ആറ്റുകാലമ്മ കാക്കണം ഞങ്ങളെ.. :: ആലപ്പാട്ട് എൻ. കരുണാകരൻ പിള്ള

Views:


അത്തലോടെ അവനിയില്‍ വാഴുന്ന
മര്‍ത്ത്യരൊക്കെയും അമ്മയെ കാണുവാന്‍
ഭക്തിയോടാ സവിധത്തിലെത്തുന്നു
ശ്രദ്ധയോടെയാ കാല്ക്കല്‍ വണങ്ങുന്നു.

'ആറ്റുകാലമ്മകാക്കണേ ഞങ്ങളെ' -
അര്‍ത്ഥനയോടെ കൂപ്പും കരങ്ങളെ
ആറ്റുകാലമ്മ തൃക്കണ്‍തഴുകലാല്‍
ആത്തമോദം ആ തൃപ്പദേ ചേര്‍ക്കുന്നു

ഇക്ഷിതിയില്‍ പ്രസിദ്ധിയേറുന്ന ശ്രീ-
നൃത്തമാടും അനന്തപുരിയുടെ
തെക്കുമാറിയൊഴുകുന്നൂ കിള്ളിയാര്‍
തത്സമീപേ വിളങ്ങുന്നിതാറ്റുകാല്‍

ഈശ്വരി! പരമേശ്വരി! നീ കൃപാ-
ലേശമെന്നില്‍ ചൊരിയണേ ശാശ്വതേ
ആശതീരുവാന്‍  നിന്റെ തിരുനാമ-
ഘോഷണാര്‍ച്ച ഞാന്‍ ചെയ്തിടാമംബികേ

ഉഗ്രശാസനനാം മധുരാപതി
ക്ഷിപ്രകോപാല്‍ വധിച്ചതാം കോവല
പത്‌നിയാം കണ്ണകീദേവി തപ്തയാ-
യുഗ്രരൂപിണി സംഹാരരുദ്രയായ്

ഊഴിയാകെയും ചുട്ടുമുടിക്കുവാന്‍
ക്രോധമാര്‍ന്ന പതിവ്രത കണ്ണകി
പാവകന്നിരയാക്കീ മധുരയെ
പാപിയാം രാജനേയും കൊലചെയ്തു

ഋദ്ധകോപയായ് പിന്നെപ്പുറപ്പെട്ടു
തെക്കുദിക്കിലേക്കായങ്ങലക്ഷ്യയായ്
എത്തിച്ചേര്‍ന്നിതനന്തപുരിയുടെ
പക്കമാര്‍ന്നുള്ളൊരാറ്റിറമ്പില്‍ സ്വയം
താപമൊട്ടൊന്നടങ്ങിയപ്പോള്‍ സതി
ദര്‍ശനം നല്കി കൊച്ചുകുമാരിയായ്
ഉള്‍ക്കാമ്പില്‍ കനിവാര്‍ന്നൊരു വൃദ്ധന്
ദുഃഖവേളയി,ലത്ഭുത,മത്ഭുതം!
ഊനം കൂടാതാ ഭക്തശിരോമണി
ദേവി ചൂണ്ടിക്കൊടുത്തോരിടത്തുതാന്‍
കോവിലുണ്ടാക്കി അമ്മയ്ക്കിരിക്കാനായ്;
മേവിടുന്നഭയാംബികയായമ്മ

എങ്ങോനിന്നിങ്ങുവന്നതാം കന്യയ്ക്ക്
പൈദാഹത്തിന്നറുതി വരുത്തുവാന്‍
മുല്ലുവീട്ടുകാര്‍ നല്കിയ പായസം
പിന്നെ 'പൊങ്കാല' യെന്ന പെരുമയായ്

ഏഴകള്‍ക്കെന്നുമെന്നും തുണയായി
വാണരുളുന്നു രാജരാജേശ്വരി
ജ്ഞാനമൂര്‍ത്തി സരസ്വതിയായും ഐ-
ശ്വര്യകാരിണി ലക്ഷ്മിയായും മുദാ

ഐഹിക സുഖമെല്ലാം വെടിയുവാന്‍
ഐകമത്യമോടെന്നുമേ വാഴുവാന്‍
അമ്മ, കാരുണ്യവാരിധി, ഓതുന്നു
തിന്മപോക്കീടും ദുര്‍ഗ്ഗയായ് ഭദ്രയായ്

ഒട്ടുനേരമാ വശ്യമുഖസ്മൃതി
ഭക്തരിലുളവാക്കുന്ന നിര്‍വൃതി
വിസ്തരിക്കുവാനില്ലെനിക്കൊട്ടുമേ
ശക്തി അംബികേ! ആറ്റുകാലംബികേ!

ഓണനാടെന്ന കേരളനാടിന്റെ
ഫാലദേശേ അണിഞ്ഞ തിലകമായ്
ലാലസിക്കുന്നു ആറ്റുകാലമ്പലം
പാരിലെങ്ങും പുകഴാര്‍ന്ന മന്ദിരം

ഔദാര്യത്തിന്നുറവിടമാം ദേവി!
നിന്‍കൃപാകടാക്ഷം തേടി ലക്ഷങ്ങള്‍
വന്നണയുന്നൂ തിങ്ങിനിറയുന്നു
അമ്മേ! നിര്‍മ്മലേ, നല്‍കണേ നല്‍വരം

അംബികേ! ജഗദംബികേ! ചണ്ഡികേ!
നിന്റെ മുമ്പില്‍ നിരന്ന കലങ്ങളില്‍
വെന്തുപൊങ്ങുന്ന പൊങ്കാലയിലലി-
ഞ്ഞില്ലാതാകുന്നു സര്‍വ്വ ദുഃഖങ്ങളും

അത്തലെല്ലാമൊഴിഞ്ഞ മനസ്സുമായ്
ഭക്തരാനട വിട്ടിറങ്ങീടുന്നു
എത്തീടാന്‍ കൊല്ലമൊന്നു കഴിഞ്ഞീനാള്‍
ഒത്തുചേര്‍ന്നൊരു പൊങ്കാല ഇട്ടീടാന്‍.


ആലപ്പാട്ട് എൻ. കരുണാകരൻ പിള്ള



No comments: