ദൃഢം ഭദ്രദീപ്തം ശുഭം


നീ മാത്രമാണെന്റെ ദൈവം
നീ വിശ്വവിശ്വാസധാമം
ജഗത്പ്രാണതാളം പ്രപഞ്ചാര്‍ത്ഥസാരം
ദൃഢം ഭദ്രദീപ്തം ശുഭം.

നിന്മന്ത്രമുഗ്ദ്ധം വിശുദ്ധം
ഉന്മുക്തമാശ്വാസഭാവം
മോക്ഷപ്രദം ദിവ്യ കല്പാന്തസായൂജ്യ-
സാക്ഷ്യം പരബ്രഹ്മരൂപം.

സ്വര്‍ഗം സുഖം സ്വപ്‌നരാഗം
സര്‍വ്വം തരും നാമപുണ്യം
സന്താപമൊക്കെയടക്കും സദാനന്ദ-
സന്താനവാത്സല്യപൂരം.

കിനാവ്


തിങ്ങും കാന്തികലര്‍ന്നുഷസ്സിലൊരു പൂ-
        വെന്നോണമെന്നോമലാള്‍
തങ്ങും കാനനവും കടല്‍ക്കരകളും
        പൂവാടിയാണെന്നൊരാള്‍.
എങ്ങും കാമമയൂഖമാല തിരളും
        വൃന്ദാവനം പോലെ, ഞാന്‍
മുങ്ങും കാവ്യസരിത്തിലായ് വിരിയുമെന്‍-
        തങ്കക്കിനാവെന്നു ഞാന്‍.

മുത്ത്


ചാരത്തായഴകിന്‍ സുമങ്ങള്‍ വിരിയി-
        ച്ചേണാക്ഷിയെത്തീടവെ,
ആരീ ഞാന്‍, സുരപുഷ്പമേ, മധു നുകര്‍-
        ന്നുന്മുക്തനായീടുവാന്‍ !
മാരിക്കാറണിപോലെ ശത്രു നികരം
        നേര്‍ത്തെങ്കില്‍ നേരിട്ടിടാം,
പോരാ ശേഷിയെനിക്കു നിന്മിഴികളില്‍-
        ത്തങ്ങുന്ന മുത്താകുവാന്‍.

Leela M Chandran


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657



Leela M Chandran

എന്റെ കൊച്ചുഗ്രാമം



ഞെട്ടലോടെയാണ് ഞാൻ കേട്ടതാ വാർത്ത, എന്റെ
കൊച്ചുഗ്രാമവും കെട്ട വഴിയിൽ  ചരിക്കുന്നു.

മദ്യവിമുക്തമൊരു  നാടിനായ് സ്വപ്നം കണ്ട്
ധീരമാം  പരിശ്രമം രാപകൽ തുടരുമ്പോൾ,

മറ്റൊരു വൻ വിപത്ത് വായ്പിളർന്നടുക്കുന്നു
സത്യമാവരുതെന്ന്  മോഹമുണ്ടെങ്കിൽ പോലും.
 
മയക്കു മരുന്നിന്റെ  ദുരിതം പേറി  എന്റെ
മക്കളും ? നെഞ്ചിടിപ്പിൻ വേഗമതേറീടുന്നു.

 
ഒട്ടു നാളായി ശങ്ക തോന്നിയ വിഷയമാ-
ണെങ്കിലും വിശ്വസിക്കാൻ കഴിഞ്ഞില്ലിന്നേ വരെ.
അനഘയാണ് സത്യം വിശദമായിച്ചൊന്ന -
തെന്നത്‌ തന്നെ വിശ്വാസത്തിനു മാറ്റേറ്റുന്നു

അന്യയല്ലനഘ,യെൻ മകളാണവൾ, എന്റെ
മാതൃസങ്കല്പ്പത്തിനു പൂർണ്ണത നല്കിയവൾ

പ്രാണനായിരുന്ന തൻ  ഭാവി വരനെപ്പോലും
നീതിപീഠത്തിൻ മുന്നിൽ  നിർത്തി, ധീരയായവൾ
കണ്ണുമൂടിയ നീതിദേവത നിസ്സഹായ,
ദുർബലം വ്യവസ്ഥകൾ കുറ്റവാളിതൻ പക്ഷം...

.
ദുർവഴികളിലൂടെ  നേടിയ  കോടികളാൽ
രക്ഷപ്പെട്ടീടുമവർ പ്രതികാരേച്ഛയുമായ്

കൂട്ടമായ്‌ ചെന്ന് ക്രൂരം കൊന്നൊടുക്കീടാം, കെണി
വെച്ചിടാം, ചതിച്ചിടാം മാർഗ്ഗമൊട്ടേറെ  മുന്നിൽ 

തൊട്ടു മുന്നിൽ ചോരയിൽ ഒരുവൻ പിടഞ്ഞാലും
എത്തി നോക്കുകില്ലാരും എന്തിനീ വയ്യാവേലി...?

അത്രമേൽ പ്രതികരിച്ചീടുവാൻ കഴിയാതെ
കഷ്ടമെങ്ങിനെ ദയ അറ്റവരായി നമ്മൾ..?!!

ഞാനെന്ന ഭാവം പേറി  ചുരുങ്ങിച്ചുരുങ്ങി  നാം
കൂപമണ്ഡൂപങ്ങളായ് മയങ്ങിക്കിടപ്പവർ ....

സത്യധർമ്മങ്ങൾ കാറ്റിൽപ്പറത്തി ആർക്കോ വേണ്ടി
അച്ഛനെപ്പോലും കൊല്ലാൻ മടിക്കാത്തവർ ചുറ്റും

മുന്നിലായ്ത്തെളിയുന്ന ദുർവിധികളെൻ നെഞ്ചിൽ
പടഹധ്വനി മുഴക്കങ്ങൾ സൃഷ്ടിച്ചീടുമ്പോൾ 

 ആപത്തു വരും വഴിയോർക്കാതെ പ്രതികരി-
ച്ചെന്തിനീ ഭോഷത്തരം? എന്ന് ഞാൻ ചോദിച്ചു പോയ്.

പാവമീ മാതാവിന്റെ വ്യാകുല ചിന്തകളിൽ
മകൾ തൻ സുരക്ഷയ്ക്കാണുന്നതസ്ഥാനം നിത്യം...!
.
എങ്കിലും അവളുടെവാക്കുകൾ  കേൾക്കേ  മുഖം
നമ്രമായ്, മൊഴിമുട്ടി നിന്നു ഞാൻ ഖിന്നയായി.
"അമ്മ,യെന്നമ്മമാത്രം, എന്നേപ്പോൽ നൂറായിരം
മക്കൾതൻ അമ്മയാണെൻ ഭാരത മാതാവവൾ,

നല്ലമക്കളെപ്പെറ്റ വയറിൻ തണുപ്പവൾക്കേകുവാൻ
ഞാനും മുന്നിട്ടിറങ്ങാൻ കൊതിക്കുന്നു.

കേൾപ്പതില്ലേ, ദുരന്തവാർത്തകൾ നിത്യം, നാടിൻ
സംസ്കാരത്തകർച്ചകൾ, പീഡനത്തുടർക്കഥ 

മദ്യവും ലഹരിയും  മയക്കുമരുന്നുമി-
ന്നെത്രയൊ മനസ്സിന്റെ സ്ഥിരത തെറ്റിക്കുന്നു.?
എന്തിനാണെൻ സോദരർ മക്കളെ, ബന്ധുക്കളെ
മന്ദബുദ്ധികളാക്കാൻ സൗകര്യമൊരുക്കുന്നു?

നഷ്ടമാക്കുന്നു ഉറ്റ ബന്ധങ്ങൾ, സൗഹൃദങ്ങൾ
നിത്യവും നടക്കുന്നു തെരുവിൽ കലഹങ്ങൾ...!

സ്വന്തം എന്നൊരു ബോധം നമ്മളിൽ വളർന്നീടിൽ
തിന്മകൾ ഉണ്ടാകുമോ? ദുഷ്ടത  പെരുകുമോ?

പട്ടിണി, ഒടുങ്ങാത്ത കഷ്ടത, നൈരാശ്യങ്ങൾ,
കഞ്ഞിയല്ലെന്നും കണ്ണീർ കുടിപ്പിക്കുന്നു വിധി...!

എത്രയോ പീഡനങ്ങൾ ഏറ്റു വാങ്ങുന്നീ നാട്ടിൽ
പെണ്ണിനും സ്വന്തം മാനം കാക്കുവാൻ കഴിയേണ്ടേ..?
അമ്മതൻ തലമുറയ്ക്കന്യമാണിന്നിൻ സർവ- 
തിന്മയും അതുണ്ടാക്കും വിപത്തിൻ വലിപ്പവും
കുടുംബത്തിന്റെ നാശം മാത്രമല്ലത് പുതു-
തലമുറയെ മന്ദബുദ്ധികളാക്കും മൊത്തം.

ഇതിനു മാറ്റം വേണം ശക്തമാം തലമുറ
നാടിന്റെ രക്ഷയ്ക്കായിട്ടിവിടെ വളരണം.

അതിനായ് മടിക്കാതെ ഒരു കാൽ മുന്നോട്ടു ഞാൻ
വെയ്ക്കയാണത് വൻ മുന്നേറ്റമായ് വളരുവാൻ .

കൊച്ചിയല്ലിതെൻ കൊച്ചു സ്വർഗ്ഗമാണിവിടെ വേ-
ണ്ടിത്തരം തോന്ന്യാസങ്ങൾ, ഒത്തെതിർക്കണം നമ്മൾ.''

നിന്നുപോയ് നിശ്ശബ്ദയായ്, അവൾ തൻ വാക്കിൻ മുന്നിൽ
ഒന്നുമല്ല ഞാനെന്ന  ചിന്തയാൽ ഒരു മാത്ര.
 
കത്തി നില്ക്കുമൊരഗ്നിനാളമവളിൽ കാണ്‍കെ
എന്മനം അഭിമാനപൂരിതമായീടുന്നു.

വന്നിടും വിപത്തുകൾ എന്തുമാകട്ടെ ധീരം
പൊരുതൂ ...നാടിൻ  നന്മ ലക്ഷ്യമായ് കരുതൂ  നീ....

ഒന്ന് ഞാൻ പുണരട്ടെ മകളെ, നിന്നെപ്പെറ്റ-
തെൻ മഹാഭാഗ്യം, നിനക്കെന്നുമെന്നാശീർവ്വാദം...!!!




Leela M Chandran

കൊട്ടത്തേങ്ങയുമവലും മലരും


കൊട്ടത്തേങ്ങയുമവലും മലരും

കൊട്ടത്തേങ്ങയുമവലും മലരും
കൊട്ടത്തേങ്ങയുമവലും മലരും
മുട്ടാതുള്ളിലൊരുക്കീടാം.
മുട്ടും തട്ടും മന്ദതയും കടു-
കട്ടിയിരുട്ടും നീക്കീടു...

കറുക പറിച്ചൊരു മാല കൊരുക്കാം
കളഭക്കൂട്ടുമൊരുക്കീടാം.
കുടവയറുണ്ണിക്കപ്പം മോദക-
മടയും കരളില്‍ കരുതീടാം...

കാടുകള്‍ കാട്ടി കാട്ടിലിടഞ്ഞടി-
തെറ്റിപ്പോകാതെന്നാളും
കുട്ടികളെത്തിരുതുമ്പിക്കരമതി-
ലൊട്ടുപിടിച്ചു നടത്തീടൂ...






Read in Amazone Kindle

ഇതു വെറും സ്നേഹം...


ഇതു വെറും സ്നേഹം...
ഇനിയുമോരോരോ 
മിഴിമുനകളിൽ
മൊഴിപ്പിണക്കത്തിൽ
നിനക്കു ഞാനിതു
പകർത്തി വയ്ക്കുന്നു.

ത്രസിക്കും കോശങ്ങൾ-
ക്കകത്തളങ്ങളിൽ
മനസ്സിൽ, പ്രാണന്റെ
പ്രണയതന്ത്രിയിൽ
നിനക്കു ഞാനിതു
പകർന്നു നൽകുന്നു.
 

എന്തിനിങ്ങനെ...


എന്തിനിങ്ങനെ നിന്റെ ചുറ്റിലു-
        മെന്നെ നീറ്റിടുമോര്‍മപോ-
ലന്തിയോളവുമാര്‍ത്തലയ്ക്കണ-
        മെന്ന ചിന്തകള്‍ ചോദ്യമായ്.
പന്തിയല്ലിതു നിര്‍ത്തി നിന്നുടെ
        വാഴ് വിനെക്കരകേറ്റുകെ-
ന്നന്തിയെത്തി വിളിച്ചിടുന്നിനി
        മെല്ലെ ഞാന്‍ വിടവാങ്ങിടാം.

നുമ്മ പറഞ്ഞ നടൻ


---   ഷംനാദ്, Orbit
സുരാജിന്,

വെഞ്ഞാറമൂട് School ലെ 1991 ബാച്ചിലെ ഒരംഗമാണ് ഞാൻ. 
ഗ്രൂപ്പുണ്ടാക്കുമ്പോള്‍ ആരും വിചാരിച്ചിട്ടുണ്ടാവില്ല ഇത്രയും പേര്‍ ഇതിലേക്ക് ജോയിന്‍ ചെയ്യുമെന്ന്. 
ലോകത്തിന്റെ പല കോണുകളിലിരുന്ന് "ചക്കപ്പഴത്തില്‍ ഈച്ച"  പറ്റുന്നതുപോലെ 75 ഓളം പേര്‍ ജോയിന്‍ ചെയ്യുന്നു. 

ഏതെല്ലാം വേഷങ്ങള്‍ കെട്ടി നിന്നാലും ഗ്രൂപ്പിലേക്ക് 15 വയസ്സിന്റെ ചെറുപ്പത്തിലേക്ക്, പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തോടെ ജോയിന്‍ ചെയ്തത് നീ കാണുന്നില്ലേ?

പക്ഷേ നമ്മളൊക്കെ ഏറ്റവും സന്തോഷിച്ചത് എപ്പോഴന്നറിയോ? ...

നീ ഈ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്തപ്പോള്‍............

ഒരുപാട് കാരണങ്ങള്‍ ഉണ്ട് ആ സന്തോഷത്തിന്...

വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്ന മലയാള സിനിമയുടെ അവിഭാജ്യ ഘടകമായല്ല "സുരാജെ"ന്ന പേര് നമ്മൾ ഗ്രൂപ്പില്‍ നിന്റെ പേര് തെളിയുമ്പോൾ വായിക്കുന്നത്.....

പിന്നെ,
മലയാളക്കര മുഴുവന്‍ നിന്റെ പേര് ഉച്ചരിച്ചുതുടങ്ങുന്നതിന് മുൻപേ തന്നെ നീ നമ്മുടെ താരമായിരുന്നില്ലേ. 

നീ കേരളത്തിന്റെ ലക്ഷോപലക്ഷം മനസ്സുകളില്‍ തമാശയുടെ അമിട്ട് പൊട്ടിക്കുന്നതിന് മുമ്പേ നിന്റെ തമാശകള്‍ കേട്ട് തലയറഞ്ഞ് ചിരിച്ച് നിന്റെ ഫാന്‍സുകാര്‍ ആയവര്‍ നമ്മളല്ലേ. 

നീ സ്റ്റേജിന്റെ തട്ടിന്‍പുറത്ത് ടൈമിംഗിന്റെ മായാജാലം തീര്‍ത്ത്, 
മലയാളികള്‍ ഉള്ള നാടെല്ലാം പോയി അത്ഭുതങ്ങള്‍ തീര്‍ത്തപ്പോള്‍, 
അതിനും മുമ്പേ തന്നെ ഞങ്ങള്‍ നിന്റെ കഴിവ് വിളിച്ച് പറഞ്ഞില്ലേ....

ക്ലാസിനുള്ളില്‍ നീയുണ്ടാക്കുന്ന തമാശകള്‍ കാരണം പൊങ്ങുന്നതും പുറത്താക്കപ്പെടുന്നതും നമ്മളായിരുന്നല്ലോ..

അന്ന് ടീച്ചറോട് നമ്മൾ പറഞ്ഞതാ....

" ടീച്ചറേ ചിരിച്ചത് നമ്മളാണെങ്കിലും ചിരിപ്പിച്ചത് അവനാ ... ആ സുരാജ് " 
(പക്ഷേ അന്ന് ടീച്ചർ ആ വലിയ സത്യത്തിന് ചെവികൊടുത്തില്ലല്ലോ). 

നിന്നെ വളര്‍ത്തി വലുതാക്കിയവരുടെ കൂട്ടത്തില്‍ നീ ആവര്‍ത്തിച്ചു പറയുന്ന പേരുകളില്‍ മമ്മൂക്കയ്ക്കും, കൈരളി ചാനലിനും ഒപ്പം പറയേണ്ടതല്ലേ, ഡിസ്കോ ശാന്തി ടീച്ചർ, ലീല ടീച്ചര്‍, കാച്ചില്‍, ബംബ്ള്‍ തുടങ്ങിയവരുടെ പേരുകള്‍. 
അവരല്ലേ നിന്റെ, നമ്മുടെയും ക്ലാസ് മുറികളില്‍ നമ്മോടൊപ്പം നിന്ന്, നിന്നെ വളര്‍ത്തിയത്.

130 കോടി ജനങ്ങളുടെ മികച്ച നടന്‍ എന്ന് നിന്റെ പേര് വിളംബരം ചെയ്തപ്പോള്‍
ചായക്കൊപ്പം പത്രം വായിക്കുന്ന മുഴുവന്‍ മലയാളികളും, 
മലയാളം എന്ന ഭാഷ എന്തെന്നറിഞ്ഞുകൂടാത്തവരും 
സുരാജെന്ന പേര് വായിച്ച് കണ്ണുതള്ളിയിരുന്നപ്പോള്‍, 
എത്രയോവട്ടം നീ പറഞ്ഞ തമാശകളില്‍, 
നീ ചെയ്തുകൂട്ടിയ തമാശകളില്‍, 
ചിരിച്ച് ചിരിച്ച് ശ്വാസം കിട്ടാതെ കണ്ണുംതള്ളി ഞങ്ങള്‍ എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ ഇരുന്നില്ലേ.

ഇന്ന് നിന്റെ പ്രശസ്തിയിൽ, 
വെള്ളിവെളിച്ചത്തില്‍, 
നിന്നെ അവകാശമാക്കാന്‍, 
പങ്കുപറ്റാന്‍‌ 
കാത്ത് നില്‍ക്കുന്നവര്‍ ഒരുപാട് പേരുണ്ടാവും. 

വെഞ്ഞാറമൂട് എന്ന നാട്, 
നിന്നെ അവകാശമായി ചോദിക്കുന്നു, 

നീ പഠിച്ച സ്കൂള്‍, (എത്ര തലമുറകള്‍ ഇനിയിവിടെ പഠിച്ചാലും നീ അവരുടെയൊക്കെ അവകാശമായിരിക്കും.... എന്തൊരു ഭാഗ്യമാണ്.) 
മലയാള സമിനിമ മുഴുവന്‍ നിന്നെ അവകാശമായി ചോദിക്കുമ്പോഴും ഒരു ലാഭേച്ഛയുമില്ലാതെ നിന്നെ സ്നേഹിച്ചുകൊണ്ടിരിക്കുന്നത് നമ്മളല്ലേ....

ലോകത്തിന്റെ പല കോണുകളിലിരുന്ന് നിന്നെപ്പറ്റി എത്രയോ തവണ നമ്മള്‍ പറഞ്ഞിരിക്കുന്നു. 
നമ്മുടെ കൂട്ടുകാരോട്, 
പ്രിയപ്പെട്ടവരോട് ...
അഹങ്കരിച്ചിരിക്കുന്നു.

നിന്റെ അഭിനയത്തെപ്പറ്റി ചാനല്‍ ചര്‍ച്ചകളില്‍ വിമര്‍ശനങ്ങള്‍ നടത്തുന്ന ബുദ്ധിജീവികളെ നമ്മള്‍ ടീവിയില്‍ കാണുമ്പോള്‍ രഹസ്യമായും പരസ്യമായും നമ്മളവരെ പ്രാകിയില്ലേ.... 

അവനെപ്പറ്റി നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല എന്ന് വിളിച്ചുപറഞ്ഞില്ലേ. 
അതുകേട്ട് നമ്മുടെ വീട്ടിലുള്ളവര്‍, 
കൂട്ടുകാർ ഒക്കെ‍ ചിരിച്ചിട്ടുണ്ട്. 
പക്ഷേ നമ്മള്‍ അഭിമാനിച്ചില്ലേ അപ്പോഴും. 

ലൈംലൈറ്റില്‍ നിന്ന് ഒരിക്കല്‍ നീ ഇറങ്ങിപ്പോവുമായിരിക്കും. (അങ്ങനെ പോവാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയുള്ളവരാണ് നമ്മള്‍). 
അങ്ങനെ വെള്ളിവെളിച്ചത്തില്‍ ഇല്ലാത്തപ്പോഴും നിന്നെ ഒരേ അളവില്‍ സ്നേഹിക്കാന്‍ നമ്മള്‍ അല്ലാതെ വേറെ ആര്‍ക്ക് കഴിയും. 
നീ താര രാജാക്കന്മാരുടെ കൂടെ അഭിനയിക്കുമ്പോള്‍, 
സുരാജേ പഴയകാലങ്ങളില്‍ നമ്മുടെ നോട്ടുബുക്കിലും പുസ്തകങ്ങളിലും പൊതിയായി ഇട്ടുകൊണ്ട് നടന്ന താരരാജാക്കന്മാര്‍, 
മമ്മൂക്കയും ലാലേട്ടനും...
നിന്നോട് ചേര്‍ന്ന് അഭിനയിക്കുമ്പോള്‍ തീയേറ്ററിന്റെ ഇരുട്ടിലിരുന്ന് നമ്മള്‍ സന്തോഷം കൊണ്ട് കരഞ്ഞില്ലേ. 

ബാല്യകാലത്ത് നമ്മള്‍ കണ്ട സ്വപ്നങ്ങളുമൊത്തല്ലേ അവരുടെ കൂടെ സ്ക്രീനില്‍ നീ നിന്നത്. 

ആവര്‍ത്തിച്ചാവര്‍ത്തിച്ച് നീ തമാശകള്‍ പറഞ്ഞപ്പോള്‍, സ്റ്റോക്ക് തീര്‍ന്നു എന്ന് പറഞ്ഞ് ചര്‍ച്ചകളില്‍ ആളുകള്‍ വന്നപ്പോള്‍, സുഹൃത്തുക്കള്‍ വന്നപ്പോള്‍, 
നിന്നെ കൈയൊഴിഞ്ഞപ്പോള്‍ (ആ പ്രേക്ഷകര്‍, നമ്മുടെ സുഹൃത്തുക്കള്‍, വീട്ടുകാര്‍, സഹപ്രവര്‍ത്തകര്‍ ഒക്കെ) 
നമ്മള്‍ അവരെ തിരുത്തിയത് നീയറിഞ്ഞില്ലേ. 
നമ്മള്‍ കണ്ട സുരാജിനെ, 
ബാല്യകാലത്ത് നമ്മളെ വിസ്മയിപ്പിച്ച സുരാജിനെ, നിങ്ങള്‍ സ്ക്രീനില്‍ ഇതുവരെ കണ്ടിട്ടില്ല.... 
വരും അവന്‍, 
നിങ്ങളെ അത്ഭുതപ്പെടുത്താനായി വരും - എന്ന് നിന്റെ പക്ഷംപ്പിടിച്ചത് നമ്മളല്ലേ. 

നിനക്ക് അവാര്‍ഡ് കിട്ടിയ പത്രങ്ങള്‍ വീട്ടില്‍ വായിച്ചിട്ടും വായിച്ചിട്ടും മതിവരാതെ മേല്‍പ്പറഞ്ഞവര്‍ക്ക് മുമ്പില്‍ 
പത്രവും പിടിച്ച് ഡാന്‍സ് കളിച്ചതും, 
ചിലപ്പോള്‍ മതിവരുവോളം വെള്ളമടിച്ചും, വെള്ളം വാങ്ങിക്കൊടുത്തും സന്തോഷിച്ചതും 
നീ കണ്ടിട്ടില്ലല്ലോ.

..15- വയസ്സിലേക്ക് ചുരുങ്ങിപ്പോയി 
സുരാജേ... നമ്മള്‍. 
1991 ന്റെ വര്‍ഷത്തിലേക്ക്... 

ആര് പറഞ്ഞു ബാല്യത്തിലേക്ക് തിരികെ പോരാന്‍ കഴിയില്ലെന്ന്... 
നീ കാണുന്നില്ല, 
ലോകത്തിന്റെ ഏതെല്ലാം കോണുകളിലിരുന്ന് ഇരട്ടപ്പേരും വിളിച്ച് പൊട്ടിച്ചിരിച്ച് 
അവര്‍ തിരിച്ചുവന്നത്. 

നിന്നെ കണ്ടപ്പോള്‍ നമ്മള്‍ ആഹ്ലാദം നിറഞ്ഞ് പൊട്ടിപ്പൊട്ടിച്ചിരിച്ചത്.

നീ ഗ്രൂപ്പില്‍ വന്നപ്പോള്‍ ജോലി ചെയ്തുകൊണ്ടിരുന്നവര്‍ നിര്‍‌ത്തി നിന്നെ അതിരുകളില്ലാതെ സ്നേഹം നല്‍കി സ്വീകരിച്ചവര്‍, 
നിന്നോട് സംസാരിക്കാന്‍ കൂടെ കൂടിയവര്‍...

മികച്ച താരമെന്നും മികച്ച നടനെന്നും നാട് നിന്നെ വിളിച്ചപ്പോള്‍ 'ഞുണീ' എന്ന് വിളിച്ചും 'അളിയാ' എന്ന് വിളിച്ചും കൂടെ കൂടാനും നിന്നെ ബാല്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും നമ്മളെന്നും ഇവിടെ കാത്തിരിക്കുന്നത് നീയറിഞ്ഞില്ലേ. 

നമുക്ക് നിന്റെ ഡേറ്റ് വേണ്ട, 
നമുക്ക് നിന്റെ ഓട്ടോഗ്രാഫ് വേണ്ട, 
നമുക്ക് നിന്നോടൊപ്പമുള്ള സെല്‍ഫി വേണ്ട, 

പക്ഷെ ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും 
നീ ഗ്രൂപ്പില്‍ വന്നൊന്ന് 'ഹായ്' പറയണം. 

അതുകേട്ട് 
ചെയ്തുകൊണ്ടിരിക്കുന്ന പണി നിര്‍ത്തി ഓണ്‍ലൈനില്‍ വന്ന് നമ്മള്‍ ബാല്യത്തിലേക്ക് തിരികെ വരണം. 

"ഷെമീറെ കലാമേ കുമാറെ" എന്നൊക്കെ നീ പേരെടുത്ത് വിളിച്ചപ്പോള്‍ 
അവരുടെ മുഖത്തെ സന്തോഷങ്ങൾ നീ കണ്ടില്ല, "ക്ണാച്ചി "യെന്നും "ചാക്കാണി"യെന്നും നീ വിളിച്ചപ്പോള്‍ അവരുടെയുള്ളില്‍ ഒരു കടലിളകിമറിഞ്ഞിരുന്നത് നീ അറിഞ്ഞോ? 
അവര്‍ സന്തോഷം സഹിക്കാനാവാതെ ആ സൗണ്ട് ക്ലിപ്പ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേട്ടത് നീയറിഞ്ഞിട്ടുണ്ടാവില്ല. 

നീ ഇരട്ടപ്പേര് വിളിച്ചത് നമ്മള്‍ എത്ര തവണ കൂട്ടുകാരെ കേള്‍പ്പിച്ചു എന്നറിഞ്ഞോ.. 
സന്തോഷം സഹിക്കാനാവാതെ ആ ഫോണും കൊണ്ടുപോയി ഒറ്റക്കിരുന്ന് കരഞ്ഞതും, 
ആരും കാണാതെ കണ്ണുകള്‍ തുടച്ചതും നീയറിഞ്ഞോ? 

നോക്കൂ... 
നീ നല്‍കുന്നത് അതിരുകളില്ലാത്ത സന്തോഷമാണ്.... 

എന്ന് ഒരു മെമ്പർ

⁠⁠⁠പിണറായി വിജയൻ,
കണ്ണടകൾ വേണ്ടാത്ത കാഴ്ചകൾ


---   ഷംനാദ്, Orbit

Pinarayi Vijayan


⁠⁠⁠പിണറായി വിജയൻ ഫാൻസുകാർ കാരണം വഴി നടക്കാൻ വയ്യാതായിരിക്കുന്നു. ഈ പിണറായി ആരാണെന്ന് പഠിയ്ക്കാനോ പഠിച്ചിട്ട് ഡോക്ടർ പട്ടം വാങ്ങാനോ ഞാനില്ല.പക്ഷെ കണ്ട ഒരു കാര്യം പറയാം, അതെ കണ്ടത് തന്നെ...

എല്ലാ മലയാളികളെയും പോലെ വോട്ടെണ്ണൽ ദിവസം പ്രബുദ്ധത നിറഞ്ഞ ഒരു പൊതി കപ്പലണ്ടിയും കൊണ്ട് ഞാനും TV യുടെ മുന്നിലുണ്ടായിരുന്നു. വൈകുന്നേരം മൂന്ന് മണിയാവുന്നു. കേരളം ചുവന്ന് കഴിഞ്ഞു.

പത്രക്കാർ പിണറായിയുടെ വാക്കുകൾക്ക് ചുറ്റും കൂടുന്നു. മഴ പോലെ നാലുഭാഗത്ത് നിന്നും ചോദ്യങ്ങൾ. നിശ്ശബ്ദം ചോദ്യങ്ങൾ കേട്ട് നിന്നതിന് ശേഷം വൈകാരികത അന്യംനിന്ന ആ മുഖത്ത് നിന്ന് ഇത്രയും വാക്കുകൾ പിറന്നു..

"നന്ദി'. LDF നെ വിജയിപ്പിച്ചവർക്കും വിശ്വസിച്ചവർക്കും" ...

പിറകെ ചോദ്യങ്ങൾ വീണ്ടും... 
മൂക്കിനകത്തേക്ക് വരെ കയറി പോയി ചില മൈക്കുചാനലുകൾ..

"അടുത്ത മുഖ്യമന്ത്രി, വിഭാഗീയത.. VS വെറും MLAയോ... " ഇങ്ങനെ ചോദ്യങ്ങൾ ഒന്നിനു പുറകെ ഒന്നൊന്നായി...

ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് അത് സംഭവിക്കുന്നു. 
"വഴി മാറിൻ" 
ശാന്തമെങ്കിലും ആജ്ഞ പോലെ വാക്കുകൾ പിണറായിയിൽ നിന്നും പുറത്തേക്ക് വന്നു.... 
പറഞ്ഞു തീരും മുമ്പേ നിശ്ശബ്ദത വീണു ചിതറിയ മാധ്യമ പടയുടെ നടുക്ക് വഴി രൂപപ്പെട്ട് കഴിഞ്ഞിരുന്നു..

ടി.വി. കണ്ടിരുന്ന എന്റെ സുഷുമ്നയിൽ ഒരു മിന്നൽ പതിച്ചു... ഞാനെന്റെ കസേരയിൽ നിന്ന് എഴുന്നേറ്റ് വഴി മാറിക്കൊടുത്തു..

നേതാക്കൻമാർ ഒരുപാട് പേർ പിന്നെയും TV യിൽ വന്നു, കൂടെ മാധ്യമക്കൂട്ടവും.. മങ്ങിയ കാഴ്ചകളായിരുന്നു...
പക്ഷേ, കണ്ണടകൾ വേണ്ടാത്ത കാഴ്ചകൾ

paid newട ന്റെ കെട്ടകാലത്ത് ...
മാധ്യമങ്ങളെ വെച്ച് സ്വയം Market ചെയ്യുന്നവരുടെ വർത്തമാനകാലത്ത്...
Ethics എന്നത് പഠിച്ചിരുന്ന കാലത്തെഴുതിപ്പഠിച്ച ഒരു വാക്ക് മാത്രമായി ചുരുങ്ങിയകാലത്ത്...
മാധ്യമങ്ങൾക്കുള്ള നിയന്ത്രണ രേഖ വരച്ച ഒരാളെ കണ്ടപ്പോൾ സന്തോഷം തോന്നി.. 
ഒരിത്തിരി അഭിമാനവും...

എന്താണ് പൊതിയിലുള്ളതെന്ന് കാത്തിരുന്ന് കാണാം..