരളം, തഴുകുന്ന തെന്നലിന്‍ ശീതം നീ,
ഹരിതമാവനികയില്‍ കുയില്‍ തേടുമീണം നീ,

ഒരു ശരത് സന്ധ്യ നീ, പുലരിത്തുടുപ്പു നീ,
യരിയ മാഗന്ധ മൃദുസൂനസ്പര്‍ശം നീ....

നിറശ്യാമ മിഴികളെപ്പുണരുവാനായുമാ-
മുറ തേടും നിദ്രയെ, വരവേല്പു നിന്നിലെ,
മറയില്ലാ പ്രണയത്തിന്‍ പൊരുള്‍ തേടി നിസ്വനാ-
യുറക്കുപാട്ടിന്നീരടികളുമായി ഞാന്‍......

(കേരള ഭൂഷണം വാരാന്തം)


ശ്രീകുമാർ ചേർത്തല

ആഷാഢം


മൂകശോകച്ഛവി മുഖതാരില്‍ വീഴ്ത്തിയ,
സാന്ധ്യശോണിമയിന്നു മാഞ്ഞു പോകെ,
പൗരസ്ത്യ വാനത്തില്‍ മൊട്ടിട്ട മാരിവില്‍,
കരികുസുമദലമായുതിര്‍ന്നീടവേ,


ഏതോ മുരളിക ചുരന്നൊരു നിര്‍ഝരി,
നിറനിലാഗീതി പോല്‍ കാതണയേ,
സായന്തനപ്പൂക്കള്‍ കൊഴിയുന്ന മാനത്തു
താരകാസൂനങ്ങളിതള്‍ വിടര്‍ത്തേ,


ശ്യാമനിശീഥത്തിന്‍ മൃദുപാദനിസ്വനം
നൂപുരധ്വനിയായി ഹൃത്തണയേ,
സാഗരത്തിരകള്‍ പോല്‍ ആമുഗ്ദ്ധമാര്‍ക്കുന്ന
സ്മരണാശ്രു കണിക നിന്‍ കപോലം പൂകെ,


ഒരു മൗനരാഗം പോല്‍ വേപഥു നിന്‍ ദീപ്ത 

മിഴികളിലാകെയിന്നാടി മാസം.

ശ്രീകുമാര്‍ ചേര്‍ത്തല

ഒരു രാത്രിയുടെ ഓര്‍മ്മ


രാവേറെയായവസാന വണ്ടിയിറങ്ങി ഞാന്‍,
ഉറങ്ങും നിരത്തിന്‍റെയരികില്‍.
ഇരുള്‍ വഴിയില്‍ വീടിന്‍റെ സാന്ത്വനം തേടി ഞാന്‍
ധൃതിയില്‍ കിതച്ചു നടക്കേ,

വിജനമാലസ്യത്തിലേക്കാണ്ടൊരു സ്റ്റാന്‍റിലെ 
ബാഷ്പദീപങ്ങള്‍ അണഞ്ഞു.
നിശ്വസിച്ചാര്‍ത്തങ്ങു വീശുന്ന കാറ്റു-
മൊരല്പനേരത്തേക്കങ്ങു നിന്നു.

തമസ്സിന്‍റെ കാണാക്കയങ്ങളില്‍ പെട്ടൊരാ
അവനിയുമാകാശവുമൊന്നു പോലെ.
ഇടക്കിടെ വീശുന്ന മിന്നലൊളികള്‍ തന്‍റെ
വെള്ളിയില്‍ കാണുന്നു പാത.

മക്കളൊറ്റക്കാക്കി നിര്‍ത്തിയ മാതാവു
പോലങ്ങു വഴിയിലൊരു ജീര്‍ണ്ണിച്ച കൂര,
ഒരു പിഞ്ചുകുഞ്ഞിന്‍റെ നിലവിളി കേള്‍ക്കുന്നു,
പടിയില്‍, നിന്നാക്കെട്ടിടത്തിന്‍.

ആകാംക്ഷയാല്‍ പതിയെ ചെന്നെത്തി നോക്കുമ്പോള്‍
കീറിയ ചേലയിലൊരു യുവതാരുണ്യം.
കുഞ്ഞിനെക്കൈകളിലേന്തിക്കൊണ്ടു
മുല കൊടുത്തവള്‍ നില്പൂ നിലാവായ്.

''ഇങ്ങരികത്തല്പ നേരമിരിക്കുക, 
ഈ രാത്രി നമുക്കാസ്വദിക്കാം.''
ഇടയില്‍ തുളിക്കുന്ന മിന്നലിന്‍ വെട്ടത്തി-
ലൊരു ലാവണ്യത്തിന്‍റെ നോവ്.

ഉടുതുണിക്കുമുദരത്തിനും തന്‍റെ കുഞ്ഞിനും
അന്നത്തിനായവള്‍ കൈ നീട്ടുന്നു നീറ്റല്‍.
കീശയില്‍ കയ്യിട്ടു കിട്ടിയ നോട്ടുകള്‍ 
പേലവ കരങ്ങളില്‍ വച്ചു ഞാന്‍ നടന്നു.

ഒരു ഞൊടി നില്ക്കാതെ, പിന്‍വിളി ചെവിയോര്‍ക്കാതെ    
ഇരുള്‍ നദിയില്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു.
പിറ്റേന്നു, പകലിന്‍ ദലങ്ങള്‍ വിരിയവേ,
പതിവുപോല്‍ വീടിന്‍ പടിയിറങ്ങി,

നിരത്തിന്‍റെയോരത്തിലേക്കു നടക്കുന്നു.
വഴിയിലെ ഷെഡിന്‍റെ ചുറ്റുമൊരാര്‍ക്കുന്ന 
ഈച്ചപോല്‍ ആള്‍ക്കൂട്ട ഘോഷം.
തറയിലൊരു കീറത്തുണിമാത്രമതില്‍
കിടന്നു കരയുന്നു പാവമാ പൈതല്‍.

അവളെവിടെപ്പോയെങ്ങുമേ കണ്ടീല,
ഒരു നോവായാഴ്ന്നങ്ങു പോയോ?
ഒരു സ്വപ്നമായവളെങ്ങെങ്ങു മാഞ്ഞുപോയ്,
ജീവന്‍റെ പകലിലോ മരണത്തിന്നിരുളിലോ.?
(അർത്ഥം മാസിക)

ശ്രീകുമാര്‍ ചേര്‍ത്തല ,
കാളിക്കാട്ട് ,
കെ.ആര്‍. പുരം തപാല്‍ ,
ചേര്‍ത്തല ,ആലപ്പുഴ - 688556
Mob- 9037283915