അധ്യാപക കലാ സാഹിത്യ അവാർഡ് 2017 ::: ശിവപ്രസാദ് പാലോടിന്

അധ്യാപക കലാ സാഹിത്യ അവാർഡ് 2017 മന്ത്രി മെഴ്സിക്കുട്ടിയമ്മയിൽ നിന്നും ഏറ്റുവാങ്ങുന്നു

തീക്കാലം :: ശിവപ്രസാദ് പാലോട്


പണ്ടിരുന്നിട്ടുണ്ടു നാം പകലിരവ്
തമ്മിലത്രമേലടുപ്പമുണ്ടാകയാൽ
മുള്ളുമൂർച്ചകൾ കനൽക്കല്ലുകളന്നു
നമ്മൾക്കു പൂവിരിപ്പായപ്പോൾ

ചന്തമേകാന്തമക്കോണിൽ നിൽക്കുന്ന
പൊന്ത നമ്മെയൊളിപ്പിച്ചു പച്ചയിൽ
ഗാഢമെന്തോ ചിന്തിച്ചു നിൽക്കയാ-
മാഴമായിക്കൊതിപ്പിച്ച ജലാശയം.

വയ്യ, വനശബ്ദതാരാവലി മൂളും
ചില്ലുജാലകമോർക്കാതിരിക്കുവാൻ
ഘനമിരുണ്ടുറച്ച പർവ്വതശിഖിര-
മന്നു മറ്റൊലിക്കൊണ്ടു നമ്മളെ.

ഇടറി വീഴുമാ മിഴിനീരരുവിയിൽ
ഇടയിലെപ്പോഴോ നീയിറങ്ങി നിന്നതും
മോദമന്ദസ്മിതമോതി നിന്നൊരാ
മധുരപുഷ്പം നിനക്കായ് പറിച്ചതും,

പിന്നെയേതോ കിനാവിൽ പിരിഞ്ഞു
നാമൊട്ടു കണ്ടാലുമന്യരായ് തീർന്നതും
അഗ്നിശൈലം പഴുത്തൊഴുകി കാലം
ഹൃദ്കുടീരങ്ങളെപ്പൊതിഞ്ഞിരിക്കവേ,

വിജനവീഥിയിൽ മാമരക്കൊമ്പുകൾ
ശിഥില സ്വപ്നമായ് കരിഞ്ഞുണങ്ങവേ
അന്തിമേഘം കലങ്ങിയ വിണ്ണിൽ
തൊട്ടു ഞാനെൻ മിഴി തുടയ്ക്കട്ടെ...

ശിവപ്രസാദ് പാലോട്

ശ്രീ.മോഹൻ ഡി കല്ലമ്പള്ളിയുടെ കഥാസമാഹാരം - "നൊമ്പരം" പ്രകാശനം.


അമ്മ മലയാളം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ, 
ശ്രീ.മോഹൻ ഡി കല്ലമ്പള്ളിയുടെ 
കഥാസമാഹാരം - "നൊമ്പരം" പ്രകാശനം, 
17.09.2017 ന് 
കരുമ്പുക്കോണം മുടിപ്പുര ആഡിറ്റോറിയത്തിൽ നടന്നു.

" മാവേലി വന്നപ്പോൾ " :: ഹരിലാൽ, നന്ദിയോട്


(എന്റെ ആദ്യ കവിത - 1985)

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ.,
ആമോദത്തോടെ വസിക്കും കാലം,
ആപത്തങ്ങാർക്കുമൊട്ടില്ല താനും.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം...

കാലം കഴിഞ്ഞു മാവേലി വന്നു,
കാലത്തിൻ മാറ്റം കണ്ടമ്പരന്നു...!
മാലോകർ മാവേലി നാൾ മറന്നു,
മാവേലി നാടിന്നു പാടേ മാറി!
സ്തബ്ധനായ് നിന്നു മാവേലിനൊന്തു,
തൻ നാടിന്നെന്തേ ദരിദ്രമായി?

ഓണത്തിൻ മാറ്റുകുറഞ്ഞു വന്നു,
ഓണക്കളികള ദൃശ്യമായി
പൂവിളിപ്പാട്ടുകൾ കേൾക്കാനില്ല,
പൂക്കളം പോലും വിരളമായി!
ഊഞ്ഞാലിലാടുന്ന പൈതലില്ലാ,
ഊഞ്ഞാല് കൺകൊണ്ടു കാൺമാനില്ല...!

വീണ്ടും വരുന്നു മാവേലി ഇന്നും
ദുഃഖവും ദുരിതമേറ്റുവാങ്ങാൻ!
തൻ തിരുമാനസം നൊന്തു നൊന്ത്
മാവേലി പോലും ക്ഷയിച്ചു പോയി!
മാവേലി നാടിന്നു സങ്കൽപ്പമായ്
ഓണമെന്നുള്ളതും സങ്കൽപ്പമായ്...!

വിദ്യാരംഗം ചെറുകഥ അവാർഡ്


ഈ വർഷത്തെ വിദ്യാരംഗം ചെറുകഥ അവാർഡ്  
കുണ്ടൂർക്കുന്ന് വി പി എ യു പി സ്കൂൾ അധ്യാപകനും സാഹിത്യകാരനുമായ 
ശിവപ്രസാദ് പാലോടിന്.

നാവേറ് എന്ന കഥയാണ് പുരസ്കാരത്തിന് അർഹമായത്. 
കലോത്സവ വേദികളിലെ രക്ഷിതാക്കളുടെ അനാരോഗ്യ മത്സരങ്ങളും 
യഥാർത്ഥ കലാപ്രകടനങ്ങൾ തഴയപ്പെടുന്നതുമായ 
ഇതിവൃത്തമാണ് കഥയുടെത്.

സെപ്റ്റംബർ 5ന് കൊല്ലത്ത് വച്ചുള്ള 
ചടങ്ങിലാണ് അവാർഡ് വിതരണം. 
അധ്യാപക ദിനത്തോടനുബന്ധിച്ച് 
സംസ്ഥാനത്തെ അധ്യാപകർക്കായി 
പൊതു വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച 
കഥാരചന മത്സരത്തിൽ നിന്നാണ് ഒന്നാം സ്ഥാനം നേടിയത്
http://www.malayalamasika.in/2017/06/sivaprasad-palode.html '

ഓണക്കവിതകൾ :: ശിവപ്രസാദ് പാലോട്


ഒന്ന്
.............
ഓണം
പൂക്കളുടെ
മഹാ ബലി

രണ്ട്
.........
എന്നും
പാച്ചിലാണ്
അതിന് ഇതിന്
അവിടേക്ക് ഇവിടേക്ക്
ഇത് മാറ്റിയെടുക്കാൻ
അത് തിരുത്താൻ
ഇത് ബന്ധിപ്പിപ്പിക്കാൻ
അത് ഹാജരാക്കാൻ
അവിടെ വരിനിൽക്കാൻ
ഒരിടത്ത് കൊല്ലാൻ
ഒരിടത്ത് ചാവാൻ
ഉത്രാടപ്പാച്ചിലിന് എന്നോ
ശീലപ്പെട്ടു പോയല്ലോ
പൊന്നോണമേ.

മൂന്ന്
........
പ്രജകളിടുന്നത്
പുഷ്പചക്രങ്ങളല്ലേ..?
അകാലത്തിൽ
മണ്ണടിഞ്ഞ
സമത്വ മഹാപ്രഭുവിൻ
വിരിമാറിൽ

സദ്യയുണ്ണുകയല്ലേ
ശ്രാദ്ധം
ജീവനോടെ
കുഴിച്ചുമൂടപ്പെട്ട-
യാത്മാവിന്നോർമ്മയിൽ...


ശിവപ്രസാദ് പാലോട്
9249857148