30 April 2017

ആകസ്മികം


  കാവ്യരചനയിൽ തനതുവഴി കണ്ടെത്തിയ
 ശ്രീ അനിൽ R മധു എഴുതിയ 
അതി മനോഹരമായ കവിത. 
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ
വിദ്യാരംഗം മാസിക
2015 ആഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ചതു് .

27 April 2017

സമര്‍പ്പണം


 

എന്നുമെന്‍ കരള്‍ത്തുടിപ്പി-
    ലോളമായുദിച്ചു നീ
എന്നുമെന്റെ ജീവതാള-
    രാഗമായ് നിറഞ്ഞു നീ
എന്നെ,യീ പ്രപഞ്ചമായ-
    മൂടിടാതെ കണ്‍കളില്‍
എന്നുമേയുണര്‍ത്തി നിന്റെ
    ദീപ്ത സൗമ്യ സൗഭഗം.

യുഗങ്ങളെത്രയോ തുടര്‍ന്നു-
    വന്നൊരീ തപസ്യയും
യുഗാന്തമോളമെത്തി നിന്നി-
    ലൊന്നു ചേര്‍ന്നിടും വരെ
യുഗ്മഗാനമാലപിച്ച
    തെന്നലിന്‍ തലോടലില്‍
യോഗമായ് പുലര്‍ത്തുകെന്നെ-
    യിന്നുമെന്നുമൊന്നുപോല്‍.

കൂര്‍ത്തവാക്കു നോട്ടമൊക്കെ-
    യേല്ക്കിലെന്തവിശ്രമം
കാത്തു നില്ക്കുവാന്‍ കരുത്തു-
    നല്കിയോരുദാരതേ
കീര്‍ത്തങ്ങളില്ലിലയ്ക്കു
    പാടുവാന്‍, പദങ്ങളില്‍
കോര്‍ത്തൊരുക്കിടട്ടെയെന്നെ
    നിത്യസത്യമേ സദാ.

24 April 2017

P Parameswar Jiപരമേശ്വര്‍ ജി


മലയാളമാസികയുടെ നവതിപ്രണാമം

13 April 2017

ഷംനാദ്, Orbit


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657---   ഷംനാദ്, Orbit


12 April 2017

പൊന്‍കണി

ഇന്നുമെൻ പാട്ടിൽ കണിക്കൂട്ടൊരുക്കുന്ന -
തൊക്കെയും നിൻ മായയല്ലെ - കണ്ണാ
നിന്നുടെ ലീലകളല്ലെ


മഞ്ഞപ്പട്ടാഭകൾ ചാർത്തും കണിക്കൊന്ന -
പൊന്നുടുപ്പിട്ടൊരു സന്ധ്യ
കോലക്കുഴൽവിളി കാതോർത്തു കാറ്റുകൾ
ആലോലമാടുന്ന പീലി. 

കാലിക്കുടമണി കിങ്ങിണി നാദങ്ങൾ
താളം തുളുമ്പുന്ന തീരം
മേലെ കടമ്പിന്റെ കൊമ്പിൽ തുകിൽ മേളം,
ഊറിച്ചിരിക്കുന്ന കള്ളൻ

മാറിൽ തുടുക്കും മുഖം ചേർത്തുറങ്ങുന്ന
വീണ, തലോടുന്ന വേണു
രാഗാർദ്രമോർമ്മയിലാകെയുലഞ്ഞൊരു
വെൺനിലാച്ചേലതൻനാണം

ഇന്നുമെൻ പാട്ടിൽ കണിക്കൂട്ടൊരുക്കുന്ന -
തൊക്കെയും നിൻ മായയല്ലെ - കണ്ണാ
നിന്നുടെ ലീലകളല്ലെ