28 December 2016
22 December 2016
പാലാഴിത്തിര
പാലാഴിത്തിര നിന്റെ പുഞ്ചിരിച്ചേലൊത്തു
പാടുന്ന ശംഖമാണെന്റെയുള്ളം
ശ്രീലക്ഷ്മി കാരുണ്യധാരയായ് ചാരത്തു-
ചേരും നിന്‍ രൂപമാണെന്റെ ഭാഗ്യം.
നാരദവീണയിലുണരും നിന്‍ നാമങ്ങള്‍
നാരായണാ നിത്യപുണ്യനാദം
നാവിലും കാതിലും കോശാണുതോറുമേ
നാരായണാ തുള്ളിത്തുളുമ്പിടുമ്പോള്‍
പാഴ് മുളം തണ്ടല്ല, നിന്‍ രാഗവിസ്മയ-
രോമാഞ്ചമണിയും മുരളിക ഞാന്‍
കാകോളകാളിയനല്ലല്ല, നിന്‍ പാദ-
മാടുന്നൊരാനന്ദവേദിക ഞാന്‍...
21 December 2016
14 December 2016
ഓര്‍ക്കാപ്പുറത്ത്
ഓര്‍ക്കാപ്പുറത്ത്
ഒരു മഴപോലെ
നീ പെയ്തു നിറയുന്നു.
നനഞ്ഞ മണ്ണിന്റെ പൂമണം,
ഇലപ്പടര്‍പ്പുകളുടെ നടനഹ്ലാദങ്ങള്‍,
പുല്‍നാമ്പുകളിലെ രോമഹര്‍ഷം,
ഒരു നിമിഷം
ഭൂതവും ഭാവിയും വര്‍ത്തമാനവും
ഒന്നായിഴുകിച്ചേരുന്നു.
ഓര്‍ക്കാപ്പുറത്ത്
ഒരു മഴപോലെ
നീ പെയ്‌തൊഴിയുന്നു.
07 December 2016
ഉലഞ്ഞുവോ..
ഇളകവെ,
മഞ്ഞിന്‍ തുകില്‍
മലകള്‍ തന്നിളം തനു
മുന്നില്‍ നിറഞ്ഞു നില്‍ക്കവെ,
ഇളം കാറ്റിന്‍ മൂള-
ലണഞ്ഞു പുല്‍കവെ,
മുളം തണ്ടുന്മദ-
മുണര്‍ന്നുലഞ്ഞുവോ...