നുമ്മ പറഞ്ഞ നടൻ

Views:

---   ഷംനാദ്, Orbit
സുരാജിന്,

വെഞ്ഞാറമൂട് School ലെ 1991 ബാച്ചിലെ ഒരംഗമാണ് ഞാൻ. 
ഗ്രൂപ്പുണ്ടാക്കുമ്പോള്‍ ആരും വിചാരിച്ചിട്ടുണ്ടാവില്ല ഇത്രയും പേര്‍ ഇതിലേക്ക് ജോയിന്‍ ചെയ്യുമെന്ന്. 
ലോകത്തിന്റെ പല കോണുകളിലിരുന്ന് "ചക്കപ്പഴത്തില്‍ ഈച്ച"  പറ്റുന്നതുപോലെ 75 ഓളം പേര്‍ ജോയിന്‍ ചെയ്യുന്നു. 

ഏതെല്ലാം വേഷങ്ങള്‍ കെട്ടി നിന്നാലും ഗ്രൂപ്പിലേക്ക് 15 വയസ്സിന്റെ ചെറുപ്പത്തിലേക്ക്, പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തോടെ ജോയിന്‍ ചെയ്തത് നീ കാണുന്നില്ലേ?

പക്ഷേ നമ്മളൊക്കെ ഏറ്റവും സന്തോഷിച്ചത് എപ്പോഴന്നറിയോ? ...

നീ ഈ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്തപ്പോള്‍............

ഒരുപാട് കാരണങ്ങള്‍ ഉണ്ട് ആ സന്തോഷത്തിന്...

വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്ന മലയാള സിനിമയുടെ അവിഭാജ്യ ഘടകമായല്ല "സുരാജെ"ന്ന പേര് നമ്മൾ ഗ്രൂപ്പില്‍ നിന്റെ പേര് തെളിയുമ്പോൾ വായിക്കുന്നത്.....

പിന്നെ,
മലയാളക്കര മുഴുവന്‍ നിന്റെ പേര് ഉച്ചരിച്ചുതുടങ്ങുന്നതിന് മുൻപേ തന്നെ നീ നമ്മുടെ താരമായിരുന്നില്ലേ. 

നീ കേരളത്തിന്റെ ലക്ഷോപലക്ഷം മനസ്സുകളില്‍ തമാശയുടെ അമിട്ട് പൊട്ടിക്കുന്നതിന് മുമ്പേ നിന്റെ തമാശകള്‍ കേട്ട് തലയറഞ്ഞ് ചിരിച്ച് നിന്റെ ഫാന്‍സുകാര്‍ ആയവര്‍ നമ്മളല്ലേ. 

നീ സ്റ്റേജിന്റെ തട്ടിന്‍പുറത്ത് ടൈമിംഗിന്റെ മായാജാലം തീര്‍ത്ത്, 
മലയാളികള്‍ ഉള്ള നാടെല്ലാം പോയി അത്ഭുതങ്ങള്‍ തീര്‍ത്തപ്പോള്‍, 
അതിനും മുമ്പേ തന്നെ ഞങ്ങള്‍ നിന്റെ കഴിവ് വിളിച്ച് പറഞ്ഞില്ലേ....

ക്ലാസിനുള്ളില്‍ നീയുണ്ടാക്കുന്ന തമാശകള്‍ കാരണം പൊങ്ങുന്നതും പുറത്താക്കപ്പെടുന്നതും നമ്മളായിരുന്നല്ലോ..

അന്ന് ടീച്ചറോട് നമ്മൾ പറഞ്ഞതാ....

" ടീച്ചറേ ചിരിച്ചത് നമ്മളാണെങ്കിലും ചിരിപ്പിച്ചത് അവനാ ... ആ സുരാജ് " 
(പക്ഷേ അന്ന് ടീച്ചർ ആ വലിയ സത്യത്തിന് ചെവികൊടുത്തില്ലല്ലോ). 

നിന്നെ വളര്‍ത്തി വലുതാക്കിയവരുടെ കൂട്ടത്തില്‍ നീ ആവര്‍ത്തിച്ചു പറയുന്ന പേരുകളില്‍ മമ്മൂക്കയ്ക്കും, കൈരളി ചാനലിനും ഒപ്പം പറയേണ്ടതല്ലേ, ഡിസ്കോ ശാന്തി ടീച്ചർ, ലീല ടീച്ചര്‍, കാച്ചില്‍, ബംബ്ള്‍ തുടങ്ങിയവരുടെ പേരുകള്‍. 
അവരല്ലേ നിന്റെ, നമ്മുടെയും ക്ലാസ് മുറികളില്‍ നമ്മോടൊപ്പം നിന്ന്, നിന്നെ വളര്‍ത്തിയത്.

130 കോടി ജനങ്ങളുടെ മികച്ച നടന്‍ എന്ന് നിന്റെ പേര് വിളംബരം ചെയ്തപ്പോള്‍
ചായക്കൊപ്പം പത്രം വായിക്കുന്ന മുഴുവന്‍ മലയാളികളും, 
മലയാളം എന്ന ഭാഷ എന്തെന്നറിഞ്ഞുകൂടാത്തവരും 
സുരാജെന്ന പേര് വായിച്ച് കണ്ണുതള്ളിയിരുന്നപ്പോള്‍, 
എത്രയോവട്ടം നീ പറഞ്ഞ തമാശകളില്‍, 
നീ ചെയ്തുകൂട്ടിയ തമാശകളില്‍, 
ചിരിച്ച് ചിരിച്ച് ശ്വാസം കിട്ടാതെ കണ്ണുംതള്ളി ഞങ്ങള്‍ എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ ഇരുന്നില്ലേ.

ഇന്ന് നിന്റെ പ്രശസ്തിയിൽ, 
വെള്ളിവെളിച്ചത്തില്‍, 
നിന്നെ അവകാശമാക്കാന്‍, 
പങ്കുപറ്റാന്‍‌ 
കാത്ത് നില്‍ക്കുന്നവര്‍ ഒരുപാട് പേരുണ്ടാവും. 

വെഞ്ഞാറമൂട് എന്ന നാട്, 
നിന്നെ അവകാശമായി ചോദിക്കുന്നു, 

നീ പഠിച്ച സ്കൂള്‍, (എത്ര തലമുറകള്‍ ഇനിയിവിടെ പഠിച്ചാലും നീ അവരുടെയൊക്കെ അവകാശമായിരിക്കും.... എന്തൊരു ഭാഗ്യമാണ്.) 
മലയാള സമിനിമ മുഴുവന്‍ നിന്നെ അവകാശമായി ചോദിക്കുമ്പോഴും ഒരു ലാഭേച്ഛയുമില്ലാതെ നിന്നെ സ്നേഹിച്ചുകൊണ്ടിരിക്കുന്നത് നമ്മളല്ലേ....

ലോകത്തിന്റെ പല കോണുകളിലിരുന്ന് നിന്നെപ്പറ്റി എത്രയോ തവണ നമ്മള്‍ പറഞ്ഞിരിക്കുന്നു. 
നമ്മുടെ കൂട്ടുകാരോട്, 
പ്രിയപ്പെട്ടവരോട് ...
അഹങ്കരിച്ചിരിക്കുന്നു.

നിന്റെ അഭിനയത്തെപ്പറ്റി ചാനല്‍ ചര്‍ച്ചകളില്‍ വിമര്‍ശനങ്ങള്‍ നടത്തുന്ന ബുദ്ധിജീവികളെ നമ്മള്‍ ടീവിയില്‍ കാണുമ്പോള്‍ രഹസ്യമായും പരസ്യമായും നമ്മളവരെ പ്രാകിയില്ലേ.... 

അവനെപ്പറ്റി നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല എന്ന് വിളിച്ചുപറഞ്ഞില്ലേ. 
അതുകേട്ട് നമ്മുടെ വീട്ടിലുള്ളവര്‍, 
കൂട്ടുകാർ ഒക്കെ‍ ചിരിച്ചിട്ടുണ്ട്. 
പക്ഷേ നമ്മള്‍ അഭിമാനിച്ചില്ലേ അപ്പോഴും. 

ലൈംലൈറ്റില്‍ നിന്ന് ഒരിക്കല്‍ നീ ഇറങ്ങിപ്പോവുമായിരിക്കും. (അങ്ങനെ പോവാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയുള്ളവരാണ് നമ്മള്‍). 
അങ്ങനെ വെള്ളിവെളിച്ചത്തില്‍ ഇല്ലാത്തപ്പോഴും നിന്നെ ഒരേ അളവില്‍ സ്നേഹിക്കാന്‍ നമ്മള്‍ അല്ലാതെ വേറെ ആര്‍ക്ക് കഴിയും. 
നീ താര രാജാക്കന്മാരുടെ കൂടെ അഭിനയിക്കുമ്പോള്‍, 
സുരാജേ പഴയകാലങ്ങളില്‍ നമ്മുടെ നോട്ടുബുക്കിലും പുസ്തകങ്ങളിലും പൊതിയായി ഇട്ടുകൊണ്ട് നടന്ന താരരാജാക്കന്മാര്‍, 
മമ്മൂക്കയും ലാലേട്ടനും...
നിന്നോട് ചേര്‍ന്ന് അഭിനയിക്കുമ്പോള്‍ തീയേറ്ററിന്റെ ഇരുട്ടിലിരുന്ന് നമ്മള്‍ സന്തോഷം കൊണ്ട് കരഞ്ഞില്ലേ. 

ബാല്യകാലത്ത് നമ്മള്‍ കണ്ട സ്വപ്നങ്ങളുമൊത്തല്ലേ അവരുടെ കൂടെ സ്ക്രീനില്‍ നീ നിന്നത്. 

ആവര്‍ത്തിച്ചാവര്‍ത്തിച്ച് നീ തമാശകള്‍ പറഞ്ഞപ്പോള്‍, സ്റ്റോക്ക് തീര്‍ന്നു എന്ന് പറഞ്ഞ് ചര്‍ച്ചകളില്‍ ആളുകള്‍ വന്നപ്പോള്‍, സുഹൃത്തുക്കള്‍ വന്നപ്പോള്‍, 
നിന്നെ കൈയൊഴിഞ്ഞപ്പോള്‍ (ആ പ്രേക്ഷകര്‍, നമ്മുടെ സുഹൃത്തുക്കള്‍, വീട്ടുകാര്‍, സഹപ്രവര്‍ത്തകര്‍ ഒക്കെ) 
നമ്മള്‍ അവരെ തിരുത്തിയത് നീയറിഞ്ഞില്ലേ. 
നമ്മള്‍ കണ്ട സുരാജിനെ, 
ബാല്യകാലത്ത് നമ്മളെ വിസ്മയിപ്പിച്ച സുരാജിനെ, നിങ്ങള്‍ സ്ക്രീനില്‍ ഇതുവരെ കണ്ടിട്ടില്ല.... 
വരും അവന്‍, 
നിങ്ങളെ അത്ഭുതപ്പെടുത്താനായി വരും - എന്ന് നിന്റെ പക്ഷംപ്പിടിച്ചത് നമ്മളല്ലേ. 

നിനക്ക് അവാര്‍ഡ് കിട്ടിയ പത്രങ്ങള്‍ വീട്ടില്‍ വായിച്ചിട്ടും വായിച്ചിട്ടും മതിവരാതെ മേല്‍പ്പറഞ്ഞവര്‍ക്ക് മുമ്പില്‍ 
പത്രവും പിടിച്ച് ഡാന്‍സ് കളിച്ചതും, 
ചിലപ്പോള്‍ മതിവരുവോളം വെള്ളമടിച്ചും, വെള്ളം വാങ്ങിക്കൊടുത്തും സന്തോഷിച്ചതും 
നീ കണ്ടിട്ടില്ലല്ലോ.

..15- വയസ്സിലേക്ക് ചുരുങ്ങിപ്പോയി 
സുരാജേ... നമ്മള്‍. 
1991 ന്റെ വര്‍ഷത്തിലേക്ക്... 

ആര് പറഞ്ഞു ബാല്യത്തിലേക്ക് തിരികെ പോരാന്‍ കഴിയില്ലെന്ന്... 
നീ കാണുന്നില്ല, 
ലോകത്തിന്റെ ഏതെല്ലാം കോണുകളിലിരുന്ന് ഇരട്ടപ്പേരും വിളിച്ച് പൊട്ടിച്ചിരിച്ച് 
അവര്‍ തിരിച്ചുവന്നത്. 

നിന്നെ കണ്ടപ്പോള്‍ നമ്മള്‍ ആഹ്ലാദം നിറഞ്ഞ് പൊട്ടിപ്പൊട്ടിച്ചിരിച്ചത്.

നീ ഗ്രൂപ്പില്‍ വന്നപ്പോള്‍ ജോലി ചെയ്തുകൊണ്ടിരുന്നവര്‍ നിര്‍‌ത്തി നിന്നെ അതിരുകളില്ലാതെ സ്നേഹം നല്‍കി സ്വീകരിച്ചവര്‍, 
നിന്നോട് സംസാരിക്കാന്‍ കൂടെ കൂടിയവര്‍...

മികച്ച താരമെന്നും മികച്ച നടനെന്നും നാട് നിന്നെ വിളിച്ചപ്പോള്‍ 'ഞുണീ' എന്ന് വിളിച്ചും 'അളിയാ' എന്ന് വിളിച്ചും കൂടെ കൂടാനും നിന്നെ ബാല്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും നമ്മളെന്നും ഇവിടെ കാത്തിരിക്കുന്നത് നീയറിഞ്ഞില്ലേ. 

നമുക്ക് നിന്റെ ഡേറ്റ് വേണ്ട, 
നമുക്ക് നിന്റെ ഓട്ടോഗ്രാഫ് വേണ്ട, 
നമുക്ക് നിന്നോടൊപ്പമുള്ള സെല്‍ഫി വേണ്ട, 

പക്ഷെ ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും 
നീ ഗ്രൂപ്പില്‍ വന്നൊന്ന് 'ഹായ്' പറയണം. 

അതുകേട്ട് 
ചെയ്തുകൊണ്ടിരിക്കുന്ന പണി നിര്‍ത്തി ഓണ്‍ലൈനില്‍ വന്ന് നമ്മള്‍ ബാല്യത്തിലേക്ക് തിരികെ വരണം. 

"ഷെമീറെ കലാമേ കുമാറെ" എന്നൊക്കെ നീ പേരെടുത്ത് വിളിച്ചപ്പോള്‍ 
അവരുടെ മുഖത്തെ സന്തോഷങ്ങൾ നീ കണ്ടില്ല, "ക്ണാച്ചി "യെന്നും "ചാക്കാണി"യെന്നും നീ വിളിച്ചപ്പോള്‍ അവരുടെയുള്ളില്‍ ഒരു കടലിളകിമറിഞ്ഞിരുന്നത് നീ അറിഞ്ഞോ? 
അവര്‍ സന്തോഷം സഹിക്കാനാവാതെ ആ സൗണ്ട് ക്ലിപ്പ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേട്ടത് നീയറിഞ്ഞിട്ടുണ്ടാവില്ല. 

നീ ഇരട്ടപ്പേര് വിളിച്ചത് നമ്മള്‍ എത്ര തവണ കൂട്ടുകാരെ കേള്‍പ്പിച്ചു എന്നറിഞ്ഞോ.. 
സന്തോഷം സഹിക്കാനാവാതെ ആ ഫോണും കൊണ്ടുപോയി ഒറ്റക്കിരുന്ന് കരഞ്ഞതും, 
ആരും കാണാതെ കണ്ണുകള്‍ തുടച്ചതും നീയറിഞ്ഞോ? 

നോക്കൂ... 
നീ നല്‍കുന്നത് അതിരുകളില്ലാത്ത സന്തോഷമാണ്.... 

എന്ന് ഒരു മെമ്പർ



No comments: