30 November 2016

ചേര്‍ച്ച


എത്ര പൂക്കളാണ്
ചുറ്റിലും വിരിയുന്നത് !
ഏതെല്ലാം ശലഭങ്ങളാണ്
പാറിപ്പറക്കുന്നത് !

ആഹ്ലാദമേ
നീയും
എന്നോടൊപ്പം കൂടുക.

24 November 2016

നവനീതം


കവിയുന്നു കണ്ണാ കരള്‍ച്ചൂടു നീ രാഗ-
നവനീതചോരനായ് പുഞ്ചിരിക്കൂ,
യമുനയുടെ മോഹപുളിനങ്ങളില്‍ നീ സ്‌നേഹ-
യദുകുലകാംബോജിയോളമാകൂ.

നീയകന്നാല്‍ നീറുമഴലിരുള്‍ ഞാന്‍, നിന്റെ
മായയില്‍ മതിമറക്കുന്ന രാധ.
നീയണഞ്ഞാല്‍ നിന്റെ നിഴലാണു ഞാന്‍, ശ്യാമ-
നീലയില്‍ മതിമയങ്ങുന്ന രാധ.

പാഴ് മുളം തണ്ടാകുമിവളു നിന്‍ പാട്ടുകള്‍
പാടുന്ന മുരളിയായ് മാറിടേണം.
കണികാണുവാന്‍ പുതിയസ്വപ്‌നങ്ങള്‍ കോര്‍ത്തു പൊന്‍-
കണിയായി മിഴിയില്‍ നീ വാണിടേണം.

തേന്‍നിലാവള്ളികളാലോലമാടുന്നൊ-
രോര്‍മ്മയില്‍ രാക്കിളിപ്പാട്ടിനൊപ്പം
പീതാംബരാ നിന്റെ വേണുവും മൂളുന്നൊ-
രാര്‍ദ്രമാം ഗാനമാകട്ടെ ജന്മം.

23 November 2016

പരസ്പരം


എനിക്കു തണുക്കുന്നു
നീയെന്റെ പുതപ്പാവുക

നിനക്കു തണുക്കുമ്പോള്‍
ഇതാ
മനസ്സിനൊരറ്റം
നീ വലിച്ചെടുത്തോളൂ...

പുതച്ചുറങ്ങുവാന്‍
പരസ്പരം.

16 November 2016

വിളക്ക്


നിന്നെക്കുറിച്ചുള്ള ചിന്തകള്‍ക്ക്
തിരശ്ശീലകളും
വേലിക്കെട്ടുകളുമില്ലാത്ത
പുത്തന്‍ തുറസ്സുകള്‍...

ഹരിതയാഥാര്‍ത്ഥ്യങ്ങളെ
ആശ്ലേഷിക്കുന്ന
നിലയില്ലാക്കയങ്ങളില്‍
നാണിക്കുന്നതെന്തിന് ?

മാംസത്തിന്റെ
ആവരണങ്ങളുരിഞ്ഞ മനസ്സില്‍
എണ്ണ തീരാറായ
ഒരു വിളക്ക്,

നീയതില്‍
സ്‌നേഹം പകര്‍ന്ന്
ജ്വലിപ്പിക്കുക...

10 November 2016

കാത്തരുളുക നീ

കാത്തരുളുക നീ

എല്ലാ വഴികളുമടയുന്നേരം
വല്ലാതുയിരു പിടയ്ക്കുമ്പോള്‍
മെല്ലെത്തുമ്പിക്കരമൊന്നുയരു-
ന്നെന്നെച്ചേര്‍ത്തു പിടിക്കുന്നു.
അല്ലും വെല്ലും നിറമതിലെല്ലാ-
വിഘ്‌നവുമോടിയൊളിക്കുന്നു.

കടവും കടമയുമഴലും കൈകോര്‍-
ത്തിടവും വലവും കടയുമ്പോള്‍
കരിവരവീരാ ഗംഗണപതയെ-
ന്നൊരു കരള്‍ നൊന്തുവിളിക്കുമ്പോള്‍
കരകയറാനൊരു കൈത്താങ്ങായുട-
നരികെത്തുമ്പിക്കരമെത്തും.

മക്കള്‍ ദൂരെയിരുട്ടില്‍, തെറ്റിന്‍
കൊക്കയില്‍ വീഴാതെപ്പോഴും
കാക്കുക ഗജമുഖ, തുമ്പിക്കരമതി-
ലേല്ക്കുക, നന്മയില്‍ വഴികാട്ടൂ.
തീക്കാറ്റും പേമഴയും തീണ്ടാ-
തീക്കാട്ടില്‍ കാത്തരുളുക നീ.


Read in Amazone Kindle

09 November 2016

ചുറ്റിലും


അമ്പലക്കൈവിള-
    ക്കന്തിക്കു ദൂരത്തെ-
യംബരമുറ്റത്തു
    തൂക്കുന്നൊരമ്പിളി,
രാഗലഹരിത-
    ന്നോണനിലാവല
രാഗം പകര്‍ന്നു
    നിറയ്ക്കട്ടെ ചുറ്റിലും.

02 November 2016

കൊടും തീയിലെന്നപോല്‍


തങ്കക്കിനാവുകള്‍
    കണ്‍പീലികള്‍പോലെ
തമ്മിലിഴകോര്‍ത്തു നിന്നു,

തളച്ചിട്ട നിശ്വാസ-
    നിര്‍വാണമന്ത്രം
തുളയ്ക്കുന്ന നിശ്ശബ്ദതയുടെ
    ചേലാഞ്ചലത്തിലും

ധീരമായേകാഗ്രമാ-
    യൊന്നു തൊട്ടുവോ
നീരവമേതോ
    കൊടും തീയിലെന്നപോല്‍...