നെടുവിളിയൻപക്ഷി :: വിനയൻ

Views:

അഗസ്ത്യന്റെ മടിത്തട്ടിൽ
പകൽപ്പൂരക്കണിപ്പന്തൽ.
അലങ്കാരച്ചെരുവിൽ ചെ-
മ്പനീർപ്പൂവിൻ ചമത്കാരം.

"പുലർകാലേ പുറപ്പെട്ടാൽ
മലതാണ്ടിത്തിരിച്ചെത്താം.
വരികെന്റെയനുജാ,യീ
മലങ്കാടിന്നകം പുക്കാം."

മലന്തേനും പനന്നൊങ്കും
കഴിയ്ക്കാനാ മലമേട്ടിൽ
ഇരുവരും കരംകോർത്തു
ചുണയോടെ പുറപ്പെട്ടു.

മുളമുള്ളുമെരികല്ലും
ചവിട്ടൊപ്പം നടക്കുന്നു.
കനൽ കോരിക്കുടിച്ചഗ്നി-
പ്പദം ചന്തംവിതയ്ക്കുന്നു.

മുകിൽതാഴെ,ക്കുളിർ വാനം
മിഴിക്കോണിൽ തുടിക്കുന്നു.
ചരൽപ്പൂക്കൾ കടുംവർണ്ണം
വിരിച്ചെങ്ങും ചിരിക്കുന്നു.

ചിതൽപ്പറ്റം ദ്രുതംകാട്ടി
ശവക്കോലം തുരക്കുന്നു.
മുടിക്കെട്ടിൽ ജഡച്ചുറ്റിൽ
ശിവശൈലം കനക്കുന്നു.

ഇരുത്തംവന്നലയ്ക്കുന്ന
കൊലച്ചീവീടൊളിക്കുന്നു.
കരിക്കാലൻ കൊലകൊമ്പൻ
കരിച്ചൂരു ചുരത്തുന്നു.

കുളയട്ടനിലം പറ്റി
രുചികൊണ്ടു പുളയ്ക്കുന്നു.
കൊതിനാവായ് നനവാർന്നു
ചുടുചോര കുടിക്കുന്നു.

'ആദിച്ചൻ' മലദൈവം
ചോക്കുന്നു, തുടുക്കുന്നു.
കാട്ടാറിൻ ചിലമ്പൊച്ച
മദം പൊട്ടിപ്പരക്കുന്നു.


മലങ്കോഴിപ്പറ്റമെന്തോ
തിരക്കിട്ടു തെരയുന്നു.
മലയണ്ണാർക്കണ്ണനംബര
കനിയായിക്കുലയ്ക്കുന്നു.

ചൊക്കനർക്കപ്പഴം തിന്നാൻ
മരംചാടിപ്പൊടിക്കുന്നു.
വക്കുചോന്നൊരു മൂക്കുചീറ്റി
മലന്തത്തചുമയ്ക്കുന്നു.

"കാടിരുണ്ടുകനത്തു, ഏട്ടാ ,
തേനെടുക്കാൻ നേരമായി."

"ഞാനെടുക്കാനേറിടാം ,നീ
താഴെനിന്നങ്ങേറ്റുകൊൾക."

മരംകേറിമറഞ്ഞേട്ടൻ
വരംതന്നൂ തേനറകൾ
നറുംതേനിൻ മഴകൊണ്ടാ
മരച്ചോടന്നമൃതുണ്ടു.

ഇതുമതിയിറങ്ങേട്ടാ-
യിരുൾച്ചാവിങ്ങെത്തിയേ
നമുക്കൊന്നിച്ചോടിടാം
മലതാണ്ടിപ്പാഞ്ഞിടാം."

അതിന്നുത്തരമില്ലയേട്ടൻ
പനമ്പട്ടയിലൊട്ടിയോ ?
ഇരുൾക്കാമ്പിലിറുന്നുവീണൊരു
നിലവിളിക്കവിൾ പൊട്ടിയോ ?

ശോണശോഭയഴിച്ചുമാറ്റി
കാർമുകിൽക്കുടചൂടി വാനം.
നീലരാത്രി,യുടുത്തു,മായിക-
ലാസ്യലോലസുഖാംബരം.

ശീതമാരുതനെത്തിയനുജനെ
നേർവഴിക്കു തുണയ്ക്കുവാൻ
ഏകനായവനേറെ വേദന-
തിന്നു ,ഭീതിതുരന്നുപോയ്.

ഏട്ടനില്ലാക്കാട്ടിലൂടെ
കുട്ടി പേടിച്ചോടവേ,
മാമരത്തിന്നുച്ചിയിൽ നി-
ന്നാർദ്രമായൊരു നിലവിളി.

ഏകനുള്ളിലിരുട്ടു വീണാൽ
കൂട്ടിനെത്തും നിലവിളി,
നൊമ്പരക്കാമ്പായി നീറി-
പ്പാഞ്ഞുപാറും നിലവിളി.

കാടുകാക്കാൻ നിലവിളിക്കും
നെടുവിളിപ്പക്ഷി.
.................................

അഗസ്ത്യകൂടത്തിന്റെ അരികിലുള്ള വനപ്രദേശത്തെ ആദിവാസികളിൽ നിന്നും കേട്ടറിഞ്ഞ ഒരു കഥയാണിത്.
മരത്തിനു മുകളിൽ ഉറച്ചുപോയ ഒരാദിവാസി യുവാവിന്റെ കഥ.
അയാളാണത്രേ തൂവലും ചിറകുമെല്ലാം മുളച്ച് നെടുവിളിയനായി മാറിയത്. "പൂഞ്ഞാൻ " എന്നും ആ പക്ഷി വിളിക്കപ്പെടുന്നു. സന്ധ്യകളിൽ 'അനിയാ ' എന്നുറക്കെക്കരഞ്ഞുകൊണ്ട്
ആ സ്നേഹപ്പറവ ഇന്നും വനാന്തരങ്ങളിൽ ചുറ്റിപ്പറക്കാറുണ്ടത്രേ.