പ്രവാസിയുടെ ബാക്കിപത്രം :: അന്‍സാരി


കർക്കശക്കഷണ്ടി,
കുടവയർകുറുമ്പ്,
പ്രഷറിൻെറ പ്രഹരം,
പ്രമേഹപ്രവേഗം
കൊളസ്ട്രോൾ കൊളുത്ത്
പകയ്ക്കുന്ന പകലുകൾ
കിതയ്ക്കുന്ന രാവുകൾ!

കൈവിട്ട മക്കൾ,
കനിവറ്റ ഭാര്യ,
കുറ്റം വിളമ്പുന്ന
കൂടപ്പിറപ്പുകൾ!

ആയുസ്സറുതിയുടെ
 ആശയാശങ്കകൾ !
അപരിചിതത്വത്തിൻ
ആളനക്കങ്ങൾ!
ഏച്ചുകെട്ടി തോറ്റു
മുഴച്ചബന്ധങ്ങൾ !

കനവ് കല്ലിച്ച കണ്ണുകൾ
കനിവ് പൊള്ളിച്ച പുണ്ണുകൾ!
ഓർമ്മയുടെ ഓരോ
കവാടങ്ങളിൽ തെന്നി
ഒഴുകി വന്നെന്നും
കൊടും ശൂന്യത !
പ്രവാസിയുടെ ബാക്കിപത്രം!

മഹിജ :: അന്‍സാരി


ഗർഭപാത്രത്തുടിപ്പൊടുങ്ങുന്നില്ല,
പുത്രസ്നേഹത്തിളപ്പടങ്ങുന്നില്ല
ഉള്ളിലെ ഇടിമുറിക്കുള്ളിൽ തൻകുഞ്ഞിൻെറ
പൊള്ളിപ്പിടയ്ക്കും കിതപ്പൊടുങ്ങുന്നില്ല!

എൻെറ മോനേയെന്ന് സ്പന്ദിച്ചൊഴുകുന്ന
കണ്ണുനീരൊട്ടും നിലയ്ക്കുന്നതേയില്ല
വലിച്ചിഴയ്ക്കപ്പെട്ട മാതൃത്വരോദനം
വലിച്ചഴിക്കുന്നു മുഖംമൂടികൾ! 

ചോരകൊണ്ടേചുവന്ന പതാകകൾ
നേരു പരതിപ്പറക്കുമീക്കാലത്ത്
വേരിൽ നിന്നും തുടങ്ങണം, നീതിയുടെ
വേരറുക്കാതെ നാം കാവലിരിക്കണം!

അനാഥത്വത്തിൻെറ ബാലകാണ്ഡം :: അന്‍സാരി


എവിടെവിടെവിടെന്നുടയവരെവിടെ?
എവിടെവിടെവിടെന്നുറ്റവരെവിടെ ?
എവിടെവിടെന്നെ ധരയിലയച്ചി-
ട്ടെവിടേയ്ക്കോപോയ് മാഞ്ഞവരെവിടെ?

എവിടെവിടെന്നെ തെരുവിലുപേക്ഷി_
ച്ചകലേയ്ക്കൊഴുകിമറഞ്ഞവരെവിടെ?
ചേരി നിവർത്തിയ കൈകളിലേയ്ക്കെൻ
ചേതനയെ പ്രസവിച്ചിട്ട്
ചേറ്തുടച്ചകലേയ്ക്ക് നടന്നൊരു
വേദനയുണ്ടവളിന്നെവിടെ?

ഇറ്റുപടർന്നൊരു കണ്ണീർനനവിൽ
വിത്ത് വിതച്ച് കടന്നവനെവിടെ?
ഉത്തരവാദിയതാരെന്നുള്ളതി-
നുത്തരമായ് തീരേണ്ടവനെവിടെ?

എൻെറ കിനാവിൻ കുടിലിന് വെളിയിൽ
കൂരിരുൾ മുട്ടിവിളിക്കുമ്പോൾ,
കുഞ്ഞിക്കരളിന്നറവാതിൽക്കൽ
ക്രൂരതയാഞ്ഞ് തൊഴിക്കുമ്പോൾ,

ഒന്നൊഴിയാതെ കളിപ്പാട്ടങ്ങൾ
എന്നിൽനിന്നുമടർത്തുമ്പോൾ,
വിങ്ങിയൊരെൻെറ കിനാവിന് നേരേ
പൊങ്ങിയചാട്ട മുഴങ്ങുമ്പോൾ

എവിടെവിടെവിടെന്നുടയവരെവിടെ?
എവിടെവിടെവിടെന്നുറ്റവരെവിടെ?
തിന്മ കുലച്ചുതൊടുത്ത ശരങ്ങൾ
വന്നുപതിച്ചെൻ ബാല്യത്തിൽ

നന്മകൾവന്ന് തപസ്സിലിരുന്നു
പുണ്യമിയന്നൊരു പ്രായത്തിൽ
എൻെറ വരുംകാലത്തിൻ നടയിൽ
ശൂന്യതയാർത്ത്ചിരിക്കുമ്പോൾ,

തെന്നലെടുത്ത വെറും പൂമൊട്ടായ്
മണ്ണിൽഞാനിന്നലയുമ്പോൾ,
എൻെറ സമപ്രായക്കാർക്കരുകിൽ
ചെന്നൊരരൂപിയായ് നിൽക്കുമ്പോൾ

തൊണ്ടക്കുഴിയിലെരിഞ്ഞവിലാപ -
ത്തുണ്ടുകൾ നെഞ്ചിലുരുണ്ടുറയുമ്പോൾ
എവിടെവിടെവിടെന്നുടയവരെവിടെ?
എവിടെവിടെവിടെന്നുറ്റവരെവിടെ?

എൻെറവിരൽത്തുമ്പൊന്നുപിടിക്കൂ
കണ്ണിമയാലെന്നുള്ള് തലോടു
ഒരു സ്പർശംകൊണ്ടെന്നിൽ നിറയൂ
ഒരു ശബ്ദം കൊണ്ടെന്നെത്തഴുകൂ

കരുതൽ തൊട്ടറിയാത്തൊരു കരളിൽ
കനിവിൻ തൂവൽത്തുമ്പൊന്നുഴിയൂ
എന്തായാലുമെടുത്തൊരു ജന്മം
ഉന്തുകതന്നെയതന്തിവരേയ്‌ക്കും

പകയൊടുങ്ങാത്തവർ :: അന്‍സാരി


എത്ര തിന്നാലും പശിയടങ്ങാത്തവർ
എത്ര കൊന്നാലും പകയൊടുങ്ങാത്തവർ !
എത്ര സ്വപ്നത്തുടിപ്പാർന്നചിത്തങ്ങൾ
ചുട്ടെരിച്ചാലും കലിയടങ്ങാത്തവർ

എത്ര മതേതരചിത്രസ്തംഭങ്ങളെ
തച്ചുടച്ചാലും വെറിയടങ്ങാത്തവർ
നിത്യവിശുദ്ധയാം ഭാരതത്തിൽ മടി -
ക്കുത്തഴിച്ചാലും ദുരയൊടുങ്ങാത്തവർ

ഇത്ര നാൾ നമ്മെ ഭരിച്ചു ഭുജിച്ചവർ
ഇത്രമേൽ നമ്മെ പകുത്ത് ജയിച്ചവർ !
മർത്ത്യൻെറ പ്രാണൻെറ അന്നപാത്രങ്ങളിൽ
ഇത്തിരികണ്ണൂനീർ ഭിക്ഷകൊടുത്തവർ

കൂട്ടിക്കിഴിച്ചു കണക്കൊന്നുതകിയാൽ 
കൂടപ്പിറപ്പിൻ കുടലെടുക്കുന്നവർ!
വോട്ടെന്ന് പേരുള്ളൊരായുധം നേരിടാൻ
നോട്ടടുക്കിക്കൊണ്ട് കോട്ടകെട്ടുന്നവർ!

ചീട്ട് കൊട്ടാരത്തറകളിൽ നിന്ന് വൻ
നേട്ടങ്ങളോതി പരിഹസിക്കുന്നവർ
നന്മയിൽ വെൺമ കോർക്കുന്ന സഹചാരിയെ
ജന്മക്കുടുക്കിൽ കുരുക്കി വീഴ്ത്തുന്നവർ

ഇത്ര നാൾ നമ്മെ ഭരിച്ചു ഭുജിച്ചവർ
ഇത്രമേൽ നമ്മെ പകുത്ത് ജയിച്ചവർ
മർത്ത്യൻെറപ്രാണൻെറ അന്നപാത്രങ്ങളിൽ
ഇത്തിരിക്കണ്ണുനീർ ഭിക്ഷകൊടുത്തവർ !

കവലയിൽപൊങ്ങും വിളംബരശീലകൾ,
അവയിലങ്ങിങ്ങായ് ചതഞ്ഞവായ്ത്താരികൾ,
അരുളും പ്രതീക്ഷകൾക്കംബരം സീമകൾ,
നടുവിൽ ചിരിക്കുന്നു സ്വപ്ന വ്യാപാരികൾ!

അവർ തന്നെയല്ലേ ദൂരമൂത്ത രോഗികൾ !
അവർ തന്നെയല്ലേ നവയുദ്ധകാരികൾ!
എത്രനാൾതാണ്ടിയാൽ ചെങ്കോൽപ്പിടികളിൽ
നിത്യസത്യത്തിൻെറ മുദ്രചാർത്തും?

എത്രനാൾക്കപ്പുറം രാജധർമ്മത്തിൻെറ
നിത്യമാം മെതിയടിയൊച്ച കേൾക്കും?
എതയുഗങ്ങൾക്കുമപ്പുറത്തധികാര -
മിത്തിരിക്കാരുണ്യമിറ്റുനൽകും?

എത്ര കാതങ്ങൾക്കുമപ്പുറത്തകതാരിൽ
പുത്തനുണർവുമായ് നന്മയെത്തും?
എത്രയുവാക്കൾ അധമവർഗത്തിനെ
പുത്തരിയങ്കത്തിനായ്ക്ഷണിക്കും?

പ്രണയത്തെക്കുറിച്ച് :: അന്‍സാരി


പ്രണയം പ്രവാഹമായ് അങ്ങ് പണ്ടേ-
പ്രപഞ്ചം പിറക്കുന്നതിന്നു മുമ്പേ
ഏതോ വിശുദ്ധിയുടെ ജീവപ്രകാശത്തെ
ഊതിത്തെളിയ്ക്കാൻ പിറന്നതാകാം

കാല പ്രവാഹത്തിന്നോളപ്പരപ്പിൻെറ
ശീലമായ് അന്നേ ലയിച്ചതാകാം
ജീവൻെറയോരോ നേർത്ത നാളത്തേയും
സേവിച്ച് പണ്ടേ ലയിച്ചതാകാം

നേരിൻെറ നാരൂർന്ന് പോയാൽ പ്രണയമൊരു-
വേരറ്റ സങ്കൽപമായൊടുങ്ങും
പ്രാണൻെറ ചൂരറ്റ് പോയാൽ പ്രണയമൊരു
 ഞാണറ്റ വില്ലായ് നിലംപതിക്കും

കാലം കലങ്ങിയും കലഹിച്ചുമുടയുന്ന
കാലം കടന്ന് വന്നാലും
ഊറ്റ് വറ്റിപ്പോയൊരുറവപോൽ ഉയിരിൻെറ
ഊറ്റം നിലച്ചു പോയാലും

പ്രണയം പ്രപഞ്ചത്തിന്നോരോഞരമ്പിലും
പ്രവഹിച്ചു കൊണ്ടേയിരിക്കും!
പ്രണയം പ്രകാശവർഷങ്ങൾക്കു,മപ്പുറം
പ്രസരിച്ചു കൊണ്ടേയിരിക്കും

രാമനും റഹുമാനും :: അന്‍സാരി

(ഹൃദയസ്പർശിയായ ഒരു സംഭവത്തെ ആസ്പദമാക്കിയുള്ള കവിതയാണ് ഇത്. കടലുണ്ടിയിൽ, പാഞ്ഞു വരുന്ന ട്രെയിനിനു മുന്നിൽ പെട്ടുപോയ ബധിരനായ, രാമൻ എന്ന സാധാരണനെ രക്ഷിയ്ക്കാനായ് പാളത്തിലേയ്ക്ക് എടുത്തുചാടിപിടഞ്ഞുവീണ് പൊലിഞ്ഞുപോയ ഒരു അബ്ദുൽറഹുമാൻ ഉണ്ട്.ഒരു മുസൽമാൻ എങ്ങനെയായിരിക്കണം എന്ന എൻെറ സങ്കൽപത്തിൻെറ പൂർണതയാണ് ആമനുഷ്യൻ! അദ്ദേഹത്തിൻെറ ഓർമ്മകൾക്കു മുന്നിൽ ഈ കവിത സമർപ്പിക്കുന്നു.)

രാമനും റഹുമാനും

ഇരുദിക്കിൽനിന്നെത്തി, ഒരു റെയിൽചക്രത്തി-
നിടയിൽവച്ചിറുകെ പുണർന്നുടഞ്ഞോർ,
അടരും മനുഷ്യത്വമലർവാടികൾക്കുമേൽ
വിടരുന്നു രാമനും റഹുമാനുമായ്!

കുതറിക്കിതയ്ക്കും മതേതരത്വത്തിൻെറ
അടരിലേയ്ക്കടരുന്നൊരഭിമാനമായ്
ഒരുജന്മമപരൻെറ ആത്മാവുരുമ്മിയൊരു
യുഗപുണ്യമായ് തീർന്ന പ്രതിഭാസമായ്!

അലിവോലുമാത്മാവുമിടനെഞ്ചുമിന്ത്യൻെറ
അടിവാരശിലയെന്നൊരവബോധമായ്!
ചിതലുകൾ ചികയുന്ന ചിന്താഞരമ്പുകൾ
ചിതയിൽവെച്ചെരിയിച്ച ചിരസാന്ത്വനം !

മഞ്ഞിൻ പുതപ്പിട്ട പുലരിയുടെ അരയിലൊരു
മന്ത്രച്ചരടെന്നപോലെ റെയിൽ പാത
ജന്മംതഴുതിട്ടടച്ചകർണ്ണങ്ങൾക്ക്
ജന്മിയാം രാമനാ പാളംമെതിയ്ക്കവേ

മൂളിക്കുതിച്ചുകൊണ്ടുലയുമൊരുതീവണ്ടി
മൂടൽമഞ്ഞുംതുരന്നവിടേയ്ക്കു വരികയായ്!
സുബഹി നിസ്കാരം കഴിഞ്ഞള്ളാഹുവിൻെറ 
സൂക്തങ്ങളുരുവിട്ടു റഹുമാൻ നടക്കവേ,

പാവമൊരുവൃദ്ധൻെറ ബധിരജന്മത്തിൻെറ
പാളങ്ങളിൽ പായുമാപത്ത് കാൺകയായ്
രാമൻെറ ജീവൻെറയുൾവിളിയിലൂളിയി-
ട്ടാമനുഷ്യത്വം പിടച്ചുചാടി,

പൂക്കുലത്തണ്ടങ്ങുലഞ്ഞപോൽ ജീവൻെറ
പൂർണ്ണകുംഭങ്ങൾ ചിതറിത്തെറിയ്ക്കവേ
ആരുടേതാണെന്നറിയാതെയുടലുകൾ
നാരുനാരായി പുണർന്നിരുന്നു

ഓരോമാംസതന്മാത്രയും തങ്ങളിൽ
പേരറിയിക്കാതെ പിണഞ്ഞിരുന്നു
ഒരു സ്ഫോടനംകൊണ്ട് നരജീവസ്വപ്നങ്ങൾ
ചിതറിച്ചു ചാവേറുകൾ ചത്ത ഭൂമിയിൽ

സഹജൻെറ ജീവനൊന്നുതകാൻ സ്വയംചെന്നു
ചിതറിത്തെറിക്കുന്ന പുതിയ ചാവേറിവൻ
നാളെയാ സ്വർഗ്ഗം കവാടം തുറക്കുന്ന
വേളയിൽ അള്ളാഹു കൈപിടിയ്ക്കുന്നവൻ

രക്തസാക്ഷിത്വമാം രത്നപ്രതാപത്തിൻ
ഉത്തുംഗവേദിയിൽ ഉപവിഷ്ടനാണവൻ!
പ്രാണനെ പ്രാണനാൽ ത്രാണനം ചെയ്യുന്നൊ-
രാണത്തമേയിന്ന് നീയെൻെറ നായകൻ!

വേരുകൾചികയാതെ വേദനയിലൊഴുകുന്ന
കാരുണ്യമേയിന്നു നീതന്നെയെൻ മതം !
ഇസ്ലാമിന്നീറ്റില്ലം ഈന്തപ്പനപ്പന്തൽ
ഇഴയിട്ടഭൂമികയിലായിരിക്കാം

ആ ദർശനത്തിൻെറ അസ്ഥികൾ അറേബ്യയുടെ
ആദർശ മണ്ണിൽമെനഞ്ഞതാകാം
ഇരുമിഴിച്ചിരാതുകൾ ഇറാഖിലാകാം
ഇതളിട്ടകയ്യുകൾ ഇറാനിലാകാം

തീരാത്തകഥചൊല്ലിയൊഴുകുന്ന നൈലിൻെറ
തീരത്ത് കാൽകൾ നനയ്ക്കയാകാം
വിശ്വാസനാളം നിവർന്നു നീണ്ടങ്ങനെ
വിശ്വത്തിലാകെ പടർന്നിരിയ്ക്കാം

എങ്കിലും ഇസ്ലാമിന്നിടനെഞ്ചെന്നിന്ത്യയുടെ
ഈറൻതടങ്ങളിലുണർന്നിരിപ്പൂ

വഴിവഴക്കങ്ങൾ :: ശിവപ്രസാദ് പാലോട്

എന്നെ വളർത്തുകയാണെങ്കിൽ
നിന്റെ മുള്ളുകൾക്കിടയിലായിക്കോട്ടെ...
അതിനു മാത്രം മുള്ളുകൾ നിന്റെ
പൂവാടിയിലില്ലെങ്കിൽ
കൊന്നേക്കുക
മുളയിലേ കരിച്ചേക്കുക
പ്രണയമെന്ന
അസുരവിത്ത്

എന്റെ ശ്വാസത്തെ
നിന്റെ ശംഖിൽ കുരുക്കുക...
എന്റെ ദാഹത്തെ
നിന്റെ കണ്ണുകളിൽ
എന്റെ വിശപ്പിനെ
നിന്റെ ആഴങ്ങളിൽ
ഊട്ടുക

കിടക്ക വിരികളിൽ
വരഞ്ഞു കിടന്നിരുന്ന ചെടിയിൽ
നാമെത്ര തവണ
ഇലകളായ്
പൂക്കളായ്
കനികളായ്
വിരിഞ്ഞിരിക്കണം

നീയോ
ഓരോ മരത്തെ, വള്ളിയെ
പേരു ചൊല്ലി വിളിച്ച്
മുലയൂട്ടി
ഉറക്കുകയായിരുന്നില്ലേ?

വിത്തായി
നിന്നിലേക്ക്
വേരുറച്ചു പോയ
എന്നെ
ഏതൊരു വാക്കു കൊണ്ടാണ് നീ
യാത്രയാക്കിയത്..?

നിന്റെ ഉറക്കത്തിന്
ഞാൻ കാടെന്ന് പേരിടും
അതിന്റെ ഗുഹകളിലെ
സീൽക്കാരങ്ങളാണ്
നമ്മുടെ പ്രണയം

ഞാനെന്റെ പുല്ലാങ്കുഴൽ
സ്വപ്ന രാഗത്തിലേക്ക്
ഒളിച്ചു വക്കട്ടെ

തീ വേണ്ടിടത്ത് വെള്ളവും
വെള്ളം വേണ്ടിടത്ത്
തീയും പെയ്യുന്ന
അത്ഭുതദ്വീപാണ് പ്രണയം

അതിന്റെ വഴികടക്കാൻ
ഒറ്റപ്പെടുക
ഒറ്റപ്പെടുക
പറ്റാവുന്നിടത്തോളം
ഒറ്റപ്പെടുക
നമ്മളിൽത്തന്നെ
എന്ന മന്ത്രം മാത്രം

അതിനെ വളർത്തുകയാണെങ്കിൽ നിന്റെ മുള്ളുകൾക്കിടയിലായിക്കോട്ടെ..

മുള്ളുകൾ
മൂർച്ചകളുടെ വസന്തമാണ്.
,...........................................

ശിവപ്രസാദ് പാലോട്